TH Darimi

കോവിഡ് കാല കാലവിചാരം

കോവിഡ് കാല കാലവിചാരം

30-07-2021
Share this Article

image

സുബൈർ ബിൻ അദിയ്യ്(റ), തങ്ങൾ അനസ് ബിൻ മാലിക്(റ)നെ കാണുവാൻ പോയ ഒരു സംഭവം പറയുന്നുണ്ട്. നബി (സ) യുടെ ഭൃത്യനായി ജീവിച്ച അനസ്(റ) കൂഫയിൽ വിശ്രമജീവിതം നയിക്കുന്ന കാലമായിരുന്നു അത്. അപ്പോഴേക്കും ഇറാഖ് കലാപത്തിന്റെയും പ്രശ്നങ്ങളുടെയും നാടായി മാറിക്കഴിഞ്ഞിരുന്നു. അവർക്ക് അദ്ദേഹവുമായി പങ്കുവെക്കാനുണ്ടായിരുന്നത് ഇറാഖിലെ ഗവർണ്ണർ ഹജ്ജാജ് ബിൻ യൂസുഫ് കാണിക്കുന്ന അക്രമങ്ങളെ കുറിച്ചായിരുന്നു. കണ്ണീരിന്റെ നനവുള്ള ആ വിവരണങ്ങൾ കേൾക്കവെ അനസ് (റ) പറഞ്ഞു: നിങ്ങൾ ക്ഷമിക്കുക, ഓരോ കാലത്തേക്കാളും മോശമായിരിക്കും അതിനു ശേഷമുള്ള കാലം. ഇത് ഞാൻ നിങ്ങളുടെ നബിയിൽ നിന്ന് കേട്ടതാണ്. (ബുഖാരി) മുന്നോട്ടു പോകുംതോറും കാലത്തിന് നൻമ കുറഞ്ഞു കൊണ്ടേയിരിക്കും എന്ന തത്വമാണ് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. ഈ പൊതു തത്വം പക്ഷെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ വേർതിരിച്ച് മനസ്സിലാക്കുവാൻ കഴിയൂ. കാരണം കാലം ഒരു പ്രവാഹമാണ്. അത് സംഭവങ്ങളിലൂടെ അനസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്നു. സംഭവങ്ങളാണെങ്കിലോ സമാനങ്ങളുമായിരിക്കും. ഈ സമാനത പക്ഷെ, കൃത്യമായതല്ല. വ്യത്യാസം തീർച്ചയായും ഉളളതാണ്. ആ വ്യത്യാസമാണ് വേർതിരിച്ചെടുക്കുവാൻ നാം പ്രയാസപ്പെടുന്നത്.

മനശാസ്ത്ര രംഗത്തുള്ളവർ ഇതിനു പറയുന്ന കാരണം മനുഷ്യനെ അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളും അതുവരുമ്പോൾ തന്നെ സ്വീകരിച്ച് അതിനെ കൈകാര്യം ചെയ്യുവാൻ മനുഷ്യന്റെ മനസ്സും ശരീരവും പാകപ്പെടുകയാണ് എന്നാണ്. അപ്പോൾ പിന്നെ ആ വികാരത്തിൽ മുമ്പുള്ള അനുഭവത്തിൽ നിന്നുള്ള വ്യത്യാസങ്ങൾ വേർതിരിച്ചെടുക്കാനൊന്നും ആരും മുതിരില്ല. മുമ്പ് അനുഭവിച്ച അതു തന്നെയാണ് ഇതും എന്ന നിഗമനം ഉറപ്പിച്ച് തലവേദന ഒഴിവാക്കാൻ ശ്രമിക്കും. അതിനാൽ സംഭവങ്ങൾ അതേപടി ആവർത്തിക്കുകയല്ല, സൂക്ഷ്മമായ മാറ്റങ്ങളോടെ മുമ്പത്തേതിനേക്കാളും ഫലം കുറഞ്ഞ നിലയിൽ വേറെ ഉണ്ടാകുകയാണ്. ഇപ്പോൾ കാലത്തെ നാം ചർച്ചക്കെടുക്കുമ്പോൾ പക്ഷെ, ഒരൽപം വ്യത്യാസമുണ്ട്. കാരണം മറ്റൊരു ഹിജ്റ വർഷം കൊടിയഴിക്കുന്ന ഈ കാലത്തെ കുറിച്ച് പറയുമ്പോൾ നമുക്ക് ഒരു പാട് കാലം പിന്നോട്ട് പോകേണ്ടി വരുന്നില്ല. കാവിഡ് കാലം എന്ന പുതിയ കാലം തുടങ്ങിയിട്ട് നാം രണ്ടാം വട്ടം മാത്രമാണല്ലോ കലണ്ടർ മാറ്റുന്നത്. മാത്രമല്ല, കഴിഞ്ഞ ഹിജ്റ വർഷത്തിന്റെ ആദ്യ പകുതിയിലായിരുന്നു ചുഴറ്റി വീശിക്കൊണ്ട് കോവിഡ് മഹാമാരി പെയ്തു തുടങ്ങിയത്. കഴിഞ്ഞ ദുൽ ഹജ്ജിൽ നമുക്ക് എടുത്ത് ചർച്ച ചെയ്യാൻ മാത്രം കോവിഡ് വർഷത്തിന് മാസം തികഞ്ഞിരുന്നില്ല. ഇപ്പോൾ കഴിഞ്ഞ മുഹർറമിൽ തുടങ്ങിയ വർഷം ഈ ദുൽഹജ്ജിൽ അവസാനിക്കുമ്പോൾ ചർച്ചക്കും താരതമ്യത്തിനും നമുക്ക് കൃത്യമായ ഒരു വർഷം ലഭിക്കുന്നു.

കോവിഡ് കാലം മനുഷ്യന്റെ എല്ലായിടങ്ങളേയും നക്കിത്തുടച്ചു എന്നു പറയാം. ആഘാതമേൽക്കാത്ത മേഖലകളില്ല. സാമൂഹിക രംഗത്ത് രോഗം പടരാതിരിക്കുവാൻ അകലം പാലിക്കുക വഴി ശരീരങ്ങൾ ആദ്യം അകന്നു. രോഗവാഹിയായിരിക്കുമോ എന്ന ഭീതിയിൽ മനസ്സ് ഒപ്പം തന്നെ അകന്നു. ഇതോടെ സാമൂഹ്യ ജീവിതത്തെ കോവിഡ് തകർത്തു. സാമ്പത്തിക മേഖലയുടെ നടുവെല്ലാണ് കോവിഡ് തകർത്തു കളഞ്ഞത്. സാംസ്കാരിക ലോകം ഏതാണ്ട് നിശ്ചലമാണ്. അതിന്റെ തന്നെ ഭാഗമായ വിദ്യാഭ്യാസ രംഗമാവട്ടെ പറയാനുമില്ല. വിദ്യ ക്ലാസ് മുറി വിട്ടിട്ട് രണ്ട് വർഷത്തോടടുക്കുകയാണ്. സാങ്കേതിത വിദ്യ ഉപയോഗപ്പെടുത്തി വൈറസിനെ മറികടക്കാനുള്ള വിദ്യ മനുഷ്യൻ പുറത്തെടുത്തു എങ്കിലും അതുതന്നെ വയ്യാവേലിയായ മട്ടാണിപ്പോൾ. ഇനി ഈ കുട്ടികളെ ഇ- ഇടങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ തന്നെ കഴിയുമോ എന്ന ആശങ്ക പരന്നിരിക്കുന്നു. ഇങ്ങനെ മനുഷ്യന്റെ എല്ലാ വ്യവഹാര മേഖലകളെയും കോവിഡ് ലോക്കു ചെയ്തു കഴിഞ്ഞു. ഇവയിൽ ഏറ്റവും ആഘാതം സംഭവിച്ചത് ഏതിനാണ് എന്ന ചർച്ചയിൽ പലർക്കും പലതാണ് പറയാനുണ്ടാവുക. ഓരോരുത്തരുടെയും താൽപര്യ മേഖലകൾക്കനുസരിച്ചാണല്ലോ ആഘാതം വിലയിരുത്തപ്പെടുക. നബി (സ) യുടെ അദ്ധ്യാപനത്തിൽ നിന്ന് ചർച്ച തുടങ്ങുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഘാതം സംഭവിച്ചത് ആത്മീയ മേഖലക്കാണെന്ന് പറയാം. സത്യവും അതാണ്. കാരണം ലോകം അതിന്റെ ശരിയായ പാളത്തിൽ നിലനിൽക്കുന്നത് ആത്മീയ പകരുന്ന ഊർജ്ജത്തിലാണ് എന്നത് നമ്മുടെ തിരിച്ചറിവാണല്ലോ.

ഇസ്ലാം മുന്നോട്ടു വെക്കുന്ന ആത്മീയത സ്വയം ജ്വലിക്കുന്നതും ജ്വലിക്കേണ്ടതുമാണ് എങ്കിലും അതിനെ ജ്വലിപ്പിക്കുന്ന ചില കാര്യകാരണങ്ങൾ അനിവാര്യമാണ്. അതാണ് ആത്മീയ സംഗമങ്ങൾ. കൂട്ടമായി ചെയ്യുന്ന ആരാധനകൾക്ക് പ്രത്യേക സ്വീകാര്യത കൽപ്പിക്കപ്പെട്ടിരിക്കുന്നത് അതിനാലാണ്. ഒറ്റക്കു നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തി ഏഴിരട്ടി പ്രതിഫലം കൂട്ടമായി നിർവ്വഹിക്കപ്പെടുന്ന ജമാഅത്തുകൾക്ക് ഉണ്ട് എന്നത് അതിനൊരു ഉദാഹരണമാണ്. ജമാഅത്ത് നിസ്കാരത്തിലും ഒരാൾ ചെയ്യുന്നതും ചെയ്യേണ്ടതും സ്വന്തമായി നിസ്കരിക്കുമ്പോഴുള്ളതൊക്കെ തന്നെയാണ്. പക്ഷെ, കൂട്ടമായി നിർവ്വഹിക്കപ്പെടുമ്പോൾ അതിന് വേറെ ചില അർഥതലങ്ങൾ പ്രത്യക്ഷപ്പെടുന്നു. ആ അർഥ വികാരങ്ങളെയാണ് നാം നേരത്തെ ജ്വലിപ്പിക്കുന്ന ഘടകങ്ങൾ എന്നു വിളിച്ചത്. ആഴ്ചയിലൊരിക്കൽ ചേരുന്ന ജുമുഅയും അതേ അർഥത്തിലുള്ളതാണ്. താൻ വിശ്വാസികളുടെ രാജ്യത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവും ഒരു ഇമാമിനെ പിന്തുടരുക വഴി ലഭിക്കുന്ന ആത്മീയ വിചാരവും എല്ലാവരും ഒന്നിച്ചു ചേർന്ന് ഓരേ പ്രാർഥനയിലലിയുമ്പോൾ ഉണ്ടാകുന്ന ഹൃദയതയും സർവ്വോപരി ഖുത്ബയുടെ ഉദ്ബോധനവുമെല്ലാം ജുമുഅ എന്ന ആരാധനയിലെ ആത്മീയതയെ ജ്വലിപ്പിക്കുന്ന ഘടകങ്ങളാണ്.

ആത്മീയതയുടെ ഈ ഫലങ്ങൾ ജമാഅത്ത് നിസ്കാരത്തിൽ തുടങ്ങി ജുമുഅയിലൂടെ ഹജ്ജിലെത്തുമ്പോൾ അത് ഔന്നത്യത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നു. ലോകത്തെ മുഴുവൻ വിശ്വാസികളുടെയും പ്രതിനിധികൾ ഒത്തുകൂടുകയും തൽബിയ്യത്തും തക്ബീറും മുഴക്കി മക്കയിലും മശാഇറുകളിലും ഒത്തുചേരുമ്പോൾ അത് ആ കാശച്ചുവട്ടിലെ ഏറ്റവും വലിയ ആത്മീയത പ്രഭാവമായി വളരുന്നു. ഒപ്പം ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പു നോറ്റും ബലിയറുത്തും തക്ബീർ മുഴക്കിയും ഒപ്പം ചേരുമ്പോൾ ഭൂമിയാകെ ആത്മീയതയുടെ സൗരഭ്യം നിറയും. ഇവയെല്ലാം നിലച്ചു കോവിഡ് കാലത്തിൽ. പള്ളികളും ആരാധനാലയങ്ങളും അടച്ചുപൂട്ടേണ്ടി വന്നു. ജുമുഅകൾ മാസങ്ങളോളം മുടങ്ങി. ഹജ്ജ് തീർഥാടനം വെട്ടിച്ചുരുക്കുവാൻ സൗദി അറേബ്യ നിർബന്ധിതമായി. വെറും ആയിരങ്ങളെ കൊണ്ട് പ്രതീകാത്മകമായി ഹജ്ജ് നടത്തി തൽകാലം സായൂജ്യമടയേണ്ടിവന്നു. ഇതെല്ലാം വേട്ടയാടിയത് ആത്മീയതയെയാണ്. ഇവിടെയെല്ലാം വിശ്വാസികൾക്ക് വിട്ടുകൊടുക്കേണ്ടി വന്നത് ആത്മീയതയെയാണ്. അതുകൊണ്ടാണ് കോവിഡ് കാലം നക്കിത്തുടച്ചത് മനുഷ്യന്റെ ആ ത്മീയതയെയാണ് എന്ന് വിലപിക്കേണ്ടിവരുന്നത്.

ആത്മീയതയുടെ ജ്വലനങ്ങുടെ ആൾക്കാരും ആവശ്യക്കാരും സത്യത്തിൽ സുന്നികളാണ്. അല്ലാത്തവർക്കൊന്നും ഇക്കാര്യത്തിൽ വന്ന വരുന്ന നഷ്ടങ്ങൾ ഒരു വേദനയേ അല്ല. ജമാഅത്തില്ല എന്നു പറയുമ്പോഴേക്കും പള്ളി പൂട്ടിപ്പോവുകയും ഭൗതിക ലോകം പറയുന്ന ന്യായങ്ങളെയും ന്യായീകരണങ്ങളെയും ഏറ്റുപറയുകയും ചെയ്യുവാൻ ഒരു മടിയുമില്ലാതെ അവർ തയ്യാറാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ആത്മീയതക്കാണ് കോട്ടം തട്ടിയത് എന്നു പറയുന്നതോടൊപ്പം അത് ഏറ്റവും അധികം ബാധിച്ചത് സുന്നികളെയുമാണ് എന്ന് പറയേണ്ടി വരുന്നു. വഅളുകൾ, ദിക്ർ സ്വലാത്ത് മജ്ലിസുകൾ, മജ്‌ലിസുന്നൂർ, മൗലിദ് സദസ്സുകൾ പ്രാർഥനാ സംഗമങ്ങൾ തുടങ്ങി സുന്നീ സൂഹത്തിന്റെ ആത്മീയ ഇടങ്ങളും വേദികളും വിശാലമായിരുന്നു. അതെല്ലാം നിലച്ചിരിക്കുന്നു. ഒരു വിട്ടുവീഴ്ചയുമില്ലാതെ തളരാത്ത ഈമാനികാ വേഷം നിലനിർത്തുന്നതിൽ ഈ വേദികൾ കുറച്ചൊന്നുമല്ല സഹായിച്ചത്. അതുപോലെ വിവിധ ദിനാചരണങ്ങളും ഈ ആത്മീയതയെ ഊതിക്കാച്ചിയെക്കുവാൻ വേണ്ടി ഉണ്ടായിരുന്നു. നബി ദിനം, ജീലാനീ ദിനം, ബദർ ദിനം തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുന്നു. ഇത്തരം ആണ്ടറുതികളുടെ കാര്യത്തിൽ സുന്നീ സമൂഹം വാശിയോടെ പാരമ്പര്യത്തെ പിന്തുടർന്നത് ഇവകൾ വഴി സമുദായത്തിനു ലഭിക്കുന്ന ആത്‌മീയ ഊർജ്ജം കൂടി ഉറപ്പുവരുത്തുവാൻ വേണ്ടിയായിരുന്നു. അതുമെല്ലാം നിലച്ചുപോയി.

എന്നാൽ ഇവയെല്ലാം ഇപ്പോഴും മറ്റൊരു പ്ലാറ്റ്ഫോമിൽ നടക്കുന്നുണ്ടല്ലോ എന്ന് ചിലർ വാദിക്കുവാൻ ശ്രമിച്ചേക്കും. നടക്കുന്നുണ്ട് എന്നു മാത്രമല്ല ഉണ്ടായിരുന്നതിനേക്കാർ ഇത്തിരി ജോറ് തന്നെയാണ് എന്നു സമ്മതിക്കാതെ വയ്യ. മൈതാനിയിൽ കൂടുന്ന ആയിരങ്ങൾക്കു പകരം ലക്ഷങ്ങൾ തന്നെ ഓൺലൈനിൽ ഒത്തുകൂടുന്നുണ്ട്. ലൈക്കും ഷെയറും കുമിഞ്ഞ് കൂടുന്നുമുണ്ട്. പക്ഷെ, അതൊക്കെ നേരു പറഞ്ഞാൽ വെറും അവകാശ വാദങ്ങൾക്കുള്ള വഹകൾ മാത്രമാണ്. മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് പടരുകയും പകരുകയും ചെയ്യുന്ന മൂർച്ച അതിനു കിട്ടുന്നില്ല. കാരണം പ്രകടനപരത എന്ന രിയാആണ് അത്തരം വേദികളെ അടക്കിവാഴുന്നത്. അവിടെ വേദിയും വേദിയുടെ അലങ്കാരങ്ങളും ഉസ്താദിന്റെ വസ്ത്രവും വേഷവും അവതരണത്തിന്റെ ശൈലിയും താളവുമെല്ലാം ക്യാമറയെ കേന്ദ്രീകരിച്ചതാണ്. ക്യാമറയെ പരിഗണിച്ചും അതിന്റെ ലെൻസുകളിലേക്ക് തിരിഞ്ഞും മാത്രമാണ് ആ പരിപാടി നടക്കുന്നത്.

ആത്മീയതക്കു പറ്റിപ്പോകുന്ന ഈ ആഘാതം ഓർമ്മിപ്പിക്കുന്ന ഭീതിതമായ ഭാവി ഇതുവരേക്കും ഉണ്ടായതിനേക്കാൾ അസഹ്യമാണ്. കാരണം എല്ലാം ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെയും ലോക്കുകൾ ആവർത്തിക്കുന്നതോടെയും പഴയ ആത്മീയത മനുഷ്യർ മറന്നു പോയേക്കും. ഏറ്റവും കുറഞ്ഞത് അതിലൊന്നും വലിയ കാര്യമൊന്നുമില്ല എന്ന് മാറിച്ചിന്തിക്കുകയെങ്കിലും ചെയ്തേക്കാം. ഇപ്പോൾ ഇത്രയായപ്പോഴേക്കും തന്നെ അതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. ഭാഗികമായും നിയന്ത്രണങ്ങൾക്കു വിധേയമായും പള്ളികൾ തുറക്കുമ്പോൾ തന്നെ ഇപ്പോൾ വിശ്വാസികളുടെ തിക്കും തിരക്കും ഒന്നും അനുഭവപ്പെടാത്തത് അതിന്റെ സൂചനയാണ്. പ്രായം ചെന്നവരും കുട്ടികളും നേരത്തെ തന്നെ ആത്മീയ വേദികൾ വിട്ടു. യുവജനങ്ങളാവട്ടെ, നിയമങ്ങളും പ്രോട്ടോക്കോളും പറഞ്ഞ് ഒരു തരം താൽപര്യക്കുറവ് കാണിക്കുകയും ചെയ്യുന്നു. ചില ഓൺലൈൻ ആത്മീയ വേദികൾ മുഖ്യമായും സ്ത്രീകളുടെ പിൻബലത്തിൽ നിലനിൽക്കുന്നതൊഴിച്ചാൽ ആത്മീയതയുടെ നനവ് വറ്റിവരികയാണ് സമൂഹത്തിൽ എന്നു കാണുമ്പോഴാണ് നമ്മുടെ ചങ്കിടിപ്പ് കൂടുന്നത്. ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴും അറ്റമില്ലാതെ, അവസാനിക്കാതെ അത് ഒരു നിശ്വാസത്തിൽ എത്തി മുട്ടി നിൽക്കുന്നു. ആ നിശ്വാസത്തിന്റെ അർഥം ഒരു പ്രാർത്ഥനയാണ്, അല്ലാഹുവെ, നീ തന്നെ തുണ ! എന്ന പ്രാർഥന.