TH Darimi

ഇനിയുമിനിയും.. (8-10)

ഇനിയുമിനിയും.. (8-10)

29-10-2024
Share this Article

image



പർവ്വതങ്ങളുമായി ബന്ധപ്പെട്ടു ഖുർആൻ പ്രതിപാദിക്കുന്ന മറ്റൊരു പ്രയോഗം പർവ്വതങ്ങളെ ആണികൾ അഥവാ കുറ്റി ആക്കി എന്നത്. വിശുദ്ധ ഖുർആൻ 78 -ാം അധ്യായം സൂറത്തു നബഅ് ഏഴാം ആയത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ പ്രയോഗിച്ചിരിക്കുന്നത് 'വതദ്' (Tent peg) എന്ന പദമാണ്. ഒരു ടെന്റ് കെട്ടുമ്പോൾ അതിൻ്റെ കയറുകൾ ഉറപ്പിക്കാനായി മണ്ണിലേക്ക് അടിച്ചിറക്കുന്ന ഇരുമ്പിന്റെയോ മരത്തിൻറെയോ കുറ്റിക്കാണ് വത്ദ് എന്നു പറയുന്നത്. നാം കാണുന്ന പർവ്വതങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്കുള്ള അതിൻ്റെ ഉയരത്തിന്റെ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലുള്ള ഭാഗം ഭൂമിക്കടിയിൽ ഉണ്ട്. Mountain roots (പർവ്വത വേരുകൾ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതനുസരിച്ച് പർവ്വതങ്ങളെ നമുക്ക് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞു മലയോട് ഉപമിക്കാവുന്നതാണ്. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിന് താഴെയും 10% ഉപരിതലത്തിനു മുകളിലും ആയിരിക്കും. അഥവാ അഥവാ ഉപരിതലത്തിൽ നാം കാണുന്നതിനേക്കാൾ പത്തിരട്ടിയാണ് യഥാർത്ഥത്തിൽ മഞ്ഞുമലയുടെ വലിപ്പം. ഇതുപോലെ ഭൗമോപരിതലത്തിൽ ഉള്ള പർവ്വതങ്ങളുടെ 85% ശതമാനവും ഉപരിതലത്തിന് താഴെയാണ് ഉള്ളത്. മുകളിൽ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് പർവ്വതത്തിന്റെ യഥാർത്ഥ വലിപ്പം എന്നു ചുരുക്കം. (www.geoscience.wisc.edu). ചുരുക്കത്തിൽ, തൻ്റെ പ്രതിനിധിക്ക് വേണ്ടി തയ്യാറാക്കിയ ഉരുണ്ട രൂപമുള്ള ഭൂമി എന്ന ഗ്രഹം ഒരു നിലക്കും ആടാതിരിക്കുവാനും അവനു മുമ്പിൽ അത്തരം ഒരു ഭീഷണി ഉണ്ടാകാതിരിക്കാനും വേണ്ടി അല്ലാഹു പർവ്വതങ്ങളെ ഒരേസമയം ഘനവും ആണിയും ആക്കി വെച്ചിരിക്കുന്നു. ഇവിടെയും നാം കാണുന്നത് അല്ലാഹു തൻ്റെ അടിമക്ക് വേണ്ടി അവൻ്റെ ആവാസ ഭൂമിയിൽ ചെയ്തുവെക്കുന്ന കരുതലും കാവലും തന്നെയാണ്.

എട്ട് - ഇനിയുമിനിയും..

അല്ലാഹു തൻ്റെ പ്രതിനിധിക്ക് വേണ്ടി ചെയ്തുവെച്ച പ്രപഞ്ചത്തിലെ ഏറ്റവും വലിയ ചില കാഴ്ചകളാണ് നാം കണ്ടത്. അവ ഇതിൽ ഒതുങ്ങുന്നില്ല എന്ന് മാത്രമല്ല പ്രപഞ്ചത്തിലെ ഓരോ ചലനങ്ങളും ഓരോ ഘടകങ്ങളും നേരെ ചൊവ്വേ അല്ലെങ്കിൽ ഏതെങ്കിലും ഒരു വഴിക്ക് മനുഷ്യൻ്റെ ഇഹലോകത്തെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവയാണ്. അല്ലാഹു പറയുന്നു: 'ആകാശ ഭൂമിയിലുള്ളതിനെയെല്ലാം അല്ലാഹു നിങ്ങൾക്ക് വേണ്ടി കീഴ്പ്പെടുത്തി' (ജാസിയ: 13). ആ അനുഗ്രഹങ്ങൾ ഒരു നിലക്കും എണ്ണി അവസാനിപ്പിക്കുവാൻ കഴിയുകയില്ല. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ തിട്ടപ്പെടുത്താനാവില്ല. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെ തീര്‍ച്ച. (നഹൽ: 18). മനുഷ്യൻ്റെ ശരീരത്തിൽ മാത്രം നിക്ഷേപിച്ചിരിക്കുന്ന ശക്തികൾ തന്നെ ആരെയും അമ്പരപ്പിക്കുന്നതാണ്. അല്ലാഹു പറയുന്നു: ‘പറയുക, അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ’. (മുൽക് : 23). ശരീരം, അവയിൽ വെച്ചു തന്നിരിക്കുന്ന അവയവങ്ങൾ, ഓരോ അവയവത്തിന്റെയും പ്രവർത്തനം, ഇന്ദ്രിയങ്ങൾ, തുടങ്ങി പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത ഒരു പട്ടികയാണ് അത്. അവയുടെ പ്രത്യേകത അവയിൽ ഏതെങ്കിലും ഒന്ന് ഇല്ലായിരുന്നുവെങ്കിൽ മനുഷ്യൻ്റെ ജീവിതം നേരിടുന്ന പ്രയാസങ്ങളുടെ ചിത്രം മാത്രം സങ്കൽപ്പിച്ചു നോക്കിയാൽ ഗ്രഹിക്കാവുന്നതാണ്. തൻ്റെ ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ മറ്റൊരു അത്ഭുത പ്രപഞ്ചത്തിലാണ് അവൻ എത്തിച്ചേരുന്നത്. അവനുവേണ്ടി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ അത്രയേറെയാണ്. അല്ലാഹു പറയുന്നു: ‘അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടക്കിത്തരികയും ചെയ്തവന്‍. ആകാശത്ത് നിന്ന് ഒരു തോതനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത് പോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌. എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തി ത്തരികയും ചെയ്തവന്‍. അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു’. (സുഖ്റുഫ് 10-14). ചിതറി കിടക്കുന്ന അനുഗ്രഹങ്ങളിലൂടെ ഓർമ്മപ്പെടുത്തി കടന്നുപോകുന്ന ഇത്തരം ധാരാളം സൂക്തങ്ങൾ ഉണ്ട്. ഈ പ്രപഞ്ചത്തെക്കാൾ എത്രയോ വലിയ സൂര്യനെ വരെ അവൻ മനുഷ്യൻ്റെ ജീവിതത്തിനു വേണ്ടിയുള്ള അനുഗ്രഹമായി വെച്ചതാണ്. അല്ലാഹു പറയുന്നു: ‘സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭ യാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ത്ഥ മുറപ്രകാ രമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു’. (യൂനുസ്: 5)

നമ്മുടെ പ്രപഞ്ചത്തിൽ നമ്മെപ്പോലെ നമുക്കുചുറ്റും ജീവിക്കുന്ന ആയിരക്കണക്കിന് ജീവജാലങ്ങൾ ഉണ്ട്. ഇവയൊക്കെയും എന്തിനുവേണ്ടി പടക്കപ്പെട്ടതാണ് എന്ന് ചിലപ്പോഴെങ്കിലും ചിലർ ചോദിച്ചേക്കാം. സത്യത്തിൽ ഓരോ ജീവിയും മനുഷ്യനുവേണ്ടി ഓരോ ദൗത്യം നിറവേറ്റികൊണ്ടിരിക്കുന്നുണ്ട് എന്നതാണ് സത്യവും വസ്തുതയും. അവയിൽ കാഴ്ചയിൽ വലിയതും പൊതുവായതുമായ ജീവികളുടെ പ്രയോജനങ്ങൾ ഉണ്ട്. അല്ലാഹു തന്നെ പറയുന്നു: ‘കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പ കറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്‌) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൌതുകമുണ്ട്‌. ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. കുതിരകളെയും കോവര്‍കഴുത കളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു'. (നഹ്ൽ: 5-8). പാലുൽപന്നങ്ങൾ മുതൽ കമ്പിളി വരെയുള്ള കാര്യങ്ങളും ചുമട് എടുപ്പിക്കുന്നത് മുതൽ അലങ്കാരത്തിനും പ്രൗഢിക്കും വേണ്ടി കൊണ്ടുനടക്കുന്നതും വരെ ഈ പറഞ്ഞ സൂക്തത്തിൽ ഉണ്ട്. ഇതെല്ലാം മനുഷ്യന് ഈ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രയോജനങ്ങൾ തന്നെയാണ്.

