കശാപ്പുകാരന്റെ മട്ടും മാതിരിയും 27-08-2021 Share this Article WhatsApp Facebook അലക്സാണ്ടര്‍ പോപ്പ് എന്ന ഇംഗ്ലീഷ് കവി ചരിത്രകാരന്മാരെ ഇങ്ങനെ ഒരിടത്ത് പരിഹസിക്കുന്നുണ്ട് : കഴിഞ്ഞകാലത്തെ മൂഢത്വം കാത്തുസൂക്ഷിക്കുന്ന നിങ്ങളുടെ മൂഢത്വം വരാന്‍ പോകുന്ന കാലം കാത്തുസൂക്ഷിക്കുമാറാകട്ടെ!. അതുപോലെതന്നെ സര് ഫിലിപ്പ് സിഡ്നി പറഞ്ഞു: കേട്ടുകേള്‍വിയാണ് ചരിത്രകാരന്മാരുടെ ഏറ്റവും വലിയ പ്രമാണമെന്ന്. പല നുണകളില്‍നിന്നും സത്യത്തോട് ഏറ്റവും സാദൃശ്യമുള്ള നുണ തിരഞ്ഞെടുക്കുകയെന്ന കലയാണ് ചരിത്രം എന്നാണ് റൂസ്സോ പറഞ്ഞത്. നാലാളുകള്‍ സമ്മതിച്ചാല്‍ മതി, ഏതു കെട്ടുകഥയും ചരിത്രമാകും എന്നു നെപ്പോളിയനും പറഞ്ഞു. ചരിത്രകാരനായിരുന്ന പ്രഷ്യയിലെ മഹാനായ ഫ്രെഡറിക് ചരിത്രത്തെ മുഖത്തു നോക്കി നുണയൻ എന്നാണ് വിളിച്ചത്. സത്യത്തിൽ ചരിത്രം ഒരു കള്ളത്തരമാണോ?, തീർത്തും അല്ല. കാരണം അത് ജീവിതത്തിലെ വലിയൊരു അധ്യായമാണ്. എവിടെ നോക്കിയാലും ചരിത്രത്തിന്റെ സാന്നിദ്ധ്യം കാണാം. വെറും സാധാരണ സംഭാഷണത്തില്‍ക്കൂടി ചരിത്രം കടന്നുവരുന്നു. കാലം മാറിപ്പോയി, യുദ്ധത്തിനു മുന്‍പ്, യുദ്ധം കഴിഞ്ഞ്, ഇതുവരെ ഉണ്ടാകാത്ത, ഉല്‍ഭവവും വളര്‍ച്ചയും എന്നിങ്ങനെയുള്ള വാക്ക് പ്രയോഗങ്ങള്ക്കുതന്നെ ചരിത്രത്തിന്റെ മണമുണ്ട്. ഇതു വർത്തമാനം. ഭാവിയും ഇങ്ങനെ തന്നെയാണ്. ചരിത്രം എന്ന ഭൂതക്കണ്ണാടിയിലാണല്ലോ ഭാവി എന്ന ചിത്രം തെളിയുന്നത്. മനുഷ്യന്റെ അഭൗമമായ വികാരത്തെയാണ് ചരിത്രം പ്രതിനിധാനം ചെയ്യുന്നത്. 1799-ല്‍ നെപ്പോളിയന് ഈജിപ്തിലെ വലിയ പിരമിഡിന്റെ മുന്പില് നിന്നുകൊണ്ട് തന്റെ സൈനികരോടു 40 നൂറ്റാണ്ടുകളുടെ ചരിത്രമാണ് നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നതു്. ഇവിടെനിന്നുകൊണ്ടു തന്നെയാണ് സീസറും ഈ അത്ഭുതകരമായ കാഴ്ച കണ്ടത് എന്നു പറയുമ്പോഴും ഏബ്രഹാം ലിങ്കണ് തന്റെ പ്രസിദ്ധമായ ഗെറ്റിൻബര്ഗ്ഗ് പ്രസംഗം എണ്‍പത്തി ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ പൂര്വ്വികന്മാര് സ്വാതന്ത്ര്യത്തില്‍ വിഭാവനം ചെയ്ത ഒരു രാഷ്ട്രം ഈ മണ്ണില്‍ സ്ഥാപിച്ചു എന്നു പറഞ്ഞു തുടങ്ങുമ്പോഴും യു എസ് മുൻ പ്രസിഡന്റ് ഐസന്‍ഹോവര്‍ പേള്‍ ഹാര്‍ബര്‍ ഇനി ഒരിക്കലുമില്ല എന്നു പറഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തിന്റെ പകുതി കഥ പറയുമ്പോഴും 1947-ല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യപ്പുലരിയില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്നുകൊണ്ട് നെഹ്റു നീണ്ട വര്‍ഷങ്ങള്‍ക്കു മുന്‍പ് വിധിയോടു ചെയ്ത വാഗ്ദാനമാണ് നാമിന്നു നിറവേറ്റുന്നത് എന്നു പ്രഖ്യാപിക്കുമ്പോഴുമെല്ലാം ചരിത്രം സമൂഹനിർമ്മിതിക്ക് വികാരത്തിന്റെ അടിക്കല്ലിടാൻ മാത്രം കരുത്തുറ്റതാണ് എന്ന് നമ്മോട് പറയുകയാണ്. എന്നിട്ടും ഇങ്ങനെ ചരിത്രം തെറ്റിദ്ധരിക്കപ്പെട്ടത് ചരിത്രത്തെ ചില ദുരുപതിഷ്ഠർ സ്വന്തം താൽപര്യങ്ങളെ കുത്തിക്കയറ്റിയും വെട്ടി മാറ്റിയും നടത്തിയ കള്ളക്കളികൾ കയ്യോടെ പിടികൂടപ്പെട്ടതോടെയാണ്. അതോടെ അതിന്റെ വിശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലായി. മാത്രമല്ല, മനുഷ്യന്റെ തിരിച്ചറിവിന്റെ ഈ ആധാരം അവരെ വഴി തെറ്റിക്കുവാനുള്ള ആയുധവുമായി. അതിന്റെയും ഉദാഹരണം രൂപപ്പെടുന്നത് ഇന്ത്യയിലാണ്. എല്ലാ ഉദാഹരണങ്ങളും ഇന്ത്യയിലാണല്ലോ. നല്ലതും തിയ്യതുമായ എല്ലാം ഇവിടെയാണ് ആദ്യം ഉണ്ടാകുക. മലബാർ സമര സേനാനികൾ അവർ മാപ്പിളമാരായി എന്നതിന്റെ പേരിൽ മാത്രം ഉള്ള ലിസ്റ്റിൽ നിന്നു തന്നെ വെട്ടിമാറ്റപ്പെട്ടു എന്നതാണ് ആ ഉദാഹരണം. എഴുതുന്നവൻ സംഭവത്തിന്റെ അല്ല തന്റെ സ്വന്തം താൽപര്യത്തിലേക്ക് ചരിത്രത്തെ ചായ്ച്ചു കെട്ടുന്നതാണ് ഈ ക്രൂരത. ഇത് ചെയ്യുന്നവർ രണ്ട് തരത്തിലുണ്ട്. ഒന്ന് മാംസമറിയാതെ എല്ല് ഊരിയെടുക്കുന്നവർ. അഥവാ അറിയാത്ത രൂപത്തിൽ തന്റെ ആശയം കടത്തിക്കൂട്ടുന്നവർ. രണ്ടാമത്തെ വിഭാഗം നിഷ്കരുണം വെട്ടിപ്പൊളിച്ച് മാറ്റം വരുത്തുന്നവർ. അവർക്ക് ന്യായീകരണങ്ങളോ തെളിവുകളോ സമർഥനങ്ങളോ ഒന്നും ഉണ്ടാവില്ല. ചോദ്യങ്ങളെ അവർ കേൾക്കുകയേ ഇല്ല. ഉത്തരങ്ങൾ അവർ പറയില്ല. അല്ലെങ്കിലും അറവുകാർ മാടിന്റെ പല്ല് പിടിച്ചുനോക്കില്ലല്ലോ. രണ്ടാമത്തെ കാട്ടാള വേതാളങ്ങളാണ് നമ്മുടെ നാട്ടിൽ. കഷ്ടകാലം !! കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക വകുപ്പും ഐ സി എച്ച് ആറും ചേർന്ന് തയ്യാറാക്കിയതും പ്രധാനമന്ത്രി തന്നെ പ്രകാശനം ചെയ്തതുമായ രക്തസാക്ഷി നിഖണ്ഡുവിൽ നിന്ന് മലബാർ സമരത്തിലെ രക്തസാക്ഷികളെ മാപ്പിളമാരായിപ്പോയി എന്നതിന്റെ പേരിൽ മാത്രം വെട്ടിമാറ്റുന്നു എന്നതാണ് ഈ വാരത്തിലെ പുതുമയുള്ള വാർത്ത. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികാ പുസ്തക ഭാഗങ്ങളിൽ തെന്നിന്ത്യക്കാരെ പറയുന്ന അഞ്ചാം ഭാഗത്തിലാണ് ഈ കർസേവ. അത് സമര വികാരത്തിന്റെ നൂറാം ഓർമ്മപ്പെരുന്നാളിന് തന്നെ ചെയ്തത് എല്ലാവരേയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നു. ഒരു വികാരം പ്രോജ്വലിച്ചു നിൽക്കുമ്പോൾ തന്നെ അതിനെ അവഗണിച്ചു വേദനിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് കുടില ഭീകരതയുടെ ഒരു സ്ഥിരം പതിവാണ്. ഒരു പെരുന്നാൾ ദിനത്തിൽ തന്നെ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത് ഒരു ഉദാഹരണമാണല്ലോ. ഇത് ഒരു പാട് പശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒന്ന് ഇതിനുവേണ്ടി ആഴത്തിൽ പഠിച്ച നമ്മുടെ സ്വന്തം ചരിത്ര ശാസ്ത്രജ്ഞൻമാരുടെ ക്രെഡിബിലിറ്റി വെളളത്തിലാകുന്നു എന്നതാണ്. രാജ്യത്തിന്റെ ചെലവിൽ രാജ്യത്തിനു വേണ്ടിയാണല്ലോ അവരത് ചെയ്തത്. ഒരു രാജ്യം ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഇത്. രാജ്യത്തിന് വേണ്ടി ബൗദ്ധിക സേവനം സമർപ്പിക്കുന്നവരെ പരിഗണിക്കുന്നില്ലെങ്കിൽ പിന്നെ രാജ്യം എന്നത് വെറും വേലി കെട്ടിയ മണ്ണായി മാറുന്നു. രണ്ടാമത്തേത് നൂറുവർഷമായി രചിക്കപ്പെട്ട എല്ലാ ചരിത്രങ്ങളും തെറ്റായി മാറുന്നു എന്നതാണ്. കേന്ദ്ര ഫാഷിസം സ്വന്തന്ത്ര്യ സമരമല്ലെന്നും അതിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമരസേനാനികളല്ലെന്നും പറയുന്ന മലബാർ സമര പോരാളികൾ ആയിരക്കണക്കിന് പഠനങ്ങളിലും രേഖകളിലും അതാണ്. അതിനാൽ വിക്കിപ്പീഡിയ മുതൽ പാഠപുസ്തകങ്ങൾ വരെ മാറ്റേണ്ടിവരും. മാത്രമല്ല, ഇപ്പോൾ വെട്ടിത്തിരുത്താൻ പോകുന്ന ഡിക്ഷണറിയിൽ ചേർത്തിരിക്കുന്ന വിലപ്പെട്ട ബ്രിട്ടീഷ് രേഖകൾ ഒക്കെ കള്ളമാണ് എന്നും വരും. ചെറുതല്ല പൊല്ലാപ്പ്. മൂന്നാമത്തേത്, ഇവർക്ക് നൽകിയ താമ്രപത്രങ്ങൾ, പെൻഷനുകൾ, നിയമന പരിഗണനകൾ എന്നിവക്കു ചിലവാക്കിയ കോടികൾ വഴിവിട്ടതായി നിയമവിരുദ്ധമായി മാറി. അതൊക്കെ ശരിക്കാണെങ്കിൽ നിർമ്മല സീതാരാമൻ തിരിച്ചു പിടിക്കേണ്ടിവരും. മാത്രമല്ല, ഏറെ നൊന്തും മുക്കിയുമാണെങ്കിലും ഗവൺമെന്റ് ചെലവിൽ സ്ഥാപിച്ച സ്മാരകങ്ങളുടെ കാര്യവും പ്രശ്നമാകും. അതൊക്കെയങ്ങോട്ട് സഹിക്കാം. പറയുന്നിടത്തും വിരിക്കുന്നിടത്തും വ്യാഖ്യാനിക്കുന്നിടത്തുമെല്ലാം ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളും ചങ്കിൽ കെട്ടലുകളുമാണ് ഏറെ അസഹനീയം. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ചാനലുകളിൽ വന്നിരുന്ന ഗോപാലകൃഷ്ണൻമാർ കുറച്ചൊന്നുമല്ല വെള്ളം കുടിച്ചു തീർത്തത്. നാവ് വറ്റാൻ മാത്രവും ചങ്ക് വരളാൻ മാത്രവും അവർ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇതൊന്നും ഇക്കൂട്ടർ ആലോചിച്ചില്ലേ എന്ന് ആലോചിക്കേണ്ട. ബുദ്ധിയല്ല തണ്ടാണ് ഫാഷിസത്തെ നയിക്കുന്നത്. അതിനാൽ ഒരു ചോദ്യത്തിനും അവരിൽ നിന്നും ഉത്തരം പ്രതീക്ഷിക്കേണ്ട. കാരണം ഫാഷിസം സാധാരണ ഉത്തരം പറയാറില്ല. ചോദ്യങ്ങൾ കേൾക്കാറുമില്ല. ഇതിങ്ങനെയൊക്കെത്തന്നെയായിരിക്കും ഇനി. ഇതു മാറണമെങ്കിൽ ഈ ബാധ നമ്മുടെ രാഷ്ട്രീയ മണ്ണ് വിട്ടു പോകണം. അത് ഇനി അത്ര എളുപ്പമല്ലല്ലോ. അതിനാൽ നമ്മുടെ മനസ്സിൽ നിന്ന് ഒന്നും വെട്ടിമാറ്റാതിരിക്കുവാൻ ജാഗ്രത പുലർത്തുക.