മദ്റസകൾ: ആശങ്കകൾ അസ്ഥാനത്താണ് 16-10-2024 Share this Article WhatsApp Facebook വെള്ളിത്തെളിച്ചം ടി എച്ച് ദാരിമി ഓറിയന്റലിസ്റ്റുകളിൽ ഒരാൾ എന്നോ പറഞ്ഞുവെച്ച ആ തത്വം അവരിൽ ആരുടെയോ കണ്ണിൽപ്പെട്ടിരിക്കാം. ഒരു ജനതയുടെ സംസ്കാരത്തെ തകർക്കുവാൻ മൂന്നു വഴികളാണ് ഉള്ളത് എന്ന് തത്വം. ആ പറഞ്ഞ മൂന്നു വഴികൾ കുടുംബങ്ങളിൽ നിന്ന് മൂല്യങ്ങളെ വേർപ്പെടുത്തുക, അടിസ്ഥാനങ്ങളുടെ ആധാരമായ അറിവിനെ തടസ്സപ്പെടുത്തുക, പാരമ്പര്യങ്ങൾ പൈതൃകങ്ങൾ തുടങ്ങിയവയുമായുള്ള പൊക്കിൾകൊടി ബന്ധം മുറിച്ചു കളയുക എന്നിവ മൂന്നുമാണ്. ഇവ മൂന്നും ബുദ്ധിപരമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ഒരു സാംസ്കാരിക അസ്ഥിത്വം ഉള്ള ജനതയെ തകർക്കാൻ കഴിയൂ എന്നാണ് പറഞ്ഞത്. പൗരസ്ത്യ പ്രദേശങ്ങളിൽ ആഴത്തിലിറങ്ങിയ സംസ്കാരങ്ങളെ നേരിടുവാൻ പാശ്ചാത്യ ബുദ്ധി ഭ്രാന്തന്മാർ നടത്തിയിട്ടുള്ള നീക്കങ്ങളുടെ ആകെത്തുകയെയാണ് ഓറിയന്റലിസം എന്നു പറയുന്നത്. കണ്ടെത്തിയതൊന്നും തെളിയിക്കുവാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായിയിട്ടില്ല എങ്കിലും അത്ഭുതകരമായ പഠന-മനന ശേഷികൾ ഉപയോഗപ്പെടുത്തി അവർ പലതും കണ്ടുപിടിച്ചു എന്നത് സമ്മതിച്ചു കൊടുക്കേണ്ട ഒരു സത്യമാണ്. അക്കൂട്ടത്തിൽ ഒന്നാണ് ഈ തത്വം. ഒരു ജനതയുടെ സാംസ്കാരിക അസ്ഥിത്വത്തെ തകർക്കുവാൻ അവരുടെ സാമൂഹ്യത, അറിവ്, പാരമ്പര്യം എന്നിവയെ നശിപ്പിച്ചാൽ മതി എന്ന ഈ കണ്ടെത്തൽ എവിടെയും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ പഠിച്ച പണിയെല്ലാം നോക്കിയിട്ടും കരുതിയത് നടക്കുന്നില്ലെങ്കിൽ പിന്നെ വല്ലഭൻ ആയുധമായി പുല്ലും എടുത്തേക്കുമല്ലോ. ആ അർത്ഥത്തിലുള്ള ഒരു നീക്കമാണോ രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മീഷൻ തിട്ടൂരമിറക്കിയിരിക്കുന്നത് എന്ന് ബുദ്ധിയുള്ളവർ സ്വാഭാവികമായും ആലോചിച്ചു പോകും. അതിനു ന്യായമുണ്ട് കാരണം, മതം ഇത്ര ജാഗ്രതയോടെയും ഗൗരവത്തോടെയും പഠിപ്പിക്കുന്ന ഒരു ബഹുമത പൊതുരാജ്യം ഇന്ത്യ പോലെ വേറെയില്ല. ഇസ്ലാമിക രാജ്യങ്ങളിലും മുസ്ലിം രാജ്യങ്ങളിലും അത് സ്വാഭാവികമാണ്. ഇത്തരമൊരു രാജ്യത്തു നിന്ന് തെല്ലൊരു അസൂയയോടെ വീക്ഷിക്കുമ്പോൾ ആരുടെയും മനസ്സും പറയും, ഈ സമുദായത്തെ ഈ വിധത്തിൽ നിർമ്മിക്കുന്നത് അവരുടെ മതപഠനവും പാഠശാലകളും ആണ് എന്ന്. കാരണം ഏതു പരിഷ്കാരത്തിന്റെയും വികാസത്തിന്റെയും മുമ്പിലും അതെല്ലാം ഉൾക്കൊണ്ടു കൊണ്ടുതന്നെ ഒരു ദിവസത്തിൽ അഞ്ചുനേരം നിസ്കരിക്കുവാനും ഒരു വർഷത്തിൽ ഒരു മാസം അന്നപാനാദികൾ ഉപേക്ഷിച്ച് നോമ്പെടുക്കുവാനും അനുബന്ധമായ കർമ്മങ്ങളും വേഷങ്ങളും ശീലങ്ങളും പുലർത്തുവാനും ഈ ജനത ശ്രദ്ധിക്കുന്നുണ്ട്. ഇതു കാണുമ്പോൾ ചിലർക്കെങ്കിലും അസൂയയും കലിയുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. അതാവാം അല്ലെങ്കിൽ അതും കൂടി ഉണ്ടാവാം ഈ പുതിയ നീക്കത്തിനു പിന്നിൽ. സർക്കാരിൽ നിന്ന് ഗ്രാൻഡ് പറ്റുകയും അതിനുപകരം ഭൗതിക വിദ്യാഭ്യാസങ്ങൾ പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന, പ്രത്യേകിച്ചും ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന, മക്തബുകൾ എന്ന് അറിയപ്പെടുന്ന മദ്രസകൾക്കാണ് പൂട്ട് വരുന്നത്. അതുകൊണ്ട് ഈ നീക്കത്തിനു പിന്നിൽ നാം മേൽ പറഞ്ഞുവെച്ച അതേ ആമുഖത്തിൽ നിന്നുകൊണ്ടു തന്നെയുള്ള മറ്റൊരു കാരണം ആയിരിക്കാനും സാധ്യതയുണ്ട്. അതായത്, ഈ സ്ഥാപനങ്ങളെ നവീകരിക്കുക എന്ന പുറംപൂച്ചുമായി 2019 ലാണ് കേന്ദ്രസർക്കാർ ഇവയ്ക്ക് ഗ്രാൻഡും ഭൗതിക പഠനവും ഏർപ്പെടുത്തിയത്. ഈ മദ്‌റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു കേന്ദ്ര ഗവൺമെൻറ് അന്ന് നൽകിയ വിശദീകരണം. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നൽകാൻ വേണ്ട വളർച്ച ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്ന് അന്ന് മന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്‌വി പറയുകയും ചെയ്തു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കയ്യില്‍ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും ഇതിനുവേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു. ഇങ്ങനെ അന്ന് തുടങ്ങിയ ഗവൺമെൻറ് മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്നും മദ്റസകൾ അടച്ചുപൂട്ടി കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് ദേശീയ ബാലാവകാശ കമ്മീഷൻ (എന്‍സിപിസിആര്‍) രംഗത്ത് വന്നിരിക്കുന്നത്. അതിലെ ചർച്ചകളും സംവാദങ്ങളും കാര്യമായ ഫലം ഉണ്ടാക്കും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പ്രതിഷേധങ്ങൾ പ്രതിഫലനമുണ്ടാക്കുന്ന സാഹചര്യവും സാധ്യതയും രാജ്യത്ത് പൊതുവേ മങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. എന്നിരുന്നാലും കുറച്ചുപേർ ചേർന്ന് ചെയ്യുന്ന ഈ വിഡ്ഢിത്തരങ്ങൾക്ക് പിന്നിൽ പകൽ വെളിച്ചം പോലെ കാണുന്ന ദുഷ്ടലാക്കുകൾ മതേതര വിശ്വാസികൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ഇതു നിർത്തലാക്കുവാൻ ഉദ്യമിക്കുന്നതിന്റെ പിന്നിലെ മറ്റൊരു കാരണം ഒരുപക്ഷേ ഇങ്ങനെ ആയിരിക്കാം. ബിജെപി സർക്കാർ ഉത്തരേന്ത്യയിലെ മക്തബുകൾക്ക് സഹായം നൽകി. അവിടെ അധ്യാപകർക്ക് പരിശീലനവും നൽകി. നിലവിലുള്ള കെട്ടിടവും പഠന സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ ചെറിയ സഹായങ്ങളും നൽകി. തുടർന്ന് ഈ മക്തബുകളെ നിയന്ത്രിക്കുവാൻ ഒരു ബോർഡും രൂപീകരിച്ചു. ഗവൺമെൻറ് ഖജനാവിൽ നിന്ന് ചിലവ് വസൂലാക്കുന്നതിനാൽ സ്വാഭാവികമായും അതിലൊക്കെ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തം ഉണ്ടായിരിക്കും. അങ്ങനെ ഇത്രയും കൊല്ലം അത് മുന്നോട്ട് പോയി. ഇപ്പോൾ അവരുടെ പഠനങ്ങളും നിരീക്ഷണങ്ങളും അവരോട് പറയുന്നുണ്ടാവാം, അങ്ങനെ ചെയ്തത് കൊണ്ട് നമുക്ക് ഒരു ഗുണവും വരവ് വെക്കുവാൻ ഉണ്ടായിട്ടില്ല എന്ന്. മദ്രസകളിലേക്ക് ഭൗതിക വിദ്യാഭ്യാസവും ശാസ്ത്രവും സയൻസുമെല്ലാം കടന്നുവന്നാൽ അല്ലെങ്കിൽ കടത്തിവിട്ടാൽ ഖുർആനും ഹദീസും ഫിഖ്ഹുമെല്ലാം തന്നാലെ ഇറങ്ങിപ്പോയിക്കൊള്ളും എന്നായിരുന്നു അവരിൽ ചിലരെങ്കിലും കരുതിയിരുന്നത്. അതുണ്ടായില്ല അല്ലെങ്കിൽ ഉണ്ടാകുന്നില്ല എന്നു മാത്രമല്ല, ഈ സ്ഥാപനങ്ങളിൽ പഠിച്ചറങ്ങുന്നവരിലും അവരുടെ സംസ്കാരം തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് ഇത്തരം കാര്യങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ചില ബുദ്ധികേന്ദ്രങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടാകും. ഏതായിരുന്നാലും മതേതരത്വത്തെ സംരക്ഷിച്ചു നിറുത്തുവാനും അപരവൽക്കരണങ്ങളിൽ നിന്ന് മുക്തി നേടാനുമുള്ള പ്രതീക്ഷ വളരെ നേർത്തു വരുന്ന പുതിയ കാലത്തും വസ്തുതകൾ നാം പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ടല്ലോ. ഈ മദ്രസകളും മതപഠനവും നമ്മുടെ രാജ്യത്തിനും പൈതൃകത്തിനും ഒരു പോറലും ഏൽപ്പിക്കുകയില്ല എന്ന വസ്തുത. സത്യത്തിൽ വിദ്യാഭ്യാസം മനുഷ്യനെ സാംസ്കാരികമായി സ്വാധീനിക്കുന്നുണ്ട്. വിദ്യാഭ്യാസം ഇല്ലാതെ സമൂഹത്തിൽ കിടന്നു വളരുന്ന ഒരാളുടെയും വിദ്യാഭ്യാസം നേടി വളരുന്ന ഒരാളുടെയും സംസ്കാരങ്ങൾ വ്യത്യസ്തമായിരിക്കും. ഇക്കാര്യം എല്ലാത്തരം വിദ്യാഭ്യാസങ്ങളുടെയും കാര്യത്തിൽ ഒരേ പോലെയാണ്. ഇസ്ലാമിക സമൂഹത്തിലും ഈ സൂത്രവാക്യം ശരിയാണ്. മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദികളും ഭീകരവാദികളും എല്ലാം എമ്പാടും ഉണ്ട് എന്നതും ഒരു സത്യമാണ്. പക്ഷെ തീവ്രവാദികളുടെയും ഭീകരവാദികളുടെയും ജീവിതരേഖ പരിശോധിക്കുമ്പോൾ നമുക്ക് പ്രധാനമായും കാണാൻ കഴിയുന്ന ഒരു വ്യത്യാസം ഇത്തരക്കാർ മതപരമായ അറി വൊക്കെ ഉള്ളവരായിരിക്കാം. ആ അറിവിൽ നിന്ന് തന്നെയായിരിക്കാം അവരുടെ അമിതമായ വികാരങ്ങൾ ഉയർന്ന് വന്നതും, വരുന്നതും. അതൊരുപക്ഷേ, ഏതെങ്കിലും ഒരു പുസ്തകം വായിച്ചപ്പോൾ മുതൽ ഉണ്ടായ അറിവുകളോ ഏതെങ്കിലും വേദനിപ്പിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ മനസ്സിലുണ്ടാക്കിയ വൈകാരികതയിൽ നിന്ന് ഉണ്ടായ അറിവുകളോ ഒക്കെ മാത്രമായിരിക്കും. മദ്രസകളിൽ നടക്കുന്നതുപോലെ ക്രമാനുഗതമായി, പ്രായത്തിനനുസരിച്ച് മതം പഠിച്ച്, പഠിച്ചതെല്ലാം മനസ്സിൽ ക്രമീകരിച്ചുവെച്ച്, അവയെ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്ന വിധത്തിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവന് നേരെചൊവ്വേ അങ്ങനെയൊന്നും ആവാൻ കഴിയില്ല. അതേസമയം അവൻ അവൻ മതത്തെയും അതിൻ്റെ സംസ്കാരത്തെയുമെല്ലാം വളരെ കണിശമായി പാലിക്കുന്നവനായിരിക്കും എന്നതോടൊപ്പം അവൻ്റെ മണ്ണ്, രാജ്യം, സമൂഹം എന്നിവയോടെല്ലാം അവൻ തികഞ്ഞ മാന്യത പുലർത്തുവാൻ വേണ്ട പക്വതയും പരിജ്ഞാനവും നേടിയിട്ടുണ്ടാകും. വേട്ടയാടപ്പെടുന്ന മക്തബുകളുടെ അനുഭവം ഏകദേശം അതുതന്നെയാണ്. അതിനാൽ തന്നെ മദ്രസകളെ ചൊല്ലിയുള്ള ഭീതികളും മുൻവിധികളും എല്ലാം അസ്ഥാനത്താണ്, നിരർത്ഥകമാണ്. മക്തബുകളും മദ്രസകളും സത്യത്തിൽ ഒരു സംസ്കാരം പഠിപ്പിക്കുകയാണ്. മറ്റുള്ളവരെ സ്നേഹിക്കുക, സഹായിക്കുക, സഹാനുഭൂതി പുലർത്തി ജീവിക്കുക തുടങ്ങിയ ഉന്നത മൂല്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. അന്യായമായി ഒരാളെയും ഉപദ്രവിക്കരുത് എന്നത് ഈ പാഠങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്തിനെക്കാളും ഏതു സാഹചര്യത്തിലും ഏറ്റവും വലുതാണ് സ്വന്തം മണ്ണ് എന്ന വികാരം ഇവിടെ പഠിപ്പിക്കപ്പെടുന്നു. സാംസ്കാരികമായി നമ്മുടെ നാട്ടുകാർ അധഃപതിക്കാതിരിക്കുവാൻ കള്ളവും കള്ളവും വഞ്ചനയും ചതിയും ഒന്നുമില്ലാത്ത ഒരു ജനതയെ പടച്ചടുക്കാനുള്ള പണിപ്പുരകൾ മാത്രമാണ് സത്യത്തിൽ മദ്രസകൾ. അവയെ ഇങ്ങനെ ശത്രു സ്ഥാനത്ത് നിർത്തുന്നതിന് യാതൊരു ന്യായീകരണവും ഇല്ല. മതത്തെ ശരിയായ വിധം ഉള്‍ക്കൊള്ളുകയും അത് പ്രയോഗവത്കരിക്കുകയും ചെയ്യുമ്പോള്‍ മതം മധുരമായി മാറുന്നു. മധുരം എപ്പോഴും പ്രചോദനമാണ്. ഇതു ഏതെങ്കിലും മതത്തിനു നേരെയുള്ള നീക്കമാണെങ്കിൽ അതിനെ ഏതെങ്കിലും മതധർമ്മങ്ങളിൽ നിന്നാണ് വികാര ഊർജ്ജം വരുന്നത് എങ്കിൽ അവരോട് സദയം ഉണർത്താൻ ഉള്ളത് ഇതാണ്. o