TH Darimi

കച്ചവടത്തിന്റെ അഞ്ചു രഹസ്യങ്ങൾ

കച്ചവടത്തിന്റെ അഞ്ചു രഹസ്യങ്ങൾ

29-10-2024
Share this Article

image

വെള്ളിത്തെളിച്ചം ടി എച്ച് ദാരിമി



ഉസ്മാൻ ബിൻ അഫ്ഫാൻ(റ) പല ഖ്യാതികളും കൊണ്ട് സമ്പന്നനാണ്. ആദ്യകാല വിശ്വാസികളിൽ ഒരാൾ, രണ്ട് ഹിജ്റ പലായനങ്ങളിലും പങ്കെടുത്ത ആൾ, സകുടുംബം ഹിജ്റ പോയ ആൾ, നബി തിരുമേനി(സ)യുടെ രണ്ടു പെൺമക്കളെ യഥാക്രമം വിവാഹം ചെയ്യാനുള്ള അത്യപൂർവ്വ സൗഭാഗ്യം സിദ്ധിച്ച ആൾ, റാഷിദീ ഖലീഫമാരിൽ മൂന്നാമത്തെയാൾ, ആഭ്യന്തര കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട ആദ്യത്തെ ഖലീഫ എന്നിങ്ങനെ പോകുന്നു അവ. എന്നാൽ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്ന പ്രത്യേക സവിശേഷത അദ്ദേഹത്തിൻ്റെ ഉദാരതയാണ്. സ്വഹാബിമാരിലെ ഉദാരമനസ്കരെ എണ്ണുമ്പോൾ അതിലൊന്നാമത്തെയാൾ അദ്ദേഹമായിരിക്കും. അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉദാരത റൂമ എന്ന ജൂതന്റെ കയ്യിലുണ്ടായിരുന്ന കിണർ വലിയ വില കൊടുത്ത് വാങ്ങി പൊതു കിണറായി സമൂഹത്തിന് ദാനം ചെയ്തതോടെ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു. കഠിനമായ ജലക്ഷാമം കൊണ്ട് വലയുകയായിരുന്നു അന്ന് ജനങ്ങൾ. മദീനയിൽ സമ്പന്നമായ ശുദ്ധജലം ഉണ്ടായിരുന്നത് റൂമ എന്ന ഒരു ജൂതന്റെ കിണറ്റിൽ മാത്രമായിരുന്നു. അയാളാവട്ടെ, വലിയ വിലക്ക് വെള്ളം വിൽക്കുകയാണ് ചെയ്തിരുന്നത്. അപ്പോഴാണ് നബി(സ) 'റൂമയുടെ കിണർ വാങ്ങി ജനങ്ങൾക്ക് നൽകുന്നവർക്ക് സ്വർഗ്ഗത്തിൽ ഒരു ജലാശയം വാങ്ങിത്തരാം' എന്ന് വാക്ക് നൽകിയത്. അത് അദ്ദേഹം വലിയ വിലക്ക് വാങ്ങുകയും ജനങ്ങൾക്ക് വെറുതെ കൊടുക്കുകയും ചെയ്തു. ദാരിദ്ര്യവും ചൂടും ഭീതിയും എല്ലാം ഒന്നിച്ച് വലവീശിയ സമയത്തായിരുന്നു തബൂക്ക് യുദ്ധം. അന്നത്തെ ചെലവ് മുഴുവനും വഹിച്ചത് അദ്ദേഹമായിരുന്നു. ആ ഉദാരത കണ്ടു നബി(സ) തന്നെ പറഞ്ഞു, 'ഇനി അദ്ദേഹത്തിന് ഒന്നും പേടിക്കാനില്ല' എന്ന്. ഒന്നാം ഖലീഫയുടെ കാലഘട്ടത്തിൽ വീശിയടിച്ച ശക്തമായ മാന്ദ്യത്തെയും ദാരിദ്ര്യത്തെയും മറികടന്നത് ഈ മഹാമനസ്കന്റെ സംഭാവന കൊണ്ടായിരുന്നു. അങ്ങനെ നീണ്ടുകിടക്കുന്നു ആ പട്ടിക.

മക്കയിൽ നിന്ന് മദീനയിലേക്ക് അഭയാർത്ഥിയായി എത്തിയ ഒരാൾക്ക് എങ്ങനെയാണ് ഇത്ര വലിയ സാമ്പത്തിക അത്ഭുതങ്ങൾ കാണിക്കാൻ കഴിഞ്ഞത് എന്ന് ഈ ആമുഖം കേൾക്കുന്ന ആരും ചോദിച്ചു പോകും. മക്കയിൽ അദ്ദേഹം സമ്പന്നനായ പിതാവിൻ്റെ മകനായിരുന്നു. പിതാവിൻ്റെ വഴിയെ അദ്ദേഹവും സമ്പന്നനായി. പക്ഷേ അതിനിടയിൽ ഹിജ്റ ഉണ്ടായല്ലോ. കയ്യിലും ഒരു ചെറിയ ഭാണ്ഡത്തിലും ഒതുക്കിപ്പിടിക്കാവുന്ന വസ്തുവകകൾ കൊണ്ട് മാത്രം രായ്ക്കു രാമാനം നാട് വിടേണ്ടിവന്ന അദ്ദേഹം അടക്കമുള്ള എല്ലാ സഹാബിമാരും എല്ലാം മക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. മദീനയിൽ പുതിയ ജീവിതം തുടങ്ങുമ്പോൾ എല്ലാവരും ദരിദ്രരായിരുന്നു. പക്ഷേ അദ്ദേഹവും മറ്റു ഏതാനും ചിലരും ആ ദാരിദ്ര്യത്തെ അനായാസം മറികടന്നു. അതിന് അവർ ആശ്രയിച്ചത് കച്ചവടം ആയിരുന്നു. അതി നിപുണനായ ഒരു കച്ചവടക്കാരനായിരുന്നു ഉസ്മാൻ ബിൻ അഫ്ഫാൻ(റ). എന്നാലും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത്രയും വലിയ ആസ്തി കച്ചവടത്തിലൂടെ അദ്ദേഹം എങ്ങനെ നേടി? അതറിയാൻ ഏറ്റവും കുറഞ്ഞത് കച്ചവടക്കാർക്കെങ്കിലും താല്പര്യമുണ്ടാകും. അത് അദ്ദേഹം തന്നെ പറഞ്ഞു തന്നിട്ടുണ്ട്.

അദ്ദേഹത്തോട് തന്നെ നേരിട്ട് ആരോ ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം അതിന് വേണ്ടി എണ്ണിയത് അഞ്ചു കാര്യങ്ങളാണ്. ഒന്നാമതായി അദ്ദേഹം പറയുന്നു: 'വൈദ്യൻ രോഗിയെ പരിചരിക്കുന്നതു പോലെ ഞാൻ എന്റെ കച്ചവടത്തെ ശ്രദ്ധയോടെ പരിചരിക്കുമായിരുന്നു'. കച്ചവടത്തിൽ അദ്ദേഹം പുലർത്തിയിരുന്ന ബദ്ധശ്രദ്ധയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പരിചരണം കച്ചവടത്തിന്റെ വിജയത്തിന് അനുപേക്ഷണീയമാണ്. ഈ ശ്രദ്ധയുടെ അർത്ഥം മാനസികമായി കച്ചവടത്തെ ഉൾക്കൊള്ളുകയും അത് വിജയിക്കണം, വിജയിപ്പിക്കണം എന്ന തീവ്രമായ താൽപര്യം മനസ്സിൽ കാത്തുസൂക്ഷിക്കുകയും ചെയ്യണം എന്നതാണ്. നോക്കാം, ശ്രമിക്കാം, വിജയിക്കുകയാണെങ്കിൽ മുന്നോട്ടു പോകാം, ഇതൊരു പരീക്ഷണം മാത്രമാണ്... തുടങ്ങിയ പ്രയോഗങ്ങളോ സമാന സമീപനങ്ങളോ ഒരു നല്ല കച്ചവടക്കാരനിൽ നിന്ന് ഉണ്ടാവാൻ പാടില്ല എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഈ ശ്രദ്ധ കച്ചവടത്തിലുള്ള മനസ്സിന്റെ സമർപ്പണമാണ്. രണ്ടാമത്തെ കാര്യം അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഞാൻ നിരന്തരമായി കച്ചവടത്തെ വളർത്തിക്കൊണ്ടേയിരിക്കുകയായിരിക്കും' ബിസ്നസ്സ് വിജയത്തിന്റെ മറ്റൊരു രസതന്ത്രമാണ് അദ്ദേഹം ഇവിടെ പറയുന്നത്. ഓരോ ദിവസവും കിട്ടിയതായി സങ്കല്പിക്കപ്പെടുന്ന ലാഭം അന്നന്നു തന്നെ എടുത്തു പോക്കറ്റിൽ ഇടുന്ന സ്വഭാവക്കാരനായിരുന്നില്ല അദ്ദേഹം. മറിച്ച് ലാഭം അദ്ദേഹം വീണ്ടും റീഇൻവെസ്റ്റ് ചെയ്യുകയാണ് ചെയ്തിരുന്നത്. ഒരു സാധനമോ ഏതാനും സാധനങ്ങളോ വിൽക്കുമ്പോൾ ആ ഒറ്റ വില്പനയിലൂടെ കച്ചവടക്കാരന്റെ പോക്കറ്റിൽ എത്തുന്ന ലാഭം സത്യത്തിൽ ലാഭമേ അല്ല. മറിച്ച്, ആ ലാഭവും അതോടൊപ്പം തിരിച്ചുവരുന്ന മുതലും കൂട്ടി വീണ്ടും വീണ്ടും കച്ചവടത്തിൽ ഇറക്കുകയും നിരന്തരമായി വലുതാക്കുകയും ചെയ്യുമ്പോഴാണ് കച്ചവടം വളരുന്നത്. അല്ലാതെവന്നാൽ പോക്കറ്റിൽ കിടക്കുന്ന ഏതാനും പണം മാത്രമേ വളരുകയുള്ളൂ. അതു തന്നെ താൽക്കാലികവുമായിരിക്കും. മൂലധനത്തിൻ്റെ നിരന്തരമായ വളർച്ച മാർക്കറ്റിൽ പിടിച്ചുനിൽക്കാനുള്ള പ്രധാന ഉപാധിയായി സാമ്പത്തികശാസ്ത്രം തന്നെ മുന്നോട്ടുവെക്കുന്നുണ്ട്.

മൂന്നാമതായി അദ്ദേഹം പറയുന്നു: 'ഒരു ചെറിയ ലാഭത്തെയും ഞാൻ നിസ്സാരമായി കാണാറുണ്ടായിരുന്നില്ല'. മൂന്നാമത്തെ ഈ രഹസ്യവും ഒന്നാമത് പറഞ്ഞ മാനസികമായ സമർപ്പണത്തിന്റെ അനുബന്ധമാണ്. മനസ്സാ കച്ചവടക്കാരൻ തൻ്റെ കച്ചവടത്തിൽ ലയിച്ചലിഞ്ഞ് ചേരുമ്പോൾ കിട്ടുന്ന ഏത് ലാഭത്തെയും തൻ്റെ വിയർപ്പിന്റെ പകരമായും മൂലധനത്തിന്റെ വളർച്ചയായും കരുതുകയാണ്. ലാഭം എന്നത് അദ്ദേഹത്തിൻ്റെ അധ്വാനത്തിന്റെ ഫലവും ന്യായമായ അവകാശവുമാണ്. ആയതിനാൽ അത് കിട്ടുമ്പോൾ അയാൾക്കുണ്ടാകുന്ന സന്തോഷം അഭിമാനം കലർന്നതായിരിക്കും. ആ അഭിമാനബോധമുള്ള സന്തോഷമാണ് ചെറിയ ചെറിയ ലാഭങ്ങളെ പോലും വലിയ സന്തോഷത്തോടെ സ്വീകരിക്കുവാൻ കച്ചവടക്കാരനെ പ്രാപ്തനാക്കുന്നത്. ഇങ്ങനെ സ്വീകരിക്കുമ്പോൾ അത് അയാൾക്ക് ഒരു വലിയ പ്രചോദനമായി ഭവിക്കുന്നു. നാലാമതായി ഉസ്മാൻ(റ) പറയുന്നു: 'ഞാൻ ഒരിക്കലും വയസ്സനെ വാങ്ങിക്കുകയില്ല'. ഒരു ആലങ്കാരിക പ്രയോഗമാണ് ഇത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഞാൻ ചരക്കിന്റെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ല എന്നതാണ്. കച്ചവടത്തിൽ മനസ്സ് നിക്ഷേപിക്കുമ്പോൾ ഉപഭോക്താക്കൾക്ക് നല്ല സാധനം തന്നെ കൊടുക്കാനുള്ള മാനസികാവസ്ഥ കച്ചവടക്കാരന് ഉണ്ടാകുന്നു. അതേസമയം മനസ്സുനിക്ഷേപിച്ചിരിക്കുന്നത് ലാഭത്തിലാണ് എങ്കിൽ ഈ മനസ്ഥിതി ഉണ്ടാവില്ല. എങ്ങനെയെങ്കിലും തൻ്റെ ചരക്ക് തള്ളി വിടാനുള്ള ശ്രമമായിരിക്കും അത്തരക്കാർക്ക് ഉണ്ടാവുക. മാത്രമല്ല ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിൽക്കുമ്പോൾ അത് ഏതെങ്കിലും ഒരു ഘട്ടത്തിൽ പുറത്താവുക തന്നെ ചെയ്യും. അപ്പോൾ ആ കച്ചവടക്കാരനെയും അവന്റെ കച്ചവടത്തെയും തന്നെ ഗുണഭോക്താവ് എഴുതി തള്ളുകയായിരുന്നു ഫലം.

അഞ്ചാമത്തെയും അവസാനത്തെയും കാര്യം അദ്ദേഹം പറയുന്നത്, 'ഞാൻ ഒരു തലയെ രണ്ടു തലയാക്കി മാറ്റാൻ ശ്രമിക്കും' എന്നാണ്. ഇതും ഒരു ആലങ്കാരിക പ്രയോഗമാണ്. ഈ പ്രയോഗത്തിന്റെ അടിസ്ഥാന ആശയം വൈവിധ്യമാണ്. കച്ചവടത്തിൽ ഞാൻ എപ്പോഴും വൈവിധ്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അതു രണ്ടു നിലക്ക് ആവാം. ഒന്നുകിൽ ചരക്കുകളുടെ വൈവിധ്യം. വാങ്ങുന്നവർക്ക് ഇഷ്ടമുള്ളത് തന്നെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ വൈവിധ്യം. അല്ലെങ്കിൽ മൂലധനത്തിന്റെ നിക്ഷേപത്തെ വൈവിധ്യവൽക്കരിക്കലാണ്. അഥവാ വിവിധ മേഖലകളിൽ പണം ഇറക്കിക്കൊണ്ട് കച്ചവടത്തിന് വൈവിധ്യം ഉണ്ടാക്കും എന്ന ആശയം. ഏതായാലും ഒരു കാര്യം സത്യമാണ്. ഈ അഞ്ചു രസതന്ത്രങ്ങൾ അദ്ദേഹത്തിൻ്റെ ജീവിതത്തിലും കച്ചവടത്തിലും വിജയമുണ്ടാക്കി എന്നത്. (കടപ്പാട്: ശൈഖ് മുഹമ്മദ് ഹസൻ ശൻഖീഥി)

0