ഭൂമിയുടെ ഖലീഫ 29-10-2024 Share this Article WhatsApp Facebook കൃതി തയ്യാറാക്കിയത് മലപ്പുറം ജില്ലയിൽ മേലാറ്റൂരിനടുത്ത് എടപ്പറ്റ അംശം ഏപ്പിക്കാട് ദേശത്ത് തയ്യിൽ കുഞ്ഞാൻ ഹാജിയുടെയും കെ ടി ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1968 ൽ ജനിച്ച് ഭൗതിക പഠനത്തോടൊപ്പം മതപഠനത്തിൽ പ്രത്യേക ഊന്നൽ നൽകി വിവിധ ഗുരുകുലങ്ങളിൽ ദർസ് വിദ്യാഭ്യാസം പൂർത്തിയാക്കി 1991 ൽ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരിൽ നിന്ന് ഫാസിൽ ദാരിമി സനദ് നേടി വിവിധ ദർസുകളിലും കോളേജുകളിലും അധ്യാപനം നടത്തി ഇപ്പോൾ മേലാറ്റൂർ ദാറുൽഹികം ശരീഅത്ത് ആൻഡ് ആർട്സ് കോളേജിൽ അധ്യാപനവും മുണ്ടക്കുളം ജാമിഅ ജലാലിയ്യ, കീഴാറ്റൂർ ജാമിഅ സഞ്ചരിയ്യ ഇസ്ലാമിയ്യ, ജാമിഅ ജൂനിയർ കോളേജ് കോഡിനേഷൻ മുതലായ സ്ഥാപനങ്ങളിൽ അക്കാദമിക സേവനവും മതപാക്ഷികങ്ങളിൽ എഴുത്തും നിർവഹിച്ചു വരുന്ന: മുഹമ്മദ് ടി എച്ച് ദാരിമി അനുഗ്രഹം എപ്പിക്കാട്, എടപ്പറ്റ പി ഒ, മേലാറ്റൂർ മലപ്പുറം ജില്ല, കേരളം. ഫോൺ: 8 1 1 1 8 1 4 8 2 9 വെബ്: www.thdarimi.in ----- ആമുഖം ആമുഖമായി.. മനുഷ്യൻ ഭൂമിയിലെ അല്ലാഹുവിൻ്റെ പ്രതിനിധിയാണ്. അതായത് പ്രതിനിധി മാത്രമാണ്. എന്നു പറഞ്ഞാൽ അവൻ ഇവിടെ ഒന്നിന്റെയും ഉടമസ്ഥൻ അല്ല കാര്യസ്ഥൻ മാത്രമാണ്. പ്രതിനിധീകരിക്കപ്പെടുന്ന അല്ലാഹുവിൻ്റെ ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും മനസ്സിലാക്കുക, അവ നിവൃത്തി ചെയ്യുക, അങ്ങനെ അവൻ്റെ അനുസരണയുള്ള അടിമയായി ജീവിത ദൗത്യം വിജയിപ്പിച്ചെടുക്കുക എന്നിവയെല്ലാമാണ് അവൻ്റെ ചുമതലകൾ. ചുമതലകൾ നിർവഹിക്കുവാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി വെച്ചിട്ടാണ് പ്രതിനിധിയെ അല്ലാഹു പറഞ്ഞയച്ചത്. ഭൂമി, അന്തരീക്ഷം, കാലാവസ്ഥ, ആവശ്യം ആവശ്യമായവയുടെ സ്രോതസ്സുകൾ, വെള്ളം, അന്നം, ഭക്ഷ്യങ്ങൾ, പാർപ്പിടങ്ങൾ, അവയോട് എല്ലാം ഇണങ്ങി ചേരാൻ കഴിയുന്ന ശരീരവും മനസ്സും.. എല്ലാം അന്യൂനമായി ഒരുക്കി വെച്ചിട്ടാണ് പ്രതിനിധിയെ പറഞ്ഞയച്ചിരിക്കുന്നത്. അതിനും പുറമേ, മനുഷ്യൻ്റെ ജീവിതം ശരിയായ ഭ്രമണപഥത്തിൽ നിന്ന് തെറ്റാതിരിക്കുവാൻ അല്ലാഹു അവനെ പ്രതിനിധി എന്ന് അഭിസംബോധന ചെയ്യുകയും അവൻ്റെ ആവാസ വ്യവസ്ഥയെ പരിപാലിക്കുവാൻ അവനോട് വ്യക്തമായി ആവശ്യപ്പെടുകയും ചുറ്റുമുള്ള ജീവ സമൂഹങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ തുടങ്ങിയവയെ എല്ലാം ആഴത്തിൽ അടുത്തുനിന്ന് പഠിക്കുവാനും മനസ്സിൽ ഉറപ്പിക്കുവാനും പറയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവൻ്റെ കയ്യിൽ നിന്ന് കൈപ്പിഴയോ അശ്രദ്ധയോ സംഭവിക്കാതിരിക്കുവാൻ സജീവമായ ഒരു ആദർശവുമായി തൻ്റെ അന്ത്യ പ്രവാചകനെ ദൂതനായി പറഞ്ഞയക്കുകയും പ്രകൃതിയുടെ താളങ്ങൾ കാത്തു സംരക്ഷിച്ചുകൊണ്ട് എങ്ങനെ ജീവിക്കാം എന്ന് അവർക്കിടയിൽ തുറന്നു ജീവിപ്പിച്ചു കൊണ്ട് ആ ദൂതൻ വഴി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ ദൂതന്റെ കരങ്ങളിലൂടെ കൈമാറിയ വിശുദ്ധ ഖുർആനും അതിൻ്റെ വ്യാഖ്യാനവും വിശദീകരണവുമായ തിരുദൂതന്റെ വാക്കുകളും പ്രവർത്തികളും അനുവാദങ്ങളും കൂടിച്ചേരുമ്പോൾ പിന്നെയൊന്നും വേണ്ടാത്ത വിധം മനുഷ്യൻ ഇക്കാര്യത്തിൽ പ്രബുദ്ധനായിത്തീരുന്നു. എന്നിട്ടും അവൻ്റെ കരങ്ങളിൽ നിന്ന് തെറ്റുകൾ പറ്റുകയാണ്. അതുവഴി കരയിലും കടലിലും അപായങ്ങളുടെ സൂചനാ മണികൾ മുഴങ്ങുകയാണ്. രൂക്ഷമായ മലിനീകരണം കൊണ്ട് പ്രകൃതി പൊറുതിമുട്ടുന്നു. പ്രകൃതിക്കും പ്രതിനിധിക്കും പിടിച്ചുനിൽക്കാൻ വേണ്ട ജീവന സ്രോതസ്സുകൾ വറ്റിവരളുന്നു. ആഗോളതാപനം എന്തെല്ലാം ചെയ്യുമെന്നറിയാതെ പ്രകൃതി ദുരന്തങ്ങൾക്കു മുമ്പിൽ മനുഷ്യൻ കാൽമുട്ടുകൾ വിറച്ചു നിൽക്കുന്നു. ഉണ്ടായിരുന്നതൊന്നും പിന്നെയും ഉണ്ടാകാതെ ഉണങ്ങിയതിനെയൊന്നും വീണ്ടും തളിരിടാതെ പ്രകൃതി തന്നെ കടും കലിപ്പിലാണ് അവനോട്. ഈ പ്രശ്നങ്ങൾക്കെല്ലാം തികഞ്ഞ പരിഹാരങ്ങൾ ഉണ്ട്. പ്രകൃതിയുടെയും പ്രതിനിധിയുടെയും സൃഷ്ടാവ് തന്നെ നേരിട്ട് അറിയിച്ചു തന്നിട്ടുള്ള കൃത്യമായ പരിഹാരങ്ങൾ. അതാണ് ഇസ്ലാമിൻ്റെ പ്രകൃതി പാഠങ്ങൾ. അതല്ലാതെയും പരിഹാരങ്ങൾ ഉണ്ട്. പക്ഷേ, അവയൊക്കെയും ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ഭൗതികലോകം ഇതായിരിക്കാം പരിഹാരം എന്ന തോന്നലിൻ്റെ വെളിച്ചത്തിൽ മാത്രം തട്ടിക്കൂട്ടി ഉണ്ടാക്കുന്നതാണ്. അവയുടെയൊന്നും കാര്യത്തിൽ അവർക്ക് തന്നെ ഉറപ്പില്ല. ഇത്തരം ഒരു സാഹചര്യത്തിൽ വീണ്ടും മനുഷ്യകുലത്തോട് ആ പ്രകൃതി പാഠങ്ങളെ കുറിച്ച് ഗൗരവമായും എന്നാൽ ലളിതമായും സംസാരിക്കുകയാണ് ഈ പുസ്തകം. പുതിയ കാലഘട്ടത്തിൻ്റെ ത്വരകളെയും താൽപര്യങ്ങളെയും എത്രകണ്ട് മറികടക്കാൻ കഴിയും എന്നറിയില്ല. പക്ഷേ, എന്നാലും പറഞ്ഞുകൊണ്ടേയിരിക്കേണ്ടത് നമ്മുടെ കടമയാണല്ലോ. അങ്ങനെയാണല്ലോ ഇസ്ലാമിൻ്റെ സമീപനം. എന്നു കരുതി ഏറെ വലിച്ചു നീട്ടിയിട്ടില്ല. വലിച്ചു നീട്ടിയാൽ ഒരുപാട് പേരുടെ മനസ്സുകളിലേക്ക് ഈ ആശയം എത്തിക്കുവാൻ അത്ര കഴിയുകയില്ല എന്നതാണല്ലോ നമ്മുടെ അനുഭവം. ഒരു നൂറ്റാണ്ടിന്റെ ഇതിഹാസമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം അടയാളപ്പെടുത്തുന്ന നൂറു കൃതികളുടെ കൂട്ടത്തിൽപെടാൻ കഴിഞ്ഞത് എനിക്കും ഈ കൃതിക്കും ലഭിച്ച വലിയ ഭാഗ്യമായി അഭിമാനത്തോടെ കരുതുന്നുണ്ട്. അതുവഴി വലിയ ഒരു പ്രാർത്ഥനയിലേക്ക് ഞാനും കൃതിയും എത്തിപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ഇത് സ്വീകരിക്കുകയും അതിൻ്റെ പ്രതിഫലവും പ്രതിഫലനവുമെന്നോണം ഒരുപാട് പേരുടെ കയ്യിലും മനസ്സിലും ഈ കൊച്ചു കൃതി എത്തിച്ചേരുകയും ചെയ്താൽ വീണ്ടും കടാക്ഷിക്കപ്പെട്ടതായി ഞാൻ കരുതും. അല്ലാഹുവിൻ്റെ കടാക്ഷം നമ്മുടെ എല്ലാവരുടെയും മേൽ എപ്പോഴും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കട്ടെ, ആമീൻ. - മുഹമ്മദ് ടി എച്ച് ദാരിമി ------ അനുബന്ധ വായനകൾ: - അൽ ഇൻസാനു വൽ കൗൻ ബൈനൽ ഖുർആനി വൽ ഇൽമി / അബ്ദുൽ അലീം അബ്ദുർറഹ്മാൻ ഖളിർ / ദാറുസ്സഖാഫ ജോർഡാൻ. - ഭൂമി നമ്മുടെ (ഗഹം / വേലായുധൻ പന്തീരങ്കാവ് / കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. - പ്രപഞ്ചം എൻസൈക്ലോപീഡിയ / സത്യൻ കല്ലുരുട്ടി / ദ്രോണാചാര്യ പബ്ലിക്കേഷൻസ്. - പ്രപഞ്ചവും മനുഷ്യനും / ഇ ടി മുഹമ്മദ് ബാഖവി / മിഡിൽ ഹിൽ ബുക്സ് കോഴിക്കോട്. - അല്ലാഹു ഖുർത്തുനിൽ / കെ സി അബ്ദുല്ല മൗലവി / ഐ പി എച്ച് - ശാസ്ത്രം എത്ര ലളിതം / ചീഫ് എഡി. പ്രൊഫ. എസ് ശിവദാസ് / ഡി സി ബുക്സ്. - Young descover Series / Discovery Channel. - വിവിധ ഇസ്ലാമിക് വെബ്സൈറ്റുകൾ - വിവിധ ശാസ്ത്ര വെബ്സൈറ്റുകൾ ---- അദ്ധ്യായങ്ങൾ 1 ഭൂമിയുടെ ഖലീഫ 2 ഒരുക്കി വെച്ചത് 3 സമാന മൂലകങ്ങൾ ചേർത്ത് 4 ഒരല്പം ചരിഞ്ഞ 5 അന്തരീക്ഷം എന്ന അത്ഭുതം 6 വെള്ളം എന്ന ജീവാമൃതം 7 ആടാതിരിക്കാൻ 8 ഇനിയുമിനിയും 9 പക്ഷേ.. 10 ശുചിത്വത്തിൽ നിന്ന് തുടക്കം 11 ജല സംരക്ഷണം 12 പച്ചപ്പ് നിറം മാത്രമല്ല 13 പ്രതീക്ഷയുടെ കൃഷിപാഠങ്ങൾ 14 പ്രകൃതിയോടൊപ്പം ജീവിക്കാം ------ ഒന്ന് - ഭൂമിയുടെ ഖലീഫ മനുഷ്യനെ സൃഷ്ടിക്കുവാൻ അല്ലാഹു പദ്ധതിയിടുമ്പോൾ ആ കാര്യം ആദ്യമായി വാനലോകവുമായി പങ്കുവെക്കുന്നത് ഇങ്ങനെയാണ്: 'ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണ്' (വി. ഖു. 2:30). ഈ ചർച്ചയിൽ നിന്ന് മനുഷ്യൻ ഭൂമിക്ക് വേണ്ടിയുള്ള അല്ലാഹുവിൻ്റെ പ്രതിനിധിയാണ് എന്നും മനുഷ്യന് തൻ്റെ പ്രാധിനിത്യ ചുമതലകൾ വഹിക്കാനും നിർവഹിക്കാനുമുള്ള ഇടം ഭൂമി എന്ന ഗ്രഹമാണ് എന്നും അനായാസം മനസ്സിലാക്കാം. ഈ ആമുഖം സ്ഥാപിക്കപ്പെടുന്നതോടുകൂടി വിഷയം ചില വിശാലതകളിലേക്ക് കടക്കുന്നുണ്ട്. തൻ്റെ പ്രതിനിധി എന്ന നിലക്ക് താൻ നിർദ്ദേശിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ പര്യാപ്തമാകും വിധം സൃഷ്ടാവ് ഭൂമിയെ പാകപ്പെടുത്തി വെച്ചിട്ടുണ്ടോ?, ആ ആവാസ വ്യവസ്ഥകൾ സ്ഥിരമായി നിൽക്കുന്നവയാണോ?, അങ്ങനെയല്ലെങ്കിൽ ആവാസ വ്യവസ്ഥയെ പരിചരിക്കുവാൻ മനുഷ്യൻ എന്ന പ്രതിനിധിക്ക് ബാധ്യതയുണ്ടോ?, ഉണ്ടെങ്കിൽ അതിനെന്തെല്ലാമാണ് മനുഷ്യൻ എന്ന പ്രതിനിധി പാലിക്കേണ്ടത്? തുടങ്ങിയ ഒരുപാട് ചോദ്യങ്ങളുടെ വിശാലതകളിലേക്ക്. ഇത്തരം ചോദ്യങ്ങളുടെ വ്യക്തമായ ഉത്തരമാണ് ആവാസ വ്യവസ്ഥയെ കുറിച്ചുള്ള സത്യവിശ്വാസികളുടെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനം. വസ്തുത, തന്റെ പ്രതിനിധിക്ക് വേണ്ടി അല്ലാഹു ഭൂമിയെ പാകപ്പെടുത്തുകയും ഭൂമിക്ക് വേണ്ടി പ്രതിനിധിയെ പാകപ്പെടുത്തുകയും ചെയ്തു എന്നതാണ്. അതു ഗ്രഹിക്കുവാൻ നാം തെല്ല് വിശദമായി തന്നെ വിഷയത്തിലേക്ക് കടക്കേണ്ടതുണ്ട്. ഇതിൽ ആദ്യം പറയാനുള്ളത് ഈ പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവ് പ്രപഞ്ചം എന്ന വാക്കിൻ്റെ അർത്ഥത്തോട് പോലും നീതി പുലർത്താത്ത അത്ര ചെറുതാണ് എന്നാണ്. കാരണം പ്രപഞ്ചത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ ശ്രദ്ധയിലും അറിവിലും ഇതുവരെ പെട്ടിട്ടുള്ളൂ. അറിഞ്ഞതിനേക്കാൾ എത്രയോ വലുതാണ് ഈ പ്രപഞ്ചം. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവ് സൗരയൂഥം എന്ന സൂര്യനെയും അതിനെ വലം ചെയ്തു നിൽക്കുന്ന ഏതാനും ഗ്രഹങ്ങളെയും ചുറ്റിപ്പറ്റിയുള്ളത് മാത്രമാണ്. സൂര്യനുചുറ്റും പ്രത്യേക അകലത്തിലുള്ള ഭ്രമണപഥങ്ങളിൽ ചരിച്ചു കൊണ്ടിരിക്കുന്ന ഏതാനും ഗ്രഹങ്ങളും നിരവധി ആകാശഗോളങ്ങളും ഉണ്ട്. സൗരയൂഥത്തിലെ ഗ്രഹങ്ങൾ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നിവയാണ്. അവയിൽ തന്നെ പ്ലൂട്ടോയെ കുറിച്ച് അതു ഗ്രഹമാണെന്നും അല്ല വെറും ഒരു കുള്ളൻ ഗ്രഹമാണ് എന്നും പുതിയ അഭിപ്രായങ്ങൾ വന്നിട്ടുമുണ്ട്. സൂര്യനും അതിനെ കേന്ദ്രീകരിച്ച് നിൽക്കുന്ന ഈ ഗ്രഹങ്ങളും ചേർന്നതിനെയാണ് സൗരയൂഥം എന്ന് വിളിക്കുന്നത്. സൗരയൂഥത്തിലും ഗ്രഹങ്ങളിലും എണ്ണമറ്റ നക്ഷത്രങ്ങളുണ്ടെന്നും അനുമാനിക്കപ്പെടുന്നു. ഇവയെല്ലാം ചേർന്നതാവട്ടെ ക്ഷീരപഥം എന്ന മറ്റൊരു അഭൗമ ലോകത്തിൻ്റെ ഭാഗവുമാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമൊന്നുമല്ല മനുഷ്യനുവേണ്ടി അല്ലാഹു തയ്യാറാക്കിവെച്ച ഭൂമി. അപ്രകാരം തന്നെ സൂര്യനോട് കൂട്ടത്തിൽ ഏറ്റവും അടുത്തു നിൽക്കുന്നതോ ഏറ്റവും അകന്നു നിൽക്കുന്നതോ ആയ ഗ്രഹവുമല്ല അത്. സൂര്യനില്‍ നിന്ന് ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. സൂര്യനില്‍ നിന്ന് ശനിയിലേക്കുള്ള അകലം 88 കോടി 72 ലക്ഷം മൈല്‍ ആണ് എന്ന് പറയപ്പെടുന്നു. ശനി കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ളത് വ്യഴമാണ്. സൂര്യനില്‍ നിന്ന് 49 കോടി 39 ലക്ഷം മൈല്‍ അകലെ വ്യാഴം സ്ഥിതി ചെയ്യുന്നു. ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെയാണ് ഭൂമിയുടെ സ്ഥാനം. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം 9 കോടി 30 ലക്ഷം മൈല്‍ ആണ്. എന്നു പറഞ്ഞാൽ ഗ്രഹങ്ങളുടെ ഇടയിൽ നിൽക്കുന്ന സാധാരണമായ ഒന്നു മാത്രമാണ് ഭൂമി. അതിനാൽ ഭൂമിക്ക് എന്തു സവിശേഷതയുണ്ട് എങ്കിലും അത് സ്വാഭാവികമായി വന്നുചേർന്നതായിരിക്കാം എന്നു വാദിക്കാൻ തരമില്ല. കൂട്ടത്തിൽ ഏതെങ്കിലും ഒന്നിനു മാത്രം ഒരു പ്രത്യേകത കൈവരുന്നുണ്ടെങ്കിൽ അത് പ്രത്യേകമായി നൽകപ്പെട്ടതാണ് എന്നേ ഏത് ബുദ്ധിയും പറയൂ. അകാരണമായ ഒരു പ്രത്യേകത ഒന്നിന് കൈവരുമ്പോൾ അത് അതിൻ്റെ കർത്താവിലേക്ക് വിരൽ ചൂണ്ടുക സ്വാഭാവികമാണ്. അതിനാൽ മറ്റൊരു ഗ്രഹത്തിനുമില്ലാത്ത ചില പ്രത്യേകതകൾ ഈ ഗ്രഹത്തിന് മാത്രം ലഭിച്ചു എന്നതിൽ നിന്ന് സൃഷ്ടാവ് മനുഷ്യൻ എന്ന തൻ്റെ പ്രതിനിധിക്കുവേണ്ടി ഈ ഗ്രഹത്തെ ഒരുക്കി എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.