Thoughts & Arts
Image

ഖുർആൻ പഠനം സൂറത്തുൽ ഹശ്‌ർ / 8

12-05-2023

Web Design

15 Comments






മനസ്സടുപ്പിക്കുന്ന മഹൽനാമങ്ങൾ



22 താനല്ലാതെ മറ്റൊരാരാധ്യനുമില്ലാത്തവനും മറഞ്ഞതും സന്നിഹിതവും അറിയുന്നവനും പരമദയാലുവും കരുണാമയനുമായ അല്ലാഹുവുമാണവന്‍.



23 ആരാധിക്കപ്പെടാന്‍ അര്‍ഹനായി മറ്റാരുമില്ലാത്തവനും രാജാധിപത്യമുള്ളവനും പരമവിശുദ്ധനും ശാന്തിയേകുന്നവനും അഭയദാതാവും മേല്‍നോട്ടം വഹിക്കുന്നവനും അജയ്യനും മേല്‍ക്കോയ്മയുള്ളവനും മഹത്വത്തിന്റെ ഉടമയുമാണവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പവിത്രതയുറ്റവന്‍.



24 സൃഷ്ടികര്‍മം നടത്തുന്നവനും നിര്‍മാതാവും രൂപകല്‍പന നല്‍കുന്നവനുമായ അല്ലാഹുവാണവന്‍. ഏറ്റം ഉദാത്തമായ നാമങ്ങള്‍ അവന്നുണ്ട്. ഭുവന-വാനങ്ങളിലുള്ളവയത്രയും അവന്റെ മഹത്ത്വ പ്രകീര്‍ത്തനം നിര്‍വഹിക്കുന്നു. അധൃഷ്യനും യുക്തിമാനുമത്രേ അവന്‍.



സൂറത്തുൽ ഹശ്റിന്റെ അവസാനത്തെ ഈ സൂക്തങ്ങളിൽ അല്ലാഹുവിന്റെ വിശേഷണ നാമങ്ങൾ വാഴിത്തുകയാണ്. അതെന്തിനാണ് മ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് എന്നതിനുള്ള മറുപടിയും ഈ ആയത്തിലും ഇതേ ആശയം വന്നിട്ടുളള മറ്റൊരു ആയത്തിലും അല്ലാഹു പറയുന്നുണ്ട്. ഒരിടത്ത് അല്ലാഹു പറയുന്നു: അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (അഅ്റാഫ്: 180) അല്ലാഹുവിനെ വിളിക്കാനും പ്രാർഥിക്കാനുമാണ് ഈ ഉത്തമ നാമങ്ങൾ എന്നും ഇവ അല്ലാഹുവിനെ വിളിക്കാൻ വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നും ഈ ആയത്തിൽ നിന്ന് ഗ്രഹിക്കാം. നാം പഠിച്ചുവരുന്ന സൂറത്തുൽ ഹശ്റിൽ അവൻ പറയുന്നു: ഏറ്റം ഉദാത്തമായ നാമങ്ങള്‍ അവന്നുണ്ട്. ഭുവന-വാനങ്ങളിലുള്ളവയത്രയും അവന്റെ മഹത്ത്വ പ്രകീര്‍ത്തനം നിര്‍വഹിക്കുന്നു. അദൃശ്യനും യുക്തിമാനുമത്രേ അവന്‍. (ഹശ്റ് : 24) ഈ സൂക്തം നൽകുന്ന സൂചന അല്ലാഹുവിനെ വാഴ്ത്തുവാനും പ്രകീർത്തിക്കുവാനും ഉപയോഗിക്കാനുള്ളതാണ് ഈ ഉത്തമ നാമങ്ങൾ എന്നാണ്. ചുരുക്കത്തിൽ ഈ രണ്ട് സൂചനകളിൽ നിന്നുമായി അസ്മാഉൽ ഹുസ്നാ എന്ന അല്ലാഹുവിന്റെ സുന്ദര നാമങ്ങളുടെ ആശയലോകത്തേക്ക് നമുക്ക് എത്തിനോക്കാൻ കഴിയും. പ്രാർഥനയായാലും പ്രകീർത്തനമായാലും അത് ആരോട് ചെയ്യുന്നുവോ അവനെ, അയാളെ നേരിൽ കണ്ടുകൊണ്ടാണ് ചെയ്യേണ്ടത്. അപ്പോഴാണ് അത് പൂർണ്ണാർഥത്തിലാവുക. അല്ലാഹുവിന്റെ കാര്യത്തിൽ അത് സാധ്യമല്ല. കാരണം അവൻ സൃഷ്ടികളിൽ നിന്ന് തികച്ചും വിഭിന്നനാണ്. അവനെ കാണുവാനോ സങ്കൽപ്പത്തിൽ വരക്കുവാനോ ഒന്നും കഴിയുകയേയില്ല. മനുഷ്യന്റെ ഒരു ഇന്ദ്രിയത്തിനും പിടി കിട്ടാത്ത അസ്തിത്വമാണ് അല്ലാഹു.



ഇതോടെയാണ് നാം അസ്മാഉൽ ഹുസ്നാ എന്ന ആശയത്തിലേക്ക് എത്തുന്നത്. കാരണം, അല്ലാഹുവിനെ നേരിട്ട് കാണുവാനോ അവനോട് മുഖാമുഖം അഭ്യർഥിക്കുവാനോ കഴിയില്ല എങ്കിൽ പിന്നെ മാർഗ്ഗം അവന്റെ മനോഹരമായി സങ്കൽപ്പിക്കുക എന്നതാണ്. അതിന് വേണ്ടത് വിശേഷണങ്ങളാണ്. അല്ലാഹുവിന്റെ വിശേഷണങ്ങൾ അടങ്ങിയ നാമങ്ങളാണ് അസ്മാഉൽ ഹുസ്നാ. ഈ അർഥത്തിൽ അസ്മാഉൽ ഹുസ്നാ മനസ്സിലാക്കുമ്പോൾ അസ്മാഉൽ ഹുസ്നാ എന്ന നാമങ്ങളുടെ കാര്യത്തിൽ വിശ്വാസികൾക്ക് പ്രത്യേകിച്ചും അറബേതര വിശ്വാസികൾക്ക് ഒരു ബാധ്യത കൂടി വന്നുചേരുന്നു. ഈ നാമങ്ങളുടെ അർഥവും ആശയവും ഏറ്റവും ചെറിയ രൂപത്തിലെങ്കിലും മനസ്സിലാക്കിയിരിക്കുക എന്നതാണത്. അപ്പോഴാണല്ലോ നാം പറഞ്ഞ സങ്കൽപ്പം സാധ്യമാകുക. അസ്മാഉൽ ഹുസ്നായുടെ കാര്യത്തിൽ അർഥം അറിയുക നിർബന്ധമാണ് എന്നല്ല ഈ പറഞ്ഞതിനർഥം. അർഥം അറിയില്ല എങ്കിൽ തന്നെ അതിന്റെ പ്രതിഫലവും പ്രതിഫലനവും ലഭിക്കുക തന്നെ ചെയ്യും. അതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്നാമതായി ഈ നാമങ്ങൾ ഇപ്പടി തന്നെ വിശുദ്ധ ഖുർആനാണ്. അർഥം അറിഞ്ഞില്ലെങ്കിലും പ്രതിഫലം ലഭിക്കുക വിശുദ്ധ ഖുർആനിന്റെ പ്രത്യേകതയാണ്. അത് ഒരു സ്വയം ആരാധനയാണല്ലോ. രണ്ടാമതായി അല്ലാഹു അവന്റെ ഈ മഹത്തരമായ നാമങ്ങൾ പറഞ്ഞുതന്ന് അതുവെച്ച് വിളിക്കുവാൻ നമ്മോട് പറഞ്ഞിട്ടുള്ളതാണ്. അതിനാൽ നാം അങ്ങനെ ചെയ്താൽ തന്നെ മതിയാകും. എന്നാൽ ആത്മീയാനുഭവത്തിന്റെ പരമകാഷ്ഠ പ്രാപിക്കും നാം അവയുടെ അർഥവും ആശയവും കൂടി ഉൾക്കൊള്ളുമ്പോൾ.



ഈ ആശയത്തിന്റെ വെളിച്ചത്തിൽ നാം അസ്മാഉൽ ഹുസ്നായെ സമീപിക്കുമ്പോൾ അതിന് ആത്മ പ്രചോദനം നൽകുന്ന ഒരു നിരീക്ഷണമുണ്ട്. ഇമാം ഗസ്സാലി(റ)യെ പോലുള്ളവർ അത് നിരീക്ഷിച്ചിട്ടുണ്ട്. അർഥത്തിന്റെ വെളിച്ചത്തിൽ വിഭജിക്കുമ്പോൾ അല്ലാഹുവിന്റെ എല്ലാ ഗുണഗണങ്ങളും നിറഞ്ഞുകിടക്കുന്നവയാണ് അസ്മാഉൽ ഹുസ്നായിലെ നാമങ്ങൾ എന്നതാണത്. പ്രത്യക്ഷത്തിൽ അത് നമുക്കു തോന്നുകയും ചെയ്യും. ആ നിരീക്ഷണം അനുസരിച്ച് അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളെ പത്തുവിധമായി വിഭജിക്കാം. ഒന്നാമത്തേത്, അവന്റെ ദാത്തിന്റെ (സത്ത) മേല്‍ അറിയിക്കുന്നതാണ്. അല്ലാഹ് അല്‍ഹഖ് എന്നിവ അതിൽ പെട്ടതാണ്. നിര്‍ബന്ധമായ അസ്തിത്വമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുമ്പോഴാണ് അല്‍ഹഖ് അല്ലാഹുവിന്റെ സത്തയുടെ മേല്‍ അറിയിക്കുക. ന്യൂനതകളിൽ നിന്നുളള പരിശുദ്ധി കുറിക്കുന്നവയാണ് രണ്ടാമത്തേത്. ഖുദ്ദൂസ്, ഗനിയ്യ്, സലാം, അഹദ് തുടങ്ങിയ നാമങ്ങള്‍ ഇതിന് ഉദാഹരണമാണ്. പരിശുദ്ധന്‍, ഐശ്വര്യവാന്‍, മോചിതന്‍, ഏകന്‍ എന്നിവയാണ് യഥാക്രമം. ഇതില്‍ മനസ്സില്‍ തെളിയുന്ന രൂപഭാവങ്ങളില്‍ നിന്നുള്ള നിഷേധത്തെ ഖുദ്ദൂസ് അര്‍ത്ഥമാക്കുന്നു. സലാം എന്ന നാമം കുറവുകളെയും ന്യൂനതകളെയും നിഷേധിക്കുന്നു. ഗനിയ്യ് പരിശ്രമത്തെയും അഹദ് തുല്യത എന്നിവയെയുമാണ് നിഷേധിക്കുന്നത്.



മൂന്നാമത്തെ ഇനം, അല്ലാഹുവിന്റെ ദാത്തിന്റെ ആപേക്ഷികമായ പൂർണ്ണത കുറിക്കുന്നവയാണ്. അലിയ്യ്, അളീം, അവ്വല്‍, ആഖിര്‍, ള്വാഹിര്‍, ബാത്വിന്‍ തുടങ്ങിയ നാമങ്ങള്‍ ഇതില്‍ പെടുന്നു. പരമോന്നതന്‍, പരമാദരണീയന്‍, ആദ്യന്‍, അന്ത്യന്‍, സ്പഷ്ടന്‍, അദൃശൻ എന്നിങ്ങനെ യഥാക്രമം ഇവയ്ക്ക് അര്‍ത്ഥം നല്‍കാം. ഇതില്‍ അലിയ്യ് അല്ലാഹു ഔന്നത്യത്തിൽ മറ്റു സത്തകള്‍ക്കു മീതെയാണെന്നും അളീം അവൻ അറിവിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നുവെന്നുമുള്ള അർഥം പ്രകടിപ്പിക്കുന്നു. അവ്വല്‍ കൊണ്ട് അസ്തിത്വമുള്ളവക്കെല്ലാം മുമ്പേയുള്ളവന്‍ അഥവാ തുടക്കമില്ലാത്തവനെന്നും ആഖിര്‍ കൊണ്ട് അസ്തിത്വമുള്ളവയെയെല്ലാം പിന്നിലാക്കുന്നവനാണ് എന്നും അര്‍ത്ഥം കിട്ടും.
ഒരേ സമയം ബുദ്ധിപരമായ തെളിവുകള്‍ക്കധീനനാണെന്നും ആലോചനാ സങ്കല്‍പങ്ങള്‍ക്കതീതനാണെന്നുമുള്ള രണ്ടർഥങ്ങളും ദ്യോതിപ്പിക്കുന്നതാണ് ള്വാഹിർ, ബാത്വിൻ എന്നീ നാമങ്ങൾ. നാലാമത്തെ ഇനം അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്നവയാണ്. അല്‍മാലിക്, അല്‍അസീസ് എന്നീ നാമങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. രാജാധികാരി, പ്രതാപശാലി എന്നിവയാണ് അര്‍ത്ഥങ്ങള്‍. ഒന്നിലേക്കും ആവശ്യമില്ലാത്തവനും എല്ലാവര്‍ക്കും ആവശ്യമായവനും എന്നാണ് അല്‍ മാലിക് കൊണ്ടുള്ള താല്‍പര്യം. തുല്യതയില്ലാത്തവനും അന്യര്‍ക്ക് അത്യന്താപേക്ഷിതനും അതേ സമയം ചെന്നു പ്രാപിക്കാന്‍ പ്രയാസമേറിയവനുമെന്ന അര്‍ത്ഥം അല്‍അസീസ് ധ്വനിപ്പിക്കുന്നു.
സ്ഥായീഭാവ വിശേഷണങ്ങളാണ് അഞ്ചാമത്തെ ഇനം. അല്‍ഹയ്യ്, അല്‍ആലിം, അല്‍ഖാദിര്‍, അല്‍മുരീദ്, അസ്സമീഅ്, അല്‍ബസ്വീര്‍, അല്‍മുതകല്ലിം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. എന്നെന്നും ജീവിക്കുന്നവന്‍, ജ്ഞാനി, കഴിവുള്ളവന്‍, ഉദ്ദേശ്യമുള്ളവന്‍, കേള്‍ക്കുന്നവന്‍, കാണുന്നവന്‍, സംസാരിക്കുന്നവന്‍ എന്നിങ്ങനെ യഥാക്രമം ഇവയ്ക്ക് അര്‍ത്ഥം പറയാം.



പരമ ജ്ഞാനവുമായി ബന്ധപ്പെടുന്നവയാണ് ആറാമത്തെ ഇനം. അല്‍ഹകീം, അല്‍ഖബീര്‍, അശ്ശഹീദ്, അല്‍മുഹ്സ്വി എന്നിവ ഉദാഹരണം. ശ്രേഷ്ഠജ്ഞാനി, ആന്തരികജ്ഞാനി, ബാഹ്യജ്ഞാനി, കൃത്യജ്ഞാനി എന്നിങ്ങനെയാണ് ഇവയ്ക്കര്‍ത്ഥം. അല്‍ഹകീം എന്നത് അറിവുകളില്‍ നിന്നുള്ള അതിശ്രേഷ്ഠതയെ അര്‍ത്ഥമാക്കുമ്പോള്‍ അല്‍ഖബീര്‍ ആന്തരിക യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള ജ്ഞാനത്തെയാണ് അര്‍ത്ഥമാക്കുന്നത്. അശ്ശഹീദ് ദൃശ്യമായവ കൊണ്ടും അല്‍മുഹ്സ്വീ കൃത്യത കൊണ്ടുമുള്ള അറിവിനെ സൂചിപ്പിക്കുന്നു. ഏഴാമത്തെ ഇനം അല്ലാഹുവിന്റെ പരമമായ കഴിവുമായി ബന്ധപ്പെട്ട നാമങ്ങളാണ്. ഖവിയ്യ്, മതീന്‍, ഖഹ്ഹാര്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നു. ഇവ യഥാക്രമം ഖുദ്റതിന്റെ പൂര്‍ണത, ദൃഢത, സ്വാധീനം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. എട്ടാമത്തേത് അല്ലാഹുവിന്റെ ഇറാദത്തുമായി ( നിശ്ചയവുമായി) ബന്ധപ്പെട്ടവയാണ്. റഹ്മാന്‍, റഹീം, റഊഫ്, വദൂദ് തുടങ്ങിയവ ഈ കൂട്ടത്തില്‍ പെടുന്നു. ഇവ ഓരോന്നും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ വിവിധ ഭാവങ്ങളാണ്. എല്ലാവരിലക്കും വിഴിഞ്ഞൊഴുകുന്ന കാരുണ്യത്തെ റഹ്മത്ത് പ്രതിനിധാനം ചെയ്യുമ്പോൾ അവന്റെ സ്നേഹത്തിൽ പൊതിഞ്ഞ കൃപാകടാക്ഷമാണ് വദൂദ് അർഥിക്കുന്നത്.



സൃഷ്ടി മഹാത്മ്യത്തെയും സ്ഥിതി - സംഹാരങ്ങളെയും വലം വെക്കുന്ന ഗുണങ്ങളാണ് ഒമ്പതാമത്തെ ഇനം നാമങ്ങളുടെ ഉള്ളടക്കം. അല്‍ഖാലിഖ് (സൃഷ്ടി വ്യവസ്ഥാവിഷ്കാരകന്‍), അല്‍ ബാരി (സൃഷ്ടി നടപ്പാക്കിയവന്‍), അല്‍ മുസ്വവ്വിര്‍ (രൂപമേകുന്നവന്‍), അല്‍ വഹ്ഹാബ് (പരമദാതാവ്), അര്‍റസാഖ് (അന്നദാതാവ്), അല്‍ഫത്താഹ് (ജയ ജേതാവ്), അല്‍ബാസിത് (വിശാലത ചെയ്യുന്നവൻ), അല്‍ ഖാഫിള് (താഴ്ത്തുന്നവന്‍), അര്‍റാഫിഅ് (ഉയര്‍ത്തുന്നവന്‍), അല്‍മുഇസ്സ് (പ്രതാപദാതാവ്), അല്‍ മുദില്ല് (തരംതാഴ്ത്തുന്നവന്‍), അല്‍അദ്ല്‍ (നീതി), അല്‍മുഖീത് (മേല്‍നോട്ടം വഹിക്കുന്നവന്‍), അല്‍മുഗീസ് (സഹായദാതാവ്), അല്‍മുജീബ് (ഉത്തരമേകുന്നവന്‍), അല്‍വാസിഅ് (വിശാലത ചെയ്യുന്നവന്‍), അല്‍ബാഇസ് (പുനരുദ്ധരിപ്പിക്കുന്നവന്‍), അല്‍മുബ്ദീ (ആദ്യം പടച്ചവന്‍), അല്‍മുഈദ് (ആവര്‍ത്തിച്ചു പടക്കുന്നവന്‍), അല്‍മുഹ്യി (ജീവിപ്പിക്കുന്നവന്‍), അല്‍മുമീത് (മരിപ്പിക്കുന്നവന്‍), അല്‍മുഖദ്ദിമ് (മുന്നിലാക്കുന്നവന്‍), അല്‍മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍), അല്‍ വലിയ്യ് (സംരക്ഷകന്‍), അല്‍ബര്‍റു (ഗുണപ്രദന്‍), അത്തവ്വാബ് (പശ്ചാതാപം സ്വീകരിക്കുന്നവന്‍) ,അല്‍മുന്‍തഖിം (ശിക്ഷിക്കുന്നവന്‍), അല്‍മുഖ്സിത് (നീതിമാന്‍), അല്‍ജാമിഅ് (സംഘടിപ്പിക്കുന്നവന്‍), അല്‍ മുഅ്തി (കൊടുക്കുന്നവന്‍), അല്‍മാനിഅ് (തടയുന്നവന്‍), അല്‍മുഗ്നി (സമ്പദ് ദാതാവ്), അല്‍ഹാദി (നേര്‍മാര്‍ഗമേകുന്നവന്‍) തുടങ്ങിയവയാണ് ഈ ഗണത്തില്‍ പെടുന്ന വിശുദ്ധ നാമങ്ങള്‍. പത്താമത്തെ ഇനം അല്ലാഹുവിന്റെ സ്നേഹസ്പർശങ്ങൾ ദ്യോതിപ്പിക്കുന്ന പേരുകളാണ്. മജീദ്, കരീം, ലത്വീഫ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു. മഹാത്മ്യന്‍, അത്യാദരണീയന്‍, സൂക്ഷ്മദൃഷ്ടിയുള്ളവന്‍ എന്നിങ്ങനെയാണ് ഇവയ്ക്കര്‍ത്ഥം.



അസ്മാഉൽ ഹുസ്നാ കൊണ്ട് പ്രാ൪ത്ഥിക്കുവാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് എന്ന് നേരത്തെ ആയത്തിൽ പറഞ്ഞു. ഈ പ്രാർഥന രണ്ട് വിധത്തിലാണ്. ഒന്ന് അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി അതിനെ പശ്ചാതലമാക്കി പ്രാർത്ഥിക്കുക. ഉദാഹരമായി, ഗഫൂർ ആയ റബ്ബേ എന്റെ പാപം പൊറുക്കണേ എന്നു പ്രാർഥിക്കുക. രണ്ടാമത്തേത്, അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളുടെ താൽപര്യം അവന്റെ പ്രവ൪ത്തനങ്ങളിലും ആരാധനകളിലും പ്രതിഫലിക്കും വിധം ജീവിതത്തിൽ ആ ഗുണത്തെ സ്വാംശീകരിച്ച് ജീവിക്കുക. വിശ്വാസിയുടെ ജീവിതം തന്നെ ഒരു ആരാധനയും പ്രാർത്ഥനയുമാണ്. ഉദാഹരണമായി,അല്ലാഹു ബസ്വീർ എല്ലാം കാണുന്നവൻ ആണ് എന്ന വിചാരം നെഞ്ചിലേറ്റി അവൻ എല്ലാം കാണുന്നു എന്ന ബോധത്താൽ അവന്റെ പ്രവ൪ത്തനങ്ങളും നിയന്ത്രിച്ച് ജീവിക്കുക. അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുമ്പോള്‍ പ്രസ്തുത നാമത്തിന്റെ അ൪ത്ഥവും ആശയവും നന്നായി ഗ്രഹിച്ചിരിക്കണം. ഗഫൂർ ആയ റബ്ബേ എന്റെ പാപം പൊറുക്കണേ എന്ന് തേടുമ്പോള്‍ പാപം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ സ്വിഫത്താണെന്നും അത് അല്ലാഹുവിന്റെ അത്യുത്തമായ ഗുണമാണെന്നും പാപം പൊറുക്കുന്നവന്‍ എന്നാണ് അതിന്റെ അ൪ത്ഥമെന്നും അറിഞ്ഞിരിക്കണം. ഈ അർഥത്തിലാണ് അസ്മാഉൽ ഹുസ്നായെ മഹാൻമാർ ഔഷധമായും ചികിത്സയായും കാണുന്നതും. ഓരോ ഇസ്മിനും പ്രത്യേകം പ്രത്യേകം ഔഷധവീര്യമുണ്ട് എന്ന് പറഞ്ഞ മഹാൻമാരുണ്ട്. അത് വിശാലമായ മറ്റൊരു അദ്ധ്യായമാണ്.



അല്ലാഹുവിന്റെ നാമങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ മൂന്ന് അഭിപ്രായങ്ങൾ പ്രസക്തമാണ്. ഒന്നാമത്തേത് അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്, അവ നിര്‍ണ്ണിത എണ്ണത്തില്‍ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയില്‍ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ നബി(സ)ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നതായി കാണാം: നിനക്കുള്ളതായ, നീ നിനക്ക് നല്‍കിയതായ നിന്റെ അടിമകളില്‍ ആ൪ക്കെങ്കിലും അറിയിച്ചു നല്‍കിയതോ നിന്റെ കിത്താബില്‍ വേദഗ്രന്ഥത്തില്‍ അവതരിപ്പിച്ചതോ നിന്റെ അദൃശ്യജ്ഞാനത്തില്‍ നീ തെരഞ്ഞെടുത്തതോ ആയ എല്ലാ നാമങ്ങള്‍ കൊണ്ടും ഞാന്‍ ചോദിക്കുന്നു ……. (അഹ്മദ്) ഇതില്‍ നിന്നും അല്ലാഹുവിന് വെളിവാക്കിയിട്ടില്ലാത്ത ചില നാമങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാണ്. രണ്ടാമത്തേത് അല്ലാഹുവിന് 99 നാമങ്ങൾ ആണ് ഉള്ളത് എന്നാണ്. അബൂഹുറൈറയില്‍(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്‌, നൂറിൽ നിന്ന് ഒന്ന് കുറവ്‌ , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി). മൂന്നാമത്തേത്
ഈ ഹദീസ് അനുസരിച്ച് അല്ലാഹുവിന് 99 നാമങ്ങള്‍ ഉണ്ട് എന്നല്ലാതെ 99 നാമങ്ങള്‍ മാത്രമേ ഉള്ളൂ എന്നില്ല എന്നതാണ്. ഇമാം നവവി(റ) മേൽ പറഞ്ഞ ഹദീസിനെ കുറിച്ച് പറയുന്നു: ഈ ഹദീസില്‍ അല്ലാഹുവിന്‍റെ നാമങ്ങള്‍ക്ക് ഹസ്വ്ര്‍ ഇല്ല (99 നാമങ്ങള്‍ മാത്രമേയുള്ളൂ എന്നില്ല) എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഈ 99 നാമങ്ങളല്ലാത്ത മറ്റുനാമങ്ങള്‍ അല്ലാഹുവിനില്ല എന്നതല്ല ഈ ഹദീസിന്‍റെ അര്‍ത്ഥം. 99 എണ്ണം വല്ലവനും ഇഹ്സ്വാഅ് ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്നതു മാത്രമാണ് ഹദീസിന്‍റെ ഉദ്ദേശ്യം. (ശറഹു മുസ്ലിം)


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso