TH Darimi

സ്വുഫ്ഫത്തിൽ നിന്നു തുടങ്ങുന്ന ഇസ്സത്ത്

സ്വുഫ്ഫത്തിൽ നിന്നു തുടങ്ങുന്ന ഇസ്സത്ത്

14-09-2021
Share this Article

image

Alif 1

ഇസ്ലാമിക ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സ്ഥാനമാണ് അഹ് ലു സ്വുഫ്ഫക്കുള്ളത്. ഐഹിക ലോകത്തിന്റെ എല്ലാ ഇഛകളിൽ നിന്നും വിരക്തരായി മത പഠനത്തിനായി ജീവിതം തീറെഴുതി വെച്ച് ജീവിച്ച നബി(സ)യുടെ ഉത്തമ അനുയായികളാണ് അവർ. മദീനയുടെ പോറ്റുമക്കളായി, തിരുനബിയോടൊപ്പം ആരാധനകളിൽ നിരതരായി, ഇസ്ലാമിക വിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതരായി വേറിട്ട ഒരു ലോകത്ത് ജീവിതം നെയ്ത ഒരു പറ്റം സ്വഹാബാക്കള്‍. തങ്ങളുടെ രക്ഷിതാവിനോട് അവന്‍റെ പൊരുത്തം ലക്ഷ്യമാക്കി, പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിക്കുന്നവരാണ് അവർ (സൂറത്തുല്‍ കഹ്ഫ്-28) എന്ന വിശുദ്ധ ഖുർആൻ പ്രസ്താവനയുടെ നേർസാക്ഷ്യങ്ങൾ. അവരെ മാറ്റി നിര്‍ത്തി ഇസ്ലാമിന് ഒരു ചരിത്രം രചിക്കുക അസാധ്യമാണ്. അത്രക്കായിരുന്നു അവരുടെ സ്വാധീനം.

പ്രവാചകത്വം ഏൽപ്പിക്കപ്പെട്ട നബി(സ) പ്രബോധനം തുടങ്ങവെ അതു സ്വീകരിച്ച് സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയവര്‍ കുറഞ്ഞ ആളുകള്‍ മാത്രമായിരുന്നു. മെല്ലെയെങ്കിലും ഇസ്ലാമിന്‍റെ വ്യാപനം തുടങ്ങിയതോടെ അന്ധവിശ്വാസങ്ങളുടെ, അനാചാരങ്ങളുടെ, ഇരുട്ടിന്‍റെ ഉപവാസകര്‍ വെപ്രാളം പൂണ്ടു തുടങ്ങി. എതിർത്തു തോൽപ്പിക്കാൻ കഴിയാത്ത ദൃഢതയും കുപ്രചരണങ്ങൾക്ക് പൊളിക്കാൻ കഴിയാത്ത ഭദ്രതയും അപകീർത്തിപ്പെടുത്തുവാൻ കഴിയാത്ത മനോഹാരിതയും ഉണ്ടായിരുന്നു ഇസ്ലാമിന്. അതോടെ അവർ അക്രമാസക്തരായി. പിന്നെ കനത്ത ഭീഷണിയായിരുന്നു. പിന്നീട് എതിര്‍പ്പിന്‍റെ സ്വരം കൂടി വന്നു. എങ്ങും മര്‍ദ്ദനവും ബഹിഷ്കരണവും പരിഹാസങ്ങളും മാത്രം. അതോടെ പ്രബോധനം ശ്രമകരമായപ്പോള്‍ പ്രബോധന കേന്ദ്രം മാറ്റാന്‍ അല്ലാഹു തിരുനബിക്ക് ഉത്തരവു നല്‍കുകയായിരുന്നു. മദീനാ പലായനത്തിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്. കേവലം തങ്ങളുടെ റബ്ബ് അല്ലാഹുമാണ് എന്ന് പറഞ്ഞതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് അവര്‍.