ഇതിനെല്ലാം പുറമേ ജീവജാലങ്ങളിലൂടെ അല്ലാഹു മനുഷ്യന് മറ്റു ചില ഉപകാരങ്ങൾ ചെയ്യുന്നുണ്ട്. അവൻ്റെ കൺമുമ്പിൽ അവനു വേണ്ട പല പാഠങ്ങളും അവതരിപ്പിക്കുവാൻ അവയെ നിമിത്തമാക്കുക എന്നതാണ് അത്. മനുഷ്യനെ ചിന്തയിലൂടെ അല്ലാഹുവിലേക്ക് കൊണ്ടുവരിക എന്നത് വിശുദ്ധ ഖുർആനിൻ്റെ ആത്യന്തികമായ ലക്ഷ്യമാണ്. ആ ചിന്തക്ക് സഹായകമാകുന്ന പല തത്വങ്ങളും പ്രകൃതിയിലൂടെയും പ്രതിഭാസങ്ങളിലൂടെയും ജീവികളിലൂടെയുമാണ് അല്ലാഹു മനുഷ്യന് കൈമാറുന്നത്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍ നിന്ന് - കാഷ്ഠത്തിനും രക്തത്തിനും മധ്യേ നിന്ന് - പാനംചെയ്യുന്നവര്‍ക്ക് സുഖപ്രദമായ ശുദ്ധപാല്‍ നിങ്ങളെ നാം കുടിപ്പിക്കുന്നു (നഹ്ൽ: 66). സസ്തിനികൾ ദാനം ചെയ്യുന്ന പാലിലൂടെ അല്ലാഹുവിൻ്റെ സൃഷ്ടി മഹാത്മ്യത്തിലേക്ക് മനുഷ്യനെ നയിക്കുകയാണ് ഈ സൂക്തം. ഇപ്രകാരം തന്നെ ചിലന്തിയെയും തേനീച്ചയെയും ഈച്ചയെയും നായയെയും എന്നു മാത്രമല്ല അതീവ നിസ്സാരമെന്ന് തോന്നുന്ന പലതിനെയും ഖുർആൻ ഇങ്ങനെ ഉപയോഗിക്കുന്നുണ്ട്. അവയെല്ലാം വലിയ വലിയ ചിന്തകളിലൂടെ മനുഷ്യനെ കൂട്ടിക്കൊണ്ടു പോവുകയും അല്ലാഹുവിലേക്ക് എത്തിച്ചേരുവാൻ പ്രചോദിപ്പിക്കുകയും ചെയ്യുകയാണ്. ആ അർത്ഥത്തിൽ മനുഷ്യനുവേണ്ടി നിവർത്തിവെക്കപ്പെട്ട പാഠപുസ്തകങ്ങളാണ് ഓരോ ജീവിയും. പ്രഭാതവും പ്രദോഷവും കാറ്റും മഴയും ഇടിയും മിന്നലും കടലും കരയും വെള്ളവും തീയും എന്നുവേണ്ട എല്ലാ തരം പ്രാപഞ്ചിക പ്രതിഭാസങ്ങളും ഇപ്രകാരം തന്നെ മനുഷ്യനുവേണ്ടി വിവിധങ്ങളായ ദൗത്യങ്ങൾ നിർവഹിക്കുന്നവയാണ് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനെല്ലാം പുറമേ അവൻ തന്റെ പ്രതിനിധിക്ക് സദാ ജാഗരൂകരായ അകമ്പടിക്കാരെയും ഏർപ്പാട് ചെയ്തു വച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹുവിന്റെ കൽപനയാൽ അവരെ സംരക്ഷിക്കുകയും മുമ്പിലും പിമ്പിലുമായി അനുഗമിക്കുകയും ചെയ്യുന്ന മലക്കുകളുണ്ട് ' (സൂറത്തുൽ: റഅ്ദ് 11)*

ഒമ്പത് - പക്ഷേ..

അല്ലാഹു ഇതെല്ലാം സംവിധാനിച്ചു വെച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അഥവാ, ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിച്ചും കാര്യത്തെ അതിൻ്റെ കാരണവുമായി ഘടിപ്പിച്ചുമെല്ലാമാണത്. അതിനാൽ എല്ലാം ഒരു ശ്രേണിയാണ് എന്ന് പറയാം. ആ ശ്രേണിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് പരിക്ക് പറ്റുകയോ അതിനെ അവഗണിക്കുകയോ ചെയ്യുന്ന പക്ഷം ആ ശ്രേണി മുഴുവനും അപതാളത്തെ നേരിടുന്ന സാഹചര്യമാണ് ഉണ്ടാവുക. നേരത്തെ നാം ജലത്തെക്കുറിച്ചും ഭക്ഷ്യത്തെക്കുറിച്ചുമെല്ലാം അവയൊക്കെ ചക്രങ്ങളാണ് എന്നു കണ്ടതുപോലെ ഈ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങൾക്കും പരസ്പരാശ്രിതത്വം ഉള്ള ഒരുതരം ചാക്രികത ഉണ്ട് എന്നതാണ് വസ്തുത. അങ്ങനെയാണ് അല്ലാഹു സംവിധാനിച്ചു വെച്ചിരിക്കുന്നത്. അതിനാൽ പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു ഘടകത്തെ പരിഗണിക്കാതെയും പരിചരിക്കാതെയും മനുഷ്യൻ ജീവിക്കുകയാണ് എങ്കിൽ ആ ശ്രേണിയിൽ താളഭംഗം നേരിടേണ്ടിവരും. ഈ വസ്തുത ഒരുപാട് തെളിവുകളുടെ വെളിച്ചത്തിൽ സ്ഥാപിക്കേണ്ട സാഹചര്യം ഇന്ന് ഇല്ല. പുതിയ കാലത്ത് പ്രകൃതിയുടെ നേരെ മനുഷ്യന്‍ ചെയ്യുന്ന അതിക്രമങ്ങള്‍ കടുത്തതാണ്. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും തലതിരിഞ്ഞ ആധുനിക വീക്ഷണത്തിനു മുമ്പില്‍ ബലിയാടാവുന്നത് പ്രപഞ്ചത്തിലെ അവശ്യം ആവശ്യമുള്ള പ്രകൃതി സംവിധാനങ്ങളാണ്. അത്യുഗ്രമായ ചൂടുനിമിത്തം സൂര്യനെ ‘വെറുതെ വിടുന്ന’തൊഴിച്ചാല്‍ മറ്റ് എല്ലാ പ്രകൃതി ഘടകങ്ങളെയും മനുഷ്യര്‍ അക്രമിച്ചു കൊണ്ടേയിരിക്കുകയാണ്. ഭൂമിയുടെ ആണികളായ കുന്നുകള്‍ തരിശുഭൂമിയാക്കി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഗണ്യമായ പങ്കാളിത്തം വഹിക്കുന്ന വനങ്ങൾ അനുദിനം ചെറുതായി വരുന്നു. അതിൻ്റെ ഫലമായി പ്രകൃതിദുരന്തങ്ങൾ പതിവായി മാറിയിരിക്കുന്നു. ഭൂമിയിലെ ശുദ്ധജല നിക്ഷേപം അപകടകരമായി കുറഞ്ഞുവരുന്നു. മഴകൊണ്ട് മഴയുടെ ഫലം ലഭിക്കുന്നില്ല എന്നത് ഒരു പൊതു വർത്തമാനമായി മാറിക്കഴിഞ്ഞു. കൃഷി എന്നേ അവതാളത്തിലാണ്. ആഗോളതാപനം അപകടകരമായി വർദ്ധിച്ച് ധ്രുവ പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുരുക്കത്തിൽ സമുദ്രനിരപ്പ് ഉയർന്നുവരികയാണ്. അടുത്ത കാൽ നൂറ്റാണ്ടിനുള്ളിൽ ഭൂമുഖത്ത് നിന്ന് പല രാജ്യങ്ങളും തന്നെ ഇല്ലാതെയായി തീരുമെന്നാണ് ശാസ്ത്രത്തിൻ്റെ നിഗമനം. മാനുഷികപ്രവർത്തനങ്ങൾ കാരണം കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും അന്തരീക്ഷത്തിലെ കാർബൺ ഡായോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ആഗോള താപനം. ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വർദ്ധിക്കുന്നു. ഇത് തടയാൻ സസ്യങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളു.

ഇതൊക്കെ മനുഷ്യൻ അവൻ്റെ സ്വന്തം കരങ്ങളാൽ ചെയ്യുന്ന പ്രകൃതി വിരുദ്ധ സമീപനങ്ങളുടെ ഫലമാണ് എന്ന് ശാസ്ത്രം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ അത് നേരത്തെ ആണയിട്ടു പറഞ്ഞ കാര്യമാണ്. അല്ലാഹു പറയുന്നു: 'മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ ഒരു പക്ഷെ മടങ്ങിയേക്കാമല്ലോ'. (30: 41). 'മനുഷ്യൻ്റെ കരങ്ങൾ ചെയ്തുകൂട്ടുന്ന തെറ്റുകൾ കാരണം' എന്ന് ഈ സൂക്തം എടുത്തുപറയുമ്പോൾ അത് മേൽപ്പറഞ്ഞ ആശയങ്ങളിലേക്കെല്ലാം വാതിൽ തുറക്കുന്നു. ഇതേ ആശയത്തിലുള്ള സൂക്തങ്ങൾ ഖുർആനിൽ വേറെയും കാണാം. ഉദാഹരണമായി അല്ലാഹു പറയുന്നു: അങ്ങനെ ഓരോരുത്തരെയും അവരുടെ പാപങ്ങളുടെ പേരില്‍ നാം പിടികൂടി ശിക്ഷിച്ചു. ചിലരുടെ മേല്‍ ചരല്‍കാറ്റയച്ചു. ചിലരെ ഒരു ഘോരഗര്‍ജ്ജനം പിടികൂടുയകായിരുന്നു. ചിലരെ ഭൂമിയില്‍ ആഴ്ത്തി. ചിലരെ മുക്കിക്കൊന്നു. അല്ലാഹു അവരോട് അക്രമം കാട്ടുകയായിരുന്നില്ല; പ്രത്യുത, അവര്‍ സ്വന്തത്തോടു തന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു. (അൻകബൂത്ത്: 69). മനുഷ്യൻ്റെ കരങ്ങളിൽ നിന്ന് തെറ്റ് സംഭവിക്കുന്നതിനാൽ പ്രപഞ്ചത്തിന് താളപ്പിഴ വരുന്നു എങ്കിൽ ആ താളപ്പിഴ വരാതിരിക്കുവാൻ അവന്റെ കയ്യിൽ നിന്ന് ശരി മാത്രം സംഭവിച്ചു കൊണ്ടേയിരിക്കണം എന്നത് വ്യക്തമാണല്ലോ. ചുരുക്കത്തിൽ, ഈ പ്രപഞ്ചവും അതിലെ എല്ലാ കാര്യങ്ങളും അല്ലാഹു തൻ്റെ പ്രതിനിധിയായ മനുഷ്യനുവേണ്ടി ഒരുക്കി വെച്ചതാണ്. അതേസമയം, ഓരോന്നും ഓരോ സംവിധാനമാണ്. സംവിധാനം എന്നാൽ ക്രമീകരണം എന്നർത്ഥം. ഓരോ കാര്യങ്ങളെയും മറ്റു ഓരോ കാര്യങ്ങളുമായും ബന്ധപ്പെടുത്തി ക്രമീകരിച്ചുവെച്ചിരിക്കുകയാണ്. ഈ ക്രമത്തിലെ ഏതെങ്കിലും ഒരു ഘടകത്തിൽ തെറ്റോ അശ്രദ്ധയോ സംഭവിക്കുകയാണ് എങ്കിൽ അത് സംവിധാനത്തെയും തദ്വാരാ ഈ ക്രമീകരണം വഴി കൈവന്ന പ്രപഞ്ചത്തിന്റെ താളത്തെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഈ പ്രപഞ്ചത്തെ പരിപാലിക്കുക, പരിചരിക്കുക എന്നിവ മനുഷ്യൻ്റെ ബാധ്യതകളിൽ പെടുത്തി അവനെ തന്നെ ചുമതലപ്പെടുതിയിരിക്കുകയാണ് അല്ലാഹു.

പ്രപഞ്ചത്തെ പരിപാലിക്കുക എന്നത് അല്ലാഹു മനുഷ്യനെ ഏൽപ്പിക്കുകയും മനുഷ്യൻ ഏറ്റെടുക്കുകയും ചെയ്ത അമാനത്തിൽ പെട്ടതാകുന്നു. മനുഷ്യൻ ഈ പ്രപഞ്ചത്തിലെ ജീവിതത്തിൽ പാലിക്കേണ്ട എല്ലാ ഉത്തരവാദിത്വങ്ങളും വരുന്നത് അമാനത്ത് എന്ന ആശയത്തിന്റെ കീഴിലാണ്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും നാം ആ അമാനത്ത് (വിശ്വസ്ത ദൗത്യം, ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു' (33:72). മനുഷ്യജീവിതത്തിന്റെ എല്ലാ ദൗത്യങ്ങളെയും ഉൾക്കൊള്ളുന്നു എന്നതിനാൽ അമാനത്ത് എന്ന ആശയത്തിന്റെ അർത്ഥവും വിപുലമാണ്. സത്യസന്ധതും വിശ്വസ്തതയും ഉത്തരവാദിത്ത ബോധവും ഒരുപോലെ ഒത്തുചേരുന്ന ഒന്നാണ് അമാനത്ത്. അത് മുസ്‌ലിമിന്റെ മുഖമുദ്രയാണ്. അതിന്റെ അഭാവത്തില്‍ ഈമാനുണ്ടെന്ന വാദം തന്നെ അപ്രസക്തമാണ്. മനുഷ്യര്‍ തമ്മിലുള്ള ജീവിത ഇടപാടുകള്‍, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കടമകൾ, മനുഷ്യനും ജീവികളും തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരും. അപ്രകാരം തന്നെ, മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതായ വല്ല അവകാശങ്ങളോ ബാധ്യതകളോ നമ്മുടെ പക്കല്‍ ഉണ്ടെങ്കില്‍ അവ യഥാവിധി നിറവേറ്റുക, അന്യന്റെ വല്ല രഹസ്യവും നമ്മെ സൂക്ഷിക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കുക, നമ്മോട് കൂടിയാലോചന നടത്തുന്നവര്‍ക്ക് ഗുണകാംക്ഷയോടെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുക, പരസ്യപ്പെടുത്താന്‍ പാടില്ലാത്ത വിവരങ്ങള്‍ രഹസ്യമാക്കിത്തന്നെ സൂക്ഷിക്കുക, തൊഴിലാളി തന്റെ ജോലി നിശ്ചിത നിബന്ധനയനുസരിച്ച് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുക തുടങ്ങിയവയെല്ലാം അമാനത്തിൻ്റെ ഭാഗമാണ്. അതിനാൽ ഈ ചുമതലയെ വളരെ ഗൗരവത്തോടു കൂടെയാണ് അല്ലാഹു മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിൽ വീഴ്ച വന്നാൽ അതിനു അവൻ വില നൽകേണ്ടിവരും. ഐഹിക ജീവിതത്തിൽ അത് വരുത്തിവെക്കുന്ന താളപ്പിഴയുണ്ടാക്കുന്ന ക്ലേശങ്ങളും പാരത്രിക ജീവിതത്തിൽ അല്ലാഹുവിൻ്റെ താൽപര്യങ്ങൾ പരിഗണിച്ചില്ല എന്നതിൻ്റെ പേരിൽ ഉണ്ടാകുന്ന ശിക്ഷകളും ആയിരിക്കും ആ വില. അപ്പോൾ ഇതുകൂടി ഈ പ്രപഞ്ച വാസത്തിൽ അല്ലാഹു തൻ്റെ പ്രതിനിധികളിൽ നടത്തുന്ന പരീക്ഷണത്തിന്റെയും പരീക്ഷയുടെയും പരിധിയിൽ വരുന്നു. എല്ലാം പാലിച്ച് വിജയിക്കുന്നവൻ ഈ ലോകത്തും പരലോകത്തും വിജയം നേടും. അല്ലാത്തവർക്ക് പരാജയങ്ങൾ ആയിരിക്കും ഉണ്ടാവുക.

