Thoughts & Arts
Image

യാത്രകൾ ആസ്വദിച്ച തങ്ങൾ

09-07-2022

Web Design

15 Comments






പ്രസിദ്ധ പണ്ഡിതന്‍ ഇമാം ശാഫി(റ) തന്റെ ഒരു കവിതയില്‍ ദേശാടനത്തിന്റെ നേട്ടങ്ങൾ പറയുകയും അതിന് പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാനസികാനന്ദം, ഉപജീവനമാര്‍ഗം കണ്ടെത്തല്‍, വിജ്ഞാന സമ്പാദനം, വിശിഷ്ട വ്യക്തികളുമായുള്ള സമ്പര്‍ക്കം മുതലായവയാണവ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഈ കാര്യങ്ങൾ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ നാലതിരും വരയ്ക്കുന്നുണ്ട് എന്നു കാണാം. അഥവാ ഒരു മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളിലെ പ്രധാനപ്പെട്ട എല്ലാ അംശങ്ങളെയും യാത്രകൾ സ്വാധീനിക്കുന്നു. അല്ലെങ്കിലും ജീവിതം തന്നെ ഒരു യാത്രയാണല്ലോ. ജീവിത യാത്ര അർഥപൂർണ്ണമാകുന്നത് അറിയാനും തിരിച്ചറിയാനുമുള്ളത് ലഭിക്കുമ്പോഴാണ്. ആ അറിവും തിരിച്ചറിവും പിന്നെ ആനന്ദകരമായ അനുഭവമായി മാറും. പാഠപുസ്തകത്തിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും കിട്ടുമല്ലോ ഈ അറിവുകൾ എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷെ, യാത്രകൾ നൽകുന്ന ഈ അറിവുകൾ അതിന്റെ മുൻപിൽ നിൽക്കും. കാരണം, യാത്രകളുടെ അറിവിന് ഭാരം ക്കുറവാണ്. യാത്രയുടെ ത്രില്ലും ആനന്ദവും അവയുടെ ഭാരം കുറക്കുന്നു. കണ്ടും കേട്ടും സഞ്ചരിക്കുമ്പോൾ അകത്തുറക്കുന്ന അറിവുകൾക്ക് മധുരം കൂടുതലായിരിക്കും. മനോഹരമായ അനുഭവങ്ങളാണ് അവിയിൽ മധുരം പുരട്ടുന്നത്.



ആസ്വാദനമാണ് യാത്രകളുടെ പ്രകടഭാവം എങ്കിലും പാഠങ്ങളും അനുഭവങ്ങളും തന്നെയാണ് അവയുടെ ദാനം. ആസ്വാദനം വലയം ചെയ്തു നിൽക്കുന്നതിനാൽ യാത്രകള്‍ ചിലപ്പോള്‍ മരവിച്ച മനസ്സുകളെ ഉണര്‍ത്താനും മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും ഹേതുകമാവാം. വെറും പഠനങ്ങൾക്കായി യാത്ര ചെയ്യുന്നവരുമുണ്ട്. തിരക്കേറിയ ജീവിതത്തിൽ ഒരു വിശ്രമം ആസ്വദിച്ച് യാത്ര ചെയ്യുന്നവരുമുണ്ടാകും. എന്നാൽ ഇതിൽ ഏറെ അർഥപൂർണ്ണമായ സഞ്ചാരങ്ങൾ മേൽ സൂചിപ്പിച്ച എല്ലാ ഘടകങ്ങളെയും പരിഗണിച്ചുള്ള യാത്രകളാണ്. അത്തരം ഒരു യാത്രാനുഭവമായിരുന്നു മർഹും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേത്. അവയിൽ തീർഥാടനങ്ങളും ഔദ്യോഗിക യാത്രകളും പഠന യാത്രകളും ചികിത്സാ യാത്രകളും എല്ലാം ഉണ്ടായിരുന്നതു കാണുമ്പോഴാണ് തങ്ങളുടെ യാത്രകൾ എല്ലാ നിറങ്ങളും അണിഞ്ഞവയായിരുന്നു എന്നു പറയേണ്ടിവരുന്നത്.



പാണക്കാട് തങ്ങൻമാരുടെ ജീവിത നിയോഗം തന്നെ ഒരു യാത്രയാണ് എന്നു പറയാം. ജനിച്ചതു മുതൽ അവർ ജനങ്ങൾക്കിടയിലാണ്. അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും കേട്ട് അവരെ ആശ്വസിപ്പിക്കുകയും ഉപദേശിക്കുകയും അവർക്കുവേണ്ടി പ്രർഥിക്കുകയും ചെയ്യുകയാണവർ. അതിനു വേണ്ടി അവരുടെ വാതിലുകൾ സമയവും ഋതുവും ഭേതമില്ലാതെ തുറന്നു കിടക്കുന്നു. അനസ്യൂതം തുടരുന്ന ഈ സമസ്യയെ നമുക്ക് ചിത്രീകരിക്കുവാൻ കഴിയുക ഒരു യാത്രയായിട്ടാണ്. പാവപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളുടെ ഊടുവഴികളിലൂടെയുള്ള ഒരു യാത്ര. ഒട്ടും മടുപ്പില്ലാതെ, ക്ഷീണം വകവെക്കാതെ, സ്വന്തം കാര്യങ്ങൾ പോലും മാറ്റിവെച്ചുള്ള ഹൃദയപൂർവ്വമായ ഒരു യാത്ര. അവരുടെ സ്വഭാവത്തെയും ശീലങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഈ യാത്രകൾക്ക് വലിയ സ്വാധീനമുണ്ട്. ജനങ്ങളുടെ പതിതാവസ്ഥകൾ ഈ യാത്രയിൽ മനസ്സിൽ പതിയുമ്പോഴത് അവരുടെ ജീവിതത്തിന്റെ നൂലിഴകളായി രൂപാന്തരപ്പെടുന്നു. തിരക്കേറിയ ഈ യാത്രകളിൽ നിന്ന് വിദേശ യാത്രകൾ വേറെ ഭാവത്തിലേക്ക് മാറുന്നുണ്ടെങ്കിലും അവയ്ക്കും ഈ യാത്രയുടെ നിറവും മണവും അവിഭാജ്യമായി തുടരുന്നുണ്ട്. സൗദി അറേബ്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ആഫ്രിക്കയിലെ ഈജിപ്തും മൊറോക്കോയും, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിക്കുകയുണ്ടായി.



പാണക്കാട് സാദാത്തുക്കൾക്ക് അല്ലാഹു നൽകിയ വലിയ അനുഗ്രഹമാണ് നേതൃഗുണം എന്നത്. തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ അവർ ആദരവോടെ നായകരായി അംഗീകരിക്കപ്പെടുന്ന അനുഭവമാണ് കേരളത്തിന് പറയാനുള്ളത്. മറ്റൊന്നിന്റെയും പ്രേരണയില്ലാതെ മനസ്സാ വരിച്ച നേതൃത്വമാകയാൽ തങ്ങളുടെ ഏത് പ്രധാന ജീവിത മുഹൂർത്തത്തിലും തങ്ങൻമാരുടെ സാന്നിദ്ധ്യവും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന് സമൂഹം ആഗ്രഹിക്കുന്നു. വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, മരണം, മരണാനന്തര ചടങ്ങുകൾ എന്നിവക്കെല്ലാം തങ്ങൾ വേണം എന്ന് ആഗ്രഹിക്കുന്നതും അവർ ക്ഷണിക്കുന്നതും സ്വാഭാവികമാണ്. അതിനു പുറമെ പള്ളികൾ, മദ്റസകൾ, ദീനീ സ്ഥാപനങ്ങൾ തുടങ്ങിയയുടെ തുടക്കം, വാർഷികങ്ങൾ തുടങ്ങിയവയിലെല്ലാം സമുദായത്തിന് തങ്ങൻമാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. സമുദായവും പ്രസ്ഥാനവും രാഷ്ട്രീയ കക്ഷിയും ഇത്തരം കാര്യങ്ങൾക്കായി ക്ഷണിക്കുമ്പോൾ അവർ അത് തങ്ങളുടെ നേതൃപരമായ ഒരു ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിഞ്ഞ് അതിനായി പുറപ്പെടുന്നു. ഇത്രയും സാന്ദ്രത നിറഞ്ഞ ഒരു സമുദായത്തിന്റെയും ചടുലവും നിരന്തരവുമായ മത- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യപരിപാടികളുടെയും ക്ഷണം ഉത്തരം ചെയ്യുവാൻ തത്വത്തിൽ ജീവിതം തന്നെ ഒരു യാത്രയാക്കി മാറ്റേണ്ട സാഹചര്യമായിരുന്നു അവർക്ക്. പാണക്കാട്ടെ തങ്ങൻമാർ അങ്ങനെ എപ്പോഴും എല്ലാ അർഥത്തിലും യാത്രയിലായിരുന്നു.



സൗദി അറേബ്യ



സൗദി അറേബ്യയിലേക്കുള്ള യാത്രകൾ വിശ്വാസികൾക്ക് ആസ്വാദനം, പഠനം എന്നിവയേക്കാളുപരി ആരാധനയാണ്. ആരാധനാർഥം യാത്ര ചെയ്യാവുന്ന രണ്ട് തീർത്ഥാടന കേന്ദ്രങ്ങളും - മക്കയും മദീനയും - അവിടെയാണ് സ്ഥിതി ചെയ്യുന്നത്. തങ്ങൾ മഹാനായ നബി തിരുമേനിയുടെ സന്തതി പരമ്പരയിലെ കണ്ണികളാണ് എന്ന തിരിച്ചറിവും അത് ജീവിതത്തിലും സമീപനത്തിലും പുലർത്തണമെന്ന കടുത്ത നിഷ്കർഷയും ഉളളവരായതിനാൽ പാണക്കാട് സാദാത്തീങ്ങൾ ഇടക്കിടെ സൗദീ അറേബ്യ സന്ദർശിക്കുന്നത് പതിവാണ്. അതോടൊപ്പം അവിടെ കഴിയുന്ന പ്രവാസികളിൽ ഒരു ലക്ഷത്തോളം പേർ മലയാളികളാണ്. മലയാളികളുടെ ഒരു പ്രധാന ഗുണമാണ് തങ്ങളുടെ സംസ്കാരങ്ങളും ശീലങ്ങളും അവർ എവിടെ ചെന്നാലും പുറത്തെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത്. അതിനാൽ അവർക്കിടയിൽ രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ കൂട്ടായ്മകൾ എക്കാലത്തും സജീവമാണ്. ഇത്തരം കൂട്ടായ്മകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംഘടന കേരള മുസ്ലിം കൾച്ചറൽ സെന്റർ എന്ന കെ എം സി സി യാണ്. അതിനാലും കൂടി കേരള മുസ്ലിംകളുടെ നേതൃസ്ഥാനത്ത് സർവ്വ സമ്മതരായി അവരോധിതരായ പാണക്കാട് കുടുംബത്തിലെ സാദാത്തുക്കൾ എപ്പോഴും സൗദി അറേബ്യ സന്ദർശിച്ചു കൊണ്ടിരിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇവരിൽ ഒരാളായിരുന്നു.



നിരവധി പ്രാവശ്യം സൗദി അറേബ്യ സന്ദർശിച്ച തങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യമോ അല്ലെങ്കിൽ ലക്ഷ്യങ്ങളിൽ പ്രധാനമോ തീർഥാടനമായിരുന്നു. ഹജ്ജിനും ഉംറക്കും കുടുംബ സമേതവും അല്ലാതെയും തങ്ങൾ സൗദിയിൽ വന്നിട്ടുണ്ട്. ഇത്തരം വരവുകളിൽ തങ്ങൾ ഏറെ പ്രാധാന്യം കൽപിച്ചിരുന്നത് ആരാധനകൾക്കു തന്നെയായിരുന്നു. 1990-ലായിരുന്നു തങ്ങളുടെ ആദ്യ ഹജ്ജ് യാത്ര. ഭാര്യാ സമേതമായിരുന്നു ഈ യാത്ര. ഈ യാത്രയിൽ നാലു ദിവസം തങ്ങൾ ജിദ്ദയിൽ രാഷ്ട്രീയ-മത രംഗത്തെ തന്റെ അനുയായികൾക്കു വേണ്ടി നീക്കിവെച്ചു. മുൻമന്ത്രി മഞ്ഞളാംകുഴി അലി സാഹിബിന്റെയും സഹോദരങ്ങളുടെയും കൂടെയായിരുന്നു ഈ ദിനങ്ങളിലെ താമസം. ഈ യാത്രയിൽ അതിദാരുണമായ ഒരു ദുരന്തത്തിന് തങ്ങൾക്ക് സാക്ഷിയാകേണ്ടിവന്നു. തങ്ങളുടെ മാത്രമല്ല, വിശ്വാസി ലോകത്തിന്റെ മുഴുവൻ സങ്കടമായിരുന്നു 1990 ലെ ഹജ്ജിനിടയിലുണ്ടായ ടണൽ ദുരന്തം. മക്കയിൽ നിന്ന് മിനയിലേക്കും അറഫയിലേക്കും  പോകുന്ന 550 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള കാൽനടക്കാർക്കുള്ള തുരങ്കത്തിനുള്ളിലാണ് (അൽ- മുഐസിം ടണൽ) സംഭവം നടന്നത്. തീർഥാടകർ രാവിലെ 10 മണിക്ക് മിനായിലെ കല്ലെറിയൽ ചടങ്ങ് നടത്തുന്നതിനായി പോകുന്നതിനിടെ ഒരു കാൽനട പാലത്തിന്റെ കൈവരി വളയുകയും ഏഴ് തീർഥാടകർ പാലത്തിൽ നിന്ന് തുരങ്കത്തിൽ നിന്ന് പുറത്തുകടക്കുന്ന ആളുകളിലേക്ക് വീഴുകയും ചെയ്തു. ഇതായിരുന്നു അപകടത്തിന്റെ തുടക്കം. ഇതോടെ ആശങ്കയിലായ തീർഥാടകർ തുരങ്കത്തിന്റെ ഉളളിൽ കുടുങ്ങുകയും വെപ്രാളത്തിൽ തിക്കും തിരക്കും സംഭവിക്കുകയും ചെയ്തു. ആയിരം വരെ തീർഥാടകരെ ഉൾക്കൊള്ളാൻ മാത്രം ശേഷിയുളള തുരങ്കം അധികം താമസിയാതെ 5,000 ആളുകളെ കൊണ്ട് നിറഞ്ഞു. 



ഇതേ സമയം പുറത്തെ താപനില 44 °C വരെ ഉയർന്നിരുന്നതിനാൽ തുരങ്കത്തിന്റെ വെന്റിലേഷൻ സംവിധാനത്തിന്റെ തകരാറും സംഭവിച്ചു. ഏതോ രാഷ്ട്രീയ പ്രകടനമോ മറ്റോ നടക്കുകയാണ് എന്ന കിംവദന്തി കൂടി പരന്നതിനാൽ കൂടുതൽ ആശങ്ക ഉയരുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ടണലിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത് എന്നു കൂടി പ്രചരിച്ചതോടെ സ്ഥിതിഗതികൾ ആകെ കൈവിട്ടു പോയി. മൊത്തം 1426 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്.
മരിച്ചവരിൽ പലരും മലേഷ്യൻ, ഇന്തോനേഷ്യൻ, പാകിസ്ഥാൻ വംശജരായിരുന്നു. ഈ സംഭവം തങ്ങളെ ഏറെ വേദനിപ്പിച്ചു.



പിന്നീട് തങ്ങൾ ഹജ്ജ് യാത്ര നടത്തിയത് 2001-ലായിരുന്നു. 2006 - ൽ ആദ്യത്തിലും അവസാനത്തിലുമായി രണ്ട് ഹജ്ജുകൾ ഉണ്ടായിട്ടുണ്ട്. അതിൽ രണ്ടാമത്തെ ഹജ്ജിന് തങ്ങൾ പോവുകയുണ്ടായി. കന്ദ്ര ഗവൺമെന്റിന്റെ ഹജ്ജ് ഡെലിഗേഷനിൽ ആയിരുന്നു യാത്ര. പിന്നീട് ശശി തരൂർ വിദേശകാര്യ സഹമന്ത്രിയായിരുന്ന കാലത്ത് 2009 ലും നാഷണൽ ഹജ്ജ് ഡെലിഗേഷനിൽ തങ്ങൾ ഹജ്ജിന് പോവുകയുണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലിം പണ്ഡിതൻമാർ, രാഷ്ട്രീയ നേതാക്കൻമാർ, സുപ്രധാന മുസ്ലിം ഒഫീഷ്യലുകൾ തുടങ്ങിയവരെല്ലാം ഈ ഡെലിഗേഷനിൽ ഉണ്ടായിരുന്നു. ഏറ്റവും വലിയ രാഷ്ട്രീയ-മത കൂട്ടായ്മകളുടെ അമരക്കാരനായിരുന്ന തങ്ങൾ പരിശുദ്ധ മക്കയിലെത്തിയാൽ തന്നെ വലയം ചെയ്തു നിൽക്കുന്ന അനുയായി വൃന്ദത്തിൽ നിന്ന് മാറി ഇഅ്തികാഫിലും ആരാധനയിലും ദീർഘമായി മുഴുകുമായിരുന്നു എന്ന് മക്കയിലെ പ്രവർത്തകർ ഓർക്കുന്നു. ഇപ്രകാരം തന്നെ മദീനാ മുനവ്വറയിലെത്തുമ്പോഴും ബഹുമാനപ്പെട്ടവർ റൗളയിലും മസ്ജിദുന്നബവിയിലും കടുതൽ സമയം ചില വഴിക്കുവാൻ താൽപര്യപ്പെടുമായിരുന്നു.



കെ എം സി സി സൗദിയിൽ ഏറെ പുതുമ നിറഞ്ഞ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയുണ്ടായി. ഇതിൽ ഏറ്റവും ഫലപ്രദമായ ഒന്നായിരുന്നു സാമൂഹ്യ സുരക്ഷാ പദ്ധതികൾ. നിശ്ചിത പ്രീമിയം അടച്ച് അംഗത്വമെടുക്കുന്ന അംഗങ്ങളിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ ആശ്രിതരെ സഹായിക്കുവാനും അവരിൽ ഗുരുതമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ ചികിത്സക്കായി സഹായിക്കാനുമായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ആദ്യം മലപ്പുറം ജില്ലാ കമ്മറ്റിയാണ് തുടങ്ങിയത് എങ്കിലും പിന്നീടത് നാഷണൽ കമ്മറ്റിയും നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ തുടക്കം കുറിക്കുവാൻ ബഹുമാനപ്പെട്ട തങ്ങൾ എത്തി. വിവിധ കാമ്പയിനുകൾ, ആഘോഷങ്ങൾ, ആചരണങ്ങൾ തുടങ്ങിയവയുടെ പ്രധാന ചടങ്ങുകൾ പലതിനും തങ്ങൾ എത്തുകയുണ്ടായി. പാർട്ടിയുടെ പ്രചരണാർഥം സൗദി അറേബ്യയുടെ നഗരങ്ങൾ മുഴുവൻ യാത്ര ചെയ്തിട്ടുണ്ട് തങ്ങൾ. ഈ യാത്ര പാർട്ടി പ്രവർത്തകരെ ഊർജ്ജപ്പെടുത്തുവാനും പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുവാനും ഏറെ സഹായകമായി.



സമസ്തയുടെ കീഴിലുള്ള സംഘടനാ സംവിധാനം ഏറെ ശക്തമാണ് സൗദിയിൽ. ഏതാണ്ട് എല്ലാ നഗരങ്ങളിലും ഇസ്ലാമിക് സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട മക്ക, മദീന, ജിദ്ദ, രിയാദ്, ത്വാഇഫ്, യാൻബൂ എന്നീ നഗരങ്ങളിലെ ഇസ്ലാമിക് സെന്ററുകൾ തങ്ങളവർകൾക്ക് പ്രത്യേക സ്വീകരണം നൽകിയിട്ടുണ്ട്. ഏറ്റവും അധികം തവണ സന്ദർശിച്ച സെന്റർ ജിദ്ദാ ഇസ്ലാമിക് സെന്ററായിരിക്കും. സെന്ററിനു കീഴിൽ നടന്നിരുന്ന ശാത്തി അൽ നൂർ ഇന്റർനാഷണൽ സ്കൂൾ ഒന്നിലധികം തവണ തങ്ങളെ വരവേറ്റിട്ടുണ്ട്. ഇസ്ലാമിക് സെന്ററിന്റെ സ്വീകരണങ്ങൾ പലപ്പോഴും ഈ സ്കൂളിലാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്.



സന്ദർശനങ്ങളിൽ തങ്ങളുമായി പ്രമുഖ പ്രവാസി സംരഭകരും നേതാക്കളും ബന്ധപ്പെടുമായിരുന്നു. ഈ ബന്ധങ്ങൾ രാഷ്ട്രീയത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ മതത്തിന്റെയോ അതിരുകളിൽ പോലും ഒതുങ്ങുമായിരുന്നില്ല. എല്ലാവരിലക്കും അരിച്ചിറങ്ങുന്ന ഒരു സുഗന്ധവാഹിയായ മാരുതനായിരുന്നുവല്ലോ തങ്ങൾ. സന്ദർശനങ്ങൾക്കിടെ തങ്ങൾ ഏറെ കൗതുകത്തോടെ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഒരു കാര്യമാണ് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം. മക്കയിലും മദീനയിലും നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും കാൽ പദം പതിഞ്ഞ ചരിത്രസ്ഥാനങ്ങളൊക്കെ തങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മക്കയിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുൽ മഅ്ലാ, തൻഈം, വാദീ ഹലീമ, വാദീ മുഹസ്സർ, ഐൻ സുബൈദ തുടങ്ങിയ അവയിൽ എടുത്തു പറയേണ്ടതാണ്. ത്വാഇഫ് നഗരം സൗദിയിലെ സുഖവാസ കേന്ദ്രവും ചരിത്ര സ്ഥാനവുമാണ്. മദീനയിൽ സന്ദർശന കേന്ദ്രങ്ങൾക്ക് കയ്യും കണക്കുമില്ല. അവിടെയെല്ലാം കാണാനും അതിന്റെ ദിക്കും ദിശയും ചരിത്രങ്ങളും മനസ്സിലാക്കുവാനും ബഹുമാനപ്പെട്ടവർക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു.



തുർക്കി



ചൈനക്കാരെ പോലെ ശാരീരിക പ്രകൃതിയിൽ തോന്നിപ്പിക്കുന്ന ഒരു സംഘം ആൾക്കാർ ആ സംഘത്തിന്റെ മുമ്പിലെത്തി. അവരുടെ കണ്ണുകളിൽ പ്രകാശമില്ല. നിരാശയുടെ ചുളിവുകൾ വീണ മുഖത്തു നിന്നും ദൈന്യത വായിച്ചെടുക്കാം. അവർ ഉയിഗൂർ മുസ്ലിംകളാണ്. ലോകത്തെ വേട്ടയാടപ്പെടുന്നവരിൽ ഏറ്റവും ദുർബ്ബലർ. വംശീയ വെറിയുടെ ഇരകളായ ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകളുടെ ഈ സംഘത്തിൽ സ്ത്രീകളും പുരുഷന്മാരുമായി 15 പേരുണ്ട്. പരിചയപ്പെടുത്തലുകൾക്ക് ശേഷം അവർ നേരിടുന്ന അക്രമങ്ങൾ, പ്രയാസങ്ങൾ, വെല്ലുവിളികൾ എന്നിവ ഓരോന്നോയി സംഘത്തിലെ ഒരാളോട് പറയാൻ തുടങ്ങി. ആ ആളെ അവർ കണ്ടിട്ടില്ല. പത്രങ്ങളിലോ മീഡിയയിലോ കാണുവാൻ മാത്രം അവരുടെ സാംസ്കാരിക ലോകത്തിന് വിസ്തൃതിയുമില്ല. എന്നിട്ടും അവർക്കു മനസ്സിലായി അദ്ദേഹമാണ് ആ സംഘത്തിന്റെ ഹൃദയവും നേതാവുമെന്ന്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടാണ് അവർ തങ്ങളുടെ കഥനങ്ങൾ പറയുന്നത്.



തങ്ങളുടെ തുർക്കിയാത്രയിലായിരുന്നു ഇസ്തംബൂളിൽ വെച്ച് ഈ അനുഭവം. ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്ലിയാർ, ഇ ടി മുഹമ്മദ് ബഷീർ എം പി, പി എ ഇബ്രാഹിം ഹാജി, ഡോ. ബഷീർ പനങ്ങാങ്ങര എന്നിവരൊക്കെയാണ് സംഘത്തിലുള്ളത്. അവർ തങ്ങുടെ കദനങ്ങൾ ആറ്റപ്പൂവിന്റെ മുന്നിൽ നിരത്തി. പള്ളികൾ തകർക്കുകയാണ്, നിസ്കരിക്കാൻ അനുവാദമില്ല, തൊപ്പി, താടി, ഹിജാബ് ഒന്നും അനുവദിക്കുന്നില്ല....., അങ്ങനെ പലതും. അവർ പലരുടെയും കണ്ണുകൾ സജലങ്ങളാണ്.
അവരുടെ വേദനകൾ ഉൾകൊണ്ട് അവരെ വിശദമായി കേൾക്കുകയാണ് തങ്ങൾ. പ്രാർത്ഥനാ വചനങ്ങളിലൂടെ അവരെ ആശ്വസിപ്പിച്ച് പരസ്പരം പ്രാർത്ഥിക്കാൻ പറഞ്ഞാണ് സംഘത്തെ യാത്രയാക്കിയത്.



ഇസ്ലാമിക ഖിലാഫത്തിന്റെ അവസാന ആസ്ഥാനവും തലസ്ഥാനവുമായിരുന്ന തുർക്കിയുടെ ചരിത്ര വീഥികളിലൂടെ നടക്കുമ്പോഴും പ്രൗഢമായ മനോഹാരിത ആസ്വദിക്കുമ്പോഴും ഹൈദരലി ശിഹാബ് തങ്ങൾക്ക് ഒരു വിദ്യാർഥിയുടെ ഭാവമായിരുന്നു. വളരെ പ്രൗഢമായിരുന്നു സഹസഞ്ചാരികളുടെ നിര. എല്ലാവരും ചരിത്രത്തിലും ലോക രാഷ്ട്രീയത്തിലും അറബ് സംസ്കാരത്തിലും നല്ല അവഗാഹമുള്ളവർ. അവരോടൊപ്പം കണ്ടും കേട്ടും നടക്കുമ്പോൾ തങ്ങൾ ചരിത്രത്തിന്റെ ഇടവഴികളിലൂടെ മനസ്സ് കൊണ്ട് പിന്നോട്ടു നടക്കുകയായിരുന്നു എന്നു പറയാം. ഇസ്തംബൂൾ പണ്ട് യൂറോപ്യൻ സാംസ്കാരിക തലസ്ഥാനമായി യു എൻ ലിസ്റ്റുചെയ്തിരുന്ന സ്ഥലങ്ങളിലൊന്നാണ്. നഗരത്തിന്റെ ഓരോ വശവും കാഴ്ചയിലും വാസ്തുവിദ്യയിലും അതുല്യമാണ്. രണ്ട് വൻകരകളെ ബന്ധിപ്പിക്കുന്ന നഗരം കൂടിയാണ് ഇസ്തംബൂൾ. ഏഷ്യയെയും യൂറോപ്പിനെയും. യൂറോപ്യൻ വശം കൂടുതൽ ആധുനികവൽകൃതമാണ്. വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും കേന്ദ്രമായും രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളുടെ ആസ്ഥാനമായും നഗരത്തിന്റെ കേന്ദ്രമായും ഈ ഭാഗം കണക്കാക്കപ്പെടുന്നു.



ഏഷ്യൻ വശം അധികവും ചരിത്രപരമായ കെട്ടിടങ്ങളും മറ്റും കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. പുരാതന ഗ്രീക്കിൽ ബൈസാന്റിയം എന്നറിയപ്പെട്ടിരുന്ന തുർക്കിയിലെ ഏറ്റവും വലിയ ഈ നഗരത്തിന് അതിന്റെ സ്മാരകങ്ങളിലും പഴയ ഘടനകളിലും അതിമനോഹരമായ പ്രൗഢിയുണ്ട്. ഹാഗിയ സോഫിയ ഹോളി ഗ്രാൻഡ് മോസ്‌ക് , രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായ ബോസ്ഫറസ് പാലങ്ങൾ, സുൽത്താൻ അഹ്മദ് ഒന്നാമൻ തന്റെ രാജ്യ തലസ്ഥാനത്തിന് നൽകിയ വാസ്തുവിദ്യാ സമ്മാനമായ ബ്ലൂ മോസ്ക്, ടോപ്കാപ്പി പാലസ്, ഗലാറ്റ ടവർ, പ്രസിദ്ധമായ ഗ്രാൻഡ് ബസാർ, സൂഫികൾ സെമ പ്രകടനങ്ങൾ എന്ന സൂഫീ നൃത്തം നടത്തുന്ന കേന്ദ്രങ്ങൾ തുടങ്ങി തുർക്കി ഒരു വലിയ കാഴ്ചാ വിരുന്നു തന്നെ ഒരുക്കുന്നുണ്ട് തുർക്കി. 2012- ജൂണിലായിരുന്നു തങ്ങളുടെ തുർക്കി യാത്ര. തങ്ങൾ ഏറെ ആസ്വദിച്ച യാത്രയായിരുന്നു ഈ യാത്ര. അത് തങ്ങൾ തന്നെ പലരോടും പറയുമായിരുന്നു. സംഘാംഗങ്ങളുടെ അനുഭവവും സാക്ഷ്യവും അതിന് തെളിവുമാണ്.



തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ - ഡയലോഗ് എന്ന സംഘടനയുടെ ക്ഷണപ്രകാരമായിരുന്നു യാത്ര. ഫത്ഹുല്ലാ ഗുലാനി നേതൃത്വം നൽകുന്ന വലിയ ഒരു ദഅ് വാ മിഷന്റെ ഭാഗമാണ് ഇൻഡയലോഗ്. ലോകമാസകലം വിപുലമായ നെറ്റ് വർക്ക് ഇവർക്കുണ്ട്. സാംസ്കാരിക വിനിമയം എന്ന നിലക്കുള്ള ഒരു ഔദ്യോഗിക ക്ഷണമായിരുന്നു ഇത്. അതിനാൽ തന്നെ തുർക്കിയിൽ തങ്ങളെയും സംഘത്തെയും സ്വീകരിക്കുവാൻ കൗൺസിലർ, കൾച്ചറൽ അറ്റാഷെ തുടങ്ങിയ ഉദ്യേഗസ്ഥ പ്രമുഖർ സന്നിഹിതരായിരുന്നു. അന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹ്മദ് സാഹിബിന്റെ എല്ലാ പിന്തുണയും സഹായവും ഔദ്യോഗിക ഇടപെടലും ഉണ്ടായിരുന്നതിനാൽ എല്ലാ അർഥത്തിലും പ്രൗഢമായിരുന്നു ഈ യാത്ര. തുർക്കിയിലെ അൽ ഫാത്തിഹ്, മൗലാനാ യൂനിവേഴ്സിറ്റികളും തങ്ങളും സംഘവും സന്ദർശിക്കുകയുണ്ടായി. യാത്ര സ്പോൺസർ ചെയ്ത സ്ഥാപനത്തിന്റെ ഡിന്നറിനു ശേഷമായിരുന്നു മടക്കയാത്ര. തലസ്ഥാനമായ അങ്കാറയിൽ വെച്ചായിരുന്നു ഇത്.



ശരിക്കും എല്ലാ അർഥത്തിലും സാംസ്കാരികമായ ഒരു വിനിമയം തന്നെ തങ്ങളുടെ ഈ യാത്രയിൽ സാധ്യമായി. കാരണം തുർക്കിയുടെ സാംസ്കാരിക ഗുണങ്ങൾ അടുത്തറിയുവാനും ഇന്ത്യൻ മുസ്ലിംകളുടെ സാംസ്കാരികാസ്തിത്വം പരിചയപ്പെടുത്താനും ഈ യാത്ര ഉപകാരപ്പെട്ടു. ഇതിന്റെ തുടർച്ചയും ഫലവുമെന്നോണം മൗലാനാ യൂനിവേഴ്സിറ്റി വി സി ഡോ. ബഹാദ്ദീൻ ആദം കേരളവും പാണക്കാടും എല്ലാം സന്ദർശിക്കുവാൻ വളരെ താൽപര്യത്തോടെ എത്തുകയുണ്ടായി. മറ്റൊരു ഫലം നമ്മുടെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പഠനം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾക്ക് തുർക്കിയിൽ ഉപരിപഠനത്തിനുള്ള വഴി തുറന്നു എന്നതാണ്. അതിനുശേഷം ഇപ്പോഴും നമ്മുടെ പല വിദ്യാർഥികളും അവിടെ പഠനം നടത്തിവരുന്നു.



2013 മാർച്ച് 5 മുതൽ 15 വരെയായിരുന്നു തങ്ങൾ മറ്റൊരു സംഘത്തിൽ ഈജിപ്തും മൊറോക്കോയും സന്ദർശിച്ചത്. ഒരു ഇന്ത്യൻ ഡെലിഗേഷനിലായിരുന്നു ഈ യാത്ര. മൗലാനാ യൂണിവേഴ്സിറ്റിയുടെ നേരിട്ടുളള ക്ഷണമനുസരിച്ചായിരുന്നു ഇത്. അലിമിയാന്റെ പുത്രൻ സയ്യിദ് സൽമാൻ നദ് വി, പഴ്സണൽ ലോ ബോർഡ് അംഗം സജ്ജാദ് നുഅമാനി, ദയൂബന്ദ് ദാറുൽ ഉലൂമിന്റെ റെക്ടർ സാജിദ് ഖാസിമി, ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാർ, ദാറുൽ ഹുദാ വി സി ഡോ. ബഹാഉദ്ദീൻ നദ് വി, ഡോ. ബഷീർ പനങ്ങാങ്ങര തുടങ്ങിയവർ ഈ സംഘത്തിലെ പ്രധാനികളായിരുന്നു. ഈജിപ്തിൽ അപ്പോഴേക്കും മലയാളി വിദ്യാർഥികൾ പഠിക്കാൻ എത്തിത്തുടങ്ങിയിരുന്നു. ഔദ്യോഗിക വ്യക്തിത്വങ്ങളോടൊപ്പം അവരും ഡെലിഗേഷനെ സ്വീകരിക്കുവാൻ ഉണ്ടായിരുന്നു.



ഈജിപ്തിൽ മൊത്തം ഏഴു ദിവസമാണ് സംഘം തങ്ങിയത്. അതിനിടയിൽ കൈറോ യൂണിവേഴ്സിറ്റി, അൽ അസ്ഹർ യൂണിവേഴ്സിറ്റി തുടങ്ങിയ അക്കാദമിക കേന്ദ്രങ്ങൾക്കു പുറമെ വിവിധ സാംസ്കാരിക നിലയങ്ങളും പരിപാടികളും സംഘം സന്ദർശിച്ചു. ശൈഖ് അലി ജുമുഅ, ശൈഖ് ഹസൻ ശർഖാവി, അൽ അസ്ഹറിലെ ശൈഖ് ഗുറാബി തുടങ്ങിയവരെല്ലാം സംഘത്തെ സ്വീകരിക്കുകയും വിവിധ ചടങ്ങുകളിൽ സാംസ്കാരിക വിനിമയം നടത്തുകയും ചെയ്തു. മനുഷ്യ സംസ്കാരം ആദ്യം വ്യക്തമായ രൂപം നേടിയ ഇടമായി കരുതപ്പെടുന്ന ഈജിപ്തിലെ ചരിത്ര സ്മാരകങ്ങളെല്ലാം തങ്ങളും സംഘവും സന്ദർശിച്ചു. തുടർന്ന് നേരെ സംഘം പോയത് മൊറോക്കോയിലേക്കാണ്. അവിടെ വിദേശകാര്യമന്ത്രി അടക്കമുളളവർ തങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ തന്നെ എത്തിയിരുന്നു. അവിടെയും യൂണിവേഴ്സിറ്റികൾ, സാംസ്കാരിക നിലയങ്ങൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ സന്ദർശനമായിരുന്നു പ്രധാന പരിപാടി. സൗർശനത്തെ വളരെ ഹൃദയപൂർവ്വമായിരുന്നു തങ്ങൾ ഉൾക്കൊണ്ടിരുന്നത് എന്ന് സംഘാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സാംസ്കാരികാംശമുള്ള അറിവുകളുടെ അടുത്തെത്തുമ്പോൾ അത് ശരിയായി മനസ്സിലിരുത്താൻ മാത്രം വിശദമായി ചോദിച്ചറിയുന്ന ത്വരയിൽ നിന്നും അതു മനസ്സിലാക്കാം.



ഈ ഡെലിഗേഷന്റെ നേതൃത്വം ഔദ്യോഗികമായി തങ്ങൾക്കായിരുന്നില്ല എങ്കിലും സംഘാംഗങ്ങളും സ്വീകർത്താക്കളും ആ സൂര്യ തേജസ്സിനെ തങ്ങളുടെ നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. ജോർദാൻ - സിറിയ- ഫലസ്തീൻ - ഇറാഖ് - മദീന- ദുബൈ എന്നിങ്ങനെ റൂട്ടിൽ മറ്റൊരു യാത്ര ഇതേ സംഘവുമായി പോകണമെന്ന് തങ്ങൾ നിശ്ചയിച്ചതും യാത്രയുടെ മുഴുവൻ ചെലവുകളും ഇബ്രാഹിം ഹാജി ഏറ്റതുമായിരുന്നു. കോവിഡും ചികിത്സയും കഴിഞ്ഞപ്പോഴേക്കും പക്ഷേ, ആദ്യം ഇബ്റാഹിം ഹാജി യാത്രയായി, പിന്നെ തങ്ങളും.



*
യു എസ് എ



തങ്ങളുടെ അമേരിക്കൻ യാത്ര ഹബീബ് വേങ്ങൂർ, ഡോക്ടർ അമീൻ, പോക്കു സാഹിബ്, അദ്ദേഹത്തിന്റെ സഹോദരൻ അശ്റഫ്, തങ്ങളുടെയും പോക്കു സാഹിബിന്റെയും സഹധർമ്മിണ്ടിമാർ എന്നിവരടങ്ങുന്ന സംഘത്തിലായിരുന്നു. ഖത്തർ എയർവേയ്സിൽ കോഴിക്കോട് നിന്നായിരുന്നു യാത്രാരംഭം. ചികിത്സാ ർഥമുളള യാത്രയായിരുന്നു അത് എങ്കിലും തങ്ങൾ വളരെ ഉൻമേഷവാനും ഊർജ്ജ്വസ്വലനുമായിരുന്നു എന്ന് സംഘാംഗങ്ങൾ നിരീക്ഷിക്കുന്നു. വർത്തമാന ലോകത്തിന്റെ ശക്തികേന്ദ്രമായ അമേരിക്ക കാണാൻ പോകുന്നതിന്റെ ആവേശം തങ്ങളിൽ നല്ലോണമുണ്ടായിരുന്നു. 2018 മാർച്ച് ആറിന് ന്യൂയോർക്കിൽ തങ്ങൾ വന്നിറങ്ങുമ്പോൾ യു എ നസീർ സാഹിബിന്റെ നേതൃത്വത്തിൽ യു എസ് കെ എം സി സി യുടെ ഒരു സംഘം തന്നെ അവിടെ തങ്ങളെയും സംഘത്തെയും വരവേൽക്കാൻ ഉണ്ടായിരുന്നു. മലയാളികളുടെ വിവിധ കൂടായ്മകളും തങ്ങളെ വളരെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. മയോ ക്ലീനിക് ഹോസ്പിറ്റലിൽ പരിശോധനകളും ചികിത്സകളും നാലോ അഞ്ചോ ദിവസം കൊണ്ട് പൂർത്തിയാക്കി പിന്നെ അമേരിക്കൻ മലയാളികളെയും കാഴ്ചകളെയും സന്ദർശിക്കുവാൻ ഇറങ്ങുകയായിരുന്നു തങ്ങളും സംഘവും.



അതിശൈത്യത്തിന്റെ സമയത്തായിരുന്നു ആ യാത്ര എങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സമയം കഴിഞ്ഞാൽ ബാക്കിയുള്ള സമയം മുഴുവനും കാഴ്ചകൾ കാണുവാനും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും നീക്കിവെക്കുമായിരുന്നു തങ്ങൾ. എവിടെ ചെന്നാലും അവിടത്തെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചോദിക്കുവാനും മനസ്സിലാക്കാനും വലിയ താൽപര്യം അദ്ദേഹം കാണിക്കുമായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള ജിജ്ഞാസയും സംഘാംഗങ്ങളോടുള്ള തുറന്ന സമീപനവും ഇടക്കിടെ തമാശകളിൽ പങ്കുചേരുന്നതുമെല്ലാം ആ യാത്രയെ എല്ലാ വിധ പിരിമുറുക്കങ്ങളിൽ നിന്നും സംരക്ഷിച്ച് തികച്ചും ഉല്ലാസകരമാക്കിത്തീർത്തു. എല്ലാ വിഭാഗം ജനങ്ങളെയും കാണാനും അവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും സ്നേഹം പങ്കുവെക്കാനും തങ്ങൾ സമയവും താൽപര്യവും ഉപയോഗിച്ചു. ഏറെ എടുത്തു പറയേണ്ടത് ആ യാത്ര തങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു എന്നതാണ്.



ലോകത്തിലെ ഏറ്റവും വലിയ അൽഭുതങ്ങളിൽ ഒന്നായ നയാഗ്ര വെള്ളച്ചാട്ടം കാണുവാൻ അമേരിക്കൻ യാത്രയിൽ തങ്ങൾ സമയം കണ്ടെത്തി. മനോഹാരിതയിലും വലുപ്പത്തിലും നയാഗ്ര വെള്ളച്ചാട്ടം ലോക പ്രസിദ്ധമാണ്. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ കിടക്കുന്ന നയാഗ്ര നദിയിലാണ് ഈ കൂറ്റൻ വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയ്ൽ ഫാൾസ്, ഹോഴ്സ് ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർന്നാണ് നയാഗ്ര രൂപം കൊള്ളുന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി സി യിൽ നിന്ന് ഏഴു മണിക്കൂർ ബസിൽ യാത്ര ചെയ്ത് വേണം നയാഗ്രയില്‍ എത്തുവാൻ. അന്ന് ശൈത്യം അതിന്റെ ഉഗ്രഭാവത്തിലായിരുന്നു എന്ന് സഹയാത്രികർ ഓർക്കുന്നു. പക്ഷെ, വെള്ളം തണുത്തുറഞ്ഞു നിൽക്കുകയായിരുന്ന ആ മൈനസ് എട്ട് ഡിഗ്രിയിലും തങ്ങൾ ഈ ലോകാൽഭുതം നന്നായി ആസ്വദിച്ചിരുന്നു. അപ്രകാരം തന്നെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന മന്ദിരം, വൈറ്റ് ഹൗസ് തുടങ്ങിയ സിരാകേന്ദ്രങ്ങളും ആ യാത്രയിൽ തങ്ങൾ സന്ദർശിച്ചു. എല്ലാം ജിജ്ഞാസയോടെ ചോദിച്ചറിഞ്ഞും അൽപം നർമ്മം കലർന്ന കമന്റുകൾ നടത്തിയുമായിരുന്നു അതെല്ലാം അദ്ദേഹം ആസ്വാദ്യമാക്കിയത്.






ജീവിത ചിട്ടയും ആരോഗ്യ കാരണങ്ങളും കാരണം ഭക്ഷണ കാര്യങ്ങളിൽ ചില നിയന്ത്രണങ്ങളൊക്കെ പൊതുവെ പുലർത്തുന്ന ആളായിരുന്നിട്ടും യാത്രയിൽ അതൊന്നും ആർക്കും ഒരു ഭാരമാവാതിരിക്കുവാൻ തങ്ങൾ ശ്രദ്ധിക്കുമായിരുന്നു. യാത്രയിൽ ഓരോ യാത്രികനും സംഘത്തോട് ചേർന്നു നിൽക്കുമ്പോഴേ യാത്ര ശരിക്കും ആസ്വാദ്യമാകൂ എന്ന തത്വം പാലിക്കുകയായിരുന്നു തങ്ങൾ. മൊത്തത്തിൽ മൂന്നാഴ്ചയായിരുന്നു അമേരിക്കൻ പര്യടനം. ഇതിനിടയിൽ മലയാളി സമൂഹം തങ്ങൾക്ക് നല്ലൊരു സ്വീകരണം ഏർപ്പെടുത്തി. നോർത്ത് അമേരിക്കയിലെ ന്യൂ ജെഴ്സിയിലെ മാൻമോത്ത് ജംഗ്ഷനിലെ എമ്പർ ബാങ്ക്വറ്റ്സിലായിരുന്നു പരിപാടി. മലയാളികളുടെ കുടുംബ സംഗമമായിരുന്നു അത്. നോർത്ത് അമേരിക്കൻ നെറ്റ് വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻ (നൻമ ), മലയാളി മുസ്ലിംസ് ഓഫ് ന്യൂ ജഴ്സി (എം എം എൻ ജെ), കെ എം സി സി എന്നീ സംഘടനകൾ സംയുക്തമായാണ് മാർച്ച് 16 വെള്ളിയാഴ്ച വൈകുന്നേരം പരിപാടി സംഘടിപ്പിച്ചത്. ന്യൂയോർക്ക്, കണക്റ്റിക്കട്ട്, പെൻസിൽവാനിയ, മസാച്ചുസെറ്റ്സ് എന്നീ സംസ്ഥാനങ്ങളിലെ മലയാളി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. യു എ നസീർ, അബ്ദുൽ സമദ് പൊന്നേരി, മുഹമ്മദ് നൗഫൽ, ഹനീഫ എരഞ്ഞിക്കൽ മുതലായവരായിരുന്നു സംഘാടകരിൽ പ്രമുഖർ.



എഴുപത് കിലോമീറ്റർ യാത്ര ചെയ്ത് അവിടെ എത്തിയ തങ്ങൾ നല്ല ഒരു പ്രസംഗമായിരുന്നു അവിടെ കാഴ്ചവെച്ചത്. ഏതാണ്ട് എട്ടോളം അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ അതിൽ പങ്കെടുത്തു എന്നത് അമേരിക്കൻ പ്രവാസികൾ തങ്ങൾക്ക് കൽപ്പിച്ചു നൽകിയ ആദരത്തിന്റെ തോത് കാണിക്കുന്നു. ഇത്രയും ദൂരെ നിന്നുള്ളവർ പരിപാടിക്ക് എത്തിയത് അമേരിക്കൻ മലയാളികളുടെ സംഘാടന ജീവിതത്തിലെ ഏറെ കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. പ്രവാസികളുടെ രാജ്യത്തോടും സൂഹത്തോടുമുള്ള പ്രതിബദ്ധത അന്ന് എടുത്തുപറഞ്ഞ് തങ്ങൾ അവരെ ശ്ലാഖിക്കുകയുണ്ടായി.



എല്ലാ അർഥത്തിലും സമുചിതമായിരുന്നു തങ്ങൾക്കു നൽകിയ സ്വീകരണം. സൗദി അറേബ്യൻ വ്യവസായിയും ജെ എൻ എച്ച് ഹോസ്പിറ്റൽ ഉടമയുമായ വി പി മുഹമ്മദലി ജിദ്ദയിൽ നിന്ന് തങ്ങളെ പരിചരിക്കുവാൻ ന്യൂയോർക്കിലെത്തി. പതിനാല് മണിക്കൂറോളം നീണ്ട ആ യാത്ര അദ്ദേഹം നന്നായി ഉറങ്ങി ഉപയോഗപ്പെടുത്തുന്നത് കണ്ടപ്പോൾ തിരക്കേറിയ ജീവിതത്തിൽ വീണു കിട്ടിയ ഒരു വിശ്രമവേളയായി തങ്ങൾ ആ യാത്രയെ ആസ്വദിക്കുകയാണ് എന്ന് എല്ലാവർക്കും മനസ്സിലായി. തിരിച്ചുപോരുമ്പോൾ ഒരിക്കൽ വിമാനം വായു പാളികളിൽ തെന്നി കുലുങ്ങിയപ്പോൾ എല്ലാ യാത്രികരുടെയും മുഖത്തുണ്ടായിരുന്ന ഭീതിയൊന്നും തങ്ങളുടെ മുഖത്തുണ്ടായിരുന്നില്ല. എന്നല്ല, അത്തരമൊരു സമയത്ത് ബാത്റൂമിൽ പോകാൻ വരെ ഒരുക്കുകയുണ്ടായി ധീരനും ആത്മ വിശ്വാസിയുമായ തങ്ങൾ.



ബഹ്റൈൻ



മർഹും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രധാന ബഹ്റൈൻ സന്ദർശങ്ങൾ നാലെണ്ണമാണ്. 2010-ലാണ് മുസ്ലിം ലീഗ് പ്രസിഡണ്ടായതിനു ശേഷം ആദ്യമായി തങ്ങൾ ബഹ്റൈനിലെത്തുന്നത്. കെ എം സി സി യായിരുന്നു തങ്ങൾക്ക് ആഥിത്യമരുളിയിരുന്നത്. പി കെ കുഞ്ഞാലിക്കുട്ടി സാഹിബടക്കമുള്ള നേതാക്കൾ ഈ യാത്രയിൽ തങ്ങളെ അനുഗമിച്ചിരുന്നു. രാജോചിതമായ സ്വീകരണമായിരുന്നു തങ്ങൾക്കും നേതാക്കൾക്കും അവിടെ ലഭിച്ചത്. ബഹ്റൈൻ പ്രവാസി മലയാളി നേതാക്കൻമാർ ആ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അതു കഴിഞ്ഞ് ഒരിക്കൽ കുടുംബ സമേതം വരികയും ഏതാനും ദിവസം ഇവിടെ തങ്ങുകയും ചെയ്യുകയുണ്ടായി. ഈ സന്ദർശനത്തിൽ തങ്ങളും കുടുംബവും അധികവും സമയം നീക്കിവെച്ചത് ബഹ്റെെനിലെ കാഴ്ചകൾ കാണുവാനായിരുന്നു. ഈ സന്ദർശനത്തിൽ തങ്ങൾ ബഹ്റൈൻ തലസ്ഥാന നഗരത്തിന്റെ ഗവർണ്ണറെ സന്ദർശിക്കുകയുണ്ടായി.



പിന്നീട് ഒരിക്കൽ തങ്ങൾ വന്നത് സമസ്തയുടെ മദ്റസാ ഉദ്ഘാടനത്തിനായിരുന്നു. 2013 മാർച്ചിലായിരുന്നു മദ്‌റസാ ഉദിലാടനം. പ്രാദേശിക നേതാക്കൾക്ക് പുറമെ തദ്ദേശീയരായ മതകാര്യവകുപ്പ് ഉദ്യോഗസ്ഥർ കൂടി ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആ സന്ദർശനത്തിലും നിരവധി ലീഗിന്റെയും സമസ്തയുടെയും പരിപാടികൾ ഉണ്ടായിരുന്നു. മദിരാശിയിൽ നിന്നായിരുന്നു തങ്ങൾ ബഹ്റൈനിലേക്ക് പുറപ്പെട്ടത്. അവസാനത്തെ സന്ദർശനം 2017 ൽ ചന്ദ്രികോത്സവത്തിൽ മുഖ്യ അഥിതിയായി പങ്കെടുക്കുവാൻ ആയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, പി വി അബ്ദുൽ വഹ്ഹാബ് തുടങ്ങി മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കൻമാരും ഈ യാത്രയിൽ തങ്ങളെ അനുഗമിച്ചിരുന്നു.



കുവൈത്ത്



കുവൈത്തിൽ പല തവണ തങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട്. ഈ സന്ദർശനങ്ങൾ പക്ഷെ കുടുംബപരം കൂടിയായിരുന്നു. തങ്ങളുടെ മകളും മരുമകൻ നിയാസ് ജിഫ്രി തങ്ങളും കുവൈത്തിലാണ്. അതുകൊണ്ടു തന്നെ ഏത് പരിപാടിക്ക് കുവൈത്തിൽ എത്തിയാലും തങ്ങൾ അവരോടൊപ്പമാണ് ഉണ്ടാകുക. കെ എം സി സി യുടെ പല പരിപാടികളിലും തങ്ങൾ പങ്കെടുത്തിട്ടുണ്ട്. കുവൈത്തിലേക്കുള്ള തങ്ങളുടെ അവസാന സന്ദർശനം 2015 ജനുവരിയിലായിരുന്നു. അത് ഒരു ചരിത്രനിയോഗമായിരുന്നു എന്ന് കരുതാം. കാരണം അത് ഒരു ഐക്യ പ്രഖ്യാപനത്തിന് വേണ്ടിയായിരുന്നു. അക്കാലത്ത് സമസ്തയുടെ പ്രവർത്തകർ രണ്ട് സംഘമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സുന്നീ കൗൺസിലും ഇസ്ലാമിക് സെന്ററും. മൊത്തം മാനുഷിക വിഭവശേഷി ഒന്നിച്ച് ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശവുമായി രണ്ട് സംഘത്തെയും ഒന്നിപ്പിക്കുവാൻ പല നേതാക്കളും ഇടപെട്ടു. അവസാനം അത്തിപ്പറ്റ ഉസ്താദിന്റെയും ആലിക്കുട്ടി ഉസ്താദിന്റെയും നേതൃത്വത്തിൽ അത് യാഥാർഥ്യമായി. 2014 ലെ ഈ ഐക്യ തീരുമാനം വിളംബരം ചെയ്തത് തങ്ങളായിരുന്നു. 2015 ജനുവരിയിൽ നടന്ന നബിദിന സമ്മേളനത്തിൽ വെച്ച് തങ്ങൾ അത് പ്രഖ്യാപിച്ചു. ഇതായിരുന്നു തങ്ങളുടെ അവസാന കുവൈത്ത് സന്ദർശനം.



യു എ ഇ



സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ആദ്യ വിദേശയാത്രയും അവസാന വിദേശയാത്രയും യു എ ഇ യിലേക്കായിരുന്നു. 1986 -ലായിരുന്നു ആദ്യ യാത്ര. യു എ ഇ യിലെ എസ് വൈ എസ് നാഷണൽ കമ്മറ്റിയുടെ ക്ഷണപ്രകാരമായിരുന്നു യാത്ര. കൂടെ എം പി എം ഇസ്ഹാഖ് കുരിക്കൾ കൂടി ഉണ്ടായിരുന്നു. യു എ ഇയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അന്ന് ഒന്നിലധികം സ്വീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്ന് സന്ദർശന പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്ന ഉസ്താദ് ആ തൃശേരി ഹംസക്കുട്ടി മുസ്ലിയാർ ഓർക്കുന്നു. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾ ഏറെ സ്വാതന്ത്ര്യത്തോടെ നടന്നുവരുന്ന ഗൾഫ് രാജ്യമാണ് യു എ ഇ. മലയാളികളുടെ സംഘടനാ സംവിധാനങ്ങളെല്ലാം ഇവിടെ സജീവമാണ്. അതിനാൽ പല പ്രപ്രശ്യവും തങ്ങൾ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അവിടെ എത്തിയിട്ടുണ്ട്. പല യാത്രകളും യു എ ഇ വഴിയാണ് തങ്ങൾ നടത്തിയിരുന്നതും. അതിനാൽ ഒരു പക്ഷെ തങ്ങൾ ഏറ്റവുമധികം പ്രാവശ്യം പോയ രാജ്യവും യു എ ഇ തന്നെ ആയിരിക്കാനാണ് സാധ്യത.



പലസ്തീൻ



തങ്ങളുടെ പലസ്തീൻ യാത്രയിൽ നിർമാൺ മുഹമ്മദലി ഹാജി, കോട്ടുമല ബാപ്പു മുസ്ലിയാർ, എം സി മായിൻ ഹാജി, ഇബ്രാഹിം ഹാജി തിരൂർ, കുറ്റിക്കണ്ടി അബൂബക്കർ, ഇബ്റാഹിം, കുഞ്ഞുട്ടി തുടങ്ങിയ പ്രമുഖരാണ് കൂടെയുണ്ടായിരുന്നത്. പത്ത് ദിവസം നീണ്ടു നിന്ന ഈ യാത്ര അൽ അബ്റാർ ട്രാവൽ സർവ്വീസിന്റെ കൂടെയായിരുന്നു. നേരെ കൈറോയിലെത്തി അവിടെ നിന്നുള്ള കാഴ്ചകൾ കണ്ടതിനു ശേഷം അമ്മാൻ വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൈറോയിൽ അവർ അലക്സാണ്ടറിയയിലെ ഇമാം ബൂസ്വൂരി(റ)യുടെ മഖ്ബറ, അബ്ബാസുൽ മുർസി മസ്ജിദ്, മധ്യധരണിയാഴി, അലക്സാണ്ടറിയ ലൈബ്രറി, ദാനിയൽ പ്രവാചകൻ, ലുഖ്മാനുൽ ഹകീം എന്നിവരുടെ മഖ്ബറകൾ തുടങ്ങിയവ സന്ദർശിച്ച് പിന്നീട് ചരിത്ര പ്രസിദ്ധമായ ഈജിപ്ഷ്യൻ മ്യൂസിയവും പിരമിഡുകളും സന്ദർശിച്ചു.



പലസ്തീനിൽ സീനായ് മരുഭൂമി, കാതറൈൻ മൊണാസ്ട്രി, ഹാറൂൻ നബിയുടെ മഖ്ബറ, ഉയൂൻ മൂസാ തടാകം, സൂയസ് കനാൽ, ചെങ്കടൽ, ലൂത്വ് നബിയുടെ ജനത ശിക്ഷിക്കപ്പെട്ട സ്ഥലം, മൂസാ നബിയുടെ മഖ്ബറ തുടങ്ങിയ കണ്ട് ഇസ്റാഈൽ അതിർത്തി കടന്ന് സംഘം വിശുദ്ധ ഖുദ്സിലേക്ക് കടക്കുകയായിരുന്നു. അവിടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശനം മുസ്ലിം ലോകത്തിന്റെ ഹറമുകളിലൊന്നായ വിശുദ്ധ മസ്ജിദുൽ അഖ്സയിലേക്കായിരുന്നു. ഖുബ്ബത്തു സഖ്‌റ, ഒലീവ് പർവ്വതം, ബുറാഖ് പള്ളി, മറിയം മിഹ്റാബ്, ഇബ്റാഹിം നബി, ഹാറൂൻ നബി, യൂനുസ് നബി, ഇസ്ഹാഖ് നബി തുടങ്ങിയവരുടെ മഖ്ബറ തുടങ്ങിയവയും സന്ദർശിച്ച് സംഘം ജോർദ്ധാനിലേക്ക് മടങ്ങി. അവിടെ ചരിത്ര പ്രസിദ്ധമായ പെട്രാ നഗരം, തുടർന്ന് അസ്ഹാബുൽ കഹ്ഫിന്റെ ഗുഹ തുടങ്ങിയ ചരിത്ര സ്ഥാനങ്ങളും കണ്ടാണ് സംഘം അമ്മാൻ വഴി നാട്ടിലേക്ക് മടങ്ങിയത്.



മലേഷ്യ



2014 ലെ ഒരവധിക്കാലം തങ്ങൾ കുടുംബത്തോടൊപ്പം മലേഷ്യയിലായിരുന്നു ചെലവഴിച്ചത്. ക്വലാലംപൂർ നഗരവും പ്രത്യേകിച്ച് പെട്രോണാസ് ടവർ, കെ എൽ ടവർ, ബതു കേവ് തുടങ്ങിയ സ്ഥലങ്ങളും കണ്ട് പിന്നീട് ലങ്കാവി ദ്വീപ് കാണാൻ പോയി. മലേഷ്യയുടെ പശ്ചിമതീരത്ത് ആൻഡമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ലങ്കാവിദ്വീപ്. പുഴയും കടലും മലയും സമതലവും എല്ലാം ചേർന്ന വലിയ ഒരു ജൈവ കാഴ്ചയാണ് ഈ ദ്വീപ് ഒരുക്കുന്നത്. ഈഗിൾ സ്ക്വയർ, അണ്ടർ വാട്ടർ വില്ലേജ്, സെനാങ്ങ് ബീച്ച്, തൻ ജുങ്ങ് സാങ്ങ്ച്വറി തുടങ്ങി ഏത് സഞ്ചാരിയെയും ആകർഷിക്കുന്നതാണ് ഈ ദ്വീപ്. അവിടെ വെച്ച് തങ്ങൾ ഹിജാമ ചെയ്യുകയുമുണ്ടായി. തിരുസുന്നത്തിലെ ഒരു ചികിത്സാ വിധിയാണ് ഹിജാമ. ഹസീബ് തങ്ങൾ, കെ പി നാസർ ഹാജി, റാഫി അറഫ, കെ എം ശാഹുൽ ഹമീദ് തുടങ്ങിയവർ തങ്ങളെ അനുഗമിച്ചിരുന്നു.



ശ്രീലങ്ക



2016 ൽ ഹൈദരലി ശിഹാബ് തങ്ങൾ ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. അന്നത്തെ അവിടത്തെ മന്ത്രിയായിരുന്ന ഫൈസൽ ഖാസിമിന്റെ ക്ഷണപ്രകാരമായിരുന്നു യാത്ര. കടുംബം കൂടെയുണ്ടായിരുന്നു. ഈ യാത്ര സ്മരണയമാകുന്നത് കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ അന്നായിരുന്നു യാത്ര തുടങ്ങിയത് എന്നതു കൊണ്ടും വോട്ടെണ്ണൽ ദിനത്തിലായിരുന്നു തങ്ങൾ തിരിച്ച് നെടുമ്പാശേരിയിൽ ഇറങ്ങിയത് എന്നതു കൊണ്ട് കൂടിയായിരുന്നു. മെയ് 16 നായിരുന്നു വോട്ടെടുപ്പ്. രാജോചിത വരവേൽപ്പായിരുന്നു തങ്ങൾക്ക് ശ്രീലങ്കയിൽ ലഭിച്ചത്. നാസർ കോട്ടക്കൽ തങ്ങളുടെ കൂടെ ഉണ്ടായിരുന്നു. പാർട്ടിയെയും മുന്നണിയേയും നയിക്കുന്ന തങ്ങൾ തിരക്കേറിയ തെരഞ്ഞെടുപ്പ് ചൂട്‌ പരമ്യത്തിലെത്തുകയും കലാശക്കൊട്ട് കഴിഞ്ഞ് വോട്ടെടുപ്പ് കഴിയുകയും ചെയ്തതിന്റെ ശേഷമായിരുന്നു ശ്രീലങ്കയിലേക്ക് പോയത്. പക്ഷെ, തിരിച്ചു വരുമ്പോൾ ഐക്യമുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയുടെ അമരക്കാരനായിരുന്ന തങ്ങൾക്ക് തന്റെ പാർട്ടിയുടെ മുന്നേറ്റം മാത്രമേ ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ. തന്റെ പാർട്ടിയിലെ 23 ൽ 18 അംഗങ്ങളെയും നിയമസഭയിലേക്കെത്തിക്കാൻ കഴിഞ്ഞു എങ്കിലും മുന്നണി അതിനൊത്ത് ഉയർന്നില്ല.



അസർബൈജാൻ



തങ്ങളുടെ യാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ മറ്റൊരു യാത്ര അസർബൈജാൻ യാത്രയ്യയിരുന്നു. യൂറോപ്പിന്റെയും വടക്കുപടിഞ്ഞാറൻ ഏഷ്യയുടെയും അരികു പറ്റിക്കിടക്കുന്ന ഈ രാജ്യം സ്ഥാപിതമായത് 1918 ലാണ്. 1920 ൽ അത് സോവിയറ്റ് യൂണിയനിൽ ചേരുകയും ചെയ്തു. പിന്നീട് സോവിയറ്റ് യൂണിയനിൽ നിന്ന് പടിയിറങ്ങി സ്വതന്ത്ര്യ രാജ്യമായിത്തീരുന്നത് 1991 ലാണ്. കാസ്പിയൻ കടലിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന് റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളാണ് അതിരിടുന്നത്. കമാലുദ്ദീൻ ഹൈദറോവ് എന്ന അസർബൈജാൻ എനർജി സിറ്റുവേഷൻ മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു കുടുംബ സമേതം തങ്ങൾ ഈ രാജ്യത്തേക്ക് പോയത്. 2013 മാർച്ചിലായിരുന്നു ഇത്. വളരെ ക്ലീനായ ഒരു രാജ്യമാണ് അസർ ബൈജാൻ. വളരെ പുരാതനമായ സാംസ്കാരിക ശേഷിപ്പുകൾ കൊണ്ട് സമ്പന്നമായ ഈ രാജ്യം ആധുനിക ടൂറിസത്തിന്റെ സാധ്യതകളും നന്നായി വളർത്തിയെടുത്തിട്ടുണ്ട്. ആസിഖ് ഗുഹയിൽ കാണുന്ന ശിലയുഗത്തെ പ്രതിനിധീകരിക്കുന്ന പെട്രോഗ്ലിഫ്സ് ശിലാ ലിഖിതങ്ങളാണ് ഈ രാജ്യത്തെ മനുഷ്യാധിവാസത്തിന്റെ പഴമയിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന തെളിവ്. ഈ ഗുഹ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.



അസർബൈജാൻ ഏതെങ്കിലും ഒരു മതത്തെ രാജ്യത്തിന്റെ ഭാഗമായി കാണുന്നില്ല എങ്കിലും രാജ്യത്ത് ഭൂരിപക്ഷം ശിയാ മുസ്ലിംകൾക്കാണ്. അങ്ങനെയാണെങ്കിലും ഇസ്ലാമിക പൊതുവിചാരം രാജ്യത്ത് അതീവ ദുർബ്ബലമാണ്. എട്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന കമ്യൂണിസ്റ്റ് സ്വാധീനത്തിൽ അത്തരം സാംസ്കാരികാസ്തിത്വം നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് അവിടെ നിന്നുയരുന്നത്. തങ്ങളെ ജുമുഅക്ക് പള്ളിയിലേക്ക് കൊണ്ടു പോയ ആൾ മുസ്ലിമായിരുന്നിട്ടും ജുമുഅ നിസ്കരിച്ചില്ല എന്നത് അതിന്റെ മതിയായ തെളിവാണ്. അദ്ദേഹത്തിന് അത് പരിചിതമല്ല എന്നതായിരുന്നു കാരണം. അതേ സമയം വലിയ ഇസ്ലാമിക ചിഹ്നങ്ങളായി പള്ളികളും മറ്റും ഇവിടെയുണ്ട്. തലസ്ഥാനമായ ബാക്കുവിലെ ബീവി ഹൈബ മസ്ജിദ് ഒരു ഉദാഹരണം. പതിമൂന്നാം നൂറ്റാണ്ടിൽ ശർവാൻ ശാഹ് ഫറോഖ് സ്ഥാപിച്ചതാണ് ഈ പള്ളി. ശിയാ നേതാവായ മൂസൽകാളിം തങ്ങളുടെ മകൾ ഫാത്വിമ ഇവിടെ അടക്കം ചെയ്യപ്പെട്ടു എന്നാണ് കരുതപ്പെട്ടു വരുന്നത്. അതിനാൽ പ്രാദേശികമായി മസ്ജിദു ഫാത്തിമ എന്നും ഈ പള്ളി അറിയപ്പെടുന്നു.



തലസ്ഥാനമായ ബാക്കു, ഫയർ ടെമ്പിൾ, കത്തിക്കൊണ്ടിരിക്കുന്ന മല തുടങ്ങിയവ അസർബൈജാനിലെ പ്രധാന കാഴ്ചകളിൽ പെട്ടതാണ്. ഇവയിൽ ഏറെ അതിശയം ജനിപ്പിക്കുന്നത് കത്തിക്കൊണ്ടിരിക്കുന്ന മലയാണ്. ഒരു പരന്നു കിടക്കുന്ന മലയുടെ താഴ്ഭാഗം കത്തിക്കൊണ്ടേയിരിക്കുന്ന കാഴ്ച ആരേയും ആകർഷിക്കുന്നതാണ്. ഏകദേശം 4000 വർഷങ്ങളായി ഇത് കത്തിക്കൊണ്ടേ ഇരിക്കുകയാണ്. തീയുമായി ബന്ധപ്പെട്ട പലതും കാണാൻ കഴിയുന്ന ഒരു രാജ്യമാണിത്. ബാക്കുവിലെ തീജ്വാലയുടെ രൂപത്തിലുളള ഫ ഫ്ലൈം ബിൽഡിംഗ് ഒരു ഉദാഹരണം. പുരാതന കാലത്ത് ഇത്തരം പ്രകൃതി കാഴ്ചകൾ മനുഷ്യനെ അഗ്നിയെ ദൈവമായി കാണാൻ പ്രേരിപ്പിച്ചു എന്നാണ് അനുമാനം. അങ്ങനെയാണ് അഗ്നി ആരാധന ഉണ്ടായത്. ഈ വിശ്വാസത്തിൽ നിന്ന് പിന്നീട് സൊരാഷ്ട്ര എന്ന മതം തന്നെയുണ്ടായി. ഇത് ശക്തിപ്പെട്ട് ഇറാൻ കേന്ദ്രീകരിച്ച് ഒരു സാമ്രാജ്യം തന്നെ ഉണ്ടായി. പേർഷ്യൻ സാമ്രാജ്യം ഇതായിരുന്നു. ഫയർ ടെമ്പിൾ എന്ന പുരാതന ക്ഷേത്രാവശിഷ്ടവും അസർബൈജാനിലെ പ്രധാന കാഴ്ചയാണ്.



ഇവിടെ ഈ തീയുടെ പിന്നിൽ ഏറെ കാ ലം ഇത്തരം തെറ്റായ വിശ്വാസങ്ങളും അനുമാനങ്ങളും നിലനിന്നിരുന്നു. പക്ഷെ, കാലം മാറുകയും ശാസ്ത്രീയമായ അറിവ് വർദ്ധിക്കുകയും ചെയ്തതോടെ ഇതിന്റെ പിന്നിലെ കാര്യം മനസ്സിലായി. അത് മറ്റൊന്നുമല്ല, പ്രകൃതി വാതകം കൊണ്ട് സമ്പന്നമായ രാജ്യമാണ് അസർബൈജാൻ. ഇടക്കെപ്പോഴോ ഒരു ഭൂകമ്പം ഉണ്ടാകുകയും വാതകം പുറത്തേക്ക് വമിച്ച് തീ പിടിക്കുകയും ചെയ്യുകയായിരുന്നു. ഇതടക്കം പല കാഴ്ചകളും തങ്ങളും കുടുംബവും കാണുകയുണ്ടായി. മറ്റൊരു പ്രധാന കാഴ്ച ബാക്കുവിലെ ശാറ ശുഹദാ ആയിരുന്നു. സോവിയറ്റ് യൂണിയൻ അസർബൈജാനിൽ നടത്തിയ ക്രൂരമായ കൂട്ടക്കൊലയിൽ വീരചരമം വരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് ഇത്. ഈ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അഭിമാന സ്മാരകമാണിത്. 1990 ജനുവരിയിലായിരുന്നു കിരാതമായ സോവിയറ്റ് കൂട്ടക്കൊല.



ഡൽഹി



തങ്ങളുടെ വിദേശയാത്രകളേക്കാൾ ചില വ്യതിരിക്തതകൾ തങ്ങളുടെ ആഭ്യന്തര യാത്രകൾക്കുണ്ടായിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തലസ്ഥാന നഗരമായ ഡൽഹിയിലേക്കുള്ള യാത്രകളായിരുന്നു. പല വിദേശ യാത്രകൾക്കു വേണ്ടിയും ഡൽഹിയിൽ നടന്ന പാർട്ടി നാഷണൽ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുക്കുവാനും പാർട്ടിയുടെ വിവിധ പദ്ധതികൾക്കു വേണ്ടിയുമെല്ലാം നിരവധി തവണ തങ്ങൾ ഡൽഹിയിൽ പോവുകയുണ്ടായി. ഈ യാത്രകളിൽ ഡൽഹി ജുമാ മസ്ജിദ്, ചെക്കോട്ട, ഖുതബ് മിനാർ തുടങ്ങി ചരിത്ര പ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദർശിക്കുവാൻ തങ്ങൾ പ്രത്യേക താൽപര്യം കാണിക്കുമായിരുന്നു. ഈ യാത്രകളിൽ രാജ്യത്തിന്റെ വിവിധ ഉദ്യോഗസ്ഥ പ്രമുഖർ, മന്ത്രിമാർ, വിദേശ രാജ്യങ്ങളുടെ അമ്പാസിഡർമാർ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച്ചകൾ നടത്തുകയും പതിവായിരുന്നു.



തങ്ങൾ ഡൽഹിയിലെത്തുമ്പോൾ പല ഉന്നതരും തങ്ങളെ കാണുവാനും അദ്ദേഹവുമായി ആശയവിനിമയം നടത്തുവാനും താൽപര്യം കാണിച്ചിരുന്നത് തങ്ങൾ ന്യൂനപക്ഷത്തിന്റെ പ്രത്യേകിച്ചും ഇന്ത്യൻ മുസ്ലിംകളുടെ ഒരു സുസമ്മതനായ നേതാവാണ് എന്ന നിലക്കായിരുന്നു. മതേതരത്വത്തെ പൂർണ്ണമായ അർഥത്തിൽ ഉൾക്കൊളളുകയും അത് സുവ്യക്തമായ നയനിലപാടുകളിലൂടെ തെളിയിക്കുകയും ചെയ്തിട്ടുള്ള പാർട്ടി മുസ്ലിം ലീഗാണ്. അതിനാൽ അന്ധമായ വർഗ്ഗീയതയുടെ വാക്താക്കളല്ലാത്ത ആരും തങ്ങളെയോ തങ്ങളുടെ പാർട്ടിയേയോ സംശയത്തോടെ വീക്ഷിക്കുകയില്ല. ഉന്നത വൃത്തങ്ങളിലുള്ള ഈ ബന്ധങ്ങൾ ഏറെ സദൃഢമായ കാലമായിരുന്നു ഇ അഹ്മദ് എം പി കേന്ദ്ര മന്ത്രിയായ കാലം. മുസ്ലിം ലീഗ് ദേശീയ ശ്രദ്ധയിലേക്ക് ഏറെ വളർന്ന കാലമായിരുന്നു അത്.



തങ്ങൾ ഡൽഹിയിൽ ആദരിക്കപ്പെട്ട ഏറ്റവും വലിയ ചടങ്ങുകൾ രണ്ടെണ്ണമാണ്. ഒന്ന് മർഹും മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം കേന്ദ്ര ഗവൺമെന്റ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ചടങ്ങായിരുന്നു. 2010 ഓഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യ അതിഥിയായിരുന്നു. അദ്ദേഹത്തിന് നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. മുഹമ്മദലി ശിഹാബ് തങ്ങളെയും ഹൈദരലി ശിഹാബ് തങ്ങളെയും ആ ചടങ്ങിൽ വെച്ച് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രവാചകൻമാർ എന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. മറ്റൊരു ചടങ്ങ് ഇ അഹ്മദ് സാഹിബിന്റെ പുസ്തക പ്രകാശന ചടങ്ങായിരുന്നു. രാഷ്ട്രപതി ഭവനിൽ നടന്ന ആ ചടങ്ങിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പുസ്തകം തങ്ങൾക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.



തങ്ങളുടെ ആഭ്യന്തര യാത്രകളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് സാമൂഹ്യ കലാപങ്ങൾ നടന്ന ഭൂമികളിലേക്കുള്ള സമാധാന യാത്രകൾ. ഡൽഹി, മീററ്റ്, മുസഫർ നഗർ കലാപ ഭൂമികളിൽ സമാധാന സന്ദേശവുമായി തങ്ങൾ എത്തി. ഇവയിൽ എടുത്തു പറയേണ്ട ഒന്നാണ് മുസഫർ നഗർ കലാപം. 2013 ആഗസ്ത് അവസാനം അറുപത്തിരണ്ടുപേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ പലായനം ചെയ്യുകയും ചെയ്ത കലാപമാണ് മുസഫര്‍നഗര്‍ കലാപം. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാറാണ് കലാപം ആസൂത്രണം ചെയ്തതെന്ന് വിമര്‍ശമുണ്ടായിരുന്നു. ഈ കലാപത്തിലെ ഇരകൾ മഹാ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. വീടും സമ്പത്തും അഭിമാനവും നഷ്ടപ്പെട്ട ഇവർക്കു വേണ്ടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ബൈത്തുറഹ്മ എന്ന ഭവന നിർമ്മാണ പദ്ധതി മുസ്ലിം ലീഗ് തയ്യാറാക്കി. 2015 ൽ ഈ ബൈത്തു റഹ്മ വില്ലേജിന് ഹൈദരലി ശിഹാബ് തങ്ങൾ തറക്കല്ലിടുകയും 2017 ൽ 61 വീടുകൾ അടക്കുന്ന വില്ലേജ് തങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.



ആഭ്യന്തര യാത്രകളിൽ പ്രധാനപ്പെട്ട ഒന്നാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ വിവിധ ഓഫ് കാമ്പസുകളിലേക്കുള്ള യാത്രകൾ. സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട് ഒരു സമ്പൂർണ്ണ ഇസ്ലാമിക് യൂണിവേഴ്സിറ്റിയായി ഉയർന്ന ദാറുൽ ഹുദായുടെ ചാൻസലർ കൂടിയായ തങ്ങളാണ് നിലവിൽ കേരളത്തിന് പുറത്തുളള നാല് ഓഫ് കാമ്പസുകൾക്കും ശിലയിട്ടത്. സീമാന്ധ്രയിലെ പുങ്കന്നൂർ, പശ്ചിമ ബംഗാളിലെ ഭീർഭൂം ജില്ലയിലെ ഭീംപൂർ, ആസാമിലെ ബൈശ, കർണ്ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗൽ എന്നിവിടക്കളിലാണ് ദാറുൽ ഹുദായുടെ ഓഫ് കാമ്പസുകൾ പ്രവർത്തിക്കുന്നത്. ഇതിനു പുറമെ പാർട്ടി പരിപാടികളുടെ ഭാഗമായും സ്വകാര്യ സന്ദർശനങ്ങളായും ഇന്ത്യയുടെ ഒട്ടുമിക്ക നഗരങ്ങളും തങ്ങൾ സന്ദർശിച്ചിട്ടുണ്ട്. യാത്ര തങ്ങളുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിരുന്നു എന്നും ആ യാത്രകൾ കൂടി സ്വാധീനിച്ചാണ് ആ വ്യക്തിത്വം രൂപപ്പെട്ടത് എന്നുമാണ് തിരു ജീവിതത്തിലേക്കുള്ള ഒറ്റനോട്ടം നമ്മോട് പറയുന്നത്.












0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso