TH Darimi

ഖാൻ ബഹദൂറുമാർ

ഖാൻ ബഹദൂറുമാർ

02-08-2021
Share this Article

image

Aa

ബ്രിട്ടീഷുകാർക്ക് തങ്ങളുടെ ആധിപത്യം നിലനിർത്തുവാൻ ചില പ്രദേശിക പിന്തുണയൊക്കെ അനിവാര്യമായിരുന്നു. ആ അർഥത്തിൽ തങ്ങൾക്കു വഴങ്ങുന്ന ചില നാടുവാഴികളേയും നാട്ടുപ്രമാണിമാരേയും സമ്പന്നരേയും അവർ തീറ്റിപ്പോറ്റിയിരുന്നു. അതിന്നു വേണ്ടി അവർ അവർക്ക് ചില അധികാരങ്ങളും അവകാശങ്ങളും വകവെച്ചുകൊടുക്കുകയും സ്ഥാനമാനങ്ങൾ നൽകി കൂടെ നിർത്തുകയും പതിവായിരുന്നു. ഇത്തരക്കാർ തങ്ങളുടെ പ്രതിനിധികളും ആൾക്കാരുമാണ് എന്ന സന്ദേശം ഇതുവഴി നൽകുവാൻ അവർക്ക് കഴിഞ്ഞു. തുർക്കി സുൽത്താന്മാർക്കും അഫ്ഗാൻ പ്രവിശ്യകളിൽ നിന്നു വന്ന മുഗളരടക്കമുള്ള ഭരണാധികാരികൾക്കുമെല്ലാം ഇങ്ങനെ ഒരു രീതി ഉണ്ടായിരുന്നു. ലോകത്ത്‌ ആദ്യമായി ഖാൻ പദവി അഥവാ ഖാആൻ അല്ലെങ്കിൽ ഖാഖാൻ പദവി, തങ്ങളുടെ ഉന്നത പ്രമാണിമാർക്കും ഭരണതലത്തിലെ ഉന്നതർക്കും നൽകിത്തുടങ്ങിയത്‌ മംഗോളിയരായിരുന്നു. പക്ഷെ, ഈ ഭരണകൂടങ്ങൾ നൽകുന്ന ഇത്തരം പദവികളും ബ്രിട്ടീഷുകാർ നൽകുന്ന പദവികളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ആ ഭരണകൂടങ്ങളുടെ ലക്ഷ്യം പ്രധാനികളായ ചിലരെ തങ്ങളുടെ കൂടെ നിറുത്തി തങ്ങളുടെ ശക്തിയും അധീശത്വവും ഉറപ്പിക്കുക എന്നതിൽ ഒതുക്കുമായിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ ഇവയെ പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് പൗരൻമാരിൽ നിന്നുള്ള ഒന്നിച്ചുള്ള ആക്രമണത്തെ പ്രതിരോധിക്കുവാൻ വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ചു നിറുത്തുക എന്ന ലക്ഷ്യത്തിനു കൂടിയായിരുന്നു. ഇത്തരം പദവികളും ആനുകൂല്യങ്ങളും കിട്ടുന്നവർ അവരുടെ സമൂഹത്തിൽ നിന്ന് എപ്പോഴും വിഘടിച്ചു നിൽക്കുമായിരുന്നല്ലോ.

ഇവർക്ക് ഈ പ്രത്യേക പട്ടങ്ങൾക്കു പുറമെ ചില പ്രത്യേകാധികാരങ്ങളും സുരക്ഷാ ക്രമീകരണങ്ങളും കരമൊഴിവായ ഭൂമിയും മറ്റും നൽകിയിരുന്നു. നാട്ടിൽ സാംസ്കാരിക പരിപാടികൾ, പൊതുപരിപാടികൾ എന്നിവക്ക് അനുമതി നൽകാനും അത്തരം പരിപാടികളിൽ അധ്യക്ഷത വഹിക്കാനുമെല്ലാം ഇവർക്ക് ആയിരുന്നു അധികാരം. സമൂഹത്തിൽ ഇതുവഴി മാറുവിരിക്കുവാനുള്ള അവസരം ലഭിക്കുന്നതിന്റെ പേരിൽ ഓരോ ഖാൻ ബഹദൂറുമാരും തങ്ങളുടെ ബ്രിട്ടീഷ് വിധേയത്വം ഒരു കുറവുമില്ലാതെ പ്രകടിപ്പിക്കുമായിരുന്നു. അതിനാൽ അവരിൽ പലരെയും ബ്രിട്ടീഷ് ചാരൻമാർ എന്ന അർഥത്തിലാണ് ജനങ്ങൾ ഉൾക്കൊണ്ടിരുന്നത്.

ഈ പദവി പട്ടങ്ങളുടെ ഇളളിലും ജാതീയത അവർ പുലർത്തിയിരുന്നു. വിവിധ മതക്കാരായ ഖാനുമാർ ഒന്നിക്കാതിരിക്കുവാനായിരിക്കാം ഇത്. മുസ്‌ലിം പ്രമാണിമാർക്ക്‌ “ഖാൻ ബഹദൂർ, ഖാൻ സാഹിബ്‌” തുടങ്ങിയ പട്ടങ്ങൾ നൽകിയപ്പോൾ, ഹിന്ദു പ്രമാണിമാർക്ക്‌ “റാവു ബഹദൂർ, റായ്‌ ബഹദൂർ, റാവു സാഹിബ്‌, റായ്‌ സാഹിബ്‌” എന്നീ സ്ഥാനങ്ങളാണ്‌ കൊടുത്തിരുന്നത്‌. ഇതിൽ റായ്‌ ബഹദൂർ സ്ഥാനം നൽകിയിരുന്നത്‌ മുഖ്യമായും നേപ്പാളിനോടടുത്ത ഇന്ത്യൻ പ്രദേശങ്ങളിലെ ഹിന്ദു പ്രമാണിമാർക്കായിരുന്നു എന്നു കാണാം. ഇതുപോലെ സിഖുമതത്തിലെ ബ്രിട്ടീഷനുകൂല പ്രമാണിമാർക്ക്‌ ഗവൺമന്റ്‌ നൽകിയിരുന്ന സ്ഥാനമായിരുന്നു സർദാർ ബഹദൂർ, സർദാർ സാഹിബ് പദവികൾ. പാഴ്സി മതത്തിൽ പെട്ടവർക്കും മുസ്‌ലിംകൾക്കും ഒരുപോലെ നൽകപ്പെട്ടതായിരുന്നു ഖാൻ ബഹദൂർ, ഖാൻ സാഹിബ്‌ പദവികൾ. ഇതിൽ സാഹിബ്‌ എന്ന് വരുന്ന പദവികളെല്ലാം ബഹദൂർ എന്ന പദവികൾക്ക്‌ താഴേയായിരുന്നു. ഈ പദവികളുടെ ഗുരുതരമായ ഗൂഢോദ്ദേശം ആദ്യം തിരിച്ചറിഞ്ഞത് ഗാന്ധിജിയായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് നൽകുന്നു പദവികളും സ്ഥാനങ്ങളും ഉപേക്ഷിക്കാൻ ഗാന്ധിജി ആദ്യം മുതലേ ആഹ്വാനം ചെയ്യുന്നുണ്ട്.

ഉത്തരം പല ഖാൻ ബഹദൂറുമാരും മലബാർ സമര ചരിത്രത്തിലൂടെ കടന്നുപോകുന്നുണ്ട്. അവരിൽ സമരത്തിനിടെ മാപ്പിളമാർക്ക് കൊല്ലേണ്ടിവന്ന ഒരു മുസ്ലിം പ്രമാണിയാണ് മഞ്ചേരിക്കടുത്ത ആനയക്കയത്തെ കരിമണ്ണിൽ വലിയ മണ്ണിൽ ചേക്കുട്ടി എന്ന യാൻ ബഹദൂർ ചേക്കുട്ടി സാഹിബ്. ബ്രിടീഷ് അനുകൂലിയും അവരുടെ വിശ്വസ്ത ചാരനുമായിരുന്നു ചേക്കുട്ടി എന്നതിനു തെളിവാണ് ഖാൻ ബഹദൂർ എന്ന സ്ഥാനപ്പേര്. ചേക്കുട്ടി ബ്രിട്ടീഷ് സൈന്യത്തിൽ ഇൻസ്പെക്ടറായി പ്രവർത്തിച്ചിരുന്നു. മാപ്പിളമാരും സൈന്യനുമായുള്ള അകലം കുറക്കുവാൻ വേണ്ടി ബ്രിട്ടീഷ് സേനാ മേധാവി ഹിച്ച് കോക്ക് കണ്ട ഒരു വഴിയായിരുന്നു കുറേ മാപ്പിളമാരെ സൈന്യത്തിലെടുക്കുക എന്നത്. അങ്ങനെ സൈന്യത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്കുവേണ്ടി മാപ്പിളമാരെ വേട്ടയാടിയ നിരവധി പോലീസ് ഓഫീസർമാർ ഉണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു ചേക്കുട്ടി.

മഞ്ചേരിയിലെ ആനക്കയമാണ് ചേക്കുട്ടി സാഹിബിന്റെ നാട്. സേവന കാലത്ത് ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ വേട്ടയാടുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഒട്ടേറെ മാപ്പിള പ്രക്ഷോഭകാരികളെ മർദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മർദ്ദനമേറ്റ് നാട് കടത്തപ്പെട്ടവരിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ കനലടങ്ങാത്ത പക ചേക്കുട്ടിയോട് വാരിയൻ കുന്നത്തിനും കുടുംബത്തിനുമുണ്ടായിരുന്നു. ബ്രിട്ടീഷ് ഗവർമെന്റ് നിരോധിച്ച ശുഹദാക്കളുടെ മൗലൂദ്, പടപ്പാട്ടുകൾ, നേർച്ചകൾ, ആചാരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിക്കെതിരെയും അനുയായികൾക്കെതിരെയും ചേക്കുട്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇത്തരം കാര്യങ്ങളാണ് മാപ്പിളമാരുടെ മനോവീര്യത്തെ ജ്വലിപ്പിച്ചു നിറുത്തുന്നത് എന്ന് ബ്രിട്ടീഷുകാർക്കും ചേക്കുട്ടിക്കും നന്നായി അറിയാമായിരുന്നു. ആദ്യ ഘട്ടത്തിൽ കുഞ്ഞഹമ്മദ് ഹാജി നാടുവിട്ടതിന് പിന്നിലെ ചാലകശക്തിയും ഈ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പോലീസ് സർക്കിൾ ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത ചേക്കുട്ടി സാഹിബിനു സേവന ബഹുമതിയായി ഖാൻ ബഹാദൂർ പട്ടവും അധികാരി സ്ഥാനവും നൽകി ബ്രിട്ടീഷ് ഗവർമെന്റ് ആദരിച്ചു.

മാപ്പിള പ്രക്ഷോഭകാരികൾക്കെതിരാണെങ്കിലും മതനിഷ്ഠ പാലിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം എന്ന് ചരിത്രം പറയുന്നുണ്ട്. മദ്രസകളുടെയും പള്ളികളുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സംഭാവനകൾ അർപ്പിക്കുമായിരുന്നത്രെ. സമരത്തിന്റെ കേന്ദ്ര നേതൃത്വം വഹിച്ചിരുന്ന ആലി മുസ്ലിയാരോട് ചേക്കുട്ടി ബഹുമാനം പുലർത്തിയിരുന്നു എന്ന് മലബാർ സമരം, എം പി നാരായണ മേനോനും സഹപ്രവർത്തകരും എന്ന കൃതി പറയുന്നുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് മുസ്ലിയാരെ സന്ദർശിച്ചു ബ്രിടീഷുകാർക്കെതിരെയുള്ള സായുധ പോരാട്ടം വൻവിപത്തുകൾ ക്ഷണിച്ചു വരുത്തുമെന്നും അതിനാൽ പിന്തിരിയണമെന്നുമുള്ള ഉപദേശം നൽകിയിരുന്നുവെങ്കിലും മുസ്ലിയാർ അത് ചെവികൊണ്ടില്ല എന്നാണ് ആ സംഭവത്തിന്റെ ബാക്കിപത്രം.

ഏറനാട്ടിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ചേക്കുട്ടി, പ്രക്ഷോഭകാരികളെ കുറിച്ചും താവളങ്ങളെ കുറിച്ചും സൈന്യത്തിന് വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. ആഗസ്ററ് 27 ന് പന്തല്ലൂര് ഔട്ട്പോസ്റ്റിലെ ഹെഡ്കോണ്സ്റ്റബിള് കക്കാടൻ ഹൈദ്രോസിനെ വെടിവെച്ചു കൊന്നതിന് ശേഷം വാരിയൻകുന്നത്തിന്റെ നേതൃത്വത്തിലുള്ള സമരസേനാനികൾ ആഗസ്റ്റ് മുപ്പതിന് ചേക്കുട്ടി സാഹിബിൻറെ വീട് വളഞ്ഞു. അവിടെ അപ്പോൾ സർക്കാർ അനുകൂലികളുടെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. ഹാജിയെ കണ്ടതും സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള പോലീസ് സംഘവും മറ്റ് അധികാരി ജന്മികളും ഓടി രക്ഷപ്പെട്ടു. ഒറ്റുകാരനെന്ന കുറ്റം ചാർത്തി വീട് കയറി ചേക്കുട്ടി സാഹിബിനെ വധിക്കുകയായിരുന്നു. .