അന്തരീക്ഷം എന്ന അനുഗ്രഹം (5-7) 29-10-2024 Share this Article WhatsApp Facebook അഞ്ച് - അന്തരീക്ഷം എന്ന അനുഗ്രഹം മനുഷ്യന് ജീവിക്കുവാൻ അനുപേക്ഷണീയമായ അന്തരീക്ഷം ഭൂമിക്ക് മാത്രമേ ഉള്ളൂ. തൻ്റെ പ്രതിനിധിയായ മനുഷ്യൻ്റെ അധിവാസത്തിനുവേണ്ടി ഈ അന്തരീക്ഷത്തെ എത്ര സൂക്ഷ്മതയോടെയും കരുതലോടെയും ആണ് അവൻ ഒരുക്കി വെച്ചിരിക്കുന്നത് എന്നതു കാണുമ്പോൾ ഏതൊരു അടിമയും സുബ്ഹാനല്ലാഹ്.. എന്ന് പറഞ്ഞു പോകും. ജീവന്‍ നിലനില്‍ക്കുവാന്‍ തക്ക രീതിയില്‍ സംവിധാനിക്കപ്പെട്ട ഒരു അത്ഭുതമാണ് നമ്മുടെ അന്തരീക്ഷം. അത് ചുരുക്കത്തിൽ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. ഭൂമിയെ പൊതിഞ്ഞുനില്‍ക്കുന്ന ഏതാണ്ട് 400 കിലോമീറ്റര്‍ മൊത്തം കനം വരുന്ന വാതകപാളികളാണ് മൊത്തം അന്തരീക്ഷത്തിന്റെ ഘടകഭാഗങ്ങള്‍. ഇതിനെ പ്രധാനമായും നാലു പാളികളായി വിഭജിച്ചിരിക്കുന്നു. ട്രോപ്പോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മെസോസ്ഫിയര്‍, അയണോസ്ഫിയര്‍ എന്നിവയാണ് നാലു പാളികള്‍. ഭൂമിയുടെ ഉപരിതലത്തോട് തൊട്ടുകിടക്കുന്ന അന്തരീക്ഷ പാളിയാണ് ട്രോപ്പോസ്ഫിയര്‍. ഇതിലാണ് പ്രധാനമായും ജീവൻ നിലനിൽക്കുന്നത്. ഈ പാളിക്ക് ഏകദേശം 15 കിലോമീറ്റര്‍ കനമുണ്ട്. അന്തരീക്ഷ വായുവിന്റെ ചാക്രിക ചലനങ്ങള്‍ നടക്കുന്നതും കാലാവസ്ഥ നിര്‍ണയിക്കപ്പെടുന്നതും ഈ പാളിയില്‍ വെച്ചാണ്. ഇതിനു തൊട്ടു മുകളിലായുള്ള അന്തരീക്ഷപാളിയാണ് സ്ട്രാറ്റോസ്ഫിയര്‍. ഇതിന് 35 കിലോമീറ്ററോളം കനമുണ്ട്. ഈ പാളിക്കുമുകളിലായി സ്ഥിതി ചെയ്യുന്ന, ഏകദേശം 30 കിലോമീറ്റര്‍ കന മുള്ള അന്തരീക്ഷ പാളിയാണ് മെസോസ്ഫിയര്‍. ഇതിനും പുറത്തായാണ് അന്തരീക്ഷത്തിലെ ഏറ്റവും പുറത്തെ പാളിയായ അയണോ സ്ഫിയര്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 320 കിലോമീറ്റര്‍ കനമുള്ള ഈ പാളിയില്‍ പ്രധാനമായും നൈട്രജന്റെയും ഓക്‌സിജ ന്റെയും അയോണുകളാണുള്ളത്. ഈ നാല് പാളികളുടെയും ഘടനയുടെ പൊതുവായ രീതി പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുക ഏറ്റവും മുകളിൽ ഭാരമേറിയ പാളികൾ വെച്ച് താഴേക്ക് താഴേക്ക് ആ പാളികളെയും അതിലുള്ള ഘടകങ്ങളെയും നേർപ്പിച്ചു നേർപ്പിച്ചു കൊണ്ടുവന്ന് മനുഷ്യൻ്റെ ജീവന് അനുകൂലമാക്കി തീർക്കുന്ന അതിശയിപ്പിക്കുന്ന കാഴ്ചയാണ്. ഈ പാളികളുടെ അപ്പുറത്ത് സൂര്യനിൽ നിന്ന് നിന്നോ മറ്റോ വന്നേക്കാൻ സാധ്യതയുള്ള അപകടകാരികളായ ഘടകങ്ങളെ തടഞ്ഞുനിർത്താനുള്ള സംവിധാനങ്ങൾ വേറെയുമുണ്ട്. ഈ അന്തരീക്ഷത്തെ സൃഷ്ടാവ് നിറച്ചിരിക്കുന്നതാവട്ടെ തൻ്റെ പ്രതിനിധിയായ മനുഷ്യന് ജീവൻ നിലനിർത്തുവാൻ സഹായകമായ വാതകം കൊണ്ടാണ്. ഇത് അവൻ തന്റെ പ്രതിനിധിക്ക് വേണ്ടി ചെയ്ത മറ്റൊരു കാര്യം. നമ്മുടെ അന്തരീക്ഷത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് നൈട്രജനാണ്, മൊത്തം വായുവിന്റെ 78.08 ശതമാനം വരും ഇത്. നൈട്രജന്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ മാത്രമല്ല ജീവന്‍തന്നെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ശാസ്ത്രത്തിൻറെ നിഗമനം അനുസരിച്ച് ഭൂമിയിൽ ജീവൻ്റെ ഉത്ഭവം നടക്കുമ്പോൾ വായുമണ്ഡലത്തില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല. അപ്രകാരം തന്നെ ഓസോണ്‍ പാളിയും ഉണ്ടായിരുന്നില്ല. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങള്‍ നീരാവിയും, അമോണിയ, മീഥെയ്ന്‍, കാര്‍ബണ്‍ഡൈയോക്സൈഡ്, എന്നീ വാതകങ്ങളായിരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍, ഇടിമിന്നല്‍, അഗ്നിപര്‍വ്വതസ്ഫോടനം, ഉല്‍ക്കാപതനസമയത്തുണ്ടാകുന്ന ആഘാതതരംഗങ്ങള്‍ (Shock waves) എന്നിവയില്‍നിന്ന് ഊര്‍ജ്ജം സംഭരിച്ച് മേല്‍പ്പറഞ്ഞ ലഘുതന്മാത്രകള്‍ ചേര്‍ന്ന് കാര്‍ബണിക യൗഗികങ്ങള്‍, അമിനോ അമ്ലങ്ങള്‍, പഞ്ചസാരകള്‍, ക്ഷാരങ്ങള്‍, എന്നിവ ഉണ്ടായി എന്നാണ് ഒപാരിന്‍ – ഹാല്‍ഡേന്‍ സിദ്ധാന്തം. തുടര്‍ച്ചയായ പേമാരിയില്‍ ഇവയെല്ലാം സമുദ്രപ്പരപ്പുകളില്‍ എത്തുകയും തുടര്‍ന്നുണ്ടായ പോളിമറീകരണം വഴി പ്രൊട്ടീനുകളും ന്യൂക്ലിക് അമ്ലങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തു. ഈ പറയുന്ന വിശദാംശങ്ങളിലേക്ക് വിശുദ്ധ ഖുർആൻ വിരൽ ചൂണ്ടുന്നുണ്ട് എന്ന് ഈ വിഷയത്തിൽ താരതമ്യ പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതന്മാർ പറയുന്നുണ്ട്. ആകാശഭൂമികൾ രൂപപ്പെടുന്ന സമയത്ത് ഉണ്ടായിരുന്നത് വലിയ ഒരു സമുദ്ര നിരപ്പായിരുന്നു ഉണ്ടായിരുന്നത് എന്ന് വിശുദ്ധ ഖുർആൻ ഹൂദ് അധ്യായം ഏഴാം സൂക്തത്തിൽ നിന്ന് ഗ്രഹിക്കാം. അതിൽ അല്ലാഹു പറയുന്നു: 'ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഭുവന-വാനങ്ങള്‍ സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം ജലോപരിതലത്തിലായിരുന്നു'. (ഹൂദ്: 7). നൈട്രജൻ കഴിഞ്ഞാൽ പിന്നെ പ്രകൃതിയിൽ നിറച്ചിരിക്കുന്നത് ഓക്സിജനാണ്. ഭൂമിയിലെ ഓക്‌സിജൻ്റെ അളവ് 20.95 ശതമാനം വരും. ജന്തുക്കളെ സംബന്ധിച്ചിടത്തോളം ഓക്‌സിജന്റെ പ്രാധാന്യം പറയേണ്ടതില്ലാത്തവിധം വ്യക്തമാണ്. അവയുടെ ജീവവായുവാണ് ഓക്‌സിജന്‍. അതില്ലെങ്കില്‍ മനുഷ്യനടക്കമുള്ള ജീവികള്‍ക്കൊന്നും നിലനില്‍ക്കാനാവില്ല. ഇവിടെ സ്വാഭാവികമായും ഒരു സന്ദേഹം ഉയരാം. ജീവികൾക്ക് അവരുടെ ജീവൻ നിലനിർത്തുവാൻ വേണ്ടത് ഓക്സിജൻ ആണ് എന്നിട്ടും എന്തുകൊണ്ടാണ് അത് വെറും അന്തരീക്ഷ വാതകങ്ങളിലെ അഞ്ചിൽ ഒന്ന് മാത്രമായത് എന്ന സന്ദേഹം. ആ സംശയത്തെ പിന്തുടർന്ന് പോകുമ്പോഴും സൃഷ്ടാവായ അല്ലാഹു തൻ്റെ അടിമകൾക്ക് വേണ്ടി ഈ ഭൂമിയിൽ ചെയ്തു വെച്ച മറ്റൊരു അനുഗ്രഹം കാണാൻ കഴിയും. അതു മറ്റൊന്നുമല്ല ഓക്സിജന്റേത് കത്തുവാൻ സഹായിക്കുന്ന പ്രകൃതമാണ്. കത്തിപ്പിടിക്കുന്ന വാതകമാണ് ഓക്സിജൻ. അതിനാൽ ഓക്സിജന്റെ അളവ് കൂടിപ്പോയാൽ നിരന്തരമായ അഗ്നിബാധയായിരിക്കും അതിന്റെ ഫലം. അങ്ങനെ വരുമ്പോൾ സമാധാനഭദ്രമായ മനുഷ്യജീവിതം അസാധ്യമായി വരും. അതുകൊണ്ടാവാം അല്ലാഹു ജീവന്‍ നിലനില്‍ക്കുവാനാവശ്യമായിരുന്നിട്ടും ഓക്‌സിജന്റെ അളവ് അന്തരീക്ഷ വായുവിന്റെ അഞ്ചിലൊന്നാക്കി ചുരുക്കിയത്. മാത്രമല്ല, അന്തരീക്ഷവായുവിന്റെ മുക്കാല്‍ ഭാഗത്തിലധികം വരുന്ന നൈട്രജന്‍, കത്താന്‍ സഹായിക്കുന്ന ഓക്‌സിജനെ സദാ നേര്‍പ്പിച്ചുകൊണ്ട് ഓക്സിജന്റെ കാരണത്താൽ ഉണ്ടാകുന്ന അഗ്നിബാധയില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നു. ഇത് നൈട്രജന്റെ ഒരു പ്രവർത്തനം മാത്രമാണ്. പ്രകൃതിയിൽ സസ്യങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള വലിയ സഹായങ്ങൾ ഉണ്ടാകുന്നത് നൈട്രജനിലൂടെയാണ്. നൈട്രജൻ ഇല്ല എങ്കിൽ സസ്യങ്ങളിൽ പ്രകാശ സംശ്ലേഷണം കൃത്യമായി നടക്കുകയില്ല. അന്തരീക്ഷത്തിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കാർബൺഡയോക്സൈഡിൻ്റെ കാര്യവും അങ്ങനെ തന്നെയാണ്. അന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ മാത്രമാണ് ഇത് ഉള്ളത്. പക്ഷേ ഇതുണ്ടായത് കൊണ്ടാണ് സസ്യങ്ങൾ നിലനിൽക്കുന്നതും വളരുന്നതും. സസ്യങ്ങള്‍ ഭക്ഷണത്തിനു വേണ്ടി വലിച്ചെടുക്കുന്ന വാതകമാണ് കാര്‍ബണ്‍ ഡയോക്‌സൈഡ്. ഈ വാതകമില്ലെങ്കില്‍ സസ്യങ്ങള്‍ക്ക് പ്രകാശസംശ്ലേഷണം നടത്താനും നിലനില്‍ക്കാനുമാവില്ല. ഇതുകൂടാതെ ഭൂമിയില്‍ ആവശ്യമായ ഊഷ്മാവ് നിലനിര്‍ത്തുന്നതിലും കാര്‍ബണ്‍ ഡയോക്‌സൈഡ് കാര്യമായ പങ്കുവഹിക്കുന്നുണ്ട്. മനുഷ്യൻ്റെ ശരീരം പോലെ നമ്മുടെ ഭൂമിക്കും ഒരു പ്രത്യേക അളവിലുള്ള താപനില അനിവാര്യമാണ്. അത് കൂടാതെയും കുറയാതെയും സംരക്ഷിക്കപ്പെടുമ്പോഴാണ് ഭൂമിയുടെ ആരോഗ്യം നിലനിൽക്കുക. ഈ താപനില ഉറപ്പുവരുത്തുന്നതിൽ വലിയ പങ്കാളിത്തം വഹിക്കുന്നതാണ് കാർബൺഡൈഓക്സൈഡ്. സത്യത്തിൽ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹവാതകമാണ്. താപത്തെ ആഗിരണം ചെയ്യുകയും പിന്നീട് പുറത്ത് വിടുകയും ചെയ്യുന്ന ഒരു വാതകം. സൂര്യപ്രകാശത്താലും, ഭൂമിയുടെ കര, കടല്‍ ഇവയില്‍ നിന്ന് പ്രതിഫലിക്കുന്ന താപ ഊര്‍ജ്ജത്താലും അത് ചൂടാകുന്നു. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള ഓക്സിജന്‍, നൈട്രജന്‍ തുടങ്ങിയ വാതകങ്ങളില്‍ നിന്ന് വിഭിന്നമായി ഹരിതഗൃഹവാതകങ്ങള്‍ താപത്തെ ആഗിരണം ചെയ്ത് സാവധാനം അത് പുറത്തേക്ക് വിടുന്നു. ഈ പ്രകൃതി ദത്തമായ ഹരിതഗൃഹ പ്രഭാവം ഇല്ലായിരുന്നെങ്കില്‍ ഭൂമിയുടെ ശരാശരി താപനില പൂജ്യത്തിന് താഴെയായിരുന്നേനെ. അങ്ങനെ വന്നാൽ ഭൂമി ജീവൻ നഷ്ടപ്പെട്ട ഒരു മഞ്ഞു കട്ടയായി മാറും. എന്നാല്‍ ഹരിതഗൃഹവാതകങ്ങള്‍ വര്‍ദ്ധിക്കുന്നതും അപകടമാണ്. അവ കൂടുതല്‍ ചൂടിനെ ഇവിടെ തടഞ്ഞു നിര്‍ത്തുകയും ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വളരെ പ്രാഥമികമായ ഈ വിവരണങ്ങൾ നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ഏറാതെയും കുറയാതെയും കൃത്യവും ശാസ്ത്രീയവുമായ ഒരു അളവിൽ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും സമീകരിച്ച് വെച്ചിരിക്കുകയാണ് സൃഷ്ടാവ് എന്നല്ലാതെ മറ്റൊന്നും അതിനെക്കുറിച്ച് പറയാൻ കഴിയില്ല. ആറ് - വെള്ളം എന്ന ജീവാമൃതം തന്റെ പ്രതിനിധിക്ക് വേണ്ടി അല്ലാഹു ഈ ഭൂമിയിൽ ഒരുക്കിവെച്ച ഏറ്റവും വലിയ മറ്റൊരു അനുഗ്രഹമാണ് വെള്ളം. വെള്ളത്തിലെ ഘടകങ്ങളെക്കുറിച്ചും ഭൂമിയിലെ അതിൻ്റെ അളവിനെക്കുറിച്ചും അതു ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഭൂമിയുടെ സന്തുലിതമായ നിലനിൽപ്പിൽ വെള്ളം വഹിക്കുന്ന പങ്കിനെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായ പഠനങ്ങൾ ഇന്ന് എമ്പാടും ലഭ്യമാണ്. അതെല്ലാം പക്ഷേ മനുഷ്യൻ്റെ കരങ്ങളിൽ ലഭിച്ച വെള്ളത്തെക്കുറിച്ച് മാത്രമാണ്. വെള്ളം ഉണ്ടാക്കുന്നതിനെ കുറിച്ചോ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചോ മറ്റോ അല്ല. വെള്ളത്തിലുള്ളത് ഹൈഡ്രജനും ഓക്സിജനും ആണ് എന്നത് എല്ലാവർക്കും അറിയാം. എന്നാൽ അവയെ കൂട്ടിച്ചേർത്തുകൊണ്ട് വെള്ളമുണ്ടാക്കാനുള്ള പ്രക്രിയ മനുഷ്യൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വെള്ളമില്ലാത്തതിൻ്റെ പേരിൽ നരകയാതന അനുഭവിക്കുന്ന ഈ ഭൂമിയിലെ പല ഭാഗങ്ങളിലും മനുഷ്യന്മാർ അതങ്ങനെ അനുഭവിച്ചു കൊണ്ടേയിരിക്കുകയാണ്. കടൽ വെള്ളത്തിൽ നിന്നും മലിനജലത്തിൽ നിന്നു മെല്ലാം കുടിവെള്ളം ഉണ്ടാക്കുവാൻ വിദ്യ മനുഷ്യൻ വികസിപ്പിച്ചിട്ടുണ്ട്. ഭൂഗർഭത്തിൽ കിടക്കുന്ന വെള്ളം കണ്ടുപിടിക്കാനും പുറത്തെത്തിക്കാനും മനുഷ്യൻ്റെ കയ്യിൽ അത്യന്താധുനിക വിദ്യകൾ ഉണ്ട്. അതേസമയം ഹൈഡ്രജനെയും ഓക്സിജനെയും കൂട്ടിക്കലർത്തി വെള്ളം ഉണ്ടാക്കാനുള്ള വിദ്യ ഇത്രയും പുരോഗതി പ്രാപിച്ചിട്ടും മനുഷ്യൻ്റെ കയ്യിൽ ഇല്ല. ചുരുക്കത്തിൽ അല്ലാഹുവിൻ്റെ മഹാദാനമാണ് ജലം എന്ന ജീവാമൃതം. അതില്ലാതെ ഭൂമിയിൽ ജീവിതം സാധ്യമേ അല്ല. മാത്രമല്ല, ഭൂമിയിലെ എല്ലാ വസ്തുക്കൾക്കും ഉണ്ടാകുവാനും നിലനിൽക്കുവാനും വളരുവാനും ജലം അനുപേക്ഷണീയവുമാണ്. അല്ലാഹു അതും പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'സര്‍വ ജീവവസ്തുക്കളെയും ജലത്തില്‍ നിന്ന് നാം സൃഷ്ടിച്ചു. എന്നിട്ടും അവര്‍ സത്യവിശ്വാസം കൈക്കൊള്ളുന്നില്ലേ?' (അമ്പിയാഅ്: 30) വെള്ളം അല്ലാഹുവിൻ്റെ മാത്രം ദാനമാണ് എന്ന് വിശുദ്ധ ഖുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?’ (അൽ ബഖറ:22) ഈ ആയത്തിൽ പറയുന്നത് കുടിവെള്ളത്തെ കുറിച്ചാണ്. ലോകത്ത് മൊത്തത്തിലുള്ള ജലം രണ്ടായി അടിസ്ഥാനപരമായി തന്നെ വിഭജിക്കപ്പെടുന്നു. കുടിവെള്ളവും അല്ലാത്ത വെള്ളവും. കുടിവെള്ളത്തെയും അല്ലാത്ത വെള്ളത്തെയും വെവ്വേറെയായി സൃഷ്ടാവ് നൽകുകയാണ് എന്നാണ് സൂചന. അല്ലാതെ ലോകത്തിന് ഒരു വെള്ളം നൽകുകയും ആ വെള്ളത്തിൽ നിന്ന് കുടിക്കാൻ വേണ്ടത് ഓരോരുത്തരും ശുദ്ധീകരിച്ചെടുത്ത് കുടിക്കുകയും ചെയ്യുക എന്നോ കുടിവെള്ളം തന്നെ എല്ലാ കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുക എന്നോ അല്ല ദൈവിക നയം. അങ്ങനെയായിരുന്നുവെങ്കിൽ ജലം മാത്രമേ ചിന്താവിഷയമാകൂ. ജലത്തിലെ അളവ്, പ്രയോജനം, ഗുണം തുടങ്ങി സൃഷ്ടാവ് വെച്ചിരിക്കുന്ന മറ്റ് അനേക ചിന്തകൾ ചിന്താമണ്ഡലത്തിലേക്ക് ആകർഷിക്കപ്പെടുകയില്ല. അവയെല്ലാം കൃത്യമായി ആകർഷിക്കപ്പെട്ടാൽ മാത്രമേ മനുഷ്യനിൽ അള്ളാഹു നിക്ഷേപിച്ചിരിക്കുന്ന ദാഹം എന്ന ത്വരയും വെള്ളം കൊണ്ടുള്ള അതിൻ്റെ ശമനവും ഒരു ചിന്താവിഷയമായി വരൂ. മനുഷ്യൻ്റെ വളരെ അടിസ്ഥാനപരമായ ആവശ്യത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാൽ കുടിവെള്ളത്തെ ഉപരിസൂചിത സൂക്തത്തിൽ അള്ളാഹു എടുത്തുപറഞ്ഞിരിക്കുന്നു. കുടിവെള്ളത്തിന്റെ ചിന്ത അതിൻ്റെ അളവിന്റെ കുറവിലാണ് പ്രധാനമായും കുടികൊള്ളുന്നത്. ലോകത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന വളരെ ചെറിയ ഒരു ശതമാനം മാത്രമേ കുടിക്കാൻ ഉപയുക്തമായ വെള്ളമായിട്ടുള്ളൂ. അത് സംബന്ധിച്ച ഒരു പഠനം ഇപ്രകാരമാണ്: ‘ഒരു ജലഗോളമായ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലര്‍ന്ന സമുദ്രജലമാണ്. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ഈ രണ്ടര ശതമാനം ശുദ്ധജലത്തിന്റെ 70 ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30 ശതമാനത്തിനടുത്ത് ഭൂഗര്‍ഭ ജലവും. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അര ശതമാനം മാത്രമാണ് നദികളിലും തടാകങ്ങളിലും തണ്ണീര്‍ത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു‘. (മാതൃഭൂമി ഇയര്‍ബുക്ക് 2015 പേജ് 325) തന്റെ ഖലീഫയായ മനുഷ്യന് അധിവസിക്കാനുള്ള ഭൂമിയിൽ അവനു വേണ്ട വെള്ളം ഒരുക്കിക്കൊടുത്തു എന്നിടത്ത് വെള്ളം എന്ന അധ്യായം നിൽക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല എന്നതാണ് അത്ഭുതം. അതിനെ അല്ലാഹു ഈ പ്രപഞ്ചത്തെ വലയം ചെയ്തു നിൽക്കുന്ന ഒരു ചക്രമാക്കി മാറ്റിയിരിക്കുന്നു എന്നതാണ്. അഥവാ ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിച്ച് വീണ്ടും വീണ്ടും മടങ്ങിവന്നു പ്രപഞ്ചത്തോടൊപ്പം ചലനാത്മകമായി നിലനിൽക്കുന്ന ഒരു മഹനീയ സാന്നിധ്യമാക്കി മാറ്റിയിരിക്കുന്നു. ആ ജലചക്രത്തിന്റെ ഏതാണ്ട് രൂപം ഇങ്ങനെയാണ്. ഭൂമിയിലെ കടലിലെയും ജലാശയങ്ങളിലെയും വെള്ളം നീരാവിയായി ആകാശത്തേക്ക് ഉയരുന്നു. ക്രമേണ അത് മേഘമായി മാറുന്നു. കാറ്റ് ഈ ചിതറിക്കിടക്കുന്ന മേഘക്കീറുകളെ തട്ടിക്കൂട്ടി ഒരിടത്ത് എത്തിക്കുന്നു. പിന്നെ അത് മഴയായി ഭൂമിയിലേക്കു തന്നെ വര്‍ഷിക്കുകയും ചെയ്യുന്നു. വീണ്ടും ജലാശയങ്ങളിൽ വെള്ളം നിറയുന്നു. വീണ്ടും ഈ ഉണ്ടായതൊക്കെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇതാണ് മഴയും മഴയുടെ ശാസ്ത്രവും. ഇതിനിടയിൽ ജലാശയങ്ങളിലെ വെള്ളം ചൂടാകുന്നതും നീരാവിയായി മാറി മേലേക്ക് ഉയരുന്നതും അത് മേഘമായി രൂപപ്പെടുന്നതും പിന്നെ കാറ്റു വന്നു അവയെ നിശ്ചിത സ്ഥലത്തേക്ക് തട്ടിക്കൂട്ടുന്നതും തുടങ്ങി ഓരോ പ്രക്രിയയും മനസ്സിരുത്തി ആലോചിച്ചു നോക്കിയാൽ എല്ലാം ഏതൊക്കെയോ കണിശത പുലർത്തുന്നുണ്ട് എന്ന് ആരും പറഞ്ഞുപോകും. ഏതോ ഒരു നിയമത്തിന് വഴങ്ങി ചെയ്യുന്നതുപോലെ. ആരോ വരച്ച വരയിലൂടെ മാത്രം നീങ്ങുന്നത് പോലെ. ഒന്നുകൂടി പറഞ്ഞാൽ ഏതോ കർത്താവ് ഉള്ളതുപോലെ. പക്ഷേ ശാസ്ത്രം അങ്ങനെ ചിന്തിക്കുന്നില്ല. തലച്ചോറ് മാത്രമാണ് ശാസ്ത്രത്തിൻ്റെ ലക്ഷ്യം. തലച്ചോറിനെ ബോധിപ്പിക്കുവാനുള്ള കാര്യങ്ങളായിരിക്കും ശാസ്ത്രം പറയുക. ശാസ്ത്രം പറയുന്നതിനെ ബുദ്ധിയും യുക്തിയും അംഗീകരിക്കും. പക്ഷേ മതങ്ങൾക്ക് അത്ര പറഞ്ഞാൽ പോരാ. ഇത്രയും കണിശമായി കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആളെ കുറിച്ച് ആലോചിച്ചില്ലെന്നോ കണ്ടില്ലെന്നോ നടിക്കുവാൻ മതത്തിനു കഴിയില്ല. കാരണം തലച്ചോറിനോടൊപ്പം ഹൃദയത്തോടും മതങ്ങൾക്ക് സംവദിക്കേണ്ടതുണ്ട്. അതിനാൽ ഇതിനുള്ളിലെ ഹൃദയത്തിന്റെ ഭാഗം കൂടി മതം പരിശോധിക്കുക തന്നെ ചെയ്യും. ഉദാഹരണമായി വെള്ളം ഹൈഡ്രജനും ഓക്സിജനും നിശ്ചിത അനുപാതത്തിൽ ചേർന്നുണ്ടായതാണ്, ഉണ്ടാകുന്നതാണ് എന്നൊക്കെ വരെ മാത്രമേ ശാസ്ത്രം പറയൂ. ബുദ്ധിയെ ബോധിപ്പിക്കുവാൻ അതു മാത്രം മതിയാകും. പക്ഷേ മതം അത്രമാത്രം പറഞ്ഞോ ചിന്തിച്ചോ അവസാനിപ്പിക്കുകയില്ല പ്രപഞ്ചത്തിലെ വെള്ളം എല്ലാം ഇങ്ങനെ നിശ്ചിത അനുപാതത്തിൽ ആരാണ് ചേർത്തത് എന്ന് ചോദിക്കുക തന്നെ ചെയ്യും. അപ്പോൾ അല്ലാഹു തന്റെ ഖലീഫക്ക് വേണ്ടി ചെയ്തു വെച്ച സൗകര്യങ്ങളോട് ഇതും നാം ചേർത്ത് വെക്കേണ്ടിവരും.1580ൽ ബെർണാഡ് പാലിസി എന്ന ശാസ്ത്രജ്ഞൻ ഈ ജലചക്രം ശാസ്ത്രീയമായി സ്ഥാപിക്കുകയുണ്ടായി. ഈ ജലചക്രം പ്രപഞ്ചത്തിലെ ഭക്ഷ്യ ചക്രത്തിൻ്റെ ജീവനാഡിയായി മാറുന്ന മറ്റൊരു അത്ഭുത കാഴ്ച കൂടിയുണ്ട്. കാരണം, ജലചക്രം മനുഷ്യരെ മാത്രമല്ല ഓരോ ജീവികളുടെയും വളർച്ചയെയും നിലനിൽപ്പിനെയും സ്വാധീനിക്കുന്നുണ്ട്. സസ്യങ്ങള്‍ മണ്ണിനടിയില്‍ നിന്നും ആവശ്യമായ വെള്ളം വേരിലൂടെ വലിച്ചെടുക്കുന്നു. അതുപയോഗിച്ച് അവ വ്യത്യസ്ത പഴവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒട്ടുമിക്ക ജീവികളും സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. വെള്ളം നഷ്ടമാകുന്നതോടു കൂടി സസ്യങ്ങളും മറ്റു ജീവികളുമെല്ലാം ഇല്ലാതാകുന്നു. ഈ അനുഗ്രഹം അള്ളാഹു ഖുർആനിൽ ഇങ്ങനെ ഓർമിപ്പിക്കുന്നു: ‘നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കി ത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍). (ഖുർആൻ: 2:22) മറ്റൊരു സൂക്തം ഇങ്ങനെയാണ്: ‘അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു. അതിന്റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?’ (ഖുർആൻ: 36: 33-35) ഇത്തരം ഒരു ജലചക്രത്തെ തയ്യാറാക്കിയ സൃഷ്ടാവ് ആ ജലത്തെ ജീവനുമായി ഘടിപ്പിച്ചിരിക്കുന്നത് കാണുമ്പോൾ ഉത്ഭുതം വീണ്ടും ഇരട്ടിക്കുന്നു. ജീവൻ്റെ അടിസ്ഥാന സ്വകാര്യതകളിൽ ഒന്നാണ് ജലം. പഠനങ്ങൾ പറയുന്നു: 'ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ് ജീവകോശങ്ങളുടെ നിലനില്‍പ്പുതന്നെ. സസ്യങ്ങളുടെ ഭാരത്തില്‍ 50%-75% വരെ ജലമാണ്. ചിലയിനം ജല സസ്യങ്ങളില്‍ അത് 95% ത്തില്‍ ഏറെയാണ്. അതുപോലെ തന്നെ മനുഷ്യന്റെ ശരീര ഭാരത്തില്‍ 70% ത്തോളം ജലമാണ്. രക്തത്തിന്റെയും