അല്ലാഹു ഒരുക്കി വെച്ചത്.. (2-4) 29-10-2024 Share this Article WhatsApp Facebook രണ്ട് - ഒരുക്കി വെച്ചത്.. ഇനി എന്തൊക്കെയാണ് സൃഷ്ടാവ് തൻറെ പ്രതിനിധിക്കുവേണ്ടി ഈ ഭൂമിയിൽ ഒരുക്കി വെച്ചത് എന്ന് നോക്കാം. അവ ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ സൗരയൂഥത്തിൽ ഭൂമി എന്ന ഈ ഗ്രഹത്തിനു മാത്രം സ്വാഭാവികമായ മനുഷ്യവാസത്തിന് അനുഗുണമായ ആവാസ വ്യവസ്ഥ നൽകി എന്നതാണ്. മറ്റു ഗ്രഹങ്ങളിൽ ഒന്നും മനുഷ്യന് അധിവസിക്കുവാൻ പറ്റുന്ന വിധത്തിലുള്ള ആവാസ വ്യവസ്ഥിതി ഇല്ല എന്നത് എല്ലാവർക്കും അറിയാം. പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫസർ കെ ബാപ്പുട്ടി പറയുന്നു: 'എല്ലാ ഗ്രഹങ്ങളും ജീവനു താങ്ങാവില്ല. നമ്മുടെ സൗരയൂഥമെടുത്താൽ ഭൂമിയിൽ മാത്രമല്ലേ ജീവനുള്ളൂ. കാരണം ഇവിടെ മാത്രമേ ജലം ഒഴുകുന്ന അവസ്ഥയിലുള്ളൂ. സൂര്യനടുത്തേക്കു പോകുന്തോറും ജലം ആവി ആയിപ്പോകും. അകലേക്കു പോയാലോ, ഐസ് ആയും മാറും. രണ്ടായാലും ജീവനു സാധ്യത ഇല്ല. ഭൂമിയുടെ ഇപ്പോഴുള്ള പഥത്തിന് അപ്പുറവും ഇപ്പുറവുമായി ഏതാനും കോടി കിലോമീറ്റർ ദൂരം വരെ മാത്രമേ ജലത്തിന് ഒഴുകാൻ അനുയോജ്യമായ താപനില ലഭ്യമാകൂ. ഈ മേഖലയെ നമ്മൾ സൂര്യന്റെ ജീവയോഗ്യ മേഖല (habitable zone) എന്നു വിളിക്കും. എല്ലാ ഒറ്റ നക്ഷത്രങ്ങൾക്കും ഇതുപോലെ ഒരു ജീവയോഗ്യ മേഖല ഉണ്ടാകും. ഒരു നക്ഷത്രം പുറം തള്ളുന്ന ഊർജമാണ് ജീവ യോഗ്യ മേഖല എത്ര അകലെയായിരിക്കും എന്നു തീരുമാനിക്കുക. ചൂടു കൂടിയ നക്ഷത്രങ്ങൾക്ക് ജീവ യോഗ്യ മേഖല കൂടുതൽ അകലെ ആയിരിക്കും' (പ്രൊഫ. കെ പാപ്പുട്ടി / പരിണാമവും അന്യഗ്രഹജീവനും / (https://luca.co.in). ജീവൻ വികസിക്കുന്നതിനും നിലനിൽക്കുന്നതിനും ഒരു ഗ്രഹത്തിന് ഗുരുത്വാകർഷണം, പോഷകങ്ങൾ, ജലം, അന്തരീക്ഷം, ഊർജം (ഉദാ: സൂര്യൻ), വാസയോഗ്യമായ മേഖല, മിതമായ ചൂടും തണുപ്പും തുടങ്ങിയ പല ഘടകങ്ങളും അനിവാര്യമാണ് എന്നത് ശാസ്ത്രത്തിൻ്റെ പ്രാഥമിക പക്ഷമാണ്. അതൊന്നും ഭൂമിയിലുള്ളതിനോളം കൃത്യമായ അളവിൽ മറ്റൊരു ഗ്രഹത്തിലും ഇല്ല. ശാസ്ത്ര വായനകളുടെ വെളിച്ചത്തിൽ തന്നെ ഈ ഭൂമി നാം അനുഭവിക്കുന്ന വിധത്തിൽ ഉണ്ടായതല്ല പിന്നീട് നടന്ന വിവിധ പ്രക്രിയകളെ തുടർന്ന് രൂപമെടുത്തതാണ് എന്നാണ്. ആ പ്രക്രിയയിൽ ആദ്യത്തേത് മഹാവിസ്ഫോടനം തന്നെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. 1930-കളിൽ ജോർജസ് ലെമൈറ്റർ ആണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. പൊട്ടിത്തെറിക്കുകയും വികസിക്കുകയും ചെയ്യുന്ന ഒരൊറ്റ ബിന്ദുവിൽ നിന്നോ അല്ലെങ്കിൽ ഏകത്വത്തിൽ നിന്നോ ആണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വികാസം സൂര്യൻ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ രൂപീകരണത്തിലേക്ക് നയിച്ചു എന്നദ്ദേഹം സ്ഥാപിച്ചു. സൂര്യൻ രൂപമെടുത്ത ശേഷം ബാക്കി വന്ന ഖര-വാതക പടലങ്ങളിൽ നിന്നാണ് സൂര്യന് ചുറ്റും ഭ്രമണം നടത്തുന്ന മറ്റു എട്ടു ഗ്രഹങ്ങളും രൂപമെടുത്തത് എന്നാണ് ശാസ്ത്ര നിഗമനം. രൂപമെടുത്ത കാലത്ത് ഭൂമി ഇങ്ങനെ സുന്ദരമായ വിധത്തിൽ, മനുഷ്യനു വസിക്കാൻ പറ്റിയ രൂപത്തിൽ ആയിരുന്നില്ല. കാലാന്തരത്തിൽ പരിണമിച്ചു ഇങ്ങനെ ആയതാണ്. ഇതു പറയുമ്പോഴും നാം കാണേണ്ട കാര്യം ഇത്തരത്തിലുള്ള പരിണാമങ്ങൾ ഭൂമിയല്ലാത്ത മറ്റു ഏഴു വലിയ ഗ്രഹങ്ങൾക്കും സംഭവിച്ചില്ല എന്നതാണ്. അവയൊക്കെയും രൂപമെടുത്ത കാലത്തും ഇപ്പോഴും മനുഷ്യനു വസിക്കാൻ പറ്റാത്ത രൂപത്തിലാണ് ഉള്ളത്. അപ്പോൾ ഭൂമിക്ക് ഇവ്വിധം പരിണാമം സംഭവിച്ചത് മനുഷ്യനു വേണ്ടിയാണ് എന്ന് പറയുന്നതിൽ പിശകില്ല. ഈ പരിണാമ പ്രക്രിയകളെ വിശ്വാസി കാണുന്നതും ഉൾക്കൊള്ളുന്നതും അല്ലാഹു അവൻ്റെ പ്രതിനിധിക്ക് വേണ്ടി ഭൂമി എന്ന ഈ സ്ഥലത്തെ തയ്യാറാക്കുന്നതായിട്ടാണ്. അല്ലാഹു പറയുന്നു: "ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന വാഹനത്തിലും ആകാശത്തുനിന്നു അല്ലാഹു മഴ ചൊരിഞ്ഞിട്ട് നിർജ്ജീവാവസ്ഥക്ക് ശേഷം അവൻ ഭൂമിക്ക് ജീവൻ നൽകിയതിലും ഭൂമിയിൽ എല്ലാതരം ജന്തു വർഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ക്രമത്തിലും ആകാശത്തിനും ഭൂമിക്കും ഇടയിലായി നിയന്ത്രിച്ചു നിർത്തപ്പെടുന്ന മേഘത്തിലും യുക്തി പ്രയോഗിക്കുന്ന ജനത്തിന് പല തെളിവുകളും ഉണ്ട്, തീർച്ച" (ഖുർആൻ 2:164). ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ച് ഈ വിധത്തിൽ സംഗ്രഹിച്ച് പറയുന്ന കാര്യങ്ങൾ നമ്മുടെ കൺമുമ്പിൽ ഓരോന്നായി നമുക്ക് പെറുക്കിയെടുക്കാൻ കഴിയുന്നവയാണ്. മനുഷ്യനു ജീവിക്കാൻ ജലം അത്യാവശ്യമാണ്. ഖര-വാതക-ദ്രാവക രൂപത്തിൽ ഭൂമിയിൽ കാണപ്പെടുന്ന പോലെ സുലഭമായ ജലം മറ്റൊരു ഗ്രഹത്തിലുമില്ല. തോടും തടാകവും പുഴയും കടലും മറ്റൊരു ഗ്രഹത്തിലുമില്ല. മനുഷ്യന് ജീവിക്കാൻ പറ്റിയ ചൂടും തണുപ്പും ഭൂമിയിലെ ഉള്ളൂ, മറ്റൊരു ഗ്രഹത്തിലുമില്ല. മഴയെന്ന പ്രതിഭാസം നാം ഭൂമിയിൽ മാത്രമാണ് കാണുന്നത്. മനുഷ്യനു വേവിച്ചുതിന്നാൻ പറ്റിയ മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളും ഭൂമിയിൽ അല്ലാതെ മറ്റൊരു ഗ്രഹത്തിലുമില്ല. മനുഷ്യനു അപകടകരമായ സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ തടഞ്ഞു നിറുത്തുവാൻ ഓസോൺ പാളിയുള്ളത് ഭൂമിക്ക് മുകളിൽ മാത്രമാണ്. ഇങ്ങനെ പ്രത്യേക മായുള്ളതും മറ്റു ഗ്രഹങ്ങൾക്ക് ഇല്ലാത്തതുമായ വിശേഷതകൾ അനവധിയാണ്. എത്ര ഉറപ്പോടു കൂടിയും ശ്രദ്ധയോടു കൂടിയുമാണ് തൻ്റെ പ്രതിനിധിക്കുവേണ്ടി സൃഷ്ടാവായ അല്ലാഹു ഭൂമിയെ ഒരുക്കി വെച്ചിരിക്കുന്നത് എന്നത് തികച്ചും കൗതുകകരം തന്നെയാണ്. ഈ വിഷയത്തിൽ നമ്മുടെ കരങ്ങളിൽ ഉള്ളത് പൊതുവായ ശാസ്ത്രീയ അറിവുകൾ ആണ്. പ്രപഞ്ചവും മനുഷ്യനും: ശാസ്ത്രപഠനങ്ങൾ എന്ന ഗ്രന്ഥത്തിൽ കെ. വേണു നൽകുന്ന വിവരണങ്ങളോടൊപ്പം തെല്ലു സഞ്ചരിക്കുമ്പോൾ നമുക്ക് അത് ബോധ്യമാകും. അദ്ദേഹം ഇങ്ങനെ പറയുന്നു. സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്നതെന്താണെന്ന് നമുക്കിന്നറിയാം. പക്ഷെ, നാമധിവസിക്കുന്ന ഭൂമിയുടെ ഉൾത്തലങ്ങളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂ. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള നമ്മുടെ ഊഹാപോഹങ്ങൾക്ക് നിദാനം മറ്റു ഗ്രഹങ്ങളുടെയും മറ്റും ഘടനയെക്കുറിച്ചുള്ള അറിവാണ്. വാസ്തവത്തിൽ സൗരയൂഥത്തിലെ ഏറ്റവും രഹസ്യമയനായ ഗ്രഹം ഭൂമിയാണെന്ന് പറയാം. ഭൂമിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഈ ഗോളത്തെക്കുറിച്ചുമാത്രം ചിന്തിച്ചാൽ പോരാ. അതിന് ചുറ്റുമുള്ള വിപുലമായ ആവരണം കൂടി നമ്മുടെ പഠനവിഷയമാകണം. ഭൂമിയെ അതിന്റെ ആവരണത്തിൽനിന്ന് വേർതിരിച്ച് നിറുത്തിക്കൂടാ. എന്തൊക്കെയാണതിന്റെ ആവരണത്തിലുള്ളത്? ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് 40,000-60,000 മൈലുകൾ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ കാന്തികമേഖലയാണ് പ്രധാനമായത്. അതുകഴിഞ്ഞാൽ പിന്നെ അയണുകൾ നിറഞ്ഞ അയണ-മണ്ഡലമാണ്. സ്ട്രാറ്റോസ്ഫിയർ അഥവാ സമതാപമണ്ഡലമാണടുത്തത്. നമ്മുടെ ബാഹ്യാന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ അവിടെ താപനില ഏറെക്കുറെ സമാനമായി നിലനില്ക്കുന്നു. അടുത്തത് ട്രോപോസ്ഫിയർ അഥവാ ക്ഷോഭമണ്ഡലമാണ്. ബാഹ്യാന്തരീക്ഷത്തിന്റെ ഈ കീഴ്പാളിയിൽ ഉയരം കൂടുംതോറും താപനില കുറയുന്നു. അദ്ദേഹത്തിൻ്റെ വിവരണം അനുസരിച്ച് ഇവിടെ നിന്നാണ് ജീവ മണ്ഡലം അഥവാ ലിത്തോസ്ഫിയർ ആരംഭിക്കുന്നത്. മനുഷ്യനെ അധിവസിക്കുവാൻ ഒരുക്കിയ ഭൂമിയിൽ അവൻ്റെ തലക്കു മുകളിൽ സൃഷ്ടാവ് ഏർപ്പെടുത്തിയ സംരക്ഷണത്തിൻ്റെ അടുക്കുകളാണ് ഇവയെല്ലാം എന്ന് നമുക്ക് മനസ്സിലാക്കാം. തുടർന്ന് അദ്ദേഹത്തിൻ്റെ വിവരണം മനുഷ്യൻ്റെ അധിവാസ മേഖലയുടെ കാൽ ചുവട്ടിലേക്ക് കടക്കുകയാണ്. അദ്ദേഹം പറയുന്നു: ഈ ബാഹ്യാവരണത്തിനുള്ളിലുള്ള ഭൂമിയുടെ ഘടനയെന്താണെന്നു നോക്കാം. ഏതാണ്ട് ഇരുപതുമൈൽ കനത്തിലുള്ള ഒരു പുറംതോടാണ് ഈ ഗോളത്തിന്റെ ഏറ്റവും പുറത്തുള്ളത്. ഭൂമിയെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ വെറുമൊരു ആപ്പിൾതൊലിയുടെ കനമേ ഈ പുറംതോടിനുള്ളു. സമുദ്രങ്ങളുടെ അടിത്തട്ടിൽ ഈ പുറംതോട് അത്യന്തം നേർത്തതാണ്. ഇതിനു കീഴെയായി വളരെയധികം കട്ടിയുള്ള ഒരു പടലവും അതിനുള്ളിൽ അതിവിപുലമായ ഒരു കേന്ദ്രമേഖലയും സ്ഥിതിചെയ്യുന്നു. സീസ്മോളജി അനുസരിച്ചുള്ള പഠന നിരീക്ഷണങ്ങൾ പ്രകാരം ഭൂമിയുടെ ആന്തരികഘടനയിൽ ആകെയുള്ള 4000 മൈലിൻ്റെ ഭൂമിയുടെ വ്യാസാർദ്ധത്തിൽ പുറത്തുനിന്ന് 1800 മൈൽ കഴിഞ്ഞാൽ കേന്ദ്രമേഖല ആരംഭിക്കുന്നു. ഈ 1800 മൈലിൽ പുറംതോടിന്റെ ഏതാനും മൈലുകൾ കഴിച്ചുള്ള ഭാഗം മധ്യപടലമാണ്. ആ നിലയ്ക്കു പുറംതോടൊഴികെയുള്ള ഭൂമിയുടെ ഘടനയെ മൂന്ന് അടുക്കുകളായി തിരിക്കാം. പുറംതോടിന്റെ താഴത്തെ പരിധിയെ 'മഹറോവിസിക് വിഛിന്നത' എന്നാണു വിളിക്കുന്നത്. ഇതിനു താഴെയുള്ള 1800 മൈൽ കട്ടിയിലുള്ള മധ്യപടലം പാറകൾകൊണ്ടു നിർമ്മിതമാണ്. ഇത് ഉള്ളിലുള്ള കേന്ദ്രമേഖലയെ ആവരണം ചെയ്തുകൊണ്ട് സ്ഥിതിചെയ്യുന്നു. കേന്ദ്രമേഖലയിലെ ബാഹ്യഭാഗം ദ്രാവകാവസ്ഥയിൽ അഥവാ ഉരുകിയ അവസ്ഥയിലാണു സ്ഥിതിചെയ്യുന്നത്. അതേസമയം ആന്തരികതലം ഏറെക്കുറെ ഉറച്ചു കട്ടിയായതുമാണ്. ഏറ്റവും ആന്തരിക തലത്തിലുള്ളത് അധികപക്ഷവും ഇരുമ്പായിരിക്കാനാണു സാധ്യത. അവിടെ നിലനില്ക്കുന്ന അപാരമായ മർദ്ദത്തിൽ അതു ഘനീഭവിക്കാൻ നിർബദ്ധമാണ്. (കെ വേണു / പ്രപഞ്ചവും മനുഷ്യനും: ശാസ്ത്രപഠനങ്ങൾ / ഉദയ, പൂണൽ). ഭൂമിക്ക് കുട പിടിച്ചുനിൽക്കുന്ന ബാഹ്യ ആവരണങ്ങളുടെ സുരക്ഷയെക്കാൾ വലിയ സുരക്ഷയാണ് സൃഷ്ടാവ് തൻ്റെ പ്രതിനിധിക്കുവേണ്ടി കാൽച്ചുവട്ടിൽ ഒരുക്കി വെച്ചിരിക്കുന്നത് എന്ന് ചുരുക്കം. നല്ല ബലവും നല്ല ഉറപ്പും ഉള്ള തരത്തിലാണ് ഭൂമി എന്ന ഗ്രഹത്തെ അവൻ തന്റെ പ്രതിനിധിക്കുവേണ്ടി തയ്യാറാക്കി വച്ചിരിക്കുന്നത്. മൂന്ന് - സമാനമൂലകങ്ങൾ ചേർത്ത് ഭൂമിയെയും മനുഷ്യനെയും സൃഷ്ടാവ് പരസ്പരം ചേർത്ത് ഇണക്കിത്തുടങ്ങുന്നത് രണ്ടിലെയും മൂലകങ്ങളെ ഇണക്കിക്കൊണ്ടായിരിക്കും. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് പഞ്ചഭൂതങ്ങളാണ് എന്ന് പറയാറുണ്ട്. വായു, വെള്ളം, തീ, മണ്ണ്, പ്രകാശം(ആകാശം) എന്നിവയാണ് പഞ്ചഭൂതങ്ങൾ. ഇവ മനുഷ്യൻ്റെ ശരീരത്തിലും ഉണ്ട് എന്നതാണ് കൗതുകം. നമ്മുടെ ശരീരത്തിന്റെ സജീവത നിലനിർത്തുന്ന ഓക്സിജനാണ് വായു. വായുവിന്റെ അളവ് കൃത്യമാകുമ്പോഴാണ് നമ്മുടെ ആരോഗ്യം കൃത്യതയോടെ നിലനിൽക്കുന്നത്. മാത്രമല്ല, വായുവാണ് മനുഷ്യനെ ചലിപ്പിക്കുന്നതും അവന്റെ ശരീരത്തിന്റെ പ്രവർത്തനത്തിനുള്ള ഊർജ്ജം പോലെ പ്രവർത്തിക്കുന്നതും. വായുവിന്റെ ബലത്തിലാണ് മനുഷ്യൻ ഭാരങ്ങൾ ചുമക്കുന്നതും സമാനമായ പ്രവർത്തികൾ ചെയ്യുന്നതും. രണ്ടാമത്തേതായ വെള്ളം നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ശരീര ഭാരത്തിന്റെ പകുതിയിലധികവും രക്തങ്ങളും സ്രവങ്ങളും എല്ലാം അടങ്ങുന്ന ജലാംശമാണ്. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ മുഴുവൻ നിലനിൽപ്പ് തന്നെ അതിനെ വകഞ്ഞു നിൽക്കുന്ന ജലാംശത്തിന്റെ സ്വാധീനത്തിലാണ് എന്നത് ഒരു സത്യമാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് ഒരുപാട് തരം രോഗങ്ങളുടെ കാരണമാണ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മൂന്നാമത്തേത് അഗ്നിയാണ്. അത് ഒന്നാമതായി നമ്മുടെ ശരീരത്തിന് താപനില ഉറപ്പുവരുത്തുന്നു. നമ്മുടെ ശരീരം ഒരു പ്രത്യേക താപനില നിലനിർത്തുന്നത് കൊണ്ടാണ് അതിനുള്ളിലുള്ള സ്രവങ്ങൾ കേടുവരാത്തതും മാംസങ്ങൾ അഴുകാത്തതും. ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉടനെ ശരീരം തണുത്തുറഞ്ഞു പോകുന്നതും അധികം വൈകാതെ ശരീരം അഴുകുന്നതും ആ താപനില ഇല്ലാത്തതു കാരണത്താലാണ്. അഗ്നി എന്ന ഈ മൂലകമാണ് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് സഹായകമാകുന്നത്. ദഹനം എന്നു പറഞ്ഞാൽ തന്നെ കത്തിക്കൽ എന്നാണ് അർത്ഥം. നമ്മുടെ ശരീരം സ്വീകരിക്കുന്ന ആഹാരങ്ങളെ ദഹിപ്പിച്ച് ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നത് ശരീരത്തിൽ അഗ്നിയുടെ സ്വാധീനം ഉണ്ടായതുകൊണ്ടാണ്. നാലാമത്തേത് ഭൂമിയാണ്. മണ്ണ് എന്നാണ് ഇതിൻ്റെ വിവക്ഷ. നമ്മുടെ ശരീരത്തെ പ്രത്യേക ആകൃതിയിൽ നിലനിർത്തുന്നത് ശരീരത്തിലെ എല്ലുകളും പല്ലുകളും തുടങ്ങി ബലമുള്ള ഘടകങ്ങളാണ്. അവ ഓരോന്നും ഈ മൂലകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതില്ലാതെ വന്നാൽ ശരീരത്തിലെ മാംസപേശികൾക്ക് മാത്രം ആരോഗ്യത്തെ സംഭരിച്ചുവെക്കാനോ ഉപയോഗിക്കുവാനോ കഴിയാതെ വരും. പഞ്ചഭൂതങ്ങളിൽ അഞ്ചാമത്തെതായ ആകാശമാകട്ടെ മനുഷ്യന്റെ മനസ്സ്, ബുദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് അതുകൊണ്ടുതന്നെ അവ അനന്തമാണ്. ഓരോ ഭൂതത്തെയും പ്രതിനിധാനം ചെയ്യുന്ന അവയവങ്ങൾ കൂടി ഉണ്ട് എന്നാണ് ചില ആത്മീയ ശാസ്ത്രങ്ങൾ പറയുന്നത്. കാത് ആകാശത്തിന്റെ പ്രതിരൂപമാകുന്നു. കാരണം ആകാശം പ്രപഞ്ച ശബ്ദങ്ങളുടെ മാധ്യമം ആകുന്നു. പ്രപഞ്ചത്തിലെ തരംഗങ്ങളെ ശരീരത്തിൽ സന്നിവേശിപ്പിക്കാൻ കാതു കൂടാതെ പറ്റില്ല. തൊലി വായുവിന്റെ പ്രതിരൂപമാകുന്നു. മന്ദമാരുതന്റെ സ്പർശം അറിയാൻ തൊലി തന്നെ വേണമല്ലോ. അന്തരീക്ഷത്തിലെ ചൂടും തണുപ്പും അറിയാനുള്ള മാധ്യമം തൊലിയാണ്. അന്തരീക്ഷവുമായി ശരീരം സംവദിക്കുന്നത് തൊലിയിലൂടെയാണ്. കണ്ണ് അഗ്നിയുടെ പ്രതിരൂപമാകുന്നു. കണ്ണിലൂടെ മാത്രമേ പ്രകാശത്തെ കാണാനാവൂ. കണ്ണിലൂടെ നമ്മുടെ ഉള്ളിലുള്ള പ്രകാശത്തെ നമുക്ക് മറ്റുള്ളവരിലേക്ക് പല രീതിയിൽ പ്രതിഫലിപ്പിക്കാനും സാദ്ധ്യമാകുന്നു. നാക്ക് ജലത്തിന്റെ പ്രതിരൂപമാണ്. ഉമിനീരില്ലാതെ നമുക്ക് രുചിച്ചു നോക്കാൻ പറ്റില്ല. മൂക്ക് ഭൂമി യുടെ പ്രതിരൂപമാകുന്നു. ഭൂമിയെ അഥവാ മണ്ണിനെ മണത്തു നമുക്ക് അറിയാൻ പറ്റുന്നു. മണ്ണിലെ പ്രതലത്തെ മൂക്കിന്റെ കിടപ്പിനെയും രൂപത്തെയും വളരെ അർത്ഥവത്തായ രീതിയിൽ താരതമ്യം ചെയ്യാം. വാസന നമ്മിൽ ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന പോലെ താമസിക്കുന്ന ഭൂമിയും നമ്മിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. (ഇ ടി മുഹമ്മദ് ബാഖവി / പ്രപഞ്ചവും മനുഷ്യനും / മിഡ്ഹിൽ ബുക്സ്), (കെ വേണുഗോപാലൻ /https://e-naaraayam.blogspot.com) നാല് - ഒരൽപ്പം ചരിഞ്ഞ്.. മനുഷ്യൻ്റെ മറ്റൊരു ജൈവികമായ സവിശേഷതയാണ് നിരന്തരമായ ചലനവും മാറ്റവും. കുറേ സമയം ഒരേപോലെ ഇരിക്കുവാനോ നിൽക്കുവാനോ അവനു കഴിയില്ല. കുറച്ചു കഴിഞ്ഞാൽ ചെറുതായെങ്കിലും ഇളകുവാനോ നടക്കുവാനോ അവൻ ശ്രമിക്കും. അവനെ വലയം ചെയ്ത് നിൽക്കുന്ന അന്തരീക്ഷത്തോടുള്ള ബന്ധവും അങ്ങനെ തന്നെയാണ്. കുറച്ചുനേരം തണുപ്പിൽ ഇരിക്കുമ്പോൾ ഒന്ന് ചൂടാവണം എന്നവന് തോന്നും. ചൂടിൽ ഇരിക്കുമ്പോൾ ഒരല്പം തണുക്കണമെന്നും. വെറുമൊരു ശീലം, സ്വഭാവം എന്നൊന്നും വിളിക്കാവുന്ന കാര്യമല്ല ഇതൊന്നും. ഒരേ ഇരുപ്പിൽ ഇരിക്കുകയോ ഒരേ അവസ്ഥയിൽ നീണ്ടകാലം തുടരുകയോ ചെയ്താൽ അവൻ്റെ ശരീരത്തിന് രോഗം വരുന്നത് അതുകൊണ്ടാണ്. വെറും തണുപ്പിൽ ഇരിക്കുന്നവരെ വാതരോഗം പിടികൂടും. വെറും ചൂടിൽ ഇരിക്കുന്നവർക്ക് ആരോഗ്യക്ഷയം സംഭവിക്കുന്നു. ഈ ചൂടും തണുപ്പും അന്തരീക്ഷവുമെല്ലാം മനുഷ്യൻ്റെ സ്വഭാവത്തെയും മനോനിലയെയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ചൂടും തണുപ്പുമെല്ലാം വെറും ബാഹ്യമായ തൊലിപ്പുറത്തെ വിഷയങ്ങളും പ്രശ്നങ്ങളും അല്ല. മറിച്ച്, അവക്കെല്ലാം മനസ്സുമായും ബുദ്ധിയുമായുമെല്ലാം മുറിച്ചുമാറ്റാൻ ആവാത്ത ബന്ധമുണ്ട്. മനുഷ്യൻ്റെ സ്വഭാവം, പ്രകൃതം തുടങ്ങിയവയിൽ അവൻ ജീവിക്കുന്ന കാലാവസ്ഥയുടെ സ്വാധീനമുണ്ട് എന്നാണ്. വരണ്ട മരുഭൂമികളിൽ താമസിക്കുന്ന ജനങ്ങൾ പൊതുവേ പരുക്കൻ സ്വാഭാവികളായിരിക്കും. തിങ്ങിയ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ സ്വാർത്ഥരായിരിക്കും. മിത ശീതോഷ്ണ മേഖലകളിലൊന്നിൽ, തെല്ല് വിശാലമായ, നന്നായി കാറ്റും വെളിച്ചവും എല്ലാം ലഭിക്കുന്ന ഒരിടത്ത് താമസിക്കുന്നവർ അൽപ്പം മാനസിക വിശാലത ഉള്ളവരായിരിക്കും. അപവാദങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവേ കാണപ്പെടുന്ന പ്രകൃതങ്ങളാണ് ഇവയെല്ലാം. ഇത് വിവിധ കാലാവസ്ഥകളെ പ്രദാനം ചെയ്യുന്ന ഋതുക്കളുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തൻ്റെ പ്രതിനിധിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിനും സംതൃപ്തിക്കും വേണ്ടിയെന്നോണം അല്ലാഹു അവനുവേണ്ടി ഒരുക്കിയ ഭൂമിയെ ഒരല്പം ചെരിച്ചു വച്ചിരിക്കുന്നു എന്നതാണ് വലിയ അത്ഭുതം. മറ്റൊരു ഗ്രഹത്തിനും ഇല്ലാത്ത വിധം ഈ ചെരിവ് ഭൂമിക്കു മാത്രം എങ്ങനെ കൈവന്നു എന്നതിനെ ഈ ചരിവ് കാരണത്താൽ മനുഷ്യന് ഉണ്ടാകുന്ന ഋതുക്കൾ, കാലാവസ്ഥകൾ തുടങ്ങിയവയുമായി ചേർത്തുവെച്ച് ചിന്തിക്കുമ്പോഴാണ് അല്ലാഹുവിൻ്റെ ഈ അനുഗ്രഹം അടിമകൾക്ക് ബോധ്യമാവുക. ഇവിടെ മൂന്നു കാര്യങ്ങൾ നാം കാണേണ്ടതുണ്ട്. ഒന്ന്, മനുഷ്യൻ ജീവിക്കുന്ന ഭൂമി നിരന്തരമായി കറങ്ങിക്കൊണ്ടേയിരിക്കുന്നു. രണ്ട്, അത് അങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന അതിനാൽ സൂര്യനിൽ നിന്നുള്ള അനുഭവം നാലു ഋതുക്കളായി പകുക്കപ്പെടുന്നു. മൂന്ന്, ഇത് മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും അനുകൂലമായി സ്വാധീനിക്കുന്നു. ഇതു മനസ്സിലാക്കാൻ നാം ആ പ്രക്രിയയെ ചെറുതായെങ്കിലും ഗ്രഹിക്കേണ്ടതുണ്ട്. ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു. ഭൂമിയില്‍ പകലും രാത്രിയും അനുഭവപ്പെടുന്നത് ഈ ഭ്രമണം മൂലമാണ്. ഭ്രമണ ഫലമായി രാത്രിയും പകലും, ഉദയവും അസ്തമയവും അനുഭവപ്പെടുന്നു. ഭൂമിക്കു ഒരു ഭ്രമണം പൂർത്തിയാക്കുവാൻ 23 മണിക്കൂറും 56 മിനിറ്റും 4 സെക്കന്റും സമയം വേണം. അഥവാ ഏകദേശം ഒരു ദിവസം. ഭൂമി ഇങ്ങനെ സാങ്കല്‍പിക അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം കറങ്ങിക്കൊണ്ടു തന്നെ സൂര്യനെ വലം വെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് പരിക്രമണം എന്നു പറയുന്നത്. ഈ പരിക്രമണ ഭ്രമണം ഫലമായിട്ടാണ് ഋതുക്കളും കാലാവസ്ഥ വ്യതിയാനങ്ങളും അനുഭവപ്പെടുന്നത്. ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് 365 ദിവസവും 6 മണിക്കൂറും 9 മിനിറ്റും 9 സെക്കന്റും സമയം വേണം. അതായത് ഏകദേശം ഒരു വർഷം സമയം. ശാസ്ത്രത്തിൻ്റെ വിശദീകരണമനുസരിച്ച് ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ് ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ് പതിക്കുന്നത്. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടാവട്ടെ എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടി നിൽക്കുകയായിരിക്കും. ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ് വരിക. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് അതുണ്ടാവുക. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില ഉണ്ടാവുക. ഇതിനെ തുടർന്ന് വസന്തം (Spring), ഗ്രീഷ്മം (Summer), ശരദ് (Autumn), ശിശിരം (Winter) എന്നിങ്ങനെ പ്രധാന നാലു കാല അനുഭവങ്ങൾ ഉണ്ടാകുന്നു. ഇവിടെ ഏറ്റവും ചിന്തനീയമായിട്ടുള്ളത് ഭൂമിക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഒരു ചെരിവ് ഉള്ളത് എന്നതാണ്. ബുധന്റെ അക്ഷം പരിക്രമണ അക്ഷത്തിന് സമാന്തരമാണ്. അതായത് ചരിവേ ഇല്ല. ശുക്രന്റെ ചരിവ് -2 ഡിഗ്രിയാണ്. വ്യാഴത്തിന്റേത് 3 ഡിഗ്രിയാണ്. അതിനാൽ അവിടെയൊന്നും ഋതുക്കൾ അനുഭവപ്പെടുകയേ ഇല്ല. എല്ലാ ദിവസവും ഒരുപോലെയായിരിക്കും. ഒരു വർഷം പൂർത്തിയായോ എന്നറിയാൻ പോലും അവിടങ്ങളിൽ ഒന്നും നക്ഷത്രം നോക്കുകല്ലാതെ യാതൊരു വഴിയുമില്ല വഴിയുമില്ല. ഭൂമിയും അങ്ങനെ ആയിരുന്നെങ്കിലോ? മാറിമാറി വരുന്ന വസന്തവും ഗ്രീഷ്മവും വർഷവും ശരത്തും ഹേമന്തവും ശിശിരവുമില്ല. ഭൂമിയുടെ ഒരു ഭാഗത്ത് എന്നും മഞ്ഞു വീഴും. മറ്റൊരു ഭാഗത്ത് എന്നും കടുത്ത വേനൽ തന്നെ. സസ്യങ്ങൾക്ക് വളരാൻ പറ്റിയ മിതശീതോഷ്ണ മേഖലയും കാണും. പക്ഷേ, സസ്യങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വസന്തവും ഫലം തരുന്ന ഗ്രീഷ്മവും വേറെവേറെ കാണില്ല. പ്രകൃതിക്ക് താളമേ ഇല്ല. ജീവികൾക്ക് ഒന്നിനുവേണ്ടിയും മുൻകൂട്ടി ഒരുക്കം നടത്തേണ്ട. മഴക്കാലത്തിനു മുമ്പ് ഭക്ഷണം ശേഖരിക്കേണ്ട, കൊടും തണുപ്പിനു മുമ്പു ദേശാടനത്തിന് ഇറങ്ങിത്തിരിക്കേണ്ട. പ്രകൃതിയുടെ വെല്ലുവിളികൾ ഒന്നുമില്ല. തലച്ചോറിന്റെ പ്രവർത്തനം മിനിമം മതി. ഫലമോ, മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ഒരു ജീവി ഇത്തരം ഒരു സാഹചര്യത്തിൽ വികസിച്ചു വരില്ല. (പ്രൊഫ.കെ.പാപ്പൂട്ടി / 2023 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം / https://luca.co.in). ഈ ചെരിവിന്റെയും ഇതിനാൽ ഉണ്ടായിത്തീരുന്ന ഋതുക്കളുടെയും ഏറ്റവും വലിയ പ്രയോജനങ്ങളിൽ ഒന്നാണ് കാലഗണന. കാലം എന്നത് പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ്. ആ സത്യത്തെ വലം വെച്ചുകൊണ്ടാണ് എല്ലാ ആദർശങ്ങളും സ്ഥാപിക്കപ്പെടുകയും മുന്നോട്ടുപോവുകയും ചെയ്യുക. അതിനാൽ കാലഗണന അസാധ്യമാകുന്ന ഒരു സാഹചര്യം മനുഷ്യന് അചിന്തനീയമാണ്. സൃഷ്ടാവായ അല്ലാഹു അവൻ്റെ മഹാകാരുണ്യം കൊണ്ട് അതിനുള്ള വഴി കൂടി മനുഷ്യനു മുമ്പിൽ ഇവിടെ ഒരുക്കി വെച്ചിരിക്കുകയാണ് ഈ ചെരിവ് വഴി. അല്ലാഹു പറയുന്നു: 'സൂര്യനെ ജ്വലിക്കുന്ന വെളിച്ചവും ചന്ദ്രനെ പ്രഭയുമാക്കിയത് അവനാണ്. വര്‍ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കു ഗ്രഹിക്കാനായി അതിനവന്‍ വിവിധ സഞ്ചാര പഥങ്ങള്‍ അവൻ നിര്‍ണയിച്ചു. ന്യായമായ ആവശ്യാര്‍ത്ഥം മാത്രമേ അല്ലാഹു അവ സൃഷ്ടിച്ചിട്ടുള്ളൂ. വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്കായി അവന്‍ ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നു. രാപ്പകലുകള്‍ മാറി വരുന്നതിലും ഭുവന-വാനങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്' (യൂനുസ്: 5)