മദീനക്കാര്‍ സര്‍വതും നല്‍കിയാണ് നബി തിരുമേനിയെയും അഭയാര്‍ത്ഥികളെയും സ്വീകരിച്ചത്. സ്വന്തം നാട്ടുകാര്‍ കൈ വെടിഞ്ഞവരെ മറു നാട്ടുകാര്‍ ഹൃദയങ്ങളോടു ചേര്‍ത്തു വെക്കുകയായിരുന്നു. ഇതിനു വേണ്ടി നേരത്തെ ഉണ്ടാക്കിയ സംരക്ഷണ ഉടമ്പടിയാണ് അഖബ എന്ന പേരില്‍ ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടത്. റബീഉല്‍ അവ്വല്‍ ഒന്നിന് നബിയും അനുയായികളും മക്കയിൽ നിന്ന് യാത്ര തിരിച്ച് റബീഉല്‍ അവ്വല്‍ 8 ന് മദീനയിലെ ഖുബാഇലും നാല് ദിവസം അവിടെ തങ്ങിയ ശേഷം റബീഉല്‍ അവ്വല്‍ 12 ന് മദീനയുടെ ഹൃദയ ഭാഗത്തും എത്തിച്ചേര്‍ന്നു. ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം അബൂ അയ്യൂബുല്‍ അന്‍സാരി(റ)വിന്‍റെ വീട്ടില്‍ നബി തങ്ങള്‍ താമസം ആരംഭിക്കുകയായിരുന്നു. അവിടെ വെച്ച് നബി(സ) തന്റെ പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യം ആരാധനകള്‍ക്കും അധ്യാപനങ്ങള്‍ക്കും ഒരു കേന്ദ്രം വേണം എന്നതായിരുന്നു പദ്ധതി. സഹൽ, സുഹൈല്‍ എന്നീ രണ്ട് അനാഥരുടെ പക്കലുള്ള- അവിടുത്തെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം- പത്ത് ദീനാര്‍ നല്‍കി പള്ളി നിര്‍മിക്കാനായി നബി തങ്ങള്‍ ഏറ്റെടുത്തു. മുത്ത് നബിയും സിദ്ദീഖ്(റ)വും ഉമര്‍(റ)വും ഉസ്മാന്‍(റ)വും ഓരോ കല്ലു വീതം വെച്ച് ആരംഭിച്ച പള്ളി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തികച്ചും ഒരു വര്‍ഷമെടുത്തു. അസ്ഥിവാരവും വാതിലും കല്ലു കൊണ്ടും ചുമരുകള്‍ ഇഷ്ടികകള്‍ കൊണ്ടും മേല്‍പ്പുര ഈന്തപ്പന മടല്‍ കൊണ്ടും തൂണുകള്‍ ഈന്തപ്പന തടികള്‍ കൊണ്ടുമായിരുന്നു ലളിതമായ മസ്ജിദിന്‍റെ നിര്‍മാണം. നിലത്ത് വിരിച്ചത് ചരലായിരുന്നു. ഇതാണ് മസ്ജിദുന്നബവി.

പള്ളി നിര്‍മാണത്തിനെടുത്ത ഒരു വര്‍ഷം അബൂ അയ്യൂബുല്‍ അന്‍സാരിയുടെ വീട്ടില്‍ തന്നെയായിരുന്നു തിരുനബി(സ). പിന്നീട് പള്ളിയോട് ചേര്‍ന്നുണ്ടാക്കിയ ഭാര്യക്കു വേണ്ടി ഒരുക്കിയ ഗൃഹത്തിലേക്ക് താമസം മാറ്റി. സൗദ ബിൻതു സംഅ(റ) മാത്രമായിരുന്നു അന്നു ഭാര്യയായി ഒപ്പം ഉണ്ടായിരുന്നത്. ഹിജ്റ ഒന്നാം വര്‍ഷം (ക്രി.വ. 622ല്‍) നിര്‍മിച്ച പള്ളി ഹിജ്റ ഏഴാം വര്‍ഷം (ക്രി. വ. 628ല്‍) വികസിപ്പിച്ചതായി ചരിത്രങ്ങള്‍ പറയുന്നുണ്ട്. മദീനാ പള്ളിയില്‍ ആദ്യത്തെ16 മാസം വടക്കുഭാഗത്തുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടായിരുന്നു നബി(സ) യും അനുയായികളും നിസ്കരിച്ചിരുന്നത്. പിന്നീട് അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം പള്ളിയുടെ കിഴക്കു ഭാഗത്തുള്ള (ഇന്ന് മിഹ്റാബുന്നബവി എന്ന പേരിലറിയപ്പെടുന്ന) ആയിശ ബീവി(റ) യുടെ പേരില്‍ അറിയപ്പെട്ട തൂണിനു നേരെ കഅ്ബയിലേക്കു തിരിഞ്ഞ് നിസ്കാരം ആരംഭിച്ചു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ ഈ ഖിബ് ല മാറ്റത്തിനു ശേഷം ഒഴിഞ്ഞ വടക്കു ഭാഗത്ത് (പള്ളിയുടെ പിന്‍ ഭാഗത്ത് ) ഒരു പന്തല്‍ സ്ഥാപിക്കപ്പെട്ടു. ആ പന്തലിട്ട സ്ഥലമാണ് സ്വുഫഫത്ത് എന്ന പേരില്‍ അറിയപ്പെട്ടതും ചരിത്രത്തിന്റെ ജ്ഞാന വഴി നിർണ്ണയിച്ചതും. എങ്ങും പോകാതെയും പോകാനില്ലാതെയും ഒന്നുമില്ലാതെയും കിട്ടാൻ പ്രതീക്ഷയില്ലാതെയും ജീവിതം വഴിമുട്ടിയ ഏതാനും പേർ ഈ പന്തലിന്റെ ഭാഗമായി മാറി. നബിതിരുമേനിയുടെ സാമീപ്യവും ശിക്ഷണവും അവരെ വലയം ചെയ്തപ്പോൾ അവർ ദുനിയാവിനെയും അതിന്റെ മനോജ്‌ഞമായ അലങ്കാരങ്ങളെയും എന്നേക്കുമായി മറന്ന് ഇൽമിൽ ലയിച്ചു ചേരുകയായിരുന്നു. അല്ലെങ്കിലും എല്ലാം ത്യജിച്ച് ഇലാഹീ വിധേയത്വത്തിൽ മക്കയില്‍ ഉറ്റവരേയും ഉടയവരെയും ബാക്കിയാക്കി നബിക്കൊപ്പം ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ മോഹിപ്പിക്കാന്‍ ദുന്‍യാവിലെ സുഖസൗകര്യങ്ങള്‍ക്കാവുമോ? ഇല്ല എന്നതാണ് അഹ്ലുസ്സുഫ്ഫയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. മദീനക്കാര്‍ അഭയം നല്‍കിയെങ്കിലും, സുഖ-സൗകര്യങ്ങള്‍ വച്ച് നീട്ടിയെങ്കിലും നബിയോടൊന്നിച്ച് പളളിയിൽ ജീവിക്കാനായിരുന്നു അവര്‍ക്കു പ്രിയം. വീടും കുടുംബവുമില്ലാത്ത മുഹാജിറുകള്‍ മുത്ത് നബിയുടെ പള്ളിയില്‍ അഭയസ്ഥാനം കണ്ടെത്തുകയായിരുന്നു. സ്വുഫ്ഫത്ത് എന്ന പേരിലറിയപ്പെട്ട പന്തലിട്ട ഭാഗത്തായിരുന്നു അവരുടെ താമസവും ഉറക്കവുമെല്ലാം. അല്‍പ നിമിഷം പോലും തിരു സവിധം വിട്ടു പോകാന്‍ അവര്‍ക്കാകുമായിരുന്നില്ല. അചഞ്ചല ഈമാന്‍ ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ അവര്‍ക്ക് കരുത്ത് പകരുകയായിരുന്നു. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം ശരീരത്തേക്കാള്‍ ബന്ധപ്പെട്ടവരായിരിക്കും മുത്ത് നബി(സ) എന്ന ഖുര്‍ആനിക അധ്യാപനം അന്വര്‍ത്ഥമാക്കുകയായിരുന്നു അവിടെ അവര്‍. മുത്ത് നബിയുടെ പുണ്യവദനം കണ്ടു കണ്ടിരിക്കുക, തിരുവചനങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തിരു നബി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പ്രഥമ പരിഗണന നല്‍കുകയും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അവരുടെ കൂടെയിരിക്കുന്നതില്‍ മുത്ത് നബി പ്രത്യേകം ആനന്ദം കണ്ടെത്തിയിരുന്നു.

ആരാധനയിലും പ്രാര്‍ത്ഥനയിലും പഠനത്തിലും ധര്‍മസമരങ്ങളിലുമായി ജീവിതം നയിച്ച അവരെ ദുനിയാവ് തെല്ലും മോഹിപ്പിച്ചില്ല. വിവിധ തൊഴിലുകളിലേര്‍പ്പെട്ട് ദുനിയാവ് നേടാന്‍ അവര്‍ കൊതിച്ചതുമില്ല. വിശപ്പും ദാരിദ്ര്യവും അവര്‍ക്ക് കൂടുതല്‍ ഇലാഹീ സാമീപ്യം പകരുകയായിരുന്നു. സമരവും ത്യാഗവും അവരുടെ ഈമാനിനെ പ്രോജ്വലിപ്പിക്കുകയായിരുന്നു. വീടും സൗകര്യവും ഒന്നും ഇലാഹീ മാര്‍ഗത്തിനു തടസ്സമായത് കൊണ്ടോ, ഭക്തി വിരുദ്ധമായതു കൊണ്ടോ അല്ല, മറിച്ച് അവര്‍ക്ക് അധികവും അതിനു നിവൃത്തിയില്ലഎന്നതായിരുന്നു സത്യം. എന്നാല്‍ ചിലര്‍ ദുനിയാവിനോടുള്ള വിരക്തി കൊണ്ടു മാത്രം ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ദാരിദ്രത്തിന്‍റെ കയ്പ് അവര്‍ക്ക് മധുരം പകര്‍ന്നത് തീര്‍ത്തും അത്ഭുതം തന്നെയാണ്.

അവരെ അണച്ചുപിടിക്കുവാൻ അല്ലാഹു തന്നെ നബി(സ) യെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നുണ്ട്. താങ്കളുടെ രക്ഷിതാവിന്‍റെ തൃപ്തി ഉദ്ദേശിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിക്കുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്. അവരുടെ കണക്ക് നോക്കാനുള്ള ബാധ്യത താങ്കള്‍ക്കില്ല. താങ്കളുടെ കണക്ക് നോക്കാനുള്ള ബാധ്യത അവര്‍ക്കുമില്ല. അവരെ ആട്ടിയോടിച്ചാല്‍ താങ്കള്‍ അക്രമികളില്‍പെടും (സൂറത്തുല്‍ അന്‍ആം- 52) യഥാര്‍ത്ഥത്തില്‍ സത്യമതത്തെ നെഞ്ചിലേറ്റിയവര്‍ക്ക് അല്ലാഹു അവിടെ താങ്ങും തണലുമാവുകയായിരുന്നു. പ്രവാചക ശിഷ്യരുടെ തലമുറ ഏറ്റവും മികച്ച തലമുറയാണ്. തിരു ദൂതരുമൊത്തുള്ള സഹവാസം അവരുടെ ഹൃദയങ്ങളെ പളുങ്കുതുല്യമാക്കി. സ്വഹാബികളില്‍ എഴുന്നൂറോളം പേര്‍ ഈ ഗണത്തില്‍പ്പെടുന്നു. പലപ്പോഴായി അവിടെ ജീവിതം നയിച്ചവര്‍, അവരെല്ലാവരും ഒരേ സമയം സ്വഫ്ഫയിലുണ്ടായിരുന്നില്ല. ശരാശരി എഴുപത് പേര്‍ ഒരേ സമയം തിരുനബിക്കൊപ്പം പള്ളിതിണ്ണയില്‍ താമസിച്ചു. തിരുനബി അപ്പപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ജിഹാദിനോ മറ്റോ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തു പോയവരായിരുന്നു മറ്റുള്ളവര്‍. ചിലര്‍ വിവാഹിതരായി കുടുംബ ജീവിതങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. സ്വഫ്ഫത്തിന്‍റെ അഹ്ലുകാരില്‍ പ്രസിദ്ധരായിരുന്നു അബൂ ഹുറൈറ(റ). മുഴു സമയവും തിരു നബിക്കൊപ്പമുള്ള സഹവാസം മൂലമാണ് മുത്ത് നബിയില്‍ നിന്ന് കൂടുതല്‍ ഹദീസുകള്‍ കേള്‍ക്കാന്‍ അബൂ ഹുറൈറ(റ) വിന് അവസരമൊരുങ്ങിയത്.

കഷ്ടപ്പാടിന്റെയും പ്രാരാബ്ദത്തിന്റെയും നെരിപ്പോടിലായിരുന്നു അവരുടെ ജീവിതം. അബൂ ഹുറൈറ(റ) വിന്‍റെ അനുഭവം അവരുടെ ദാരിദ്ര്യത്തിന്‍റെ തീക്ഷ്ണത പകരുന്നതാണ്. അദ്ദേഹം പറയുന്നു: സുഫ്ഫത്തിലെ എഴുപതു പേരെ ഞാന്‍ കണ്ടു. ഒരു ഉടുതുണിയല്ലാതെ മറ്റൊരു വസ്ത്രം ധരിച്ചവരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ആ തുണികള്‍ അവര്‍ കഴുത്തിലേക്ക് കയറ്റിക്കെട്ടുമായിരുന്നു. ചിലരുടെ തുണി കണങ്കാലിന്‍റെ മധ്യത്തിലെത്തും. മറ്റു ചിലരുടേത് ഞെരിയാണികളോളവും. നാണം വെളിപ്പെടാതിരിക്കാന്‍ നടക്കുമ്പോള്‍ അവരോരുത്തരും ഈ ഒറ്റ വസ്ത്രം കൈ കൊണ്ട് കൂട്ടിപ്പിടിക്കുമായിരുന്നു (സ്വഹീഹുല്‍ ബുഖാരി). ഇവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടയപ്പെട്ടവരാണെന്നും ദാനധര്‍മ്മത്തിന്‍റെ പ്രഥമാവകാശികളാണെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സാധിക്കാത്ത വിധം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജീവിതം തളച്ചിട്ട ദരിദ്രര്‍ക്കു വേണ്ടി നിങ്ങള്‍ ചിലവഴിക്കുക. മാന്യത നിമിത്തം അവരെ കുറിച്ചറിയാത്തവന്‍ അവര്‍ സമ്പന്നരാണെന്ന് ധരിച്ച് പോകും. എന്നാല്‍ ലക്ഷണം കൊണ്ട് താങ്കള്‍ക്കവരെ മനസ്സിലാക്കാം. ജനങ്ങളെ അവര്‍ ചോദിച്ച് ബുദ്ധിമുട്ടാക്കുകയില്ല. ഏതൊരു നല്ല വസ്തു നിങ്ങള്‍ ചിലവഴിച്ചാലും അല്ലാഹു അത് നല്ല പോലെ അറിയുന്നവനാണ് (സൂറത്തുല്‍ ബഖറ-273). വീട്ടുജോലി ചെയ്ത് കൈ പൊട്ടിയപ്പോള്‍ തിരു നബിയുടെ പുത്രി ഫാത്വിമ(റ) പിതാവായ നബിയോട് ഒരു വേലക്കാരിയെ തരാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം ചരിത്രങ്ങളില്‍ കാണാം. അതിനുള്ള തിരുനബിയുടെ മറുപടിയിൽ നിന്നും അഹ്ലുസ്സുഫ്ഫയുടെ പരിതാപകരമായ അവസ്ഥ നമുക്ക് ഗ്രഹിക്കാം. നബി(സ) പറഞ്ഞു: മദീനാ പള്ളിയില്‍ അഹ്ലുസ്സുഫ്ഫ വിശപ്പടക്കാന്‍ ഗതിയില്ലാതെ കിടക്കുമ്പോള്‍ ഞാന്‍ നിനക്കു വേലക്കാരിയെ വച്ചുതരുമോ?

അവരുടെ ദാരിദ്ര്യം മുത്തു നബിയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിരുന്നു. അവരുടെ ത്യാഗം മുത്ത് നബിയെ ഹഠാദാകര്‍ഷിച്ചിരുന്നു. തിരുനബി അവര്‍ക്കൊപ്പം സുഖ ദുഃഖങ്ങളില്‍ പങ്കുചേരുമായിരുന്നു. അവരുടെ ത്യാഗങ്ങളില്‍ മനസ്സ് നൊന്ത് അവര്‍ക്ക് സ്വര്‍ഗീയ വാര്‍ത്തകള്‍ പകരുകയായിരുന്നു മുത്ത് നബി(സ). ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം നബിതിരുമേനി(സ) ഒരു ദിവസം അഹ്ലുസ്സുഫ്ഫത്തിനെ കടന്നു പോയി. അവരുടെ ദാരിദ്ര്യം കണ്ടപ്പോൾ നബി ഇങ്ങനെ പറഞ്ഞു: സന്തോഷിക്കുക. നിങ്ങളുടെ അവസ്ഥയില്‍ നിലകൊള്ളുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്ന എന്‍റെ സമുദായംഗങ്ങള്‍ സ്വര്‍ഗത്തില്‍ എന്‍റെ മിത്രങ്ങളായിരിക്കും. എന്നെ സ്നേഹിക്കുന്നവര്‍ നാളെ അന്ത്യനാളില്‍ എന്നോട് കൂടെയായിരിക്കുമെന്ന പ്രവാചക അധ്യാപനമായിരുന്നു ത്യാഗ പൂര്‍ണ്ണ ജീവിതത്തിനിടയിലും അവര്‍ക്ക് സന്തോഷം പകര്‍ന്നിരുന്നത്. മദീനാ പള്ളിയില്‍ പ്രവാചകനെ വട്ടമിട്ടിരുന്ന് അറിവാര്‍ജിച്ച് ചരിത്രത്തില്‍ ഇടം നേടിയ ഇവർ പകർന്ന അതേ ആശയത്തിൽ പ്രവാചകാനന്തര കാലങ്ങളില്‍ ഇത്തരം സ്വുഫ്ഫകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാല ദേശങ്ങള്‍ക്കതീതമായി ഇത്തരം അറിവുകൂട്ടങ്ങളാണ് ഇസ്ലാമിക വിജ്ഞാനീയങ്ങളെ ലോകത്തിന്‍റെ വിവിധ ദിക്കുകളിലേക്ക് വ്യാപിപ്പിച്ചത്. നുബുവ്വത്തിന്‍റെ ദിവ്യവെളിച്ചം ഉദയം കൊണ്ട അറേബ്യന്‍ഭൂമിയോട് നേരിട്ടുബന്ധമുള്ള കേരളീയ ഇസ്ലാമിന്‍റെ വ്യാപനത്തിലും ഇത്തരം കൂട്ടായ്മകള്‍ വലിയ പങ്കുവഹിച്ചു. ഇസ്ലാമിക നവജാഗരണത്തിന്‍റെ ചരിത്രം അന്വേഷിക്കുമ്പോള്‍, പള്ളി ദര്‍സുകളായി അറിയപ്പെട്ട അറിവിന്‍റെ കേന്ദ്രങ്ങള്‍ വലിയൊരു സാമൂഹിക ദൗത്യം കൂടി ഏറ്റെടുക്കുകയായിരുന്നു. ഇരു ഹറമുകളിലും പ്രസിദ്ധ മുസ്ലിം നാഗരിക നഗരങ്ങളായ ഡമസ്ക്കസിലും ബാഗ്ദാദിലും കൂഫയിലും ബസ്വറയിലും ബുഖാറയിലും സമര്‍ഖന്ദിലും കോര്‍ദോവയിലും ഇത്തരം ഓത്തിനിരിക്കലുകളാണ് അവബോധമുള്ള വലിയ സമൂഹങ്ങളെ സൃഷ്ടിച്ചത് എന്നാണ് ചരിത്രം.

കേരളീയ ഇസ്ലാമിക സാമൂഹിക പരിസരത്ത് ഇത്തരം സമ്പ്രദായത്തെ പള്ളി ദര്‍സുകള്‍ എന്നാണറിയപ്പെട്ടത്. കേരളത്തിലെ ഇസ്ലാമിക വെളിച്ചത്തിന് ഊടും പാവും നല്‍കിയത് യഥാര്‍ത്ഥത്തില്‍ ഇത്തരം ദര്‍സുകളായിരുന്നു. ഹിജ്റ 670ല്‍ അബൂഅബ്ദില്ലാഹില്‍ ഹള്റമി താനൂരിലെ വലിയകുളങ്ങരപ്പള്ളിയില്‍ സ്ഥാപിച്ച പള്ളി ദര്‍സാണ് കേരളത്തിലെ ആദ്യ ദര്‍സ് സംരഭമായി ചരിത്രത്തില്‍ കാണുന്നത്. തൊട്ടടുത്ത കാലങ്ങളില്‍ തന്നെ കോഴിക്കോടും ചാലിയത്തും ദര്‍സുകളുണ്ടായതിന് ചരിത്രത്തിന്‍റെ പിന്‍ബലമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത തന്‍റെ രിഹ് ലയില്‍ കണ്ണൂരിലെ മാടായി പള്ളിയിലെ ദര്‍സിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിവിധ കാലങ്ങളിലായി നിരവധി ചരിത്ര പുരുഷന്‍മാര്‍ പ്രാദേശികമായി സ്ഥാപിച്ച പള്ളി ദര്‍സുകള്‍ പില്‍കാലത്ത് ചരിത്രത്തിന്‍റെ ഗതിമാറ്റി മറിച്ചു. എ.ഡി പതിമൂന്നാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ കായല്‍പട്ടണത്തിനുടുത്ത മഅ്ബര്‍ തീരം വഴി കൊച്ചിയിലും പിന്നീട് പൊന്നാനിയിലുമെത്തിയ മഖ്ദൂം കുടുംബത്തിന്‍റെ ആഗമനത്തോടെയാണ് ഈരംഗത്ത് വലിയ കുതിച്ചു ചാട്ടം സാധിച്ചത്. പൊന്നാനിയില്‍ വലിയ മഖ്ദൂം സ്ഥാപിച്ച വലിയ പള്ളിയും അതിനോടനുബന്ധിച്ചു തുടങ്ങിയ പള്ളി ദര്‍സുമാണ് കേരള മുസ് ലിംകളുടെ ദീനീ ചൈതന്യത്തിനു ഊര്‍ജം പകര്‍ന്നത്. കൂടെത്തന്നെ നിരന്തരമായ ഹള്റമീ, ബുഖാരീ സാദാത്തുക്കളുടെ ആഗമനം കൂടി നടന്നപ്പോള്‍ അറിവില്‍ നിറഞ്ഞ ആത്മീയ പ്രഭ കേരളത്തിലെ മുസ്ലിംകള്‍ അനുഭവിച്ചു. പൊന്നാനിയിലെ വിളക്കത്തിരുത്തം പ്രാദേശിക ദീനീ വ്യാപനത്തിന്‍റെ തിരികൊളുത്തല്‍ കൂടിയായപ്പോള്‍ ഉള്‍നാടുകളിലും ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്ക് നല്ല പ്രചാരം ലഭിച്ചു. സാഹചര്യങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും ക്രമേണ മാറിമറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ പരമ്പരാഗത രിതികള്‍ക്ക് പരിവര്‍ത്തനം വന്നുകൊണ്ടിരുന്നു.

കാലം എന്നത് ഒരു വലിയ സത്യമാണ്. കാലം മനുഷ്യന്റെ വളർച്ചയിലേക്കുളള വഴിയുമാണ്. അതിനാൽ കാലത്തിനനുസരിച്ച് കൂടുതൽ നല്ല അവസ്ഥയിലേക്കും രൂപത്തിലേക്കും മാറുക എന്നത് മനുഷ്യകുലത്തിന്റെ ഒരു അനിവാര്യതയാണ്. ഈ മാറ്റം സാധ്യമാകാതെ വന്നാൽ ഏതു വ്യവഹാരവും പഴഞ്ചനും അപരിഷ്കൃതവുമായി മാറും. ദർസ് രംഗത്തിന്റെ കാര്യത്തിലും ഈ മാറ്റം ഉണ്ടായി. കാലത്തിന്റെ മാറ്റത്തിനനുസരിച്ചതും എന്നാൽ അടിസ്ഥാന മൂല്യങ്ങളെ ബലി നൽകാത്തതുമായിരുന്നു ഈ മാറ്റങ്ങൾ എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിൽ ഈ മാറ്റം പ്രകടമായതിന്റെ കൃത്യവും വ്യക്തവുമായ ചിത്രം തെളിയുന്നത് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വാഴക്കാട് ദാറുൽ ഉലൂമിലെ ദർസ് മുതലാണ്. മൗലാനാ ചാലിലകത്തിന്‍റെ കാലഘട്ടമായപ്പോഴേക്ക് പള്ളി ദര്‍സുകളുടെ തനിമ നിറുത്തിത്തന്നെ അറബിക്കോളേജുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു. എന്തു മാറ്റം സംഭവിച്ചാലും പള്ളി ദര്‍സുകള്‍ ശീലിപ്പിച്ച ഒരു സംസ്കാരത്തിന്‍റെ വലിയ ഗുണങ്ങളാണ് ഇന്നത്തെ കേരള മുസ്ലിംകള്‍ അനുഭവിക്കുന്നത്. ഓത്തുപള്ളി മുതല്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍ വരെ നടത്താന്‍ കേരളത്തിലെ മതനേതൃത്വത്തിന് ഊര്‍ജവും ഉള്‍ക്കരുത്തും ലഭിച്ചത് പള്ളിമൂലകളിലിരുന്നുള്ള കിതാബോത്തുകള്‍ കൊണ്ടുതന്നെയായിരുന്നു. ഖൂര്‍ആനും ഹദീസും കര്‍മശാസ്ത്രവും സാഹിത്യവും വ്യാകരണവും ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും ആദ്ധ്യാത്മികതയും ഇടകലര്‍ന്നു നില്‍ക്കുന്ന കിതാബുകളുടെ ലോകത്തു നിന്ന് ആവാഹിച്ച അറിവില്‍ നിന്നുകൊണ്ട് സക്രിയമായി ചിന്തിച്ചും ക്രിയാത്മകമായി പ്രവര്‍ത്തിച്ചും നാം നേടിയതാണീ ചൈതന്യം.

ദർസുകൾ വളര്‍ത്തിയ വലിയൊരു സംസ്കാരമുണ്ട്. ഒരു നാടിന്‍റെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു ഓരോ പള്ളി ദര്‍സും. ദര്‍സുകളുടെ സാന്നിധ്യത്തോടെ നാട്ടില്‍ സംഭവിച്ച ധാര്‍മികബോധം വളരെ വലുതായിരുന്നു. പള്ളി ദര്‍സിലെ മുദരിസ് ആ നാടിന്‍റെ ആത്മീയ സ്രോതസ്സു കൂടിയായിരുന്നു. അദ്ധേഹത്തെ ചുറ്റിപ്പറ്റി വളര്‍ന്നുവന്ന ദീനീ ചൈതന്യത്തെ മുതഅല്ലിമീങ്ങള്‍ കൂടുതല്‍ സജീവമാക്കി. അറിവിനെ സ്നേഹിക്കുന്നതോടൊപ്പം അവരില്‍ നിന്നും കൂടുതല്‍ അറിവ് പഠിക്കാനും നാട്ടുകാര്‍ക്ക് കഴിഞ്ഞു. വീട്ടിലെ സ്ത്രീകളെ മതം പഠിപ്പിക്കാന്‍ ദര്‍സിലെ മുതഅല്ലിം നിയോഗിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇതിലൂടെ നാട്ടില്‍ ഇസ്ലാമികമായ വലിയ ഉണര്‍വ്വുണ്ടായി. ആധുനിക വിദ്യഭ്യാസ സമ്പ്രദായങ്ങളെ കടത്തിവെട്ടുന്ന പരിശീലന മുറകളിലൂടെയാണ് ഒരു മുതഅല്ലിം സമൂഹത്തില്‍ ഇറങ്ങുന്നത്. പഠന കാലത്തു തന്നെ തന്നെക്കാള്‍ ചെറിയ കുട്ടികള്‍ക്കു ക്ലാസെടുത്തും സംശയ നിവാരണം നടത്തിയും അവന്‍ ഒരു അധ്യാപകനാകുന്നു. ഇതിലൂടെ പുതിയ മേഖലകളില്‍ കടന്നു ചെല്ലുമ്പോള്‍ നിഷ്പ്രയാസം കാര്യങ്ങളില്‍ ഇടപെടാനും ഗ്രഹിക്കാനും അവന് കഴിയുന്നു. ലക്ഷങ്ങള്‍ മുടക്കി ട്രൈനിംഗ് കോഴ്സും മാനേജ്മെന്‍റ് കോഴ്സും പൂര്‍ത്തിയാക്കാന്‍ വെമ്പല്‍കൊള്ളുന്ന കാലത്താണ് ഇത്തരത്തിലുള്ള ദര്‍സ് സമ്പ്രദായം പ്രസക്തമാകുന്നത്.

ദര്‍സിലെ വായിച്ചോതല്‍ രീതിയുടെ ശാസ്ത്രീയത ഒന്നു വേറെത്തന്നെയാണ്. പഠന കാലത്തു തന്നെ വിദ്യാര്‍ത്ഥികളെ അധ്യാപനം പരിശീലിപ്പിക്കാന്‍ ഇത്രയധികം വിജയിച്ച മറ്റൊരു രീതി ഇല്ലതന്നെ എന്നു പറയാം. കമ്പൈൻ സ്റ്റഡി, പിയർ ടീച്ചിംഗ്‌ തുടങ്ങി ആധുനിക വിദ്യാഭ്യാസ രീതീ ശാസ്ത്രങ്ങൾ പിന്നീട് ആവിഷ്കരിച്ച പലതും ദർസുകളിൽ പതിറ്റാണ്ടുകൾക്കു മുമ്പെ ദർസുകൾ ആവിഷ്കരിച്ചതും നടത്തി വിജയിപ്പിച്ചതുമാണ്. ദർസുകളിൽ പഠിച്ചു വളരുന്ന മുത്തഅല്ലിംകൾ പൊതുവെ രണ്ടു കാര്യങ്ങളിൽ തികഞ്ഞ മികവുള്ളവരായിരിക്കും. ഒന്ന് തങ്ങൾ പഠിക്കുന്ന ആത്മീയ ദർശനങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ അവർ മുമ്പിലാണ്. അത് കൊണ്ടു തന്നെ ഓരോ മുത്തഅല്ലിമും പഠനം പുരോഗമിക്കുന്നതോടെ ഒരു നല്ല മുത്തഖിയായ മുസ്ലിമും ആയിത്തീരുന്നു. അതാവട്ടെ അവന്റെ വേഷത്തിലും ഭാവത്തിലും ജീവിത ചിട്ടകളിലും സുതരാം പ്രകടവുമായിരിക്കും. രണ്ടാമത്തെ കാര്യം പഠിക്കുന്ന വിഷയങ്ങളിൽ അവൻ ആഴമുള്ള അവഗാഹം നേടിയിരിക്കും എന്നതാണ്. ചിന്തയും മനനശേഷിയും ഓരോ നിമിഷവും മൂർച്ച കൂടിവരുന്ന ഒരു സപര്യയും പ്രക്രിയയും ആണ് അവന് പഠനം. മാത്രമല്ല, പഠനം മനസ്സിലുറക്കുവാൻ അവശ്യം ആവശ്യമായ ഹൃദയശുദ്ധി, ഭൗതിക വിരക്തി, ആഴമുള്ള ചിന്ത, വൈകാരിക ഏകത്വം തുടങ്ങി ഒട്ടനവധി അനുകൂല ഘടകങ്ങൾ അവനിലുണ്ടായിരിക്കം എന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്.

ഈ നിരീക്ഷണങ്ങൾ ഉപസംഹരിക്കുമ്പോൾ നിലവിൽ ഈ മേഖല നേരിടുന്ന ചില വെല്ലുവിളികൾ കൂടി പറയാതെ വയ്യ. എണ്ണത്തിലും ആശയത്തിലും ദർസുകുകൾ നേരിടുന്ന ക്ഷയോൻമുഖതയാണ് അതിൽ പ്രധാനം. പുതിയ വിദ്യാഭ്യാസ പദ്ധതികളും ഭൗതികതയോടുള്ള അമിതമായ ആസക്തിയും ദർസുകളിലേക്ക് എത്തുന്നതിൽ നിന്നും വിദ്യാർഥികളെ ഒരു ഭാഗത്ത് തടയിടുമ്പോൾ മറുഭാഗത്ത് പള്ളികളും കമ്മറ്റികളും ദർസ് ഒരു ആവശ്യമില്ലാത്ത ബാദ്ധ്യതയായി കണ്ട് ദർസ് വേണ്ട എന്നു വെക്കുകയും ചെയ്യുന്നു. ഇതിനെയെല്ലാം അതിജീവിച്ച് പിടിച്ചു നിൽക്കുന്ന ദർസുകളാവട്ടെ ഭൗതിക വിദ്യാഭ്യാസത്തിന് അമിതമായ പ്രധാന്യം കൽപ്പിക്കുക വഴി അന്തർ ക്ഷയത്തിന്റെയും ഭീഷണിയിലാണ്. ഇങ്ങനെ പോയാൽ ഒരു പതിറ്റാണ്ടെങ്കിലും കഴിയുമ്പോൾ ഈ രംഗത്തിന്റെ ചിത്രം തന്നെ എന്തായിരിക്കും എന്നത് അനുമാനിക്കുവാൻ സാധ്യമല്ലാത്ത വിധം ഒരു ഭീഷണിയായി രൂപപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുവാൻ ദര്‍സുകളുടെ പ്രതാപം നിലനിറുത്താനാണ് ശ്രമങ്ങള്‍ നടക്കേണ്ടത്. സ്വദേശി-വിദേശി വേര്‍ത്തിരിവില്ലാതെ കാലോചിതമായ പരിഷ്ക്കരണത്തോടൊപ്പം പഠന നിലവാരമുയര്‍ത്താനാവശ്യമായ പരീക്ഷണങ്ങള്‍ ദര്‍സുകളില്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിയണം. ബുദ്ധിപരമായി പ്രാപ്ത്തിയുള്ളവരെയും ഇല്ലാത്തവരെയും ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരെ സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ ദര്‍സ് സമ്പ്രദായത്തിനു എക്കാലത്തും കഴിഞ്ഞിട്ടുണ്ട്.

വഴിപിഴച്ചു പോകാന്‍ സാഹചര്യങ്ങളെല്ലാം ഒത്തുവന്ന വലിയ തലമുറകളെ പള്ളി ദര്‍സിലാക്കുന്നതിലൂടെ ഉത്തമ പൗരന്‍മാരായ ചരിത്രം നമുക്ക് മുന്നില്‍ ധാരാളമുണ്ട്. ദര്‍സുകളുടെ സന്താനങ്ങളാണ് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ സജീവമായി ഇന്നും ഇടപെടുന്നത്. ഖാള്വിമാരായും ഖത്വീബുമാരായും അധ്യാപകരായും സമുദായ നേതാക്കളായും ദാഇമാരായും ത്വരീഖത്തിന്‍റെ മശാഇഖന്‍മാരായും സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് എല്ലാം ദര്‍സിന്‍റെ സന്തതികളാണ്.

നാം നടത്തുന്ന സമന്വയ സ്ഥാപനങ്ങള്‍ പള്ളി ദര്‍സുകളുടെ പുതിയ പതിപ്പുകളാണ്. അവയെ വെറും ഭൗതിക സ്ഥാപനങ്ങളായി കാണുന്ന തെറ്റായ ഒരു വീക്ഷണമോ മനോഭാവമോ കൂട്ടത്തിൽ ഭീഷണിയായി ഉണ്ട്. അതിനെയും ശക്തിയുക്തം എതിർക്കേണ്ടതുണ്ട്. മതത്തോടൊപ്പം മതേതര വിദ്യഭ്യാസം കൂടി സമൂഹത്തിനു നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉപകരിച്ചുട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ പള്ളി ദര്‍സുകളുടെ പ്രതാപം നിലനിര്‍ത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കായാല്‍ അതൊരു വലിയ പൈതൃക സംരക്ഷണം കൂടിയായി മാറും. കൂടെത്തന്നെ ദര്‍സ് സംസ്കാരം ശീലിപ്പിച്ച വസ്ത്രധാരണാരീതിയും നടപടി ക്രമങ്ങളും മുതഅല്ലിമുകള്‍ക്ക് ഈ സ്ഥാപനങ്ങളിലൂടെ കൈമാറാനായാല്‍ സമന്വയ സ്ഥാപനങ്ങള്‍ അതിന്‍റെ ലക്ഷ്യത്തിലെത്തുമെന്നു വിലയിരുത്താം. ദര്‍സുകളുടെ ശോചനീയാവസ്ഥക്ക് കാരണമായ കാര്യങ്ങളെല്ലാം അന്വേഷിച്ച് പരിഹാരം കാണാന്‍ ദീനിനെ സ്നേഹിക്കുന്നവരുടെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ നടക്കണം. നാട്ടിലെ പൗരപ്രമുഖരും പണ്ഡിതരുമാണ് അതിന് മുന്‍കൈ എടുക്കേണ്ടത്.