Thoughts & Arts
Image

റമളാനിയ്യാത്ത് - രണ്ട്

18-03-2023

Web Design

15 Comments




വിശുദ്ധ ഖുർആൻ ജിബ് രീൽ(അ)മുമായി ഒത്തുനോക്കിയിരുന്നതും റമളാനിലായിരുന്നു. അതുവരെ ഇറങ്ങിയ ആയത്തുകൾ മുഴുവനും ഒരു പ്രാവശ്യം ഒത്തുനോക്കുവാൻ ഏറെ സമയം വേണ്ടിവരും. നബി(സ) തങ്ങൾ വഫാത്താകുന്ന വർഷം ഇങ്ങനെ രണ്ടു തവണ ഒത്തുനോക്കുകയുണ്ടായി. വഹ്‌യിന്റെ പ്രത്യേക അവസ്ഥയായിരിക്കും അപ്പോൾ നബി തങ്ങൾക്കുണ്ടാവുക. മഗ്‌രിബിന്റെ സമയം അടുത്തുവന്നാല്‍ ചില പ്രത്യേകമായ ദിക്‌റുകളും പ്രാര്‍ഥനകളും ഉരുവിടുമായിരുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ നോമ്പ് മുറിക്കാനുള്ള വിഭവങ്ങള്‍ കൊണ്ടുവരാന്‍ ഭാര്യയോട് ആവശ്യപ്പെടും. മഗ്‌രിബ് നിസ്‌ക്കാരത്തിന് മുമ്പ് നോമ്പ് മുറിക്കുമായിരുന്നു. നോമ്പ് തുറ നീട്ടി വെക്കരുത് എന്നാണ് നബി(സ) പഠിപ്പിച്ചത്. അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ അടിമകളിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായവർ സമയമായ ഉടനെ തന്നെ നോമ്പ് തുറക്കുന്നവരാന്. (തിർമുദി). മറ്റൊരു ഹദീസ് സഹ്ല്‍ ബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം ചെയ്യപ്പെട്ടതാണ്. അതിൽ നബി(സ്) പറഞ്ഞു: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി). അസ്തമയം ഉറപ്പായിക്കഴിഞ്ഞാൽ പിന്നെ തഖ് വയെന്നോ സൂക്ഷ്മതയെന്നോ വാദിച്ചു പോലും തുറ വൈകിക്കരുത് എന്നാണ് ഇതിന്റെ ധ്വനി. ഈത്തപ്പഴം കൊണ്ടായിരുന്നു പ്രവാചകര്‍(സ) നോമ്പ് മുറിച്ചിരുന്നത്. അതില്ലെങ്കില്‍ കാരക്ക കൊണ്ട്. അതും ഇല്ലെങ്കില്‍ അല്‍പം വെള്ളം കൊണ്ട്. നോമ്പു തുറക്കുമ്പോൾ ഇങ്ങനെ ചൊല്ലൽ സുന്നത്താണ്.



മാറ്റുകൂട്ടുന്ന മൂന്നു കാര്യങ്ങൾ



നബിയുടെ റമളാനുകളെ ഏറ്റവും സജീവമാക്കിയിരുന്ന മൂന്നു കാര്യങ്ങളിൽ ഒന്നായിരുന്നു ദാന ധർമ്മങ്ങൾ. റമളാനിൽ ജിബ്‌രീലുമായി വിശുദ്ധ ഖുർആൻ ഒത്തു നോക്കുന്ന ദിനങ്ങളിൽ ആയിരുന്നു നബിയുടെ ദാനശീലം ഉത്തുംഗതയിൽ എത്തിയിരുന്നത്. അപ്പോൾ ഉണ്ടായിരുന്ന നബിയുടെ ദാനത്തെ ഹദീസുകൾ ഉപമിക്കുന്നത് മന്ദ മാരുതനോടാണ്. എല്ലാ അംശങ്ങളിലേക്കും സരളമായി ഇറങ്ങിച്ചെല്ലുന്ന വിധത്തിൽ എല്ലാ അവശത അനുഭവിക്കുന്നവരിലേക്കും നബിയുടെ ദാനം ഇറങ്ങി ചെല്ലുമായിരുന്നു. ആര് എന്ത് ചോദിച്ചാലും നൽകുന്ന പ്രകൃതമായിരുന്നു നബിയുടേത് എന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്. മറ്റു രണ്ടു കാര്യങ്ങൾ പ്രധാനമായും അവസാനത്തെ പത്തിനെ ചുറ്റിപ്പറ്റിയുള്ളതാണ്. അവയിൽ ഒന്ന് അവസാനത്തെ പത്തിൽ സാധാരണയായി നബി തങ്ങൾ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്നതാണ്. ശുദ്ധമായ ശരീരവും ശാന്തമായ മനസ്സും ശക്തമായ നിയ്യത്തും കർമ്മങ്ങളും പ്രാർത്ഥനകളും ആയി പള്ളിയിൽ കഴിയുന്നതിനെയാണ് ഇഅ്ത്തികാഫ് എന്ന് പറയുന്നത്. ഈമാനിനെ വളർത്തുവാൻ ഏറെ സഹായകമാണ് ഈ ആരാധന. സാധാരണ ഇതിനായി പത്ത് ദിവസമാണ് നബി നീക്കിവെക്കാറുണ്ടായിരുന്നത്. അവസാന വർഷമായപ്പോൾ അത് 20 ആയി. നബി തിരുമേനി(സ)ക്ക് തന്റെ ദിനങ്ങളെ മറ്റു പലതിലേക്കും അനിവാര്യമായും നീക്കിവെക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പത്തിൽ ഒതുങ്ങിയത്. എന്നാൽ ഇഅ്ത്തികാഫ് എപ്പോഴും സുന്നത്താണ്. റമളാനിൽ ശക്തമായ സുന്നത്തും. രണ്ടാമത്തെ കാര്യം അവസാനത്തെ പത്തിൽ തന്നെ നബി തങ്ങൾ കൂടുതൽ ഊർജ്ജസ്വലമായ ആരാധനകളിൽ ലയിച്ചുചേരുകയും തന്റെ കുടുംബത്തെ അതിൽ ഒപ്പം കൂട്ടുകയും ചെയ്യുമായിരുന്നു എന്നതാണ്. ഈ ദിനങ്ങൾ അവർക്ക് നിദ്രാവിഹീങ്ങളായിരുന്നു.



ഇതെല്ലാം പാലിക്കണം



നോമ്പിന്റെ കർമ്മശാസ്ത്രത്തിൽ ആദ്യമായി പറയാനുള്ളത് ഫർളുകളെ കുറിച്ചാണ് നോമ്പിന് രണ്ട് ഫർളുകളാണുള്ളത്. ഒന്നാമത്തേത്, നേരത്തെ പറഞ്ഞതുപോലെ ഫർളായ നോമ്പാണ് എങ്കിൽ രാത്രിയിലും സുന്നത്തായ നോമ്പാണ് എങ്കിൽ ളുഹറിന് മുമ്പായും നിയ്യത്ത് കരുത്തുക എന്നതാണ്. നോമ്പിന്റെ രൂപം മനസ്സിൽ കൊണ്ടുവരികയും അത് അപ്രകാരം ചെയ്യുവാൻ നിശ്ചയിച്ചു മനസ്സിൽ ഉറപ്പിക്കുകയും ചെയ്യലാണ് നിയ്യത്ത്. ഫർളായ നോമ്പാണെങ്കിൽ ഇന്ന ഫർള് എന്ന് കൂടെ കരുതണം. നോമ്പിന്റെ സമയം സൂര്യോദയത്തിന് നാന്ദി കുറിക്കപ്പെടുന്നതിന്റെ അടയാളമായി ഫജ്ർ സാദിഖ് (ഉൺമ പ്രഭാതം) ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെയാണ്. ഇവ രണ്ടിന്റെയും ഇടയിലുള്ള രാത്രിയിലാണ് നിയ്യത്ത് ചെയ്യേണ്ടത്. രണ്ടാമത്തേത് നോമ്പ് മുറിയുന്ന കാര്യങ്ങൾ സൂക്ഷിക്കുക എന്നതാണ്.



ഫർളുകൾ കഴിഞ്ഞാൽ പിന്നീട് പഠിക്കാൻ ഉള്ളത് സുന്നത്തുകളും കറാഹുകളും ഹറാമുകളും ആണ് . രാത്രിയിൽ അത്താഴം കഴിക്കുക, അസ്തമയം ഉറപ്പായാൽ ഉടനെ നോമ്പ് തുറക്കുക എന്നിവയാണ് നോമ്പിന്റെ പ്രധാന സുന്നത്തുകൾ. വലിയ അശുദ്ധി ഉണ്ടെങ്കിൽ സുബഹിക്ക് മുമ്പ് തന്നെ കുളിക്കുക, പകൽ സമയത്ത് സുഗന്ധം, സുറുമ തുടങ്ങിയ അലങ്കാരങ്ങൾ ഒഴിവാക്കുക, വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തുക, ശാന്തത കൈക്കൊള്ളുക, ജമാഅത്തായി നിസ്കാരങ്ങൾ നിർവഹിക്കുക, സുന്നത്തുകൾ വർധിപ്പിക്കുക, ഖുർആൻ പാരായണം അധികരിപ്പിക്കുക, ദാനധർമ്മങ്ങൾ ഇഅ്തികാഫ് മുതലായവ അധികരിപ്പിക്കുക, നോമ്പുകാരെ നോമ്പ് തുറപ്പിക്കുവാൻ ഉത്സാഹിക്കുക, യഥാക്രമം ഈത്തപ്പഴം, കാരക്ക, വെള്ളം എന്നിവ കൊണ്ട് നോമ്പുതുറക്കുക തുടങ്ങിയവയെല്ലാം നോമ്പിന്റെ പൊതുവായ സുന്നത്തുകളിൽ പെടുന്നു. ഇവയോരോന്നും നോമ്പിന് കൂടുതൽ മനസ്സാന്നിധ്യവും പ്രതിഫലവും പ്രദാനം ചെയ്യുന്നവയാണ്.



നോമ്പിന്റെ സുന്നത്തിന് വിഘാതമാകുന്നതും പ്രതിഫലത്തെ ബാധിക്കുന്നതുമായ കാര്യങ്ങളാണ് കറാഹത്തുകൾ. അവ ഒഴിവാക്കുവാൻ ശ്രമിക്കേണ്ടതാണ്. കാരണമില്ലാതെയും ആവശ്യമില്ലാതെയും അമിതമായി വായിൽ വെള്ളം കൊപ്ലിക്കുക, അകത്തേക്ക് വെള്ളം കടക്കുമെന്ന് ഭയമൊന്നുമില്ലാത്തവർ പകൽ സമയത്ത് മുങ്ങിക്കുളിക്കുക, ആവശ്യം കൂടാതെ ഭക്ഷണത്തിന്റെ രുചി പരിശോധിക്കുക, വായിൽ വല്ലതുമിട്ട് ചവച്ചുകൊണ്ടിരിക്കു ക, കാരണം കൂടാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യുക, സുഗന്ധം തുടങ്ങിയവ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം നോമ്പുകാരന് കറാഹത്താണ്. ഇവ കൊണ്ടൊന്നും നോമ്പ് മുറിയില്ലെങ്കിലും നോമ്പിന്റെ പ്രതിഫലത്തിന് കുറവും ഭംഗവും സംഭവിച്ചേക്കും. അതിനാൽ അവ ഒഴിവാക്കേണ്ടതാണ്.



ഇതൊന്നും പാടില്ല



നോമ്പിന്റെ രണ്ടാമത്തെ ഫറള് നോമ്പ് മുറിയുന്ന കാര്യങ്ങളെ സൂക്ഷിക്കുക എന്നതാണല്ലോ. നാലു കാര്യങ്ങളിൽ ഒന്നിനാലാണ് നോമ്പ് ദുർബലപ്പെടുക. നോമ്പുകാരൻ ആയിരിക്കെ ലൈംഗിക ബന്ധം പുലർത്തുക, പരസ്പരം ശരീരങ്ങൾ നഗ്നമായി സ്പർശിക്കുന്ന വിധം സംയോഗേതര മാർഗ്ഗങ്ങളിലൂടെ ബീജസ്ഖലനം സംഭവിക്കുക, ഉണ്ടാക്കി ഛർദ്ദിക്കുക, ശരീരത്തിന്റെ തുറക്കപ്പെട്ട ദ്വാരങ്ങളിൽ ഒന്നിലൂടെ വല്ലതും അകത്തേക്ക് കടക്കുക എന്നിവയാണ് ആ നാല് കാര്യങ്ങൾ. ഭാര്യ-ഭർത്താക്കന്മാർ നോമ്പുകാരാ യിരിക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നോമ്പ് നഷ്ടപ്പെടും എന്നു മാത്രമല്ല സൗകര്യം ലഭിക്കുന്ന ആദ്യ സമയത്തു തന്നെ അത് ഖളാ വീട്ടേണ്ടതും അതിനു പുറമെ പ്രായശ്ചിത്തം ചെയ്യേണ്ടതുമാണ്. ഒരു അടിമയെ മോചിപ്പിക്കുക, അതിന് കഴിയില്ലെങ്കിൽ തുടർച്ചയായ രണ്ടുമാസം നോമ്പനുഷ്ഠിക്കുക, അതിനും കഴിയില്ലെങ്കിൽ 60 ദരിദ്രർക്ക് ഓരോ മുദ്ദ് വീതം നാട്ടിലെ സാധാരണ ഭക്ഷ്യധാന്യം നൽകുക എന്നിവയിൽ ഏതെങ്കിലും ഒന്നാണ് പ്രായശ്ചിത്തം.



വല്ലതും അകത്തേക്ക് കടക്കുക എന്നു പറഞ്ഞതിന്റെ പരിധിയിൽ എല്ലാ തരം ഭക്ഷണ-പാനീയങ്ങളും വരുന്നുണ്ട്. എന്നാൽ സ്വാഭാവിക ഉമിനീർ വിഴുങ്ങുന്നത് കൊണ്ട് നോമ്പ് മുറിയില്ല. അതേസമയം കുട്ടികളെ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്നത് പോലെ മറ്റൊരാളുടെ ഉമിനീർ ഇറക്കിയാൽ നോമ്പ് മുറിയും. ഊനിൽ നിന്ന് വന്ന രക്തം കലർന്ന ഉമിനീർ ഇറക്കിയാലും നോമ്പ് മുറിയും. മരുന്നോ ഗ്ലൂക്കോസോ ഇഞ്ചക്ഷൻ ചെയ്യുന്നത് കൊണ്ട് നോമ്പ് മുറിയില്ല. കാരണം അത് സ്വാഭാവികമായ തുറക്കപ്പെട്ട ദ്വാരങ്ങൾ വഴിയല്ല അകത്തേക്ക് കടക്കുന്നത്. സ്വാഭാവിക കഫം തലയിൽ നിന്ന് ഇറങ്ങിവരലും അത് തുപ്പിക്കളയാൻ കഴിയുന്ന വിധം പുറത്ത് (അറബിയിലെ ഹാഇന്റെ മഖ്റജ്) എത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ എന്നിട്ടും അതിറക്കിയാൽ നോമ്പ് മുറിയും. സുറുമ ഇടുന്നത് കൊണ്ടും അറിയാതെ വായയിൽ ഈച്ചയോ പ്രാണിയോ കടക്കുകയും നിയന്ത്രിക്കാൻ ആവാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്നതുകൊണ്ടും നോമ്പ് മുറിയില്ല. നോമ്പാണ് എന്ന കാര്യം മറന്ന് ഭക്ഷണം കഴിച്ചാലും മറ്റൊരാളുടെ ബലാൽക്കാരത്തിന് വഴങ്ങേണ്ടിവന്നു കഴിച്ചാലും നോമ്പ് മുറിയില്ല. എന്നാൽ ശൗച്യം ചെയ്യുമ്പോഴും കുളിക്കുമ്പോഴും വുളു ചെയ്യുമ്പോഴും വായയിലും മറ്റും വെള്ളം കടത്തുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അകത്തേക്ക് വെള്ളമോ വിരലുകൾ തുടങ്ങിയ അംഗങ്ങളോ കടന്നാൽ നോമ്പ് മുറിയും. മൂലക്കുരുവിന്റെ കാര്യത്തിൽ പക്ഷേ ഇളവുകളുണ്ട്.



ആർക്കെല്ലാം നിർബന്ധമാണ് ?



ബുദ്ധിയും ശുദ്ധിയും നോമ്പനുഷ്ഠിക്കാനുള്ള ശാരീരിക കഴിവുമുള്ള എല്ലാ പ്രായപൂർത്തിയായ മുസ്ലീങ്ങൾക്കും റമളാൻ മാസത്തിൽ നോമ്പ് നോൽക്കൽ നിർബന്ധമാണ്. കുട്ടികൾ, ആർത്തവ-പ്രസവ രക്തങ്ങൾ ഉള്ള സ്ത്രീകൾ, ഭ്രാന്തന്മാർ എന്നിവർക്ക് നോമ്പ് നിർബന്ധമല്ല. ഏഴ് വയസ്സെത്തിയ വകതിരിവുള്ള കുട്ടികൾക്ക് നോമ്പ് അനുഷ്ഠിക്കാൻ ബാധ്യതയില്ലെങ്കിലും അവർ നോമ്പ് എടുത്താൽ അവരുടെ നോമ്പ് സ്വഹീഹ് തന്നെയാണ്. ആർത്തവ-പ്രസവ രക്തസ്രാവങ്ങൾ ഉള്ള സ്ത്രീകൾ ആ സമയത്ത് നോമ്പ് അനുഷ്ടിക്കരുത്. അവ കഴിഞ്ഞാൽ അവർ ആ ദിവസങ്ങളിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖളാ വീട്ടണം. ദീർഘ യാത്രക്കാർക്ക് നോമ്പ് ഒഴിവാക്കാം. യാത്ര കൊണ്ട് പ്രയാസമുണ്ടെങ്കിൽ നോമ്പ് ഒഴിവാക്കലാണ് ഉത്തമം. പ്രയാസം ഇല്ലെങ്കിൽ നോമ്പ് എടുക്കൽ ആണ് ഉത്തമം. ഇത്തരം യാത്രകളുടെ ഏറ്റവും കുറഞ്ഞ ദൈർഘ്യം 132 കിലോമീറ്റർ ആണ്. ഇങ്ങനെ നോമ്പ് ഒഴിവാക്കുന്ന യാത്രക്കാരൻ ഈ നോമ്പ് ഖളാ വീട്ടണം. ജീവിത സന്ധാരണത്തിന് അനിവാര്യമായ ജോലിയിൽ ഏർപ്പെടുന്നവർക്ക് പ്രയാസം ഉണ്ടെങ്കിൽ നോമ്പ് ഒഴിവാക്കാവുന്നതാണ്. ഈ നോമ്പ് പിന്നീട് ഖളാ വീട്ടണം. എന്നാൽ പ്രയാസം അസഹ്യമാകുന്ന സമയത്ത് മാത്രമേ നോമ്പ് ഒഴിവാക്കാവൂ. അതിനു വേണ്ടി നേരത്തെ നോമ്പ് ഒഴിവാക്കാവുന്നതല്ല.



മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾ, വാർദ്ധക്യത്താൽ അവശരായവർ എന്നിവർ നോമ്പെടുക്കേണ്ടതില്ല. പകരം അവർ ഓരോ ദിവസത്തിനും ഒരു മുദ്ദ് (800 മില്ലീലിറ്റർ) ഭക്ഷ്യധാന്യം പരിഹാരമായി നൽകണം. ഓരോ ദിവസത്തിനും നൽകേണ്ടത് അന്നന്നു തന്നെ നൽകലാണ് നല്ലത് എങ്കിലും ഒന്നിച്ച് നൽകുന്നതിന് വിരോധമില്ല. ശമനം പ്രതീക്ഷിക്കുന്ന രോഗിയാണെങ്കിൽ നോമ്പ് ഒഴിവാക്കി രോഗം മാറി നോമ്പു നോൽക്കാൻ കഴിയുന്ന സാഹചര്യം വരുന്നത് കാത്തുനിൽക്കുകയും ശമനം ലഭിച്ചാൽ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടുകയും ചെയ്യണം. ഇത്തരം രോഗികൾ കാത്തുനിൽപ്പിനിടെ മരണപ്പെട്ടാൽ പ്രായശ്ചിത്തമായി ഒന്നും ചെയ്യേണ്ടതില്ല. ബാധ്യതപ്പെട്ട മുദ്ദ് കൊടുത്തുവീട്ടാൻ കഴിയുന്നതിനുമുമ്പ് ഒരു വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ സ്വത്തിൽ നിന്നും ആദ്യം വീട്ടുന്ന കടബാധ്യതകളിൽ ഉൾപ്പെടുത്തി ഇത് വീട്ടണം. എത്ര വൈകിയാലും ഒരു ദിവസത്തിന് ഒരു മുദ്ദ് എന്ന തോതിൽ കൊടുത്താൽ മതിയാകും. ഫഖീർ, മിസ്കീൻ എന്നീ ഇനങ്ങളിൽ പെടുന്നവർക്ക് മാത്രമാണ് ഇതു നൽകേണ്ടത്. മുദ്ദു കൊടുക്കുവാൻ സൗകര്യപ്പെട്ടിട്ടും കൊടുക്കാതെ വന്നാൽ വൈകുന്ന ഓരോ വർഷത്തിനും ഓരോ മുദ്ദ് അധികമായി നൽകേണ്ടിവരും.



കാരണം കൂടാതെ നോമ്പ് നഷ്ടപ്പെടുത്തിയവർ അത് വേഗത്തിൽ വീട്ടേണ്ടതുണ്ട്. കാരണമെന്തെങ്കിലും ഉണ്ടായതിന്റെ പേരിൽ ഒഴിവാക്കിയതാണെങ്കിൽ തൊട്ടടുത്ത റമദാനിനു മുമ്പ് ഖളാ വീട്ടിയാൽ മതി. ശമനം പ്രതീക്ഷിക്കാത്തതിന്റെ പേരിൽ നോമ്പ് ഒഴിവാക്കുകയും പകരം മുദ്ദ് നൽകുകയും ചെയ്തതിനുശേഷം യാദൃശ്ചികമായി രോഗം ഭേദപ്പെട്ടുവെങ്കിൽ മുദ്ദ് കൊടുത്തത് തന്നെ മതിയാകും. ഗർഭിണികളും മുലയൂട്ടുന്നവരും നോമ്പ് എടുക്കുന്ന കാരണത്താൽ ശാരീരികമായി വല്ല പ്രയാസവും ഉണ്ടായേക്കും എന്ന് ഭയപ്പെടുന്നുവെങ്കിൽ അവർക്ക് നോമ്പ് ഒഴിവാക്കാം. ഇത് അവർ ഖളാ വീട്ടണം. അതേസമയം അവരുടെ ശരീരത്തിന്റെ അല്ല കുഞ്ഞിന്റെ പ്രയാസം ഭയന്നാണ് നോമ്പ് ഒഴിവാക്കിയത് എങ്കിൽ ഖളാ വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യധാന്യം നൽകുക കൂടി വേണം. ഇങ്ങനെ ഒഴിവാക്കുന്ന നോമ്പിന്റെ ഫിദ്‌യ നൽകേണ്ടത് മാതാവ് തന്നെയാണ്. കുഞ്ഞിന്റെ പിതാവല്ല.



തറാവീഹ്



പരിശുദ്ധ റമളാനിന്റെ രാത്രികളെ ആരാധനകൾ കൊണ്ട് ധന്യമാക്കുവാൻ നബിയും സഹാബത്തും കാണിച്ചു തന്ന ഒന്നാണ് തറാവീഹ് നിസ്കാരം. വിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടി റമദാനിലെ രാവുകളിൽ നിന്ന് നിസ്കരിച്ചാൽ അവന്റെ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടും എന്ന് സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ഈ ഹദീസ് വിവക്ഷിക്കുന്നത് തറാവീഹ് നിസ്കാരത്തെ ആണ് എന്ന് ഇമാം നവവി(റ) ശറഹു മുസ്ലിമിൽ പറയുന്നുണ്ട്. നബി (സ) തറാവീഹ് നിസ്കരിച്ചതിന്റെ തെളിവ് ഹദീസിൽ വന്നിട്ടുണ്ട്. റമദാനിലെ പ്രത്യേകമായ ഒരു ഫർളായി ഇതെങ്ങാനും ഗണിക്കപ്പെട്ടേക്കുമോ എന്ന ഭയത്താൽ നബി അത് ജമാഅത്തായി നിസ്കരിക്കുന്നത് പതിവാക്കുകയുണ്ടായില്ല. സഹാബിമാരുടെ കാലത്ത് പക്ഷേ ഇങ്ങനെ ഒരു ഭയത്തിന് സാധുത ഇല്ലാത്തതിനാൽ അവർ അത് പള്ളിയിൽ വെച്ച് ജമാഅത്തായി തന്നെ നിർവഹിക്കുകയുണ്ടായി. ഉമർ(റ)വിന്റെ ഭരണത്തിന്റെ രണ്ടാം വർഷം മുതൽ പള്ളിയിൽ വെച്ച് തറാവീഹ് ജമാഅത്ത് നടന്നിരുന്നുവെന്നും അതിന്റെ ഇമാം ഉബയ്യ് ബിൻ കഅ്ബ്(റ) ആയിരുന്നു എന്നും സ്വഹീഹായ ഹദീസിലും സീറയിലും വന്നിട്ടുണ്ട്. മറ്റൊരു സ്ഥലത്ത് വെച്ച് സ്ത്രീകൾക്കും തറാവീഹ് നടന്നിരുന്നു.



ഇത് 20 റക്അത്താണ് എന്നതിൽ നാലു മദ്ഹബുകളും ഒന്നിക്കുന്നു. മുസ്ലിം പണ്ഡിത ലോകത്തിന്റെ ഇജ്മാഉം ഇതിനുണ്ട്. നബിയുടെ കാലം മുതൽ ഇന്നുവരെയും അനസ്യൂതം തുടർന്നുവരുന്ന രണ്ട് ഹറാമുകളിലെയും ആരാധനാമുറകളിൽ കണ്ടുവന്നിട്ടുള്ളതും 20 റക്അത്ത് തന്നെയാണ്. മറിച്ചുള്ള അഭിപ്രായങ്ങൾ പിന്നീട് ആരോ സ്വന്തം കാര്യ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണ് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.



തറാവീഹ് നിസ്കാരം സ്ത്രീകൾക്കും സുന്നത്താണ്. അവർക്ക് എല്ലാ നിസ്കാരവും അവരുടെ വീടുകളിൽ വെച്ചാണ് ഉത്തമം. മനുഷ്യരുടെ ഏറ്റവും വലിയ ആകർഷണ പാത്രങ്ങളാണ് സ്ത്രീകൾ എന്നതിനാൽ അവരുടെ ആരാധനകൾ എല്ലാം ഒരു സ്വകാര്യതയിൽ ആകുന്നതാണ് ഉത്തമം എന്നാണ് ഇസ്ലാമിന്റെ പൊതുവായ താല്പര്യം. സ്ത്രീകൾ ഒരു പുരുഷന്റെ കീഴിലായി സംഘടിതമായി തറാവീഹ് ജമാഅത്ത് സംഘടിപ്പിക്കുന്ന പതിവ് ചിലയിടങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇങ്ങനെ ജമാഅത്തായി നിസ്കരിക്കുമ്പോൾ സ്ത്രീകൾ ഇമാമിൽ നിന്നും പതിവിലധികം അല്പം അകന്നാണ് നിൽക്കേണ്ടത്. ഇമാമും മഅ്മൂമും തമ്മിൽ പാലിക്കേണ്ട അകലത്തിന്റെ കാര്യത്തിൽ ഇത്തരം സാഹചര്യത്തിൽ ഇളവുണ്ട്. സ്ത്രീകൾക്ക് സ്ത്രീ തന്നെയാണ് ഇമാമത്ത് വഹിക്കുന്നത് എങ്കിൽ ഇങ്ങനെ അകലം പാലിക്കേണ്ടതില്ല.



ഇഷാഇന്റെയും സുബ്ഹിന്റെയും ഇടയിലാണ് തറാവീഹിന്റെ സമയം. ഒറ്റയ്ക്ക് നിസ്കരിക്കാമെങ്കിലും ജമാഅത്തായി നിസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്. വിത്റ് നിസ്ക്കാരം അപ്രകാരം തന്നെയാണ്. റമളാൻ മാസത്തിന്റെ പ്രത്യേകത അല്ലെങ്കിലും ഇത് റമളാനിൽ ജമാഅത്തായി നിർവഹിക്കുന്നതാണ് കൂടുതൽ ഉത്തമം. പ്രത്യേക സമയക്രമം ഉള്ള എല്ലാ സുന്നത്ത് നിസ്കാരങ്ങളും നഷ്ടപ്പെട്ടാൽ ഖളാ വീട്ടിൽ സുന്നത്താണ്. അതിനാൽ തറാവീഹ് ഖളാ ആയാൽ ഖളാ വീട്ടൽ സുന്നത്താണ്.



നനഞ്ഞുകിടക്കട്ടെ, നാവുകൾ..



റമളാൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും തിരുനോട്ടവും സദാ വർഷിച്ചു കൊണ്ടിരിക്കുന്ന മാസമാണ്. അതിനാൽ മേൽ പറഞ്ഞ ആരാധനകൾ നിർവ്വഹിക്കുകയോ വിസർജ്ജനം നടത്തുകയോ ഉറങ്ങുകയോ അല്ലാത്ത എല്ലാ സമയങ്ങളിലും സദാ ദിക്റുകളിലും ദുആകളിലും മുഴുകിയിരിക്കണം മനസ്സും ചുണ്ടുകളും. നബി(സ) അങ്ങനെ ആയിരുന്നു. ഇത്തരത്തിൽ ഉദ്ധരിക്കപ്പെട്ട ചില വിർദുകൾ നോക്കാം.



മാസപ്പിറവി കാണുമ്പോൾ:



: (اللهم أهِلَّه علينا باليُمن والإيمان، والسلامة والإسلام، ربي وربك الله)
- رواه أحمد والترمذي عن طلحة بن عبيد الله رضي الله عنه.



റമളാൻ മാസപ്പിറവി ദൃശ്യമാകുമ്പോൾ പ്രത്യേകിച്ച് ജനങ്ങൾ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു:



(اللهم أظلَّ شهر رمضان وحضر، فسلمه لي، وسلمني فيه، وتسلمه مني. اللهم ارزقني صيامه وقيامه صبراً واحتساباً، وارزقني فيه الجِدَّ والاجتهاد والقوة والنشاط، وأعذني فيه من السآمة والفترة والكسل والنعاس، ووفقني فيه لليلة القدر، واجعلها خيراً لي من ألف شهر)
- رواه الطبراني عن عبد العزيز بن أبي رواد.



നോമ്പു തുറക്കുമ്പോൾ:



(ذهب الظمأ، وابتلت العروق، وثبت الأجر إن شاء الله)
- رواه أبو داود والنسائي والدار قطني.
മറ്റൊരു ദുആ:



(اللهم إني أسألك برحمتك التي وسعت كل شيء أن تغفر لي ذنوبي)
- رواه ابن ماجه عن عبد الله بن عمرو رضي الله عنه.



വേറെ ഒരാളുടെ അടുത്തു നിന്ന് നോമ്പു തുറക്കുമ്പോൾ:



(أفطر عندكم الصائمون، وغشيتكم الرحمة، وأكل طعامكم الأبرار، وتنزلت عليكم الملائكة)،
- رواه أحمد عن أنس بن مالك رضي الله عنه.



ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവിൽ പ്രാർഥിക്കാൻ നബി(സ) ആയിഷാ ബീവിക്ക് പഠിപ്പിച്ചു കൊടുത്ത പ്രാർഥന:



(اللهم إنك عفو كريم تحب العفو، فاعفُ عني)
- رواه الترمذي عن أم المؤمنين عائشة رضي الله عنها.



തഹജ്ജുദ് നിസ്കാരത്തിനു ശേഷം ചെയ്യാനുള്ള പ്രാർഥന:



(اللهم ربنا لك الحمد أنت قيّم السماوات والأرض، ولك الحمد أنت رب السماوات والأرض ومن فيهن، ولك الحمد أنت نور السماوات والأرض ومن فيهن، أنت الحق، وقولك الحق، ووعدك الحق، ولقاؤك الحق، والجنة حق، والنار حق، والساعة حق، اللهم: لك أسلمت، وبك آمنت، وعليك توكلت، وإليك خاصمت، وبك حاكمت، فاغفر لي: ما قدمت، وما أخرت، وأسررت، وأعلنت، وما أنت أعلم به مني، لا إله إلا أنت)
- رواه البخاري عن ابن عباس رضي الله عنهما.



നബി(സ) തങ്ങളുടെ പൊതുവായ പ്രാർഥനകൾ:



(اللهم إني أعوذ بك من فتنة النار، وعذاب النار، وفتنة القبر، وعذاب القبر، ومن شر فتنة الغنى، ومن شر فتنة الفقر، وأعوذ بك من شر فتنة المسيح الدجال، اللهم اغسل خطاياي بماء الثلج والبرد، ونقِّ قلبي من الخطايا كما نقيت الثوب الأبيض من الدنس، وباعد بيني وبين خطاياي كما باعدت بين المشرق والمغرب، اللهم إني أعوذ بك من الكسل والهرم والمأثم والمغرم)
- متفق عليه عن عائشة رضي الله عنها




(اللهم إني أعوذ بك من العجز والكسل والجبن والهرم والبخل، وأعوذ بك من عذاب القبر، ومن فتنة المحيا والممات)
- رواه مسلم عن أنس بن مالك رضي الله عنه.



(اللهم أعوذ برضاك من سخطك، وبمعافاتك من عقوبتك، وأعوذ بك منك، لا أحصي ثناء عليك أنت كما أثنيت على نفسك)
- رواه البخاري عن عائشة رضي الله عنها.



(اللهم بعلمك الغيب، وقدرتك على الخلق أحيني ما علمتَ الحياة خيراً لي، وتوفني إذا علمت الوفاة خيراً لي، اللهم وأسألك خشيتك في الغيب والشهادة، وأسألك كلمة الحق في الرضا والغضب، وأسألك القصد في الفقر والغنى، وأسألك نعيماً لا ينفد، وأسألك قرة عين لا تنقطع، وأسألك الرضاء بعد القضاء، وأسألك بَرْد العيش بعد الموت، وأسألك لذة النظر إلى وجهك والشوق إلى لقائك في غير ضراء مضرة، ولا فتنة مضلة، اللهم زينا بزينة الإيمان، واجعلنا هداة مهتدين)
- رواه النسائي عن عمار بن ياسر رضي الله عنه.



മഹാൻമാർ പതിവാക്കിയ ദുആകളും ദിക്റുകളും:



അത്താഴ ശേഷം: :



اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞ (7 പ്രാവശ്യം )



നോമ്പ് തുറന്നയുടനെ:
اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ۞
ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞
اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞



റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്:



اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞



റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത് (പ്രത്യേകിച്ച് നിസ്കാരങ്ങൾക്കു ശേഷം)



اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞



ആദ്യത്തെ പത്തിൽ വർദ്ധിപ്പിക്കേണ്ടത്:



اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞



രണ്ടാമത്തെ പത്തിൽ വർദ്ധിപ്പിക്കേണ്ടത്:



اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞



അവസാനത്തെ പത്തിൽ വർദ്ധിപ്പിക്കേണ്ടത്:



اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞
اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ۞



അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ കൂടെയുള്ള ദുആ:



اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞



നോമ്പ് തുറക്കാൻ മഗ് രിബ് വാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഉള്ള ദുആ:

اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة۞




ഫിത്വർ സക്കാത്ത്



റമളാൻ മാസം പൂർണ്ണമാകുന്നതോടെ എല്ലാം മുസ്ലിങ്ങളും നൽകേണ്ട അവരുടെ ശരീരത്തിന്റെ സക്കാത്താണ് ഇത്. ഹിജ്റ രണ്ടാം വർഷം ചെറിയ പെരുന്നാളിന് രണ്ടു ദിവസം മുമ്പാണ് ഇത് നിർബന്ധമായത്. ഇത് ശരീരത്തിന്റെ സകാത്താണ്. ഫിത്വർ സക്കാത്ത് എന്നത് നിസ്കാരത്തിന് സഹ് വിന്റെ സുജൂദ് പോലെയാണെന്നും അതുകൊണ്ട് ആരാധനയിൽ വന്നുപോയ ന്യൂനതകൾ പൊറുക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യും എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.



റമളാനിലെ അവസാനത്തെ അസ്തമയ സമയത്ത് ജീവനോടെയുള്ള എല്ലാ മുസ്ലിങ്ങൾക്കും ഇത് നിർബന്ധമാണ്. അവനും അവന്റെ ആശ്രിതർക്കും ആവശ്യമായ വസ്ത്രം, പാർപ്പിടം, കടം, പെരുന്നാളിന്റെ രാപ്പകലിന് ആവശ്യമായ ഭക്ഷണം എന്നിവ കഴിച്ച് വല്ലതും ബാക്കിയുള്ള ഒരാളും ഈ ബാധ്യതയിൽ നിന്നും ഒഴിവാക്കുകയില്ല. ആശ്രിതരായി കഴിയുന്നവരുടെ സക്കാത്ത് അവരുടെ രക്ഷാകർത്താക്കളാണ് കൊടുക്കേണ്ടത്. റമളാൻ അവസാന അസ്തമയത്തിനു ശേഷം ജനിച്ച കുട്ടിക്കും അസ്തമയത്തിന് മുമ്പായി മരണപ്പെട്ട വ്യക്തിക്കും സക്കാത്ത് കൊടുക്കേണ്ടതില്ല. ഫക്കീർ (ദരിദ്രൻ) മിസ്കീൻ (അഗതി) പുതുമുസ്ലിം, കടം കൊണ്ട് വിഷമിക്കുന്നവർ, മുസ്ലിം ഗവൺമെന്റിലെ സക്കാത്ത് ഉദ്യോഗസ്ഥർ, മോചന പത്രം എഴുതപ്പെട്ട അടിമ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവർക്കാണ് ഈ സക്കാത്ത് കൊടുക്കേണ്ടത്.



ഈ സക്കാത്ത് കൊടുക്കുവാൻ ഏറ്റവും ഉത്തമമായ സമയം പെരുന്നാൾ ദിനം സുബഹി മുതൽ ഇമാം നിസ്കാരത്തിൽ പ്രവേശിക്കുന്നത് വരെ ഉള്ള സമയത്താണ്. അതിനുമുമ്പ് തന്നെ റംസാൻ ഒന്നുമുതൽ കൊടുക്കുന്നതിൽ വിരോധമില്ല. പെരുന്നാൾ നിസ്കാരത്തെക്കാൾ പിന്തിക്കുന്നത് കറാഹത്തും പെരുന്നാളിന്റെ ദിനത്തേക്കാൾ പിന്തിക്കുന്നത് ഹറാമും ആണ്. ചെറിയ പെരുന്നാളിന്റെ പകൽ അവസാനിക്കുന്നതോടെ ഈ സക്കാത്ത് ഖളാ ആയിത്തീരും.



ഒരു സാഅ് അഥവാ നാലു മുദ്ദ് ഭക്ഷ്യ ധാന്യമാണ് ഫിത്വർ സക്കാത്തായി നൽകേണ്ടത്. വലിയവർക്കും ചെറിയവർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും എല്ലാം ഒരേ അളവ് തന്നെയാണ്. ഫിത്ർ സക്കാത്ത് നിർബന്ധമാകുമ്പോൾ എവിടെയാണോ അവിടെയാണ് ഈ സക്കാത്ത് നൽകേണ്ടത്. മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇത് മറ്റൊരിടത്തേക്കു മാറ്റാവൂ. നിയ്യത്ത് വെച്ചുകൊണ്ടാണ് ഇത് നൽകേണ്ടത്. ഇത് എന്റെയും ആശ്രിതരുടെയും ഫിത്വർ സക്കാത്താണ് എന്നാണ് കരുതേണ്ടത്. അർഹർക്ക് കൊടുക്കുമ്പോഴോ അതിനായി മാറ്റി വെക്കുമ്പോഴോ ആണ് നിയ്യത്ത് ചെയ്യേണ്ടത്.











0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso