കാബൂളിൽ കാലിടറുന്ന തീവ്ര-ഭീകരവാദങ്ങൾ 19-08-2021 Share this Article WhatsApp Facebook ഈ വാരം ലോകത്തെ ആശങ്കയുടെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിറുത്തിയത് അഫ്ഗാനിസ്ഥാൻ തന്നെയാണ്. അഫ്ഗാനിലെ കൊടും യാഥാസ്ഥിക തീവ്രവാദി ഗ്രൂപ്പായ താലിബാൻ നാട് വീണ്ടും പിടിച്ചടക്കിയിരിക്കുന്നു. ഇതോടെ, ഉണ്ടായതും ഇനി ഉണ്ടാകാൻ പോകുന്നതും അവയുടെ ഭീതിയും പ്രതീക്ഷയുമെല്ലാം ലോകത്തിന്റെ ചർച്ചകളിൽ സജീവമായിരിക്കുകയാണ്. ചർച്ചകളെ വഴി തിരിച്ചു വിടുന്നത് പ്രധാനമായും ലോക രാഷ്ട്രീയമാണ്. അതിനാൽ തൽകാലം അതു അതിന്റെ ആൾക്കാർക്കു വിടാം. മതപരമായി സമീപിക്കുമ്പോൾ നമ്മുടെ പരിഗണനയിൽ വരുന്ന ചില ചിന്തകളും കൂട്ടത്തിലുണ്ട്. അവയിലേക്ക് നാം കടക്കുന്നതും കടക്കേണ്ടി വരുന്നതും അവർ കാബൂൾ വീഴ്ത്തുകയും നിലവിലെ ഭരണാധികാരി രാജ്യം വിടുകയും പൗരന്മാരും നയതന്ത്രജ്ഞരും എല്ലാം കൂട്ടപ്പലായനത്തിനൊരുങ്ങുകയും ചെയ്തതോടെ അധിനിവേശം പൂർണ്ണമാവുകയും അത് അംഗീകരിക്കപ്പെടുകയുമെല്ലാം ചെയ്തതിനു തൊട്ടു പുറകെ താലിബാൻ വക്താവ് സൈബുല്ല മുജാഹിദ് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വരികളിലൂടെയാണ്. അനുഭവങ്ങൾ സമ്മതിച്ചു തരില്ല എന്നതിനാൽ താലിബാനിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു സൈബുല്ല പറഞ്ഞതെല്ലാം എന്ന് ആരും പറയും. നമ്മൾ ഇവിടെ ചിന്തിക്കുന്നത് അതുമല്ല, തീവ്രവാദികൾ ഇവ്വിധം ചുവടുമാറ്റുന്നതിനു വല്ല സാംഗത്യവും മതപരമായി ഉണ്ടോ എന്നതാണ്. നടക്കുമോ എന്നോ നടത്തുമോ എന്നൊക്കെ സംശയമാണ് എങ്കിലും സൈബുല്ലയുടെ വാക്കുകളിൽ പൊതുവെ ഒരു മൃദുസമീപനം പ്രകടമായിരുന്നു. കൊന്നും കൊലവിളിച്ചും വിദേശികളെ നിരന്തരം വേട്ടയാടിയിരുന്ന അവർ എല്ലാവരെയും ഇനി മുതൽ അംഗീകരിക്കുമെന്ന് പറയുന്നു. പുറത്തിറങ്ങുന്ന സ്ത്രീകൾക്കു നേരെ കണ്ണുരുട്ടിയിരുന്ന അവർ സ്ത്രീകളെ പാർലമെന്റിൽ വരെ കസേരയിട്ട് സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുന്നു. സ്കൂളിൽ പോയതിന്റെ പേരിൽ മലാലക്കും കൂട്ടുകാരികൾക്കും നേരെ കാഞ്ചി വലിച്ചവർ ഇനി അതൊന്നുമുണ്ടാവില്ല എന്നു സൂചിപ്പിക്കുന്നു. മാത്രമല്ല, സ്ത്രീകൾക്ക് പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ തുടർന്നും അനുവദിക്കുമെന്ന് താലിബാൻ വാക്താവ് സുഹൈൽ ഷഹീൻ പറഞ്ഞിട്ടുമുണ്ട്.വൈദേശിക സാമ്രാജ്യത്വ ശക്തികളുടെ കടന്നു കയറ്റമില്ലാത്ത എല്ലാം പുതിയ അഫ്ഗാനിൽ സാധാരണ നിലയിലായിരിക്കും എന്നാണ് മൊത്തത്തിൽ പത്രസമ്മേളനത്തിന്റെ ധ്വനി.1996-ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് കർശന സ്ത്രീവിരുദ്ധ നിയമങ്ങളാണ് നടപ്പാക്കിയത്. സ്ത്രീകൾ തല മുതൽ കാൽ വരെ മറയുന്ന വസ്ത്രം ധരിക്കണം, സ്ത്രീകളെ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിച്ചിരുന്നില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനും അനുമതിയില്ല. ടെലിവിഷൻ, സംഗീതം, ഇസ്ലാമിക് അല്ലാത്ത ആഘോഷങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനർഥം താലിബാൻ ഇസ്ലാമിനെ കൈവിടുന്നു എന്നല്ലതാനും. അതവർ തുറന്നു പറയുന്നുണ്ട്. ഇസ്ലാമിക പരിധിയിൽ നിന്നു കൊണ്ടുള്ള സ്വാതന്ത്ര്യങ്ങളായിരിക്കും സ്ത്രീകൾക്കു നൽകുക എന്ന് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതിൽ നിന്നും രാജ്യത്തിന്റെ ഔദ്യോഗിക പേരിൽ നിലവിൽ ഇല്ലാത്ത ഇസ്ലാമിക് എന്ന വാക്ക് ചേർക്കുവാൻ പോകുന്നതിൽ നിന്നുമെല്ലാം അതു വ്യക്തമാണ്. അതോടെ നാം നമ്മുടെ വിഷയത്തിലേക്ക് എത്തിച്ചേരുന്നു. അഥവാ താലിബാനിൽ നടക്കുന്നത് ഒരു പൊളിച്ചെഴുത്താണ്. നയം മാറ്റമാണ്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത അറപ്പുണ്ടാക്കുന്ന തീവ്രവാദത്തിന്റെയും ഭീകര വാദത്തിന്റെയും ശൈലി അവർ ഉപേക്ഷിക്കുകയാണ്. അത് പുതിയ ലോകത്ത് നടക്കില്ലെന്നും അത് ഇനിയും തുടർന്നാൽ പണ്ടത്തേതു പോലെ കയ്യിൽ കിട്ടിയ രാജ്യാധികാരം നിലനിറുത്തുവാൻ കഴിയില്ലെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. അതോടെ യുണ്ടായ തിരിച്ചറിവാണ് ഈ നയ - നിലപാട് മാറ്റങ്ങളിലേക്ക് അവരെ നയിച്ചിരിക്കുക എന്നു കരുതാം. അങ്ങനെയാണെങ്കിൽ അതു സ്വാഗതാർഹം തന്നെയാണ്. അല്ല, മാലോകരെ തൽക്കാലത്തേക്ക് പറ്റിക്കാൻ വേണ്ടിയുളള ഒരു അടവാണ് ഇതെങ്കിൽ അതിന്റെ തിക്തഫലം അവർ വീണ്ടും അനുഭവിക്കുന്നത് നമുക്കു കാണേണ്ടിവരും. മതത്തോടുള്ള സമീപനത്തിലെ ഗരുതരമായ വീഴ്ചയാണ് ഇസ്ലാമിക തീവ്ര-ഭീകരവാദികളെ വഴി തെറ്റിക്കുന്നത്. അവർ മാത്രമല്ല, സാധാരണ വിശ്വാസികൾ പോലും ഈ വീഴ്ചക്ക് വിധേയരാകാറുണ്ട്. അതവരെ തീവ്രവാദത്തിലേക്കും അന്ധ വിശ്വാസങ്ങളിലേക്കും നയിക്കുന്നു. അക്കാര്യത്തിൽ തിരിച്ചറിവ് നേടി തിരിച്ചുവരവ് നടത്തുന്നവർക്കാണ് അത്തരം കൂടാരങ്ങളിൽ നിന്നും പുറത്തുകടക്കുവാൻ ഭാഗ്യം ലഭിക്കുന്നത്. ഈ തിരിച്ചറിവ് നേടാൻ മതത്തോടുള്ള സമീപനം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ ഒരു പ്രധാന ഭാഗമാണ് മതനിയമങ്ങുടെയും നയങ്ങളുടെയും അന്തസ്സാരം ഗ്രഹിക്കുക എന്നത്. മഖാസ്വിദുശ്ശരീഅ - മതനിയമങ്ങളുടെ പൊരുളുകൾ എന്ന ഈ കാര്യം മതത്തിലെ പഠനങ്ങളി പ്രധാനപ്പെട്ട ഒരു അധ്യായം തന്നെയാണ്. ഇമാം ഗസാലി, ഇമാം ശാത്വിബി, ഇമാമുൽ ഹറമൈനി, ഇമാം ഇസ്സ് ബിൻ അബ്ദിസ്സലാം തുടങ്ങിയവരെലാം ഈ അധ്യായത്തിലെ ചർച്ചകൾ നയിച്ചവരും ഗ്രന്ഥങ്ങൾ രചിച്ചവരുമാണ്. അതിന്റെ രത്നച്ചുരുക്കം ഇതാണ്. ഇസ്ലാമിക ശാസനകളിൽ ആരാധനകൾ ഇടപെലുകൾ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. അവയിൽ ആരാധനകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയോ മാറ്റങ്ങളോ പാടില്ല. അത് അവ്വിധം തന്നെ നിർവ്വഹിക്കപ്പെടണം. യുക്തി, ചിന്ത തുടങ്ങിയവക്കൊന്നും അവിടെ സ്ഥാനമില്ല. എന്നാൽ ശിക്ഷാവിധികൾ, സഹജീവികളോടുള്ള സമീപനങ്ങൾ, സഹോദര സമുദായങ്ങളോടുള്ള സമീപനങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ അതിന്റെ പൊരുൾ എന്താണ് എന്നു പരിശോധിച്ച് മാത്രം ചെയ്യേണ്ടതാണ്. ഓരോ നിയമത്തിനും അതിന്റെതായ പൊരുൾ ഉണ്ടായിരിക്കും, അതു പരിഗണിച്ചായിരിക്കണം അതു നടത്തേണ്ടത് എന്നു ചുരുക്കം. ഈ പൊരുൾ മനസ്സിലാകാൻ ചെറിയ ഒരു ഉദാഹരണം പറയാം. മദ്യം നിഷിദ്ധമാണ്. അതിന്റെ കാരണം സാധാരണ ഫിഖ്ഹിൽ വിവരിക്കുന്നുണ്ട്. അതു ലഹരിയുണ്ടാക്കുന്നു എന്നതാണ്. എന്നാൽ ലഹരി ഉണ്ടാക്കുന്നു എന്നതിനാൽ മദ്യം ഹറാമാകുന്നത് എന്തുകൊണ്ട് എന്നതാണ് നാം പറഞ്ഞ മഖാസ്വിദുശ്ശരീഅയിൽ ചർച്ച ചെയ്യുന്നത്. അതായത് ലഹരി ഉണ്ടാക്കുന്നു എന്ന കാരണത്താൽ മദ്യത്തെ നിഷിദ്ധമാക്കുന്നതിന്റെ പൊരുൾ മനസ്സിലാക്കണമെന്ന് ചുരുക്കം. അത് ബുദ്ധിയുടെ സംരക്ഷണമാണ്. അല്ലാഹുവിന്റെ പ്രാതിനിധ്യം ഏൽപ്പിക്കപ്പെട്ട മനുഷ്യൻ സദാ ബൗദ്ധികമായി ഉണർന്നിരിക്കേണ്ടവനാണ്. അതിനു ഭംഗം വരുന്ന എല്ലാ കാര്യവും നിഷിധമാണ്. തീവ്രവാദികളുടെയും ഭീകരവാദികളുടെയും കാര്യത്തിലേക്കു വരുമ്പോൾ ഈ ചിന്തയുടെ പ്രസക്തി വർദ്ധിക്കും. ഒരു മിശ്ര സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ നമ്മുടെ ഇടപെടലുകളെ നിർവ്വചിക്കേണ്ടത് ഈ മതനിയമങ്ങളുടെ പൊരുൾ വെച്ചാണ്. അത് ഒട്ടും പരിഗണിക്കുന്നില്ല എന്നതാണ് ത്വാലിബാനാടക്കമുള്ള തീവ്രവാദികളുടെ പ്രശ്നം. കാഫിറിനെ ഏതു സാഹചര്യത്തിലും അവർ കൊല്ലുകയാണ്. തങ്ങളെ എതിർക്കുന്നവരെ അവർ പരിഗണിക്കുകയേയില്ല. കട്ടവന്റെ കൈ അവർ എവിടെയും വെട്ടുകയാണ്. ഇതെല്ലാം ഇസ്ലാമിന്റെ നിയമങ്ങൾ തന്നെയല്ലേ എന്നു ചോദിച്ചാൽ അതെ എന്നു മറുപടി പറയുന്നതോടൊപ്പം പക്ഷെ എന്നു കൂടി പറയേണ്ടിവരും. കാരണം ഇസ്ലാമിലെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അതിന്റെ സാഹചര്യം, യുക്തി, സുരക്ഷിത മാർഗം, അനന്തരഫലങ്ങളുടെ അനുകൂലത എന്നിവകളെയെല്ലാം പരിഗണിച്ചേ പറ്റൂ. അല്ലെങ്കിൽ അതു മതമല്ല, മതഭ്രാന്തായി പരിണമിക്കും. ഇത്രയും പറയുമ്പോൾ മതനിയമങ്ങളെ സാഹചര്യത്തിനനുസരിച്ച് മാറ്റിയെഴുതാം എന്നു വായിക്കരുത്. നമ്മുടെ സാഹചര്യത്തിനനുസരിച്ച് അല്ലാഹുവിന്റെ നിയമങ്ങളെ മാറ്റിയെഴുതുവാൻ കഴിയില്ല. നിയമങ്ങളുടെ അന്തസ്സത്തയും അകപ്പൊരുളും വേണ്ടവിധം പരിഗണിച്ചു നിയമ- നയങ്ങൾ നടപ്പിലാക്കുമ്പോൾ ആ നിയമങ്ങൾ സംരക്ഷിക്കപ്പെടുകയായിരിക്കും ഫലം. ഇത് മതം അനുവദിക്കുന്ന കാര്യം തന്നെയാണ്. ഉദാഹരണമായി നബി (സ) പറയുന്ന ഒരു തിരുവചനമെടുക്കാം. നബി (സ) പറഞ്ഞു: തെറ്റു ചെയ്യുന്നവനെ കണ്ടാൽ അതിനെ നിങ്ങൾ കൈ കൊണ്ട് തടയുക. അതിനു കഴിയില്ലെങ്കിൽ നാവു കൊണ്ടും അതിനും കഴിയില്ലെങ്കിൽ മനസ്സുകൊണ്ടും. ഇവിടെ ഈ വചനത്തിന്റെ പൊരുൾ തിന്മയെ നിങ്ങൾ പ്രതിരോധിക്കുക തന്നെ വേണമെന്നാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. എന്നാൽ അത് നടപ്പാക്കുന്നതിൽ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എല്ലാ സാഹചര്യങ്ങളും ഒരു പോലെയല്ല. മാത്രമല്ല, ഈ ഹദീസിൽ പറയുന്ന ശ്രേണി പരിശോധിക്കുമ്പോൾ താരതമ്യേന ലളിതവും പ്രക്ഷോഭ രഹിതവും ആയിട്ടായിരിക്കണം ഇത്തരം ഇടപെടലുകൾ എന്നതു കൂടി പ്രസക്തമാണ്. അവ പരിഗണിക്കാതെ വരുമ്പോഴാണ് കൊല്ലും കൊലയും കൈവെട്ടുമെല്ലാം കൈവിട്ടു പോകുന്നതും ഭീകര വാദം ഉണ്ടാകുന്നതും.