പക്ഷെ, പരിഹാരം അതല്ല.
12-10-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഹമാസിന്റെ ധീരത പലരെയും കോൾമയിർ കൊളിക്കുന്നുണ്ട്. സത്യത്തിൽ ഇസ്റായേൽ മാത്രമല്ല, ലോകം തന്നെ ഞെട്ടിപ്പോയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം ഹമാസിന്റേത്. ശരിക്കും ഹമാസ് ഒരു രാജ്യമൊന്നുമല്ല, പറഞ്ഞുവരുമ്പോൾ അത് ഫലസ്തീനിലെ തീവ്രസ്വഭാവമുള്ള ഒരു പ്രതിരോധ സംഘടന മാത്രമാണ്. എന്നിരിക്കെ ഒരു രാജ്യത്തിനു പോലും കഴിയാത്ത വിധത്തിലായിരുന്നു കഴിഞ്ഞ ദിവസം ഗാസയിലെ ജൂത കുടിയേറ്റത്തിനു നേരെ അവർ കടുത്ത ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും ശക്തമായ ചാരക്കണ്ണുകളെയും അയേൺ ഡോമുകളെയും മറികടന്നും തകർത്തും ഇസ്റായേലിലേക്ക് ഒരേ സമയം ആയിരക്കണക്കിന് മിസൈലുകൾ ഹമാസ് തൊടുത്തു വിട്ടപ്പോൾ, അങ്ങനെ വേണം!, നന്നായി! എന്നൊക്കെ പലരും ഉള്ളാലെയെങ്കിലും വിളിച്ചു പറഞ്ഞു. ആ വികാരത്തിന് അവരെ പ്രചോദിപ്പിച്ച വികാരങ്ങളെ ശരിവെക്കാം. കാരണം ഇസ്റായേൽ അതും അതിലപ്പുറവും അർഹിക്കുന്നുണ്ട്. രാവില്ലാതെ പകലില്ലാതെ അവർ ചെയ്തുകൂട്ടുന്ന രാഷ്ട്രീയ തെമ്മാടിത്തവും നീതീകരിക്കാനാവാത്ത കടന്നുകയറ്റവും അത്രയും വലിയ ഒരു സത്യമാണ്. അവരുടെ ക്രൂരതകൾക്കുമുമ്പിൽ മുക്കാൽ നൂറ്റാണ്ടായി ഒരു ജനത വിറച്ചും വിറങ്ങലിച്ചും നിൽക്കുകയാണ്. പറയുമ്പോൾ പലരും സങ്കടത്തിൽ കുതിർന്ന പലതും പറയുമെങ്കിലും അവർക്ക് ആരും ഒന്നും ഇരുവരെ കൊടുത്തിട്ടില്ല. അവർക്ക് ഒന്നും കിട്ടിയിട്ടുമില്ല. പ്രസംഗം ഘോരമാക്കാനും ഈരടികൾ ഭാവസാന്ദ്രമാക്കാനും മാത്രമുള്ളതാണ് അവരുടെ പേരുകൾ. അതിനാൽ ജൂതായിസത്തിനെതിരെ നടത്തുന്ന ഏതു നീക്കവും ന്യായമാണ്. പക്ഷെ, ഈ നീക്കങ്ങൾക്ക് ഇസ്ലാമിൽ ഒരു മുൻഗണനാ ക്രമമുണ്ട്. അത് പാലിച്ചേ പറ്റൂ. ഒരു ഭാഗത്ത് ഇസ്ലാമിക വികാരം പ്രകടിപ്പിക്കുന്നതിനാൽ പ്രത്യേകിച്ചും. അതിനു വേണ്ടി ഏതു വികാരവും ഒതുക്കിപ്പിടിക്കാം. ഏതറ്റം വരെയും ക്ഷമിക്കാം. ആ ക്രമം അല്ലാഹു ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: 'നല്ലതും ചീത്തയും തുല്യമാകില്ല; അത്യുത്തമമായതുകൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശാത്രവമുണ്ടോ അവന്‍ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ; മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല' (ഫുസ്സ്വിലത്ത്: 34,35)
പിന്നെ മറ്റൊന്നുമുണ്ട്. അത് ലക്ഷ്യവും മാർഗ്ഗവുമാണ്. രണ്ടും ഒരു പോലെ പരിശുദ്ധങ്ങളായിരിക്കണം എന്ന് ഇസ്ലാം ശഠിക്കുന്നു. നബി(സ) പറഞ്ഞു: 'എല്ലാ കര്‍മങ്ങളും ശരിയാകുന്നതും സ്വീകരിക്കപ്പെടുന്നതും ശുദ്ധമായ മനസ്ഥിതിയുണ്ടാകുമ്പോഴാണ്. ഓരോരുത്തര്‍ക്കും അവനുദ്ദേശിച്ചതു ലഭിക്കും. ഒരാളുടെ ഹിജ്‌റ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഉദ്ദേശിച്ചാണെങ്കില്‍ അവന്റെ ഹിജ്‌റ അതിനു വേണ്ടിയാണ്. മറിച്ച്, ഭൗതികമായ ലക്ഷ്യത്തോടെയാണെങ്കിലോ അല്ലെങ്കില്‍ ഒരു സ്ത്രീയെ കല്യാണം കഴിക്കുക എന്ന ലക്ഷ്യത്തിലാണെങ്കിലോ അവനതു മാത്രം ലഭിക്കുന്നു'. ലക്ഷ്യവും മാർഗ്ഗവും ഒരേ പോലെ നീതീകരിക്കപ്പെടുന്നവയായിരിക്കണം എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ഷോടതി നടത്തി പള്ളി നടത്തിപ്പിനുള്ള പണം കണ്ടെത്തുവാനും കട്ടെടുത്ത് റിലീഫ് നടത്തുവാനുമൊന്നും മുസ്ലിംകൾക്ക് പറ്റാത്തത് അതുകൊണ്ടാണ്. അതുകൊണ്ടെല്ലാം ജൂതായിസത്തെ മൂക്കുകയറിട്ട് പിടിച്ചുകെട്ടുക എന്നത് അനിവാര്യമാണെങ്കിലും അതിന് യുദ്ധത്തെ ഈ സാഹചര്യത്തിൽ ഒരു ഒന്നാം പരിഹാര മാർഗ്ഗമായി കാണുന്നതും സ്വീകരിക്കുന്നതും അംഗീകരിക്കുവാൻ മതപരമായി ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്ന് പറഞ്ഞത് ബോധപൂർവമാണ്. പണ്ടത്തേതു പോലെയല്ല, യുദ്ധം ഒന്നിനെയും തീർപ്പിലെത്തിക്കുന്നില്ല എന്നത് ഈ കാലത്തിന്റെ ഒരു തിരിച്ചറിവാണ്. മാത്രമല്ല, രാജ്യങ്ങൾ ഇപ്പോൾ സഖ്യ കക്ഷികളാണ്. ഒരാളെ തൊട്ടാൽ എല്ലാവരും കൂടും. അതോടെ വിഷയം വലുതാവുകയും യുദ്ധം രൂക്ഷമാവുകയും ചെയ്യും. ഇറാഖ് മാത്രം മതി തെളിവിന്. ലോകത്തെ ഏറ്റവും വലിയ ഈ എണ്ണ രാജ്യം കുത്തുപാളയെടുക്കേണ്ടിവന്നു, സദ്ദാം എന്ന വികാരത്തിന് അടിമപ്പെട്ടപ്പോൾ. തീവ്രതയുടെ ചൂടിന് ഒന്നും ചെയ്യാനായില്ല. അതേ സമയം അനുനയവും അനുരജ്ഞനവും ഒപ്പം ആവശ്യമായ നയതന്ത്രവും ചെയ്ത് ബുദ്ധിപരമായി നീങ്ങിയ രാജ്യങ്ങളൊക്കെയും വളർന്നു. ആരോപിക്കപ്പെടുന്നു എന്നല്ലാതെ കാര്യമായ ഒരടിമത്തവും ആ രാജ്യങ്ങളുടെ ചുമലിൽ ഇല്ലതാനും. രാജ്യം, ജനത എന്നൊക്കെ പറഞ്ഞാൽ അത് തീ പാറുന്ന വാക്കും നീക്കവും കാതടപ്പിക്കുന്ന ഒച്ചപ്പാടും ഒന്നുമല്ല. ബുദ്ധിപരമായ സമീപനങ്ങളിലൂടെയുള്ള സമീക്ഷയാണ്. പ്രത്യേകിച്ചും ഇക്കാലത്ത്.
ലബനോൻ പരസ്യമായും ഇറാനും ഖത്തറും രഹസ്യമായും ഹമാസിനെ സഹായിച്ചേക്കും. ബാക്കിയുള്ളവരുടെ സഹായങ്ങൾ വെറും മാനസികമായിരിക്കും. അനുകമ്പയും പ്രാർഥനയും. പക്ഷെ, അതോടെ രംഗം ചൂടു പിടിക്കുകയും യുദ്ധം കനക്കുകയും ചെയ്താൽ ഗസ്സയുടെ അവസ്ഥ ദയനീയമാകും. അതോർക്കുമ്പോഴാണ് നാം ഇങ്ങനെയെല്ലാം ഗദ്ഗദപ്പെടുന്നത്. റഷ്യ സഹായിക്കും എന്ന് കരുതി നിന്നാൽ സിറിയയുടെ ഗതിയായിരിക്കും. വലിയ വർത്തമാനം പറയുക മാത്രമാണ് റഷ്യ പണ്ടും ഇപ്പോഴും ചെയ്യുക. അതിനാൽ ഈ പ്രശ്നത്തിന് ശാശ്വതവും രക്ത സംരക്ഷിതവും സമാധാന ഭദ്രവുമായ പരിഹാരമുണ്ടാകുവാൻ വിഷയം വട്ടമേശയിലെത്തുക തന്നെ വേണം. അങ്ങനെയൊരു നിർദ്ദേശം കേൾക്കു പോഴേക്കും പലർക്കും കലിപ്പ് കയറും. ചർച്ച കൊണ്ട് ഒന്നും നടക്കില്ല, നേടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ചിലരാണത്. ഒരിക്കൽ നടന്നില്ലെങ്കിൽ വീണ്ടും വീണ്ടും ചെയ്യണം. വളഞ്ഞിട്ട് സമ്മർദ്ദം ചെലുത്തണം. കയ്യിലുള്ളതെല്ലാം അതിനു വേണ്ടി ഉപയോഗപ്പെടുത്തണം. വലതുപക്ഷ രാജ്യങ്ങളുമായി മനസാക്ഷി ബന്ധം സൂക്ഷിക്കുന്ന കുറേ രാജ്യങ്ങൾ ഉണ്ടല്ലോ. അവരെ പോസിറ്റീവായി പലസ്തീൻ വിഷയത്തിൽ സമ്മർദ്ദം നടത്താൻ നിർബന്ധിക്കണം. ഇസ്റാഈലിനു വേണ്ടി യുദ്ധത്തിനിറങ്ങും എന്നു പ്രഖ്യാപിച്ച ബൈഡന്റെ കപ്പലുകൾ ചെങ്കടലിൽ നങ്കൂരമിടും മുമ്പെ വൈറ്റ് ഹൗസ് അതു തിരുത്തിയല്ലോ. ജോർഡാനിലെ അബ്ദുല്ലാ രാജാവിന്റെയും മുഹമ്മദ് ബിൻ സൽമാന്റെയും പ്രതികരണങ്ങളായിരിക്കും അമേരിക്കയെ മാറി ചിന്തിപ്പിച്ചത് എന്ന് വർത്തമാനമുണ്ട്. എണ്ണയും ഫുഡ്ബോളും പട്ടാള ക്യാമ്പുകളും ആയുധ കച്ചവടവും നയതന്ത്ര കൊടുക്കൽ വാങ്ങലുകളും തുടങ്ങി മുതലെടുക്കുവാൻ പറയാവുന്നതും അല്ലാത്തതുമായ കടപ്പാടുകൾ ധാരാളമുണ്ടല്ലോ. മുസ്ലിം ലോകവും അറബി ലോകവും ഒന്നിച്ച് ഉന്നയിച്ചാൽ പരിഹാരം അകലെയല്ല. ഏറ്റവും കുറഞ്ഞത് വേണ്ടപോലെ ജൂതായിസത്തെ ഒന്നു വിരട്ടുകയെങ്കിലും ചെയ്യാം.
ഈ പറഞ്ഞതെല്ലാം മുസ്ലിം ലോകത്തിന്റെ മുമ്പേയുള്ള മുമ്പേയുള്ള പ്രസംഗമാണ്. അതൊന്നും പക്ഷേ സംഭവിക്കുന്നില്ല. എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ആർക്കും ഒന്നും പറയാനുമില്ല. ഇറാഖ് മുതൽ മൊറോക്കോ വരെ നാൽപതിലധികം രാജ്യങ്ങൾ തങ്ങൾ എന്തും ചെയ്യാൻ തയ്യാറാണ് എന്ന് എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുക മാത്രം ചെയ്യുന്നു. അവരിതുവരെയും വാചക യുദ്ധത്തിനപ്പുറം മറ്റൊന്നിനും ഇറങ്ങിയതായി അനുഭവമില്ല. 1948 ൽ ഈ നീല നക്ഷത്രം ഫലസ്തീനിന്റെ മണ്ണിൽ അന്താരാഷ്ട്ര മേലാളന്മാർ വരച്ചിട്ട അന്നുതന്നെ നാലുപാടും നിന്ന് ഒന്നിച്ച് എതിർക്കുവാൻ ഏതാനും രാജ്യങ്ങൾ നടത്തിയ ഒരു ശ്രമം മാത്രമാണ് ആശ്വാസകരമായി ചരിത്രത്തിൽ ഉള്ളത്. അത് ഐതിഹാസികമായിരുന്നു. എങ്കിലും തുടർന്നുണ്ടായില്ല. പിന്നെയൊക്കെ എല്ലാവരുടെയും സേവനം മരുന്നും ഭക്ഷണവും നൽകുന്നതിൽ ഒതുങ്ങി. അല്ലെങ്കിൽ ആരൊക്കെയോ ഒതുക്കി. പക്ഷെ, ആ മണ്ണിന്റെ മക്കൾ ധീരമായ ചെറുത്തു നിൽപ്പിലാണ് അന്നും ഇന്നും. അതിന് പലതുണ്ട് കാരണങ്ങൾ. ഒന്നാമതായി അവരനുഭവിക്കുന്ന നേർ വേദനകൾ പകരുന്ന നൊമ്പരമാണ്. ഒപ്പം തങ്ങളുടെ ജനത കാണിക്കുന്ന ഈ അവഗണയും. ഇതെല്ലാം അവർക്ക് നിർഭയത്വവും നവോൻമേഷവും നൽകിയിരിക്കുന്നു. കല്ല് മാത്രമാണ് കയ്യിലുള്ളതെങ്കിലും അവർ അത് വെച്ച് പ്രതിരോധം തീർക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അവർ ആയിരക്കണക്കിന് മിസൈലുകൾ അയച്ചു എങ്കിലും അതൊന്നും വലിയ സാങ്കേതിക മേൻമയുള്ളതൊന്നുമായിരുന്നില്ല എന്നാണ് ചില യുദ്ധ വിദഗ്ദർ പറഞ്ഞത്. വെറും ലോഹ പൈപ്പിൽ വെടിമരുന്നിട്ട് കത്തിച്ചെറിയുന്ന ടെക്നോളജി. എന്നിട്ടും അവർ പിടിച്ചു നിൽക്കുന്നു. പക്ഷെ, ജൂതർ പെട്ടന്ന് തോൽക്കില്ല. അവർ പല തന്ത്രങ്ങളും പയറ്റി പിടിച്ചു നിൽക്കാൻ നോക്കും. അന്താരാഷ്ട്ര കപട മേലാളൻമാർ ജൂതരുടെ പ്രധാന പ്രതിയോഗികൾ മുസ്ലിംകളായതിനാൽ ഒളിഞ്ഞോ തെളിഞ്ഞോ ഒപ്പം നിന്ന് പിന്തുണക്കുകയും ചെയ്യും. ഇത് പക്ഷെ, സത്യവിശ്വാസികളെ നിരാശപ്പെടുത്തുന്നില്ല. കാരണം ഇതെല്ലാം സത്യവിശ്വാസിക്ക് വിധിക്കപ്പെട്ടിട്ടുള്ള പരീക്ഷണങ്ങൾ മാത്രമാണ്. അല്ലാഹു തരുന്ന പരീക്ഷണങ്ങളാണ് എന്ന തിരിച്ചറിവോടെ അതിനെ നേരിടുമ്പോൾ വിശ്വാസം ഉളളിൽ ഊർജ്ജമായി മാറുക സ്വാഭാവികമാണ്.
പുതിയ രംഗങ്ങൾ വിശ്വാസികൾക്ക് ഒരു തിരിച്ചറിവു കൂടി ആവർത്തിച്ചു പകരുന്നുണ്ട്. ജൂതരെ കുറിച്ച് വിശുദ്ധ ഖുർആൻ പറഞ്ഞുവെച്ച അവരുടെ ചില തനിനിറങ്ങൾ ഒന്നുകൂടി ഉറപ്പിക്കുവാനുള്ള അവസരമാണത്. അവ ഓരോന്നും കൃത്യമാണെന്ന് കാണുമ്പോൾ വിശ്വാസത്തിന്റെ ശക്തിയും ഖുർആന്റെ അമാനുഷികതയും ഒരേ സമയം തെളിയും. അവയിലൊന്നാണ് അവർക്ക് സത്യവിശ്വാസികളോടുള്ള തീർത്താൽ തീരാത്ത ശത്രുത. അല്ലാഹു പറയുന്നു: 'മനുഷ്യരിൽ സത്യവിശ്വാസികളോട് ഏറ്റവും കൂടുതൽ ശത്രുതയുള്ളവർ ജൂതരും ബഹുദൈവാരാധകരും ആണെന്ന് നിശ്ചയമായും താങ്കൾക്ക് കാണാം' (അൽമാഇദ: 82). സത്യവിശ്വാസികളോട് അവർക്കുള്ള ശത്രുതക്ക് അവരുണ്ടായ അത്ര പഴക്കമുണ്ട്. പ്രവാചകൻമാർ പോലും അവരുടെ ശത്രുതയിൽ നിന്ന് രക്ഷപ്പെട്ടില്ല എന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണം നമ്മുടെ നബി(സ) തിരുമേനി തന്നെയാണ്. നബിയെ ഹലീമാ ബീവിയുടെ വീട്ടിൽ മുലകുടി പ്രായത്തിൽ കഴിയുമ്പോൾ തന്നെ വധിക്കുവാൻ അവർ പദ്ധതിയിട്ടതായി ഇബ്നു സഅ്ദ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പന്ത്രണ്ടാം വയസ്സിൽ പിതൃവ്യനോടൊപ്പം ശാമിലേക്ക് കച്ചവടത്തിന് പോകുമ്പോൾ അവർ കൊല്ലേണ്ടതായിരുന്നു. ഒരു ക്രൈസ്തവ പാതിരിയായിരുന്നു ആ അപകടം ചൂണ്ടിക്കാട്ടി അവരെ മടക്കിയയച്ചത്. നുബുവ്വത്തിനു ശേഷം നബിയെ പലപ്പോഴും വധിക്കുവാൻ അവർ ശ്രമിക്കുകയുണ്ടായി. അവരുടെ സഹായം തേടി ചർച്ചക്ക് ചെന്ന നബിയുടെ തലയിലേക്ക് കല്ലുരുട്ടിയിട്ട് കൊല്ലാൻ ആയിരുന്നു ഒരു ശ്രമം. അല്ലാഹു കാത്തു. നബി(സ)ക്കും അനുയായികൾക്കും വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചത് അവർക്കു വേണ്ടി അവരുടെ ഒരു സ്ത്രീയാണ്. മുസ്ലിംകൾക്കെതിരെ മുശ്രിക്കുകളെയ്യും മുനാഫിഖുകളെയും യുദ്ധത്തിന് പ്രേരിപ്പിച്ചതും പിന്നിൽ നിന്ന് സഹായിച്ചതും പ്രധാനമായും അവരായിരുന്നു. ആദ്യത്തെ യുദ്ധങ്ങളിലെല്ലാം ഇതു വ്യക്തമായിരുന്നു. നബിക്കു ശേഷം മുസ്ലിംകളെ രണ്ടാക്കിയത് അബ്ദുല്ലാ ബിൻ സബഅ് എന്ന ഒരാളാണ്. അയാളുടെ കഥ തെല്ല് അജ്ഞാതമാണ് എങ്കിലും കക്ഷി ജൂതനായിരുന്നു എന്നത് ഏതാണ്ട് എല്ലാ ചരിത്രങ്ങളും പറയുന്നുണ്ട്. അവസാനം ഓട്ടോമൻ കാലത്ത് ഫലസ്തീനിൽ വന്ന് കുടികെട്ടാൻ ജൂതർ ശ്രമിച്ചത് വരെ ഈ ശ്രേണിയിലുണ്ട്. സുൽത്വാൻ അബ്ദുൽ മജീദ് ഖാനും സുൽത്വാൻ അബ്ദുൽ ഹമീദും അന്നവരെ തടഞ്ഞില്ലായിരുന്നു എങ്കിൽ ജൂതായിസം നേരത്തെ തന്നെ കളി തുടങ്ങിയിരുന്നേനെ. അവരുടെ ഏറ്റവും വലിയ ശത്രുക്കൾ ഇസ്ലാമും മുസ്ലിംകളുമാണ്.
മറ്റൊന്നാണ് കരാറുകൾ ലംഘിക്കുക എന്നത് അവരുടെ പതിവ് സ്വഭാവമാണ് എന്നത്. അല്ലാഹു പറയുന്നു: അവരിൽ ഒരു വിഭാഗവുമായി താങ്കൾ കരാറിലേർപ്പെട്ടതാണല്ലോ, എന്നിട്ട് ഓരോ തവണയും അവർ തങ്ങളുടെ കരാർ ലംഘിച്ചു കൊണ്ടിരുന്നു. അവർ ഒട്ടും സൂക്ഷ്മത പുലർത്തുന്നവരല്ല. (അൽ അൻഫാൽ: 56) അതിനും ചരിത്രത്തിലും വർത്തമാനത്തിലും ഉദാഹരണങ്ങൾ നിരവധിയാണ്. ബദർ യുദ്ധത്തിനു ശേഷം മദീനാ ചാർട്ടർ എന്ന കരാർ ലംഘിച്ച ജൂത ഗോത്രമായ ബനൂ ഖൈനുഖാഇന്റെയും ഉഹദിനു ശേഷം കരാർ ലംഘിച്ച ബനൂ നളീറിന്റെയും അഹ്സാബ് യുദ്ധത്തിനു ശേഷം അത് ലംഘിച്ച ബനൂ ഖുറൈളയുടെയും ചരിത്രം നമുക്ക് ഓർമ്മയുള്ളതാണ്. അതിന്റെ പേരിൽ അവരൊക്കെ നാടുവിടേണ്ടി വന്നു. അവർ നിൽക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് ജൂതൻമാർ കരാറിൽ ഏർപ്പെടുക എന്നും തരപ്പെടുന്ന ആദ്യ ഘട്ടത്തിൽ തന്നെ തങ്ങൾ അതു ലംഘിക്കുമായിരുന്നു എന്നും മുസ്ലിമായതിനുശേഷം അബ്ദുല്ലാഹി ബിൻ സലാം(റ) അനുഭവം പറയുന്നുണ്ട്. അതോടൊപ്പം അവരുടെ കുതന്ത്രങ്ങൾ ഒന്നും ആത്യന്തികമായി വിജയിക്കില്ല എന്നും അവരെ ദുനിയാവിൽ വെച്ചു തന്നെ ക്രൂരമായി അല്ലാഹു ശിക്ഷിക്കും എന്നും ഖുർആൻ പറയുന്നുണ്ട്. (അൽ അഅ്റാഫ്: 167). ഈ വാക്യം നൽകുന്ന പ്രതീക്ഷയാണ് ഇതിഫാദകളുടെ ഊർജ്ജം. ഈ സ്വഭാവം കാരണത്താൽ അവർക്ക് സ്ഥിര ചങ്ങാത്തം ഉണ്ടാവില്ല. 1290 ൽ ബ്രിട്ടീഷുകാരും 1348 ൽ ഫ്രഞ്ചുകാരും 1493 ൽ സ്പെയിൻകാരും 1881 ൽ റഷ്യക്കാരും അവസാനം ജർമ്മനിയുടെ ഹിറ്റലറുമെല്ലാം അവരെ പുറത്തെടുത്തിട്ടത് ഇതിന് മികച്ച ഉദാഹരണങ്ങളാണ്. തീർച്ചയായും ജൂതർ നരകത്തിലെ പിശാചുകളാണ് എന്ന് 1779 ൽ യു എസ് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറഞ്ഞതിലുണ്ട് ഈ വസ്തുതകളെല്ലാം. ഖുർആൻ പറഞ്ഞുവെച്ച ജൂതപാഠങ്ങളിൽ മറ്റൊന്നാണ് അവർക്കിടയിലുള്ള പരസ്പര പോര്. അവരുടെ പരാജയം ഉറപ്പാക്കുന്ന ഒന്നാണിത്. അൽ മാഇദ: 64, അൽ ഹശ്ർ: 14 എന്നീ വചനങ്ങളിൽ അത് അല്ലാഹു പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ യും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല' (അൽ മാഇദ: 64). അതിന്റെ കാരണവും മറ്റൊരിടത്ത് പറയുന്നുണ്ട്. അത് അവരുടെ ജീവിതത്തോടുള്ള പ്രതിപത്തിയാണ്. അല്ലാഹു പറയുന്നു: 'സകല മനുഷ്യരെക്കാളും ഭൗതിക ജീവിതതല്‍പരരാണ് ജൂതരെന്ന് താങ്കള്‍ക്കു കാണാം; ബഹുദൈവ വിശ്വാസികളെക്കാള്‍ വരെ' (അൽ ബഖറ: 96). എന്തുട്ടായിട്ടും പലസ്തീനികളുടെ വെറും കല്ലുകൾ അവരെ വേട്ടയാടുന്നതിന്റെ പിന്നിലെ രഹസ്യവും ഇതാണ്. അന്താരാഷ്ട്ര കപട മേലാളൻമാർക്ക് വെളിവുണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞാൽ മാത്രം ആ നീല നക്ഷത്രക്കൊടി താന്നെ അഴിഞ്ഞുവീഴും.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso