![](http://www.thdarimi.in/images/logo.png)
![Image](http://www.thdarimi.in/login/photo/1E81C79.jpg)
മഹത്വത്തിന്റെ രസതന്ത്രം
16-03-2022
Web Design
15 Comments
പ്രവാചകൻ തിരുമേനിയുടെ വിയോഗം തീർത്ത വേദനയിൽ മദീന വിറങ്ങലിച്ചു നിൽക്കുന്ന നാളുകളൊന്നിൽ അബൂബക്കർ, ഉമർ(റ) രണ്ടു പേരും കൂടി ഉമ്മു ഐമൻ(റ)യെ സന്ദർശിക്കാൻ അവരുടെ വീട്ടിലേക്ക് കയറിചെല്ലുന്ന ഒരു രംഗം അനസ് ബിൻ മാലികി(റ)ൽ നിന്ന് ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നുണ്ട്. നബിതിരുമേനിക്കവർ പോറ്റുമ്മയായിരുന്നുവല്ലോ. മാത്രമല്ല തന്റെ സ്നേഹഭാജനമായിരുന്ന സൈദ് ബിൻ ഹാരിസയുടെ പത്നിയും. നബി ഇടക്കിടെ അവരെ കാണാൻ പോകുമായിരുന്നു. നബി(സ)യുടെ രണ്ടു കരങ്ങളായിരുന്ന രണ്ട് സ്വഹാബിമാരും വീട്ടിലേക്ക് കയറിവരുന്നതു കണ്ടതും ഉമ്മു ഐമന്റെ സിരകളിലൂടെ സങ്കടം വിറച്ചുകയറുവാൻ തുടങ്ങി. ആ ഗദ്ഗദത്തിനു മുമ്പിൽ തളർന്നു പോയി രണ്ട് അതികായൻമാരും. നിഷ്കളങ്കയായ ഈ സഹോദരിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അവർ നിന്നു. അവസാനം അവർ പറഞ്ഞു: നാം ഇങ്ങനെ കരഞ്ഞിട്ടെന്താണ് !, അല്ലാഹു നൽകുന്നതെന്തും അല്ലാഹുവിന്റെ റസൂലിന് ഗുണമല്ലാതെ മറ്റെന്തായിരിക്കാനാണ്.. അതു കേട്ടതും ബറക്ക ബിൻത് തഅ്ലബ എന്ന ഉമ്മു ഐമൻ ഏങ്ങലുകൾക്കിടയിൽ പറഞ്ഞു: നബി തങ്ങൾ മരണപ്പെട്ടെന്നോർത്തല്ല ഞാൻ കരയുന്നത്. മറിച്ച്, ആകാശവുമായുള്ള വഹ്‌യ് ബന്ധം അറ്റുപോയല്ലോ എന്നോർത്താണ്.. മഹാൻമാരുടെ വിയോഗത്തിന്റെ വേദനയുടെ യഥാർഥ ന്യായം എന്താണെന്നും എന്തായിരിക്കണമെന്നും പഠിപ്പിക്കുകയാണ് ഈ സ്വഹാബീ വനിത. മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം നിലക്കാത്ത ഏങ്ങലായി ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുമ്പോൾ അത് ഇന്ത്യയിലെ ഏറ്റവും വലിയ മത സംഘടനയുടെ ഉപാദ്ധ്യക്ഷന്റെയോ കേരളത്തിലെ ഏറ്റവും വലിയ മൂന്നാം ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷന്റെയോ ആയിരത്തിലധികം മഹല്ലുകളുടെ ഖാളിയുടെയോ നൂറുക്കണക്കിന് മത സ്ഥാപനങ്ങളുടെ അമരക്കാരന്റെയോ വിയോഗത്തിന്റേത് എന്ന കേവലാർഥത്തിലേക്ക് ചുരുക്കിക്കെട്ടാവതല്ല എന്നു പറയുവാൻ വേണ്ടിയാണ് ഉമ്മു ഐമന്റെ വാക്കുകളെ നാം ഇവിടെ കടമെടുക്കുന്നത്. മഹാൻമാരുടെ മരണം അവർ നിറഞ്ഞ വേദികളുടേതല്ല, അവരിലെ മഹത്വത്തിന്റേതാണ്. അതുകൊണ്ടു തന്നെയാണ് മേൽപറഞ്ഞ ഔദ്യോഗിക വിവരണങ്ങൾ ഒഴിവാക്കി എല്ലാവരും മാഞ്ഞതും മറഞ്ഞതും സ്നേഹം, സൗമ്യത, സഹിഷ്ണുത തുടങ്ങിയവയാണ് എന്ന് പ്രയോഗിച്ചതും.
ഒരു നേതാവ് സാധാരണ ഗതിയിൽ ശ്രദ്ധേയനാവുന്നത് അതിശയിപ്പിക്കുന്ന വാക്ധോരണി, മൂർച്ചയുള്ള തൂലിക, ചടുലമായ ഇടപെടലുകൾ, തന്ത്രപരമായ നീക്കങ്ങൾ തുടങ്ങി ഏതെങ്കിലും കൊണ്ടായിരിക്കും. എന്നാൽ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധേയനായത് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ പേരിലായിരുന്നു എന്നു ആരും പറയുകയോ സമ്മതിച്ചുതരികയോ ചെയ്യില്ല എന്നതാണ് വസ്തുത. അദ്ദേഹം മനസ്സുകളെ കീഴ്പെടുത്തിയത് ആ പതിഞ്ഞ പുഞ്ചിരി കൊണ്ടും ഏതു അഗ്നിയിലേക്കും മഞ്ഞായി പെയ്തിറങ്ങുന്ന നല്ല വാക്കുകൾ കൊണ്ടുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും നിലപാടും എല്ലാവർക്കും ആശ്വാസം പകരുന്നതായിരുന്നു. സ്നേഹമസൃണമായ ആ നിലപാടുകൾ പ്രശ്നങ്ങളെ അൽഭുതകരമായി പരിഹരിക്കുകയായിരുന്നു. സങ്കീർണ്ണതകളെ സരളമായി കെട്ടഴിക്കുകയായിരുന്നു. ആ നിഷ്കളങ്കതയും നിർമ്മലതയും കണ്ടുമുട്ടുന്ന വരെയൊക്കെ പ്രചോദിപ്പിക്കുകയായിരുന്നു. ആ സന്തോഷം നൻമകളെയൊക്കെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇവയുടെ കരുത്തുകൊണ്ടായിരുന്നു അദ്ദേഹം ഒരു മഹാ ജനതയുടെ സുൽത്വാനായത്. ഈ പറയുന്ന ഗുണങ്ങളെയെല്ലാം ഒറ്റ വാക്കിലേക്ക് ആവാഹിച്ചെടുത്താൽ ആ വാക്കായിരിക്കും അദ്ദേഹത്തിന്റെ സ്വത്വം. അതു തന്നെയായിരിക്കും സുൽത്വാൻ കയ്യാളിയ അധികാരവും. ആ വാക്കാണ് സദ്സ്വഭാവം എന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി തങ്ങളെ അനുശോചിക്കവെ പറഞ്ഞത് പാണക്കാട്ടെ തങ്ങൻമാരുടെ അധികാരം സ്നേഹമാണ് എന്നായിരുന്നുവല്ലോ. അതു തന്നെയാണ് ഈ പറഞ്ഞതും. കാരണം ഇമാം ഗസ്സാലി നിർവ്വചിച്ചതുപോലെ സ്വഭാവം എന്നാൽ അകത്തിന്റെ അലങ്കാരമാണ്. ആ സ്വഭാവത്തിന്റെ എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളുന്ന പ്രകടനമാണ് സ്നേഹം. ഈ സ്നേഹമാണ് ആ നേതൃ വിജയത്തിന്റെ രസതന്ത്രം.
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണവും കരുത്തും നൻമയും എല്ലാമെല്ലാമാണ് സദ്സ്വഭാവം. സദ്‌സ്വഭാവത്തിന്റെ മഹത്വം അടുത്തറിയുവാൻ അനുഭവങ്ങൾ ധാരാളമുണ്ട് മനുഷ്യനു മുമ്പിൽ. അതിന്റെ മഹത്വം വാചാലമായി വിവരിച്ചു തന്നിട്ടുണ്ട് മാനുഷ്യകത്തിന്റെ മഹാചാര്യനായ നബി(സ) തങ്ങൾ. മനുഷ്യന്റെ നൻമകളിൽ സദ്സ്വഭാവ ത്തോളം ഘനമേറിയതൊന്നുമില്ല എന്ന് അബുദ്ദർദാഅ്(റ) നബി(സ) പറഞ്ഞതായി ഇമാം അബൂദാഊദ് ഉദ്ധരിക്കുന്നു. സ്വഭാവത്തെ വിമലീകരിച്ചവന് നബി തിരുമേനി വാഗ്ദാനം ചെയ്യുന്നത് ഉപരി സ്വർഗ്ഗത്തിൽ ഒരു ഭവനമാണ് (അബൂദാവൂദ്, ത്വബറാനി). അന്ത്യനാളിൽ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തു നിൽക്കുന്നവരും നബിയോട് ഏററവും സമീപസ്ഥരായിരിക്കുന്നവരും സദ് സ്വഭാവികളായിരിക്കും എന്ന് രണ്ട് സ്വഹീഹായ ഹദീസുകളിലായി വന്നിട്ടുണ്ട്. വിശ്വാസത്തിന്റെ ഏത് കാര്യമാണ് അത്യുത്തമം എന്ന് അംറ് ബിൻ അബസ(റ) നബി(സ)യോട് ചോദിക്കുന്നതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട്. ഏറ്റവും നല്ല സ്വഭാവക്കാർ എന്നായിരുന്നു നബിയുടെ മറുപടി. വിശുദ്ധ ഖുർആൻ സദ്സ്വഭാവത്തിന്റെ ഘടകങ്ങളെ വേർതിരിച്ച് ഓരോ ഘടകങ്ങളെയും മഹത്വ വത്കരിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി ക്ഷമ. ക്ഷമിക്കാനുള്ള കഴിവ് സ്വഭാവത്തിന്റെ സദ്ഘടകമാണ്. അതെടുത്ത് അല്ലാഹു ക്ഷമാശീലരോടൊപ്പമാണ് എന്ന് പ്രസ്താവിക്കുന്നു. ഇപ്രകാരം മഹദ്സ്വഭാവങ്ങളായി പരിഗണിക്കപ്പെടുന്ന ഓരോ ഗുണങ്ങളെയും മഹത്വപ്പെടുത്തുന്ന ശൈലിയാണ് ഖുർതുനിന്റേത്. ചുരുക്കത്തിൽ സദ് സ്വഭാവം ഇസ്ലാമിക ജീവിത മീമാംസയുടെ ഒരു അതിപ്രധാന അധ്യായമാണ്. അതിനിത്രയും പ്രസക്തിയും പ്രാധാന്യവും കൈവന്നത് അതിന് മനുഷ്യനിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്റെ പേരിലല്ലാതെ മറ്റൊന്നിന്റെയും പേരിലല്ല.
ഈ സ്വഭാവ വൈശിഷ്ട്യം തങ്ങൻമാർക്ക് ലഭിക്കുന്നത് തങ്ങളുടെ പിതാമഹനിൽ നിന്നാണ്. ലോകം കണ്ട ഏറ്റവും വലിയ സ്വഭാവ മഹാത്മ്യത്തിന്റെ ഉടമയായിരുന്നു അഹ് ലു ബൈത്ത് എന്ന നബി കുടുംബത്തിന്റെ പിതാമഹനായ നബി തിരുമേനി(സ). അങ്ങ് ഉന്നതമായ സ്വഭാവ വൈശിഷ്ട്യത്തിനുമായണ് എന്ന് വിശുദ്ധ ഖുർആൻ ആണയിടുന്നുണ്ട്(68:4). ചരിത്രവും അനുഭവവും അതു ശരിവെക്കുകയും ചെയ്യുന്നു. തന്റെ നിയോഗം തന്നെ അന്ത്യനാളുവരെയുള്ള മനുഷ്യർക്ക് മാതൃകയാകും വിധം സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് എന്ന് നബിതിരുമേനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ സ്വഭാവങ്ങളെ സംസ്കരിച്ചെടുക്കുവാൻ നൽകപ്പെട്ട വിശുദ്ധ ഖുർആനിന്റെ പ്രതിരൂപമായിരുന്നു അവർ.
ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയം നബി(സ)യുടെ സ്വഭാവം ഖുർആനായിരുന്നു.
(മുസ്‌ലിം). നീണ്ട പത്തു വർഷം ഒരു നിഴൽ പോലെ നബിതിരുമേനിയുടെ ഭൃത്യനായി ജീവിച്ച അനസ്(റ)വിന്റെ സാക്ഷ്യം ഈ വിഷയത്തിൽ സമ്പൂർണ്ണവും സത്യസന്ധവുമാണ്. അദ്ദേഹം പറയുന്നു: ഞാൻ നബി(സ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണ് സത്യം, അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം). നബി തിരുമേനിയുടെ ജീവിതത്തിനകവും പുറവും കണ്ട പത്നി ആയിശ(റ) വീണ്ടും പറയുന്നു: റസൂൽ (സ) ആരെയെങ്കിലും അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി) അവർ വീണ്ടും പറയുന്നു: വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നബി (സ) ആരോടും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കും. (ബുഖാരി, മുസ്‌ലിം)
പ്രശ്നങ്ങളെ മന്ദഹാസത്തോടെ നേരിടുന്ന രീതി ആ പിതാമഹൻ അന്ന് മക്കയിലെ അബൂ ഖുബൈസ് മലവാരത്തിലെ സ്വന്തം വീട്ടിലേക്ക് കയറവെ പഠിപ്പിച്ചതാണ്. സ്വന്തം വാതിലിനു മുമ്പിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ അയൽവക്കത്തെ ശത്രുക്കളോടുള്ള പ്രതികരണം എന്ത് അയൽ ബന്ധമാണിത് എന്ന ഒറ്റവാക്കിൽ ഒതുക്കുമ്പോൾ. ജൂതന്റെ ശവമഞ്ചം കടന്നു പോകുമ്പോൾ ആദരവോടെ എഴുനേറ്റു നിന്ന് അവനും മനുഷ്യനാണ് എന്ന് പറയുമ്പോൾ ആ ആചാര്യൻ സഹിഷ്ണുതയുടെ അധ്യായം പഠിപ്പിക്കുകയായിരുന്നു. സ്വന്തം പാളയത്തിൽ പടനയിച്ച ഇബ്നു സലൂലിന് സ്വന്തം വസ്ത്രമൂരി അന്ത്യയാത്രക്ക് കഫനൊരുക്കുമ്പോൾ ആ മനസ്സ് ഉദാരതയുടെ ഏറ്റവും വലിയ ചിത്രം വരക്കുകയായിരുന്നു. മാരകമായ വിഷം ചേർത്ത ഭക്ഷണം സൽക്കരിച്ച് ചതിച്ചു കൊല്ലാൻ ഉദ്യമിച്ചവളെ കയ്യോടെ പിടികൂടിയപ്പോൾ അവളെയും നാടുവിടാൻ പോലും അനുവദിക്കാതെ തന്റെ ജീവന് ഇനാം പ്രഖ്യാപിച്ച സ്വന്തക്കാർ വിറച്ച് സ്വന്തം കാൽക്കീഴെ വന്നപ്പോൾ അവരെയും വെറുതെ വിടുമ്പോൾ വിട്ടുവീഴ്ചയെന്ന മഹാഗുണം കണ്ട് മണ്ണും വിണ്ണും അമ്പരക്കുകയായിരുന്നു. ഉറുമ്പു കൂട്ടിൽ തിയ്യിട്ടതു കണ്ട് കണ്ണു നനച്ചപ്പോഴും സ്വന്തങ്ങളുടെ കബന്ധങ്ങൾക്കു മുമ്പിലൂടെ തടവുകാരികളെ കൊണ്ടു വരുന്നതു കണ്ട് നിന്റെ മനസ്സിനിത്തിരി പോലും കാരുണ്യമില്ലേ എന്ന് അതിശയം പ്രകടിപ്പിക്കുമ്പോഴും ഇല്ലായ്മകളുടെ നിശ്വാസവുമായി വഴിവക്കിലിരുന്ന് ഏങ്ങലടിക്കുന്ന അനാഥയെ സ്വന്തം വീട്ടിലേക്ക് കൂട്ടുമ്പോഴുമെല്ലാം ആർദ്രതയുടെ മഹാപാഠങ്ങൾ ലോകത്തെ പഠിപ്പിക്കുകയായിരുന്നു നബിദൂതൻ. വെള്ളവും അന്നവും കൊടുക്കാതെ കെട്ടിയിട്ട മൃഗത്തിനു വേണ്ടി നീ ഈ മിണ്ടാപ്രാണിയുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നല്ലേ എന്നു ചോദിച്ച് അതിന്റെ ഉടമയോട് കയർക്കുമ്പോഴും സ്വന്തം ജീവിത പങ്കാളിയെ അടിക്കുന്നവർക്കു നേരെ കണ്ണുയർത്തുമ്പോഴും അടിമയെ ആക്ഷേപിച്ചതിന് അനുയായിയെ താക്കീതു ചെയ്യുമ്പോഴുമെല്ലാം ആ മനുഷ്യത്വം ഉജ്ജ്വല ഭാവത്തിലേക്കുയരുകയായിരുന്നു. ആ അകത്തെ മനോഹരമാക്കുന്ന ഇങ്ങനെയെത്ര രംഗങ്ങൾ !.
ഈ ഗുണങ്ങൾ ചരിത്രത്തിലുടനീളം ഈ പേര മക്കൾക്ക് കിട്ടിയിട്ടുണ്ട്. ചുറ്റുമുള്ളവരെ എന്നും അവർ ആകർഷിച്ചത് അവ കൊണ്ടായിരുന്നു. സങ്കീർണ്ണമായ പ്രശ്നങ്ങൾ അവർ സരളമായി പരിഹരിക്കുമായിരുന്നു. അതേ സമയം പല പ്രശ്നങ്ങളും അവരെ വലയം ചെയ്തത് കാണാതിരിക്കുന്നില്ല. രാഷ്ട്രീയക്കളങ്ങളിൽ ചിലപ്പോഴൊക്കെ അവർ കരുക്കളും ഇരകളുമായി. അതിന്റെ ന്യായങ്ങളേക്കാൾ വലുതാണ് ആ സംഭവങ്ങൾക്കു ശേഷം അവർ അത്തരം പ്രശ്നബാധിത മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. രാഷ്ട്രീയം അതിനു വേണ്ടി കലപില കൂട്ടുന്നവർക്ക് വിട്ടുകൊടുത്ത് അവർ തങ്ങളുടെ പിതാമഹന്റെ ആദർശ പതാകയും വഹിച്ച് പ്രബോധനത്തിൽ സജീവമാകുകയായിരുന്നു. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലേക്കും ഇസ്ലാം വഹിച്ചത് അവരായിരുന്നു. ഇന്ത്യയിലേക്ക് ഇസ്ലാം വഹിച്ചെത്തിയ ഖാജാ മുഈനുദ്ദീൻ ചിശ്തി മുതൽ കേരളത്തിലേക്ക് ഇസ്ലാമുമായി എത്തിയ സാദാത്തീങ്ങൾ വരെ നമുക്കനുഭവമുള്ളതാണല്ലോ. അവരുടെ മേൽ പറഞ്ഞ സ്വഭാവ ഗുണങ്ങളും ജീവിത നിഷ്ഠകളും അവരുടെ പ്രബോധനത്തെ അതിവേഗം വിജയിപ്പിക്കുകയും ചെയ്തു. ദീൻ എന്ന ജീവിത സംസ്കാരം നിലനിറുത്തുവാനും സംരക്ഷിക്കാനും അവശ്യം ആവശ്യമായ ഘടകമാണ് അവരുടെ കൈമുതൽ എന്നതുകൊണ്ട് അവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന കാണിക്കണമെന്ന് നബി(സ) മുസ്ലിം സമുദായത്തെ പലപ്പോഴും ഉപദേശിച്ചിട്ടും വസ്വിയ്യത്ത് ചെയ്തിട്ടുമുണ്ട്.
തങ്ങൻമാർക്ക് തങ്ങളുടെ പിതാമഹൻ തിരുമേനിയിൽ നിന്നാണ് ഈ വൈശിഷ്ട്യങ്ങൾ പകർന്നു കിട്ടുന്നത് എന്നു പറയുമ്പോൾ ചിലർക്കെങ്കിലും അതു അത് ഉൾക്കൊള്ളുവാൻ പ്രയാസമുണ്ടായേക്കും. പക്ഷെ, വസ്തുത അതാണ്. ഒരു അന്ധമായ ബാലിശമല്ല ഈ വാദം. മതപ്രമാണങ്ങൾ വ്യക്തമായി അതു സൂചിപ്പിക്കുന്നുണ്ട്. അനുഭവങ്ങൾ അതു തെളിയിക്കുന്നുമുണ്ട്. അതിനെല്ലാം പുറമെ ഇന്നത്തെ കാലത്ത് ഇത് തെളിയിക്കപ്പെട്ട ഒരു ശാസ്ത്രവും കൂടിയാണ്. ജീവികളിലെ വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ച് ഒരു പഠനശാഖ തന്നെയുണ്ട്. എല്ലാ ജന്തുക്കളും സസ്യങ്ങളും അവയോടു സാദൃശ്യമുള്ള സന്താനങ്ങളെ ഉല്പാദിപ്പിക്കുന്നു, മനുഷ്യന് മനുഷ്യകുഞ്ഞു പിറക്കുന്നു, നെന്മണി മുളച്ച് നെല്‍ച്ചെടിയുണ്ടാകുന്നു, മാതാപിതാക്കളുടെ തനിപ്പകര്‍പ്പുകളല്ലെങ്കിലും അവരുടെ പല സവിശേഷതകളും സന്താനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു തുടങ്ങി നമ്മുടെ ജീവിത പരിസരം തന്നെ തെളിയിക്കുന്ന ശാസ്ത്രമാണത്. മൊറോവിയയിലെ സെന്‍റ് തോമസ് സന്യാസി മഠത്തിലെ തന്‍റെ പയര്‍ചെടികള്‍ നിറഞ്ഞ തോട്ടത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇതിന്‍റെ രഹസ്യച്ചെപ്പുകള്‍ തുറന്ന ശാസ്ത്രജ്ഞനാണ് ഫാദര്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍. ജനിതകശാസ്ത്രത്തിന്‍റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. 1865 ഫെബ്രുവരി എട്ടിനാണ് മെന്‍ഡല്‍ തന്‍റെ എട്ടുവര്‍ഷത്തോളം നീണ്ട ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തിയത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso