ഖുർആൻ പഠനം മുംതഹിന / 1 - 3
15-07-2023
Web Design
15 Comments
ശത്രുവിനെ മിത്രമാക്കരുത്
1 - സത്യവിശ്വാസികളേ, എന്റെയും നിങ്ങളുടെയും ശത്രുക്കളായിട്ടുള്ളവരോട് സൗഹൃദം പുലര്‍ത്തി നിങ്ങളവരെ മിത്രങ്ങളാക്കരുത്. നിങ്ങള്‍ക്ക് ലഭിച്ച സത്യം നിഷേധിച്ചിരിക്കയാണവര്‍. നാഥനായ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെന്നതിനാല്‍ റസൂലിനെയും നിങ്ങളെയുമവര്‍ നാട്ടില്‍ നിന്ന് ബഹിഷ്‌കരിച്ചിരിക്കുകയാണ്. എന്റെ വഴിയില്‍ ധര്‍മസമരം ചെയ്യാനും എന്റെ സംതൃപ്തിയന്വേഷിക്കാനുമാണ് നിങ്ങള്‍ നാടുവിട്ടിരിക്കുന്നതെങ്കില്‍ അത് ചെയ്യരുത്. രഹസ്യമായി അവരോടു നിങ്ങള്‍ സൗഹൃദം പുലര്‍ത്തുകയാണ്. നിങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യുന്നതൊക്കെ ഞാന്‍ നന്നായറിയും. നിങ്ങളിലൊരാള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുക തന്നെ ചെയ്തു.
ഈ സൂറത്തിലെ ആദ്യ സൂക്തങ്ങൾ ഇറങ്ങിയതിന് ഒരു ചരിത്രപരമായ പശ്ചാത്തലം ഉണ്ട് അത് മക്കാ വിജയം എന്ന ചരിത്ര അധ്യായവുമായി ബന്ധപ്പെട്ടതാണ്. ഹിജ്റ ആറാം വർഷം നബി(സ)യും ഖുറൈശികളും ഹുദൈബിയ്യയിൽ വെച്ചുണ്ടാക്കിയ സന്ധി വ്യവസ്ഥകൾ ഖുറൈശികൾ ലംഘിച്ചതായിരുന്നു മക്കാ വിജയം നേടാൻ ഒരു സൈനിക നീക്കം നടത്തുവാൻ കാരണം. അടുത്ത പത്തു വർഷത്തേക്ക് നേരിട്ടോ സഖ്യ കക്ഷികൾ മുഖേനയോ യുദ്ധം പാടില്ല എന്ന വ്യവസ്ഥയായിരുന്നു അവരുടെ സഖ്യ കക്ഷിയായിരുന്ന ബനൂ ബകർ ലംഘിച്ചത്. അവർ നബിയുടെ പക്ഷക്കാരായ ബനൂ ഖുസാഅയെ രാത്രി കടന്നാക്രമിക്കുകയായിരുന്നു. കരാർ ലംഘിച്ചതോടെ മക്കയിൽ അതീവ ഭീതി ഉയർന്നു. ഇതിന് മുസ്ലീംങ്ങൾ പ്രതികാരം ചെയ്യും എന്നത് ഏതാണ്ട് എല്ലാവർക്കും ഉറപ്പായിരുന്നു. അതിനാൽ മക്കയിലെ നേതാക്കൾ ഹുദൈബിയ കരാർ ഒന്നുകൂടി പുതുക്കി നിശ്ചയിച്ച് ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് ഒരു വേള വ്യാമോഹിക്കുകയുണ്ടായി. അബൂസുഫിയാന്റെ നേതൃത്വത്തിൽ അതിന് ശ്രമങ്ങളും നടന്നു. പക്ഷേ അത് വിജയിച്ചില്ല. അതേസമയം, മക്കയിലേക്ക് ഒരു സൈനിക നീക്കം അനിവാര്യമാണ് എന്ന് നബി(സ) തങ്ങൾ മനസ്സിൽ കാണുന്നുണ്ടായിരുന്നു. എങ്കിലും അത് ഒരു രക്തച്ചൊരിച്ചിലിലേക്ക് വളരരുത് എന്ന് നബി തങ്ങൾക്ക് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരുന്നു. പ്രത്യേക സാഹചര്യത്തിൽ അത് അനുവദനീയമാകുമെങ്കിലും മക്കയുടെ മണ്ണ് അത്രയും പരിശുദ്ധമായതാണ് എന്നതുകൊണ്ടാണ് നബി(സ) തങ്ങൾ അങ്ങനെ ആശിച്ചത്. അതിനാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി അതീവ രഹസ്യമായിട്ടായിരുന്നു മക്കയിലേക്കുള്ള സൈനിക നീക്കത്തിന്റെ ഒരുക്കങ്ങൾ നടത്തിയിരുന്നത്. പ്രിയ പത്നി ആയിഷ ബീവി, അവരുടെ പിതാവ് അബൂബക്കർ (റ) എന്നിവർക്ക് പോലും അറിയാത്ത വിധത്തിൽ ആയിരുന്നു നബിയുടെ ഒരുക്കങ്ങൾ.
