അല്ലാഹു അക്ബർ
27-04-2023
Web Design
15 Comments
അല്ലാഹു അക്ബർ
ഒന്നുകിൽ ഒരു ചരിത്രത്തിന്റെ സ്മരണയിൽ അല്ലെങ്കിൽ ഒരു വലിയ സമർപ്പണത്തിന്റെ പരിസമാപ്തിയിൽ ആണ്
പെരുന്നാൾ, ഉത്സവം തുടങ്ങിയവ കൊണ്ടാടപ്പെടുന്നത്. അപ്പോൾ ഉണ്ടാകുന്ന ആത്മീയമായ സന്തോഷാതിരേകങ്ങളുടെ പ്രകടനമായിരിക്കും ആ ആഘോഷത്തിന്റെ ആശയം. ആ ആശയമായിരിക്കണം ആ ആഘോഷത്തിന്റെ സന്ദേശമായി കൈമാറ്റം ചെയ്യപ്പെടുന്നത്. ഇസ്ലാമിലും അതങ്ങനെയാണ്. ഈ അർഥത്തിൽ രണ്ട് പെരുന്നാളുകളാണ് ഇസ്ലാമിലുള്ളത്. ബലി പെരുന്നാളും ചെറിയ പെരുന്നാളും. പ്രവാചകനായ ഇബ്റാഹീം നബി(അ)യുടെ ചരിത്രമാണ് ബലി പെരുന്നാൾ ഉൾക്കൊളളുന്നത്. പുത്ര വാൽസല്യത്തേക്കാൾ ദൈവിക വിധേയത്വത്തിന് പ്രാധാന്യം കൽപ്പിച്ച ഇബ്റാഹിം നബിയുടെ ജീവിതവും ജീവിതപാഠങ്ങളും മുഴുവൻ മനുഷ്യർക്കുമുള്ള സന്ദേശമാണ്. അത് എക്കാലവും സമൂഹത്തിൽ നിലനിൽക്കുവാൻ വേണ്ടി കൂടിയാണ് ആ ഓർമ്മകളെ അനുസ്മരിച്ചു കൊണ്ട് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. അതിനാൽ ത്യാഗം, ദൈവവിധേയത്വം, മനുഷ്യസാഹോദര്യം തുടങ്ങിയവയൊക്കെയാണ് ബലിപെരുന്നാളിന്റെ സന്ദേശം. ചെറിയ പെരുന്നാൾ നോമ്പ് എന്ന സമർപ്പണത്തിന്റെ പരിസമാപ്തിയുടെ ആഘോഷമാണ്. ഒരു മാസം നീണ്ടുനിന്ന നോമ്പ് എന്ന മഹാ സമർപ്പണം പൂർത്തിയാക്കുവാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യം, സന്തോഷം എന്നിവക്കു പുറമെ അതിന് കടാക്ഷിച്ച റബ്ബിനോടുള്ള നന്ദി എന്നിവയെല്ലാമാണ് ചെറിയ പെരുന്നാളിന്റെ ആശയം. റമളാനിലൂടെ നേടാനായ ആത്മ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതാണ് ഈദുൽ ഫിത്വറിന്റെ സന്ദേശം.
ഈദുൽ ഫിത്വർ ചിന്തകളിൽ ആദ്യം വരുന്നത് ഇത്തരമൊരു ആഘോഷത്തിന്റെ സാംഗത്യമാണ്. അഥവാ ഇത്രമേൽ ആഘോഷിക്കാൻ മാത്രം വലുതാണോ റമളാനിന്റെ നേട്ടങ്ങൾ എന്ന വിചിന്തനം. തീർച്ചയായും ഇത്രയും ഇതിലപ്പുറവും ആനന്ദിക്കാനും ആഘോഷിക്കാനും റമളാൻ വിശ്വാസിക്ക് വക നൽകുന്നുണ്ട്. കാരണം ഒന്നാമതായി, റമളാൻ വിശ്വാസിക്ക് വന്നു പോയ എല്ലാ ന്യൂനതകളും പരിഹരിക്കുന്നു. പതിനൊന്നു മാസം നീണ്ട ജീവിതത്തിനിടയിൽ രണ്ടുതരം ന്യൂനതകളാണ് അവന് ഉണ്ടായിരിക്കുക. ഒന്ന്, കർമ്മങ്ങൾ വേണ്ട വിധം ചെയ്യുവാൻ ജീവിതത്തിരക്കുകൾ അനുവദിക്കാതെ വന്ന കുറവുകൾ. ചെയ്ത കർമ്മങ്ങൾ തന്നെ പരിപൂർണ്ണമാക്കുന്നതിനാൽ വന്ന കുറവുകൾ. ഇതെല്ലാം പ്രതിഫലങ്ങളെയാണ് ബാധിക്കുക. പരലോക യാത്രക്കു വേണ്ട സമ്പാദ്യത്തിന്റെ കാര്യത്തിൽ വന്ന ഈ കുറവുകളെയെല്ലാം റമളാൻ പരിഹരിക്കുന്നു. ഈ പരിഹാരത്തിൽ വീഴ്ചകൾക്ക് പാപമോചനം വേണം. ഒപ്പം തന്നെ നീക്കിയിരിപ്പിനു മാത്രം പ്രതിഫലങ്ങളും വേണം. ഇവ രണ്ടും റമളാൻ നൽകുന്നുണ്ട്. റമളാനിൽ മുഴുവനും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നോമ്പനുഷ്ടിച്ചാൽ അവന്റെ ഗതകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇത് പാപമോചനം സാധ്യമാക്കുന്നു. രണ്ട്, ജീവിത താളങ്ങൾ ശ്രദ്ധിക്കാത്തതിനാൽ വന്ന ആരോഗ്യപരമായ ന്യൂനതകളാണ്. നിരവധി ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരവും പ്രതിരോധവുമാണ് നോമ്പ് എന്നത് ലോകം അംഗീകരിച്ച കാര്യമാണ്. ഒരുപാട് ശാസ്ത്രീയ പഠന നിരീക്ഷണങ്ങൾ നടത്തി തെളിയിക്കേണ്ട കാര്യമൊന്നുമല്ല സത്യത്തിൽ ഇത്. നിരന്തരമായി പ്രവർത്തിച്ചുവരുന്ന നമ്മുടെ ആന്തരിക അവയവങ്ങൾക്ക് നോമ്പ് കാലത്ത് അനിവാര്യമായും ഒരു വിശ്രമം ലഭിക്കുകയാണ്. ഇത്തരം ഒരു വിശ്രമം ആരോഗ്യത്തിലേക്കും ഊർജ്ജത്തിലേക്കും വഴി തുറക്കും എന്നത് സാധാരണ ബുദ്ധിയിൽ തന്നെ അംഗീകരിക്കപ്പെടുന്ന വിഷയമാണ്. ഇതോടൊപ്പം തന്നെ ബുദ്ധി, ചിന്താശക്തി തുടങ്ങിയവയുടെ കാര്യത്തിലും മനുഷ്യന് ചില ന്യൂനതകൾ പറ്റാവുന്നതാണ്. വിശ്വാസികളായ ജനങ്ങളിൽ ഉണ്ടാവേണ്ട ബുദ്ധിയുടെയും ചിന്തയുടെയും കാര്യമാണ് പറയുന്നത്. നോമ്പുകാലത്ത് വിശ്വാസികൾക്ക് ബൗദ്ധികമായും ചിന്താപരമായും വലിയ ഉണർവും ഉന്മേഷവും ലഭ്യമാകുന്നു. ഇങ്ങനെ വിശ്വാസികളായ ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ കുറവുകളെയും ന്യൂനതകളെയും പരിഹരിക്കാനുള്ള ഒരു അവസരം കൈവരുമ്പോൾ ആ അവസരത്തിന്റെ പൂർത്തീകരണത്തിൽ സന്തോഷവും ആഘോഷവും എല്ലാം തികച്ചും ന്യായങ്ങളാണ്.
പ്രതിഫലത്തിന്റെ സമ്പാദ്യത്തിന്റെ കാര്യത്തിൽ അല്ലാഹു വലിയ ഔദാര്യമാണ് ഈ മാസത്തിൽ ചെയ്യുന്നത്. ഒരു ഹദീസിൽ ഇങ്ങനെ കാണാം.
മനുഷ്യന്റെ എല്ലാ നന്മകളും പത്തു മുതൽ എഴുനൂറ് വരെ ഇരട്ടികളായി വർദ്ധിപ്പിക്കപ്പെടും. അല്ലാഹു പറഞ്ഞിട്ടുണ്ട്: നോമ്പ് ഒഴികെ എന്ന്. കാരണം അത് എനിക്ക് മാത്രം ഉള്ളതാണ്. അതിന് ഞാൻ പ്രതിഫലം നൽകും. അവൻ അവന്റെ വികാരത്തെയും ഭക്ഷണത്തെയും എനിക്കുവേണ്ടി ഒഴിവാക്കുകയാണ് (മുസ്ലിം). ഇത് വളരെ പ്രാധാന്യത്തോടെ നാം പരിഗണിക്കേണ്ടതുണ്ട്. കാരണം, നമ്മുടെ ജീവിതം ഹ്രസ്വമാണ്. ബാല്യം, കൗമാരം, യവ്വനത്തിന്റെ ആശ്രദ്ധകൾ, ഭൗതികയോടുള്ള വൈകാരിക ആവേശങ്ങൾ തുടങ്ങിയവയെല്ലാം കുറച്ചാൽ പിന്നെ നമ്മുടെ ജീവിതത്തിൽ വളരെ ചെറിയ സമയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് മാത്രം വേണ്ടത്ര നൻമകൾ സ്വന്തമാക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ അറ്റമില്ലാത്ത ഇരട്ടികളായി പ്രതിഫലം വർദ്ധിക്കുന്ന ഈ വേള നമുക്ക് അല്ലാഹു നൽകുന്ന ഒരു മഹാകാരുണ്യം തന്നെയാണ്. ഈ മാസത്തിൽ ഒരു സുന്നത്ത് ചെയ്താൽ ഒരു ഫർള് ചെയ്തതിന്റെയും ഒരു ഫർള് ചെയ്താൽ എഴുപത് ഫർളുകൾ ചെയ്തതിന്റെയും പ്രതിഫലം ലഭിക്കും എന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്. അതോടൊപ്പം ഇസ്ലാം നിഷ്കർഷിക്കുന്ന ഏറ്റവും വലിയ ഒരു സമർപ്പണവും ആരാധനയും ആണ് നോമ്പ്. അത് പലതുകൊണ്ടും തികച്ചും വേറിട്ട ഒരു ആരാധനയാണ്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ദൈർഘ്യമാണ്. ഒരു പകൽ മുഴുവനും നീണ്ടു നിൽക്കുന്നതാണ് നോമ്പ്. നിസ്കാരമാണെങ്കിലും മറ്റേത് ആരാധനയാണെങ്കിലും ഇത്രയും സമയം അതിനു വേണ്ടി എടുക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരു പ്രത്യേകത അതിലെ സമർപ്പണത്തിന്റെ സവിശേഷതയാണ്. എന്തെങ്കിലും കർമ്മങ്ങൾ ചെയ്തുകൊണ്ടുള്ള സമർപ്പണം അല്ല അത്. മറിച്ച് അത് മനുഷ്യന്റെ പ്രാഥമിക വികാരങ്ങളുമായി ഇഴുകിച്ചേർന്ന് നിൽക്കുന്ന കാര്യങ്ങളിൽ പലതും വർജ്ജിച്ചു കൊണ്ടുള്ള സമർപ്പണമാണ്. കർമ്മങ്ങൾ ചെയ്തുകൊണ്ടുള്ള സമർപ്പണത്തേക്കാൾ കരുത്ത് ഉള്ളതായിരിക്കും വർജ്ജിച്ചുകൊണ്ടുള്ള സമർപ്പണം. നോമ്പിനു വേണ്ടി വർജ്ജിക്കുന്ന കാര്യങ്ങൾ ആവട്ടെ ഒരു മനുഷ്യന് ക്ഷമിക്കാനാവാത്ത അത്രയും പ്രധാനപ്പെട്ട വൈകാരികതകളാണ്. അന്ന പാനാദികളും വികാരവിചാരങ്ങളും വേണ്ടെന്നു വയ്ക്കുകയാണല്ലോ നോമ്പിൽ ചെയ്യുന്നത്. ആയതിനാൽ നോമ്പ് വെറുമൊരു ത്യാഗമല്ല. ഒരു മഹാത്യാഗം തന്നെയാണ്. ഇത്തരത്തിലുള്ള ത്യാഗമാണെങ്കിലോ അനുഷ്ടിക്കുന്നത് നീണ്ട ഒരു മാസക്കാലമാണ്. തുടർച്ചയായി ഇത്തരമൊരു ത്യാഗത്തിന് വിധേയനാകുക വഴി ജീവിത താളം തന്നെ മാറ്റിയെടുക്കുവാൻ കഴിയും. അഥവാ നോമ്പിലൂടെ ജീവിതത്തെ ശരിപ്പെടുത്തുക മാത്രമല്ല ആ ശരികളെ ജീവിതമാക്കി പരിവർത്തിപ്പിക്കുവാനും സാധ്യമാകും. ഇതിനെല്ലാം ഉള്ള അവസരം ലഭിക്കുകയും അത് അനുഷ്ഠിക്കുവാനുള്ള ഭാഗ്യം ഉണ്ടാവുകയും ചെയ്യുമ്പോൾ അതിന് ആഘോഷപൂർവ്വം തന്നെ നന്ദി രേഖപ്പെടുത്തുവാൻ വിശ്വാസികൾ ബാധ്യസ്ഥരായി മാറുന്നു.
സ്വന്തം വികാരവിചാരങ്ങൾ അല്ലാഹുവിനുവേണ്ടി വേണ്ടെന്ന് വെക്കുകയും അവന്റെ മുമ്പിൽ ആരാധനകളിൽ അലിഞ്ഞുചേരുകയും ചെയ്തു കൊണ്ടാണ് വിശ്വാസി റമദാൻ പിന്നിടുന്നത്. അവന് ലഭിച്ച ആത്മീയമായ വളർച്ചയും അനുഭൂതിയും വിശുദ്ധിയും എല്ലാം അല്ലാഹുവിൽ നിന്ന് ലഭിച്ചതാണ്. അതിനാൽ ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ വിശ്വാസിയുടെ തിരിച്ചറിവ് അല്ലാഹുവാണ് ഏറ്റവും വലുത് എന്നതായിരിക്കും. അതിനാൽ ഈദുൽ ഫിത്വറിന്റെ സന്ദേശവും അല്ലാഹു അക്ബർ എന്ന ഈ തിരിച്ചറിവ് തന്നെയാണ്. റമദാൻ നേടിത്തന്ന ആത്മീയ വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുക എന്നതാണ് വിശ്വാസിയോട് ഈദുൽഫിത്വർ പറയുന്നത്. ജീവിതത്തിലുടനീളം ഈ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നുണ്ടെങ്കിൽ മനസ്സിന്റെ ഉള്ളിൽ അല്ലാഹു അക്ബർ എന്ന മന്ത്രം പ്രതിധ്വനിക്കണം. അഥവാ ജീവിതത്തിന്റെ ഏതു സമീപനത്തിന്റെ മുമ്പിലും അവിടെ അല്ലാഹുവിന്റെ താൽപര്യവും നിയമവും നിർദ്ദേശവും പാലിക്കുവാനുള്ള മാനസികമായ കഴിവുണ്ടായിരിക്കണം. സത്യത്തിൽ വിശ്വാസികളുടെ കരുത്ത് തന്നെ അല്ലാഹു അക്ബർ എന്ന മന്ത്രമാണ്. അവർ നേടിയതെല്ലാം നേടിയത് ഇതേ മന്ത്രം കൊണ്ടാണ്. അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്ന മന്ത്രം അവരുടെ അകത്തു നിന്ന് നിർഗ്ഗളിച്ചതോടെ ഭൗതികത വെച്ചുനീട്ടിയ എല്ലാ മോഹങ്ങളും പ്രലോഭനങ്ങളും അവർ അവഗണിച്ചു. ഏറ്റവും വലുത് അല്ലാഹുവിന്റെ തൃപ്തിയും നിയമവും ആണ് എന്ന തിരിച്ചറിവ് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ അവരെ പ്രാപ്തരാക്കി. അത്ഭുതകരമായി അവർ യുദ്ധക്കളങ്ങൾ ജയിച്ചുകയറിയത് അങ്ങനെയാണ്. ഇത് ഭൗതിക ശത്രുക്കൾക്ക് എതിരെ നേടിയ വിജയത്തിന്റെ കാര്യം. അവരുടെ മുമ്പിൽ മാത്രമല്ല അല്ലാഹു അക്ബർ കൊണ്ട് അവർ വിജയിച്ചത്. സ്വന്തം മനസ്സിന്റെ ഉള്ളിൽ നിന്ന് തലനീട്ടുന്ന ഭൗതിക പ്രലോഭനങ്ങൾ, മോഹങ്ങൾ, വികാരങ്ങൾ തുടങ്ങിയ ആത്മശത്രുക്കൾക്കെതിരെയും ഇതേ അള്ളാഹു അക്ബർ കൊണ്ട് അവർ വിജയിച്ചു. ലോകത്ത് അവർ ഇതിഹാസങ്ങൾ രചിച്ചത് അങ്ങനെയാണ്. ഇപ്പോൾ പക്ഷേ അവർക്ക് അങ്ങനെ കഴിയുന്നില്ല. അതിന്റെ കാരണം അന്നത്തെ അതേ അർത്ഥത്തിൽ അവരുടെ അന്തരംഗങ്ങൾ അല്ലാഹു അക്ബർ മുഴക്കുന്നില്ല എന്നതാണ്. മുസ്ലിങ്ങളുടെ നാവുകള്‍ തക്ബീര്‍ മുഴക്കും പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്‍റെ ഗതി അവര്‍ തിരിച്ചുവിട്ടേനേ…. എന്നാണ് ഡോ. മുസ്തഫസ്സിബാഇയുടെ വാക്കുകള്‍.
വലിയ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ളട്ടുള്ള രണ്ട് ചെറിയ പദങ്ങളാണ് അല്ലാഹു അക്ബര്‍. ആദ്യമായി ജിബ്രീല്‍(അ) പ്രത്യക്ഷപ്പെട്ട് ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ അന്ധാളിപ്പില്‍ നബി(സ്വ) വീട്ടിലെത്തി മൂടിപ്പുതച്ചു കിടക്കുമ്പോള്‍ ആദ്യം അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളില്‍ ഒന്ന് അല്ലാഹു അക്ബറിനെ കുറിച്ചാണ്. അൽ മുദ്ദസ്സിർ സൂറത്തിലെ ആദ്യ സൂക്തങ്ങളിൽ അല്ലാഹു ആജ്ഞാപിക്കുന്നു: (പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക. നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക). ഈ പ്രപഞ്ചത്തിൽ ഏറ്റവും അധികം മുഴങ്ങുന്ന, മുടങ്ങാതെ ആവര്‍ത്തിക്കപ്പെടുന്ന ഒരു വാചകമാണ് അല്ലാഹു അക്ബര്‍. ഭൂമധ്യരേഖയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഇന്തോനേഷ്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സൈബില്‍ എന്ന് പേരുള്ള ഒരു പ്രദേശത്ത് സുബ്ഹിക്ക് അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് ബാങ്ക് വിളിക്കുന്നു. കിഴക്കേ ഇന്തോനേഷ്യയില്‍ നിന്ന് പടിഞ്ഞാറെ ഇന്തോനേഷ്യലേക്കും അവിടെ നിന്ന് മലേഷ്യയിലേക്കും അവിടെ നിന്ന് ബര്‍മയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും തുടര്‍ന്ന് പാക്കിസ്ഥാനിലേക്കും തുടങ്ങി അറ്റ്‌ലാന്റിക്കിന്റെ തീരത്തുള്ള ഒരു പള്ളിയില്‍ സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ നേരത്തെ പറഞ്ഞ ആദ്യത്തെ പള്ളിയില്‍ ളുഹറിന്റെ ബാങ്ക് കൊടുക്കും. ഇത് ഭൂമിയുടെ ഒരു വശം മാത്രമാണ്. എന്നാല്‍ നേരെ മറുപുറത്തും മറ്റൊരു രീതിയില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ഒരു പള്ളിയില്‍ സുബഹി ബാങ്ക് കൊടുക്കുമ്പോള്‍ ആഫ്രിക്കയില്‍ ഒരു പള്ളിയില്‍ ഇഷാ ബാങ്ക് കൊടുക്കും. അതായത് ഈ പ്രപഞ്ചം മുഴുവനും അല്ലാഹു അക്ബര്‍ എന്ന വാചകം ഒരിക്കലും മുടങ്ങാതെ ഉരുവിട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിശ്വാസിയുടെ ജീവിതത്തെ അല്ലാഹു ഈ വാക്കിനോട് ചേര്‍ത്താണ് വെച്ചിട്ടുള്ളത്. ഓരോരുത്തരും ജനിച്ച് വീഴുമ്പോള്‍ ചെവികളില്‍ ആദ്യമായി കേള്‍ക്കണമെന്ന് അല്ലാഹു തീരുമാനിച്ച വചനം അല്ലാഹു അക്ബര്‍ എന്നതാണ്. പിന്നീട് നമ്മുടെ ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഈ വചനം കടന്ന് വരുന്നുണ്ട്. ബലിയറുക്കുമ്പോള്‍, യുദ്ധങ്ങളില്‍ വിജയിക്കുമ്പോള്‍, പ്രതിസന്ധികളുണ്ടാകുമ്പോള്‍, ഭൗതികമായ ഏത് ശക്തി അനുഭവപ്പെടുമ്പോഴും തുടങ്ങി പല രംഗങ്ങളിലും അല്ലാഹു അക്ബര്‍ കടന്ന് വരുന്നുണ്ട്. വിശ്വാസിയുടെ ജീവിതത്തില്‍ നിസ്കാരത്തിൽ ഒരു ദിവസം ചുരുങ്ങിയത് 94 പ്രാവശ്യമെങ്കിലും ഈ വചനം ആവര്‍ത്തിക്കുന്നുണ്ട്. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് പറയുമ്പോള്‍ ഏതിനേക്കാള്‍ വലുത് എന്നൊരു ചോദ്യം സ്വാഭാവികമായും അവിടെ ഉയരുന്നുണ്ട്. ഒരു സംഗതി മറ്റൊന്നുമായി താരതമ്യം ചെയ്താണ് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് അല്ലാഹു എന്തിനേക്കാള്‍ വലുത് എന്ന ചോദ്യമുയരുന്നത്. സങ്കൽപ്പിക്കാവുന്ന എന്തൊക്കെയുണ്ടോ അതിനേക്കാളെല്ലാം വലുത് എന്നാണ് അതിനുത്തരം. ഉദാഹരണമായി നമ്മുടെ കണ്ണിനു മുമ്പിൽ നിറയുന്ന ഏറ്റവും വലുത് നാം അധിവസിക്കുന്ന ഈ പ്രപഞ്ചമാണല്ലോ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി. വലുപ്പത്തില്‍ അഞ്ചാം സ്ഥാനമാണ് ഭൂമിക്കുള്ളത്. നൂറ് ഭൂമികള്‍ ചേര്‍ത്ത് വെച്ചാലാണ് ഒരു സൂര്യന്റെ വലിപ്പമാവുക. സൂര്യനേക്കാള്‍ ലക്ഷകണക്കിന് വലുപ്പമുള്ള ഗ്രഹങ്ങള്‍ വേറെ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. സൂര്യനും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്നുകൊണ്ടുള്ള നക്ഷത്രങ്ങളുടെ ഒരു കൂട്ടത്തെയാണ് ഒരു ഗാലക്സി എന്ന് പറയുന്നത്. ഓരോ ഗലക്‌സികള്‍ക്കും സൂര്യനെക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുണ്ട്. അതില്‍ ഏറ്റവും ചെറിയ ഗാലക്‌സിയില്‍ നൂറു ബില്യന്‍ അഥവാ പതിനായിരം കോടി നക്ഷത്രങ്ങളുണ്ടെന്നാണ് കണക്ക്. അതാണീ പ്രപഞ്ചത്തിന്റെ വലിപ്പം. അത് ഇനിയും വികസിച്ചുകൊണ്ടിരിക്കുകയുമാണ് എന്ന് അല്ലാഹുവും ശാസ്ത്രവും പറയുന്നു. ഇത്രയും വലിയ പ്രപഞ്ചം അവന്റെ ഒരു കൈപ്പിടിയിലൊതുങ്ങാൻ മാത്രമേയുള്ളൂ എന്നു പറയുമ്പോൾ (സുമർ: 67) അല്ലാഹുവിന്റെ വലുപ്പം ഊഹിക്കാം. ഇത് ഒരു തുലനം. എല്ലാ വ്യക്തി താല്പര്യങ്ങളെക്കാളും വലുതാണ് അല്ലാഹു എന്നതാണ് അല്ലാഹു അക്ബര്‍ എന്നതിന്റെ മറ്റൊരു താൽപര്യം. ഈ ദുനിയാവും അതിലെ മുഴുവന്‍ വിഭവങ്ങളെക്കാളും സൗകര്യങ്ങളെക്കാളും അല്ലാഹുവാണ് വലിയവന്‍. സമ്പതിനെക്കാള്‍, സ്ഥാനമാനങ്ങളെക്കാള്‍, അധികാരത്തെക്കാള്‍ കഴിവിനെക്കാള്‍ തുടങ്ങി എല്ലാതിനെക്കാളും വലുത് അല്ലാഹുവാകുന്നു എന്ന പ്രഖ്യാപനമാണത്.
നോമ്പിലൂടെ തിരിച്ചറിഞ്ഞ ഈ സത്യത്തിന്റെ പ്രഘോഷണമാണ് അല്ലാഹു അക്ബർ. അത് ആഘോഷത്തോടെയും അഭിമാനത്തോടെയും വിളിച്ചു പറയുവാനുള്ള വേളയാണ് ഈദുൽ ഫിത്വർ.
* പെരുന്നാളിന്റെ പൊരുൾ
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso