TH Darimi

അമാനത്താണ് ആദർശം

അമാനത്താണ് ആദർശം

29-10-2024
Share this Article

image

മുഹമ്മദ് തയ്യിൽ

ആദർശം എന്ന മലയാള ശബ്ദത്തിന് പല അർത്ഥങ്ങളും നിഘണ്ടുകൾ കല്പിക്കുന്നുണ്ട്. അവയിൽ നിന്ന് നമ്മുടെ ശീർഷകത്തിന് ചുവട്ടിലെ ചർച്ചയിലേക്ക് എടുക്കാവുന്ന അർത്ഥം 'ഭാവനയിലോ സങ്കൽപത്തിലോ ഉള്ള ഏറ്റവും ഉത്കൃഷ്ടമായ രൂപം' എന്നതായിരിക്കും എന്നു തോന്നുന്നു. ഉത്കൃഷ്ടം എന്നതിൻ്റെ അർത്ഥമാണെങ്കിൽ ആകർഷണീയം, ശ്രേഷ്ഠം, മേന്മയുള്ളത് തുടങ്ങിയവ ആണ്. എല്ലാം കൂടിച്ചേരുമ്പോൾ നമ്മുടെ ചർച്ചയിൽ ആദർശം എന്നതിൻ്റെ അർത്ഥം ഏതു മനുഷ്യനെയും ആകർഷിക്കാൻ കഴിവുള്ള രൂപം എന്നായിത്തീരുന്നു. ആ രൂപം പ്രതിഫലിക്കുന്നത് വാക്കിലോ പ്രവർത്തിയിലോ സമീപനത്തിലോ വേഷത്തിലോ വികാരവിചാരങ്ങളിലോ ഒക്കെയാവാം. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും എല്ലാ ചലനങ്ങളെയും ഉൾക്കൊള്ളുന്നതാവണമെങ്കിൽ അത് ഒരു സമ്പൂർണ്ണ മതത്തിൻ്റേത് തന്നെയായിരിക്കണം. സമ്പൂർണ്ണ മതം എന്ന് പറയുമ്പോൾ മതങ്ങളെല്ലാം സമ്പൂർണ്ണം തന്നെയല്ലേ എന്ന ഒരു സന്ദേശം ഉയരുവാൻ സാധ്യതയുണ്ട്. മതങ്ങൾ രണ്ടു വിധത്തിൽ ഉണ്ട്. ഒന്ന്, കൃത്യമായ അടിത്തറയും വിശദമായ കാഴ്ചപ്പാടും ഇല്ലാത്ത കേവല ആൾക്കൂട്ടങ്ങൾ. ഏതോ ഒരു സിദ്ധാന്തത്തിൽ നിന്നോ പ്രവാചകനിൽ നിന്നോ പുണ്യപുരുഷനിൽ നിന്നോ ഒക്കെ ഉൽഭവിച്ച ഒരു ചിന്തയോ ഒരു ആത്മീയ അനുഭവമോ പിൽക്കാലത്ത് ഒരു മതമായി വളർന്നുവന്നതാവാം. അത്തരം മതങ്ങളിൽ ആരാധനകളും അനുഷ്ഠാനങ്ങളും കഥകളും മറ്റും ഉണ്ടാകാം. പക്ഷേ, കാലാകാലങ്ങളിൽ മനുഷ്യൻ്റെ വികാസത്തിനും വളർച്ചക്കുമനുസരിച്ച് ഉത്ഭൂതമാകുന്ന ചോദ്യങ്ങൾക്ക് അവയുടെ കയ്യിൽ ഉത്തരം ഉണ്ടാകില്ല. 'അത് അങ്ങനെയാണ്' എന്നോ 'ഇങ്ങനെയാണ് ഞങ്ങളുടെ പ്രപിതാക്കൾ ചെയ്യുന്നതായി കണ്ടത്' എന്നോ ഒക്കെയുള്ള ഉത്തരങ്ങൾ മാത്രമായിരിക്കും ഏതു ചോദ്യത്തിനും അവക്ക് ഉണ്ടായിരിക്കുക. സംഗതിവശാൽ ഇസ്ലാമേതര മതങ്ങൾ ഒക്കെ ഈ അർത്ഥത്തിൽ മാത്രമേ വരുന്നുള്ളൂ. അത് മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയാണ് എന്ന് കരുതേണ്ടതില്ല. കാരണം ഇസ്ലാമിനെ പോലെ എല്ലാ ചോദ്യങ്ങളുടെയും മുമ്പിൽ ഉത്തരവുമായി എഴുന്നേൽക്കുവാൻ മറ്റുള്ള മതങ്ങൾക്ക് കഴിയുന്നില്ല. രണ്ടാമത്തേത് ഇസ്ലാം ആണ് അതായത് കൃത്യമായ അടിത്തറയും വ്യക്തമായ വിശദീകരണങ്ങളും ഉള്ള ഇസ്ലാമിക ആദർശം.

ഇസ്ലാം സത്യത്തിൻ്റെ മതമാണ്. മനുഷ്യരാശിയുടെ മാർഗദർശനത്തിനായി പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവും നാഥനുമായ അല്ലാഹു വെളിപ്പെടുത്തിയ ജീവിതസംഹിതയുടെ മൂർത്തീഭാവമാണത്. മനുഷ്യജീവിതത്തിൻ്റെ ശരിയായ വികാസത്തിന്, മനുഷ്യന് രണ്ട് ഘടകങ്ങൾ ആവശ്യമാണ്. ഒന്നാമതായി, ജീവിതം നിലനിർത്തുന്നതിനും വ്യക്തിയുടെയും സമൂഹത്തിൻ്റെയും ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള വിഭവങ്ങൾ. രണ്ടാമതായി, വ്യക്തിയുടെയും സാമൂഹിക പെരുമാറ്റത്തിൻ്റെയും തത്വങ്ങളെക്കുറിച്ചുള്ള അറിവ്. അതുവഴി മനുഷ്യജീവിതത്തിൽ നീതിയും സമാധാനവും നിലനിർത്തുകയും ചെയ്യുവാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തേണ്ടത്. അല്ലാഹു ഇവ രണ്ടും പൂർണ്ണമായി നൽകിയിട്ടുണ്ട്. മനുഷ്യൻ്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, അവൻ പ്രകൃതിയുടെ എല്ലാ വിഭവങ്ങളും അവൻ്റെ കയ്യെത്താവുന്ന ദൂരത്ത് സംവിധാനിച്ച് വെച്ചിരിക്കുന്നു. അവൻ്റെ ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, അവൻ തൻ്റെ പ്രവാചകന്മാരെ മനുഷ്യരിൽ നിന്ന് നിയോഗിക്കുകയും മനുഷ്യനെ ശരിയായ പാതയിലേക്ക് നയിക്കാൻ കഴിയുന്ന ജീവിത ചട്ടം അവർക്ക് സമയാസമയം എത്തിച്ചു കൊടുക്കുകയും ചെയ്തു. സമർപ്പണം, കീഴടങ്ങൽ, അനുസരണം എന്നിവയെ സൂചിപ്പിക്കുന്ന ഒരു അറബി പദമാണ് ഇസ്ലാം. ഒരു മതമെന്ന നിലയിൽ, ഇസ്‌ലാം അല്ലാഹുവിനോടുള്ള സമ്പൂർണ്ണ സമർപ്പണത്തിനും വിധേയത്വത്തിനും വേണ്ടി നിലകൊള്ളുന്നു - അതുകൊണ്ടാണ് അതിനെ ഇസ്‌ലാം എന്ന് വിളിക്കുന്നത്. "ഇസ്ലാം" എന്ന വാക്കിൻ്റെ മറ്റൊരു അർത്ഥം "സമാധാനം" എന്നാണ്. അല്ലാഹുവിനോടുള്ള വിധേയത്വത്തിലൂടെയും അനുസരണത്തിലൂടെയും മാത്രമേ ഒരാൾക്ക് ശരീരത്തിൻ്റെയും മനസ്സിൻ്റെയും യഥാർത്ഥ സമാധാനം കൈവരിക്കാൻ കഴിയൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരം അനുസരണ ജീവിതം ഹൃദയത്തിന് സമാധാനം നൽകുകയും സമൂഹത്തിൽ യഥാർത്ഥ സമാധാനം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ അർത്ഥതലങ്ങളെല്ലാം ഉൾക്കൊള്ളുന്നത് കൊണ്ടാണ് മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഘടകങ്ങളിലും ഇസ്ലാമിൻറെ സ്പർശം ഉണ്ട് എന്ന് നാം പറയുന്നതും അവിടങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മുമ്പിൽ നിർഭയം എഴുന്നേറ്റു നിൽക്കുന്നതും.

ഇസ്ലാമിൻ്റെ ആദർശം ഇത്രമേൽ ബലപ്പെട്ടത് ആവുന്നത് അതിൻ്റെ അടിസ്ഥാനം ഏതു ബുദ്ധിയും അംഗീകരിച്ചു തരുന്ന പരമമായ സത്യമായതുകൊണ്ടാണ്. തൗഹീദാണ് ആ അടിസ്ഥാനം. മറ്റു മതങ്ങളും ദർശനങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് അവരുടെ ദൈവ സിദ്ധാന്തത്തെ മനുഷ്യ ബുദ്ധിക്ക് ഉൾക്കൊള്ളാവുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ്. അതിന് കാരണം ഒരുപാട് ദൈവങ്ങളോ ശക്തിസ്രോതസ്സുകളോ അവ പേറുന്നു എന്നതുമാണ്. എന്നാൽ ഇസ്ലാമിൽ ഒരേ ഒരു ദൈവമേ ഉള്ളൂ. ദൈവത്തെക്കുറിച്ചുള്ള ഏകത്വം എന്ന പരമമായ സിദ്ധാന്തമാണ് തൗഹീദ്. അതുകൊണ്ടുതന്നെ തൗഹീദ് ഒരു വിപ്ലവകരമായ ആശയമാണ്, അത് ഇസ്‌ലാമിൻ്റെ അധ്യാപനങ്ങളുടെ സത്തയാണ്. പ്രപഞ്ചത്തിൻ്റെ പരമോന്നതനായ ഒരുവൻ മാത്രമേ ഉള്ളൂ എന്നർത്ഥം. അവൻ സർവ്വശക്തനും സർവ്വവ്യാപിയും ലോകത്തിൻ്റെയും മനുഷ്യരാശിയുടെയും പരിപാലകനുമാണ്. അവന്റെ കരങ്ങളിലാണ് എല്ലാ കാര്യങ്ങളും. അവൻ ഒരു പ്രത്യേക ദൗത്യം മുമ്പിൽവെച്ച് കൊണ്ട് മനുഷ്യനെയും ജീവജാലങ്ങളെയും പടച്ചു. അവരെ ഭൂമിയെന്ന ഗ്രഹത്തിൽ താൽക്കാലികമായി താമസിച്ചുവരുന്നു. ഈ താമസ സമയത്ത് അവൻ അവരിൽ ഒരു പരീക്ഷണം നടത്തുകയാണ്. ആ പരീക്ഷണത്തിൽ വിജയിക്കുന്നവർക്ക് അവൻ അചിന്തനീയമായ സൗഭാഗ്യങ്ങളും സുഖങ്ങളും തയ്യാറാക്കിവെച്ചിട്ടുണ്ട്. അതിൽ പരാജയപ്പെടുന്നവരെ വലിയ ശിക്ഷകളും വേദനകളും കാത്തിരിക്കുന്നുണ്ട്. അതോടൊപ്പം അവൻ കാരുണ്യവാനാണ് അവൻ തന്റെ കരുണയുടെ ഭാഗമായി ഈ പ്രപഞ്ചത്തിലെ പരീക്ഷ വിജയിക്കുവാൻ ആവശ്യമായ ചില സഹായങ്ങൾ ചെയ്തു തരുന്നുണ്ട്. അത് എങ്ങനെയാണ് ഈ ജീവിത പരീക്ഷയിൽ വിജയിക്കുക എന്നതിനു വേണ്ടിയുള്ള മാർഗദർശനമാണ്. അതിനു വേണ്ടി ഒന്നേകാൽ ലക്ഷം പ്രവാചകന്മാരെയും നാലു ഗ്രന്ഥങ്ങളെയും അവൻ ഭൂമിയിലേക്ക് അയച്ചു എന്നതാണ് അവന്റെ ഏറ്റവും വലിയ കാരുണ്യം. ആ പ്രവാചകന്മാരും ഗ്രന്ഥങ്ങളും അതാത് കാലങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക് പരീക്ഷ വിജയിക്കുവാൻ ആവശ്യമായ മാർഗ്ഗങ്ങൾ പറഞ്ഞുകൊടുത്തു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) അതിന്‍റെ പൂർത്തീകരണം നിർവഹിച്ചു. ഇനി ഒരു ചോദ്യം ഉത്തരവും വേണ്ടാത്ത വിധത്തിൽ ഉള്ള പൂർത്തീകരണം ആയിരുന്നു അത്. അതുകൊണ്ട് തന്നെ ഇസ്ലാം സമ്പൂർണ്ണമാണ് ഇസ്ലാമിൻ്റെ ആദർശം അജയ്യവുമാണ്.

ഈ ആദർശം നബി തങ്ങൾ(സ) തൻ്റെ 23 വർഷം നീണ്ടുനിന്ന പ്രബോധന ജീവിതത്തിലൂടെ ചെയ്തും പഠിപ്പിച്ചും ലോകത്തിന് കൈമാറുകയുണ്ടായി. അത് എല്ലാ അർത്ഥത്തിലും പൂർണ്ണത പ്രാപിച്ചതിനു ശേഷം നബി തിരുമേനി അന്നുണ്ടായിരുന്ന തൻറെ അനുയായികളെ മുഴുവനും വിളിച്ചുവരുത്തി. തൻ്റെ വിടവാങ്ങൽ ഹജ്ജിനോട് അനുബന്ധിച്ചായിരുന്നു ആ സംഭവം. ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപത്തഞ്ചിന്‌ ശനിയാഴ്ച നബി(സ)യും അനുയായികളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെട്ടു. നബി(സ) അറഫയുടെ സമീപത്ത്‌ ‘നമിറ’ എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി. ളുഹ്റിന്റെ സമയമായപ്പോള്‍ തന്റെ ഒട്ടകപ്പുറത്ത്‌ കയറി ‘ബത്വ്‌നുല്‍വാദി’ എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബി(സ)യുടെ പ്രസംഗം ശ്രവിച്ചുകൊണ്ട്‌ നബി(സ)യോടൊപ്പം ഹജ്ജ്‌ നിര്‍വഹിക്കുകയുണ്ടായി. ആ പ്രസംഗത്തിലൂടെ ഇസ്ലാം എന്ന ആദർശത്തെ നബി തിരുമേനി തൻ്റെ സമുദായത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുകയായിരുന്നു. നബി(സ) പറഞ്ഞു: മനുഷ്യരേ, ഇത്‌ സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷംഈ സ്ഥാനത്ത്‌ വെച്ച്‌ ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന്‌ അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌. നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ (സൂക്ഷിപ്പ്‌ സ്വത്തുകള്‍) ഉണ്ടെങ്കില്‍ അത്‌ കൊടുത്തുവീട്ടുക. ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക്‌ അവകാശപ്പെടുന്നില്ല. ഒരാളും അക്രമിക്കപ്പെടരുതല്ലോ, എന്റെ പിതൃവ്യന്‍ അബ്ബാസ്‌(റ)വിന്‌ കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.

എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു. ഓന്നാമതായി അബ്ദുല്‍ മുത്തലിബിന്റെ മകന്‍ ഹാരിഥിന്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു. ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച്‌ ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായിരിക്കുന്നു. ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്‌. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത്‌ അവര്‍ക്ക്‌ നിങ്ങളോടുള്ള കടമയാണ്‌. നിങ്ങള്‍ അവരോട്‌ മാന്യമായി പെരു മാറുക. അവര്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുക. ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക്‌ എത്തിച്ചു തന്നിരിക്കുന്നു. രണ്ട്‌ കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത്‌ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല. അത്‌ അല്ലാഹുവിന്റെ ഗ്രന്ഥവും (ഖു൪ആന്‍) അവന്റെ പ്രവാചകന്റെ ചര്യയുമാണ്‌. ജനങ്ങളേ, എനിക്ക്‌ ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക്‌ ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക, അഞ്ച്‌ സമയം നമസ്കരിക്കുക, റമദാനില്‍ നോമ്പ്‌ അനുഷ്ഠി ക്കുക, സകാത്ത്‌ നല്‍കുക, ഹജ്ജ്‌ നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ജനങ്ങളേ, എന്നെ സംബന്ധിച്ച്‌ നിങ്ങളോട്‌ ചോദിക്കും അന്ന്‌ നിങ്ങളെന്തായിരിക്കും മറുപടി പറയുക? അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന്‌ ഞങ്ങള്‍ പറയും’. അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടുവിരല്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തി “അല്ലാഹുവേ, നീ ഇതിന്‌ സാക്ഷി . . . നീ ഇതിന്‌ സാക്ഷി . . .” എന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞു. ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്‌. എല്ലാവരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭയഭക്തി(തഖ്‌വ) ഉള്ളവനാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്ത വര്‍ക്ക്‌ ഇത്‌ എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം'. ഇസ്ലാം എന്ന ആദർശത്തെ നമ്മുടെ കരങ്ങളിൽ നബി തിരുമേനി(സ) ഒരു അമാനത്തായി ഏൽപ്പിക്കുന്ന രംഗമാണ് ഇത്. ഈ പ്രഭാഷണം കഴിഞ്ഞ ഉടനെ അല്ലാഹു അതിനെ അടിവരയിട്ടു കൊണ്ടെന്നോണം ഇങ്ങനെ പറഞ്ഞു: 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു'….. (ഖു൪ആന്‍:5/3). നബി തിരുമേനി(സ) വഫാത്താകുന്നതിന്റെ തലേനാളുകളിൽ നടത്തിയ അവസാന പ്രഭാഷണങ്ങളിൽ ഇതേ ആശയം ആവർത്തിച്ചതായി സ്വഹീഹായ ചരിത്രങ്ങൾ പറയുന്നുണ്ട് ആദർശം മുറുകെ പിടിക്കും കാലം നിങ്ങൾക്ക് ഒരു അപചയവും സംഭവിക്കുകയില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

ആദർശം നമ്മെ ഏൽപ്പിച്ച ഒരു അമാനത്താണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകുമ്പോൾ അടുത്ത ചോദ്യം അമാനത്തുകളോടുള്ള ഇസ്ലാമിൻ്റെ സമീപനം എന്തായിരിക്കണം എന്നതായി മാറുന്നു. പൊതുവേ ബാധ്യതകളുടെ നിര്‍വഹണവും സംരക്ഷണവുമാണ് അമാനത്ത്. ഇവിടെ നമ്മുടെ ഈ ചർച്ചയിൽ അമാനത്ത് അല്ലാഹുവിൽ നിന്ന് പ്രവാചകനാൽ ഏൽപ്പിക്കപ്പെട്ട ബാധ്യതകളുടെ നിർവഹണവും സംരക്ഷണവുമാണ്. അതിനാൽ ഒരാളുടെ മേല്‍ ബാധ്യതയാക്കപ്പെട്ട നമസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ളതെല്ലാം അമാനത്തുകളാണ്. സൂക്ഷിപ്പു സ്വത്തുക്കള്‍, രഹസ്യങ്ങള്‍, സ്വകാര്യതകള്‍ തുടങ്ങിയവയും അമാനത്തുകളാകുന്നു. അമാനത്തുകൾ കൈമോശം വരാതെ കാത്തുസൂക്ഷിക്കുക എന്നത് സത്യവിശ്വാസികളുടെ അടയാളമാണ് എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു. അല്ലാഹു പറയുന്നു: 'തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍)' ( 23:8). അമാനത്തിന് ഇത്ര ഗൗരവം കൽപ്പിക്കുവാൻ മറ്റു ചില ന്യായങ്ങൾ കൂടിയുണ്ട്. അല്ലാഹുവിൽ നിന്ന് അത് പാലിക്കാം എന്ന് വാക്ക് നൽകി മനുഷ്യൻ ഏറ്റെടുത്തതാണ് അവ എന്നതാണത്. വിശുദ്ധ ഖുർആൻ അത് ഇങ്ങനെ പറയുന്നു: 'തീര്‍ച്ചയായും നാം ആ അമാനത്ത് ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു'' (33:72). അമാനത്തിൽ വീഴ്ച വന്നാൽ അത് വഞ്ചന എന്ന അർത്ഥത്തിലുള്ള ഖിയാനത്ത് ആയി മാറും. അല്ലാഹുവും റസൂലും ഏൽപ്പിച്ച അമാനത്തുകളിൽ ആണ് അത് സംഭവിക്കുന്നത് എങ്കിൽ അത് വലിയ കുറ്റമായി തീരും വിശുദ്ധ ഖുർആൻ അക്കാര്യത്തിൽ ഇങ്ങനെ താക്കീത് ചെയ്യുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്' (8:27).

അല്ലാഹു ഏൽപ്പിച്ച അമാനത്തിന്റെ സംരക്ഷണത്തിന് ഒരു വിശ്വാസി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് അങ്ങനെ ഒറ്റ അർത്ഥത്തിൽ പറയാൻ കഴിയില്ല. അത് ഇസ്ലാമിന്റെ നിയമ സംഹിത പോലെ വളരെ നീണ്ടു പരന്നു കിടക്കുന്നതാണ്. കാരണം ആ നിയമസംഹിതകൾ എല്ലാം പാലിക്കുന്നത് അമാനത്തിന്റെ ഭാഗമാണല്ലോ. എന്നിരുന്നാലും അതിൻ്റെ ആകെത്തുക അല്ലാഹു കൽപ്പിക്കുകയും നബി തിരുമേനി കാണിച്ചും പഠിപ്പിച്ചും കൈമാറുകയും ചെയ്ത ഇസ്ലാമിക ആദർശം അതിൻ്റെ ശരിയായ രൂപത്തിലും രീതിയിലും സംരക്ഷിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക എന്നതായിരിക്കും. ഇവിടെ ശരിയായ രൂപത്തിലും രീതിയിലും എന്നത് തീർത്തും അടിവരയിടേണ്ട ഒരു പ്രയോഗമാണ് കാരണം ഇന്നത്തെ കാലത്ത് ഇസ്ലാമിക താൽപര്യമുള്ളവർ എന്ന് പറയുന്നവർ തന്നെ ഓരോ കാര്യങ്ങളും സ്വന്തം യുക്തി കൊണ്ടും ബുദ്ധികൊണ്ടും അളന്നു മുറിച്ചും ചെയ്യുകയാണ്. സത്യത്തിൽ ഇസ്ലാമിക ആദർശത്തിന് അങ്ങനെ ആരുടെയെങ്കിലും കണ്ടെത്തലുകളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ല. അത്രമാത്രം അത് പരിപൂർണ്ണമാണ്. എന്നുമാത്രമല്ല നബി തിരുമേനി(സ) ജീവിച്ച കാലഘട്ടത്തിൽ തന്നെ അതെല്ലാം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കാലം പൊതുവേ വൈജ്ഞാനിക സംസ്കാരം തെളിഞ്ഞു വന്നിട്ടില്ലാത്ത ഒരു കാലമായിരുന്നു. എന്നിട്ടും നബി (സ) തിരുമേനിയുടെ ആദർശം മനസ്സുകളിലും ജീവിതങ്ങളിലും ആ കാലത്ത് തന്നെ രേഖപ്പെടുത്തപ്പെട്ടു. തുടർന്നുവന്ന ഏറ്റവും പരിപൂർണ്ണമായ മൂന്ന് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും ഈ ലോകം അവസാനിക്കുന്നത് വരേക്കും ആദർശത്തെ സംരക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ആദർശ പാഠങ്ങളെല്ലാം രേഖകളായി മാറിക്കഴിഞ്ഞിരുന്നു. വിശ്വാസത്തിന്റെയും കർമ്മത്തിന്റെയും മദ്ഹബുകൾ ഈ മൂന്നു നൂറ്റാണ്ടിൻ്റെ ഉള്ളിലാണ് സ്ഥാപിതമായത്. അതിനാൽ ഇന്ന് ജീവിച്ചിരിക്കുന്ന, എന്നുമാത്രമല്ല ഇനി ഇവിടെ നിന്ന് അങ്ങോട്ട് അന്ത്യനാൾ വരെ ജീവിച്ചിരിക്കുന്ന സത്യവിശ്വാസികൾക്ക് ആ രേഖകൾ സ്വീകരിക്കുകയും പിന്തുടർന്ന് ജീവിക്കുകയും ചെയ്താൽ മാത്രം മതിയാകും.

ഈ രേഖകൾ വഴി ലോകത്ത് സമ്പൂർണ്ണ ആദർശ ബന്ധിതമായ ഒരു സമൂഹം നിലനിന്നു. അത് അന്ത്യനാൾ വരെയും ഉണ്ടാവുകയും ചെയ്യും. അത് അവസാനിക്കുന്ന കാലത്തായിരിക്കും അന്ത്യനാൾ എന്ന് നബി തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. ആ സമൂഹത്തെ ശരിയായ മുസ്ലിംകൾ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. പക്ഷേ ഇടക്ക് പല ചിന്താധാരകളും കയറിവന്നു. അവർക്കൊക്കെ വേദിയിൽ പിടിച്ചുനിൽക്കുവാൻ ഇസ്ലാം എന്ന പേര് തന്നെ ഉപയോഗിക്കണം എന്ന താല്പര്യമുണ്ടായിരുന്നു. അവരും അങ്ങനെ സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ പരിപൂർണ്ണമായ അർത്ഥത്തിലുള്ള ഒരു പേര് ശരിയായ ആദർശ ബന്ധിത സമൂഹത്തിന് വേണമെന്ന് സാഹചര്യം ഉണ്ടായി. അക്കാലത്തെ പണ്ഡിതന്മാർ അന്നുമുതൽ ഈ മാർഗ്ഗത്തെ വിളിച്ചുവന്ന പേരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്നത്. സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകൾ എന്നാണ് അതിനർത്ഥം. സുന്നത്ത് എന്ന വാക്കിലൂടെ അല്ലാഹുവും നബിയും പറഞ്ഞ മാർഗം എന്ന ആശയം വന്നു. ജമാഅ എന്നാൽ നേരത്തെ പറഞ്ഞ ആദ്യ ശ്രേഷ്ഠ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മഹാന്മാരാണ്. അതോടെ ശരിയായ ഇസ്ലാമിൻ്റെ പാരമ്പര്യവും പ്രകൃതവും പ്രതിനിധാനം ചെയ്യുന്ന യഥാർത്ഥ മുസ്ലിമീങ്ങൾ അഹ്ലുസ്സുന്നത്തി വല്‍ ജമാഅ ആണ് എന്നു വന്നു. ആദർശം സംരക്ഷിക്കുവാൻ അവർക്ക് മാത്രമേ കഴിയൂ. കാരണം, ആദർശത്തിന്റെ അടിസ്ഥാനങ്ങളെ ബഹുമാനത്തോടെ കാണുന്നത് അവർ മാത്രമാണ്. അല്ലാത്തവർ സ്വന്തം ബുദ്ധിയെയും യുക്തിയെയും ആണ് ആശ്രയിക്കുന്നത്. മറ്റുള്ളവരെല്ലാം നബി(സ) പറഞ്ഞതിനെ പൂർണ്ണാർത്ഥത്തിൽ സ്വീകരിക്കുക അവരുടെ ബുദ്ധിക്കും യുക്തിക്കും വ്യക്തിഗത താൽപര്യങ്ങൾക്കും അത് അനുകൂലമാകുമ്പോൾ മാത്രമാണ്. അല്ലെങ്കിൽ അവർ അതിനെ തന്ത്രപൂർവ്വം നിരാകരിക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ട്, ആദർശത്തെ അമാനത്തായി കാണുന്നതും അത് സൂക്ഷിക്കണം എന്ന താല്പര്യമുള്ളതും അഹ്ലുസ്സുന്നത്തി വൽ ജമാഅ യുടെ അനുയായികൾ മാത്രമാണ്. അതോടെ ആദർശത്തെ സംരക്ഷിക്കുക എന്നാൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിലും അതിൻ്റെ കേരളത്തിലെ പ്രാസ്ഥാനിക രൂപമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലും നിലനിൽക്കുക എന്നായി മാറുന്നു.

അമാനത്തുകൾ കൈമോശം വരുന്നത് വ്യാപകമാകുക ഖിയാമത്ത് നാളിൻ്റെ അടയാളങ്ങളിലാണ് നബി തിരുമേനി(സ) എണ്ണയിലിരിക്കുന്നത്. ഒരു ദിനം ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണ അറബി നബി(സ)യുടെ അടുക്കല്‍ ആഗതനായി. അയാള്‍ ചോദിച്ചു: 'അന്ത്യനാള്‍ എപ്പോഴാണ്?' തിരുമേനി(സ) തന്റെ സംസാരം തുടര്‍ന്നു. ജനങ്ങളില്‍ ചിലര്‍പറഞ്ഞു: 'അയാളുടെ ചോദ്യം റസൂല്‍(സ) കേട്ടിരിക്കുന്നു; എന്നാല്‍ നബിക്കതിൽ അതില്‍ നീരസമുണ്ടായി.' മറ്റു ചിലര്‍ പറഞ്ഞു: 'നബി(സ) അത് കേട്ടിട്ടില്ല.' നബി(സ) തന്റെ സംസാരം അവസാനിപ്പിച്ചപ്പോള്‍ ചോദിച്ചു: 'അന്ത്യനാളിനെ കുറിച്ച് ചോദിച്ച വ്യക്തി എവിടെയാണ്?' അയാള്‍ പറഞ്ഞു: 'തിരുദൂതരേ, ഞാന്‍ ഇതാ.' നബി(സ) പറഞ്ഞു: 'അമാനത്ത് നഷ്ടപ്പെടുത്തപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക.' അയാള്‍ ചോദിച്ചു: 'എങ്ങനെയാണ് അത് നഷ്ടപ്പെടുത്തല്‍?' തിരുമേനി(സ) പറഞ്ഞു: 'കാര്യങ്ങള്‍ അതിന്റെ അര്‍ഹരല്ലാത്തവരിലേക്ക് ഏല്‍പിക്കപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക' (ബുഖാരി). 0