അത്ര കൃത്രിമമല്ല കൃത്രിമ മഴ.
19-11-2023
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
നമ്മുടെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും നമുക്ക് നിയന്ത്രിക്കാൻ കഴിയുമോ എന്ന അന്വേഷണവും അതിനുവേണ്ടി ശ്രമവും മനുഷ്യന്റെ മനസ്സിന്റെ ഏതൊക്കെയോ മൂലകളിൽ നേരത്തെ കുടികെട്ടിയിട്ടുള്ളതാണ്. തന്റെ ഇംഗിതത്തിനനുസരിച്ച് കാലാവസ്ഥയെ നിയന്ത്രിക്കുവാൻ കഴിഞ്ഞാൽ ഭൂമിയെ പരമാവധി അനുകൂലമായി ഉപയോഗപ്പെടുത്താം എന്ന് അവൻ കരുതുന്നു. എന്നാൽ ഇത് ഒരുപാട് കാലം നടക്കാതെ പോയി. പക്ഷേ ഇപ്പോൾ ഈ കാര്യത്തിൽ ചെറിയ ഒരു പുരോഗതി ഉണ്ടായിട്ടുണ്ട്. അത് പക്ഷേ അന്തരീക്ഷത്തിന്റെ മേൽ മനുഷ്യൻ ആധിപത്യം നേടി എന്ന് അഹങ്കരിക്കാൻ ഉള്ള വക നൽകുന്നതൊന്നുമല്ല. അവൻ നേടിയെന്ന് പറയുന്ന കാര്യം കൊണ്ട് കാലാവസ്ഥയെ തന്റെ ഇംഗിതത്തിന്റെ വരുതിയിൽ കൊണ്ടുവരുവാൻ കഴിയും എന്ന് തീർത്തു പറയാനും കഴിയില്ല. പക്ഷേ എങ്കിലും ഇക്കാര്യത്തിൽ ചെറിയ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതാണ് ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യുനുള്ള വിദ്യ. ആകാശത്ത് ചിതറി കിടക്കുന്ന മേഘങ്ങളെ ഒരുമിച്ചു കൂട്ടുവാനും തണുപ്പിക്കുവാനും മഴയായി പെയ്യിക്കുവാനും ഇങ്ങനെ കഴിയുന്നുണ്ട് എന്നതാണ് അനുഭവം. അതേസമയം വെള്ളത്തെ നീരാവിയാക്കി മാറ്റുവാനും അതിനെ മഴമേഘങ്ങൾ ആക്കി മാറ്റുവാനും ഇപ്പോഴും മനുഷ്യന്റെ കയ്യിൽ വിദ്യകളില്ല. തന്റെ മുമ്പിലുള്ള ജലാശയങ്ങളിലെ വെള്ളത്തെ മേഘങ്ങൾ ആക്കി പരിവർത്തിപ്പിക്കുവാനുള്ള വിദ്യ അവന്റെ കയ്യിൽ എത്തിയിട്ടില്ല എന്നർത്ഥം. എത്തിയതാണെങ്കിലോ വെറും മാനത്ത് ചിതറി കിടക്കുന്ന മേഘ കഷണങ്ങളെ ഒരുമിച്ചു കൂട്ടുകയും അവയെ തണുപ്പിച്ച് മഴയായി പെയ്യിക്കാൻ ശ്രമിക്കുകയും ആണ്. ഇത് പലപ്പോഴുമായി വിജയിച്ചു എന്നത് നമ്മുടെ ഒരു അവകാശവാദം തന്നെയാണ്. യുഎഇ പലപ്പോഴും ഇത് ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ മഴ പെയ്തതും പെയ്യിച്ചതും ആയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ മഴ പെയ്തു കഴിയുമ്പോഴേക്കും ചില ആശങ്കകൾ ഒപ്പം പെയ്യുമായിരുന്നു. പ്രത്യേകിച്ചും പെയ്യേണ്ടിയിരുന്ന മഴയുടെയും പെയ്ത മഴയുടെയും ഇടയിലുള്ള ശക്തമായ അന്തരം കാരണത്താൽ പെയ്തത് കൃത്രിമ മഴ തന്നെയാണോ എന്നത് ഉറപ്പിക്കാൻ കഴിയാത്ത ഒരു സാഹചര്യം. ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തിന്റെ പല മേശപ്പുറങ്ങളിലും വികസിച്ചു വരികയാണ്. ഇക്കാര്യത്തിൽ വളരെ താല്പര്യത്തോടെ ശാസ്ത്രലോകം മുന്നോട്ട് പോകുന്നുണ്ട്. മനുഷ്യന്റെ ജീവൽബന്ധിയായ ഒരു കാര്യമാണ് വെള്ളം എന്നതിനാൽ അതിനെ തന്റെ ഇംഗിതത്തിന്റെ വരിയിൽ എത്തിക്കുക എന്നത് ശാസ്ത്രത്തിന്റെ വലിയ താല്പര്യം തന്നെയാണ്. അത് എത്രമാത്രം സാധ്യമാകും, സാധ്യമാകാതെ വരും എന്ന തലത്തിൽ നിന്ന് നമുക്ക് തൽക്കാലം പിൻവലിയാം. ഇങ്ങനെ ഒരു വിദ്യയെക്കുറിച്ച് ഇസ്ലാമിക പ്രമാണങ്ങളിൽ എവിടെയെങ്കിലും എന്തെങ്കിലും വന്നിട്ടുണ്ടോ എന്നതിലേക്ക് തൽക്കാലം നമുക്ക് ചുരുങ്ങാം.
അങ്ങനെ ആലോചിക്കുമ്പോൾ ആണ് നമുക്ക് സൂറത്തുൽ ഹിജ്റിലെ പതിനഞ്ചാമത്തെ സൂക്തം മനസ്സിൽ തെളിയുക. ആ സൂക്തം ഇങ്ങനെയാണ്: 'ജലാംശം വഹിച്ച് അടിച്ചുവീശുന്ന കാറ്റുകള്‍ നാം അയക്കുകയും എന്നിട്ട് അന്തരീക്ഷത്തില്‍ നിന്നു മഴവര്‍ഷിക്കുകയും നിങ്ങളെ അത് കുടിപ്പിക്കുകയും ചെയ്യുന്നു. അതു സൂക്ഷിച്ചുവെക്കുവാന്‍ നിങ്ങള്‍ക്കു കഴിയില്ല' (15:22). ഈ സൂക്തത്തിൽ അല്ലാഹു ഉപയോഗിച്ചിരിക്കുന്ന ലവാഖിഹ് എന്ന പദം സവിശേഷമായ ശ്രദ്ധ അർഹിക്കുന്നുണ്ട്. ശരിക്കും ലവാഖിഹ് എന്ന പദം അർത്ഥമാക്കുന്നത് പരാഗവാഹകം എന്നാണ്. അതായത് പൂവുകളിൽ പരാഗണം നടത്തുന്ന പരാഗ രേണുക്കളെ ആൺപൂവിൽ നിന്നും പെൺപൂവിലേക്ക് കാറ്റുവഴിയാണ് എത്തിക്കുന്നത്. ഇതേ പ്രക്രിയയെ മേഘങ്ങളുടെ കാര്യത്തിലും അല്ലാഹു ഉപയോഗിച്ചിരിക്കുകയാണ്. അവിടെയാണ് നമ്മുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നത്. മേഘങ്ങളുടെയും മഴയുടെയും കാര്യത്തിൽ പരാഗണം എന്നോ പരാഗ രേണുക്കൾ എന്നോ ഉള്ള അർത്ഥങ്ങളൊന്നും കാര്യമായി പ്രസക്തിയുള്ളതല്ല. ആയതിനാൽ ഇവിടെ ഏറ്റവും അർത്ഥം വരിക ജലാംശത്തെ വഹിക്കുന്ന മേഘങ്ങൾ എന്നാണ്. ഈ മേഘങ്ങളെ പരസ്പരം ഒരുമിച്ചു കൂട്ടുകയും എന്നിട്ട് അവയിൽ നിന്ന് വെള്ളത്തുള്ളികളെ ഉണ്ടാക്കുകയും ചെയ്യുകയാണ്. ഇത് ഉയർന്ന