TH Darimi

അവർ സുൽത്വാനു നേരെ തിരിഞ്ഞിരിക്കുന്നു..

അവർ സുൽത്വാനു നേരെ തിരിഞ്ഞിരിക്കുന്നു..

13-12-2024
Share this Article

image

ടി മുഹമ്മദ്

..

കഴിഞ്ഞ വാരം വീണ്ടും ഒരിക്കൽ കൂടി ഇന്ത്യയുടെ ആത്മീയ സുൽത്താൻ മുഈനുദ്ദീൻ ചിശ്തി(റ)യുടെ ദർബാറിൽ പോകാൻ ഭാഗ്യം ഉണ്ടായി. ഇന്ത്യയിലെ മുസ്ലിം ജനസാമാന്യത്തെ ആത്മീയമായി നയിക്കുവാൻ നബി തിരുമേനി(സ) നിയോഗിച്ചു പറഞ്ഞയച്ച മഹൽ വ്യക്തിത്വമാണല്ലോ മഹാനവർകൾ. അതിനാൽ അവിടത്തെ ദർബാറിൽ ചെന്നു നിൽക്കുമ്പോൾ വല്ലാത്ത ഒരു ആത്മീയ അനുഭൂതിയാണ്. പക്ഷേ, ഈ പ്രാവശ്യം അവിടെയെത്തുമ്പോൾ ഉള്ളം ശരിക്കും കലങ്ങി നിൽക്കുകയായിരുന്നു. കാരണം അന്നായിരുന്നു അജ്മീർ കോടതി വിഷ്ണു ശർമ ഗുപ്ത എന്ന ഒരാൾ സമർപ്പിച്ച ഹരജി പരിഗണിച്ചത്. അയാളുടെ ഹർജിയുടെ ഉള്ളടക്കം അജ്മീർ ദർഗ്ഗാ ശരീഫ് നിൽക്കുന്നത് ഒരു ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ്, അതിനാൽ ദർഗ്ഗാസമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കണം എന്നതായിരുന്നു. യാതൊരു യുക്തിയുമില്ലാത്ത ഇത്തരം ഹർജികൾ നമ്മുടെ വ്യവഹാരിക ലോകത്ത് പതിവാണല്ലോ പിന്നെ എന്തിനാണ് ഇതിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥത വിളിച്ചു വരുത്തുന്നത് എന്ന് ചോദിക്കരുത്. കാരണം, ഇന്ത്യയിലെ ഓരോ മനുഷ്യനും പാഠമാണ് ബാബരി മസ്ജിദ് ദുരന്തം. ആ ദുരന്തത്തിൻ്റെ നാൾവഴികൾ ഫാസിസ്റ്റുകൾക്ക് പ്രമാണമാണ്. പരീക്ഷിച്ച് പഠിച്ച മാർഗമാണ്. ലക്ഷ്യങ്ങൾ വിജയിപ്പിച്ചെടുക്കാനുള്ള വഴിയാണ്. മതേതര വിശ്വാസികൾക്കാവട്ടെ ഒരിക്കലും മറക്കാനാവാത്ത പാഠവും താക്കീതും എല്ലാമാണ്. ആദ്യം എങ്ങനെയെങ്കിലും സംഗതി കലക്കി എടുക്കുക. പിന്നെ മീൻ പിടിച്ചു കുട്ടയിൽ ആക്കുക. കലക്കിയെടുക്കാനുള്ള വേദികൾ ആണ് കോടതികൾ. ഇപ്പോൾ കോടതികൾക്ക് കലക്കാനുള്ള കഴിവും പ്രചോദനവും പൂർവാധികം വീര്യത്തോടെ വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ബാബരി മസ്ജിദിന്റെ കാര്യത്തിലും ഇങ്ങനെയായിരുന്നു തുടക്കം. ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്താൻ ഇന്ത്യൻ ഗവർണറുടെ അഭ്യർത്ഥന പ്രകാരം 1526-ൽ ബാബർ ഇന്ത്യയിൽ വരികയും വടക്കുകിഴക്കൻ ഇന്ത്യ കീഴടക്കുകയും ചെയ്ത സമയത്ത് അയോദ്ധ്യ ഗവർണർ മിർ ബാഖി 1529 ൽ നിർമ്മിച്ച, 400ലേറെ വര്‍ഷക്കാലം അയോധ്യയിലെ മുസ്ലിംകൾ തലമുറകളായി നിസ്‌കരിച്ചു പോന്ന അത്രയും കാലപ്പഴക്കമുള്ള പള്ളിയായിരുന്നു ബാബരി മസ്ജിദ്. 1885 ൽ ഇത് രാമജൻമ ഭൂമിയിൽ നിർമ്മിച്ചതാണ് എന്നു പറഞ്ഞ് വിഷയം മഹന്ത് രഘുബീർ ദാസ് എന്നെ വ്യക്തി ഒരു സ്യൂട്ടിലൂടെ വിഷയം കോടതിയിലെത്തിച്ചു. അവിടെയായിരുന്നു ബാബരി മസ്ജിദ് ദുരന്തത്തിന് കൃത്യമായ തുടക്കം. പള്ളിയോട് ചേർന്നുള്ള ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) അദ്ദേഹത്തിന് അനുമതി നിഷേധിച്ചു കൊണ്ട് കേസ് തള്ളി. അടുത്തതായി, ഇതേ മഹന്ത് രഘുബീർ ദാസ് തന്നെ , ബാബരി മസ്ജിദിൻ്റെ ചബൂത്രയിൽ (മുറ്റത്ത്) ഒരു ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ ഫൈസാബാദ് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. ഫൈസാബാദ് കോടതി ഇതും തള്ളി.

കീഴ് കോടതികൾ കേസ് തള്ളുന്നതിൽ അവർക്ക് കാര്യമായ പരാതികൾ ഒന്നുമില്ല. അവർക്ക് മേൽക്കോടതിയെ സമീപിക്കാനുള്ള ഒരു വാതിൽ തുറന്നു കിട്ടുകയാണ് എന്നാണ് അവർ വിചാരിക്കുന്നത്. പിന്നെ അതിനു വേണ്ടി ഒരു ടീം സജീവമായി രംഗത്തിറങ്ങുന്നു. ബ്രിട്ടീഷ് യുഗം അങ്ങനെ അവസാനിച്ചു. ബ്രിട്ടീഷുകാരിൽ നിന്ന് തങ്ങളുടെ ആവശ്യം നേടിയെടുക്കുവാൻ കഴിയില്ല എന്ന് പലതുകൊണ്ടും അവർക്ക് തോന്നിയിട്ടുണ്ടാകും. അതേസമയം ബ്രിട്ടീഷുകാർ കേസിനെ പരിപൂർണ്ണമായും നിരാകരിക്കുകയോ തള്ളുകയോ ചെയ്തതുമില്ല. അത് അവരുടെ രാഷ്ട്രീയ നയതന്ത്രമാണ്. തദ്ദേശീയരെ പരസ്പരം വിഘടിപ്പിച്ചു നിർത്തുക എന്നത് അവരെപ്പോഴും പുലർത്തുന്ന ഒരു സമീപനമാണ്. അതുവഴിയാണ് അവർക്ക് ആരും അറിയാതെ തങ്ങളുടെ അജണ്ടകൾ വിജയിപ്പിക്കാൻ കഴിയുക. പക്ഷേ നാടുവിടേണ്ടി വന്നപ്പോൾ അവർ ഇത്തരം വിവാദ കനലുകൾ നീറി നീറി കത്തിക്കയറുവാൻ വേണ്ട ഒരു സാഹചര്യം പടച്ചു വെച്ചു. അത് വിഭജനം ആയിരുന്നു. മുസ്ലിംകളെയും ഹിന്ദുക്കളെയും പൊതുവേ മാനസികമായി അകറ്റി ഒരുതരം ശത്രുതയിൽ നിലനിർത്തുവാൻ അതുവഴി വെച്ചു. അങ്ങനെയാണ് രാജ്യം സ്വാതന്ത്ര്യമായത്. സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിച്ചത് നിഷ്കളങ്കരും ശക്തരുമായ ഒരു നേതൃത്വമായിരുന്നു. അവരുടെ നേതൃത്വത്തിൽ തന്നെ ആദ്യത്തെ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്തു. അത് അവസരം കാത്തിരിക്കുകയായിരുന്ന ഫാഷിസ്റ്റുകൾക്ക് നിരാശയാണ് സമ്മാനിച്ചത്. പ്രത്യേകിച്ച് ഹിന്ദുവാണെങ്കിലും ഹിന്ദു ധർമ്മത്തിലോ മറ്റേതെങ്കിലും മതത്തിലോ ഒട്ടും വിശ്വാസമില്ലാത്ത തികഞ്ഞ സെക്യൂലറിസ്റ്റും ഐതിസ്റ്റുമായ ജവഹർലാൽ നെഹ്റു ഭരണസാന്നിധ്യം ഏറ്റെടുത്തതോടെ കൂടെ. കോടതി വ്യവഹാരങ്ങൾ വഴി ഇനി ബാബരി പ്രശ്നം കത്തിച്ചുനിർത്തുവാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ട അവർ കുൽസിതമായ ഒരു ശ്രമത്തിന് മുതിരുകയാണ് പിന്നെ ചെയ്തത്.

1949 ല്‍ ഡിസംബര്‍ 22 ന് അര്‍ദ്ധരാത്രി ബാബരി മസ്ജിദിനകത്തേക്ക് ശ്രീരാമന്റെ വിഗ്രഹങ്ങള്‍ ചിലര്‍ ഒളിച്ചുകടത്തുകയായിരുന്നു. ഹിന്ദു പ്രവർത്തകർ ശ്രീരാമൻ്റെ വിഗ്രഹം ക്ഷേത്രത്തിനുള്ളിൽ സ്ഥാപിക്കുകയും പള്ളിക്കുള്ളിൽ 'അത്ഭുതകരമായി' വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതോടെ വിവാദം അക്രമാസക്തമായി. ജവഹർലാൽ നെഹ്‌റു വിഗ്രഹങ്ങൾ അനധികൃതമായി സ്ഥാപിക്കുന്നതിൽ ഉറച്ച നിലപാട് സ്വീകരിക്കുകയും വിഗ്രഹം നീക്കം ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തു, എന്നാൽ പ്രാദേശിക ഉദ്യോഗസ്ഥനായ കെ.കെ.കെ നായർ പ്രധാനമന്ത്രിയുടെ ഉത്തരവുകൾ നടപ്പിലാക്കാൻ വിസമ്മതിച്ചു, അത് വർഗീയ കലാപത്തിന് കാരണമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതോടെ സംഗതി കലക്കൽ പൂർണമായി. ഇതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം ബാബരി മസ്ജിദ് തർക്ക ഭൂമിയായി പ്രഖ്യാപിക്കുകയും സമുച്ചയം അടച്ചിടുകയും ചെയ്തു. പള്ളിയടച്ചിട്ടത് സങ്കടകരമായി എന്ന് നമുക്ക് തോന്നുന്നു. പക്ഷേ, അവർക്ക് അങ്ങനെയല്ല തോന്നുന്നത്. അത് അവർക്കൊരു സങ്കടമല്ല. തങ്ങളുടെ വിഗ്രഹം അതിനുള്ളിൽ ഉണ്ട്, അതിനെ ആരാധിക്കുവാൻ ധാർമികമായ ബാധ്യത ഹിന്ദുക്കൾ എന്ന നിലക്ക് തങ്ങൾക്കുണ്ട്, അതിനാൽ അത് അനുവദിച്ചു തരണമെന്ന് ശക്തമായി ആവശ്യപ്പെടാനുള്ള ഒരു അവസരം തുറന്നു കിട്ടുകയായിരുന്നു അവർക്ക്. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

അതനുസരിച്ച് കാര്യങ്ങൾ അവർ വേഗത്തിലാക്കി. കോടതി വ്യവഹാരങ്ങളിലൂടെ തന്നെ കാര്യം നേടാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. 1950 ൽ രാം ലല്ലയ്ക്ക് ഹിന്ദു ധർമ്മമനുസരിച്ചുള്ള പൂജകൾ നടത്താൻ അനുമതി തേടി ഗോപാൽ സിംല വിഹാരദും പരംഹംസ രാമചന്ദ്ര ദാസും ഫൈസാബാദ് കോടതിയിൽ രണ്ട് കേസുകൾ ഫയൽ ചെയ്തു. കക്ഷികൾക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. അതേസമയം അകത്തെ മുറ്റത്തെ (ചബൂത്ര) ഗേറ്റുകൾ അടച്ചിടാൻ കോടതി ഉത്തരവിട്ടു. മസ്ജിദ് സമുച്ചയത്തിലേക്ക് കയറാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. അതോടെ പള്ളി മാത്രം പ്രവേശനം നിഷേധിക്കപ്പെടുകയും പൂജകൾക്ക് അനുമതി നൽകപ്പെടുകയും ചെയ്യുകയുണ്ടായി അവരെ സംബന്ധിച്ചിടത്തോളം ഭാഗികമായ വിജയമായിരുന്നു അത്. ഇതിനിടയിലാണ് വേറെ ഒരു കക്ഷി കൂടി അവകാശവാദവും ഉന്നയിച്ചു മുന്നോട്ട് വരുന്നത്. 1959 ൽ ഭൂമി കൈവശം കിട്ടണമെന്ന് ആവശ്യപ്പെട്ട് നിർമോഹി അഖാര കേസ് ഫയൽ ചെയ്തു. അപ്പോൾ മാത്രമായിരുന്നു സുന്നി വഖഫ് ബോർഡ് മുസ്ലീങ്ങൾക്ക് വേണ്ടി ഉണർന്നത്. 1961 ൽ യു പി സുന്നി വഖഫ് ബോർഡ് ബാബറി മസ്ജിദ് സ്ഥലം കൈവശം കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. ബാബറി മസ്ജിദിൽ നിന്ന് രാമവിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി പുരോഗതി പെടുന്നുണ്ട് എങ്കിലും ഒരു അന്തിമമായ വിധിയിലേക്ക് കേസുകൾ നീങ്ങുന്നില്ല എന്നത് ഫാസിസ്റ്റുകളെ വല്ലാതെ അസ്വസ്ഥരാക്കി. ഇതിനിടയിലാണ് 1984 ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അത് അവരുടെ പ്രതീക്ഷകളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തി. കോൺഗ്രസിന് 400ലധികം സീറ്റ് കിട്ടിയപ്പോൾ ബിജെപിക്ക് ആകെ കിട്ടിയത് രണ്ട് സീറ്റ് ആയിരുന്നു. രാജ്യത്തെ ഒരു രാഷ്ട്രീയ ശക്തിയായി വളർന്ന് തങ്ങൾക്കു വേണ്ടതെല്ലാം വെട്ടിപ്പിടിക്കുവാൻ നാം രാഷ്ട്രീയമായും മതപരമായും ഒന്നിച്ച് വളരേണ്ടതുണ്ട് എന്ന് അവരുടെ ധർമ്മസൻസദ് വിലയിരുത്തി. ഈ സമയത്താണ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അയോധ്യയിലെ രാമ ജന്മഭൂമിയുടെ വിമോചനത്തിനുള്ള പ്രമേയം ധര്‍മ സന്‍സദ് (മത പാർലമെൻ്റ്) ആദ്യമായി അംഗീകരിക്കുന്നത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള ആചാര സംഹിതയെന്ന പേരില്‍ 18 ഭാഗങ്ങളുള്ള പെരുമാറ്റചട്ടവും പ്രമേയത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലെ പോയിന്റ് നമ്പര്‍ 11 ലെ സുപ്രധാനമായ ഒരു ചട്ടം ഇതായിരുന്നു. 'ശ്രീരാമ, ശ്രീ കൃഷ്ണ ജന്മസ്ഥാനവും കാശി വിശ്വനാഥ മന്ദിരവും മറ്റ് ചരിത്രപരമായ ക്ഷേത്രങ്ങളും ഹിന്ദുവിന് തിരികെ നല്‍കണം' ഇതിലൂടെ ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രമെന്ന ലക്ഷ്യത്തിലേക്ക് ഹിന്ദുത്വ വാദികളെത്തി ചേര്‍ന്നു. ഇതിനു വേണ്ടി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചു. ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ അതിൻ്റെ പ്രചാരണ നേതാവാക്കി. ഇതോടെ കാര്യങ്ങൾ ഒന്നുകൂടി ശക്തിപ്പെട്ടു. ആ തിരയനക്കത്തിന്റെ പിൻബലത്തിൽ വിശ്വഹിന്ദുപരിഷത്ത് മന്ദിരത്തില്‍ ആരാധന നടത്തുവാൻ മന്ദിരത്തിൻ്റെ താഴുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും 1985ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബാബറി മസ്ജിദിന്റെ താഴുകള്‍ മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. 1990 സെപ്റ്റംബറിൽ എൽ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രാമരഥയാത്രയാണ് ബാബരി മസ്ജിദ് പൊളിക്കൽ എളുപ്പമാക്കിയത്. ആ സമയത്ത് നടന്ന വര്‍ഗീയ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നാലെ 1992 ഡിസംബര്‍ 6 ന് ബിജെപിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ മസ്ജിദ് പരിസരത്ത് തടിച്ചുകൂടിയ സമയത്ത് അഞ്ച് മണിക്കൂര്‍ കൊണ്ട് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. തർക്കമന്ദിരം തുറന്നു കൊടുത്തപ്പോഴോ പിന്നീട് ബാബരി സമുച്ചയത്തിനുള്ളിൽ ശിലാന്ന്യാസം അനുവദിച്ചപ്പോഴോ അവസാനം ആശ്വാസപൂർവ്വം പള്ളിയുടെ കെട്ടിടം കർസേവകർ തല്ലി തകർത്തപ്പോഴോ ഇന്ത്യൻ മുസ്ലിംകൾക്കോ ഇന്ത്യയിലെ മതേതര വിശ്വാസികൾക്ക് ഭരണകൂടത്തിൽ നിന്ന് ഒരു ആനുകൂല്യവും കിട്ടിയില്ല. ഇന്ത്യയിൽ സ്വന്തമാക്കാൻ ഉദ്യമിക്കുന്ന എല്ലാ പള്ളികളും ദർഗ്ഗകളും ഇങ്ങനെ പിടിച്ചെടുക്കാം എന്ന് അവർക്ക് മനസ്സിലായി. അതിൻ്റെ ഹുങ്കിലാണ് എല്ലാ പഴയ പള്ളികളിലേക്കും അവരുടെ കൈകൾ നീളുന്നത്. അജ്മീർ ദർഗയും അങ്ങനെ തന്നെ പിടിച്ചടക്കം എന്നവർ കരുതുന്നു. അതിൻ്റെ ആദ്യ കരുനീക്കമാണ് ഈ ഹരജി. ഹരജി ഫയലിൽ സ്വീകരിക്കുമെന്നും അരജയിൽ പറയുന്ന കാര്യങ്ങൾ ചെയ്തു കിട്ടുമെന്നും അവർക്ക് ഉറപ്പാണ്. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഹരജിയിൽ അജ്മീർ കോടതി ദർഗ്ഗാ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഇനി തുടർന്ന് ബാക്കിയുള്ളതെല്ലാം ഉണ്ടാകും.

ഇന്ത്യൻ ഫാഷിസം ഈ വിഷയത്തിൽ പെരുമാറുന്നത് ഏതൊക്കെയോ വിറളി പിടികൂടിയവരെ പോലെയാണ്. പഴമയുടെ പായൽ പറ്റി കിടക്കുന്ന സകല മുസ്ലിം സ്ഥാപനങ്ങളും നിൽക്കുന്നത് ക്ഷേത്രത്തിൻറെ മുകളിലാണ് എന്ന് പറയുകയും ഗവൺമെൻറ് ചെലവിൽ ആർക്കിയോളജിക്കൽ സർവ്വേ അതിന് റാൻ മൂളി കൊടുക്കുകയും ചെയ്യുകയാണ് ഇപ്പോൾ. ദില്ലി ജുമാ മസ്ജിദിലും സർവേ നടത്തണം എന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത എന്ന ആൾ കത്തയച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും ഗുപ്ത കത്തിൽ ആരോപിക്കുന്നുണ്ട്. ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങൾ തകർത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിർമ്മിച്ചതെന്നു വരെ ഹിന്ദുസേനാ നേതാവ് ആരോപിക്കുന്നുണ്ട്. അവകാശവാദം ഉന്നയിക്കപ്പെടുന്ന മറ്റൊരു മുസ്ലിം ആരാധനാലയമാണ് ഗ്യാന്‍വാപി മസ്ജിദ്. ഉത്തർപ്രദേശിലെ ബനാറസിൽ സ്ഥിതിചെയ്യുന്ന ഒരു മസ്ജിദ് ആണ് ഗ്യാൻവാപി മോസ്ക് (ജ്ഞാനവാപി). 1669-ൽ ഔറംഗസേബാണ് ഇത് നിർമ്മിച്ചത്. ബാബരി മസ്ജിദിനൊപ്പം തന്നെ തര്‍ക്കങ്ങളും ചര്‍ച്ചകളുമുണ്ടായ മസ്ജിദാണ് ഗ്യാന്‍വാപി മസ്ജിദ്. ഗ്യാൻവാപി മസ്ജിദിന് കീഴിൽ ശിവലിംഗമുണ്ടെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ക്ക് മുകളിലാണ് ഗ്യാന്‍വാപി മസ്ജിദ് സ്ഥാപിച്ചതെന്നാണ് പ്രധാന വാദം. ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമാണെന്നും അല്ലെന്നും പറഞ്ഞുകൊണ്ട് സുപ്രീംകോടതി, അലഹബാദ് ഹൈക്കോടതി, വാരാണസി ജില്ലാ കോടതി തുടങ്ങി വിവിധ കോടതികളില്‍ നിരവധി ഹര്‍ജികളാണ് പരിഗണനയ്ക്കിരിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളി സമുച്ചയത്തിൽ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1991ല്‍ വാരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, മുസ്‌ലിങ്ങളെ ഒഴിപ്പിക്കുക, മസ്ജിദ് തകര്‍ക്കുക എന്നിവയായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

2019ല്‍ ബാബരി മസ്ജിദ്-രാമ ജന്മഭൂമി വിഷയത്തിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗ്യാന്‍വാപി വീണ്ടും ചര്‍ച്ചയാകുന്നത്. അതേ വഴിയിൽ ഇതും നേടിയെടുക്കാം എന്ന പദ്ധതിയാണ് ഈ വിഷയത്തിലും ഫാഷിസ്റ്റുകൾക്കുള്ളത്. 2019ല്‍ അഭിഭാഷകന്‍ വിജയ് ശങ്കര്‍ റസ്‌തോഗി ഒരു ഹര്‍ജി സമര്‍പ്പിച്ചു. മസ്ജിദില്‍ ഒരു ശാസ്ത്രീയ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് നിരവധി കോടതി ഇടപെടലുകളിലൂടെയാണ് കേസ് കടന്നു പോയത്. ഹര്‍ജിക്കുള്ള സ്‌റ്റേ, നീട്ടിവെക്കല്‍, വിവിധ ഉത്തരവുകള്‍ തുടങ്ങി നിയമപരമായ നൂലാമാലകളുടെ ഒരു ഘോഷയാത്രയായിരുന്നു ഗ്യാന്‍വാപി കേസില്‍ സംഭവിച്ചത്. തുടര്‍ന്ന് 2021ല്‍ ആരാധനാലയ നിയമം ഊന്നിപ്പറഞ്ഞ അലഹബാദ് ഹൈക്കോടതി വാരാണസി കോടതിയുടെ നടപടികള്‍ നിര്‍ത്തിവെച്ചു. ഇത് വെറും ഒരു മുസ്ലിംകളെ സുഖിപ്പിക്കൽ ആയിരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ. കാരണം ഹിന്ദുക്ഷേത്രം തകര്‍ത്താണോ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21ന് എഎസ്ഐ സര്‍വേക്ക് ജില്ല കോടതി അനുമതി നല്‍കി. സര്‍വേ നടത്താനുള്ള അനുമതിക്കിടെ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളുകയും ചെയ്തു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് സർവേ റിപ്പോര്‍ട്ട് ചെയ്തത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകര്‍ത്തത് പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്താണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൗന്‍പൂരിലെ ഭൂവുടമ നിര്‍മ്മിച്ച പള്ളി, മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്ത് നവീകരിക്കുകയായിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. അതേസമയം ഈ വർഷം ജനുവരി 31ന് മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താനുള്ള അനുമതിയും വാരാണസി ജില്ലാ കോടതി നൽകിയിരുന്നു.

കൃത്രിമ അവകാശവാദങ്ങൾ വഴി ഇതേ രീതിയിൽ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മറ്റൊരു മുസ്ലിം നിർമിതിയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. അവരുടെ ദൈവമായ ശ്രീ കൃഷ്ണൻ്റെ ജന്മഭൂമിയാണ് ഇത് എന്നാണ് അവരുടെ വാദം. 2020 സെപ്റ്റംബര്‍ 24നാണ് അഭിഭാഷക രഞ്‌ന അഗ്നിഹോത്രിയും മറ്റ് ആറ് പേരും മഥുരയിലെ കീഴ്‌ക്കോടതിയില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരെ ഹര്‍ജി നല്‍കുന്നത്. 1618 ല്‍ 13.37 ഏക്കര്‍ സ്ഥലത്ത് ഓര്‍ച്ചയിലെ രാജാ വീര്‍ സിങ് ബുണ്ടേല പണിത ക്ഷേത്രം നിന്ന സ്ഥലത്താണ് ഇപ്പോള്‍ ഷാഹി ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നതെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം 1670ല്‍ ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിയുകയായിരുന്നുവെന്നാണ് അവരുടെ വിശദീകരണം. ഈ ശ്രേണിയിൽ ഏറ്റവും ഒടുവിലെ കണ്ണിയാണ് സംഭൽ ഷാഹി ജമാ മസ്ജിദ്. നൂറ്റാണ്ടുകളായി എല്ലാ വിഭാഗം ജനങ്ങളും സൗഹാര്‍ദ്ദത്തോടെ സമാധാനപരമായി ജീവിക്കുന്ന പ്രദേശമാണ് ഉത്തർപ്രദേശിലെ സംഭല്‍. 1526 നും 1530 നുമിടയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലഘട്ടത്തില്‍ പണിത മസ്ജിദാണ് ഷാഹി ജമാ മസ്ജിദ്. ഏതാണ്ട് 1528 ലാണ് ബാബറിന്റെ ജനറല്‍ മിര്‍ ബെഗ് പള്ളി പണിതതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. സംഭലിന്റെ മധ്യഭാഗത്തുള്ള ഒരു കുന്നിന്‍ മുകളിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മുസ്ലിം പള്ളിയുടേതായ എല്ലാ പ്രത്യേകതകളും ഉള്ള കെട്ടിടമാണ് ഇത്. പല ചരിത്രകാരന്‍മാരും മസ്ജിദ് ബാബറിന്റെ കാലത്താണ് നിര്‍മിച്ചതെന്ന് പറയുമ്പോൾ, തുഗ്ലകിന്റെ കാലത്ത് പണിത മസ്ജിദിൽ മുഗള്‍ കാലത്ത് കെട്ടിടം പുതുക്കി പണിയുകയായിരുന്നു എന്ന് ചിലർ വാദിക്കുന്നുണ്ട്. എന്നാല്‍ മസ്ജിദ് വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും വിഷ്ണുവിന്റെ അവതാരമായ കല്‍കി ഇവിടെ ഇറങ്ങാറുണ്ടെന്നും ഹിന്ദു വിഭാഗത്തില്‍പ്പെട്ട ചിലരും വാദിക്കുന്നു. 1878 ലാണ് മൊറാദാബാദ് കോടതിയില്‍ ഛെദ്ദ സിങ്ങ് എന്ന് പറയുന്നൊരാള്‍ മസ്ജിദിനെതിരെ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പൊതുവേ ഇത്തരം ദുരുപതിഷ്ഠിതമായ ഹർജികൾ തള്ളാറാണ് പതിവ്. പിന്നീട് ഒരുപാട് കാലം സമാധാനപരമായി മുന്നോട്ട് പോയെങ്കിലും സാംഭാലിൽ 1976ല്‍ സംഘര്‍ഷമുണ്ടായി. അതിൽ പള്ളിയിലെ ഇമാം കൊല്ലപ്പെട്ടപ്പോഴുണ്ടായ സംഘർഷത്തിൽ ഒരു മാസത്തോളം പ്രദേശത്ത് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു. ഒടുവിൽ സമാധാനാന്തരീക്ഷത്തിൽ കടന്നുപോയ സംഭൽ ആഴ്ചകൾക്ക് മുമ്പ് വീണ്ടും കത്താൻ തുടങ്ങിയിരിക്കുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന ഒരു സംഘം ആണ് ഇന്ത്യ ഗവൺമെന്റിന്റെ ചെലവിൽ പുരാതന പള്ളികൾ എല്ലാം ക്ഷേത്രങ്ങൾ പൊളിച്ചുണ്ടാക്കിയതാണ് എന്ന് ഫാസിസ്റ്റുകൾക്ക് തെളിയിച്ചു കൊടുത്തു കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കേന്ദ്ര ഗവൺമെൻറ് സ്ഥാപനമാണ് ഇത്. ഏറ്റവും അവസാനം ഇപ്പോൾ ഡൽഹിയിൽ ഇരുനൂറ്റി അൻപതോളം പള്ളികളും സ്മാരകങ്ങളും പരിശോധിക്കുവാൻ തങ്ങൾക്ക് കൈമാറണമെന്ന് ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവയിൽ അധികവും വഖഫുകളാണ്. കേന്ദ്ര ഗവൺമെന്റിന്റെ ചെലവിൽ പെടാപ്പാട് പെട്ട് ഇങ്ങനെ പരിശോധിച്ചിട്ടാണെങ്കിൽ അവർക്ക് ഒന്നും തെളിയിക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബാബരി പള്ളിക്കു കീഴെ നടത്തിയ ഉദ്ഘനനത്തിൽ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളായിരുന്ന തൂണുകൾ കണ്ടെത്തി എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ ഇത് ക്ഷേത്രമാണ് എന്ന് തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ പള്ളി എപ്പോഴോ പുനർനിക്കപ്പെട്ടപ്പോൾ അടിയിൽപ്പെട്ട പഴയ പള്ളിയുടെ ഭാഗം തന്നെ ആയിരിക്കാനുള്ള സാധ്യതയായിരുന്നു കൂടുതൽ. ഇന്നുവരെ മുസ്ലിംകൾക്കോ വഖഫ് ബോർഡുകൾക്കോ അനുകൂലമായ ഒരക്ഷരവും പറഞ്ഞിട്ടില്ലാത്ത ഈ സർവ്വേ ടീം അവർക്ക് വേണ്ടി ഒരുപാട് മഹാ സേവനങ്ങൾ ചെയ്തു കഴിഞ്ഞു. 1948 ല്‍ ഔറംഗാബാദിനടുത്തുള്ള ദൗലത്താബാദ് കോട്ടയിലെ ജുമാമസ്ജിദിനെ ഭാരത മാതാ മന്ദിർ ആക്കി മാറ്റിയതും 2003 ൽ മധ്യപ്രദേശിലെ പതിനഞ്ചാം നൂറ്റാണ്ടിലെ കമൽ മൗലാ മസ്ജിദിൽ ഹിന്ദു ആരാധന അനുവദിച്ച് ക്ഷേത്രമാക്കി മാറ്റി കൊടുത്തതും 1977 മുതൽ ബീഹാറിലെ ഷേർശാ സൂരിയുടെ പള്ളിയുടെ പരിസരത്ത് മൂന്ന് പുതിയ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കാൻ അനുവാദം നൽകിയതും തുടങ്ങി ആ പട്ടിക നീണ്ടു നീണ്ടു വരികയാണ്.

നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നത് ഒരു സത്യമാണ്. നാം ന്യൂനപക്ഷമാണ് എന്നതാണ് അതിനു പ്രധാന കാരണം. നമ്മെ വിശ്വാസത്തിൽ എടുക്കാനും പരിഗണനയിൽ എടുക്കാനും പറ്റാത്ത ഒരു ജനതയായി അവതരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് ഫാഷിസ്റ്റുകൾ. മറ്റുള്ള മതങ്ങളോടൊന്നും കാര്യമായ വിയോജിപ്പും വെറുപ്പും അവർ കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നമ്മെ, പക്ഷേ നിരന്തരമായി അകാരണമായി വേട്ടയാടുകയാണ് അവർ. ഇത്തരം സാഹചര്യത്തിൽ നമുക്ക് മൂന്നു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. ഒന്നാമതായി ഈ കണക്കുകളും കാര്യങ്ങളും നാം കൃത്യമായി പറഞ്ഞു കൊണ്ടേയിരിക്കുക എന്നതാണ്. പറഞ്ഞുപറഞ്ഞ് നമ്മുടെ മനസ്സിൽ തന്നെ വിഷയം തേഞ്ഞു പോകാതിരിക്കുവാൻ ജാഗ്രത കാണിക്കണം. നാം പറയൽ നിർത്തിയാൽ തങ്ങളുടെ വിജയം സമ്പൂർണ്ണമായതായി അവർ ധരിക്കും. അത് അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടാമതായി രാജ്യത്തിൻ്റെ നിയമവ്യവസ്ഥ അനുവദിക്കുന്ന വിധത്തിൽ മാന്യമായി പ്രതിഷേധിക്കുക. രാജ്യം പരമപ്രധാനമാണ് അതിനാൽ അതിൻ്റെ തൂണുകൾക്ക് അപകടം പറ്റാതിരിക്കുവാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. മൂന്നാമതായി, ഏറ്റവും വലിയ ആയുധമായ പ്രാർത്ഥനയിൽ പ്രതീക്ഷ പുലർത്തുകയും അല്ലാഹുവിനോട് തേടിക്കൊണ്ടേയിരിക്കുകയും ചെയ്യുക എന്നതാണ്. ഈ തേട്ടത്തിന് പക്ഷേ അതിൻെറ വാചകഘടനകൾ മനഃപാഠമാക്കിയാൽ മാത്രം പോരാ, മറിച്ച് അത് സ്വീകരിക്കപ്പെടാൻ ആവശ്യമായ വിശുദ്ധി അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മനസ്സിനും കരങ്ങൾക്കും ഉണ്ടായിരിക്കേണ്ടതും ഉണ്ട്.

0