പത്ത് - ശുചിത്വത്തിൽ നിന്ന് തുടക്കം

അല്ലാഹു വിശ്വസിച്ചേല്‍പ്പിച്ച സൂക്ഷിപ്പുമുതലായാണ് പ്രകൃതിയെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതിന് ദോഷം ചെയ്യുന്ന എല്ലാ പ്രവൃത്തിയെയും ദൈവനിന്ദയായാണ് കണക്കാക്കുന്നത്. അല്ലാഹു ഒരുക്കിയത് എന്ന വികാരത്തിൽ അതിനെ സമീപിക്കുവാനും സംരക്ഷിക്കുവാനും മനുഷ്യനോട് അല്ലാഹു ആവശ്യപ്പെടുന്നുണ്ട് ആ സംരക്ഷണത്തിന്റെ ആരംഭം അതിനെ നൈസർഗികമായി ലഭിച്ച ഭംഗിയും വിശുദ്ധിയും കാത്തുസൂക്ഷിക്കുക എന്നിടത്തു നിന്നു തന്നെയാണ് ആരംഭിക്കുക. അതിനുവേണ്ടി ഇസ്ലാം മുന്നോട്ട് വെക്കുന്ന പദ്ധതിയാണ് പരിസര ശുചിത്വം. ഇസ്ലാമിൻ്റെ ശുചിത്വദർശനം ആരംഭിക്കുന്നത് വ്യക്തിശുചിത്വത്തിൽ നിന്നാണ്. അതിനു കാരണമുണ്ട്. വൃത്തി, ശുചിത്വം തുടങ്ങിയവയൊക്കെ സത്യത്തിൽ ഒരു മനസ്ഥിതിയാണ്. ആ മനസ്ഥിതി അതുള്ള ആളുടെ ഓരോ പ്രവർത്തനത്തിലും പ്രതിഫലിക്കുകയാണ് ചെയ്യുന്നത്. അതിനാൽ വൃത്തിയോടുള്ള മാനസിക സമീപനം ഉണ്ടാക്കിയടുക്കുകയാണ് ഇസ്ലാം ആദ്യം ചെയ്യുന്നത്. അതിനുവേണ്ടി വൃത്തിയുടെ മഹാത്മ്യം ആദ്യം സ്ഥാപിക്കുന്നു. അല്ലാഹു പറയുന്നു: 'പശ്ചാത്തപിച്ച് മടങ്ങുന്നവരെയും ശുദ്ധിയുള്ള വരെയും തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു'. (അൽ ബഖറ: 222) നബി(സ) തങ്ങൾ പറയുന്നു: 'ശുദ്ധി ഈമാനിന്റെ പകുതിയാകുന്നു' (മുസ്ലിം). അല്ലാഹുവിൻ്റെ സ്നേഹം, ഈമാൻ തുടങ്ങിയവ വിശ്വാസിയുടെ ഏറ്റവും വലിയ താൽപര്യമാണ്. അതു കേൾക്കുമ്പോൾ അവരുടെ ഉള്ളം വൃത്തിക്ക് പ്രാധാന്യം നൽകും. മനസ്സിൽ നിന്ന് പിന്നീട് ഈ അവബോധവും വൃത്തിയും ശരീരത്തിലേക്ക് പടരുകയും പകരുകയും ചെയ്യുകയാണ്.

മുസ്‌ലിം തന്റെ ശരീരം എപ്പോഴും വൃത്തിയില്‍ കൊണ്ടുനടക്കുന്നതിന് നബി(സ) വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറക്കില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴും കൈ രണ്ടും കഴുകല്‍ സുന്നത്താക്കി. തിരുനബി(സ) പറയുന്നു: ‘നിങ്ങളില്‍നിന്നും ആരെങ്കിലും ഉറക്കില്‍ നിന്നും എണീറ്റാല്‍ പാത്രത്തിലേക്ക് കൈകള്‍ കടത്തുന്നതിനു മുമ്പ് അവ രണ്ടും മൂന്ന് പ്രാവശ്യം കഴുകുക. കാരണം, ഉറങ്ങുന്ന സമയത്ത് അവന്റെ കൈകള്‍ എവിടെയെല്ലാം സ്പര്‍ശിച്ചിട്ടുണ്ടെന്ന് അവന് അറിയുകയില്ല' (മുസ്‌ലിം). വായ ശുദ്ധീകരിക്കാനും എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും തിരുനബി(സ) നമ്മോട് പല്ല് തേക്കാന്‍ നിര്‍ദ്ദേശിച്ചു. ആയിശ ബീവി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; പ്രവാചകന്‍ പറഞ്ഞു: ‘മിസ്‌വാക്ക് ചെയ്യുന്നത് വായ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. മാത്രമല്ല, അത് അല്ലാഹുവിന് ഇഷ്ടമുള്ള കാര്യവുമാണ്'(ബുഖാരി). തൻ്റെ സമുദായത്തിന് ഒരു ഭാരമായി തോന്നുമായിരുന്നില്ല എങ്കിൽ ഓരോ വുദുവിൻ്റെ സമയത്തും പല്ലുതേക്കൽ ഞാൻ നിർബന്ധമാക്കുമായിരുന്നു എന്നുവരെ നബി(സ) തങ്ങൾ തൻ്റെ ഇക്കാര്യത്തിലെ അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആരാധനകളുടെ മുന്നോടിയായി ചെയ്യുന്ന കുളി, വുദു തുടങ്ങിയവ ഇസ്ലാം പഠിപ്പിക്കുന്ന ശുചിത്വ സംസ്കാരത്തിൻ്റെ പാഠങ്ങളാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളെ, നിങ്ങള്‍ നമസ്‌കരിക്കാനുദ്ദേശിച്ചാല്‍ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണിവരെ ഇരുകാലുകളും കഴുകുകയും ചെയ്യുക. വലിയ അശുദ്ധി(ജനാബത്ത്) ഉണ്ടെങ്കില്‍ കുളിച്ച് ശുദ്ധിയാവണം. ഇനി നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കുകയോ സ്ത്രീ സംസര്‍ഗം നടത്തുകയോ ചെയ്തു. എന്നിട്ട് വെള്ളം ലഭിച്ചില്ലെങ്കില്‍ തയമ്മും ചെയ്യാന്‍ നല്ല മണ്ണെടുക്കുകയും അതുകൊണ്ട് മുഖവും കൈകളും തടവുകയും ചെയ്യുക. നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടാകണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങളെ ശുദ്ധീകരിക്കണമെന്നും നിങ്ങള്‍ കൃതജ്ഞരാവാന്‍ വേണ്ടി തന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരണമെന്നുമാണ് അവന്റെ ഉദ്ദേശ്യം'(മാഇദ: 6).

വുദു, കുളി എന്നിവയെ വിശ്വാസിയുടെ ജീവിതത്തിൻ്റെ താളവും ദിനചര്യയുമാക്കി ഇസ്ലാം മാറ്റുകയുണ്ടായി. നിര്‍ബന്ധമായ കുളിക്കു മുമ്പ്, ബാങ്കിനു മുമ്പ്, സഅ്‌യിനുവേണ്ടി, വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍... തുടങ്ങി ജീവിത ശുഭമുഹൂർത്തങ്ങളിൽ എല്ലാം വിശ്വാസി വുദു ഉള്ളവനാകല്‍ നല്ലതാണ് എന്നാണ് ഇസ്ലാം പറയുന്നത്. കുളിയുടെ കാര്യത്തിൽ ആകട്ടെ നിർബന്ധമായ കുളിക്കു പുറമേ ജുമുഅക്ക് പോകാൻ, അമുസ്‌ലിം മുസ്‌ലിമായാല്‍, മയ്യിത്ത് കുളിപ്പിച്ചാല്‍, ഹജ്ജിനു ഇഹ്‌റാം ചെയ്യുമ്പോള്‍, മക്കയില്‍ പ്രവേശിക്കുമ്പോള്‍, രണ്ടു പെരുന്നാളുകള്‍ തുടങ്ങിയ അവസരങ്ങളിലല്ലൊം ഐഛികമായ കുളി പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. വെള്ളത്തിന് വലിയ ക്ഷാമമൊന്നുമില്ലാത്ത നമ്മെപ്പോലുള്ളവർക്ക് കുളി ദിനചര്യയുടെ ഭാഗമാണ്. വര്‍ഷത്തില്‍ വല്ലപ്പോഴും അപൂർവമായി മാത്രം മഴ ലഭിക്കുന്ന അറേബ്യന്‍ സാഹചര്യത്തിൽ, അതും നിസ്കാരിക വളർച്ച കടന്നു വരിക മാത്രം ചെയ്യുന്ന 6ാം നൂറ്റാണ്ടില്‍, ജീവിക്കുന്ന സമൂഹത്തോട് നിര്‍ബന്ധമായ കുളി മതത്തിന്റെ ഭാഗമാണെന്ന് അനുശാസിച്ച ഇസ്‌ലാമിന്റെ ശുചിത്വബോധനം എത്ര പ്രസക്തമാണെന്ന് നാം ചിന്തിക്കണം. ശുചിത്വത്തിന്റെയും വൃത്തിയുടെയും ഭാഗമായി മറ്റു ചില ശാരീരിക ശുചീകരണങ്ങൾ കൂടി ഇസ്ലാമിൻ്റെ താല്പര്യത്തിൽ ഉണ്ട്. അമിതമായ നഖം, മുടി എന്നിവ മുറിച്ചു മാറ്റുക, ഗുഹ്യ രോഗങ്ങൾ കക്ഷരോമങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുക, വസ്ത്രത്തിലും വേഷത്തിലും ഭംഗിയും മാന്യതയും പുലർത്തുക, വിസർജനങ്ങളുടെ ശേഷം നന്നായി വൃത്തിയാക്കുക, വിസർജന സ്ഥലങ്ങളിലേക്ക് പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക തുടങ്ങി അതു നീണ്ട ഒരു അധ്യായമായി കിടക്കുന്നു.

ശരീരത്തിൽ നിന്ന് പരിസരത്തേക്ക് നാം ഇറങ്ങുമ്പോൾ അവിടെയും നാം വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പരിസര ശുചീകരണത്തിന്റെ കാര്യത്തിൽ ഇസ്ലാമിൻ്റെ നിലപാട് രണ്ടു രീതികളിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഒന്നാമത്തേത്, സഹജീവികൾക്ക് ശല്യം ഉണ്ടാകുന്ന വിധത്തിലുള്ള ഒരു വൃത്തികേടും ഒരു വിശ്വാസിയിൽ ഉണ്ടായിക്കൂടാ എന്നതാണ്. ജനങ്ങള്‍ കൂടുന്നിടത്ത് വൃത്തിയോടെ മാത്രം പെരുമാറുവാൻ ഇസ്ലാം പറയുന്നതിന്റെ താല്പര്യം ഇതാണ്. ഇതിൻ്റെ ഭാഗമായിട്ടാണ് ജനങ്ങൾ ഒരുമിച്ച് കൂടുന്ന ജമാഅത്ത്, ജുമുഅ പോലുള്ള ആരാധനാ സംഗമങ്ങളിൽ പങ്കെടുക്കുന്നതിന് മുമ്പ് കുളിക്കൽ സുന്നത്താണ് എന്ന് പറയുന്നത്. ഇതേ ആശയത്തിലുള്ള മറ്റൊന്നാണ് നബി (സ) തങ്ങൾ പറഞ്ഞ 'ഉള്ളിയോ വെളുത്തുള്ളിയോ തിന്നവര്‍ പള്ളിയില്‍ നിന്നും വിട്ടു നില്‍ക്കണം, അവര്‍ വീട്ടിലിരിക്കട്ടെ' എന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ്. അവ തിന്നാൽ വായയിൽ നിന്ന് വരുന്ന പച്ചമണം മറ്റുള്ളവര്‍ക്ക് അസഹനീമായിരിക്കും എന്നതിനാലാണ് ഈ വിലക്ക്. രണ്ടാമത്തേത് ഭൂമിയുടെ സ്രോതസ്സുകൾ പരിശുദ്ധമായ സൂക്ഷിക്കുക എന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജലസ്രോതസ്സുകൾ തന്നെയാണ്. കാരണം അവ ജീവികളുടെ ജീവൻ്റെ ആധാരമാണ്. പൊതു ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് നീചമായ പ്രവൃത്തിയാണ്. ഇക്കാരണത്താൽ ജലാശയങ്ങളിലും (പ്രത്യേകിച്ച് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍) ജനങ്ങള്‍ വിശ്രമിക്കുന്ന തണലുകളിലും വഴിയോരങ്ങളിലും മലമൂത്രവിസര്‍ജനം ചെയ്യുന്നത് ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു. അത് ശാപ ഹേതുകങ്ങളിൽ പെട്ടതാണ് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പരിസര വൃത്തിയും ശുദ്ധിയും സംരക്ഷിക്കാൻ ഇസ്‌ലാം നിർദേശിക്കുന്നത് അതത്രയേറെ പ്രധാനപ്പെട്ടതായതുകൊണ്ടാണ്. നബി(സ്വ) പറഞ്ഞു: 'നിശ്ചയം അല്ലാഹു പരിശുദ്ധനാണ്, വൃത്തിയെ അവനിഷ്ടപ്പെടുന്നു. വീടുകളുടെ പരിസരങ്ങളെ നിങ്ങൾ വൃത്തിയായി സൂക്ഷിക്കുക' (തുർമുദി).