എങ്കിലും ഇത് ഒരു യുദ്ധത്തിനു വേണ്ടിയുള്ള ഒരുക്കമാണ്. പതിനായിരം പേരെങ്കിലും നബിയുടെ നേതൃത്വത്തിൽ ഇതിനായി പുറപ്പെടേണ്ടതുണ്ട്. അവരെയെല്ലാം ഒരുക്കുമ്പോൾ ഈ രഹസ്യം ഏതാണ്ട് പരസ്യമായി തീരും. അങ്ങനെ സംഭവിക്കുകയും ചെയ്തു. പതിനായിരം പേരുമായി നബി മക്കയിലേക്ക് പോകുന്നു എന്ന വിവരം അറിഞ്ഞതും ഈ മുന്നേറ്റം വിജയിക്കുക തന്നെ ചെയ്യും എന്ന് എല്ലാവരും ഉറപ്പിച്ചു. അതറിഞ്ഞ് ഹാത്വിബ് ബിൻ അബീ ബൽത്തഅ എന്ന മുഹാജിറായ സ്വഹാബിക്ക് മനസ്സിൽ ഒരാശയം തോന്നി. തന്റെ മക്കയിലുള്ള ബന്ധുക്കൾക്ക് ഈ വിവരം നൽകണമെന്ന്. നബിയുടെ രഹസ്യം ചോർത്തുക എന്ന ദുരുദ്ദേശമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മറിച്ച് തന്റെ ബന്ധുക്കളോട് ഒരിക്കലും നിങ്ങൾ മുന്നോട്ടു വരരുത് എന്നും അപകടത്തിൽ വന്നു ചാടരുത് എന്നും അറിയിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ആ ഉദ്ദേശവുമായി അവർക്ക് ഒരു കത്തെഴുതുകയും സംശയം ഉണ്ടാവാതിരിക്കാൻ വേണ്ടിയെന്നോണം ഒരു സ്ത്രീയുടെ കയ്യിൽ അത് മക്കയിലേക്ക് തന്റെ ബന്ധുക്കൾക്ക് കൊടുത്തയക്കുകയും ചെയ്തു. അതീവ രഹസ്യമായിട്ടായിരുന്നു അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്തത്. പക്ഷേ അല്ലാഹു അത് നബിയെ അറിയിച്ചു. ഉടനെ നബി തങ്ങൾ രണ്ട് ദൂതന്മാരെ അവളുടെ പുറകെ പറഞ്ഞയക്കുകയും റൗളത്തു ഖാഖ് എന്ന സ്ഥലത്ത് വെച്ച് അവർ അവളെ പിടികൂടുകയും ചെയ്തു. ആദ്യം അവൾ നിഷേധിച്ചുവെങ്കിലും സ്വഹാബി ദൂതന്മാർ ശക്തമായി ഇടപെട്ടതോടെ കൂടെ അവൾ തന്റെ മുടിക്കുത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന ആ കത്ത് എടുത്തുകൊടുത്തു. നബി തങ്ങൾ കത്ത് വായിച്ചപ്പോഴാണ് ഇത് ചെയ്ത ആളെ മനസ്സിലായത്. ഹാത്വിബിനെ വിളിച്ചു വരുത്തുകയും വിചാരണ ചെയ്യുകയും ചെയ്തതോടെ വിവരങ്ങളെല്ലാം പുറത്തായി.
ഗുരുതരമായ കുറ്റകൃത്യമായിരുന്നു ഹാത്വിബ് ചെയ്തത്. അതിനാൽ ഹാത്വിബിനെ വധിക്കാൻ വരെ പലരും ഉദ്യമിച്ചതാണ്. പക്ഷെ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്തതിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹം ബോധിപ്പിച്ച ന്യായങ്ങൾ ശരിയാണ് എന്ന് പൊതുവെ എല്ലാവർക്കും തോന്നുകയും ചെയ്യുമായിരുന്നു. ഇതാണ് ആ ചരിത്ര പശ്ചാതലം. സംഭവം ഒറ്റപ്പെട്ടതാനെങ്കിലും ഇക്കാര്യത്തിലെ നയം വ്യക്തമായിരിക്കേണ്ടതുണ്ട്. അതു വ്യക്തമാക്കുവാൻ വേണ്ടിയാണ് ഈ സൂക്തം അവതീർണ്ണമായത്. മുശ്‌രിക്കുകളും അല്ലാത്തവരുമായ സത്യനിഷേധികളോട് ശത്രുതാപരമായ വിധത്തിലുള്ള മൈത്രീബന്ധം സ്ഥാപിക്കുന്നതിനെ ശക്തമായി ഈ വചനങ്ങള്‍ വിരോധിക്കുന്നു. ആ അർഥത്തിൽ അവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതിനെയും ഈ ആയത്ത് താക്കീത് ചെയ്യുന്നു. ശത്രുതാപരമായ താല്‍പര്യങ്ങള്‍ വല്ലതുമുള്ള ശത്രു തന്റെ എതിരാളിക്ക് ഉപദ്രവം ചെയ്യാന്‍ എല്ലാ അവസരവും ഉപയോഗിക്കും എന്നതിനാലാണ് അത്. എന്നാൽ ആ അർഥത്തിലേക്ക് വളരാത്ത, വിശ്വാസപരമോ ആദർശപരമോ അല്ലാത്ത സാമൂഹ്യ ബന്ധങ്ങൾ അവരോട് പുലർത്തുന്നതിന് വിലക്കില്ല ഖുർആൻ മുസ്‌ലിംകളെ പഠിപ്പിക്കുന്നു: 'മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.' (ഖുർആൻ 60:8).
ഈ വിഷയം പരിസമാപ്തി കുറിക്കവെ ഖുർആൻ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു- 'തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു' എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരം അമുസ്‌ലിം സഹോദരന്മാരോടെല്ലാം നീതിയോടെ വർത്തിക്കുന്നതാണ് അല്ലാഹുവിനിഷ്ടം എന്നർത്ഥം. അവർക്ക് നന്മ ചെയ്യുന്നതും അവർക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കവാടങ്ങൾ തുറന്നുകൊടുക്കുന്നതുമെല്ലാം ഈ നീതിയുടെ ഭാഗമാണ്. 'എന്റെ വഴിയില്‍ ധര്‍മസമരം ചെയ്യാനും എന്റെ സംതൃപ്തിയന്വേഷിക്കാനുമാണ് നിങ്ങള്‍ നാടുവിട്ടിരിക്കുന്നതെങ്കില്‍ അത് ചെയ്യരുത്' എന്ന് പറയുമ്പോൾ അത് അല്ലാഹുവിന്റെ ഇക്കാര്യത്തിലുളള കഠിനമായ താക്കീതിന്റെ സ്വരമാകുന്നു. ഹിജ്റയെയാണ് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്. ഹിജ്റ എന്നത് കേവലം ഒരു നാടുവിടലോ മാറിത്താമസിക്കലോ, പ്രതിഷേധം പ്രകടിപ്പിക്കലോ ഒന്നുമല്ല എന്നും അത് വലിയ ഒരു പ്രതിജ്ഞയാണ് എന്നുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. അത്തരം ഒരു പ്രതിജ്ഞ ചെയ്യുന്ന ആൾക്ക് തന്റെ പ്രതിജ്ഞയോട് എപ്പോഴും ബാധ്യതയും ഉത്തരവാദിത്വവും ഉണ്ടായിരിക്കണം എന്ന് ഈ ആയത്ത് വിശ്വാസികളെ പഠിപ്പിക്കുകയാണ്.
2 അവസരമൊത്തുകിട്ടിയാല്‍ അവര്‍ നിങ്ങളുടെ ശത്രുക്കളാവുകയും ദുഷ്ടലാക്കോടെ നിങ്ങള്‍ക്കു നേരെ കൈകളും നാക്കുകളും നീട്ടുകയും നിങ്ങള്‍ സത്യനിഷേധികളായിരുന്നുവെങ്കില്‍ എന്ന് അഭിലഷിക്കുകയും ചെയ്യും.
3 നിഷേധീസൗഹൃദത്തില്‍ അവരുമായുള്ള രക്തബന്ധങ്ങളോ സ്വസന്തതികളോ നിങ്ങള്‍ക്ക് ഫലദായകമാവുകയേ ഇല്ല. അന്ത്യനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വേര്‍പെടുത്തും. നിങ്ങളുടെ പ്രവൃത്തികള്‍ കണ്ടറിയുന്നവനാണവന്‍.
ഖുറൈശികൾക്ക് മുസ്ലിങ്ങളോടുള്ള അടക്കാനാവാത്ത ശത്രുതയുടെ വിവിധ തത്വങ്ങൾ പഠിപ്പിക്കുകയാണ് തുടർന്നുള്ള ഈ രണ്ട് ആയത്തുകളിൽ. ആദ്യ ആയത്തിൽ പറഞ്ഞ സംഭവത്തെക്കുറിച്ച് തന്നെയാണ് ഇതും പറയുന്നത്. ഖുറൈശികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതുകൊണ്ട് യാതൊരു ഗുണവും ലഭിക്കുകയില്ല എന്നാണ് അല്ലാഹു പറയുന്നത്. കാരണം, അവർക്ക് മുസ്ലിംകളോട് ഉള്ള വിയോജിപ്പും ശത്രുതയും ആശയപരമാണ്. ആശയപരമായ ഈ ശത്രുതയുടെ അടിസ്ഥാന വികാരമാണെങ്കിലോ അസൂയയാണ്. കാരണം ഖുറൈശികൾക്ക് മുസ്ലിംകളുടെ വിശ്വാസത്തെക്കുറിച്ചും ജീവിത സംഹിതയെക്കുറിച്ചും നന്നായി അറിയാം. അവയെല്ലാം തികച്ചും മതിപ്പുള്ളവ തന്നെയാണ് എന്നത് അവരുടെ ഉള്ളങ്ങൾ പറയുന്നുമുണ്ട്. തങ്ങളുടെ ജീവിതം വഴിവിട്ടതാണ് എന്നും ബുദ്ധിപരമായി ന്യായീകരിക്കുവാൻ കഴിയുന്നതല്ല എന്നും അവർക്ക് തന്നെ ബോധ്യമുണ്ട്. ഖുർആനിനോടുള്ള അവരുടെ സമീപനം ഒരു ഉദാഹരണം. ഖുർആനിന്റെ ആശയങ്ങളെ ചോദ്യം ചെയ്യുവാനോ അവയിൽ തെറ്റുകൾ ഉണ്ട് എന്ന് സ്ഥാപിക്കുവാനോ അവ ശരിയല്ല എന്ന് സമർഥിക്കുവാനോ അറബി ഭാഷയും സാഹിത്യവും നന്നായി വഴങ്ങുമായിരുന്നിട്ടും അവർ മുന്നോട്ടു വന്നിരുന്നില്ല. കാരണം, അതില്ല എന്ന് അവർക്കറിയാമായിരുന്നു. അതേസമയം, അവർ ചെയ്തിരുന്നത് ജനങ്ങൾ ഖുർആൻ കേൾക്കുന്നത് തടയുക എന്നതായിരുന്നു. തങ്ങളും തങ്ങളുടെ പൂർവികരും കൊണ്ടുനടന്ന വിശ്വാസങ്ങൾ തള്ളി പുതിയ ഒരു വിശ്വാസം കൊണ്ടുവന്ന് ആളാകുന്നത് അവർക്ക് മാനസികമായി അസഹ്യമായിരുന്നു.
അസൂയ എന്ന പ്രചോദനത്തിൽ നിന്ന് ഉൽഭൂതമാകുന്ന ശത്രുത കഠിനമായിരിക്കും എന്നത് ഒരു പൊതു തത്വമാണ്. അതിന്റെ ബഹിർസ്ഫുരണമാണ് അവർ പ്രകടിപ്പിച്ച എല്ലാ ശത്രുതകളിലും പ്രകടമാകുന്നത്. ഹിജ്റ പോകുവാൻ പോലും അവരെ അവർ വിട്ടില്ല. വിശ്വാസം മാറിയവരെ അവർ മൃഗീയമായി വേട്ടയാടി. കടുത്ത പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും വീണ്ടും വീണ്ടും യുദ്ധം ചെയ്തു. മുസ്ലിംകളുടെ മൂന്നിരട്ടി വരുന്ന സേനയെ അവർക്കെതിരെ സംഘടിപ്പിച്ചു. സന്ധിയിൽ തികച്ചും ഏകപക്ഷീയമായ വ്യവസ്ഥകൾ വാശിപിടിച്ച് ഉൾക്കൊള്ളിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് അവരുടെ ശത്രുതയുടെ കാഠിന്യമാണ്. ഇത്തരം ഒരു ശത്രുത ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്നവരിൽ നിന്ന് ഒരു നൻമയും നിങ്ങൾ പ്രതീക്ഷിക്കേണ്ട എന്ന് ശക്തമായി ഉദ്ബോധിപ്പിക്കുകയാണ് അല്ലാഹു. നിങ്ങളുടെ ബന്ധുക്കളോ മക്കളോ കുടുംബങ്ങളോ ആര് അക്കൂട്ടത്തിലുണ്ടെങ്കിലും ശരി ദീനിന്റെ ശത്രുക്കളുമായുള്ള ബന്ധം ഒരുവിധ ഗുണവും നിങ്ങള്‍ക്ക് നേടിത്തരില്ല എന്ന് തീർത്തു പറയുന്നു. ഇതു ഭൗതിക ലോകത്തിന്റെ കാര്യം. പരലോകത്താകട്ടെ, എല്ലാവരും തന്റെ സ്വന്തം കാര്യത്തില്‍ തന്നെ കടുത്ത ഭയത്തിലായിരിക്കും. മറ്റൊരാളെ നോക്കാനോ സഹായിക്കാനോ കഴിയുകയുമില്ല.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso