പച്ചപ്പ് ഒരു നിറം മാത്രമല്ല (12, 13) 29-10-2024 Share this Article WhatsApp Facebook പന്ത്രണ്ട് - പച്ചപ്പ് നിറം മാത്രമല്ല ഭൂമിയിൽ തന്റെ പ്രതിനിധിക്ക് വേണ്ടി അല്ലാഹു ഒരുക്കിയ മറ്റൊരു അനുഗ്രഹമാണ് ഭൂമിക്ക് പച്ചപ്പും തണുപ്പും മനോഹാരിതയും ഒരേസമയം നൽകുന്ന മരങ്ങളും സസ്യങ്ങളും. ഇവ പ്രപഞ്ചത്തിലെ ജീവ ലോകത്തിന് നൽകുന്ന ആദ്യത്തെ ദാനം ഭക്ഷ്യമാണ്. അല്ലാഹു പറയുന്നു: ‘എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി. എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു, മുന്തിരിയും പച്ചക്കറികളും, ഒലീവും ഈന്തപ്പനയും, ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും, പഴവർഗവും പുല്ലും. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗത്തിനായിട്ട്.’ (80: 24-32) ജീവികളുടെ പ്രാഥമിക വികാരങ്ങളിൽ പെട്ടതാണ് ഭക്ഷണം. ആ വികാരം കൊണ്ടാണ് ജീവികളെ പ്രകൃതിയിലെ സസ്യ ലോകവുമായി അല്ലാഹു ബന്ധിപ്പിച്ചിരിക്കുന്നത് എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഭൂമിയിലെ സസ്യലതാദികൾ അല്ലാഹുവിൻ്റെ മഹാ അനുഗ്രഹങ്ങളാണ് എന്ന് പല ആയത്തുകളിലും പല ധ്വനികളിലായി അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിൻ്റെ സൃഷ്ടി സംവിധാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയുന്ന ഒരു കൗതുകമാണ് ഒരു അനുഗ്രഹത്തെ തുടർന്ന് എന്തെങ്കിലും ചെറിയ കുറവുകളോ ന്യൂനതകളോ ഉണ്ടാകും എങ്കിൽ തൊട്ടടുത്ത ഘടകം അതിനെ പരിഹരിക്കുക എന്നത്. ഇവിടെ അതു തെളിഞ്ഞുകാണാം. കാരണം സസ്യങ്ങൾ എന്ന അനുഗ്രഹത്തിന്റെ മുൻപിലായി ഈ ശ്രേണിയിൽ ഉള്ള ഒന്നാണല്ലോ മഴ എന്നത്. ഉരുണ്ട ഭൂമിയിലേക്ക് മഴ പെയ്തുവീഴുമ്പോൾ ചില താളപ്പിഴവുകൾ സംഭവിക്കുവാൻ സാധ്യതയുണ്ട്. മണ്ണൊലിപ്പാണ് അത്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ ഇതേ ശ്രേണിയിലെ അടുത്ത അനുഗ്രഹമായ സസ്യങ്ങൾ എത്തുകയാണ്. മരങ്ങളുടെയും സസ്യങ്ങളുടെയും മണ്ണിൽ ആഴ്ന്നു നിൽക്കുന്ന വേരുകളാണ് മണ്ണൊലിപ്പ് തടയുന്നത്. മരങ്ങളുടെ വേരുകൾ ആഴ്ന്ന് ഇറങ്ങി നിൽക്കുമ്പോൾ മണ്ണിന് ബലം കൂടുമെന്നും ഒഴുകാൻ സാധ്യതയുള്ള മണ്ണിനെ വേരുകൾ തടഞ്ഞു നിർത്തും എന്നും സ്വഭാവികശാസ്ത്രം പറയുന്നുണ്ട്. വനനശീകരണം മഴയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. വനവല്‍ക്കരണം വഴി മഴയില്‍ ആറുശതമാനം വര്‍ധനവുണ്ടായതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം തടയുന്നതിലും മരങ്ങള്‍ക്കും വനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഹിമാലയം മരനിബിഡമായിരുന്ന കാലത്ത് ബംഗ്ലാദേശില്‍ പ്രളയം നൂറ്റാണ്ടിലൊരിക്കല്‍ മാത്രമായിരുന്നു സംഭവിച്ചിരുന്നത്. ഇപ്പോള്‍ നാലു വര്‍ഷത്തിലൊരിക്കല്‍ അവിടെ വെള്ളപ്പൊക്കമുണ്ടാവുന്നു. ഇതിനു സമാനമായ ഉദാഹരണങ്ങൾ നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നെയുണ്ട്. ഇപ്രകാരം തന്നെയുള്ള മറ്റൊരു അനുഗ്രഹമാണ് ഭൂമിയുടെ താപനില ക്രമീകരിക്കുവാൻ മരങ്ങൾ സഹായകമാകുന്നു എന്നത്. സൂര്യനെ കേന്ദ്രബിന്ദു ആക്കി കൊണ്ടുള്ള ഒരു ആവാസ വ്യവസ്ഥയാണ് ഭൂമിക്ക് ഉള്ളത് എന്നതിനാൽ സൂര്യൻ്റെ ചൂട് ഒഴിവാക്കാൻ കഴിയാത്തതാണ്. സൂര്യൻ്റെ ചൂടും പ്രകാശവും ഇല്ലെങ്കിൽ അതു ജീവ ലോകത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും. സൂര്യനിൽ നിന്ന് വമിക്കുന്ന ഈ ചൂട് ഭൂമിയുടെ മണ്ണിനെയും അതിൽ അടങ്ങിയിരിക്കുന്ന പാറകൾ തുടങ്ങിയവയെയും ചൂട് പിടിപ്പിക്കുന്നതും സ്വാഭാവികമാണ്. മണ്ണിൽ അടങ്ങിയിരിക്കുന്ന പാറകളും സമാനമായ നിക്ഷേപങ്ങളും ലോഹങ്ങളും എല്ലാം ചൂടുപിടിക്കുന്ന വസ്തുക്കളാണ്. അവയുടെ ചൂടിനോടൊപ്പം ഭൂമിയുടെ മണ്ണും ചൂട് പിടിക്കുന്നു. ഇതെല്ലാം കൂടിച്ചേരുമ്പോൾ ആവാസ വ്യവസ്ഥയിൽ സൃഷ്ടാവായ അല്ലാഹു വെച്ചിരിക്കുന്ന അന്തരീക്ഷം ജീവന് അനുയോജ്യമല്ലാതെയായി മാറാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ വരുന്നതിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് സസ്യങ്ങളാണ്. അതിനാൽ സത്യങ്ങൾ ഭൂമിയുടെ ഊഷ്മാവിനെ സന്തുലിതമാക്കുവാൻ സഹായിക്കുന്നു. ഭൂമിയിൽ നിന്നും വലിച്ചെടുക്കുന്ന വെള്ളത്തിൽ നിന്ന് ഒരു ഭാഗം അന്തരീക്ഷത്തിലേക്ക് മരങ്ങൾ കൈമാറുന്നുണ്ട് എന്നാണ് ശാസ്ത്രം. 40-50 വര്‍ഷം പ്രായമായ ഒരു ഇടത്തരം വൃക്ഷം മണിക്കൂറില്‍ ഇരുപത് ലിറ്റര്‍ ജലമാണ് അന്തരീക്ഷത്തില്‍ ലയിപ്പിക്കുന്നത് (മലയാള മനോരമ, 1996 സപ്തംബര്‍ 22). മരങ്ങളും സസ്യലതാദികളും നഷ്ടപ്പെടുന്നത് അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്നത് ചെറുതായി കാണാൻ കഴിയില്ല. അത് വലിയ അപകടങ്ങളിലേക്ക് വഴി തുറക്കും. കാരണം, കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെ പരിസ്ഥിതിയിൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിൽ മരങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നു പറഞ്ഞുവല്ലോ. കാർബൺ ഡൈ ഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്. അതിൻ്റെ അപകടങ്ങളെ ലഘൂകരിച്ച് നിയന്ത്രിക്കുന്നത് മരങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജന്റെ സാന്നിധ്യമാണ്. മരങ്ങൾ വൻതോതിൽ വെട്ടിക്കളഞ്ഞാൽ ഈ വിഷം അന്തരീക്ഷത്തിൽ വർദ്ധിക്കുന്നതിന് അതു കാരണമാകുന്നു. ഇത് ആഗോളതാപനത്തിന് കാരണമാകുന്നു. മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ആഗോള താപനം. ആഗോളതാപനം വർദ്ധിക്കുന്നതിനനുസരിച്ച് ഉഷ്ണ തരംഗങ്ങളും കാട്ടുതീയും കൂടുതൽ സാധാരണമാവുകയും മരുഭൂമികൾ വികസിക്കുകയും ചെയ്യുന്നു. ആർട്ടിക് മേഖലയിലെ ചൂട് കൂടുന്നത് പെർമാഫ്രോസ്റ്റ് ഉരുകുന്നതിനും ധ്രുവപ്രദേശങ്ങളിലെയും തദ്വാരാ കടലിലെയും ഹിമനാശത്തിനും കാരണമായിത്തീരുന്നു. ഉയർന്ന താപനില കൂടുതൽ തീവ്രമായ കൊടുങ്കാറ്റിനും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു. (ആഗോളതാപനം / https://ml.m.wikipedia.org) മരങ്ങൾ ഭൂമിയിലെ അല്ലാഹുവിൻ്റെ പ്രതിനിധിക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സേവനം ഒരുപക്ഷേ അവനു വേണ്ട ശ്വസനവായു ഒരുക്കിക്കൊടുക്കുന്നു എന്നത് തന്നെയായിരിക്കും. പ്രകാശ സംശ്ലേഷണത്തിലൂടെ സസ്യങ്ങൾ ഓക്സിജന്‍ പുറത്തുവിടുന്നത് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണ്. അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് മരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ധാരാളമായി ഓക്സിജന്‍ ദാനം ചെയ്യുന്നു. അതു മനുഷ്യൻ ശ്വസിക്കുന്നു. ശരീരത്തിനകത്തേക്ക് ഈ ഓക്സിജന്‍ എത്തിയിട്ടു വേണം ശരീരത്തില്‍ അഗ്നിയുടെ പ്രവര്‍ത്തനങ്ങളായ ചിന്തയും മനനവും ഭക്തിയും എല്ലാം നടക്കുവാൻ. അതുമുതൽ അടുപ്പില്‍ വിറക് കത്തുന്നതിനു വരെ ഓക്സിജന്‍ അനിവാര്യമാണ്. ഇത്രയും മഹത്തായ ദൗത്യങ്ങൾക്ക് വേണ്ടി അല്ലാഹു ഒരുക്കിവെച്ച സസ്യലതാദികളെ അതുകൊണ്ടുതന്നെ സംരക്ഷിക്കുവാനും പരിചരിക്കുവാനും അവൻ്റെ പ്രതിനിധികളായ മനുഷ്യർക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കുവാൻ അവർ പ്രധാനമായും ചെയ്യേണ്ട കാര്യം കാര്യങ്ങൾ രണ്ടാണ്. ഒന്നാമതായി, മരങ്ങൾ വെച്ചുപിടിപ്പിക്കുകയും അവ ആവശ്യമില്ലാതെ മുറിച്ചു മാറ്റാതിരിക്കുകയും ചെയ്യുക എന്നതാണ്. മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രോത്സാഹനം നൽകിയ മതമാണ് ഇസ്ലാം. നബി(സ) പറഞ്ഞു: 'ഏതൊരു മുസ്ലിമാവട്ടെ, ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതില്‍ നിന്ന് എന്തെങ്കിലും (ആരെങ്കിലും) ഭക്ഷിക്കുകയും ചെയ്താല്‍ അതവന് സ്വദഖ (ദാനധർമം) ആവാതിരിക്കില്ല. അതില്‍ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് പക്ഷികള്‍ ഭക്ഷിച്ചാലും ആരെന്തെടുത്താലും അതും സ്വദഖയാണ്, അന്ത്യനാള്‍ സംഭവിക്കുന്നത് വരെ' (മുസ്ലിം). ഇക്കാര്യത്തിലുള്ള നബിയുടെ താല്പര്യം എത്രമാത്രം സത്യസന്ധവും ശക്തവുമാണ് എന്നറിയുവാൻ താഴെപ്പറയുന്ന ഹദീസിന്റെ ആശയം മനസ്സിലാക്കിയാൽ മാത്രം മതിയാകും. അതിൽ നബി(സ) പറഞ്ഞു : 'അന്ത്യനാള്‍ ആസന്നമായിരിക്കെ നിങ്ങളിലാരുടെയെങ്കിലും കൈവശം വൃക്ഷത്തൈ ഉണ്ടെങ്കില്‍ സാധിക്കുമെങ്കിൽ നിങ്ങളത് നടുവിന്‍' (അഹ് മദ്). രണ്ടാം ഖലീഫ ഉമര്‍(റ) മരങ്ങള്‍ നട്ടുവളര്‍ത്താന്‍ ജനങ്ങളോട് നിർദേശിക്കുകയും അതിനു വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. ഉമാറതു ബിന്‍ ഖുസൈമ(റ) പറയുന്നു: ഖലീഫ ഉമര്‍(റ) എന്റെ പിതാവിനോട് ചോദിച്ചു: ‘സ്വന്തം ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് എന്താണ് താങ്കൾക്ക് തടസ്സം?' പിതാവ് ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു: 'എനിക്ക് പ്രായമായി, മരണത്തെ കാത്ത് കഴിയുകയാണ് ഞാൻ, ഇനിയിപ്പോൾ മരം നടുകയോ?' അപ്പോൾ ഉമർ (റ) പറഞ്ഞു: 'അവിടെ മരം നടാൻ താങ്കളെ ഞാൻ സഹായിക്കാം.' അങ്ങനെ മഹാനായ ഉമർ(റ)വും എന്റെ ഉപ്പയും കൂടി അവിടെ മരങ്ങൾ നടുന്നത് ഞാൻ കണ്ടു (ജാമിഉൽ കബീർ). മരങ്ങളെ സംസ്കാരവുമായി കുട്ടിയിണക്കാൻ ഇസ്ലാം നടത്തുന്ന ശ്രമങ്ങൾ ഒരു പ്രോത്സാഹനമായി കരുതാവുന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നന്മ തിന്മകൾക്ക് മരങ്ങളെ ഉദാഹരിക്കുന്ന വിശുദ്ധ ഖുർആനിൻ്റെ ശൈലിയാണ്. നല്ല മരങ്ങള്‍ (ശജറതുന്‍ ത്വയ്യിബ), ചീത്ത മരങ്ങള്‍ (ശജറതുന്‍ ഖബീഥ) എന്ന രണ്ട് ആശയങ്ങളെ ഉപയോഗിച്ചാണ് വിശ്വാസത്തിന്റെ അടിസ്ഥാനഘടകത്തെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. അപ്രകാരം തന്നെ ഇതിനെ സംസ്കാരവുമായി ബന്ധിപ്പിക്കുവാൻ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ള മറ്റൊരു കൽപ്പനയാണ് ഖബറിന്മേൽ വൃക്ഷത്തൈകൾ എന്തെങ്കിലും നടുക എന്നത്. ഇബ്നുഹജര്‍(റ) പറയുന്നു: 'ഖബറിന്മേല്‍ പച്ച ഈത്തപ്പന മട്ടല്‍ കുത്തുന്നത് സുന്നത്താണ്. നബി(സ്വ)യെ അനുകരിക്കുന്നതിനുവേണ്ടിയാണിത്. ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണ്. മാത്രമല്ല അതിന്റെ തസ്ബീഹിന്റെ ബറകത്ത് കൊണ്ട് മയ്യിത്തിന് ശിക്ഷയില്‍ നിന്ന് ലഘൂകരണം ലഭിക്കും. ഉണങ്ങിയവയുടെ തസ്ബീഹിനെക്കാള്‍ പൂര്‍ണമാണ് പച്ചയുടേത്. ഒരുതരം ജീവൻ അതിലുള്ളതാണ് കാരണം. റൈഹാൻ പോലെയുള്ള മറ്റു പച്ച ചെടികള്‍ കുത്തിപ്പോരുന്ന പതിവ് ഇതിനോട് തുലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിന്മേല്‍ കുത്തപ്പെട്ട ഇവകളില്‍ നിന്ന് വല്ലതും എടുക്കുന്നത് നിഷിദ്ധമാണ്. മയ്യിത്തിന്റെ അവകാശം അത് പാഴാക്കുന്നുവെന്നതാണ് കാരണം' (തുഹ്ഫ 3/197). ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ നബി(സ്വ) രണ്ട് ഖബറുകളുടെ അരികിലൂടെ നടന്നുപോകുന്ന ഒരു സംഭവം പറയുന്നുണ്ട്. അവയിലേക്ക് നോക്കി നബി തങ്ങൾ പറഞ്ഞു: 'തീര്‍ച്ചയായും ഈ രണ്ട് ഖബറിലുള്ളവരും ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടുന്നത് അത്ര ഗുരുതരമായ കാര്യത്തിന്റെ പേരിലൊന്നുലല്ല. അവരിലൊരാള്‍ മൂത്രശുദ്ധീകരണത്തില്‍ സൂക്ഷ്മത പാലിക്കാത്ത ആളും മറ്റേയാൾ ഏഷണിയുമായി നടക്കുന്ന ആളുമായിരുന്നു. അനന്തരം നബി(സ്വ) ഒരു പച്ച ഈത്തപ്പന മട്ടല്‍ കൊണ്ടുവരാന്‍ പറയുകയും അത് രണ്ടായി പിളര്‍ത്തി ഓരോ ഖബറിന്മേല്‍ വെക്കുകയും ചെയ്തു. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു: 'നബിയേ, അങ്ങ് എന്തിനാണിത് ചെയ്തത്?'. നബി(സ്വ) പറഞ്ഞു: 'അവ രണ്ടും ഉണങ്ങാതിരിക്കുന്ന കാലത്തോളം അവര്‍ക്ക് രണ്ടുപേര്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കും' (ബുഖാരി, മുസ്ലിം). മരങ്ങൾ അന്യായമായി മുറിച്ചു മാറ്റുന്നതിനെ നബി(സ) തങ്ങൾ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഈത്തപ്പനകൾ, ഫലം കായ്ക്കുന്ന മരങ്ങൾ തുടങ്ങിയവയൊന്നും മുറിച്ചുമാറ്റുകയോ തീയിട്ട് നശിപ്പിക്കുകയോ ചെയ്യരുത് എന്ന് നബി(സ) സൈനിക ദൗത്യങ്ങൾക്ക് ഇറങ്ങുന്ന സഹാബിമാരെ ഉപദേശിക്കാറുണ്ടായിരുന്നു. അത് പിൽക്കാലത്ത് ഖലീഫമാരും തുടരുകയുണ്ടായി. അതിൻ്റെ ഒരു തെളിവ് അബൂബക്കര്‍(റ) തൻ്റെ സൈന്യത്തിന്റെ പടത്തലവന് നല്‍കുന്ന നിര്‍ദേശമാണ്. ഇമാം മാലിക്(റ) ആ സംഭവം തൻ്റെ മുവത്വയില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: 'അബൂബക്കര്‍(റ) സൈന്യത്തെ സിറിയയിലേക്ക് നിയോഗിച്ചു. അദ്ദേഹം സൈന്യത്തിന്റെ തലവനായ യസീദ് ബിന്‍ അബീസുഫ്‌യാനോട് പറഞ്ഞു: 'ഞാന്‍ പത്ത് കാര്യങ്ങള്‍ താങ്കളെ ഉപദേശിക്കുന്നു. കുട്ടികള്‍, സ്ത്രീകള്‍, പ്രായംചെന്നവര്‍ തുടങ്ങിയവരെ നിങ്ങള്‍ വധിക്കരുത്, ഫലങ്ങള്‍ കായ്ക്കുന്ന മരങ്ങള്‍ മുറിക്കരുത്, വീടുകള്‍ തകര്‍ക്കരുത്, ഒട്ടകത്തെയും ആടിനെയും ഭക്ഷിക്കാനല്ലാതെ അറുക്കരുത്, ഈന്തപ്പന നശിപ്പിക്കരുത്, നിങ്ങള്‍ ഭിന്നിക്കരുത്, ഭീരുത്വം കാണിക്കുകയും അരുത്.' വിശ്വാസവും ഭാവിയും ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ പോലും പരിസ്ഥിതിസംരക്ഷണത്തിന് വിശ്വാസി നല്‍കേണ്ട പ്രാധാന്യമാണിവിടെ കാണാന്‍ കഴിയുന്നത്. രണ്ടാമതായി ഭൂമിയെ കൃഷിചെയ്ത് പരിപാലിക്കുക എന്നതാണ്. ഈ വിഷയത്തിലെ വലിയ ഒരു അധ്യായം തന്നെയാണ് ഇസ്ലാമിലെ കൃഷിപാഠം. പതിമൂന്ന്: പ്രതീക്ഷയുടെ കൃഷിപാഠങ്ങൾ മനുഷ്യന്റെ പ്രധാന ജീവിത മാര്‍ഗവും സാമൂഹിക നിലനില്‍പ്പിന്റെ അടിസ്ഥാന ശിലയുമാണ് കൃഷി. അടിസ്ഥാന തൊഴിലുകളായ കൈത്തൊഴില്‍, കൃഷി, കച്ചവടം എന്നിവയില്‍ കൃഷിക്കാണ് പ്രഥമ സ്ഥാനം. രണ്ടാം സ്ഥാനം കൈത്തൊഴിലിനും മൂന്നാമത് കച്ചവടത്തിനും. കാർഷികവൃത്തി ഈ ശ്രേണിയിൽ ഒന്നാം സ്ഥാനം നേടുന്നതിന് ചില ന്യായങ്ങൾ ഉണ്ട്. അത് കർഷകന്റെ മനസ്സും അർപ്പണവും ക്ഷമയും എല്ലാം കൂടിച്ചേരുമ്പോൾ ഉണ്ടാകുന്നതാണ്. അവൻ കൃഷിയിറക്കുവാൻ വേണ്ടി ഭാരിച്ച അധ്വാനം നടത്തുന്നു. കൃഷി ഇറക്കി കഴിഞ്ഞാൽ പിന്നെ അത് അല്ലാഹുവിൽ ഏൽപ്പിക്കുന്നു. കാരണം, കാലാവസ്ഥ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്നോ അറിയപ്പെടാത്ത വല്ല ദുരന്തങ്ങളും വരാനുണ്ടോ എന്നോ ഒന്നും അവനു നിശ്ചയമുണ്ടാവില്ല. അതിനാൽ എല്ലാം അല്ലാഹുവിൽ സമർപ്പിക്കുകയല്ലാതെ മറ്റൊന്നും അവനു ചെയ്യാനില്ല. പിന്നെ അതിൻ്റെ വിളവ് ഭക്ഷ്യമായോ പണമായോ മാറുന്നതു വരേക്കും അവൻ ക്ഷമാപൂർവ്വം കാത്തിരിക്കുന്നു. ക്ഷമ, സമർപ്പണം, അധ്വാനം തുടങ്ങിയവയെല്ലാം പ്രതിഫലവും പ്രതിഫലനവും ഉള്ള മാനുഷിക വ്യവഹാരങ്ങളാണ്. അതിനാലാണ് കൃഷിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഇമാം ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: 'ജോലികളില്‍ വെച്ച് ഏറ്റവും ഉത്തമം കൃഷിയാണ്. കാരണം അതു കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. അര്‍പ്പണബോധം കൂടുതലുള്ളതും ചതിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതവുമാണത്. (തുഹ്ഫ 9/389). മറ്റു പല വിവരണങ്ങളിലും നാം പറഞ്ഞതുപോലെ കൃഷിയെയും സത്യവിശ്വാസികളുടെ സാംസ്കാരികതയുമായി ഘടിപ്പിക്കുവാൻ ഇസ്ലാം ശ്രമിക്കുന്നുണ്ട്. ഒരു സമ്പൂർണ്ണ ജീവിത പദ്ധതി എന്ന നിലക്ക് ഇസ്ലാമിൻ്റെ വിജയം കുടികൊള്ളുന്ന ഒരു പ്രധാന ആശയം കൂടിയാണ് ഇത്. ആരാധനകൾ, ജീവിതവൃത്തികൾ, ജീവിത സന്ധാരണ മാർഗങ്ങൾ, ഇടപാടുകൾ തുടങ്ങി എല്ലാ കാര്യങ്ങളെയും ഭൗതികതയുമായും ആത്മീയതയുമായും ഒരേസമയം ബന്ധിപ്പിച്ച് മുന്നോട്ടുപോകുന്നു എന്നതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ അത്. കൃഷിയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വിവരിക്കുന്നുണ്ട്. അവയിൽ ചില സ്ഥലങ്ങളില്‍ കൃഷിയെ ഉപമയായിട്ടാണ് അവതരിപ്പിക്കുന്നത്. അതായത് ജീവിതപാഠങ്ങൾ പഠിപ്പിക്കാനുള്ള ഉദാഹരണങ്ങളായി. ഉദാഹരണമായി അല്ലാഹു പറയുന്നു: 'തങ്ങളുടെ ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യ മണികളുണ്ട്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കി കൊടുക്കുന്നു. അല്ലാഹു വിശാലതയുള്ളവനും സര്‍വജ്ഞനുമാകുന്നു’ (2/261). വിശ്വാസിയെ നബി(സ) തങ്ങൾ ഈന്തപ്പനയോട് ഉപമിക്കുന്ന ഒരു ഹദീസ് കാണാം. വിശ്വാസി ഈന്തപ്പന പോലെ തന്റെ എല്ലാ ഭാഗങ്ങൾ കൊണ്ടും പ്രയോജനം ചെയ്യുന്ന ആളായിരിക്കണം എന്ന അർത്ഥത്തോടൊപ്പം ഈന്തപ്പന എല്ലാ ഭാഗങ്ങൾ കൊണ്ടും ഉപകാരമുള്ള ഒന്നാണ് എന്ന അർത്ഥം കൂടി ഈ ഹദീസ് ഉൾക്കൊള്ളുന്നു. കേവലം കൃഷിചെയ്യുക എന്നതിനുമപ്പുറം ഇസ്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൃഷിചെയ്യുന്നതിലൂടെ വ്യക്തിക്കും സമൂഹത്തിനും പ്രയോജനം കൊണ്ടുവരുക എന്നതിലാണ്. അതുകൊണ്ടുതന്നെ ചെയ്യുന്ന കൃഷിയുടെ ഫലം കൃഷി ചെയ്തവന് തന്നെ കിട്ടുന്നതായിരിക്കണം എന്ന് ഇസ്ലാം ശഠിക്കുന്നില്ല. ‘ഒരാൾ അബുദർദാഅ്(റ)വിന്റെ അടുക്കലൂടെ നടന്നു നീങ്ങുകയായിരുന്നു. അദ്ദേഹം ഏതോ മരം നടുകയായിരുന്നു. അപ്പോൾ അയാൾ ചോദിച്ചു: 'വാർധക്യത്തിലാണോ താങ്കൾ ഈ മരം നടുന്നത്? എത്രയോ വർഷം കഴിഞ്ഞാൽ അല്ലാതെ താങ്കൾക്ക് ഇതിൽനിന്ന് ഒന്നും ലഭിക്കുകയില്ലല്ലോ' അബുദർദാഅ്(റ) പറഞ്ഞു: 'അതിൽ നിന്ന് മറ്റുള്ളവർ ഭക്ഷിക്കുന്നതിലൂടെ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയെന്നതാണ്. (മുനാവി, ഫൈളുൽ ഖദീർ) ഉമാറതു ബിന്‍ ഖുസൈമ(റ) പറയുന്നു: 'ഉമര്‍ (റ) എന്റെ പിതാവിനോട് ഇങ്ങനെ ചോദിക്കുന്നതായി ഞാന്‍ കേട്ടു: 'നിങ്ങളുടെ ഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിന് എന്താണു നിങ്ങള്‍ക്കു തടസ്സം’? അപ്പോള്‍ പിതാവ് പറഞ്ഞു: 'ഞാന്‍ നാളെ മരിക്കാന്‍ പോകുന്ന പടു വൃദ്ധനല്ലേ’? അപ്പോള്‍ ഉമര്‍(റ) വിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'നിങ്ങളുടെ ഭൂമിയില്‍ വൃക്ഷങ്ങള്‍ നടാന്‍ ഞാനും സഹായിക്കാം’. പിന്നീട് അവർ ഇരുവരും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും ഞാന്‍ കണ്ടു’ (ജാമിഉല്‍ അഹാദീസ്). നബി(സ) തങ്ങളുടെ ജീവിത ദൗത്യം അല്ലാഹുവിൻ്റെ രിസാലത്ത് ജനങ്ങളുടെ ജീവിതങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു. അതിനാൽ തന്നെ ഒരു സജീവ കർഷകനായി നബി(സ) തങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും നബി തങ്ങൾ കൃഷിയുടെ മഹാത്മ്യവും പ്രാധാന്യവും സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, നബി തങ്ങൾ സ്വന്തം കൈകൾ കൊണ്ട് കൃഷി ചെയ്യുന്നതും ഹദീസ് ചരിത്രങ്ങളിൽ വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് നബി(സ) തങ്ങൾ സൽമാനുൽ ഫാരിസി(റ)വിനുവേണ്ടി സ്വന്തം കരങ്ങൾ കൊണ്ട് നട്ടു കൊടുത്ത ഈന്തപ്പന തോട്ടം. ഇത് മദീന മുനവ്വറയിലെ അൽ അവാലിയിൽ ഇപ്പോഴും നമുക്ക് കാണാം. പേർഷ്യയിൽ നിന്ന് സത്യമതം തേടി മദീനയിൽ എത്തിച്ചേർന്നതായിരുന്നു സൽമാൻ(റ). അദ്ദേഹം അവിടെയെത്തുന്നത് ഒരു അടിമയായിട്ടായിരുന്നു. അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ അദ്ദേഹത്തിന് എന്തെങ്കിലും വരുമാനം അനിവാര്യമായി വന്നു. സാമ്പത്തികമായി വലിയ സഹായങ്ങൾ ചെയ്യുവാൻ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ നബി (സ) തങ്ങൾ ഇതിനു പരിഹാരമായി കണ്ട ഒരു പദ്ധതിയായിരുന്നു ഈ ഈന്തപ്പന തോട്ടം. 300 ഓളം ഈത്തപ്പനകൾ ഉള്ള ഈ തോട്ടം ഇപ്പോൾ സൗദി ടൂറിസം വകുപ്പിൻറെ പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിതമാണ് ഇതിനോട് അനുബന്ധിച്ച് ഒരു പള്ളിയും കിണറും ഉണ്ട് നബി തിരുമേനിയുടെ പാദസ്പർശനവും കരസ്പർശനവും ഏറ്റ പുണ്യം ഇവയ്ക്കെല്ലാം ഉണ്ട്. ഈ ബറക്കത്ത് കൊണ്ട് തന്നെ ഇതിലെ ഈത്തപ്പന മരങ്ങൾ അതേ വർഷം തന്നെ പതിവിന് വിരുദ്ധമായി കായ്ക്കുകയുണ്ടായി എന്ന് ചരിത്രങ്ങൾ പറയുന്നു ( സംഹൂദി: വഫാഉൽ വഫാ, ഡോ. അബ്ദുൽ അസീസ് കഅകി: അദ്ദുർറുൽ മൻതൂർ) കൃഷിയുടെ കാര്യത്തിൽ നബിയുടെ താൽപര്യവും പ്രകടിപ്പിക്കുന്ന മറ്റൊരു സംഭവം ഇമാം അൽ ഐനി ഉംദത്തുൽ ഖാരിയിൽ ഉദ്ധരിക്കുന്നുണ്ട്. സുബൈർ ബിൻ അവ്വാം(റ)വിൻ്റെ കൃഷി ഭൂമിയുടെ താഴെയായി ഒരു അൻസാരി കൃഷി ചെയ്യുന്നുണ്ടായിരുന്നു. സ്വാഭാവികമായും സുബൈർ(റ)വിന്റെ തോട്ടത്തിലെ ജലസേചനം കഴിഞ്ഞതിനുശേഷം മാത്രമേ താഴെയുള്ള അൻസാരിയുടെ തോട്ടത്തിൽ വെള്ളം എത്തുമായിരുന്നുള്ളൂ. ഇതിൽ അസ്വസ്ഥനായ അൻസാരി വെള്ളം നേരെ ചൊവ്വേ താഴേക്ക് തുറന്നുവിടാൻ ആവശ്യപ്പെട്ടു. സുബൈർ(റ) അത് വിസമ്മതിച്ചതോടെ രണ്ടുപേരും തമ്മിൽ പ്രശ്നമായി. കേസ് നബി(റ) തിരുമേനിയുടെ മുമ്പിൽ എത്തി. കർഷകർ എന്ന നിലക്കും സഹാബിമാർ എന്ന നിലക്കും രണ്ടു പേർക്കും ജലസേചന സൗകര്യം ലഭ്യമാക്കുക എന്നത് നബിയുടെ താല്പര്യം ആയിരുന്നു. നബി(സ) ആദ്യം സുബൈർ (റ)വോട് പറഞ്ഞു: 'സുബൈർ താങ്കൾ നനച്ചു കഴിഞ്ഞാൽ വെള്ളം താഴേക്ക് തുറന്നു വിടുക' സുബൈർ(റ)വിന് സമ്മതമായെങ്കിലും അൻസാരിക്ക് അത് സമ്മതമായില്ല. തന്റേത് നനച്ച് പിന്നീട് അദ്ദേഹം നനക്കണം എന്നായിരുന്നു അൻസാരിയുടെ ഉള്ളിലിരിപ്പ്. അതിനാൽ അൻസാരി നബിയെ ചോദ്യം ചെയ്യാനാണ് മുതിർന്നത്. അദ്ദേഹം ചോദിച്ചു: 'താങ്കളുടെ അമ്മായിയുടെ മകൻ ആയതുകൊണ്ട് ആണോ അദ്ദേഹത്തിന് അനുകൂലമായി ഇങ്ങനെ വിധി പറഞ്ഞിരിക്കുന്നത്?'. നബി (സ)യുടെ പിതൃ സഹോദരി സ്വഫിയ്യ(റ)യുടെ മകനാണ് സുബൈർ ബിൻ അവ്വാം(റ). അതുകേട്ടതും നബിക്ക് വിഷമമായി. അപ്പോൾ നബി സുബൈറി(റ)നോട് പറഞ്ഞു: 'സുബൈർ താങ്കൾ ആദ്യം നടക്കുക. പിന്നെ വെള്ളം വേരുകളോളം എത്തുന്ന അത്ര കെട്ടിനിർത്തുക. പിന്നെ മാത്രം താഴേക്ക് ഒഴുക്കി വിടുക' നബി(സ)യിൽ നിന്നു തന്നെ സ്വഹാബിമാർക്കും ഈ സംസ്കാരം പകർന്നു കിട്ടി. അവരുടെ ജീവിത സാഹചര്യങ്ങൾ തീർത്തും കാർഷികമായിരുന്നില്ല എങ്കിലും ഉണ്ടായിരുന്ന കാർഷിക സംസ്കാരം അവർ മനസ്സാ വരിച്ചിരുന്നു. കൃഷിഭൂമി സജ്ജമാക്കുന്നതിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലും സ്വഹാബികള്‍ക്ക് പ്രത്യേകമായ താല്‍പര്യമുണ്ടായിരുന്നു. അബ്ദുല്ലാഹിബിനു അംറുബിനുല്‍ ആസ്വ്(റ)വിന് ത്വാഇഫില്‍ വലിയ കൃഷിത്തോട്ടമുണ്ടായിരുന്നു. അതില്‍ നിന്നുള്ള മുന്തിരികള്‍ ആയിരക്കണക്കിനു മരപ്പാത്രങ്ങളില്‍ ചുമന്നാണ് കൊണ്ടു പോയിരുന്നത്. ദൂരെ നിന്ന് കണ്ടാല്‍ വലിയ കുന്ന് പോലെ തോന്നുന്ന വിധമായിരുന്നുവത്രെ തോട്ടത്തില്‍ ഉണക്ക മുന്തിരി കൂട്ടിയിട്ടിരുന്നത്. ത്വല്‍ഹതു ബ്നു ഉബൈദില്ലാ(റ)വിനും വലിയ കൃഷിഭൂമിയുണ്ടായിരുന്നു. മദീനയിൽ ആദ്യമായി ഗോതമ്പ് കൃഷി ചെയ്തത് ഈ സ്വഹാബി വര്യൻ ആയിരുന്നു. അപ്രകാരം സുബൈര്‍ ബിന്‍ അവാം(റ)വിനും മറ്റു പല സ്വഹാബാക്കള്‍ക്കും വലിയ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നു (അൻവർ രിഫാഈ: അല്‍ ഇസ്‌ലാമു ഫീ ഹളാറതിഹി വ നള്മിഹി). അന്നത്തെ സാഹചര്യത്തിൽ ഭൂമി ഉടമാവകാശം പൊതുവേ കുറവായിരുന്നു. ഭൂമി വളച്ചുകെട്ടുന്നതും സ്വന്തമായി ഉപയോഗിക്കുന്നതും അധിവാസ നഗര മേഖലയിൽ മാത്രമായിരുന്നു. ബാക്കിയുള്ള സ്ഥലങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമി ആർക്കുവേണമെങ്കിലും എടുക്കാവുന്ന അവസ്ഥയായിരുന്നു. പക്ഷേ, ജീവിത സന്ധാരണത്തിന് കൃഷിയെക്കാൾ കച്ചവടത്തിനാണ് അറബ് ജനത പ്രാമുഖ്യം കൽപ്പിച്ചിരുന്നത്. അതിനാൽ കൂടിയാണ് അക്കാലത്തെ അറബ് പ്രദേശങ്ങൾ കാർഷികമായി പിന്നോട്ട് പോയത്. ഇത്തരമൊരു സാഹചര്യത്തിൽ കൃഷിയിലേക്ക് ആ ജനതയെ തിരിച്ചുവിടാൻ മഹാനായ നബി(സ) തിരുമേനി പല പ്രോത്സാഹനങ്ങളും നൽകുകയുണ്ടായി. അതിൽപ്പെട്ട ഒന്നാണ് ഒരാൾ ഒരു ഭൂമി വളച്ചെടുക്കുകയും കൃഷി ചെയ്ത് അതിനെ ജീവിപ്പിക്കുകയും ചെയ്യുന്ന പക്ഷം ആ ഭൂമി അവൻ്റെ ഉടമാവകാശത്തിൽ വരുന്നതാണ് എന്ന നബി(സ)യുടെ പ്രഖ്യാപനം. മറ്റൊന്ന് താല്പര്യമുള്ള പലർക്കും നബി തങ്ങൾ ഭൂമി മുറിച്ച് വെറുതെ നൽകിയിരുന്നു എന്നതാണ്. ഇങ്ങനെ നബിയിൽ നിന്ന് ഭൂമി ലഭിച്ച സഹാബിമാർ നിരവധിയാണ്. സുബൈർ ബിൻ അവ്വാം(റ)വിന് നബി(സ) ഇങ്ങനെ ഭൂമി നൽകിയിരുന്നതായും അതിൽ തൻ്റെ പത്നി അസ്മ(റ) വേല ചെയ്തിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്. ഒരു ചാട്ടവാർ എടുത്ത് എറിഞ്ഞ് അത് വീഴുന്ന അത്രയും ദൂരം സ്ഥലമായിരുന്നു അദ്ദേഹത്തിന് നൽകിയത് എന്നും അതേ ഹദീസുകളിൽ പറയുന്നുണ്ട്. (അബു ദാവൂദ്, അഹ്മദ്). അംറ് ബിൻ ഹുറൈസ്(റ), അബ്ദുറഹ്മാൻ ബിൻ ഔഫ്(റ), വാഇൽ ബിൻ ഹജർ(റ), ബിലാൽ ബിൻ ഹാരിസ് അൽ മുസ്നി(റ) തുടങ്ങിയവരല്ലാം ഇങ്ങനെ ഭൂമി ലഭിച്ച കർഷക സഹാബിമാരാണ് (തുർമുദി, അബൂദാവൂദ്). ഇങ്ങനെ ലഭിച്ച ഭൂമി കൃഷി ചെയ്തു പരിപാലിക്കണം എന്ന് നബി(സ) പറയുമായിരുന്നു. ഈ ഭൂമിയിൽ കൃഷി ചെയ്യുന്നില്ലെങ്കിൽ അത് തൻ്റെ അതിനു സന്നദ്ധനായ സഹോദരന് നൽകണമെന്ന് നബി(സ) പറയുകയുണ്ടായി. (മുസ്ലിം) ഇങ്ങനെ കിട്ടിയ ഭൂമികളിൽ ഒന്ന് കൃഷി ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നത് രണ്ടാം ഖലീഫ ഉമർ(റ)വിൻ്റെ കാഴ്ചയിൽപ്പെട്ടു. അത് ബിലാൽ അൽ മുസ്നിക്ക് നബി തങ്ങൾ നൽകിയ ഭൂമിയായിരുന്നു. അദ്ദേഹത്തെ വിളിച്ച് ഖലീഫ പറഞ്ഞു: 'താങ്കൾ ഭൂമി ചോദിച്ചപ്പോൾ നബി(സ) തങ്ങൾ താങ്കൾക്ക് ഈ ഭൂമി നൽകുകയായിരുന്നു. ചോദിച്ചത് എന്തും നൽകുന്ന സ്വഭാവമായിരുന്നു നബിയുടേത്. അങ്ങനെ ലഭിച്ച ഈ ഭൂമി താങ്കൾ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്നത് ശരിയല്ല. താങ്കൾക്ക് ഇത്രയും ഭൂമിയിൽ കൃഷി ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് എങ്കിൽ താങ്കൾക്ക് കഴിയുന്ന അത്ര ഭൂമി എടുത്ത് അതിൽ കൃഷി ചെയ്യുകയും ബാക്കി ഭൂമി വിട്ടു തരികയും ചെയ്യണം' അതുകേട്ട് ബിലാൽ അൽ മുസ്നി(റ) പറഞ്ഞു: 'ഈ ഭൂമി ഞാൻ ഒരിക്കലും വിട്ടു തരുന്ന പ്രശ്നമില്ല. കാരണം, അത് നബി തങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ (പുണ്യ)ഭൂമിയാണ്'. പക്ഷേ നീതി നിഷ്ഠനായ ഖലീഫ അത് അംഗീകരിച്ചില്ല അദ്ദേഹം ആ ഭൂമി ബലമായി പിടിച്ചെടുത്തു കൃഷി ചെയ്യുന്നവർക്ക് നൽകുകയുണ്ടായി. (ബൈഹഖി, ഇബ്നു ഖുദാമ: മുഗ് നി , ഇബ്നു മൻദൂർ: മുഖ്തസ്വർ താരീഖു ദിമശ്ഖ്)