TH Darimi

റാബിയാ, നീ ധരിച്ചതല്ല നമ്മുടെ ഇന്ത്യ

റാബിയാ, നീ ധരിച്ചതല്ല നമ്മുടെ ഇന്ത്യ

13-09-2021
Share this Article

image



ഓഗസ്റ്റ് 26ന് രാത്രി 8 മണിക്ക് ഉമ്മയുടെ ഫോണിലേക്ക് ഒരു ഫോൺ വരുന്നു. എടുക്കാൻ പറ്റിയില്ല. കുറച്ച് കഴിഞ്ഞ് ഉമ്മ മകളെ തിരിച്ചു വിളിച്ചു. പക്ഷേ, ഇങ്ങോട്ടു വിളിച്ച ഫോൺ അപ്പോഴേക്കും സ്വിച്ച്‌ഡ് ഓഫായിരുന്നു. അതോടെ ഉമ്മയുടെ നെഞ്ചിൽ പുകയുയരുവാൻ തുടങ്ങി. വീണ്ടും വീണ്ടും വിളിച്ചു നോക്കി. പക്ഷെ, മറുപടിയില്ല. ഓരോ റിംഗും അവസാനിക്കുമ്പോൾ പെറ്റുമ്മയുടെ ആധി കൂടിവന്നു. ഇരുപത്തഞ്ചിന്റെ നിറയവ്വനം തുളുമ്പി നിൽക്കുന്ന മകളെയാണ് ഉമ്മ വിളിക്കുന്നത്. വീട്ടുജോലികൾ ചെയ്തും വയർ മുറുക്കി അരിഷ്ടിച്ചുമാണ് ആ ഉമ്മ മകളെ പഠിപ്പിച്ചത്. സമർഥയായി പഠിച്ചു വളർന്ന അവൾ ഒരു പോലീസ് ഓഫീസറാകണമെന്നായിരുന്നു ആഗ്രഹിച്ചത്. അവസാനം അത് യാഥാർഥ്യമായി. നാലു മാസം മുമ്പ് അവൾ - റാബിയാ സൈഫി - സിവിൽ ഡിഫന്റ്സ് ഓഫീസറായി നിയമിതയായി. അതോടെ അവളുടെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ ജ്വലിക്കാൻ തുടങ്ങി. ആ മകളുടെ ഫോണാണ് സ്വിച്ച്ഡ് ഓഫായിരിക്കുന്നത്. ഉമ്മയുടെയും കുടുംബത്തിന്റെയും നെഞ്ചകം പിടക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മയുടെ ഫോൺ റിംഗ് ചെയ്തു. റാബിയ ജോലി ചെയ്യുന്ന ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഓഫീസിലെ ഒരു സഹ പോലീസുകാരിയാണ്. എന്തോ ഒളിപ്പിക്കുന്ന ധ്വനി അങ്ങേ തലക്കൽ പ്രകടമായിരുന്നു. നിങ്ങളുടെ ഫോൺ റിക്കോർഡിംഗിലല്ലല്ലാ എന്ന് ചോദിച്ചായിരുന്നു തുടക്കം. റാബിയയെ പോലീസുകാർ ചോദ്യം ചെയ്യുവാൻ കൊണ്ടുപോയിരിക്കുകയാണ്, കുറച്ച് കഴിഞ്ഞേ വരൂ എന്നായിരുന്നു വിളിച്ചവൾക്ക് പറയാൻ ഉണ്ടായിരുന്നത്. അവളുടെ മേലുദ്യോഗസ്ഥന്റെ നമ്പർ ഉമ്മ ചോദിച്ചു നോക്കി. കിട്ടിയില്ല. എന്തോ ഒളിപ്പിക്കുന്ന ആ പോലീസുകാരി ആരെയോ പേടിക്കുന്നതു വ്യക്തമായിരുന്നു. റാബിയാ കൊലപാതകക്കേസിലെ ആദ്യത്തെ നിഗൂഢത ഇതാണ്. പോലീസുകാരിയെ പോലീസുകാർ ചോദ്യം ചെയ്യാൻ കൊണ്ടുപോയി എന്നത്. അതും വെറും നാലു മാസമായി മാത്രം ജോലിയിൽ പ്രവേശിച്ച റാബിയാ സൈഫി എന്ന പോലീസുകാരിയെ. പക്ഷെ, ആ കാളരാത്രി പുലർന്നപ്പോൾ പക്ഷെ ഞെട്ടിച്ചു കൊണ്ട് ആ രഹസ്യം പുറത്തുചാടി. സ്വതന്ത്ര ഇന്ത്യ കണ്ട മറ്റൊരു കൊടുംക്രൂരത. പെറ്റ കുഞ്ഞിനെ ആർത്തിയോടെ തിന്നുന്ന കാട്ടാളത്വം. ഡൽഹിയിൽ ജോലി ചെയ്യുന്ന റാബിയാ സെയ്ഫി എന്ന പോലീസുകാരിയുടെ കുത്തിക്കീറി വെട്ടി കൂടിയ മൃതശരീരം ബീഹാറിലെ ഒരു ഹൈവേയുടെ ഓരത്തെ കുറ്റിക്കാട്ടിൽ കിടക്കുന്നു പിറ്റേന്ന്.

ഇതോടെ ദുരൂഹതയുടെ ആഴം വീണ്ടും കൂടി. കാരണം ഡൽഹിയിൽ ജോലി ചെയ്യുന്ന റാബിയയുടെ മൃതശരീരം ലഭിക്കുന്നത് ബീഹാറിലെ ഒരു റോഡരികിലാണ്. സംഭവം കേവലം ഒരു ചോദ്യം ചെയ്യലായിരുന്നില്ല എന്നും അന്തർസംസ്ഥാന വ്യാപ്തിയുളള ഒരു കുറ്റകൃത്യമായിരുന്നു എന്നും ഇതോടെ തെളിഞ്ഞു. മൃതദേഹം കിട്ടിയതോടെ അനന്തര നടപടികൾ പൂർത്തിയാക്കി കവർ ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അവർ കിട്ടിയത് വരവുവെച്ച് കൊണ്ടുപോയി കുഴിച്ചിടും അപ്പോൾ അതിൽ മണ്ണുവാരിയിട്ട് കൈകഴുകാം എന്നായിരുന്നു പിന്നിലെ കറുത്ത കരങ്ങളും മനസ്സും ഉളളവർ കരുതിയത്. പക്ഷെ, മുസ്ലിമായ മയ്യിത്തിനെ കുളിപ്പിക്കുവാനും സംസ്കരിക്കുവാനും ഉണ്ട് എന്നവർ കരുതിയിരുന്നില്ല. അതിന്നായി ബന്ധുക്കളായ സ്ത്രീകൾ മൃതദേഹം തുറന്നതും കൂട്ടത്തിൽ ഒരു സ്ത്രീ ആ കാഴ്ചകണ്ട് ബോധരഹിതയായി വീണു. മറ്റു പലരും തളർന്നിരുന്നുപോയി. അത്രക്കും ദയനീയമായിരുന്നു ആ കാഴ്ച.

റാബിയയുടെ ഇളംമേനിയാകെ കുത്തിക്കീറിയിരിക്കുന്നു. ചുണ്ടുകൾ കടിച്ചു മുറിച്ചിരിക്കുന്നു. മാറിടങ്ങൾ രണ്ടും മുറിച്ചെടുത്തിരിക്കുന്നു. 50 ലധികം ആഴമുള്ള മുറിവുകൾ ശരീരത്തിലുണ്ട്. സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറിയിരിക്കുന്നു. മാത്രമല്ല, അവൾ കൂട്ട ബലാൽസംഗത്തിന് ക്രൂരമായി വിധേയയുമായിരിക്കുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന എന്ന് പറഞ്ഞാൽ അതത്രയും അക്ഷരാർഥത്തിൽ ശരിവെക്കേണ്ടി വരുന്ന കൊടും ക്രൂരത. ഇതോടെ ഡൽഹി ഇളകി. കടുത്ത പ്രതിഷേധങ്ങൾ നടന്നു. അതോടെ ഒരു പ്രതിയെ ആരോ സംഭവത്തിലേക്ക് കയറിൽ കെട്ടിത്തൂക്കി ഇറക്കി. അതേ ഓഫീസിൽ ജോലി ചെയ്യുന്ന മറ്റൊരു പോലീസുദ്യേഗ്രസ്ഥൻ നിസാമുദ്ദീൻ. പ്രതി ഡൽഹിയിൽ കീഴടങ്ങി. അതോടെ യാഥാർഥ പ്രതികളുടെ മറ്റൊരു വഷളൻ കളി കൂടി പുറം ലോകം അറിയുകയായിരുന്നു.

നിസാമുദ്ദീൻ പറയുന്നത് അല്ല, അവനെ കൊണ്ട് പറയിക്കുന്നത്, താൻ റാബിയയുടെ ഭർത്താവാണ് എന്നാണ്. ഭാര്യയുടെ വഴിവിട്ട പോക്കാണ് തന്നെക്കൊണ്ട് ഈ കൃത്യം ചെയ്യിച്ചത് എന്നും. ഇത് ഒരു പച്ച നുണയാണ്. റാബിയ വിവാഹിതയേ അല്ല. ഇങ്ങനെ ഒരു വിവാഹത്തെ കുറിച്ച് വീട്ടുകാർ മാത്രമല്ല ഡൽഹിയിൽ ആരും അറിയില്ല. മാത്രമല്ല, റാബിയക്ക് ഒരു പ്രണയമെങ്കിലും ഉള്ളതായി അവളുടെ കൂട്ടുകാരികൾക്കുപോലും അറിയില്ല. ഇനി നിസാമുദ്ദീൻ പറയുന്നത് ശരിയാണ് എങ്കിൽ തന്നെ ഒരു പാട് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഗവൺമെന്റ് ഉദ്യോഗസ്ഥരായ ഒരേ മതക്കാരായ ഇവർ രഹസ്യമായി വിവാഹം കഴിക്കേണ്ട കാര്യമെന്താണ് എന്നതാണ് ഒന്ന്. മാത്രമല്ല, ഭാര്യയുടെ വഴിവിട്ട ജീവിതം കാരണം ഭർത്താവായ നിസാമുദീൻ ചെയ്തതാണ് എങ്കിൽ എങ്ങനെയാണ്, എന്തു കൊണ്ടാണ് അവർ കൂട്ടബലാൽസംഗത്തിന് വിധേയയായത് എന്നതും ഒരു ചോദ്യമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം ഇത്ര ഭീഭൽസമായ ക്രൂരത കാണിക്കാൻ മാത്രം പര്യാപ്തമായ ഒരു വിഷയമാണോ എന്നത് മറ്റൊന്ന്.

ഡൽഹി ഇളകിമറിഞ്ഞു എന്നത് ശരിയാണ്. പക്ഷെ അതുകൊണ്ട് ഫലമുണ്ടാകും എന്ന് ഇന്ത്യയിലാരും കരുതുന്നില്ല. കാരണം പോലീസ് സേനയുടെ ഉളളിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരയായത് ഒരു മുസ്ലിം പെൺകുട്ടിയും. അതിനാൽ ഈ കുറ്റം ഒരിക്കലും തെളിയിക്കപ്പെട്ടില്ല എന്നതുറപ്പാണ്. കേന്ദ്രം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് ഇത് ഞെട്ടലല്ല, ആത്‌മ സന്തോഷമാണ് സ്വാഭാവികമായും ഉണ്ടാക്കുക. അതിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നതിലർഥമില്ല. അതിൽ അസ്വസ്ഥരായിട്ട് കാര്യവുമില്ല. രാജ്യം അങ്ങനെയായിപ്പോയി. ഒരു മുസ്ലിമിന് പ്രതീക്ഷിക്കാവുന്നതിനൊക്കെ ഒരു പരിധിയുണ്ട്. അതല്ല നമ്മെ ഞെട്ടിക്കുന്നത്. നമ്മെ ഞെട്ടിക്കുന്നത് തന്റെ വീടിന്റെ ഏതാനും കിലോമീറ്റർ ചുറ്റളവിൽ നടന്ന ഈ സംഭവത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ഇതുവരേക്കും ഒരക്ഷരം പറഞ്ഞില്ല, അറിഞ്ഞതായി ഭാവിക്കുക പോലും ചെയ്തില്ല എന്നതാണ്. അമിത് ഷാക്കും പരിവാറിനും ഇത് പ്രഖ്യാപിത പ്രസ്താപിത സംഭവങ്ങൾ മാത്രമാണ്. പക്ഷെ ന്യൂനപക്ഷങ്ങളെയും പൊതുജനങ്ങളെയും പറ്റിച്ച് വോട്ടു നേടി ഇങ്ങനെ കൊടും വഞ്ചന ചെയ്യുന്ന ഇയാളെ മനസ്സിലാക്കി വെക്കുവാൻ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഈ സംഭവം.

സ്ത്രീ സുരക്ഷ ഉറപ്പാക്കുവാൻ ഓരോ ബസ്സിലും ഓരോ ബോഗിയിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും എന്നു ഗീർവാണം നടത്തിയത് ഇയാളാണ്. എന്നിട്ട് തന്റെ സംസ്ഥാനത്തെ ഒരു പോലീസ് ഓഫീസർ ഇത്ര മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും ഒരക്ഷരം പോലും പറയാതിരിക്കുന്നത് പോലീസ് മാഫിയയെയോ സംഘ കേന്ദ്രത്തെയോ ഭയന്നാണ്. ഇതെല്ലാം ചേർത്തു വെക്കുമ്പോൾ പ്രതികരണങ്ങളും പ്രതീക്ഷകളും ഒന്നും നേടിത്തരില്ല എന്ന് തന്നെ കരുതണം. ഇനി പതിവുപോലെ കാര്യങ്ങൾ എല്ലാം നടക്കും. പ്രതി എന്ന ഒരാൾ ഉള്ളതിനാൽ അന്വേഷണങ്ങൾ മുന്നോട്ടു പോവില്ല. താൻ ചെയ്തതാണ് എന്നു പറയുന്നതോടെ ബാക്കിയുള്ള സംഗക്കാർ ഒക്കെ രക്ഷപ്പെടും. പിന്നെ സംശയത്തിന്റെ ആനുകൂല്യം, പരോൾ, പൊതുമാപ്പ്, സാങ്കേതികതകൾ തുടങ്ങിയവയിൽ തൂങ്ങി കക്ഷി രക്ഷപ്പെടും. അല്ല, മറ്റുള്ളവർ രക്ഷപ്പെടുത്തും. ഈ പ്രഹസനങ്ങളൊക്കെ നടത്തുവാനുള്ള ചെലവ് സർക്കാറിൽ നിന്ന് എഴുതിവാങ്ങാം. മാഫിയ പ്രതിക്ക് വേണ്ടവിധം ചെലവിന് കൊടുക്കുകയും ചെയ്യും.

എന്താണുണ്ടായത് എന്നൊന്നും നമുക്കറിയില്ല. മാനഹാനി നേരിട്ടതും മരിച്ചതും മുസ്ലിം പെൺകുട്ടി ആയതിനാലും അത് രാജ്യത്തിന്റെ പൊതു താൽപര്യമായതിനാലും ഒരു മാധ്യമ പ്രവർത്തകനും അതു റിപ്പോർട്ടേ ചെയ്തില്ല. സാംസ്കാരിക പ്രബുദ്ധത ഏറ്റിനടക്കുന്നവർ ആരും ഒരക്ഷരം മിണ്ടിയില്ല. അവരൊക്കെ അഫ്ഗാനിസ്ഥാനിൽ കണ്ണും തുറുപ്പിച്ച് ഇരിപ്പാണ്. പക്ഷെ, ഏതോ രഹസ്യങ്ങൾ റാബിയ കണ്ടെത്തിയിരിക്കും. ആ രഹസ്യത്തിന് തങ്ങളോടൊപ്പം നിൽക്കണമെന്ന് അവളോട് മേധാവികൾ കണ്ണു കാട്ടി പറഞ്ഞിരിക്കണം. പറ്റില്ല എന്ന് ഏറെ കാല പരിചയമൊന്നും ലഭിച്ചിട്ടില്ലാത്ത റാബിയ പറഞ്ഞിരിക്കണം. അതിലുള്ള കലിപ്പായിരിക്കണം അവളെ ഇവ്വിധം പിച്ചിച്ചീന്തിയത്. പാവം പെൺകുട്ടി, അവൾക്കറിയില്ലല്ലോ പുതിയ ഇന്ത്യയുടെ മട്ടും മാതിരിയും.