വിശ്വാസികളുടെ മിഅ്റാജ്
16-03-2022
Web Design
15 Comments
റജബ് ചിന്തകളിൽ ഇസ്റാഉം മിഅ്റാജും ഉൾപ്പെടുന്നതിനാൽ സ്വാഭാവികമായും നിസ്കാരം ഈ ചിന്തകളിൽ ഒരു വിഷയമായി കടന്നുവരും. വിശദമായി ചിന്തിക്കുവാനും അത് പുതുക്കുവാനും മാത്രം പ്രാധാന്യമുള്ളതാണ് നിസ്കാരം. കാരണം ഇസ്ലാമിലെത്തിയ ഒരാൾ നിർബ്ബന്ധമായി നിർവ്വഹിക്കേണ്ട ഏറ്റവും വലിയ ആരാധനയാണത്. ഏറ്റവും വലിയ എന്ന വിശേഷണത്തിന് ഒരു പാട് അർഥതലങ്ങളുണ്ട്. ഏറ്റവും അധികം നിർവ്വഹിക്കപ്പെടേണ്ടത് എന്നതാണ് അവയിലൊന്ന്. വിവേചന ബുദ്ധിയോടെ പ്രായപൂർത്തി പ്രായം കടന്ന എല്ലാവർക്കും എന്നും അഞ്ചു നേരം ചെയ്യാനുള്ളതാണ് അത്. ലിംഗം, പ്രായം, രോഗം, കാരണം തുടങ്ങി ഒരു വിവേചനവും നിസ്കാരത്തിന്റെ കാര്യത്തിലില്ല. മുസ്ലിമായ ഒരാൾക്ക് ഒരിക്കലും നിസ്കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നിസ്കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന്ന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞു കിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിന്നും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണമെന്നുമാണ് വിധി. നോമ്പും ഹജ്ജും സക്കാത്തുമൊന്നും ഇത്രയധികം ഒരു വിശ്വാസി ചെയ്യുന്നില്ല. ഏറ്റവും അധികം പ്രതിഫലമുളളത് എന്നതാണ് മറ്റൊരു അർഥം. ഏറ്റവും ശ്രേഷ്ടമായ കർമ്മമേതാണ് എന്ന് ഒരാൾ ആരാഞ്ഞപ്പോൾ കൃത്യസമയത്തെ നിസ്കാരം എന്നായിരുന്നു നബി തിരുമേനിയുടെ മറുപടി. മാത്രമല്ല, വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലുള്ള വ്യത്യാസം തന്നെ നിസ്കാരമാണ് എന്ന് നബി(സ) പാഞ്ഞിട്ടുണ്ട്.
ഏറ്റവും വലിയ ആത്മീയ ശുദ്ധീകരണ കാരകമാണ് നിസ്കാരം. നിസ്കാരത്തിന്റെ പ്രാധാന്യം വിവരിച്ചു തരുവാൻ നബി തിരുമേനി ഉപയോഗിച്ച ഉദാഹരണം ഈ അർഥത്തെ അനാവരണം ചെയ്യുന്നുണ്ട്. സ്വന്തം മുമ്പിലൂടെ കടന്നുപോകുന്ന ശുദ്ധജലവാഹിനിയിൽ ഒരാൾ ദിനം അഞ്ചുനേരം നീരാടുന്നു എങ്കിൽ അയാളുടെ മേനിയിൽ ഒരു അഴുക്കും അവശേഷിക്കാത്തതു പോലെ അഞ്ചു നേരം നിസ്കരിക്കുന്നവനിൽ പാപങ്ങൾ ഒന്നും അവശേഷിക്കില്ല എന്നായിരുന്നു നബിയുടെ ആശയം. എന്തോ ചെറിയ തെറ്റു പറ്റിപ്പോയി അതിലുളള വ്യാധിയോടെ താൻ പ്രായശ്ചാത്ത ശിക്ഷ വരെ ഏറ്റുവാങ്ങുവാൻ വന്ന ഒരു സ്വഹാബിയുടെ കഥ ഇമാം മുസ്ലിം അനസ് ബിൻ മാലികിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. അന്ന് നബി കേസ് പരിഗണനക്കെടുക്കുന്നതിനു മുമ്പെ നിസ്കാരത്തിന് സമയമായി. നിസ്കാരം കഴിഞ്ഞ് പരാതിക്കാരനെ കുറിച്ച് അയാൾ നിസ്കാരത്തിന് നമ്മുടെ കൂടെയുണ്ടായിരുന്നുവോ എന്ന് ആരായുകയുണ്ടായി. ഉണ്ടായിരുന്നു എന്നു മറുപടി കിട്ടിയതും അയാളുടെ പാപം അതോടെ പൊറുക്കപ്പെട്ടു എന്ന് പറയുകയുണ്ടായി. ചെറുപാപങ്ങളെ കയ്യോടെ പൊറുപ്പിക്കുവാനുളള നിസ്കാരത്തിന്റെ കഴിവ് മറ്റുപല ഹദീസുകളിലും വന്നിട്ടുളളതാണ്. അഞ്ചു നിസ്കാരങ്ങൾ അവക്കിടയിൽ ഭവിക്കുന്ന തെറ്റുകളുടെ പ്രായശ്ചിത്തമാണ് എന്ന സ്വഹീഹായ ഹദീസ് അവയിലൊന്നാണ്. ഈ വിഷയത്തോട് ചില ചിന്തകപണ്ഡിതൻമാർ ചേർത്തു വായിക്കുന്ന ഒരു നിരീക്ഷണമുണ്ട്. അത് നിസ്കാരത്തിലെ റക്അത്തുകളുമായി ബന്ധപ്പെട്ടതാണ്. റക്അത്തുകളുടെ എണ്ണത്തിലെ ഏറ്റവ്യത്യാസം അവ നിർവ്വഹിക്കപ്പെടുന്ന സമയത്തിലെ തെറ്റിന്റെ സാദ്ധ്യത പരിഗണിച്ചു കൊണ്ടാണ് എന്നാണ് ആ നിരീക്ഷണം. രാത്രി മനഷ്യൻ ഉറങ്ങുന്ന സമയമായതുകൊണ്ടും താരതമ്മ്യേന തെറ്റുകളുടെ സാധ്യത കുറവായതിനാലുമാണ് സുബ്ഹ് വെറും രണ്ടു റക്അത്തായത് എന്ന് അവർ പറയും.
ഇവ്വിധം നിസ്കാരം പാപങ്ങളെ കഴുകിക്കളയുന്നതിന്റെ ന്യായം മനുഷ്യൻ തന്റെ സൃഷ്ടാവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് നിസ്കാരത്തിനിടെയാണ് എന്നതാണ്. അങ്ങനെ അതും നിസ്കാരത്തിന്റെ മഹാത്മ്യമായി മാറുന്നു. വിശ്വാസിക്ക് തന്റെ റബ്ബിലേക്ക് ചുവടുവെച്ച് അടുക്കുന്ന മാനസിക പ്രതീതിയാണ് നിസ്കാരം പകരുന്നത്. നിസ്കാരത്തിലെ ഓരോ ചലനവും അവന് ഓരോ ചുവടാണ്. നിസ്കാരത്തിനു വേണ്ടി അംഗസ്നാനം ചെയ്യുമ്പോൾ മുതൽ അതനുഭവപ്പെട്ടു തുടങ്ങുന്നു. നിയ്യത്തിന്റെ പിൻബലത്തോടെ ഓരോ അവയവങ്ങൾ കഴുകിയും തുടച്ചുമെടുക്കുമ്പോൾ അവയിൽ നിന്നെല്ലാം പാപങ്ങൾ ഒലിച്ചുപോകുന്നതായി അവന് തോന്നും. പിന്നെ അവൻ ഭൂമദ്ധ്യ ബിന്ദുവിലേക്ക് തിരിഞ്ഞു നിന്ന് തന്റെ വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനമായി വാങ്കും ഇഖാമത്തും പ്രഘോഷണം ചെയ്യുന്നു. ഇതോടെ ശരീരവും മനസ്സും സജ്ജമായി. ഇനി പ്രാർഥനയാണ്. പ്രാർഥനയിലേക്ക് വലിയ ഒരാമുഖത്തോടെയാണ് കടക്കുന്നത്. അതിന്റെ ഉളളടക്കം റബ്ബിനെ വാഴ്ത്തുകയും മഹത്വവത്കരിക്കലുമാണ്. വാഴ്തലിന്റെ ഓരോ വചനങ്ങളും മനസ്സിന്റെ ഓരോ ചുവടാണ്. ഏതാനും ചുവടുകൾ വെക്കുന്നതോടെ അവൻ ദൈവ സന്നിദ്ധാനത്തിലെത്തിയതു പോലെയാകും. നീ, നിന്നോട് എന്നൊക്കെ അഭിസംബോധന ചെയ്യാവുന്ന അത്ര അടുത്ത് എത്തും. അതോടെ അവനും സൃഷ്ടാവിനും ഇടയിൽ മറകൾ മാഞ്ഞു പോകും. ഇവ്വിധം തന്നോട് അടുത്തു നിൽക്കുന്ന അടിമയോട് അവന്റെ ചെറിയ തെറ്റുകൾ പൊറുക്കുവാൻ കരുണാവാരിധിയായ അല്ലാഹു മനസ്സുകാണിക്കും എന്നതുറപ്പാണല്ലോ. ഈ അർഥത്തിലാണ് നിസ്കാരം വിശ്വാസിയുടെ മിഅ്റാജാണ് എന്നു പറയാറുളളത്. കയറിക്കയറി അടുത്തെത്തലാണല്ലോ മിഅ്റാജ്. ഒരു ദാസൻ തന്റെ റബ്ബിനോട് ഏറ്റവുമധികം അടുക്കുക അവൻ നിസ്കരിക്കവെ ആയിരിക്കുമെന്ന് നബി(സ).
മനുഷ്യസംസ്കരണത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ആരാധന എന്നതാണ് മറ്റൊരു അർഥം. നോമ്പ് സഹനത്തെയും ഹജ്ജ് സമർപ്പണത്തെയും സക്കാത്ത് കാരുണ്യത്തെയുമെല്ലാം ഉണ്ടാക്കുന്നു എന്നത് പോലെ നിസ്കാരം മനുഷ്യനിൽ സാംസ്കാരിക അച്ചടക്കത്തെ ഉണ്ടാക്കിത്തീർക്കുന്നു. ഒരർഥത്തിൽ ആദ്യം പറഞ്ഞ ഗുണങ്ങൾക്കെല്ലാം വേദിയും വീഥിയും ഒരുക്കുന്നതാണ് ഈ ആത്മ സംസ്കരണം. അല്ലാഹു പറയുന്നു: നബിയേ അങ്ങേക്ക് അവതീര്‍ണമായ ഈ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും ചെയ്യുക. നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നമസ്‌കാരം തടയുന്നതാണ്. (അൻകബൂത്ത്: 45). ഈ സംസ്കരണം സാധ്യമാകുന്നത് രണ്ടു വഴിയിലൂടെയാണ്. ഒന്നാമതായി മേൽപറഞ്ഞ അർഥത്തിലുളള നിസ്കാരത്തിൽ നിന്ന് പകരുന്ന ആത്മീയ വിചാരം വഴി. രണ്ടാമതായി അത് കൃത്യമായും നിരന്തരമായും ആവർത്തിക്കപ്പെടുക വഴി നിസ്കാരം ജീവിത താളമായി തീരുക വഴിയും. ഈ രണ്ട് കൈവഴികളിലൂടെ വരുന്ന സ്വാധീനം വൻ കുറ്റങ്ങളിൽ നിന്ന് മനുഷ്യനെ അകറ്റുക തന്നെ ചെയ്യും. ചെറു പാപങ്ങൾ ആണെങ്കിലോ നേരത്തെ ഹദീസ് പറഞ്ഞതു പോലെ പൊറുക്കപ്പെട്ടു പോയിക്കൊണ്ടേയിരിക്കും. നിസ്കാരത്തിന്റെ പാപനാശ ശക്തി ഇസ്ലാമിക സംസ്കൃതിയിൽ മദ്യനിരോധന ഘട്ടത്തിൽ കണ്ടതാണ്. അതിന്റെ രണ്ടാം ഘട്ടത്തിൽ മദ്യാസക്തിയിൽ നിസ്കാരത്തെ സമീപിക്കരുത് എന്നായിരുന്നു കൽപ്പന. അത് നല്ലൊരു സ്വാധീനം ചെലുത്തുകയുണ്ടായി എന്ന് ചരിത്രം പറയുന്നു.
ഭൗതികമായി നിസ്കാരം വിശ്വാസിക്ക് നൽകുന്ന ഏറ്റവും വലിയ ദാനം മാനസിക ഉൻമേഷവും ആരോഗ്യവുമായിരിക്കും. ഇവിടെ രണ്ട് ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നാമതായി പൊതുവെ ധ്യാനത്തിന് മനുഷ്യന്റെ മനസ്സിലും ശരീരത്തിലും ചെലുത്തുവാൻ കഴിയുന്ന സ്വാധീനം. ധ്യാന ങ്ങളുടെ അദ്ഭുത ശക്തിയെക്കുറിച്ച് പരീക്ഷണം നടത്തിയ ഹാര്‍വേര്‍ഡ്മെഡിക്കല്‍ സ്കൂളിലെ ഗവേഷണ സംഘത്തെ നയിക്കുന്ന പ്രസിദ്ധ ഹൃദ്രോഗ ചികിത്സാവിദഗ്ദന്‍ ഡോ. ഹാര്‍ബര്‍ട്ട് ബെന്‍സന്‍ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്: ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികകളേക്കാള്‍ ഫലപ്രദമാണ്. മനുഷ്യശരീരത്തിലുണ്ടാകുന്ന എല്ലാ രാസമാറ്റങ്ങളും ഭൗതിക മാറ്റങ്ങളും കുറക്കുവാന്‍ ഏകാഗ്ര ധ്യാനത്തിന് കഴിവുണ്ട്. അസന്നിഗ്ദമായ വസ്തുതയാണിത്.
ഡോ. ഹെര്‍ബര്‍ട്ട് ബെന്‍സന്റെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പലരും ധ്യാനപരീക്ഷണത്തിന് വിധേയമാവുകയുണ്ടായി. അവര്‍ക്ക് ധ്യാനപരിശീലനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് ശേഷം ദിവസം രണ്ടുനേരം 20 മിനുട്ട് വീതം ഏകാഗ്രമായി ധ്യാനിക്കുവാന്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഈ പരീക്ഷണത്തിന് വിധേയമാകുന്നവര്‍ രോഗവിമുക്തിക്ക് വേണ്ടിയോ മാനസികോല്ലാസത്തിന് വേണ്ടിയോ ഏതെങ്കിലും ഔഷധമോ ലഹരി മരുന്നോ കഴിക്കുന്നവരാണെങ്കില്‍ ധ്യാനപരിശീലനം തുടങ്ങുന്നതിന്റെ 15 ദിവസം മുമ്പ് ആ വക മരുന്നുകളെല്ലാം ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഇങ്ങനെയുള്ള ഏകാഗ്ര ധ്യാനത്തിന് ശേഷം-അഥവാ പ്രാര്‍ഥനക്ക് ശേഷം-നടത്തിയ പരീക്ഷണങ്ങളില്‍ അതിന് വിധേയമായവരുടെ രക്തിത്തിലെ ലാക്ടേറ്റ്നി ല താണിരിക്കുന്നതായി കണ്ടു. ഇതോടെ പ്രശാന്തമായ ഒരു നിര്‍വൃതി അനുഭവപ്പെട്ടതായും അവര്‍ പറഞ്ഞു. അകാരണമായ ഭയം, സംഭ്രമം, മനസ്സിന്റെ പിരിമിറുക്കം മുതലായവയാല്‍ അസ്വസ്ഥമാകുന്നവരുടെ രക്തത്തിലെ ലാക്ടേറ്റ് നിലവാരം ഉയര്‍ന്നിരിക്കുമെന്നും ഈ വക രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരുടെ രക്തത്തില്‍ ലാക്ടേറ്റ് അമിതമായി കുത്തിവെച്ചാല്‍ മേല്‍പറഞ്ഞ രോഗലക്ഷണങ്ങളുണ്ടാകുമെന്നും നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
നിസ്കാരം പകരുന്ന മനശാന്തിയും ഏകാഗ്രതയും കാണാൻ നബി(സ)യിലേക്ക് പോയാൽ തന്നെ മതി. ജനങ്ങളെ സന്മാർഗത്തിലേക്കു നയിക്കുന്നതിനിടയിൽ നബിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങൾ അധികവും മാനസിയമായി വേട്ടയാടുന്നവയായിരുന്നു. ഒരു ഭാഗത്ത് ശത്രുക്കളുടെ പരിഹാസവും ആരോപണവും നിറഞ്ഞ വാക്കുകളും നീക്കങ്ങളും. സ്വന്തം ക്യാമ്പിനുള്ളിൽ കടന്നുകൂടി കപടവിശ്വാസികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, പേർഷ്യൻ - റോമൻ സാമ്രാജ്യങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അസ്വസ്ഥതകൾ, കുടുംബത്തിനുളളിൽ ഉണ്ടാവുക കൊച്ചു കൊച്ചു പിണക്കങ്ങൾ.. ഇങ്ങനെ നിരന്തരമായ പ്രശ്നങ്ങൾക്കു മുമ്പിലായിരുന്നുവല്ലോ ആ ജീവിതം. പ്രശ്നങ്ങൾ ആ മനസ്സിനെ മഥിക്കുമ്പോൾ അതിന് നബി പരിഹാരം കണ്ടിരുന്നത് നിസ്കാരത്തിലായിരുന്നു. പ്രശ്നങ്ങളിൽ നിന്നെല്ലാം മനസ്സിനെ പിൻവലിച്ച് അല്ലാഹുവിൽ അലിഞ്ഞുചേർന്ന് നിസ്കരിക്കുമ്പോഴേക്കും പ്രശ്നങ്ങളെല്ലാം ഉരുക്കിപ്പോയിക്കഴിഞ്ഞിരിക്കുമായിരുന്നു. മുമ്പിൽ രൂപപ്പെടുന്ന പ്രശ്നങ്ങളെ തൊട്ടടുത്ത നിസ്കാരം കൊണ്ട് ഉരുക്കിക്കളയുന്ന ഈ ഒരു അവസ്ഥ ഒരു മനുഷ്യന് ദിനം അഞ്ചു നേരം ഉണ്ടാകുകയാണ് എങ്കിൽ ആ മനുഷ്യന്റെ ജീവിതം എത്രമാത്രം സംതൃപ്തമായിരിക്കും എന്നതാലോചിച്ചാൽ മാത്രം മതി സിസ്കാരത്തിന്റെ പ്രത്യേകത മനസ്സിലാക്കുവാൻ. ഇത് ലഭിക്കണമെങ്കിൽ പക്ഷെ, നിസ്കാരം എല്ലാം മറന്ന് റബ്ബിൽ അലിഞ്ഞുചേരാൻ മാത്രം ശക്തമായിരിക്കണം. അതിന് ഒന്നാമതായി വേണ്ടത് ഭയഭക്തിയാണ്. ഭയഭക്തിയില്ലാതെ വെറും ആചാരമായി നിസ്കരിക്കുന്നവരെ കാത്തിരിക്കുന്നത് നരകമാണ് എന്ന് അല്ലാഹു പറയുന്നുണ്ട്. രണ്ടാമതായി നിസ്കാരത്തെ ഒരു ജീവിത താളമാക്കി മാറ്റണം. ആയിഷാ ബീവി (റ) തന്റെ അനുഭവം പറയുന്നത് ഇങ്ങനെയാണ്: നബി തിരുമേനി വീട്ടിൽ ഓരോ കാര്യത്തിലും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കും. എന്നാൽ വാക്കുകേട്ടാൽ പെട്ടെന്ന് എഴുനേറ്റ് പോകും, ഞങ്ങൾ അദ്ദേഹത്തേയോ അദ്ദേഹം ഞങ്ങളെയോ അറിയാത്തതു പോലെ .. (ബുഖാരി)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso