Thoughts & Arts
Image

ഹിജ്റ: സംഭവവും സന്ദേശവും

11-06-2022

Web Design

15 Comments





കാലം എന്നത് വലിയ ഒരു സത്യമാണ്. ഐഹിക ലോകത്ത് മനുഷ്യന് അവന്റെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കേണ്ട ഒരു അനിവാര്യമായ ഘടകമാണത്. കാലത്തിലല്ലാതെ ജീവിതത്തിന്റെ ഒരു അനക്കവും അടക്കവും രേഖപ്പെടുത്താൻ കഴിയില്ല. ഇതുകൊണ്ടു തന്നെയാണ് കാലം എന്ന പരമസത്യത്തെ പിടിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ സത്യം ചെയ്തതും ആ സൂറത്ത് ആ നാമത്തിൽ അറിയപ്പെടുന്നതായതും. ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്ന ഓരോ ആരാധനയും അവന്റെ കാലത്തെ ശുദ്ധീകരിക്കാൻ കൂടി ഉളളതാണ്. ഉദാഹരണമായി നിസ്കാരം എടുക്കാം. ഒരു ദിവസത്തിന്റെ രാപ്പകലുകളിൽ അഞ്ചു നേരങ്ങളിലായി നിസ്കാരം നിലനിർത്തുവാൻ അല്ലാഹു പറഞ്ഞിരിക്കുന്നു. ഓരോ നിസ്കാരവും തൊട്ടു മുമ്പത്തെ നിസ്കാരം മുതൽക്കുളള പാപങ്ങളെ കഴുകാനുള്ളതാണ് എന്ന് നബി(സ്വ) പറഞ്ഞതും കാണാം. അതോടെ മൊത്തത്തിൽ ഒരു ദിവസത്തെ മുഴുവൻ ശുദ്ധീകരിക്കുകയാണ് നിസ്കാരം ചെയ്യുന്നത് എന്ന് നാം കാണുന്നു. വർഷത്തിൽ ഒരിക്കൽ വരുന്ന നോമ്പും സക്കാത്തുമെല്ലാം മുസ്ലിമിന്റെ ഒരു വർഷത്തെ സ്ഫുടം ചെയ്യുകയാണ്.



കാലത്തെ അല്ലാഹു താൽപര്യപ്പെടും പോലെ ശുദ്ധീകരിച്ചെടുക്കാൻ വിശ്വാസി തയ്യാറാകണമെങ്കിൽ അവന് അത്തരമൊരു ബോധം ഉണ്ടാകണം. ഈ ബോധം ഉണ്ടാക്കിയെടുക്കാൻ വേണ്ട അവബോധം ഉണ്ടാക്കിത്തരുന്നതും കാലം തന്നെയാണ്. അഥവാ, കാലം പറഞ്ഞുതരുന്ന, പങ്കുവെക്കുന്ന അനുഭവങ്ങളും ചരിത്രവും കേട്ടും പഠിച്ചും ഗ്രഹിച്ചുമാണ് മുസൽമാൻ ഈ ബോധം ഉണ്ടാക്കേണ്ടത് എന്ന് ചുരുക്കം. ഇവിടെ നാം പുതിയ ഒരു ഹിജ്റ വർഷത്തിലേക്കു കടക്കുകയാണ്. കടന്നുവരുന്ന പുതിയ വർഷം നമുക്ക് സന്തോഷദായകവും കൂടുതൽ സുന്ദരവും സമാധാനഭദ്രവും പരമമായി കാലത്തെയും നമ്മെയും പടച്ച തമ്പുരാനിലേക്ക് അടുക്കാനുള്ള വഴികൾ തുറക്കുന്നതുമായിത്തീരുവാൻ കാലം നമ്മോട് പറയുന്ന സത്യങ്ങൾ നാം പഠിക്കണം. അതിന്റെ ഭാഗമായി നമുക്ക് ഇപ്പോൾ ചെയ്യാനുള്ളത് ഒരു ഹിജ്റ വർഷത്തെ കുറിച്ച് പഠിക്കുക എന്നതാണ്.



പുതിയ ഒരു ഹിജ്റ വർഷത്തിലേക്ക് കടക്കുമ്പോൾ ആദ്യം ചിന്തിക്കാനുളളത് ഹിജ്റയെ കുറിച്ചു തന്നെയാണ്. കാരണം മുഹർറമിൽ തുടങ്ങി ദുൽ ഹജ്ജിൽ അവസാനിക്കുന്ന കടന്നുവരുന്ന ഓരോ മാസങ്ങൾക്കും പ്രത്യേകം പ്രത്യേകം ചരിത്രങ്ങൾ ഉണ്ടെങ്കിലും അതിന്റെയെല്ലാം പ്രതലം ഹിജ്റ തന്നെയാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഹിജ്റ എന്ന അധ്യായം പഠിപ്പിക്കുന്ന കാര്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ ഈ വർഷം മുഴുവനും നമുക്ക് ആത്മീയമായ ആനന്ദവും സന്തോഷവും അനുഭവിക്കാം. അത്രയും വലിയ ഒരു അദ്ധ്യായവും ചിന്താവിഷയവുമാണ് ഹിജ്റ. നബി(സ്വ) തന്റെ നാടായ മക്കയിൽ നിന്ന് മദീനയിലേക്ക് പോയി ഒന്ന ഒരൊറ്റ വാചകത്തിൽ അതിനെ ഒതുക്കുവാൻ കഴിയില്ല.



ഹിജ്റ



നബി(സ്വ) യുടെ ജീവിതത്തിന്റെ ഓരോ ഏടും പോലെതന്നെ ത്യാഗോജ്ജ്വലമായിരുന്നു അവരുടെ ഹിജ്‌റയും. മക്കയില്‍ പരസ്യപ്രബോധനം ആരംഭിച്ചതു മുതല്‍ക്കു തന്നെ നബിക്ക് പീഡനങ്ങളേല്‍ക്കേണ്ടിവന്നിട്ടുണ്ട്. ദിനങ്ങള്‍ കഴിയുംതോറും ആക്രമണങ്ങളുടെ ശക്തിയും രീതിയും അധികരിച്ചുകൊണ്ടേയിരുന്നു. അനുയായികളെയാണ് ആദ്യം ശത്രുക്കൾ പീഡിപ്പിച്ചിരുന്നത്. അവർക്കു നേരെയുളള പീഡനങ്ങള്‍ അസഹനീയമായ തലത്തിലേക്കുയര്‍ന്നപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അവരോട് അബീസീനിയയിലേക്ക് ഹിജ്റ പോകാൻ പറയുകയായിരുന്നു നബി(സ്വ). പിന്നെയും ഏഴോ എട്ടോ വർഷങ്ങൾ കഴിഞ്ഞു. പക്ഷെ, ശത്രുവിന്റെ മനസ്സ് കൂടുതൽ കഠിനമാവുകയായിരുന്നു. ഇതിനിടയിലാണ് നബി(സ്വ) യസ് റിബുകാരുമായി ഉടമ്പടി ചെയ്തതും സ്വഹാബിമാരോട് അങ്ങോട്ടു പോകാൻ ആവശ്യപ്പെട്ടതും. അങ്ങനെ സ്വഹാബിമാർ മദീനയിലേക്ക് ഹിജ്റ ആരംഭിച്ചു. അബൂ സലമയായിരുന്നു ആദ്യം പോയത്.



മുസ്ലിംകളുടെ പലായനം കണ്ട മുശ് രിക്കുകള്‍ ഏറെ താമസിയാതെ നബി(സ്വ)യും താമസിയാതെ ഹിജ്റ പോകുമെന്ന് മനസ്സിലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിന്‍റെ പ്രചാരണത്തിന് കാരണമാകുകയും ചെയ്യും. യസ് രിബിൽ മുഹമ്മദും അനുയായികളും ശക്തിപ്പെട്ടാൽ അത് വലിയ ബുദ്ധിമുട്ടാകും എന്ന് ചിന്തിച്ച ഖുറൈശികൾ എത്രയും പെട്ടെന്ന് അത് തടയിടാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി ദാറുന്നദ് വയില്‍ അടിയന്തര യോഗം ചേര്‍ന്നു. കൂടിയാലോചന തുടങ്ങി. ആദ്യം അവരില്‍ ഒരാള്‍ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാല്‍ അവന്‍റെ ശല്യം നീങ്ങിക്കിട്ടും. മുഹമ്മദിന്റെ സ്വഭാവവും പെരുമാറ്റവും ആരെയാണ് വശീകരിക്കാത്തത്, അവന്‍ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടായി അവന്‍ തിരിച്ചുവരും. അതിനാല്‍ നാടുകടത്തല്‍ ഫലപ്രദമല്ല എന്ന് പറഞ്ഞ് ആ അഭിപ്രായത്തെ ഖണ്ഡിച്ചു. നമുക്കവനെ ബന്ധസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിര്‍ദേശം. അതും അംഗീ കരിക്കപ്പെടുകയുണ്ടായില്ല.



അവസാനം എല്ലാ ഗോത്രത്തില്‍ നിന്നും ശക്തരും കരുത്തരുമായ ഓരോരുത്തുര്‍ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ചു അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അങ്ങിനെയാവുമ്പോള്‍ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാന്‍ മുഹമ്മദിന്റെ കുടുംബത്തിനാവുകയില്ല. ഇനി അവര്‍ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കില്‍ എല്ലാവർക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കാനായി അവര്‍ തീയതിയും സമയവും കണ്ടെത്തി സഭ പിരിഞ്ഞു.



മുശ് രിക്കുകളുടെ കുതന്ത്രങ്ങള്‍ അതെ സന്ദര്‍ഭത്തില്‍ തന്നെ അല്ലാഹു നബി(സ്വ)യെ അറിയിക്കുകയും ഹിജ്റക്ക്‌ വേണ്ടി തയ്യാറെടുത്തുകൊള്ളാന്‍ അനുവാദം നല്‍കുകയും ചെയ്തു. അനുമതി ലഭിച്ച ഉടനെ പ്രവാചകന്‍(സ്വ) അബൂബക്കര്‍(റ) താനും ഒപ്പം വന്നുകൊള്ളട്ടെ എന്ന് ചോദിക്കുകയും നബി(സ്വ) സന്തോഷത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. ഉടനെ അബൂബക്കര്‍(റ) രണ്ട് വാഹനം തയ്യാറാക്കുകയും യസ് രിബിലേക്ക് വഴികാട്ടിയായി മുശ് രിക്കായിരുന്ന അബ്ദുല്ലാഹിബ്നു ഉറൈഖിത്ത് എന്ന വ്യക്തിയെയും മക്കയിലെ സംസാര വിഷയങ്ങള്‍ എത്തിക്കാന്‍ തന്‍റെ മകന്‍ അബ്ദുല്ലായെയും യാത്രയില്‍ അവര്‍ക്ക് ആവശ്യത്തിനു പാല്‍ കൊടുക്കാന്‍ തന്‍റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടെയനെയും സജ്ജരാക്കി നിര്‍ത്തി.



അതേസമയം മുശ് രിക്കുകള്‍ അവരുടെ യോഗ തീരുമാന പ്രകാരം വ്യത്യസ്ഥ ഗോത്രങ്ങളില്‍ നിന്നായി കരുത്തരായ പതിനൊന്നു പേരെ തിരഞ്ഞെടുക്കുകയും ആബൂ ജഹലിന്റെ നേതൃത്വത്തില്‍ അവര്‍ പ്രവാചകന്റെ വീട് വളയുകയും ചെയ്തു, പ്രവാചകന്‍ (സ്വ)പ്രഭാതത്തില്‍ എഴുന്നേറ്റ് പുരത്തുവരുന്നതും പ്രതീക്ഷിച്ചു അവര്‍ ഉറക്കമൊഴിച്ച് കാത്തുനിന്നു. എന്നാല്‍ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി(സ്വ)യെ അറിയിച്ചതനുസരിച്ച് പ്രവാചകന്‍(സ്വ) അലി(റ)നെ തന്‍റെ വിരിപ്പില്‍ താന്‍ പുതക്കാരുള്ള പുതപ്പ് പുതച്ചു കിടക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. മുശ് രിക്കുകള്‍ വാതില്‍ പഴുതിലൂടെ അകത്തേക്ക് എത്തിനോക്കിയപ്പോള്‍ ഒരാള്‍ പുതച്ചു ഉറങ്ങുന്നത് കണ്ടു സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്തു നിന്നു. അപ്പോഴേക്കും നബി(സ്വ) അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം ഒരു പിടി മണല്‍ വാരിഎറിഞ്ഞ് ഖുര്‍ആനിലെ 36 ആം അദ്ധ്യായമായ സൂറത്ത് യാസീനിലെ ഒമ്പതാം വചനം ഉരുവിട്ട് കൊണ്ട്‌ അവര്‍ക്ക് നടുവിലൂടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. നുബുവ്വതിന്റെ പതിനാലാം വര്‍ഷം സഫര്‍ ഇരുപത്തിഎഴാം തീയ്യതി വ്യാഴായ്ചയായിരുന്നു അത്.



നബി(സ്വ) നേരെ തന്‍റെ കൂട്ടുകാരനായ അബൂബക്കര്‍ (റ) വിന്റെ വീട്ടിലേക്കു ചെന്നു. മകൾ അസ്മാഅ്(റ) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നല്‍കി. ശേഷം നേരെ തെക്കോട്ട് യമനിന്റെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് അവർ മക്കയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള സൌര്‍ മലയിലെ ഗുഹയില്‍ കയറി അവിടെ ഒളിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചില്‍ അവസാനിക്കട്ടെ എന്ന് കരുതി മൂന്നു ദിവസം പ്രസ്തുത ഗുഹയില്‍ കഴിച്ചുകൂട്ടി.



അതേസമയം നബി(സ്വ)യുടെ വീട്ടിനു ചുറ്റും മുശ് രിക്കുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതുവഴി വന്ന ഒരാള്‍ നിങ്ങള്‍ ആരെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് കേട്ടപ്പോൾ മുഹമ്മദ്‌ നിങ്ങളുടെ തലയില്‍ മണ്ണ് വാരിയെറിഞ്ഞ് പോയത് നിങ്ങള്‍ അറിഞ്ഞില്ലേ? എന്നായിരുന്നു അയാളുടെ ചോദ്യം. അവര്‍ തലയില്‍ തടവി നോക്കിയപ്പോള്‍ മണല്‍ കാണുകയും അതോടൊപ്പം അലി(റ)പുറത്തു വരുന്നതുമാണ് അവര്‍ കണ്ടത്. അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹല്‍ മുഹമ്മദിനെ പിടിച്ച് കൊണ്ടുവരുന്നവര്‍ക്ക് നൂറു ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കര്‍(റ) ന്‍റെ വീട് ലക്‌ഷ്യം വെച്ച് ഓടി അവിടെ എത്തി വാതിലില്‍ ശക്തിയായി മുട്ടി. പുറത്തുവന്ന അസ് മാ അ (റ)യോട് എവിടെ നിന്‍റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്കറിയില്ല എന്ന മറുപടി കേട്ടയുടനെ അതിശക്തമായി അവരുടെ മുഖത്തടിച്ചു. അടിയുടെ ശക്തിയാല്‍ അവര്‍ കാതില്‍ ധരിച്ചിരുന്ന കമ്മല്‍ പോലും ഊരിത്തെറിച്ചുപോയി.



നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചില്‍ ആരംഭിച്ചു. ചിലര്‍ നബി(സ്വ)യും അബൂബക്കര്‍ (റ)വും ഒളിച്ചിരുന്ന ഗുഹാമുഖത്തോളമെത്തി അബൂബക്കര്‍ (റ) ശത്രുക്കള്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു, അവരൊന്നു കുനിഞ്ഞു നോക്കിയാല്‍ നമ്മളിപ്പോള്‍ പിടിക്കപ്പെടും എന്ന് ആശങ്ക പ്രകടിപ്പിച്ചു. അന്നേരം പ്രവാചകന്‍ (സ്വ)പറഞ്ഞത്: അബൂബക്കാരെ ശാന്തനാകൂ, നീ ദു:ഖിക്കാതിരിക്കൂ അല്ലാഹു നമ്മോടൊപ്പമുണ്ട് എന്നായിരുന്നു. നേരത്തെ ഏര്‍പ്പാട് ചെയ്തതനുസരിച്ച് മകൻ അബ്ദുള്ള മക്കയിലെ വിവരങ്ങള്‍ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുള്ളയുടെ കാല്‍പ്പാടുകള്‍ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളെയും കൊണ്ട്‌ അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കർ(റ)വിനും ആടുകളെ കറന്നു പാല്‍ നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞതനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹിബ്നു ഉറൈഖിത്തും വന്നു. അങ്ങിനെ മൂന്നു ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവര്‍ യസ് രിബ് ലക്‌ഷ്യം വെച്ച് യാത്ര തുടര്‍ന്നു. ഇതാണ് നബി(സ്വ)യുടെ ഹിജ്റ യാത്ര.



ഹിജ്റ പകരുന്ന പാഠങ്ങൾ



ഇസ്‌ലാമിലെ ഹിജ്‌റ ഒരു ഭീരുവിന്റെ ഒളിച്ചോട്ടമായിരുന്നില്ല. അത് ഒരു മഹാത്യാഗമായിരുന്നു. സ്വന്തം നാട്ടുകാരുടെ ശല്യം എല്ലാ അതിരും ലംഘിക്കുന്ന തരത്തിലേക്ക് ഉയരുമ്പോഴായിരുന്നു ആ പലായനം. അതിനാൽ ഹിജ്റയിലെ ചിത്രം തന്നെ ഉപദ്രവിക്കുന്നവരിൽ നിന്ന് സ്വയം മാറി നിൽക്കുന്ന നബി(സ്വ)യുടേതാണ്. അഥവാ, അവിടെ തന്നെ പിടിച്ചു നിന്ന് ശക്തി പ്രാപിച്ച് തിരിച്ചടിക്കാതെ എതിരാളികളിൽ നിന്ന് മാറി നിൽക്കുന്ന നബിയുടെ ചിത്രം. ആ ഹിജ്റ ഉണ്ടായിരുന്നില്ല എങ്കിൽ മക്ക വലിയ കലാപ ഭുമിയും ചോരക്കളവുമായി മാറുമായിരുന്നനെ. ഇങ്ങനെ മാറിക്കൊടുത്തത് കൊണ്ട് ശത്രുത ഒരളവോളം ഘനം കുറക്കാനായി. ഒപ്പം തന്നെ ശാന്തവും അനുകൂലവുമായ ഒരിടത്ത് മാറിനിന്ന് സാമൂഹ്യമായും മതപരമായും ശക്തിപ്രാപിച്ച് മക്കാ വിജയം എന്ന ഐതിഹാസികമായ ചരിത്രത്തിലേക്ക് നടന്നടുക്കാൻ വഴി തുറന്നതും ഈ ഹിജ്റയാണ്.



സ്വന്തം കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആരാധനാനുഷ്ഠാനങ്ങളിലെ അബദ്ധങ്ങളെ വൈമനസ്യം കൂടാതെ തുറന്നു കാണിച്ച്, അതിനോട് ഒരു നിലക്കും രാജിയാവാന്‍ കൂട്ടാക്കാതെയുള്ള ധീരതയുടെ ചരിത്രമാണ് ഇസ്‌ലാമിലെ ഓരോ ഹിജ്‌റയ്ക്കുമുള്ളത്.
ഓരോ ഹിജ്‌റയുടെയും പൂര്‍ത്തീകരണങ്ങള്‍ പ്രധാനമായും രണ്ടു സന്ദേശങ്ങളാണ് നമ്മെ അറിയിക്കുന്നത്. ഒന്ന്, അടിച്ചമര്‍ത്തപ്പെട്ട ജനതതികളുടെ മോചനത്തിന്റെ സാധ്യത. മൂസാ(അ)യുടെ ഹിജ്‌റയിലൂടെ ഇസ്‌റാഈല്‍ സമൂഹത്തെ അല്ലാഹു നേതാക്കന്മാരാക്കി മാറ്റിയത് ഇതിനുള്ള സാക്ഷ്യമാണ്. രണ്ട്, ധിക്കാരികളുടെയും അഹങ്കാരികളുടെയും നിന്ദ്യവും നികൃഷ്ടവുമായ അന്ത്യമെന്ന യാഥാര്‍ഥ്യം. ഫിര്‍ഔനിനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചതും നൂഹി(അ)ന്റെ സമുദായത്തെ മഹാപ്രളയത്താല്‍ നശിപ്പിച്ചു കളഞ്ഞതും ഇതിനുള്ള ഉദാഹരണങ്ങളാണ്.



പ്രവാചകന്റെ ഹിജ്‌റ വിശ്വാസികള്‍ക്കു നല്കുന്ന സന്ദേശങ്ങള്‍ നിരവധിയാണ്. തൗഹീദിന്റെ നിലനില്പിന്നു വേണ്ടി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ എന്തും ത്യജിക്കാന്‍ വിശ്വാസി സന്നദ്ധനായിരിക്കണമെന്ന സന്ദേശം, ദൈവപ്രീതി ലക്ഷ്യംവെച്ച് സത്യത്തിനു വേണ്ടി പോരാടുന്നവര്‍ക്ക് അന്തിമ വിജയം സുനിശ്ചിതമാണെന്ന സന്ദേശം തുടങ്ങി പല മഹത്തായ സന്ദേശങ്ങൾ. ഈ പാഠങ്ങൾ ഗ്രഹിക്കുവാൻ നമുക്ക് സഹചാരി അബൂബകർ(റ)വിനെ മാത്രം നോക്കിയാൽ മതി. ഹിജ്റ യാത്രയെ സൂചിപ്പിച്ചു കൊണ്ട് രണ്ട് മലകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈത്തപ്പനകളുള്ള നാട്ടിലേക്കാണ് നിങ്ങള്‍ ഹിജ്‌റ പോകേണ്ടത് എന്ന് ഞാന്‍ കണ്ടു എന്ന് നബി(സ്വ) പറഞ്ഞപ്പോള്‍ തന്നെ അതിന്റെ ആശയം വായിച്ച് അബൂബക്കര്‍(റ) ഹിജ്‌റക്ക് വേണ്ടി തയ്യാറായി. നബി(സ്വ) കാത്തിരിക്കൂ. എനിക്ക് അനുമതി ലഭിക്കാനുള്ള സാവകാശം ഞാന്‍ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞപ്പോൾ താങ്കളത് പ്രതീക്ഷിക്കുന്നുണ്ടോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതെയെന്ന നബി(സ)യുടെ മറുപടി ലഭിച്ചപ്പോള്‍ തന്റെ പക്കലുണ്ടായിരുന്ന രണ്ട് യാത്രാ മൃഗങ്ങളെയും യാത്രക്കായി ഒരുക്കി നാല് മാസത്തോളം അദ്ദേഹം കാത്തിരുന്നു. പിന്നീട് ഹിജ്‌റ പോകാന്‍ അല്ലാഹുവിന്റെ അനുമതി ലഭിച്ചിരിക്കുന്നുവെന്നും തന്നെയാണ് കൂടെ അനുഗമിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും അറിഞ്ഞപ്പോള്‍ അബൂബക്ര്‍(റ)ന് ആ സന്തോഷം അടക്കിവെക്കാനായില്ല. അന്ന് അബൂബക്ര്‍(റ) കരഞ്ഞത് പോലെ സന്തോഷം കൊണ്ട് മറ്റൊരാളും കരയുന്നത് ഞാന്‍ താന്‍കണ്ടിട്ടില്ലെന്ന് ആഇശ(റ) പറയുന്നു.



ഹിജ്റ എന്നത് ഒരു വെറും യാത്രയല്ല എന്നും ഒരിക്കലും തിരിച്ചു വരാത്ത വിധം സ്വന്തം നാടും ബന്ധങ്ങളും ഉപക്ഷേക്കുകയാണ് എന്ന് അറിയാത്ത ആളല്ല അബൂബക്കർ(റ). എന്നിട്ടും അദ്ദേഹം എപ്പോൾ വേണമെങ്കിലും പുറപ്പെടാൻ നാലു മാസം കാത്തിരിക്കുന്നത് അല്ലാഹുവിനും റസൂലിനും ഇസ്ലാമിനും വേണ്ടി എന്തും ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ് കുറിക്കുന്നത്. മൂന്നു ദിവസം പുറംവെളിച്ചം കാണാതെ സൗറിന്റെ കൂരിരുട്ടില്‍ അവർ കഴിയുമ്പോൾ അവർ അനുഭവിച്ചത് ഏറെ വലിയ ഭീഷണിയും മാനസിക സംഘർഷവുമായിരുന്ന. ഒരിക്കൽ ഗുഹാമുഖത്തോളം ശത്രുക്കളെത്തി. പിടിക്കപ്പെടുമെന്ന ഭീതിയാല്‍ അബൂബക്ര്‍(റ) അസ്വസ്ഥനായി. പ്രവാചകന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു: അബൂബക്ര്‍, ഭയപ്പെടരുത്. അല്ലാഹു നമ്മോടൊപ്പമുണ്ട്. അതു കേൾക്കുന്നതുവരേക്കും ആ അൻപത്തൊന്നുകാരൻ ആധിയിലായിരുന്നു.



എല്ലാവരുടെയും ദാനം.



നബി(സ്വ)ക്ക് യാതൊരു ഉപദ്രവവും ഏല്‍ക്കാതിരിക്കാന്‍ യാത്രയിലുടനീളം അബൂബക്കർ(റ) ആയിരുന്നു എപ്പോഴും മുന്നില്‍ നടന്നിരുന്നത്. അത് മനസ്സിലാക്കിയ നബി(സ) ചോദിച്ചു: എന്തെങ്കിലും ഉണ്ടെങ്കില്‍ എനിക്ക് പകരം താങ്കള്‍ക്കായിരിക്കണം അതെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കളെ നിയോഗിച്ചവനാണ് സത്യം, എന്നെ ബാധിച്ചിട്ടല്ലാതെ ഒരു വിപത്തും താങ്കളെ ബാധിക്കുകയില്ല.



അനുയായികളെയെല്ലാം യാത്രയാക്കി അവരെല്ലാം സുരക്ഷിതരാണെന്നറിഞ്ഞശേഷം മാത്രമാണ് നബി(സ്വ) യാത്രയിറക്കുന്നത്. നേതൃഗുണത്തിന്റെ സവിശേഷമായ മുഖമാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്. അതേ സമയം നബി (സ്വ) പിന്നിൽ നിന്ന് നിർബന്ധിച്ച് തെളിക്കുകയുമായിരുന്നില്ല. എല്ലാവരും ആ ആത്മീയമായ ആവേശം അനുഭവിക്കുകയായിരുന്നു. യാത്രയിലുടനീളം പ്രവാചകന് താങ്ങും തണലുമായി മാറിയ അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ ത്യാഗങ്ങൾ, സ്വന്തം നാടും വീടും ഉപേക്ഷിച്ച് തങ്ങളുടെ നാട്ടിൽ എത്തിയ മുഹാജിറുകള്‍ക്ക് ഏറ്റവും ഉന്നതമായ രൂപത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്ത അന്‍സ്വാരികളുടെ ത്യാഗമനസ്സ്, സൗര്‍ ഗുഹയില്‍ കഴിച്ചുകൂട്ടിയ രണ്ടു ദിനങ്ങളിലും പ്രവാചകനും അബൂബക്‌റിനും ആവശ്യമായ ഭക്ഷണങ്ങള്‍ അതിസാഹസികമായി എത്തിച്ചുകൊടുത്ത അസ്മാഅ്(റ) യുടെ ധൈര്യം, മക്കയിലെ ശത്രുക്കളുടെ നീക്കങ്ങൾ ഒപ്പിയെടുത്ത് രാത്രി മലമുകളിലെത്തിക്കുന്ന അബ്ദുല്ലാഹി ബിൻ ഉമറിന്റെ സന്നദ്ധത, അബ്ദുല്ലയുടെ കാലടികൾ മായ്ക്കുന്ന ഇബ്നു ഫുഹൈറ എന്ന ഇടയന്റെ സേവനം, വിശ്വാസത്തിന്റെ പുറത്തായിട്ടും ആരും കണ്ടുപിടിക്കാത്ത ഊടുവഴികളിലൂടെ നബിയെയും സഹചാരിയെയും നയിക്കുന്ന ബിൻ ഉറൈഖിത്വിന്റെ ആത്മാർത്ഥത ഇതെല്ലാം ഉൾച്ചേരുമ്പോൾ ഹിജ്റ ഒരു വലിയ ത്യാഗമായി മാറുന്നു.



സ്വരാജ്യ സ്നേഹം



പിറന്ന, ജീവിക്കുന്ന, മണ്ണിനോടുള്ള സ്നേഹവും അഭിനിവേശവും ഇസ്ലാം പഠിപ്പിക്കുന്ന വികാരമാണ്.
ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് അന്യായമായി ആട്ടിയോടിക്കപ്പെടുകയായിരുന്നു സത്യത്തിൽ അല്ലാഹുവിന്റെ ദൂതന്‍(സ). സ്വന്തക്കാരെയും ബന്ധുക്കളെയും ഉപേക്ഷിക്കുവാൻ നിർബന്ധിതനായ സാഹചര്യം. അതിന് ഇട വരുത്തിയ നാടിനെ ശപിക്കേണ്ട സാഹചര്യമാണ്. എന്നിട്ടും അതിർത്തിയിൽ നിന്നും തിരിഞ്ഞു നോക്കി അവർ അല്ലാഹുവിന്റെ ഭൂമിയില്‍ ഏറ്റവും ഉത്തമമായ, അവന് ഏറെ പ്രിയങ്കരമായ മണ്ണാണ് നീ. ഞാന്‍ പുറത്താക്കപ്പെട്ടില്ലായിരുന്നെങ്കില്‍ നിന്നെവിട്ട് ഞാന്‍ പോകില്ലായിരുന്നു എന്നായിരുന്നു പ്രാർഥിച്ചത്. (തിര്‍മിദി).



എന്തും ത്യജിക്കാനുള്ള സന്നദ്ധത



ഉമ്മു സലമ(റ)പറയുന്നു: ഭർത്താവ് അബൂ സലമ മദീനയിലേക്ക് ഹിജറ പോകാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടകപ്പുറത്ത് എന്നെയും മകന്‍ സലമയെയും കയറ്റി. ഒട്ടകത്തെയും നയിച്ച് അദ്ദേഹം പുറപ്പെട്ടു. ഇത് കണ്ട എന്റെ കുടുംബമായ ബനൂ മുഗീറത്തിബ്‌നു മഖ്‌സൂം ഗോത്രത്തിലെ ചിലയാളുകള്‍ അദ്ദേഹത്തെ തടഞ്ഞു. ഇവള്‍ ഞങ്ങളുടെ ഗോത്രക്കാരിയാണെന്നും നിനക്ക് വേണമെങ്കില്‍ പോകാം പക്ഷെ ഭാര്യയെ കൊണ്ടു പോകാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. അങ്ങനെ അവരെന്നെ തടഞ്ഞ് വെച്ചു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ കുടുംബമായ ബനൂ അബ്ദുല്‍അസദ് ഗോത്രക്കാര്‍ രോഷാകുലരായി മകന്‍ സലമയുടെ നേരെ തിരിഞ്ഞു. ഞങ്ങളുടെ ഗോത്രക്കാരനായ ഇവനെ ഞങ്ങള്‍ വിട്ട് തരില്ലെന്നായിരുന്നു അവരുടെ വാദം. കുട്ടിക്ക് വേണ്ടിയുള്ള പിടിവലിക്കിടയില്‍ അവന്റെ കൈക്ക് പരിക്കുപറ്റി. എന്റെ മകനെ ബനൂ അബ്ദ് അല്‍അസദ് ഗോത്രക്കാര്‍ കൊണ്ട് പോയി. എന്നെ ബനൂ മുഗീറക്കാരും തടഞ്ഞുവെച്ചു. എന്നിട്ടും എന്റെ ഭര്‍ത്താവ് മദീനയിലേക്കും പോയി. ഞാനും എന്റെ ഭര്‍ത്താവും എന്റെ മകനും വേര്‍പെട്ടു. ഒരു വര്‍ഷത്തേളം കഴിഞ്ഞാണ് ആ കുടുംബം വീണ്ടും ഒന്നായത്. അത്ര വലിയ വില നൽകാനും അവർ സന്നദ്ധരായിരുന്നു.



സുഹൈബ് അര്‍റൂമി മദീനയിലേക്ക് ഹിജ്റ പോകാന്‍ തയ്യാറായാപ്പോള്‍ ഖുറൈശി നിഷേധികള്‍ അദ്ദേഹത്തോട് നീ മക്കയില്‍ വരുമ്പോള്‍ കയ്യിലൊന്നുമില്ലാത്ത ദരിദ്രനായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് സമ്പന്നനായതിന് ശേഷം ആ സമ്പത്തുമായി കടന്നുകളയാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങളതിന് അനുവദിക്കുകയില്ല എന്ന്. സൂഹൈബ്(റ) പറഞ്ഞു: എങ്കില്‍ എന്റെ സ്വത്ത് മുഴുവന്‍ തന്നാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ? അനുവദിക്കാമെന്ന്അവര്‍ സമ്മതിച്ചു. എന്നാലിതാ എന്റ സമ്പാദ്യം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞ് എല്ലാം വിട്ട് അദ്ദേഹം പുറപ്പെട്ടു. ഈ വിവരം അറിഞ്ഞപ്പോൾ തിരുദൂതന്‍ പറഞ്ഞു: സൂഹൈബ് കച്ചവടം ലാഭകരമാക്കി എന്ന്.



സ്ത്രീകളും കുട്ടികളും



എന്നാല്‍ സ്ത്രീകളുടെ പങ്ക് എന്തായിരുന്നുവെന്ന് ആഇശ(റ)യും അസ്മ(റ)യും പറയുന്നുണ്ട്: ഞങ്ങള്‍ അവര്‍ക്കുള്ള യാത്രാ സജ്ജീകരണങ്ങള്‍ വേഗത്തിലൊരുക്കിക്കൊടുത്തു. അവര്‍ക്കുള്ള ഭക്ഷണവും പാകംചെയ്ത് സഞ്ചിയില്‍ ഭദ്രമാക്കി വെച്ചു. അസ്മ(റ) തന്റെ അരയില്‍ കെട്ടിയിരുന്ന മുണ്ട് രണ്ടായി കീറി. ഭക്ഷണപ്പൊതിയും വെള്ളം നിറച്ച തോല്‍പാത്രവും അവര്‍ക്ക് എത്തിച്ചുകൊടുത്തു. അങ്ങനയാണ് അവര്‍ക്ക് ഇരട്ട അരപ്പട്ടക്കാരി എന്ന പേര് ലഭിച്ചത്. കുട്ടികൾക്കുണ്ടായിരുന്നു ഈ ത്യാഗത്തിൽ പങ്കാളിത്തം.
അബ്ദുല്ലാഹിബ്‌നു അബൂബക്ര്‍ കുട്ടികളുടെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഥൗര്‍ മലയിലെ കാട്ടില്‍ പ്രവാചകനും അബൂബക്‌റും മൂന്ന് രാത്രി കഴിച്ചുകൂട്ടി വേളയില്‍ അവരുടെ കൂടെ അബ്ദുല്ലാഹിബ്‌നു അബൂബക്‌റും ഉണ്ടായിരുന്നു. ബുദ്ധിശാലിയും വിവേകിയുമായ ഒരാണ്‍കുട്ടിയായിരുന്നു അബ്ദുല്ല. സൂര്യന്‍ ഉദിക്കുന്നതിന് മുന്നേ അദ്ദേഹം അവരുടെ അടുക്കല്‍നിന്ന് തിരിച്ചു. രാത്രിയില്‍ മക്കയിലായിരുന്നുവെന്ന് ഖുറൈശികളെ തോന്നിപ്പിക്കുന്ന രൂപത്തില്‍ പ്രഭാതത്തില്‍ മക്കയിലെത്തി. പ്രവാചകനെയും അബൂബക്കറിനെയും പിന്തുടരുന്ന വിവരങ്ങളുന്നുമില്ല എന്ന് മനസ്സിലാക്കി നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ അവിടന്ന് പുറപ്പെടും. ആ വാര്‍ത്തയുമായി പ്രവാചകന്റെ അടുക്കലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിട്ടുണ്ടാവും. ഇങ്ങനെ നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിജ്റ.



മക്കയില്‍ നിന്ന് പ്രവാചകന്‍ പുറപ്പെട്ടതറിഞ്ഞ മദീനാ നിവാസികള്‍ അവിടുത്തെ ആഗമനവും പ്രതീക്ഷിച്ച് ആകാംക്ഷയോടെ കാത്തിരിപ്പായി. മരുഭൂമിയിലൂടെയുള്ള എട്ടു ദിവസത്തെ തുടര്‍ച്ചയായ യാത്രയ്‌ക്കൊടുവില്‍ നബി (സ്വ)യും സംഘവും മദീനയുടെ തെക്കു ഭാഗത്തുള്ള ഖുബാഅ് എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. നാലു ദിവസം അവിടെ തങ്ങിയ ശേഷം പ്രവാചകന്‍ യസ് രിബ് (മദീനാ നഗരം) ലക്ഷ്യം വെച്ചു പുറപ്പെട്ടു. നഗരവാസികള്‍ പ്രവാചകനെ തക്ബീര്‍ ധ്വനികളുയര്‍ത്തിയും ദഫ്മുട്ടി പാട്ടുകള്‍ ആലപിച്ചും എതിരേറ്റു. ഇതാണ് പ്രവാചകന്റെ ഹിജ്‌റയുടെ രൂപം.



നമ്മളും ഹിജ്റയും



ഹിജ്‌റ എന്ന പദത്തിന്റെ ക്രിയാരൂപമായ ഹാജറ എന്നത് കൊണ്ടര്‍ഥമാക്കുന്നത് നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുക, അഭയാര്‍ഥിയായി പോവുക എന്നൊക്കെയാണ്. മനുഷ്യന്റെ നൈസര്‍ഗിക ചോദനകളില്‍ പെട്ട ഒരു ഭാവമത്രെ പലായനം. സ്വര്‍ഗീയവാസത്തില്‍ നിന്ന് ഭൂമിയിലെ വാസത്തിലേക്കുള്ള ആദം(അ)ന്റെ ഇറക്കത്തിൽ പോലും ഒരു ഹിജ്‌റ ഉള്‍ച്ചേര്‍ന്നതായി കാണാം. ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള മനുഷ്യജീവിതം തത്വത്തിൽ ഒരു പലായനമാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍ പലായനങ്ങളെ ഹിജ്‌റ എന്ന ഗണത്തിലുള്‍പ്പെടുത്തണമെങ്കില്‍ അത് ദൈവികാജ്ഞയനുസരിച്ചുള്ളതോ, ദൈവിക മാര്‍ഗത്തിലോ ആയിരിക്കണമെന്ന നിബന്ധന കൂടിയുണ്ട്. പ്രവാചകന്മാരായ നൂഹി(അ)ന്റെയും ഇബ്‌റാഹീമി(അ)ന്റെയും മൂസാ(അ)യുടെയും മുഹമ്മദ്(സ്വ) യുടെയുമൊക്കെ ഹിജ്‌റയുടെ രൂപങ്ങള്‍ക്കിടയില്‍ വ്യത്യസ്തത അനുഭവപ്പെടുമെങ്കിലും ആത്യന്തികലക്ഷ്യം, സത്യസന്ധമായ ഒരാദർശം നിലനിന്നു കാണുക, ദൈവപ്രീതി കരസ്ഥമാക്കുക എന്നിടത്ത് അവ ഏകഭാവം പുലര്‍ത്തുന്നു.



അതോടൊപ്പം ഹിജ്റക്ക് ഒരു ആത്മാർഥം കൂടിയുണ്ട്. അത് അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ നിന്നെല്ലാം അകന്നുനിൽക്കുക എന്നതാണ്. ആ അർഥവും ഒരു പുതിയ വർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ നാം പരിഗണിക്കേണ്ടതുണ്ട്. ഈ വർഷം മുഴുവനും അല്ലാഹുവിന്റെ സംതൃപ്തിക്ക് സമർപ്പിക്കുവാൻ അത് അനിവാര്യമാണ്.



മുഹർറമിന്റെ വികാരങ്ങൾ



നാം പുതുവർഷത്തിലേക്ക് കടക്കുകയാണ്. ഈ വർഷം മുഴുവനും നൻമ ആയിരിക്കുവാർ വേണ്ട നിയ്യത്തും മനക്കരുത്തും മനസ്സിലുറപ്പിക്കേണ്ടത് തുടക്കത്തിൽ തന്നെയാണ്. അതിനു പറ്റിയ ക്രമത്തിലാണ് അല്ലാഹു ഒരു വർഷത്തെ സംവിധാനിച്ചിരിക്കുന്നത്.
അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും സൃഷ്ഠിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. (ഖുര്‍ആന്‍ 9:36). ഈ പവിത്ര മാസങ്ങളിൽ ഒന്നാണ് മുഹർറം. നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്യരുത് എന്ന് പറഞ്ഞതിന്റെ അർഥം ദുനിയാവിലോ ആഖിറത്തിലോ നിങ്ങൾക്ക് വിഷമമായി ഭവിക്കുന്ന ഒന്നും ചെയ്യരുത് എന്നാണ്. തെറ്റുകുറ്റങ്ങളിൽ നിന്നും താളപ്പിഴകളിൽ നിന്നും സംശുദ്ധമായിരിക്കണം ഈ മാസം എന്നാണ് ഇതിന്റെ താൽപര്യം.



ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യത്തില്‍ പോലും ഖുറൈശികള്‍ മുഹര്‍റം മാസത്തെ പ്രത്യേകമായി കണ്ടിരുന്നു. ഈ പ്രത്യേകത മറ്റൊരു വിധത്തിൽ ഇസ്ലാമും നൽകുന്നുണ്ട്. പ്രത്യേകിച്ചും ഈ മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങൾ ശ്രേഷ്ടങ്ങളാണ്. ഏറെ ശ്രേഷ്ഠതയുള്ളതാണ് ഒമ്പതും പത്തും. ഇവ താസൂആഅ്, ആശൂറാഅ് എന്നറിയപ്പെടുന്നു.



ആഇശ(റ) പറയുന്നു: ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇ(മുഹര്‍റം പത്ത്)ന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. പ്രവാചകന്‍(സ്വ) യും അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ നബി(സ്വ) അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കുവാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. ഉദ്ദേശിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു (ബുഖാരി).



മുഹര്‍റം പത്ത്



മുഹര്‍റം മാസത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു, അതില്‍ തന്നെ പത്താം ദിവസത്തെ പ്രത്യേകം ശ്രേഷ്ഠതയുള്ളതായി പ്രഖ്യാപിച്ചിരിക്കുന്നു. കാരണം ആ ദിവസത്തിലാണ് അല്ലാഹു മൂസാ നബിൗയെ ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ അതു വ്യക്തമാക്കുന്നുണ്ട്. ഇത് മൂസാനബിയെയും അനുയായികളെയും ഫറോവയിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയ ദിനമാണ് എന്ന് ഈ ഹദീസിലുണ്ട്. അല്ലാഹുവിന്റെ വലിയ സഹായം ഇറങ്ങിയ ദിനത്തിന് പ്രത്യേകതയുണ്ട്. മുഹര്‍റം പത്തില്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ പ്രത്യേകത നമുക്ക് സ്വഹീഹായ ഹദീസുകളില്‍ കാണുവാന്‍ സാധിക്കും. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി (സ്വ) പറയുകയുണ്ടായി: റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്, നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ് (മുസ്‌ലിം). മുഹര്‍റം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്. ആ ദിവസവും നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണെന്ന് ഹദീസുകളില്‍ നിന്ന് നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കും.



അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അതിന് കല്‍പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറയുകയുണ്ടായി: പ്രവാചകരേ, ഇന്നേ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒന്‍പതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ഠിക്കുന്നതാണ്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അടുത്ത വര്‍ഷം വന്നപ്പോഴേക്ക് തിരുമേനി(സ്വ) വഫാതായിരുന്നു (മുസ്‌ലിം).



ടി എച്ച് ദാരിമി
thdarimi.in





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso