TH Darimi

കുടുംബം എന്ന അനുഗ്രഹം

കുടുംബം എന്ന അനുഗ്രഹം

22-10-2024
Share this Article

image

മുഹമ്മദ് ടി എച്ച് ദാരിമി



മനുഷ്യൻ ഭൂമിയിലെ അല്ലാഹുവിൻ്റെ പ്രതിനിധിയാണ്. അതായത് പ്രതിനിധി മാത്രമാണ്. എന്നു പറഞ്ഞാൽ അവൻ ഇവിടെ ഒന്നിന്റെയും ഉടമസ്ഥൻ അല്ല കാര്യസ്ഥൻ മാത്രമാണ്. പ്രതിനിധീകരിക്കപ്പെടുന്ന അല്ലാഹുവിൻ്റെ ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും മനസ്സിലാക്കുക, അവ നിവൃത്തി ചെയ്യുക, അങ്ങനെ അവൻ്റെ അനുസരണയുള്ള അടിമയായി ജീവിത ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നിവയെല്ലാമാണ് അവൻ്റെ ചുമതലകൾ. ചുമതലകൾ നിർവഹിക്കുവാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പ്രതിനിധീകരിക്കപ്പെടുന്ന അല്ലാഹു ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. ഭൂമി, ആകാശം, അന്തരീക്ഷം, വെള്ളം, സസ്യലതാദികൾ, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ജീവികൾ.. അങ്ങനെ പ്രതിനിധിക്കു വേണ്ടതെല്ലാം. അവയെല്ലാം അടങ്ങുന്ന പ്രകൃതിയുമായി മനുഷ്യനെ ബന്ധിപ്പിച്ചിരിക്കുന്നതും അതിൻ്റെ ഭാഗമായാണ്. ഇപ്രകാരം തന്നെ മനുഷ്യരെയും അവൻ പരസ്പരം ബന്ധിപ്പിച്ചു നിറുത്തിയിരിക്കുന്നു. ഇതോടെ, മനുഷ്യനും അവന്റെ പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും സ്വന്തം അസ്തിത്വമി ല്ലാത്ത വിധേയ അടിമകൾ മാത്രമായി മാറുന്നു. അവനാവട്ടെ, എല്ലാവരുടെയും എല്ലാറ്റിൻ്റെയും അധീശാധികാരിയും ആകുന്നു. ഇത്രയെല്ലാം തന്റെ പ്രതിനിധിക്ക് ചെയ്തുകൊടുത്തു എന്ന് പറയുമ്പോൾ അതിനെക്കുറിച്ച് അവൻ കണക്ക് ചോദിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ വിചാരണയെ കുറിച്ചുള്ള ബോധ്യം അള്ളാഹു ഒരുക്കിവെച്ച എല്ലാ സൗകര്യങ്ങളെയും സംവിധാനങ്ങളെയും കാര്യക്ഷമമായി തന്നെ പരിഗണിക്കുവാനും പരിചരിക്കുവാനും ആവശ്യപ്പെടുന്നു. ഇവിടെ നമ്മുടെ ചർച്ച മനുഷ്യനും മനുഷ്യനും തമ്മിൽ അല്ലാഹു ഉണ്ടാക്കി വെച്ച, നമ്മെ പരിപാലിക്കുവാൻ ബാധ്യതപ്പെടുത്തിയ ബന്ധങ്ങളെ കുറിച്ചാണ്.

ഈ ബന്ധങ്ങളെ തന്നെ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത് വിവിധ തട്ടുകൾ ആയിട്ടാണ്. ബന്ധങ്ങൾ ഒരിക്കലും മുറിയാതെ നിലനിൽക്കുവാൻ വേണ്ടിയാണ് ഇങ്ങനെ തട്ടുകളാക്കുന്നത്. പൊതുവായ കുലബന്ധം, ആദർശ ബന്ധം, വൈവാഹിക ബന്ധം, രക്തബന്ധം എന്നിങ്ങനെയാണ് ആ തട്ടുകളുടെ ക്രമം. ഈ ക്രമം നിരീക്ഷിച്ചാൽ ഓരോ ചുവടുകളിലും ബന്ധങ്ങളുടെ ബാധ്യത വർദ്ധിച്ചു വർദ്ധിച്ചു വരുന്നതായി കാണാം. വിശാലമായ മനുഷ്യ കുടുംബത്തിലെ ഒരു അംഗം എന്ന അർത്ഥത്തിലുള്ള ബന്ധത്തേക്കാൾ എല്ലാ അർത്ഥത്തിലും വലുതായിരിക്കും ഒരു ആദർശത്തിൻ്റെ വാക്താക്കളും പ്രയോക്താക്കളും എന്ന ബന്ധം. അതിനേക്കാൾ കുറച്ചു കൂടി വലുതായിരിക്കും ശേഷം പറയുന്ന ഓരോ ബന്ധങ്ങളും. ഇവയിൽ വൈവാഹിക ബന്ധം, രക്തബന്ധം എന്നീ രണ്ടു ബന്ധങ്ങളുടെയും തുടക്കം വിവാഹത്തിൽ നിന്നാണ്. അതിനെക്കുറിച്ചാണ് നമുക്ക് ഇവിടെ പ്രത്യേകമായി പറയുവാനുള്ളത്. എന്നുമാത്രമല്ല മനുഷ്യകുലത്തിന്റെ ഉത്ഭവവും പ്രയാണവും തന്നെ വിവാഹം എന്ന ബന്ധത്തിൽ നിന്നാണ്.

മനുഷ്യന്റെ ഉൽപ്പത്തിയെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം വിശുദ്ധ ഖുർആൻ നൽകുന്നുണ്ട്. അതനുസരിച്ച് മനുഷ്യ വർഗ്ഗത്തെ സൃഷ്ടിക്കാൻ അല്ലാഹു തീരുമാനിക്കുകയും ആ വിവരം ആദ്യം മലക്കുകളെ അറിയിക്കുകയും ചെയ്തു. അത് വിശുദ്ധ ഖുർആൻ അനുസ്മരിക്കുന്നുണ്ട് (അൽബഖറ: 30). ഭൂമിയിൽ അല്ലാഹു മനുഷ്യനെ സ്യഷിക്കുന്ന വിവരം മലക്കുകളെ അറിയിച്ചപ്പോൾ അതിലടങ്ങിയ യുക്തിരഹസ്യമെന്താണെന്ന ഒരന്വേഷണമാണ് മലക്കുകൾ നടത്തുന്നത്. അല്ലാതെ ഒരു തടസ്സവാദമല്ല. നിന്നെ ആരാധിക്കലാണ് ഉദ്ദേശ്യമെങ്കിൽ, ഞങ്ങളിതാ എപ്പോഴും നിന്നെ ആരാധിച്ചുവരികയും നിനക്ക് കീഴ്പെട്ട് ജീവിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നും മലക്കുകൾ പറയുന്നു. അതിന് അല്ലാഹു നൽകിയ മറുപടിയാണ്; 'നിങ്ങൾക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം' എന്നത്. ആദ്യ മനുഷ്യനായി ആദം നബിയെ സൃഷ്ടിച്ച അല്ലാഹു ആദ്യമായി ആദം നബിക്കും വർഗ്ഗത്തിനും നൽകുന്ന അനുഗ്രഹം സവിശേഷമായ ഒരു വ്യക്തിത്വമാണ്. അത് അറിവിലൂടെയാണ് സാധ്യമാക്കിയത്. ഭംഗി, സമ്പത്ത്, ശേഷികൾ തുടങ്ങി പല വഴിക്കും അതുണ്ടാക്കാമായിരുന്നിട്ടും അറിവിനെ തന്നെ അതിന്നായി ഉപയോഗപ്പെടുത്തിയതിൽ വലിയ പാഠങ്ങൾ അടങ്ങിയിട്ടുണ്ട്. ആ സംഭവവും അല്ലാഹു തുടർന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. (അൽബഖറ 31-34). മനുഷ്യന് അല്ലാഹു വ്യക്തിത്വ സവിശേഷത നൽകുകയും അത് അവന്റെ അന്നത്തെ പരിസരത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയാണ് ഇതുവഴി അല്ലാഹു ചെയ്തത്.

ഈ അനുഗ്രഹത്തിന് ശേഷം അല്ലാഹു മനുഷ്യനു നൽകിയ അനുഗ്രഹമാണ് ഹവ്വാ എന്ന ഇണ. ആദിമ മനുഷ്യനിൽ നിന്നു തന്നെയായിരുന്നു ഈ ഇണയെ സൃഷ്ടിച്ചത്. 'ഒരൊറ്റ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും ആ ആത്മാവിൽ നിന്ന് തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു'വെന്ന് സൂറത്ത് നിസാഇൽ ഖുർആൻ വ്യക്തമാക്കുന്നു. ആദം നബിയിൽ നിന്ന് എന്നതിന്റെ വിശദീകരണത്തിൽ അദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്ന് എന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. സ്വഹീഹായ ഹദീസുകളുടെ പിൻബലത്തോടെയാണ് അവർ അങ്ങനെ പറയുന്നത്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ, സ്ത്രീകളോട് നല്ല നിലയിൽ പെരുമാറാൻ വസ്വിയ്യത്ത് ചെയ്തുകൊണ്ട് നബി(സ്വ) പറഞ്ഞു: 'അവർ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലിൽ വെച്ച് ഏറ്റവും വളഞ്ഞത് അതിൽ ഏറ്റവും മേലെയുള്ളതാണ്. അതിനെ ചൊവ്വാക്കി നിർത്താൻ ശ്രമിക്കുന്ന പക്ഷം നീയത് പൊട്ടിക്കേണ്ടിവരും. അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുന്ന പക്ഷം അത് വളഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയും ചെയ്യും'. ബൈബിൾ ഈ കഥ പറയുന്നേടത്തും വാരിയെല്ലിന്റെ പ്രയോഗമുണ്ട്. ആദമിനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന് തക്കതായ ഒരു ഇണ ഇല്ലായ്കയാൽ ദൈവം അദ്ദേഹത്തിന് ഒരു ഗാഢനിദ്ര നൽകിയെന്നും, ഉറങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ആ എല്ലിനെ ഒരു സ്ത്രീയാക്കി സൃഷ്ടിച്ചുവെന്നുമാണ് ബൈബിൾ ഉൽപത്തി: രണ്ടാം അധ്യായം 21-23 വചനങ്ങൾ പറയുന്നത്. ഏതായാലും മനുഷ്യന് അല്ലാഹു നൽകിയ രണ്ടാമത്തെ അനുഗ്രഹമാണ് ഇണ.

ഇണ എന്നതിനെ ഒരു ദിവ്യാനുഗ്രഹമായി വായിക്കുവാൻ ഇണ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും ചെയ്തുതരുന്ന ദാനവും വിലയിരുത്തണം. കേവലം ആണിനൊരു പെണ്ണ് എന്നതിനപ്പുറം പെണ്ണ് മനുഷ്യന്റെ ജീവിതത്തിൽ ചില ദൗത്യങ്ങൾ നിർവ്വഹിക്കുന്നുണ്ട്. അവ അവൾക്കു മാത്രം ചെയ്യാൻ കഴിയുന്നവയാണ്. അവ ചെയ്യപ്പെടാതെ പോയാൽ മറ്റൊരു വഴിക്കും നേടാനോ പകരം വെക്കുവാനോ കഴിയാത്തതാണ്. പ്രമുഖ ഇസ്‌ലാമിക ദാര്‍ശനികനും പണ്ഡിതനുമായ ഇമാം ഗസ്സാലി(റ) വിവാഹത്തിന്റെ ഏതാനും ഗുണങ്ങള്‍ തന്റെ ഇഹ്‌യാഉ ഉലൂമുദ്ദീനിൽ ഇങ്ങനെ എണ്ണുകയും വിവരിക്കുകയും ചെയ്യുന്നു: ഒന്ന്) സന്താനോല്‍പാദനം. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിന് സന്താനോല്‍പാദനം അനിവാര്യമാകുന്നു. കാരണം അല്ലാഹുവിന്റെ ഉദ്ദേശം ആദ്യത്തെ രണ്ടു മനുഷ്യരെ മാത്രം വാർത്തുണ്ടാക്കുകയും പിന്നീട് അവരുടെ വർഗ്ഗത്തെ പ്രജനനം വഴി നിലനിറുത്തകയുമാണ്. ഇതിന് വേണ്ടി അല്ലാഹു ചെയ്തു വെച്ചിരിക്കുന്നത് നൈസർഗ്ഗികമായ ഒരു പ്രക്രിയയാണ്. അത് ആദ്യത്തിൽ സൃഷ്ടിച്ച രണ്ട് പേർക്കിടയിൽ പരസ്പ ആകർഷണ ശക്തി നൽകുകയും ആ ആകർഷണം എന്ന ഊർജ്ജത്തെ കാമമാക്കി രൂപപ്പെടുത്തുകയും തദ്വാരാ അവരിൽ ഇണ ചേരാനുള്ള ത്വര സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ ഇണചേരുമ്പോൾ ബീജം കൈമാറ്റം ചെയ്യപ്പെടുകയും അത് സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് ഒരു കുഞ്ഞായി അവളുടെ ഗർഭാശയത്തിൽ വളർത്തിയെടുത്ത് ജനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയക്ക് അവശ്യം ആവശ്യമായ ഘടകമാണ് ഇണ. ഇണ ഇതിനു തയ്യാറാവുന്നില്ലെങ്കിൽ അത് വർഗ്ഗത്തിന്റെ നിലനിൽപ്പിന്നെ ഗുരുതരമായി ബാധിക്കും.

രണ്ട്, ചാരിത്ര്യ സംരക്ഷണം. ഇത് ഒന്നാമത്തെ ലക്ഷ്യവുമായി ബന്ധപ്പെട്ടതാണ്. അതായത് പ്രത്യുൽപാദനം വഴി സന്താനങ്ങളും അവർ വഴി സമൂഹവും നിലനിൽക്കണമെങ്കിൽ ഇവയെല്ലാം വിശുദ്ധവും അംഗീകാരമുളളതും ആയിരിക്കണം. വിശുദ്ധവും മാന്യവുമായ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കേ സമൂഹം വിശുദ്ധിയും മാന്യതയും കൽപ്പിക്കൂ. ഇതൊന്ന്. ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങളോട് മാത്രമേ മാതാപിതാക്കൾക്ക് വൈകാരിക ബന്ധമുണ്ടാകൂ. മാതാപിതാക്കളുടെ വൈകാരിക ബന്ധമാണ് പ്രത്യേകിച്ചും ശൈശവ കൗമാര കാലങ്ങളിൽ കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല, ഈ വൈകാരിക ബന്ധമാണ് മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും കടമകളും കടപ്പാടുകളും കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്നതും. ജാരസന്തതികൾ അവസാനം സമൂഹത്തിൽ ഒറ്റപ്പെടുന്നതു കാണാം. അതെല്ലാം ഈ ധാർമ്മികതയുടെ പരാജയം കൊണ്ട് ഉണ്ടാകുന്നതാണ്. ഈയിടെ പുറത്തുവന്ന ഒരു വാര്‍ത്ത ഇതോട് ചേർത്തു വായിക്കാനുളളതാണ്. അത് ഇങ്ങനെയാണ്: ലിവിംഗ് ടുഗതര്‍ സാമൂഹികവിഷയമായി മാറുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. ലിവിംഗ് ടുഗതറിനു ശേഷം ഉപേക്ഷിച്ചുകടക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ലാത്തതിനാല്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. അതിനായി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിടുന്നത് ഉചിതമായിരിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

കരുണയുള്ള അനുരാഗം

ഇമാം ഗസ്സാലി(റ) പറയുന്ന വിവാഹത്തിന്റെ ലക്ഷ്യങ്ങളിൽ മൂന്നാമത്തേത് മനസ്സമാധാനമാണ്. ഇത് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുളള ഒരു സത്യമാണ്. അവൻ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്' (റൂം 21). ഒരാണും പെണ്ണും സമൂഹത്തിന്റെ അറിവോടും അംഗീകാരത്തോടും പ്രാർത്ഥനയോടും ഒന്നിച്ചൊന്നായി മാറുന്ന പ്രക്രിയയാണ് വിവാഹം. രണ്ട് ജീവിതങ്ങള്‍ ചേര്‍ന്ന് ഒന്നായി മാറുന്ന മാസ്മരികവും വിസ്മയകരവുമായ പ്രക്രിയയാണത്. രണ്ടു മഹാ പ്രവാഹങ്ങള്‍ ചേര്‍ന്ന് ഒരു നദിയായി മാറുന്ന പോലെ രണ്ടുപേര്‍ ചേര്‍ന്ന് നയിക്കുന്ന ഒരൊറ്റ ജീവിതമായി മാറുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നത്. അത്തരത്തിൽ പരസ്പരം ലയിച്ചു ചേരുവാൻ വേണ്ട ഘടകങ്ങൾ കൊണ്ട് അല്ലാഹു കുടുംബത്തെ കടാക്ഷിക്കുന്നുണ്ട്. പ്രണയം, കാമം, ലൈംഗികത, ഇവ ദാനം ചെയ്യുന്ന കുഞ്ഞുങ്ങൾ തുടങ്ങിയവയെല്ലാം ദമ്പതിമാരെ വീണ്ടും വീണ്ടും അടുപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയുടെ സഹായത്താൽ രണ്ട് കാര്യങ്ങൾ ദമ്പതികളിൽ അല്ലാഹു നിക്ഷേപിക്കുന്നു. സ്നേഹവും കാരുണ്യവും. ഉദ്ധൃത സൂക്തത്തിൽ നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും നിറച്ചിരിക്കുന്നു എന്ന് ഒരനുഗ്രഹമായി അല്ലാഹു എടുത്തു പറയുന്നത് അതുകൊണ്ടാണ്.

സ്‌നേഹമെന്ന പദം പോലും സുന്ദരമാണ്. അത് കേള്‍ക്കുമ്പോഴേക്കും മനസ്സിൽ ഒരു കുളിർ പരക്കുന്നു. മനസ്സ് ഉണർന്നെണീക്കുകയും എല്ലാ അസ്വസ്ഥതകളെയും മറക്കുകയും ചെയ്യുന്നു. അത് മനസ്സിൽ തെളിയുമ്പോഴേക്കും ശരീരമാസകലം സുഖമുള്ള കോരിത്തരിപ്പുണ്ടാകുന്നു. സംസാരത്തിലൂടെ അത് കടന്നുപോകുമ്പോഴേക്കും മനസ്സിൽ കൗതുകം പൊട്ടി വിടരുന്നു. അത് കിട്ടാന്‍ കൊതിക്കാത്തവരില്ല. ജീവന്‍ നിലനിര്‍ത്താന്‍ ദാഹജലം അനിവാര്യമായ പോലെ സാമൂഹികബന്ധങ്ങള്‍ സ്ഥാപിതമാകാന്‍ സ്‌നേഹം കൂടിയേ തീരൂ. ഹൃദയകവാടങ്ങള്‍ തുറക്കാനുള്ള താക്കോലാണ് സ്‌നേഹം. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് അധീനപ്പെടുത്താനാവാത്തവരെ പോലും സ്‌നേഹപൂര്‍വമായ പെരുമാറ്റത്തിലൂടെ കീഴ്‌പ്പെടുത്താന്‍ കഴിയും. സ്‌നേഹം നല്‍കുന്നതിനനുസരിച്ച് കുറയുകയില്ല. കൂടുകയേ ഉള്ളൂ. കൊടുക്കുന്നതിലേറെ തിരിച്ചുകിട്ടും. അതോടെ കൂടുതല്‍ സ്‌നേഹം നല്‍കാന്‍ നിര്‍ബന്ധിതമാകും. ഫലമോ അതിരുകളും അറ്റവുമില്ലാത്ത ഒരു പൂവാടിയായി അതിവേഗം സ്‌നേഹം മാറും. രചനകളുടെയും ഇശലുകളുടെയും ഏറിയ പങ്കും കവർന്നെടുത്തത് സ്നേഹമാണ്. കരുണ എന്ന വികാരത്തിന്റെ കാര്യവും വിഭിന്നമല്ല. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയാണത്. മാനവ മനസ്സിന്റെ ഏറ്റവും വിശുദ്ധമായ വികാരവും അതുതന്നെ. അതില്ലാതാവുന്നതോടെ മനസ്സുകള്‍ മരുഭൂമിയായി മാറുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യനെ മനുഷ്യനാക്കുന്നത് അവനിലെ കാരുണ്യമാണ്. മനുഷ്യമനസ്സിന്റെ ഏറ്റം വിശിഷ്ടമായ ഈ സ്‌നേഹ-കാരുണ്യങ്ങളെ ദാമ്പത്യത്തിന്റെ അടിസ്ഥാനമായി അല്ലാഹു നിശ്ചയിച്ചിരിക്കുകയാന്ന്. അതോടെ മനുഷ്യമനസ്സ് സമാധാനം പ്രാപിക്കും എന്ന് ഇനി പ്രത്യേകം പറയാനില്ല.

ഇമാം ഗസ്സാലി(റ) പറയുന്ന നാലാമത്തെ ലക്ഷ്യം ഉത്തരവാദിത്വ വികേന്ദ്രീകരണമാണ്. കുടുംബ സംവിധാനത്തിലും നടത്തിപ്പിലും ദമ്പതിമാര്‍ക്കിടയില്‍ ഉത്തരവാദിത്വ വികേന്ദ്രീകരണം നടത്തുന്നതുകൊണ്ട് ഇരുവര്‍ക്കും ജീവിത മണ്ഡലങ്ങൾ കൂടുതല്‍ വ്യാപരിക്കാന്‍ കഴിയുന്നു. സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും ഈ അര്‍ഥത്തില്‍ പരസ്പരം സഹായികളാകുന്നു. മതപരവും ഭൗതികവുമായ ജീവിതത്തിനും പാരത്രിക വിജയത്തിനും സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും പരസ്പര സഹകാരികളാകുന്നു. ഈ ആശയം വിശുദ്ധ ഖുർആൻ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രങ്ങളാകുന്നു (അല്‍ബഖറ: 187). ദമ്പതികള്‍ തമ്മിലുള്ള ഇണ ജീവിതത്തിന്റെ മനോഹാരിതയെയും സുദൃഢതയെയും സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച ഉപമയാണ് ഏറെ ശ്രദ്ധേയം. അഞ്ച് മനോഹര തത്വങ്ങള്‍ ഈ ഉപമാലങ്കാരത്തില്‍ ഉള്‍ചേരുന്നുണ്ട്. ഒന്ന്, വസ്ത്രം ശരീരത്തിന് ചേര്‍ന്നതും യോജിച്ചതുമായിരിക്കണം. ഇതു പോലെ ദമ്പതികള്‍ക്ക് പരസ്പരം ആദര്‍ശപ്പൊരുത്തമുണ്ടായിരിക്കണം. രണ്ട്, വസ്ത്രം ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും അതു ധരിക്കുന്നവന് രക്ഷയേകണം. ദമ്പതികള്‍ പരസ്പരം ചൂടകറ്റുന്നവരും തണുപ്പകറ്റുന്നവരുമായി ജീവിക്കണം. മൂന്ന്, വസ്ത്രം നഗ്‌നത മറയ്ക്കാന്‍ സഹായകമാകണം. ദമ്പതികള്‍ പരസ്പരം ന്യൂനതകള്‍ പറയുന്നവരാകാതെ ന്യൂനതകള്‍ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കുന്നവരായി അന്തസ്സോടെ ജീവിക്കാന്‍ ശ്രമിക്കണം. നാല്, വസ്ത്രം അഴകും വ്യക്തിത്വവും നിര്‍ണ്ണയിക്കുന്നു. ദമ്പതികള്‍ പരസ്പരം നന്മകള്‍ പ്രകാശിപ്പിച്ച് ഇരുവരുടെയും ജീവിതം ആനന്ദകരമാക്കാന്‍ ശ്രമിക്കണം. അഞ്ച്, വസ്ത്രത്തില്‍ അഴുക്കായാല്‍ വസ്ത്രം മാറ്റുകയല്ല, വൃത്തിയാക്കി വീണ്ടും ധരിക്കുകയാണ് ചെയ്യുക. ഈ ദൗത്യങ്ങൾ പുലർത്തുമ്പോൾ മാത്രമേ ദാമ്പത്യം വിജയിക്കൂ എന്നുകൂടി സൂചിപ്പിക്കുകയാണ് അല്ലാഹു ഈ ഉപമയിലൂടെ. അല്ലാഹു വൈവാഹിക ജീവിതത്തെ കുറിച്ച് പറയുന്ന സ്നേഹം, കരുണ, പരസ്പരം വസ്ത്രങ്ങളാണ് എന്ന ആശയം എന്നിവ ഉൾക്കൊള്ളുമ്പോഴാണ് ദാമ്പത്യം നിലനിൽക്കുക. അതിൽ വീഴ്ച വന്നാൽ ദാമ്പത്യം തകരുക തന്നെ ചെയ്യും.

പൊട്ടിപ്പോകുന്ന താലിമാലകൾ

ചിലർ കരുതും, സമ്പത്തുണ്ടായാൽ സുന്ദരമായ കുടുംബ ജീവിതം നയിക്കാമെന്ന്. ഈ ധാരണ മൗഢ്യമാണ് എന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ ലോകത്തെ ഏറ്റവും വലിയ പണക്കാരൻ ആമസോണിന്റെ ഉടമ ജെഫ് ബെസോസിന്റെ കുടുംബ ജീവിതാനുഭവം അതിന് മികച്ച ഉദാഹരണമാണ്. ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. ദീർഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളറിന്റെ, എന്നുവെച്ചാൽ പത്ത് ലക്ഷം കോടി രൂപയിലേറെ ആസ്തിയുള്ള ധനികൻ. ആമസോണിന്റെ സി ഇ ഒ സ്ഥാനത്ത് നിന്ന് 2021 ലാണ് ബെസോസ് ഒഴിഞ്ഞത്. ഇപ്പോഴും കമ്പനിയിൽ പത്ത് ശതമാനം ഓഹരി ബെസോസിനുണ്ട്. ആഗോള തലത്തിൽ കേൾവികേട്ട മാധ്യമസ്ഥാപനം വാഷിങ്ടൺ പോസ്റ്റും സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനും ഇദ്ദേഹത്തിന്റേതാണ്. 1993-ലായിരുന്നു ബെസോസിന്റെ വിവാഹം. ഒരു ഡി. ഇ. ഷോയിൽ വച്ച് കണ്ടുമുട്ടിയ മക്കെൻസി ടട്ടിലിനെയാണ് ബെസോസ് വിവാഹം കഴിച്ചത്. പ്രധാനമായും ഒരു എഴുത്തുകാരിയാണ് മക്കെൻസി. 2006 ൽ അവരുടെ ഒരു നോവൽ അമേരിക്കൻ ബുക്ക് അവാർഡ് നേടിയിട്ടുണ്ട്. ബെസോസുമായുള്ള വിവാഹത്തിലൂടെ കോടീശ്വരിയായി തീർന്നിട്ടും ഭൗതിക പ്രപഞ്ചത്തിൽ ലഭ്യമായ എല്ലാ സാമ്പത്തിക ഐശ്വര്യങ്ങളും ഉണ്ടായിട്ടും അവരുടെ ദാമ്പത്യത്തിൽ മൂന്ന് മക്കൾ ഉണ്ടായിട്ടും ആ ബന്ധം ആടിയുലയുകയും തകരുകയും ചെയ്തു. 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 54 കാരനായ ജെഫ് ബെസോസും നോവിലിസ്റ്റായ ഭാര്യ 48 കാരി മെക്കൻസിയും വേർപിരിയുമ്പോൾ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹ മോചനമായി മാറി എന്നത് മറ്റൊരു വിഷയം. വാഷിങ്ങ്ടൺ സ്റ്റേറ്റിലെ വിവാഹ മോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ പിരിയുന്ന ദമ്പതികള്‍ക്ക് സ്വത്തുക്കളിൽ തുല്യ അവകാശമാണെന്നാണ് വ്യക്തമാക്കുന്നത്. വിവാഹത്തിനിടെ സമ്പാദിച്ച സ്വത്തുക്കളെല്ലാം ദമ്പതികൾ തുല്യമായി പങ്കിട്ടെടുക്കണമെന്നും നിയമം പറയുന്നു. ആമസോണിലെ 80 മില്യൺ ഷെയറുകളും സ്വന്തമായുള്ള ബെസോസിന് 137.1 ബില്ല്യൺ ഡോളറിന്റെ ആസ്തിയാണുണ്ടായിരുന്നത്. വിവാഹ മോചനം സാധ്യമാവുമ്പോൾ ഇതിലെ 66 ബില്യൺ ഡോളറിന്റെ (46,49,37,00,00,00 രൂപ) സ്വത്താണ് മെക്കൻസിക്ക് സ്വന്തമായത്. ഇവരുടെ പേരിലുള്ള നാലു ലക്ഷം ഏക്കർ സ്ഥലവും ഇപ്രകാരം ഭാഗിക്കപ്പെടുകയുണ്ടായി. ഇത്രയും വില നൽകേണ്ടി വരാൻ മാത്രം ഈ അതിസമ്പന്ന ദമ്പതികൾക്കിടയിൽ ഉണ്ടായ പ്രശ്നവും കൂട്ടത്തിൽ ആലോചനക്ക് വിഷയം തന്നെയാണ്.

അധികാരവും മേധാവിത്വവുമുണ്ടെങ്കിൽ കുടുംബ ജീവിതം ശാന്തമായി ഒഴുകും എന്നു പറയാനും വയ്യ. അതിന് പുതിയ കാലത്തെ ഉദാഹരണമാണ് ചാൾസ് രാജകുമാരന്റെയും (ഇപ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ) ഭാര്യ ഡയാനാ സ്പെൻസറുടെയും ജീവിതാനുഭവം. 1981 ജൂലൈ 29നായിരുന്നു ചാള്‍സിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്. രാജകുടുംബത്തിലെ ആ വിവാഹം ലോകശ്രദ്ധ നേടിയിരുന്നു. ഡയാനയുടെ വസ്ത്രം മുതൽ ആഭരണത്തിലും കേക്കിലും വരെ ആ വൈവിധ്യം ഉണ്ടായിരുന്നു. 40 വർഷം മുൻപുള്ള വിവാഹ ചടങ്ങിലെ കേക്കിൽ നിന്നും ഒരു കഷ്ണം ഈയടുത്ത് റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റുപോകുകയുണ്ടായി.1,850 പൗണ്ട് അഥവാ 1.90 ലക്ഷം രൂപയ്ക്കാണ് കേക്ക് വിറ്റുപോയത്. വെയിൽസിലെ രാജാകുമാരിയായി അവരോധിതയായ ഡയാന എല്ലാവരുടെയും സ്നേഹഭാജനമായിരുന്നു. അവർക്ക് രണ്ട് മക്കളും പിറന്നു. പക്ഷെ, ആ ദാമ്പത്യത്തിലും വിള്ളലുകൾ വീണു. ചാൾസുമായുള്ള ഡയാനയുടെ ദാമ്പത്യം പൊരുത്തക്കേടുകളും വിവാഹേതര ബന്ധങ്ങളും മൂലം തകർച്ചയുടെ വക്കിലായിരുന്നു. അവസാനം 1992-ൽ അവർ വേർപിരിഞ്ഞു, അവരുടെ ബന്ധം തകർന്നതിന് തൊട്ടുപിന്നാലെ 1996 ൽ ഓഗസ്റ്റ് 28 ന് അവർ വിവാഹമോചനം നേടി. പതിനൊന്ന് വര്‍ഷം മാത്രമായിരുന്നു ഡയാന-ചാള്‍സ്​ ദാമ്പത്യം നീണ്ടുനിന്നത്​.

വിദ്യാഭ്യാസത്തിനു മാത്രം ദാമ്പത്യ ബന്ധത്തെ സംരക്ഷിച്ചു നിറുത്തുവാൻ കഴിയുമെങ്കിൽ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ സ്‌റ്റീഫൻ ഹോക്കിംഗ്സിന്റെ കുടുംബം നിലനിൽക്കണമായിരുന്നു. 1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിങ് ഇരുപത്തി ഒന്നാം വയസ്സിൽ കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കൈകാലുകൾ തളർന്നു പോകുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. അവരുടെ വിവാഹം ഒരിക്കലും തകരില്ല എന്നാണ് എല്ലാവരും കരുതിയത്. കാരണം അത്രയും അർഥ സമ്പന്നമായിരുന്നു അത്. കാരണം സ്റ്റീഫന് കഠിനവും വിചിത്രവും മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതുമായ രോഗം ബാധിച്ചിരിക്കുന്നു എന്നറിഞ്ഞതിനു ശേഷമായിരുന്നു അവരുടെ പ്രണയവും വിവാഹവും. സ്റ്റീഫൻ അധിക കാലം ജീവിക്കില്ല എന്ന് ഡോക്ടർമാർ ജെയിനിനോട് പറഞ്ഞിരുന്നു. എന്നിട്ടും അതു തകർന്നു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി. ഖുർആനിക ചരിത്രത്തിലുടനീളം ഇത്തരം ഉദാഹരണങ്ങൾ കാണാം. ഫറോവയുടെയും ആസ്യാ ബീവിയുടെയും കുടുംബാനുഭവം കുറിക്കുന്നത് മറ്റൊന്നല്ല. അവരുടെ കുടുംബ നൗക ഒരു മനപ്പൊരുത്തവുമില്ലാതെയാണ് മുന്നോട്ട് പോയത്. ഇത്തരം അനുഭവങ്ങൾ പ്രവാചക കുടുംബങ്ങളിലുമുണ്ട്. അത്തരം രണ്ടനുഭവങ്ങൾ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. ഒന്ന് ലൂത്വ് നബിയുടേതാണ്. മറ്റൊന്ന് നൂഹ് നബിയുടേതും. ഖുർആൻ പറയുന്നു: 'സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍പ്പെട്ട സദ്‌വൃത്തരായ രണ്ടു പേരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്കൊഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു'. (66: 10)

ദാമ്പത്യ വിജയത്തിൻ്റെ രസതന്ത്രം

ഒരു ദാമ്പത്യത്തിന്റെ മാന്യവും ഹൃദയ പൂർണ്ണവുമായ നിലനിൽപ്പിന് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് മവദ്ദത്തും റഹ്മത്തും. അഥവാ സ്നേഹവും കാരുണ്യവും (30: 21). പണം, ശേഷികൾ, വിദ്യാഭ്യാസം, സാമൂഹ്യസ്ഥാനം തുടങ്ങിയവക്കൊന്നും നേടിത്തരാൻ കഴിയാത്ത ചിലത് സ്നേഹത്തിനും കാരുണ്യത്തിനും ദാമ്പത്യത്തിന് നേടിത്തരാൻ കഴിയും. കാരുണ്യ ചിന്ത എല്ലാവരിലുമുണ്ട്. സ്‌നേഹവും പങ്ക് വെക്കാറുണ്ട്. എന്നാല്‍ സ്‌നേഹ കാരുണ്യ വികാരങ്ങള്‍ ഒന്നു ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറുമ്പോൾ അതിന്റെ ശക്തി വിവരണാതീതമായി മാറുന്നു. ഇത് ബോധ്യമാകുവാൻ മറ്റു ചില ആമുഖങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ, മനുഷ്യന് സൃഷ്ടിപ്പിൽ തന്നെ നൈസർഗ്ഗികമായി ലഭിച്ച ചില പ്രത്യേകതകൾ ഉണ്ട്. പുരുഷന് പുരുഷത്വവും സ്ത്രീക്ക് സ്ത്രീത്വവുമാണത്. ഈ രണ്ട് സവിശേഷതകളും വെറും ജീവശാസ്ത്രപരമല്ല, മാനസികം കൂടിയാണ്. അവന്റെ ശരീരം താരതമ്യേന ബലിഷ്ഠമാണ്. അവന്റെ ശാരീരിക ശേഷികൾ കരുത്തുള്ളതാണ്. അത് അവന്റെ എല്ലാ ജീവിത വ്യാപാരങ്ങളിലും ശബ്ദത്തിൽ പോലും അത് പ്രകടവുമാണ്. പ്രശ്നങ്ങളെ നേരിടാനും ഭാരങ്ങളെ വഹിക്കാനും അവന് കൂടുതൽ കഴിവുണ്ട്. ഇതെല്ലാം അവന് ഒരു ആധിപത്യ സ്വഭാവം കൽപ്പിക്കുന്നു. എന്നാൽ സ്ത്രീയുടേത് ഇതിൽ നിന്ന് വിഭിന്നമാണ്. അവളുടെ ശരീരം ലോലവും ശേഷികൾ താരതമ്മ്യേന ദുർബലവും ശബ്ദം പോലും ബലം കുറഞ്ഞതുമാണ്. ആ ദുർബലതകളിൽ സൃഷ്ടാവ് ഒളിപ്പിച്ചുവെച്ച ആകർഷണത്വവും ഭംഗിയുമെല്ലാമാണ് അവളുടെ യഥാർഥ ശക്തി. അതിനാൽ അവൾക്ക് ചേരുന്നത് വിധേയത്വ സ്വഭാവമാണ്.

ഇങ്ങനെ തികച്ചും വിരുദ്ധമായ രണ്ട് സ്വഭാവങ്ങൾ ഉളളവരായതിനാൽ അവർ രണ്ട് പേരും വിവാഹത്തിലൂടെ ഒന്നാകുവാൻ തീരുമാനിക്കുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് വൈരുദ്ധ്യ സ്വഭാവങ്ങൾ തമ്മിൽ സമജ്ജസമായി കൂടിച്ചേരുവാൻ അവർക്കിടയിൽ ചില ഘടകങ്ങൾ ചേർത്തു കൊടുക്കേണ്ടതായി വരും. അതില്ലാതെ വന്നാൽ അവർ തമ്മിൽ ശരിയായി ചേരില്ല. പുരുഷന്റെ ആധിപത്യ സ്വഭാവത്തെ പാകപ്പെടുത്തിയെടുക്കുവാനും സ്ത്രീയുടെ വിധേയത്വത്തെ കുറച്ചു കൂടി ഗൗരവപ്പെടുത്താനും ഈ ഘടകം അനിവാര്യമാണ്. അവയാണ് വിശുദ്ധ ഖുർആൻ പറഞ്ഞ സ്നേഹവും കാരുണ്യവും. അവ ചേരുന്നതോടെ ആണിന്റെ മേധാവിത്വ സ്വഭാവത്തിന് ഒരു ഒതുക്കവും മാർദ്ദവത്വവും കൈവരും. അപ്പോൾ അവന്റെ ആധിപത്യ മനസ്ഥിതി ഒരു ഉത്തരവാദിത്വ ബോധമായി മാറും. സ്നേഹത്തിനും സഹാനുഭൂതിക്കും അവന്റെ മനസ്സിൽ ഇടമുണ്ടാകും. അതേ സമയം പെണ്ണിന്റെ വിധേയത്വ സ്വഭാവത്തിനാവട്ടെ, ഇവ ചേരുമ്പോൾ ഒരു തരം ഹൃദയതയും സുരക്ഷിതത്വ ബോധവും കൈവരും.



ഫെമിനിസത്തിൻ്റെ മറുപുറം

ഇസ്ലാമിൻ്റെ ഈ നിലപാടിനോട് ഭൗതിക ലോകം യോജിക്കുന്നില്ല. അവിടെ രണ്ടു ലിംഗത്തിലും വേറെ വേറെ അസ്ഥിത്വം ഉണ്ടാക്കിക്കൊടുക്കുവാനും ആ അസ്തിത്വത്തെ പരസ്പരം അവകാശവാദം ഉന്നയിക്കുവാനും പോരാടുവാനും വേണ്ടി ഉപയോഗപ്പെടുത്തുവാനുമുള്ള തത്രപ്പാടുകളാണ് നടക്കുന്നത്. ഉദാഹരണമായി സ്ത്രീയെ പുരുഷ സഹായിയാക്കിയതും അവന്റെ താല്‍പര്യങ്ങളില്‍ ജീവിക്കേണ്ടവളാണെന്ന് വരുത്തിയതും മതത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള പുരുഷ മേധാവിത്വമാണെന്നാണ് മൂലധന സാമൂഹ്യശാസ്ത്രമായ കമ്മ്യൂണിസം കുറ്റപ്പെടുത്തുന്നത്. അത് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ പുരുഷന്റെ നിഴലിന് പുറത്തേക്ക് അവളെ അത്തരം ദർശനങ്ങൾ വലിച്ചിടുന്നതോടെ അവൾ ശരിക്കും ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. കാരണം സരളമാണ്. പുരഷനിൽ നിന്ന് കുടഞ്ഞ് പുറത്ത് ചാടി സ്വയം ജീവിക്കാം എന്ന് മോഹിക്കുന്ന സ്ത്രീയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ന് ധാരാളം പേരുണ്ടാകും എന്നതിൽ തർക്കമില്ല. അതു പക്ഷെ അവൾ എതിർ ലിംഗത്തോട് തർക്കിക്കുകയും കലഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ അതുണ്ടാകൂ. അതേ സമയം തുടർ ജൈവപ്രക്രിയകളിൽ അവളുടെ മുമ്പിൽ പുതിയ പുതിയ ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരിക്കും. ഉദാഹരണമായി, അവളുടെ ജൈവത്വരയാണ് ഇണ ചേരുക എന്നത്. ഇതിന് അവൾ കമ്മ്യൂണിസത്തിന്റെയോ ഫെമിനിസത്തിന്റെയോ സ്വതന്ത്ര വാദത്തിന്റെയോ പിന്നാലെ പോയാൽ സമാന ചിന്താഗതിക്കാരെ ഒരു ബാധ്യതയുമില്ലാതെ ലഭിക്കും എന്നത് ഉറപ്പാണ്.

പക്ഷെ, അതു കഴിഞ്ഞാൽ ഒന്നുകിൽ അവൾ ഗർഭിണിയായേക്കാം. ഗർഭം വളരുന്നതിനനുസരിച്ച് അവൾക്ക് ബാഹ്യ സഹായം വേണ്ടിവരും. ഒരു വാശിക്ക് കുറച്ചു കാലമൊക്കെ തനിക്കാരുടെയും സഹായം വേണ്ട എന്നു പറഞ്ഞാൽ തന്നെയും പിന്നീടത് വേണ്ടിവരും. അപ്പോൾ ആരെങ്കിലുമൊക്കെ എന്തെങ്കിലും സഹായം ചെയ്തേക്കാം. എന്നാൽ ഹൃദയപൂർവ്വമായ ഒരാശ്വാസ വചനത്തിന് ഒരു പെണ്ണ് എന്ന നിലക്ക് അവളുടെ അന്തരംഗം കൊതിക്കാതിരിക്കില്ല. അത്തരമൊന്ന് കിട്ടണമെങ്കിൽ അതിന് സ്നേഹവും കാരുണ്യവും ഉളള ഒരു ഭർത്താവ് തന്നെ വേണം. ഇനി അവൾ ഗർഭം വേണ്ടെന്ന് വെക്കുന്നു എന്നിരിക്കട്ടെ, എങ്കിൽ അവൾക്ക് അവൾക്കിഷ്ടമില്ലെങ്കിലും പ്രായമാകുമല്ലോ. പ്രായമാകുമ്പോൾ തന്നെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിക്കുക തന്നെ ചെയ്യും. ഒരു വൃദ്ധയെ പരിചരിക്കാൻ നാസ്തിക ഭാവമുളള ഒരു സംഘവും തയ്യാറാവില്ല. കാരണം ഒരു അബലയെ സഹായിക്കുവാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം തനിക്കിത് ഒരു നൻമയായിത്തീരും എന്ന വിശ്വാസമാണ്. അത്തരം ഒരു വിശ്വാസമില്ലാത്ത ജനതക്കുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ച ഒരുത്തി ജീവിതത്തിൽ ഒരു സ്ത്രീക്ക് ഏറ്റവും വേണ്ടത് ഒട്ടും ലഭിക്കാതെ എങ്ങനെയെങ്കിലും ജീവൻ അടങ്ങേണ്ടിവരും. സ്തീക്ക് ഏറ്റവും പ്രധാനമായി വേണ്ടത് എന്താണ് എന്ന് ആലോചിച്ചിട്ടേയില്ലാത്ത ആൾക്കാരാണ് ഈ ഫെമിനിസ്റ്റ് വിപ്ലവങ്ങൾ നയിക്കുന്നത്. സത്യത്തിൽ കാരുണ്യമുള്ള സ്നേഹമാണ് ഏത് സ്ത്രീക്കും വേണ്ടത്. അത് കുട്ടിക്കാലത്ത് ആരിൽ നിന്നും എവിടെ നിന്നും കിട്ടും. പക്ഷെ ഒന്നു മുതിർന്നാൽ അത് കിട്ടണമെങ്കിൽ മണിയറയിൽ വെച്ച് സ്വന്തം ഭർത്താവിൽ നിന്നു തന്നെ കിട്ടണം. ഇതു കിട്ടാൻ സൃഷ്ടാവ് സംവിധാനിച്ചിരിക്കുന്ന മാർഗ്ഗമാണ് വിവാഹം.

ടുഗെതർ ആയി ജീവിച്ചാൽ പോരെ?

പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ ദാഹങ്ങളുടെ ഭാഗമായി സമൂഹത്തിലേക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് ലിവിംഗ് ടുഗെതർ. ഇഷ്ടപ്പെട്ട ആണും പെണ്ണും ഒരു സാമൂഹ്യ ഇടപെടലും ഇല്ലാതെയും ഉണ്ടെങ്കിൽ അത് പരിഗണിക്കാതെയും ഒന്നിച്ച് ജീവിക്കുന്നതിനെയാണ് ലിവിംഗ് ടുഗെതർ എന്ന് പറയുന്നത്. ഇത് വ്യാപകമായി വരുന്നതായി വാർത്തകളും കണക്കുകളും സൂചിപ്പിക്കുന്നു. അതിന് പല കാരണങ്ങളുമുണ്ട്. ഈ താൽപര്യവുമായി നടക്കുന്നവരെയും അതിനുവേണ്ടി വാദിക്കുന്നവരെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ തന്നെ ആ കാരണങ്ങൾ ബോധ്യപ്പെടും. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ലൈംഗിക ലാഭം തന്നെയാണ്. ഒരു വിവാഹത്തിന് വേണ്ട ചിലവുകൾ ഒന്നും നൽകാതെ ഇഷ്ടപ്പെട്ട പെണ്ണിനെ ലൈംഗികതക്ക് കിട്ടുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മാത്രമല്ല, ഒരു ബാധ്യതയും ഒട്ടും ഇല്ല. ഒരു പക്ഷെ, ഭക്ഷണമോ ഡ്രസ്സോ കൊടുക്കേണ്ടി വന്നാൽ തന്നെ അത് കാമശമനത്തിനു വേണ്ടി ഒരു വേശ്യയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന അത്രയൊക്കെയേ വരൂ. മാത്രമല്ല, വിവാഹമാകുമ്പോൾ അതിൽ ഉണ്ടാകുന്ന കുട്ടിയുടെ രക്ഷാകർതൃത്വം ഒരു ഭാരമാണ്. മാത്രമല്ല, കാലം നീങ്ങുമ്പോഴോ പ്രസവത്തിന് ശേഷമോ ഈ കാമിനിയോടുള്ള താൽപര്യം ഇറങ്ങുമ്പോൾ വെറുതെ കയ്യും കാലും കഴുകിയങ്ങ് കൂളായി പോകുകയും ചെയ്യാം. ആരും ചോദിക്കില്ല.ഈ ബന്ധത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളുടെ ഭാരം കൂട്ടത്തിൽ പെണ്ണിൻ്റെ ചുമലിൽ കിടക്കും. അവൾ ആണല്ലോ കൂട്ടത്തിൽ ദുർബല.

ചിലർ ഇതിനെ ന്യായീകരിക്കുന്നത് പാശ്ചാത്യൻ സംസ്കാരം എന്ന നിലക്കാണ്. പാശ്ചാത്യന്‍ നാടുകളില്‍ കോളേജ് പഠനകാലത്തുതന്നെ വിദ്യാഥി-വിദ്യാര്‍ഥിനികള്‍ ഒന്നിച്ച് പൊറുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഹൈസ്‌ക്കൂള്‍ പഠനകാലത്തുതന്നെ അത്തരം ബന്ധങ്ങള്‍ അവര്‍ ആരംഭിക്കും. തന്റെ മകന് ഗേള്‍ഫ്രണ്ടില്ലെന്നറിഞ്ഞാല്‍, മകള്‍ക്ക് ബോയ്ഫ്രണ്ടില്ലെന്നറിഞ്ഞാല്‍ ഇവനെന്തോ/ഇവള്‍ക്കെന്തോ തകരാറുണ്ടെന്ന് ചിന്തിച്ച് സൈക്ക്യാട്രിസ്റ്റിനെ കാണിക്കുന്ന ഏര്‍പ്പാടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ, ചിന്താശക്തിയില്ലാത്ത ഇത്തരക്കാർ അങ്ങനെ അവിടെയുണ്ട് എന്നേ കേട്ടിട്ടുള്ളൂ. അതുണ്ടാക്കുന്ന അനർഥങ്ങൾ അവർ കണ്ടിട്ടില്ല. വിദ്യാലയങ്ങളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും ഇങ്ങനെ സഹവസിച്ചുണ്ടാകുന്ന ബന്ധങ്ങളില്‍ പിറക്കുന്ന മക്കളുടെ വര്‍ധനവ് അമേരിക്കയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധിയാണെന്നാണ് കണക്കുകൾ. ഫാദര്‍ലസ്സ് അമേരിക്ക എന്നത് അവിടെ ഒരു ശീർഷകമാണ് ഇപ്പോൾ. ഇത്തരം തന്തയില്ലാത്ത മക്കളാണ് അവിടെ ഏറ്റവും വലിയ സാമൂഹ്യ ഭീഷണി എന്ന് പഠനങ്ങള്‍ പറയുന്നു. കാമം തലക്കുപിടിച്ചതിനാൽ ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ ചിന്തിക്കുന്നില്ല എങ്കിലും ചിന്തിക്കുന്നവർക്ക് ഈ വിഷയത്തിൽ കണ്ടെത്താൻ പലതുമുണ്ട്. അവയിൽ ഒന്നാണ് മൂല്യങ്ങളെ തകര്‍ക്കുക എന്ന അജണ്ട. അത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണ്. മതങ്ങളാണ് മനുഷ്യരെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. അതിന്നവക്ക് പ്രേരണ നല്‍കുന്നത് മൂല്യങ്ങളാണ്. അപ്പോള്‍ ആ മൂല്യങ്ങളെ എങ്ങനെയെങ്കിലും നശിപ്പിക്കണം. മൂല്യങ്ങള്‍ നശിച്ച കുടുംബത്തിലെ അംഗങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ജീവിക്കും. ആ നിയന്ത്രണമില്ലായ്മയാണ് ആധുനിക ലോകത്തെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടത്. അവരുടെ ആ തന്ത്രം പാശ്ചാത്യലോകത്ത് നേരത്തെ തന്നെ നടപ്പായി. അവിടെ ആര്‍ക്കും ആരുമായും ഒന്നിച്ചു ജീവിക്കാം. ഇഷ്മില്ലെങ്കില്‍ പരിയാം. മറ്റൊരാളെ തേടാം. ഒരാളിരിക്കെ തന്നെ മറ്റൊരാളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് വരെ തടസ്സമൊന്നുമില്ല. കുട്ടി ഉണ്ടായാൽ അതൊരു തലവേദനയേ അല്ല അവർ അവരുടെ ലോകത്ത് എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും.

വനിതാ കമ്മീഷൻ പോലുളള ഔദ്യോഗിക സാമൂഹ്യ സംവിധാനങ്ങളാണ് ഇവിടെ ശരിക്കും വെള്ളം കുടിക്കുന്നത്. അവർ മനസ്സു കൊണ്ട് ലിവിംഗ് ടുഗെതറിനൊപ്പമാണ്. ഇല്ലെങ്കിൽ മതങ്ങൾക്കും ദർശനങ്ങൾക്കും അപ്രമാദിത്വം കൈവരും എന്നവർ ഭയപ്പെടുന്നു. അതേസമയം ഇത്തരം രംഗങ്ങളിൽ ഉള്ളവരെല്ലാം മതത്തിനെതിരാണ് എന്ന് ഇത് അർത്ഥമാക്കുന്നില്ല. മതം ഒരു പേരു മാത്രമായി നിലനിൽക്കുന്നതിൽ ആണ് എല്ലാവർക്കും താല്പര്യം. ഇതിനെ ഇസ്ലാമിൽ തന്നെ ഏറെ ഉദാഹരണമുണ്ട്. നിസ്കരിക്കും അതോടൊപ്പം സകല മൂർത്തികളെയും സമീപിക്കും, സക്കാത്ത് കൊടുക്കും അതോടൊപ്പം പച്ചയായ ചൂഷണങ്ങൾ നടത്തും, ഹലാലിനെ കുറിച്ച് വാചാലനാകും പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യും തുടങ്ങിയ കാഴ്ചകൾ പുതിയ സമുദായത്തിന് അകലെയും അന്യവുമല്ലല്ലോ. മനസ്സാ ലിവിംഗ് ടുഗെതറടക്കം സാമൂഹ്യ പരിഷ്കാരങ്ങളെ വലിയ ഗുരുതരമല്ലാതെ കാണുന്ന നമ്മുടെ വനിതാ കമ്മീഷൻ ഇതുവഴി സ്ത്രീകൾ അകപ്പെടുന്ന ദുരിതങ്ങളെ കണ്ടില്ലെന്ന് നടിക്കുവാൻ കഴിയാത്ത ദുരവസ്ഥയിലാണ്. സ്വന്തം ഇഷ്ടപ്രകാരം ദമ്പതികളാണെന്ന് ഭാവനയില്‍ കാണുന്നു എന്നല്ലാതെ, നിയമപരമായി അത് തെളിയിക്കാന്‍ ഒരു രേഖയുമില്ല എന്നതിനാൽ ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ വഴിയാധാരമാവുകയാണ്. അതിനാൽ ഇപ്രകാരം ഒന്നിച്ചു ജീവിക്കുന്നവര്‍ നിയമപരമായ പ്രാബല്യം ലഭിക്കാന്‍ വേണ്ടി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യണം എന്നാണ് വനിതാ കമ്മീഷന്റെ ദയനീയമായ പരിവേദനവും നിര്‍ദേശവും.

ഇവിടെ ചേർത്തു വായിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. അത് ഇക്കാലത്തെ ഒരു പൊതുവായ കാര്യമാണ്. അഥവാ ഏത് അനാശ്വാസകരമായ കാര്യങ്ങൾക്കും വളം വെക്കുന്നത് നാട് ഭരിക്കുന്ന ഭരണകൂടം തന്നെയാണ് എന്നതാണത്. കാരണം, വഴിവിട്ട ലൈംഗികബന്ധങ്ങള്‍ക്ക് ഇന്ത്യയിലെ പരമോന്നത നീതിപീഠം തന്നെ വഴി വെട്ടിത്തെളിച്ചു കൊടുത്തിരിക്കുകയാണ്. വ്യഭിചാരം കുറ്റകരമാണെന്ന ഐ.പി.സി 497-ാം വകുപ്പ് 2018 സെപ്തംമ്പര്‍ 27ന് റദ്ദാക്കി. അന്യപുരുഷനുമായുള്ള ഭാര്യയുടെ ലൈംഗികബന്ധം ശിക്ഷാര്‍ഹമാണെന്ന 158 വര്‍ഷം പഴക്കമുള്ള നിയമമാണ് ഉന്നത നീതിപീഠം റദ്ദാക്കിയിരിക്കുന്നത്. അതുപോലെ സ്വവര്‍ഗരതി കുറ്റകരമാണെന്ന (377ാം വകുപ്പ്) നിയമവും 2018 സെപ്തംബര്‍ 6ന് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ മലയാളിയായ ജോസഫ് ഷൈൻ 2020 ൽ റിവ്യൂ ഹരജി നൽകി എങ്കിലും കാര്യമുണ്ടായില്ല. 2018 ൽ വിധിപറഞ്ഞ ജ. ദീപക് മിശ്രക്ക് പകരം ജ. ബോബ്ഡെയായിരുന്നു ഈ കേസിൽ ഹാജരായ അഡ്വ. കാളീശ്വരം രാജിനെ കേട്ടതെങ്കിലും ഹർജി സുപ്രിം കോടതി തള്ളുകയാണ് ഉണ്ടായത്. ഇപ്പോൾ ഇന്ത്യയിൽ വ്യഭിചാരം ഒരു കുറ്റമല്ല എന്നതാണ് വസ്തുത. ഒരു നൂറ്റാണ്ടിലധികം അതൊരു കുറ്റമായി ഗണിച്ചിരുന്നതാണ് കോടതി വെട്ടിയത്.

അങ്ങനെയല്ല, കുടുംബാസൂത്രണം

സാമൂഹ്യ ക്ഷേമം, കുടുംബ ക്ഷേമം എന്നീ ആശയങ്ങൾ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിനായി ആശയങ്ങളും മാര്‍ഗങ്ങളും ആരായുകയും നടപ്പിലാക്കുകയും ചെയ്യുന്ന തത്രപ്പാടിലാണ് ലോകം. ഇവർ വരയ്ക്കുന്ന ക്ഷേമ സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്നത് ജനസംഖ്യയിലെ വർദ്ധനവാണ്. അതിനാൽ ജനസംഖ്യ വർദ്ധനവ് ശക്തമായും നിയന്ത്രിക്കണം എന്ന വാദം ഏതാണ്ട് എല്ലാ രാജ്യങ്ങളും ഉയർത്തുന്നുണ്ട്. സത്യത്തിൽ ആ വിഷയത്തെക്കുറിച്ച് പഠിച്ച് കൃത്യമായ ഒരു പരിഹാരം എന്ന നിലക്ക് കണ്ടെത്തിയതൊന്നുമല്ല ജനനം നിയന്ത്രിച്ചു കൊണ്ടുള്ള കുടുംബാസൂത്രണം. ഒട്ടും പഠിക്കാതെ തികച്ചും അശാസ്ത്രീയമായി മുന്നോട്ടു വെക്കപ്പെട്ട ഒരാശയമാണ് ജനനം നിയന്ത്രിച്ചു കൊണ്ടുള്ള കുടുംബാസൂത്രണം. പ്രസ്തുത അമളി ഇനിയും ശാസ്ത്രലോകം തുറന്നു സമ്മതിച്ചിട്ടില്ല എങ്കിലും അവരുടെ ചുറ്റുപാടും തന്നെ അനുദിനം പ്രകടമായി കൊണ്ടിരിക്കുന്ന അനുഭവങ്ങളും കണക്കുകളും അവരെ തുറിച്ചു നോക്കുന്നുണ്ട്. ഇത് സ്ഥാപിക്കാൻ ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ സ്വന്തം രാജ്യം തന്നെയാണ്. ലോകത്ത് ആദ്യമായി കുടുംബാസൂത്രണ പദ്ധതി ആരംഭിച്ച രാജ്യമാണ് ഇന്ത്യ. 1951 തന്നെ നാം അത് തുടങ്ങിവച്ചു. അതിൻ്റെ പ്രചരണത്തിനും നടത്തിപ്പിനും നമ്മുടെ ഖജനാവിന്റെ നല്ലൊരു നീക്കിയിരിപ്പ് നീക്കിവെക്കുകയും ചെയ്തു. ജനസംഖ്യ നിയന്ത്രിക്കാൻ ഗവൺമെൻ്റ് എല്ലാ ശ്രമങ്ങളും നടത്തി. എന്നിട്ടും ജനസംഖ്യാ വിദഗ്ധനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഏറ്റവും നിശിത വിമർശകനുമായ ആശിഷ് ബോസ് പറയുന്നത്: 'സർക്കാർ അവകാശപ്പെടുന്ന വിജയം യഥാർത്ഥത്തിൽ അതിൻ്റെ ചെലവുകളുടെ പുരോഗതി മാത്രമാണ് കാണിക്കുന്നത്. ഫലത്തിൽ അതു പ്രകടമല്ല' എന്നാണ്.(ഇന്ത്യാ റ്റുഡേ / നവംബർ 19, 2013)

ഇക്കാര്യത്തിൽ നല്ല ഒരു പഠനം തന്നെ നടത്തുവാൻ ഇന്ത്യയിൽ ഒരു സാഹചര്യം ഉരിത്തിരിഞ്ഞു വന്നു. മുസ്ലിം ജനസംഖ്യ അപകടകരമായി വളരുന്നു എന്നും ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ ജനസമൂഹമായി മുസ്ലിങ്ങൾ മാറും എന്നും ഏതോ വിവരമില്ലാത്ത സംഗി തട്ടിവിട്ടതിനെ തുടർന്നാണ് ഈ പഠനത്തിൻ്റെ സാഹചര്യം ഒരുങ്ങിയത്. ഇതിൻ്റെ വെളിച്ചത്തിൽ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് വൈ ഖുറൈഷി ഒരു വിശദമായ പഠനം നടത്തുകയും ‘ദി പോപ്പുലേഷൻ മിത്ത്: ഇസ്ലാം, ഫാമിലി പ്ലാനിംഗ് ആൻഡ് പൊളിറ്റിക്സ് ഇൻ ഇന്ത്യ’ എന്ന പേരിൽ അദ്ദേഹം തൻറെ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി. അതിൽ അദ്ദേഹം ഈ ആരോപണത്തിന് വിവിധ വശങ്ങളിലൂടെ വ്യക്തമായ മറുപടി പറയുന്നുണ്ട്. കണക്കുകൾ പരിശോധിച്ചാൽ 45.3 ശതമാനം മുസ്ലീങ്ങളാണ് കുടുംബാസൂത്രണം സ്വീകരിക്കുന്നത് എന്ന് സലക്ഷ്യം സ്ഥാപിക്കുന്ന അദ്ദേഹം ഹിന്ദു വിഭാഗത്തിലുള്ളവരിൽ 54.4 ശതമാനമാണ് കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നത് എന്നും സ്ഥാപിക്കുന്നു. പക്ഷേ കണക്കുകൾ അങ്ങനെയല്ലല്ലോ എന്ന് ആശങ്കപ്പെടുന്നവർ ഉണ്ടാകാം. അതിനുത്തരമായി 1951ലെയും 2011ലെയും ജനസംഖ്യാ കണക്കുകളാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. 1951 ലെ 9.8 ശതമാനത്തിൽ നിന്ന് 2011 ൽ 14.2 ശതമാനമായി മുസ്ലീം ജനസംഖ്യ രാജ്യത്ത് വർദ്ധിച്ചപ്പോൾ ഹിന്ദുക്കളുടെ എണ്ണം 84.2 ശതമാനത്തിൽ നിന്ന് 79.8 ശതമാനമായി കുറഞ്ഞു. എന്നാൽ കേവലം 4.4 ശതമാനം വർദ്ധനവ് ഉണ്ടാവാൻ അറുപത് വർഷമാണ് എടുത്തത്. മുസ്ലീങ്ങൾ ഹിന്ദുക്കളേക്കാൾ വേഗത്തിൽ കുടുംബാസൂത്രണം സ്വീകരിക്കുന്നുവെന്നും എസ് വൈ ഖുറൈഷി അവകാശപ്പെടുന്നുണ്ട്. കുടുംബാസൂത്രണം എന്ന പേരിലുള്ള സന്താനനിയന്ത്രണത്തിന് ഫലപ്രാപ്തിയില്ല എന്നതിൻ്റെ മറ്റൊരു ഉദാഹരണമാണ് നിർബന്ധിത കുടുംബാസൂത്രണത്തെ എതിർക്കുന്നുവെന്നും എത്ര മക്കൾ വേണമെന്നും ഏതു കുടുംബാസൂത്രണ മാർഗം വേണമെന്നും തീരുമാനിക്കേണ്ടതു വ്യക്തികളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. (മനോരമ / ഡിസംബർ / 13 2020)

കുടുംബാസൂത്രണത്തെ ലോകാരോഗ്യ സംഘടന (WHO) വിശാലമായി നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'ആളുകൾക്ക് അവരുടെ ആവശ്യമുള്ള എണ്ണം കുട്ടികളെ നേടാനും അവരുടെ ഗർഭത്തിൻ്റെ ഇടവേള നിർണ്ണയിക്കാനും അനുവദിക്കുന്ന പ്രക്രിയയാണ് വന്ധ്യതയുടെ ചികിത്സ' (https://www.sciencedirect.com/topics/medicine-and-dentistry/family-planning). സാമൂഹ്യ ക്ഷേമത്തിന്റെ കഥയോ അതിനു വേണ്ടി ജനനം നിയന്ത്രിക്കുന്ന കഥയോ ഒന്നും ഈ നിർവചനത്തിന്റെ പരിധിയിൽ വരുന്നില്ല. നമ്മുടെ രാജ്യത്താണ് കുടുംബാസൂത്രണം കാര്യക്ഷമമായി നടന്നിട്ടുള്ളത് എന്നാണ് കരുതപ്പെടുന്നത്. അതിന്റെ ഫലം എന്തായിരുന്നു എന്നത് ഈ പഠനത്തിൽ പ്രധാനമാണ്. കുടുംബാസൂത്രണ നടപടികളുടെ അനന്തരഫലം എന്നോണം ജനസംഖ്യയിൽ കടുത്ത അസന്തുലിത അവസ്ഥയാണ് ഉണ്ടായത്. 2011 ലെ സെന്‍സസ് പ്രകാരം ആറു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്ന തോതിലാണ് ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം. 2001 ലെ സെന്‍സസ് പ്രകാരം ഇത് 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലായിരുന്നു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ലിംഗ അസന്തുലിതാവസ്ഥയാണ് 2011 ലേത്. ഓരോ വര്‍ഷവും ഇത് വര്‍ധിക്കുന്നുവെന്ന് സാരം. ഇവിടെ സന്താനങ്ങളെ നിയന്ത്രിക്കാനുള്ള മനുഷ്യന്റെ ത്വരയെ സൃഷ്ടാവായ അല്ലാഹു നേരിടുന്നത് അവന്റെ ലോകത്തിൻ്റെ ലിംഗപരമായ സന്തുലിതത്വം അവതാളപ്പെടുത്തിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലുള്ള രാജ്യമാണ് ചൈന. 2012 ലെ കണക്കു പ്രകാരം 1170 ആണ്‍കുട്ടികള്‍ക്ക് 1000 പെണ്‍കുട്ടികള്‍ എന്ന ജനസംഖ്യാനുപാതികമാണ് ചൈനയിലേത്. ചൈനയില്‍ ‘ഒരു കുട്ടി’ എന്ന നയം നടപ്പാക്കിയതിന്റെ ദുരന്തമാണിത് എന്നത് വ്യക്തമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയ ചൈനീസ് ഭരണകൂടം ഈ നിയമത്തില്‍ ചില ഇളവുകള്‍ വരുത്താന്‍ തയ്യാറായിട്ടുണ്ട്.

ഇസ്ലാം പക്ഷേ ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നു. സന്താനങ്ങളുടെ ജനനം മുടക്കി കൊണ്ടല്ല ക്ഷേമത്തെ ആസൂത്രണം ചെയ്യേണ്ടത്, മറിച്ച്, പ്രകൃതി വിഭവങ്ങളെയും മാനുഷിക വിഭവങ്ങളെയും ക്രമപ്രവൃദ്ധമായി വളർത്തുകയും ദൈവ താല്പര്യങ്ങൾക്ക് വിധേയമായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന പക്ഷം ഈ പ്രപഞ്ചത്തിന് തന്നെ അതിൽ ജനിക്കുവാൻ വിധിക്കപ്പെട്ട എല്ലാവർക്കും വേണ്ട വ്യാസമുണ്ട് എന്നാണ് ഇസ്ലാം സമർത്ഥിക്കുന്നത്. അല്ലാഹു പറയുന്നു: 'ദാരിദ്ര്യം കാരണമായി നിങ്ങളുടെ സന്താനങ്ങളെ വധിക്കരുത്. നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്' (വി.ഖു 6/151). നബി(സ്വ) പറയുന്നു: 'ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ വധിക്കരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരെ വധിക്കുന്നത് മഹാപാതകമത്രെ' (വി.ഖു 17/31). ഇസ്ലാം കർമ്മ ശാസ്ത്രത്തിലൂടെ അത് നിയമമാക്കുകയും ചെയ്തു. ഇമാം ഖുര്‍തുബി(റ) പറയുന്നു: 'ബീജാസൂത്രണം വിലക്കപ്പെട്ടതാണെന്നതിന് ഈ സൂക്തം തെളിവായി അവലംബിക്കാം. കാരണം ജീവനോടെ കുഴിച്ചുമൂടുന്നത് ഉണ്ടായ ശിശുവിനെ നിഷ്കാസനം ചെയ്യലാണെങ്കില്‍ ബീജാസൂത്രണം വഴി ഉല്‍പാദനത്തിന്റെ അടിസ്ഥാനം തന്നെ തടഞ്ഞുവെക്കുകയാണ്. അപ്പോള്‍ തത്ത്വത്തില്‍ രണ്ടും ഒരു പോലെയാണ്. ഉണ്ടായതിന് ശേഷം കൊല്ലുന്നത് കൂടുതല്‍ കുറ്റകരവും നീചനീകൃത്യവുമാണെന്ന് മാത്രം' (ഖുര്‍തുബി 7/87). 0

thdarimi.in