ജീവകോശങ്ങളുടെയും മുഖ്യഘടകം ജലം തന്നെയാണ്. ഗര്‍ഭസ്ഥ ശിശുവിനെ ഒരു ജലജീവിക്ക് തുല്യമായി വിശേഷിപ്പിക്കാം. ശരീരത്തിന്റെ താപനില ക്രമീകരിക്കാനും കോശങ്ങളുടെ പോഷണത്തിനും ജലം അനിവാര്യമാണ്. മാംസപേശികളുടെയും ശ്വാസ കോശങ്ങളുടെയും പ്രവര്‍ത്തനത്തിനുള്ള ഒരു അടിസ്ഥാനവിഭവമാണ് ജലം. ജലമാണ് ജീവജാലങ്ങളുടെ നില നില്‍പ്പിന്ന് ആധാരം‘. (ഡോ. പി. സുശീല / ജലവും ജലസംരക്ഷണവും / കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് / പേജ് 5) ഏഴ് - ആടാതിരിക്കാൻ ഭൂമി ഉരുണ്ടതാണ് എന്നത് വിശുദ്ധ ഖുർആൻ അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ ചില ഖുർആൻ വിമർശകർ ഈ വിഷയത്തിൽ ഖുർആനിനെ വിമർശിക്കുന്നത് കാണാം. ഇതിനായി വിമർശകർ തെളിവുകളായി ഉദ്ധരിക്കുന്നത് വിശുദ്ധ ഖുർആനിലെ ചില ആയത്തുകളെയാണ് ആ ആയത്തുകൾ ഒന്നു പരിശോധിക്കാം. അല്ലാഹു പറയുന്നു: 'ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍! (51:48). മറ്റൊരു ആയത്ത് ഇതാണ്: അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. (71:19). മറ്റൊരു ആയത്ത് ഇതാണ്: ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് (88:20). ഈ വചനങ്ങളും സമാനമായ മറ്റു ചില വചനങ്ങളുമുദ്ധരിച്ചാണ് ഖുർആനിലെ ഭൂമി പരന്നതാണ് എന്ന് ഇത്തരക്കാർ വാദിക്കുന്നത്. ഈ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പ് നേരത്തെ പറഞ്ഞതുപോലെയുള്ള ഒരടിസ്ഥാനത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. അത് ഈ ആയത്തിന്റെ മൊത്തത്തിലുള്ള താല്പര്യം എന്താണ് എന്നതിനെക്കുറിച്ചാണ്. അത് തീർച്ചയായും അല്ലാഹു മനുഷ്യനുവേണ്ടി ഒരുക്കി കൊടുത്ത ഭൂമിയെയും ആകാശത്തെയും അവയ്ക്കിടയിലുള്ളവയെയും കുറിച്ചാണ്. അതായത്, അല്ലാഹു മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങളെ കുറിച്ച്. ഭൂമിയെ അള്ളാഹു ഒരു അനുഗ്രഹമാക്കി എന്ന് പറയുമ്പോൾ ആ ഭൂമി മനുഷ്യന് അധിവസിക്കുവാൻ പാകപ്പെടുന്ന, സൗകര്യപ്പെടുന്ന വിധത്തിൽ ഒരു മെത്ത പോലെയാക്കിത്തന്നു എന്നതാണ് അവിടെ ഉദ്ദേശം. അഥവാ, ഭൂമി പരന്നതാണ് എന്ന് പറയാൻ വേണ്ടി കൊണ്ടുവന്നതല്ല മെത്ത എന്ന പ്രയോഗം. മറിച്ച്, അത് മനുഷ്യന്റെ സന്തോഷകരവും സൗകര്യപ്രദവുമായ ആവാസത്തിന് സൗകര്യമൊരുക്കിയിരിക്കുന്നു എന്ന ആശയമാണ് പറയുന്നത്. അതിനിടയിൽ ഭൂമിയുടെ രൂപശാസ്ത്രം പറഞ്ഞതാണ് എന്ന് മനസ്സിലാക്കിയിടത്താണ് ഇവർക്ക് തെറ്റ് പറ്റുന്നത്. അഥവാ ഉരുണ്ട ഒരു സാധനത്തെ മനുഷ്യജീവിതത്തിന്റെ സൗകര്യത്തിനുവേണ്ടി അല്ലാഹു പരന്നതാക്കി അവര്‍ക്ക് അനുഭവിപ്പിക്കുവാൻ ഒരുക്കിക്കൊടുത്തു എന്ന് മാത്രമാണ് ഈ ആയത്തുകളില്‍നിന്ന് മനസ്സിലാവുക. അല്ലാതെ പ്രകൃത്യാ ഭൂമി പരന്നതാണ് എന്നല്ല. പരന്ന ഒരു സാധനത്തെ വീണ്ടും പരത്തി എന്നുപറയേണ്ട ആവശ്യമില്ലല്ലോ. ഈ പരപ്പിന്റെ ആശയം എന്താണ് എന്നതിന് മറ്റു സൂചനകൾ അല്ലാഹു നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഭൂമിയെ നാം നീട്ടിയിരിക്കുന്നു (15:19). അതിന്റെ ഉദ്ദേശം എവിടെ ചെന്നാലും ഭൂമി പിന്നെയും നീണ്ടുകിടക്കും എന്നാണ്. എവിടെ ചെന്നാലും നീണ്ടുകിടക്കണമെങ്കിൽ അത് പരന്നതായിരിക്കുവാൻ ന്യായമില്ല. ഗോളാകൃതിയിലുള്ള ഒന്നിന്റെ മാത്രം സവിശേഷതയാണ് അത്. കാരണം, പരന്നതാണെങ്കില്‍ അതിന്റെ അറ്റത്തത്തെിയാല്‍ അവിടെ ഒരു സഡൻ എൻടിൽ അവസാനിക്കുകയാണ് ചെയ്യുക. പിന്നെയും അങ്ങനെ നീണ്ടുകിടക്കുകയില്ല. ഭൂമിയില്‍ താമസിക്കുന്ന ഒരു ജീവിക്കും അതൊരു ഗോളാകൃതിയിലുള്ള വസ്തുവാണെന്ന് അനുഭവപ്പെടാത്ത വിധമുളള ഗോളാകൃതിയാണ് അല്ലാഹു നൽകിയിരിക്കുന്നത്. ഭൂമിയുടെ ഗോളാകൃതി സ്ഥാപിക്കുവാൻ മറ്റൊരു സൂചന കൂടി വിശുദ്ധ ഖുർആൻ നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു.' (21:31) ഈ സൂക്തത്തിൽ 'ഭൂമി ഇളകാതിരിക്കാൻ' എന്ന് പ്രയോഗിച്ചതിൽ നിന്ന് ഭൂമി ഇളകുന്ന വിധത്തിലുള്ള ഗോളം, ദീർഘഗോളം തുടങ്ങിയ ഏതോ രൂപത്തിലുള്ളതാണ് എന്നത് വളരെ വ്യക്തമാണ്. ഈ ഇളക്കം സംഭവിക്കാതിരിക്കുവാൻ അല്ലാഹു പർവ്വതങ്ങളെ സ്ഥാപിച്ചു എന്ന് പറയുമ്പോൾ അത് അവൻ തൻ്റെ ഖലീഫയോട് ചെയ്യുന്ന മറ്റൊരു കാരുണ്യമായിത്തീരുന്നു. പർവ്വതങ്ങൾ ഭൂമിയുടെ ആണികളാണ് എന്ന് വിശുദ്ധ ഖുർആൻ മറ്റൊരിടത്ത് പറയുന്നുണ്ട്. (78: 7) ഭൗമോപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതങ്ങള്‍ക്ക് ഭൂമിയിൽ വളരെ പ്രധാനമായ ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്. ഭൂമിയുടെ സന്തുലനം നിലനിര്‍ത്തുകയാണത്. കരയിലും കടലിലും ഇത്തരം ധാരാളം കിടങ്ങുകളും കുന്നുകളുമുണ്ട്. ഈ ഉയര്‍ച്ച-താഴ്ച്ചകളാണ് ഭൂമിയുടെ സന്തുലിതത്വം നിലനിര്‍ത്തുന്നത്. ഭൂമി ആടുക മാത്രമല്ല വലിയ തോതിൽ ഇളകുകയും ചെയ്യും. ഭൂകമ്പങ്ങളും സുനാമിയും ഭൂമിയുടെ ഉള്ളിലെ പ്ലേറ്റുകളുടെ നീക്കത്തെ തുടർന്നാണ് ഉണ്ടാകുന്നത് എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ നീക്കങ്ങൾ അടക്കം ഭൂമിയുടെ ആസ്വാഭാവികമായ ചലനങ്ങൾ ഭൂനിവാസികള്‍ക്ക് അനുഭവപ്പെടുത്താതിരിക്കുന്നതില്‍ പര്‍വതങ്ങള്‍ക്ക് ഗണ്യമായ ഒരു പങ്കുണ്ട്. അതുകൊണ്ടു തന്നെ ഭൂമിയെ ഉറപ്പിച്ചുനിര്‍ത്തുന്ന ആണികളാണ് പര്‍വതങ്ങളെന്നു പറയുന്നത് തീര്‍ച്ചയായും ശരിയാണ്. ലോകമെമ്പാടുമുള്ള പല സർവ്വകലാശാലകളിലെയും അടിസ്ഥാന റഫറൻസ് പാഠപുസ്തകമാണ് Earth എന്ന ശീര്‍ഷകത്തിലുളള ഗ്രന്ഥം. അതിന്‍റെ രണ്ട് രചയിതാക്കളിൽ ഒരാളാണ് പ്രൊഫസർ എമിരിറ്റസ് ഫ്രാങ്ക്പ്രസ്. മുൻ യുഎസ് പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവും, 12 വർഷം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്‍റെ പ്രസിഡന്‍റുമായിരുന്നു അദ്ദേഹം. പർവതങ്ങൾക്ക് അടിയിൽ ആഴത്തിലുളള വേരുകളുണ്ടെന്ന് അദ്ദേഹത്തിന്‍റെ പുസ്തകം പറയുന്നു. ഈ വേരുകൾ ഭൂമിയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു, അതിനാൽ, പർവതങ്ങൾക്ക് ഒരു കുറ്റി പോലെയുള്ള ആകൃതിയുണ്ട്. (Earth, Press and Siever, p. 435. Also see Earth Science, Tarbuck and Lutgens, p. 157).