Thoughts & Arts
Image

രതി വൈകൃതങ്ങൾ വിവാഹമാകില്ല.

19-10-2023

Web Design

15 Comments

വെളളിത്തെളിച്ചം
ടി എച്ച് ദാരിമി







സ്വവർഗ്ഗരതിയെ വിവാഹമായി അംഗീകരിക്കുവാൻ കഴിയില്ല എന്ന് നമ്മുടെ പരമോന്നത നീതി പീഠം വിധിച്ചിരിക്കുന്നു. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ആണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. ഇങ്ങനെ ഒരാവശ്യവുമായി കുറേ ആൾക്കാർ കോടതിയെ സമീപിക്കുവാൻ വഴിവെച്ചതും സുപ്രിം കോടതി തന്നെയാണ് എന്നത് സാന്ദർഭികമായി ഓർക്കേണ്ടതുണ്ട്. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് 2018 ലാണ് ഇന്ത്യൻ സുപ്രീം കോടതി വിധിച്ചത്. സ്വവർഗ്ഗലൈംഗികത നിയമവിരുദ്ധമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി എഴുപത്തിയേഴാം വകുപ്പ് ഭാഗികമായി മാറ്റിയാണ് കോടതി അന്ന് വിധി പുറപ്പെടുവിച്ചത്. അന്ന് മനുഷ്യ ധർമ്മങ്ങൾക്കെതിരെ മുഷ്ടി ചുരുട്ടി നടന്ന പ്രകടന കോപ്രായങ്ങൾ മാന്യതയും മനുഷ്യത്വ ഗുണങ്ങളുമുള്ളവർ മറന്നിരിക്കുവാൻ സാധ്യതയില്ല. ഇതിന്റെ ഹുങ്കിലായിരുന്നു പുതിയ ഹർജികൾ. കടന്നുകടന്ന് അത്ര തന്നെ അതിരു കടക്കേണ്ട എന്ന കോടതിയുടെ ഈ നിലപാട് ഏതായാലും ശ്ലാഖിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ കൈ മുതൽ അവന്റെ സ്വത്വമാണ്. അത് ധാർമ്മികതയുടെ അരികു പറ്റിയാണ് വളരുന്നതും നിലനിൽക്കുന്നതും. അതിൽ അവന്റെ ഓരോ ജീവിത മേഖലകളെയും ഏതു വിധത്തിലാണ് കൈകാര്യം ചെയ്യപ്പെടേണ്ടത് എന്നത് ഉള്ളടങ്ങിയിട്ടുണ്ട്. അവയാണ്‌ മനുഷ്യജീവിതത്തിന് ശരിയായ താളം നൽകുന്നത്. അതിൽ അവന്റെ ലൈംഗികതയും വിവാഹ ജീവിതവും കുടുംബ ജീവിതവുമെല്ലാം ഉണ്ട്. അവ പുലർത്തിയാൽ അതോടെ മനുഷ്യൻ മാന്യനാകും. അതിന് അവനെ പ്രേരിപ്പിക്കാനും പ്രചോദിപ്പിക്കുവാനും മറ്റൊരു ബാഹ്യ ശക്തിയുടെയും സഹായം ആവശ്യമില്ല. സ്വന്തം സഹജാവബോധം തന്നെ മതി. അതിന് കീഴ്പെടാതെയും ശരിയായ താളം പാലിക്കാതെയും ജീവിക്കുന്ന ഏതു ജീവിതവും വൈകൃതമാണ്.



ഇവിടെ നമ്മുടെ വിഷയം സ്വവർഗ്ഗരതിയാണ്. ഒരു പുരുഷന് പുരുഷനോടും, ഒരു സ്ത്രീക്ക് സ്ത്രീയോടും തോന്നുന്ന ലൈംഗിക ആകർഷണം കാരണം അവർ ഒരുമിച്ച് ലൈംഗികത ആസ്വദിക്കുന്ന അവസ്ഥയെയാണ് നമ്മൾ സ്വവർഗരതി, സ്വവർഗ്ഗ ലൈംഗികത എന്ന് പറയുന്നത്. നമ്മളിത്ര വളരുന്നതിനു മുമ്പ് ഇത് വലിയ ഒരു തെറ്റായിട്ടാണ് നമ്മൾ കണ്ടിരുന്നത്. ഏതാണ്ട് ഒരേ പ്രായത്തിലുള്ള ആണും ആണും അല്ലെങ്കിൽ പെണ്ണും പെണ്ണും ഭാര്യാഭർത്താക്കളെ പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ജീവിക്കുമ്പോൾ ഒരുതരം അറപ്പും വെറുപ്പും പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടാകുന്നു. അതിനു പുറമെ ലൈംഗികത അതിന്റെ അടിസ്ഥാന ജൈവികതക്ക് പുറത്ത് സംഭവിക്കുന്നതിനാൽ അത് നിഷ്ഫലമാവുകയും ചെയ്യുന്നു. അതാണ് ഈ വെറുപ്പിനു കാരണം. എന്നാൽ വൈകൃതങ്ങളെ വെല്ലുവിളിക്കുന്ന പ്രവണത പുതു സമൂഹത്തിൽ നാമ്പെടുത്തു വന്ന പുതിയ കാലത്ത് ഈ അറപ്പും വെറുപ്പും സഹിക്കാനും ആസ്വദിക്കാനും അങ്ങനെ പ്രകൃതി, മതം, സംസ്കാരം എന്നിവയെയെല്ലാം നിരാകരിക്കാനുള്ള ഒരു ത്വര ചിലരിൽ ഒരു ലഹരി പിടിച്ച വികാരമായി മാറിയിരിക്കുന്നു.
എന്തിന്റെ പേരിലാകിലും ഒറ്റപ്പെട്ടും വിഘടിച്ചും നിൽക്കുന്നവനെ പിന്തുണച്ച് രംഗത്തുവരികയും അവന്റെ നിലപാടിനെ അവകാശവും അധികാരവും സ്വാതന്ത്ര്യവുമെല്ലാമായി അവതരിപ്പിച്ച് പിന്തുണക്കുകയും ചെയ്യുന്നത് പുതിയ കാലത്തിന്റെ ശീലമായി മാറിയ പുതിയ കാലത്ത് ഇത്തരം സാംസ്കാരിക താളപ്പിഴകളെയെല്ലാം ന്യായീകരിക്കപ്പെട്ടു വരുന്നു. അതും ഉത്തരവാദപ്പെട്ടവർ തന്നെ. 1973 ൽ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ഹോമോസെക്ഷ്വാലിറ്റി എന്ന സ്വവർഗ്ഗരതി ഒരു രോഗമല്ല എന്ന് പ്രഖ്യാപിച്ചത് ഒരു ഉദാഹരണം. പിന്നീട് 1990 ൽ WHO ഹോമോസെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ചുവടുപിടിച്ച് ആധുനിക വൈദ്യ ശാസ്ത്രം ഹോമോ സെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്നും വ്യത്യസ്തമായ ഒരു സെക്ഷ്വൽ ഓറിയെന്റേഷൻ മാത്രമാണെന്നും പറയുന്നു. സ്വവർഗ്ഗരതി രോഗമല്ല എന്നതു തന്നെയാണ് ശരി. അത് ഒരു വൈകല്യമാണ്. ജനതികമായി തന്നെ ഉണ്ടാകുന്ന ഒരു താളപ്പിഴയാണ്. അത് ശാസ്ത്രീയമായി കണ്ടെത്തപ്പെട്ട കാര്യം തന്നെയാണ്. ഭ്രൂണമായിരിക്കുന്ന അവസ്ഥയിൽ തന്നെ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനമാണ് ഹോമോ സെക്ഷ്വാലിറ്റിയിലേക്ക് ഒരാളെ നയിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗർഭാവസ്ഥയിൽ ആൻഡ്രജൻ എന്ന പുരുഷഹോർമോൺ കുട്ടിയുടെ തലച്ചോറിൽ സ്വാധീനം ചെലുത്തിയാൽ മാത്രമേ സ്ത്രീകളോടുള്ള ലൈംഗിക ആകർഷണം സ്വാഭാവികമായി ആൺകുട്ടിക്ക് ഉണ്ടാകു. പലപ്പോഴും ഈ പ്രീനേറ്റൽ ആൻഡ്രജന്റെ അളവു കുറയുമ്പോൾ ആൺകുഞ്ഞുങ്ങളിൽ സ്ത്രീകളോടുള്ള ആകർഷണം കുറഞ്ഞ് പുരുഷൻമാരോട് താല്പര്യം തോന്നുന്നു. അതുപോലെ തന്നെയാണ് പെൺകുട്ടികളിലും. പെൺകുട്ടികളിൽ പുരുഷഹോർമോണുകൾ കുറച്ചു കൂടുതലാണെങ്കിൽ അവർക്ക് പുരുഷ സ്വഭാവവും തജ്ജന്യമായ പെരുമാറ്റവും ഉണ്ടാകും. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് അതൊന്നും അവരുടെ കുറ്റമല്ല ജന്മ വൈകല്യമാണ് എന്നു തന്നെയാണ്. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമോ ബാലിശമായ വാദമോ ഒന്നുമില്ല.



രണ്ടു വസ്തുതകൾ ഇതോടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഒന്നാമതായി സ്വവർഗ്ഗരതി ഒരു ലൈംഗിക താളപ്പിഴയാണെന്നും അതിനാൽ അത് ഒരു ലൈംഗിക വൈകൃതമാണെന്നും. രണ്ടാമത്തേത് അത് ഹോർമോൺ ബന്ധിതമായി ഉണ്ടാകുന്ന ഒരു ജൻമ വൈകല്യമാണ് എന്നതും. ഇനിയാണ് നമുക്ക് ചർച്ച ചെയ്യാനും സംവാദം നടത്താനുമുള്ളത്. വൈകൃതത്തെയും വൈകല്യത്തെയും ഒരു പോലെ കാണാൻ ഒരു മാന്യനായ വ്യക്തിക്ക് കഴിയില്ല. വൈകല്യത്തോട് ഒരു തരം അനുതാപ മനസ്ഥിതി ഉണ്ടാകുമ്പോൾ വൈകൃതത്തോട് ഉണ്ടാകുക വെറുപ്പാണ്. ഏതായാലും രണ്ടിനെയും ആഘോഷിക്കുകയും അവകാശമായി അവതരിപ്പിക്കുകയുമല്ല മറിച്ച് മറച്ചുവെക്കുകയാണ് വേണ്ടത്. എന്നാൽ ഇന്ന് ചിലർ ഇത് ഒരവകാശമായി ഉന്നയിക്കുകയും ആർക്കും ഇടപെടാൻ അനുവാദമില്ലാത്ത സ്വാതന്ത്ര്യമായി വാദിക്കുകയും ചെയ്യുകയാണ്. അവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ധ്വനി ഉയർത്തുന്നതിനാൽ മതം, സംസ്കാരം എന്നിവയെയെല്ലാം ഇത്തരക്കാരും ഇവർക്കു വേണ്ടി വാദിക്കുന്നവരും തള്ളിക്കളയുന്നു എന്നു മാത്രമല്ല, തങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ മതത്തിനും സംസ്കാരത്തിനും എന്തവകാശമാണുളളത് എന്ന് ഉറക്കെ ചോദിക്കുകയും ചെയ്യുന്നുണ്ട് ഇവർ. അത് അവരുടെ താൽപര്യം, അതിന് നമ്മളെന്തിനാണ് എതിരുനിൽക്കുന്നത് എന്ന ചോദ്യവും വിവാദങ്ങൾക്കിടെ കേൾക്കാറുണ്ട്. തികച്ചും നിഷ്കളങ്കമായ ഒരു ചോദ്യമാണിത്. ഒരാൾ തന്റെ വൈകല്യവും വൈകൃതവും സഹിച്ചും മനസ്സിൽ ഒതുക്കിപ്പിടിച്ചും ജീവിക്കുന്നതിൽ നമുക്ക് ഒരു പ്രയാസവുമില്ല. പക്ഷെ, ഇവർ തങ്ങളുടെ ഈ വൈകല്യവും വൈകൃതവും നിയമവും സമൂഹവും അംഗീകരിച്ചു മഹത്വപ്പെടുത്തണം എന്ന് വാശി പിടിയുകയാണ്. ഇത് വൈകല്യമാണ് എന്നു പറഞ്ഞ ശാസ്ത്രത്തെയും വൈകൃതമാണ് എന്നു പറഞ്ഞ മതത്തെയും ഇവർ വെല്ലുവിളിക്കുകയാണ്. അതിനാൽ അവർ ചെയ്യുന്നത് ശരി തന്നെയാണ് എന്ന് വരാതെ നോക്കേണ്ട കടമ നമുക്കുണ്ട്. അതാണ് നാം ചെയ്യുന്നത്.



ഇതൊരു ആവേശമാണ്. ലോകത്തെങ്ങും സ്വവർഗ്ഗാനുരാഗികൾ ജീവിക്കുന്നു എന്നൊക്കെ പറയുന്നത് ശരിയാണ്. പക്ഷെ, ഭാര്യ ഭർത്താക്കൻമാരായി കോടതിയുടെയും രാജ്യത്തിന്റെയും ഒക്കെ അനുവാദം വാങ്ങിച്ചോ പിടിച്ചുവാങ്ങിയോ ജീവിക്കുന്ന അവരൊന്നും ഭാര്യ ഭർത്താക്കളെ പോലെ ജീവിതാന്ത്യം വരെ അങ്ങനെ ജീവിക്കുന്ന - ജീവിച്ച അനുഭവം ഇല്ലെന്നു തന്നെ പറയാം. കാരണം, ഈ ലൈംഗികത കുറച്ചു കഴിയുമ്പോൾ മടുപ്പുളവാക്കും. പങ്കാളികൾക്കിടയിൽ സ്ഥാന വ്യത്യാസമോ ജൈവ വിഭിന്നതയോ ഇല്ലാത്തതിനാൽ ഒരാൾക്ക് മറ്റൊരാൾക്ക് വിധേയനാവുന്നത് ഏറെ കാലം തുടരാനാവില്ല. പിന്നെ മക്കളില്ലാതെ വരുന്നതിനാൽ സ്വന്തം ജീവിതത്തിൽ നിന്ന് ഈ ലൈംഗികതക്ക് ഒരു പ്രേരകവും ഉണ്ടാവില്ല. ഇതു പറയുമ്പോൾ ഇവരും ഇവർക്കു വേണ്ടി വാദിക്കുന്നവരും പറയാറുള്ളത് അതിന് ഒരു കുട്ടിയെ ദത്തെടുത്താൽ പോരെ എന്നാണ്. ദത്തെടുക്കാനുള്ള കുട്ടിയുണ്ടാകാനും ജൈവിക ലൈംഗികത വേണമെന്നും ദത്ത് കുട്ടിയിലേക്ക് അതിനെ വാങ്ങിച്ചവരുടെ പകുതി മനസ്സേ എത്തൂ എന്നതുമെല്ലാം ഇങ്ങനെ വാദിക്കുമ്പോൾ അവർ മറക്കുകയാണ്. അതിനാലെല്ലാം ഈ കമ്പം വൈകാതെ കൊടിയിറങ്ങും. പക്ഷെ, അപ്പോഴേക്കും മതവും ധർമ്മവും സംസ്കാരവും എല്ലാം റോഡിലേക്കും ചായക്കടയിലേക്കും ചാനൽ മേശയിലേക്കും വലിച്ചിഴക്കപ്പെട്ടിരിക്കും എന്നതാണ് സങ്കടം. അതോടെ അങ്കം മുറുകും. അതോടെ രണ്ട് പക്ഷവും കൂടുതൽ ശക്തിപ്രാപിക്കും. സംസ്കാരത്തിന്റെ പേരിലാണ് നാം ഇങ്ങനെയൊക്കെ വിലപിക്കുന്നത് എങ്കിലും നമ്മുടെ സാംസ്കാരിക ലോകം തന്നെ ഇതിനെ മറ്റൊരു വശത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നത് മറ്റൊരു സങ്കടം. പല സിനിമകളും സീരിയലുകളും ഈ അർഥത്തിൽ നിരവധി വന്നിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി സ്വവർഗാനുരാഗം ചർച്ച ചെയ്ത സിനിമ 1978ല്‍ മോഹന്‍ സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രം, 1986ല്‍ ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം, 2004ല്‍ ലിജി ജെ പുല്‍പള്ളി സംവിധാനം ചെയ്ത സഞ്ചാരം എന്ന ചിത്രം, 2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രം, 2019ല്‍ പുറത്തിറങ്ങിയ മൂത്തോൻ എന്ന ചിത്രം തുടങ്ങി അതൊരു നീണ്ട പട്ടിക തന്നെയാണ് എന്നും ഇവയിൽ ചിലതിനെല്ലാം അവാർഡ് കൊടുത്ത് സംസ്ഥാന സർക്കാറും ഈ ശ്രമത്തിൽ പങ്കാളിയാകുകയുണ്ടായി എന്നും ഈ കാര്യത്തിൽ ഇന്ത്യാ റ്റുഡേയിൽ വന്ന 2022 ഫെ. 15 ലെ ലേഖനം പറയുന്നു.



ഇക്കാര്യത്തിലും ഏറ്റവും സ്പഷ്ടമായ നിലപാടാണ് അല്ലാഹു സ്വീകരിച്ചിരിക്കുന്നത്. മാനവകുലത്തിന്റെ സമാധാനപൂര്‍ണമായ ജീവിതത്തിന്‌ അല്ലാഹു സംവിധാനിച്ച വ്യവസ്ഥാപിതവും അനുഗൃഹീതവുമായ നിയമസംവിധാനമാണ്‌ ഇണകളായി ജീവിക്കുക എന്നത്‌. അല്ലാഹു മനുഷ്യരെ ഇണകളായി സൃഷ്ടിച്ചത് സമൂഹത്തിന്റെ നിലനില്‍പ്പിനും കുടുംബ ഭദ്രതക്കുമൊക്കെ വേണ്ടിയാണ്. അതുവഴി മനുഷ്യജീവിതത്തില്‍ ആനന്ദവും ആസ്വാദനവും നുകരാനും അനുഭവിക്കാനും സാധിക്കുന്നു. മനുഷ്യന്റെ വികാര വിചാരങ്ങളെക്കുറിച്ച്‌ അതിസൂക്ഷ്‌മമായി അറിയുന്ന അല്ലാഹു, മനുഷ്യരോട്‌ ഇണകളായി ജീവിക്കാന്‍ നിര്‍ദേശിച്ചതിലൂടെ മനുഷ്യന്റെ സ്വസ്ഥതയും സമാധാനവുമാണ്‌ ലക്ഷ്യമാക്കുന്നത്‌. മനുഷ്യന്റെ, അനുവദനീയവും പ്രകൃതിപരവുമായ ഇണകളോടുള്ള ആകര്‍ഷണീയതയെ നിയമപരമായി അംഗീകരിക്കലാണ്‌ വിവാഹം. വിവാഹം പുരുഷനും സ്‌ത്രീയും തമ്മിലാണ്‌. പുരുഷനും പുരുഷനും തമ്മിലും സ്‌ത്രീയും സ്‌ത്രീയും തമ്മിലും വിവാഹബന്ധത്തിലേര്‍പ്പെടുക എന്നത്‌ പ്രകൃതി വിരുദ്ധവും ദൈവികനിയമത്തെ ലംഘിക്കലുമാണ്‌. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമായ സ്വവര്‍ഗരതിയെ ഒരു നിലയ്ക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ അത് വന്‍പാപങ്ങളുടെ ഗണത്തിലാണ് പെടുന്നത്. കാരണം വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമാണത്. സമൂഹത്തില്‍ ധാര്‍മികതയുടെ തകര്‍ച്ചക്കും ലൈംഗിക അരാചകത്വത്തിനും അത് വഴിയൊരുക്കും. സ്വവര്‍ഗരതി കുടുംബമെന്ന ശക്തമായ സാമൂഹിക സ്ഥാപനത്തെ തകര്‍ക്കും. മാത്രമല്ല, ലൈംഗികവും മാനസികവുമായ പല രോഗങ്ങള്‍ക്കും അത് ഇടയാക്കും. ലോകത്ത് ആദ്യമായി സ്വവര്‍ഗരതി ലൂത്വ് നബിയുടെ(അ) സമൂഹത്തിലാണ് ഉടലെടുത്തതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ആ ജനതക്ക് എന്തുപറ്റി എന്നത് ഖുർആനിൽ രേഖയാണ്. ആ രേഖകൾ ഓരോന്നും വർത്തമാന കാലം വരെ എത്തി നിൽക്കുന്ന നമ്മുടെ ചർച്ചകളിലെ വിഷയങ്ങളെയും നിലപാടുകളെയും അടിവരയിടുന്നതാണ്. ആദ്യം അത് വൈകൃതമാണ് എന്ന് അല്ലാഹു ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു: ലൂത്വിനെയും (നാം ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്‌. നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല.(ഖു൪ആന്‍:29: 28) അവസാനം സ്വവര്‍ഗ്ഗരതിക്കാരായ ആ സമൂഹത്തെ അല്ലാഹു ദാരുണമായി നശിപ്പിക്കുകയാണ് ചെയ്തത്. അല്ലാഹു പറയുന്നു: അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. (ഖുര്‍ആന്‍ 11: 82). കീഴ്‌മേല്‍ മറിച്ചു എന്നും കല്‍മഴ വര്‍ഷിച്ചുവെന്നും ഖുര്‍ആന്‍ പറഞ്ഞ ആ പ്രദേശമാണ് ചാവുകടല്‍ എന്നാണ് പണ്ഡിതരുടെ പക്ഷം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1300 അടി താഴ്ചയില്‍ ഇതു സ്ഥിതി ചെയ്യുന്നു. കൂടിയ സാന്ദ്രത കാരണം ആ തടാകത്തില്‍ ഒരാള്‍ കിടന്നാല്‍ താണു പോവുകില്ല. ജീവ ജാലങ്ങളോ ബാക്ടീരിയ പോലുമോ അതിലില്ല. ചിന്തിക്കുന്നവര്‍ക്ക് പാഠമായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ ആ സ്ഥലം മനുഷ്യന് മുന്നില്‍ ഇങ്ങനെ വേറിട്ട് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നു പറയുമ്പോൾ അല്ലാഹുവിന്റെ താക്കീത് ഇക്കാര്യത്തിൽ സജീവമാണ് എന്ന് മനസ്സിലാക്കാം.
o




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso