Thoughts & Arts
Image

ഖുർആൻ പഠനം / അൽ ഹശ്ർ -5

04-11-2022

Web Design

15 Comments





മുൻഗാമികളെ മറക്കുന്ന പിൻഗാമികൾ !



10 അവരുടെ വഴിയേ വന്ന വിശ്വാസികള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും: രക്ഷിതാവേ ഞങ്ങള്‍ക്കും സത്യവിശ്വാസസമേതം ഞങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സഹോദരങ്ങള്‍ക്കും നീ പൊറുക്കേണമേ; സത്യവിശ്വാസം വരിച്ചവരോട് ഒരുവിധ വിദ്വേഷവും ഞങ്ങളുടെ മനസ്സിലുണ്ടാക്കരുതേ; നാഥാ നിശ്ചയം നീ ഏറെ ആര്‍ദ്രനും കാരുണ്യവാനുമാകുന്നു.



ഫൈഅ് സ്വത്തിന്റെ അവകാശികളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അല്ലാഹു, അല്ലാഹുവിന്റെ റസൂൽ, അർഹരായ ബന്ധുക്കൾ, അനാഥകൾ, അഗതികൾ, വഴിയിൽ കുടുങ്ങിപ്പോയവർ, മുഹാജിറുകൾ, അൻസ്വാറുകൾ എന്നവരെയാണ് മേൽ ആയത്തുകളിൽ അവകാശികളായി പറഞ്ഞു കഴിഞ്ഞത്. ഇവരിൽ ഒതുക്കുക അല്ലാഹുവിന്റെ ഉദ്ദേശമല്ല. എല്ലാ വിശ്വാസികൾക്കും പകുത്തു കൊടുക്കാനുള്ളതാണ് ഫൈഅ് സ്വത്ത്. അതിനാൽ ഈ ആയത്തിലൂടെ അല്ലാഹു ആ പട്ടിക തുറന്നിടുകയാണ്. എല്ലാ വിശ്വാസികൾക്കും അതു ലഭിക്കണം എന്ന അർഥത്തിൽ. എന്നാൽ അങ്ങനെയങ്ങ് തുറന്നിടുകയുമല്ല. മതത്തിന്റെ പേരിൽ ഒരാൾക്ക് ഒരു അവകാശമോ വിഹിതമോ നൽകുകയാണ് എങ്കിൽ അത് ശരിക്കും അർഹിക്കുന്നുണ്ടെങ്കിൽ തന്നെയായിരിക്കണം നൽകേണ്ടത്. ശരിക്കും അർഹരാണോ എന്ന് കണ്ടെത്തുവാൻ ഈ സൂക്തത്തിൽ പറഞ്ഞിരിക്കുന്ന വിശേഷണം സച്ചരിത മുൻ ഗാമികളുമായുളള ഹൃദയ ബന്ധമാണ്. സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ എല്ലാ സഹോദരങ്ങള്‍ക്കും മഗ്ഫിറത്തിന് വേണ്ടി തേടുക, അവരോട് മാനസികമായി ഒരു വിധ വിദ്വേഷവും വെക്കാതിരിക്കുക എന്നിവയാണത്. അല്ലാഹു ഒരാളെ ശരിക്കും സത്യവിശ്വാസിയായി പരിഗണിക്കുന്നത് അയാൾ മുൻഗാമികളായ സച്ചരിതരെ അംഗീകരിക്കുകയും അവരോട് മാനസിക ബന്ധം പുലർത്തുകയും തദ്വാരാ അവർക്കു വേണ്ടി പ്രാർഥിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് എന്നുകൂടി ഈ ആയത്തിൽ നിന്ന് വായിക്കാം.



മനുഷ്യന്റെ ജീവിത ചക്രം ഒരു ശൃംഖലയാണ്. ഒരാൾ മറ്റൊരാളുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. പിന്നോട്ടു നടന്നാൽ അത് ആദ്യ മനുഷ്യനിൽ ചെന്നെത്തും എന്ന രൂപത്തിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിങ്ങനെയാകുവാൻ വേണ്ടി കൂടിയായിരിക്കാം സൃഷ്ടാവായ അല്ലാഹു മനുഷ്യനെ പ്രജനനം വഴി സൃഷ്ടിക്കുവാൻ നിശ്ചയിച്ചത്. കാരണം അങ്ങനെ മനുഷ്യൻ ജനിക്കുമ്പോഴാണോ കുഞ്ഞുമായി രക്ത ബന്ധവും പൊക്കിൾക്കൊടി ബന്ധവുമെല്ലാം ഉണ്ടാകുന്നത്. ആദ്യത്തെ രണ്ടു പേരെ അവൻ സ്വന്തം കൈ കൊണ്ടെന്നോണം വാർത്തെടുക്കുകയായിരുന്നു. പിന്നീട് ഉണ്ടാകുന്ന മനുഷ്യരെയെല്ലാം പ്രജനനം വഴിയാണ് പടക്കുന്നത്. ഇങ്ങനെയാവുമ്പോൾ ഓരോ വ്യക്തിയും തന്റെ ജനനിയുമായി മേൽ പറഞ്ഞ രൂപത്തിൽ ബന്ധിക്കപ്പെടുന്നു. ഇത് വലുതായും വികസിച്ചും ബന്ധങ്ങൾ ഉണ്ടാകുന്നു. കുടുംബം, വംശം, വർഗ്ഗം തുടങ്ങിയവയായി പിന്നീടവ വലുതാകുന്നു. ഇങ്ങനെയുണ്ടാകുന്ന ബന്ധങ്ങളെ അംഗീകരിക്കാനും മാനിക്കാനും ഓരോ മനുഷ്യനും ബാധ്യസ്ഥനാകുന്നു. തന്റെ മുൻഗാമിയെ അംഗീകരിക്കുക എന്നത് ഓരോ മനുഷ്യനിലും അർപ്പിക്കപ്പെട്ട ഒരു കടമയായി മാറുന്നു. ഇത്രയും പറഞ്ഞത് ജൈവപരമായ ബന്ധത്തെ കുറിച്ചാണ്. അതേസമയം വ മനുഷ്യന്റെ ഉണ്മ വെറും ജൈവികമല്ല. കാരണം മനുഷ്യൻ വെറും ശരീരമല്ല, മനസ്സു കൂടി ചേർന്നതാണ്. അതിനാൽ ആത്മീയമായ ബന്ധം കൂടി ഓരോ മനുഷ്യനുമുണ്ടാകും. ഇഷ്ടം, പ്രണയം, വിശ്വാസം, വിധേയത്വം തുടങ്ങി അത് പല വഴിക്കും രൂപപ്പെടാം. ഇതിനെയും ഓരോ മനുഷ്യനും മാനിക്കണം. മനസ്സിനെയും ആത്മാവിനെയും അംഗീകരിക്കുന്നവർ ഈ വഴിക്കുളള ബന്ധങ്ങളെയും മാനിക്കും. രാഷ്ട്ര പിതാവിനെ അംഗീകരിക്കാത്ത പൗരനും പിതാവിനെ അംഗീകരിക്കാത്ത മക്കളും സ്വഹാബത്തിനെ അംഗീകരിക്കാത്ത മുസ്ലിംകളും മുൻഗാമികളെ അംഗീകരിക്കാത്ത പിൻഗാമികളും ഒക്കെ ഇത്തരം പരമ സത്യങ്ങളെ അംഗീകരിക്കാത്തവരാണ്.



ഇത്രയും പറഞ്ഞത് പൊതു പരിപ്രേക്ഷ്യത്തിലാണ്. എന്നാൽ ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ ഈ വസ്തുത വായിക്കുമ്പോൾ ഇതിനേക്കാൾ വലിയ ആഴം ഈ വിഷയത്തിന് കൈവരും. കാരണം വിശ്വാസികളുടെ ഈ ആയത്തിൽ പറഞ്ഞതു പോലുള്ള സച്ചരിതരായ മുൻഗാമികൾ പിൻഗാമികൾക്ക് ആദർശത്തിന്റെ സ്ഥാപകരും പിതാക്കളുമൊക്കെയാണ്. അവരാണ് പിൻഗാമികൾക്ക് എല്ലാം പഠിപ്പിച്ചു കൊടുത്ത് കൈമാറിയത്. തന്റെ അനുയായികളെ പിന്തുടരുവാൻ നബി(സ) ഉപദേശിക്കുകയുണ്ടായി. അത് ഈ അർഥത്തിലാണ്. ഇമാം മാലിക്(റ) ഈ ആയത്തിന്റെ വെളിച്ചത്തിൽ റാഫിളികൾക്ക് (ശിയാക്കൾക്ക്) ഫൈഅ് സ്വത്തിൽ അവകാശമില്ല എന്ന് സമർഥിക്കുകയുണ്ടായി. അവർക്ക് അല്ലാഹു ഈ ആയത്തിൽ പറയുന്ന ഗുണം ഇല്ലാത്തതാണ് കാരണം എന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം, അവർ സ്വഹാബിമാരിൽ തങ്ങൾക്ക് ആദർശ പ്പൊരുത്തമില്ലാത്തവരെ ചീത്ത പറയുന്നവരാണ്. മുൻഗാമികളെ തള്ളിപ്പറയുന്നത് അന്ത്യനാളിന്റെ അടയാളമായി നബി(സ) പ്രവചിച്ചിട്ടുമുണ്ട്. ഇമാം ബഗ് വി(റ) ഉദ്ധരിക്കുന്ന ഹദീസിൽ അവസാന തലമുറ ആദ്യ തലുറയെ ശപിക്കുന്ന കാലം വരാതെ ഈ ഉമ്മത്ത് യാത്രയാകില്ല എന്നാണ് നബി(സ) പറഞ്ഞത്. ചെറിയ ലക്ഷ്യങ്ങൾക്കും വാദങ്ങൾക്കും വേണ്ടി മുൻഗാമികളെ നിർദ്ദാക്ഷിണ്യം തള്ളിക്കളയുന്ന പ്രവണത ഏറിവരുന്നതിൽ അതുകൊണ്ടു തന്നെ നാം ആശങ്കപ്പെടണം.



11 കപടവിശ്വാസികളെ നിങ്ങള്‍ കണ്ടില്ലേ? വേദക്കാരില്‍ നിന്ന് നിഷേധികളായ തങ്ങളുടെ സഹോദരങ്ങളോട് അവര്‍ പ്രലോഭിപ്പിക്കുന്നു: നിങ്ങള്‍ ബഹിഷ്‌കൃതരാവുകയാണെങ്കില്‍ ഞങ്ങളും നിങ്ങളൊന്നിച്ച് നാടുവിടുക തന്നെ ചെയ്യും; നിങ്ങളുടെ കാര്യത്തില്‍ മറ്റാരെയും ഞങ്ങളനുസരിക്കില്ല. ഇനി നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാലോ ഞങ്ങള്‍ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യുന്നതാണ്. അക്കൂട്ടര്‍ നുണ തന്നെയാണ് പറയുന്നത് എന്നതിന് അല്ലാഹു സാക്ഷി.



സൂറത്തുൽ ഹശ്റിന്റെ ആമുഖത്തിൽ പറഞ്ഞ കാര്യത്തിലേക്ക് വീണ്ടും വിഷയം തിരിച്ചുവരിയയാണ്. ജൂത കുടുംബമായ ബനൂ നളീറുമായുളള പ്രശ്നം സങ്കീർണ്ണമായതോടെ അവരെ നാടുകടത്തിയേക്കും എന്ന ഒരു സൂചന മദീനയിൽ പരന്നു. അപ്പോൾ മദീനയിലെ കപട വിശ്വാസികളായ അബ്ദുല്ലാഹി ബിൻ ഉബയ്യ് ബിൻ സലൂൽ, അബ്ദുല്ലാഹി ബിൻ നബ്തൽ, രിഫാഅത്ത് ബിൻ സൈദ് തുടങ്ങിയവർ ബനൂ നളീർ ഗോത്ര പ്രമുഖരെ സമീപിച്ച് വലിയവായിൽ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. നിങ്ങളെ പുറത്താക്കിയാലും നിങ്ങൾ ഒരിക്കലും മദീന വിടരുത്. അതിനെ തുടർന്ന് യുദ്ധമുണ്ടായാല്‍ നിങ്ങൾ ഭയപ്പെടേണ്ട, ഞങ്ങളും കൂടെയുണ്ടാകും. എന്നിട്ടും നിങ്ങൾ ബഹിഷ്‌കൃതരായാല്‍ ഞങ്ങളും നിങ്ങളുടെ കൂടെവരും എന്നെല്ലാം അവർ പറഞ്ഞു. ഇതൊക്കെ നുണയും കേവല പ്രലോഭനങ്ങളുമായിരുന്നു എന്ന് അല്ലാഹു അടുത്ത ആയത്തിൽ പറയുന്നു.



12 ജൂതര്‍ ബഹിഷ്‌കൃതരാകുന്ന പക്ഷം ഈ മുനാഫിഖുകള്‍ അവരൊന്നിച്ചു പോകില്ല അവരോട് യുദ്ധം ചെയ്യപ്പെടുന്നുവെങ്കില്‍ ഇവര്‍ സഹായിക്കുകയുമില്ല; ഇനി സഹായിക്കുകയാണെങ്കില്‍ തന്നെ ഇവര്‍ തീര്‍ച്ചയായും പിന്തിരിഞ്ഞോടും; പിന്നെയവര്‍ക്ക് ഒരു സഹായവും കിട്ടില്ല.



കപട വിശ്വാസികൾ പറയുന്നത് വെറും കള്ളമാണ്. ജൂതർക്ക് അത്തരമൊരു ഗതി വന്നാൽ ഇവർ ഒപ്പം പോകുകയോ സഹായിക്കുകയോ ഒന്നും ചെയ്യില്ല. അഥവാ അവർ സഹായിക്കാൻ വന്നു എങ്കിൽ തന്നെ ഉണ്ടായേക്കാവുന്ന കാര്യവും അല്ലാഹു പറയുന്നു, അവർ തോറ്റോടുമെന്ന്. യുദ്ധക്കളത്തിൽ പടയാളിയെ ധൈര്യം കൊടുത്ത് പിടിച്ചുനിറുത്തുന്നത് ശക്തിയുള്ള വിശ്വാസമാണ്. നബി(സ) നയിച്ച യുദ്ധങ്ങൾ അതിന് മതിയായ തെളിവാണ്. ബദർ യുദ്ധം അവയിൽ മുമ്പിൽ നിൽക്കുന്നു. അന്ന് ആളും ആയുധവും കുറവായിരുന്നു. എതിർപക്ഷത്താ വട്ടെ, ഇതെല്ലാം വേണ്ടത്ര ഉണ്ടായിരുന്നു. എന്നിട്ടും വിശ്വാസികൾ അൽഭുതകരമായി വിജയിച്ചു. അവിശ്വാസികൾക്കും കപടവിശ്വാസികൾക്കും മനോബലം ഉണ്ടാവില്ല എന്നതാണ് അതിന് കാരണം. അല്ലാഹുവിലുള്ള വിശ്വാസമാണ് മനസ്സിൽ നിര്‍ഭയത്വം നിറക്കുന്നത്. കാരണം, വിശ്വാസം നല്‍കുന്നത് പ്രതീക്ഷയാണ്. പ്രതീക്ഷ ലക്ഷ്യമായി തെളിയുമ്പോൾ മുമ്പിലെ പ്രതിബന്ധങ്ങൾ കണ്ണിൽ പെടുകയോ അതിൽ തട്ടി മുന്നേറ്റം തടസ്സപ്പെടുകയോ ഇല്ല. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ട വിധം ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ പറവകള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതുപോലെ അവന്‍ നിങ്ങള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതാണ്. പറവകള്‍ കാലിയായ വയറുമായി പ്രഭാതത്തില്‍ പുറപ്പെടുകയും, നിറഞ്ഞ വയറുമായി മടങ്ങിവരുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. (അത്വലാഖ്: 3,4) ഇത്തരത്തിലുള്ള ഉറപ്പുള്ള ഒരു വിശ്വാസം ഇല്ലാത്തതിനാൽ അവിശ്വാസികൾ വിജയിക്കില്ല. കപടവിശ്വാസികളുടെ കാര്യമാവട്ടെ അതിനേക്കാൾ പ്രയാസകരമാണ്. അവരുടെ മനസ്സ് സത്യത്തിൽ ത്രിശങ്കുവിലാണല്ലോ.



13 അല്ലാഹുവിനേക്കാള്‍ അവരുടെ മനസ്സുകളില്‍ ഏറെ ഭയപ്പാടുള്ളവര്‍ വിശ്വാസികളേ നിങ്ങളാകുന്നു. വസ്തുതകള്‍ മനസ്സിലാക്കാത്ത ഒരു വിഭാഗമാണവര്‍ എന്നതുകൊണ്ടത്രേ അത്.



കപടവിശ്വാസികൾക്ക് അല്ലാഹുവിനേക്കാൾ ഭയം നിങ്ങളെയാണ് എന്ന് പറയുമ്പോൾ അല്ലാഹു അവർക്ക് അല്ലാഹുവോടുള്ള ഭയത്തിന്റെ കണക്ക് പറയുകയല്ല, മറിച്ച് അവർ അങ്ങനെ ഒരു ഇലാഹിൽ വിശ്വസിക്കുന്നേയില്ല എന്ന് പറയുകയാണ്. അതേ സമയം അവരുടെ മുമ്പിൽ നിൽക്കുന്ന വിശ്വാസികളെ അവർ ഭയപ്പെടുന്നുണ്ട്. കാരണം അവരെ അവർ കാണുന്നുണ്ട്. കാണുന്നതിനെ മാത്രം അംഗീകരിക്കുന്നവരാണ് കപടവിശ്വാസികൾ. ഇവരുടെ ഗണത്തിൽ തന്നെയാണ് വിശ്വാസമുണ്ടായിട്ടും അതില്ലാത്ത ജൂതരും. ഇവരിൽ ആരെക്കുറിച്ചുമാകാം ഈ ആയത്തിലെ പരാമർശം. അവരുടെ അകത്ത് വിശ്വാസമില്ല. വിശ്വാസം എന്ന പ്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതാണ്. അത് ശക്തമായ ഒരു ധാരണയാണ്. തെറ്റാകുവാൻ സാധ്യതയില്ലാത്ത വിധം നാലു പാടും തെളിവുകൾ കൊണ്ട് അത് ബലപ്പെടുത്തപ്പെട്ടിരിക്കും എന്നു മാത്രം. കണ്ണു കൊണ്ടോ മറ്റു ഇന്ദ്രിയങ്ങൾ കൊണ്ടോ കണ്ടോ മറ്റോ അറിയുന്ന കാര്യങ്ങൾ അറിവാണ്, വിശ്വാസമല്ല.



14 കോട്ടകെട്ടിയ പ്രദേശങ്ങളിലോ മതിലുകള്‍ക്ക് പിന്നിലായോ അല്ലാതെ ഒന്നിച്ച് നിങ്ങളോടവന്‍ അടരാടുകയില്ല; അവര്‍ക്കിടയിലുള്ള പരസ്പര പോരാട്ടം തന്നെ രൂക്ഷമാണ്. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ ധരിക്കും എന്നാല്‍ ഹൃദയങ്ങള്‍ ഭിന്നമാണ്. ചിന്തിച്ചു ഗ്രഹിക്കാത്ത ഒരു ജനതയാണവര്‍ എന്നതുകൊണ്ടാണത്.



ഈ ആയത്ത് ജൂതൻമാരെ കുറിച്ചാണ് എന്നത് വ്യക്തമാണ്. കാരണം അവരെ കുറിച്ച് വിശുദ്ധ ഖുർആനിൽ പലയിടത്തും അവർ പേടിത്തൊണ്ടൻമാരാണ് എന്നും ഭൗതിക ജീവിതത്തോട് വലിയ ആർത്തിയുള്ളവരാണ് എന്നും പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി അൽ ബഖറ സൂറ പറയുന്നു: സകല മനുഷ്യരെക്കാളും ഭൗതിക ജീവിതതല്‍പരരാണ് ജൂതരെന്ന് താങ്കള്‍ക്കു കാണാം; ബഹുദൈവ വിശ്വാസികളെക്കാള്‍ വരെ. ആയിരം കൊല്ലം ജീവിച്ചിരുന്നുവെങ്കില്‍ എന്നാണ് ഓരോരുത്തരുടെയും അഭിലാഷം. എന്നാല്‍ ദീര്‍ഘായുഷ്മാനാകുന്നതുകൊണ്ട് ശിക്ഷയില്‍ നിന്നു അവന്‍ ദൂരീകരിക്കപ്പെടില്ല. അവരുടെ ചെയ്തികളെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മ ദൃഷ്ടിയുള്ളവനത്രേ. (2: 96)
സത്യവിശ്വാസികളോട് നേരിട്ട് യുദ്ധം ചെയ്യാന്‍ ജൂതന്മാര്‍ ധൃഷ്ടരാകില്ല. കാരണം, വിശ്വാസികള്‍ രക്തസാക്ഷ്യം സ്വാഗതം ചെയ്യുന്നവരാണ്. ജൂതരാകട്ടെ മരണമാഗ്രഹിക്കാത്തവരുമാണ്. ഇനി ഏറ്റുമുട്ടലിനു നിര്‍ബന്ധമായാല്‍ തന്നെ കോട്ടകെട്ടി ഭദ്രമാക്കിയ സ്ഥലത്തോ ഒരു മറക്കോ മതിലിനോ പിന്നിലോ വെച്ച് മാത്രമേ അവരത് ചെയ്യൂ. നേരിട്ടുള്ള ഒരു യുദ്ധത്തിന് അവർക്ക് ധൈര്യം ഉണ്ടാവില്ല. ബൈബറിലെ ജൂതൻമാരുടെ ചരിത്രം നമുക്കറിയാവുന്നതാണ്. ബലിഷ്ഠമായ കോട്ടകളിൽ കയറി വാതിലടച്ചാണ് അവർ യുദ്ധം ചെയ്തിരുന്നത്. അതിനാൽ തന്നെ ഇത്തരം സൈനിക ദൗത്യങ്ങളിൽ മുസ്ലിം സേനക്ക് ഉപരോധം ഏർപ്പെടുത്തി യുദ്ധം ചെയ്യേണ്ടിവന്നു. ഇന്നും അവരുടെ ഈ സ്വഭാവം തുടരുന്നു എന്നത് കൗതുകക്കാഴ്ച്ചയാണ്. ജൂതൻമാർ ഇപ്പോഴും മുമ്പിൽ വന്നും നിന്നുമല്ല യുദ്ധം ചെയ്യുന്നത്, പാശ്ചാത്യ ശക്തികളെയും മറ്റും മുന്നിൽ നിറുത്തി പിന്നിൽ നിന്ന് മാത്രമാണ്. മറ്റൊരു കാര്യം കൂടി ഈ ആയത്ത് വ്യക്തമാക്കുന്നു. അത് അവർക്കിടയിലെ അന്ത്യ ചിദ്രതയാണ്. അവര്‍ തന്നെ പല കക്ഷികളും ഗ്രൂപ്പുകളും വിഭാഗങ്ങളുമാണിന്നും. മനുഷ്യമനസ്സുകളെ ഏകോപിപ്പിക്കുവാൻ ശക്തിയുള്ള ഒരു വിശ്വാസക്രമത്തിന്റെ അഭാവമാണ് ഇതിന് കാരണം.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso