TH Darimi

ജീലാനീ ദർശനത്തിൻ്റെ ആവേശക്കാഴ്ചകൾ

ജീലാനീ ദർശനത്തിൻ്റെ ആവേശക്കാഴ്ചകൾ

14-10-2024
Share this Article

image

വെള്ളിത്തെളിച്ചം ടി എച്ച് ദാരിമി



നബി(സ)യുടെ അനുചരനായ ഉമർ(റ) പറയുകയാണ്: ഞങ്ങൾ ഒരു നാൾ നബി(സ)യോടൊപ്പം ഇരിക്കുമ്പോൾ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. അങ്ങേയറ്റം കറുത്ത മുടിയുള്ള, നല്ല വെണ്മയുള്ള വസ്ത്രങ്ങളണിഞ്ഞ, യാത്ര ചെയ്തതിൻ്റെ അടയാളങ്ങൾ ഒന്നും പ്രകടമല്ലാത്ത, എന്നാൽ ഞങ്ങളാരും അറിയാത്ത ഒരാൾ. അദ്ദേഹം വന്നു തിരുനബി(സ)യുടെ അടുത്ത് വന്ന് മുട്ടോട് മുട്ട് ചേർത്തുവെച്ച് കൈകൾ തുടകളിൽ വെച്ചു കൊണ്ട് ചോദിച്ചു: ‘മുഹമ്മദ്, ഇസ്‌ലാമിനെ കുറിച്ച് പറയൂ. അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: 'അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിൻ്റെ ദൂതനാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുന്നു, നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നു, റമദാൻ വ്രതം അനുഷ്ഠിക്കുന്നു, നിങ്ങൾക്ക് കഴിയുമെങ്കിൽ ഹജ്ജ് നിർവഹിക്കുന്നു; ഇതാണ് ഇസ്ലാം.' അതുകേട്ടതും ആഗതൻ പറഞ്ഞു: 'താങ്കൾ പറഞ്ഞത് സത്യമാണ്'. ഉമർ(റ) പറഞ്ഞു: ചോദ്യം ചോദിക്കുന്ന ആൾ തന്നെ ഉത്തരം വെക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. തുടർന്ന് ആഗതൻ എങ്കിൽ ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: 'അല്ലാഹുവിനെയും അവൻ്റെ മാലാഖമാരെയും അവൻ്റെ ഗ്രന്ഥങ്ങളെയും അവൻ്റെ ദൂതന്മാരെയും അന്ത്യദിനത്തെയും നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ് എന്ന തത്വത്തെയും വിശ്വസിക്കുന്നതാണ് ഈമാൻ'. അപ്പോഴും ആഗതൻ താങ്കൾ പറഞ്ഞത് സത്യമാണ് എന്നു പ്രതികരിച്ചു. തുടർന്ന് ആഗതൻ ആവശ്യപ്പെട്ടത് ഇഹ്സാനെ കുറിച്ച് എനിക്കു പറഞ്ഞു തരൂ എന്നായിരുന്നു. നബി(സ) പറഞ്ഞു: 'നിങ്ങൾ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കലാണ് ഇഹ്സാൻ. നിങ്ങൾ അവനെ കാണുന്നില്ലെന്നാണെങ്കിൽ അവൻ തീർച്ചയായും നിങ്ങളെ ശരിക്കും കാണുന്നുണ്ട്.' ആഗതന്റെ അടുത്ത ചോദ്യം അന്ത്യനാളിനെ കുറിച്ചായിരുന്നു. അക്കാര്യത്തിൽ ചോദിക്കുന്നവനും ചോദിക്കപ്പെടുന്നവനുമെല്ലാം അജ്ഞരാണ് എന്നതായിരുന്നു നബിയുടെ മറുപടി. എങ്കിൽ അതിൻ്റെ അടയാളങ്ങൾ പറഞ്ഞു തരൂ എന്നായി ആഗതൻ. 'അടിമ തൻ്റെ ഉടമയെ പ്രസവിക്കുക, ദരിദ്രരും നഗ്നരും നഗ്നപാദരുമായ ആടുകളെ മേയിക്കുന്നവർ ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ മത്സരിക്കുന്നത് കാണുക..' തുടങ്ങിയവയാണവ എന്ന് നബി(സ) മറുപടിയും പറഞ്ഞു. ആഗതൻ പോയി. കുറച്ചുകഴിഞ്ഞു നബി(സ) ചോദിച്ചു: 'ഉമർ, ചോദ്യകർത്താവ് ആരാണെന്ന് താങ്കൾക്ക് മനസ്സിലായോ?' ഞാൻ പറഞ്ഞു, 'അല്ലാഹുവിനും അവൻ്റെ ദൂതനും നന്നായി അറിയാം'. നബി(സ) പറഞ്ഞു: 'അതു ജിബ്‌രീൽ ആയിരുന്നു, നിങ്ങളെ നിങ്ങളുടെ ദീൻ പഠിപ്പിക്കാൻ വന്നതായിരുന്നു'. (ബുഖാരി, മുസ്ലിം)

ഇസ്ലാം മതത്തിൻ്റെ അടിസ്ഥാനങ്ങൾ നിശ്ചയിക്കുന്ന ഒരു ആധികാരിക ഹദീസാണ് ഇത്. ഈ ഹദീസിന്റെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ഒരു അഭിപ്രായവ്യത്യാസം ഇസ്ലാമിക ലോകത്ത് ഇല്ല എന്ന് പറയാം. ഇത്രയും ആധികാരികമായ ഈ ഹദീസ് വരച്ചുവെക്കുന്നത് ദീൻ എന്താണ് എന്നതാണ്. 'നിങ്ങൾക്ക് നിങ്ങളുടെ ദീൻ എന്താണ് എന്ന് പഠിപ്പിച്ചുതരാൻ വേണ്ടി അല്ലാഹു നിയോഗിച്ച ജിബ്രീൽ എന്ന മാലാഖയാണ് ഇപ്പോൾ ഇവിടെ മനുഷ്യരൂപത്തിൽ വന്നത്' എന്നാണല്ലോ നബി(സ) തങ്ങൾ പറഞ്ഞത്. അപ്പോൾ ഇവിടെ മലക്ക് നബി(സ) തങ്ങളോട് ചോദിക്കുകയും മറുപടി കേൾക്കുകയും ശരിവെക്കുകയും ചെയ്ത കാര്യങ്ങൾ ഏതെല്ലാമാണ് എങ്കിൽ അവയെല്ലാം ചേർന്നതാണ് ദീൻ എന്ന് ആർക്കും മനസ്സിലാക്കാം. അതനുസരിച്ച് ഈ സംഭാഷണത്തിൽ വന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, ഈമാൻ. രണ്ട്, ഇസ്ലാം. മൂന്ന്, ഇഹ്സാൻ. അഥവാ, ഇവ മൂന്നും ചേർന്നതാണ് ദീൻ. ഇവയിൽ ഏതെങ്കിലും ഒന്നിനെ മാത്രമോ രണ്ടെണ്ണത്തെ മാത്രമോ ദീൻ എന്ന് വിളിക്കാനോ വ്യവഹരിക്കാനോ പറ്റുകയില്ല എന്നും ഇതിൽനിന്ന് മനസ്സിലാക്കാം. ഇവയിൽ ഈമാൻ വിശ്വസിക്കാനുള്ള കാര്യങ്ങളാണ്. ഇസ്ലാം ചെയ്യുവാനുള്ള കർമ്മങ്ങളുമാണ്. അതേസമയം ഇഹ്സാൻ കർമ്മപരമായ കാര്യങ്ങൾ ചെയ്യേണ്ടതിൻ്റെ രീതിയാണ്. അല്ലാഹുവിൻ്റെ മുമ്പിലാണ് നിൽക്കുന്നത് എന്ന മന ഭാവം ഉണ്ടാക്കുവാനുള്ള വഴി പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്യുന്ന ശാഖ. ഈ മനസ്ഥിതിയാവട്ടെ ആരാധനകൾ സമ്പൂർണ്ണ സമർപ്പണമായിത്തീരുവാനുള്ള ഏറ്റവും പ്രധാന ഘടകമാണ്. അഥവാ ആരാധനകൾ അല്ലാഹുവിന് മാത്രം ഉള്ള സമർപ്പണമാക്കിത്തീർക്കാനുള്ള രീതിശാസ്ത്രമാണ് ഇഹ്സാൻ. ഇതാണ് ഇസ്ലാമിക ആത്മീയത. തസ്വവ്വുഫ് എന്നാണ് ഈ ശാസ്ത്രം അറിയപ്പെടുന്നത്.

മതത്തിൻ്റെ അസ്ഥിവാരങ്ങളിൽ ഒന്നായതുകൊണ്ട് തന്നെ മതത്തിലെ എല്ലാ ശാഖകളും വളരുന്നതിനനുസരിച്ച് തന്നെ ലോകത്ത് ഈ ആത്മീയ ശാഖ വളർന്നു വന്നിട്ടുണ്ട്. വിശ്വാസത്തിൻ്റെ കാര്യങ്ങൾ ഇൽമുൽ കലാം എന്ന പേരിലും കർമ്മങ്ങളുടെ കാര്യങ്ങൾ ഫിഖ്ഹ് എന്ന പേരിലും സ്ഥാപിതമാവുകയും വളരുകയും ചെയ്തതുപോലെ ആത്മീയ കാര്യങ്ങളും പഠനങ്ങളും വളർന്നു. മുതകല്ലിമുകൾ, ഫഖീഹുകൾ എന്നിവരെ പോലെ സ്വൂഫികളും ദീനിനെ നിലനിറുത്തുന്നതിൽ വ്യാപൃതരാണ്. അവരുടെ ഗ്രന്ഥങ്ങളും പഠനങ്ങളും ശൃംഖലകളും ലോകത്ത് എക്കാലവും സജീവവുമാണ്. ദീൻ നിലനിൽക്കുന്ന കാലത്തോളം അതു തുടരുകയും ചെയ്യും. അത്തരത്തിലുള്ള ആത്മീയ ശൃംഖലകൾ പൊതുവേ ശ്രദ്ധയിൽ ഉണരുന്ന ഒരു വേളയാണ് ഹിജ്റ കലണ്ടറിലെ റബീഉൽ ആഖിർ മാസം. ആത്മീയ ശൃംഖലകളിൽ ലോകത്തെ ഏറ്റവും വലിയ ശൃംഖലയുടെ ആദ്യത്തെ കണ്ണിയായ ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ) എന്നവരുടെ സ്മരണകൾ ആത്മീയ ലോകം അയവിറക്കുന്ന വേളയാണ് ഇത് എന്നതാണ് കാരണം. ഹിജ്റ അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനവും ആറാം നൂറ്റാണ്ടിന്റെ ആദ്യഭാഗവും ചേർന്നതായിരുന്നു ശൈഖ് ജീലാനി(റ)യുടെ ജീവിത-സേവന കാലം. ഇസ്ലാമിക ചരിത്രത്തിൻ്റെ അരികുചേർന്ന് ഉമ്മത്തിനെ നോക്കിക്കാണുന്ന ഏതൊരാളും പറഞ്ഞു പോകും, ആത്മീയമായ ഒരു സാമൂഹ്യ പരിഷ്കർത്താവിനെ ആ കാലം മാടി വിളിക്കുന്നുണ്ടായിരുന്നു എന്ന്. കാലത്തിൻ്റെ ആ തേട്ടത്തിന്റെ ഉത്തരമായിരുന്നു സത്യത്തിൽ ശൈഖ് ജീലാനി(റ). ഇസ്ലാമിക ഉമ്മത്തിൻ്റെ വിശ്വാസവും തദനുസൃതമായ ജീവിത രീതിയും ഏറെക്കുറെ കൈവിട്ടുപോയ കാലമായിരുന്നു അത്. ഫാത്വിമികളും അബ്ബാസികളുമായിരുന്നു സിംഹാസനത്തിൽ എങ്കിലും അവർക്കൊന്നും ദീൻ എന്ന വിഷയത്തോട് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. അധികാരം, അന്തപ്പുര സുഖങ്ങൾ, വിനോദങ്ങൾ എന്നിവക്കപ്പുറത്തേക്ക് അവരുടെ ചിന്ത കടക്കുമായിരുന്നില്ല. മതമുള്ളവർക്കാണെങ്കിൽ പ്രധാനം സുന്നി- ശിയാ പോരാട്ടങ്ങളിലുമായിരുന്നു. ഒപ്പം ബുവൈഹികൾ, സൽജൂഖുകൾ തുടങ്ങിയവർ നടത്തുന്ന രാഷ്ട്രീയ സൂത്രപ്പണികളും. എല്ലാം കൊണ്ടും ഒരു പരിഷ്കർത്താവിനെ മാടിവിളിക്കുന്ന കാലം.

മുസ്ലിം ഉമ്മത്തിൻ്റെ ഈ ക്ഷയം ഹി. 492 ൽ വിശുദ്ധ ഖുദ്സ് മുസ്ലിംകൾക്ക് കൈമോശം വരാൻ വരെ കാരണമായി. ഒന്നാം കുരിശു യുദ്ധത്തിലൂടെ ഖുദ്സ് പിടിച്ചെടുത്ത കുരിശുപട മുസ്ലിംകളെ കൂട്ടക്കശാപ്പ് ചെയ്തു പുണ്യനഗരം കയ്യടക്കി. 88 വർഷമാണ് അവർ അവിടെ തേരോട്ടം നടത്തിയത്. ഇത്തരമൊരു സാഹചര്യത്തിൽ വിശ്വാസികളെ അവരുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിനെ കുറിച്ച് ആ കാലത്ത് ആദ്യമായി ചിന്തിച്ചത് ഇമാം ഗസ്സാലി(റ) ആയിരുന്നു. വ്യക്തികളെയും സമുദായത്തെയും അറിവിലൂടെയും സുദ്ധരിക്കുവാൻ മദ്റസകളും ഖാൻഖാഹു കളും സ്ഥാപിച്ച് അദ്ദേഹം ബഗ്ദാദിൽ ഏറെ ശ്രമങ്ങൾ നടത്തി. ഹി. 505 ൽ അദ്ദേഹം വിടവാങ്ങുമ്പോൾ തൻ്റെ വികാരം ശിഷ്യർക്ക് കൈമാറുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ വികാരം ചൂട് ചോരാതെ ഏറ്റുവാങ്ങുവാൻ അദ്ദേഹത്തിൻ്റെ ഒരു ശിഷ്യന് ഭാഗ്യം ലഭിച്ചു. അത് ശൈഖ് ജീലാനി(റ) എന്ന വർക്കായിരുന്നു. ഹി. 488 ൽ തൻ്റെ പതിനെട്ടാം വയസ്സിൽ ബാഗ്ദാദിലെത്തിയ മഹാനവർകൾ ആ ആശയങ്ങൾ പഠിക്കുകയും മനസ്സാ സ്വീകരിക്കുകയും അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്തു. അതിലൂടെ ഈമാനിക ആവേശവും ഇസ്ലാമിക വിധേയത്വവും സാമുദായിക വികാരവും വിശ്വാസികളിൽ അദ്ദേഹം വളർത്തിയെുത്തു. അദ്ദേഹത്തിൻ്റെ പാഠശാലകളിൽ പാഠങ്ങളേക്കാൾ ആത്മീയ ജീവിത പരിശീലനങ്ങൾക്കായിരുന്നു പ്രാധാന്യം. ആ കരങ്ങളിലൂടെ ലക്ഷങ്ങൾ ആത്മീയത അറിയുകയും അനുഭവിക്കുകയും ചെയ്തു. അവർ വികാരഭരിതരായി. ഖാദിരിയ്യത്ത് എന്നത് ഇസ്ലാമിക മുന്നണിയുടെ വികാരമായി. തിരിച്ചുപിടിക്കലുകളുടെ പടയോട്ടം തുടങ്ങുന്നിടത്തു തന്നെ ആ സ്വാധീനം നമുക്കു കാണാം. അതു തുടങ്ങുന്നത് നൂറുദ്ദീൻ സങ്കി (ഹി. 511 - 569) മുതലാണല്ലോ. അദ്ദേഹവും തൻ്റെ സേനയും സുന്നികളും ഖാദിരികളുമായിരുന്നു എന്നാണ് ചരിത്രം. ഉറച്ച ഈമാൻ അവരുടെ പ്രത്യേകതയായിരുന്നു. പിന്നെ ആ വികാരം പാരമ്യത്തിലെത്തിച്ച് വിജയിപ്പിച്ചത് സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി(ഹി. 532-589) ആയിരുന്നു. അദ്ദേഹത്തെ ശൈഖ് ജീലാനി(റ) ശ്ലാഖിക്കുകയും പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രം.

ആത്മീയധാരകൾ വിശ്വാസിയുടെ മനസ്സിന് ബലം നൽകുന്നു. ശാന്തിയും സമാധാനവും നൽകുന്നു. ജീവിതത്തിന് അച്ചടക്കം നൽകുന്നു. ധാർമ്മികതക്ക് ഊർജ്ജം നൽകുന്നു. ഇവയെല്ലാം ചേരുമ്പോൾ വിശ്വാസം, ധൈര്യം, സ്ഥൈര്യം, സത്യസന്ധത തുടങ്ങി എല്ലാ മാനുഷിക ഗുണങ്ങൾക്കും തിളക്കം ലഭിക്കുന്നു. അതുകൊണ്ടു തന്നെയാണ് ലോകത്തെ വിശ്വാസികളിൽ അധിക പേരും ഇപ്പോഴും ആത്മീയതയുടെ ഈ വഴിയിൽ നിൽക്കുന്നതും. o

(ആത്മീയത ആവേശമാണ്)