സാന്ദ്രതയിൽ മേഘങ്ങളെ ഖനീഭവിപ്പിക്കുമ്പോഴാണ് മഴ ഉണ്ടാകുന്നത്. ഏതായിരുന്നാലും മുകളിൽ പറഞ്ഞ സൂക്തത്തിൽ നിന്ന് ക്ലൗഡ് സീഡിങ് എന്ന ഒരു വിദ്യ വേർതിരിച്ചെടുക്കുക പ്രയാസകരമല്ല. ആധുനിക വിദ്യാ സങ്കേതങ്ങൾ ഏതെങ്കിലും ഉപയോഗപ്പെടുത്തി ചിതറി കിടക്കുന്ന മേഖങ്ങളെ ഒരുമിച്ചു കൂട്ടുവാനും പിന്നീട് അവയെ തണുപ്പിക്കുവാനും കഴിഞ്ഞാൽ കൃത്രിമമായി മഴ പെയ്യിക്കാൻ കഴിയും എന്ന സന്ദേശം ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്. ആകാശ യാത്രകൾ ആയാസരഹിതമായി മാറിയ പുതിയ കാലത്ത് ഇത് ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഒട്ടും പ്രയാസമുള്ള കാര്യമല്ല. ആധുനിക കാലത്തെ ക്ലൗഡ് സീഡിങ് ടെക്നോളജികളിലേക്കെല്ലാം മനുഷ്യൻ എത്തിയത് ഈ ഖുർആനിക സന്ദേശത്തിലൂടെ ആയിരിക്കണം എന്നു പറഞ്ഞാൽ കാപട്യം നിറഞ്ഞ ആധുനിക ശാസ്ത്രലോകം അത് എത്രമാത്രം അംഗീകരിക്കും എന്നത് പറയാൻ ആവില്ല എങ്കിലും അതിനുള്ളിൽ ഒരു ശരിയുടെ അംശയമില്ലേ എന്ന് ന്യായമായും നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും മേഘങ്ങളെ തെളിച്ചു കൊണ്ടുവരുവാൻ വേണ്ട സാങ്കേതികവിദ്യ ഘടിപ്പിച്ച് മേഘങ്ങളെ ആധുനിക ശാസ്ത്രലോകം ഒരുമിച്ചു കൂട്ടാൻ ശ്രമിക്കുമ്പോൾ ആ സ്ഥാനത്ത് അല്ലാഹു ഭൂതലത്തില്‍ സംവിധാനിച്ച അത്യമൂല്യമായ ഒരനുഗ്രഹമാണ് കാറ്റ്. ഒട്ടേറെ ധര്‍മങ്ങളാണത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കാര്‍മേഘങ്ങള്‍ വഹിച്ചുകൊണ്ടുപോവുക എന്ന കാറ്റിന്റെ ഒരു മുഖ്യ ദൗത്യമാണിവിടെ പരാമര്‍ശിക്കുന്നത്. സസ്യലതാദികളില്‍ പരാഗണം നടത്തുന്നതും കാറ്റുതന്നെ. ആ അര്‍ത്ഥവും ലവാഖിഹ് എന്ന പദത്തിനു ഉദ്ദേശിക്കാവുന്നതാണ്. കാര്‍മേഘങ്ങളുടെ സഞ്ചാരവും ഓട്ടവും കൊച്ചുകുട്ടികള്‍ക്കു പോലും കാണാം. അല്ലാഹു നിശ്ചയിച്ച സ്ഥലത്തെത്തി അവ മഴവര്‍ഷിക്കുന്നു. വൃക്ഷങ്ങളും ചെടികളും സസ്യങ്ങളും ഭൂമിയും മനുഷ്യരുമൊക്കെ ആ വെള്ളം പാനം ചെയ്യുന്നു. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് മഴ. മഴയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യനെ മണ്ണില്‍ ഉറപ്പിച്ചതും വളര്‍ത്തിയതും വിണ്ണില്‍ നിന്നുള്ള മഴയാണ്. ജീവന്റെ നിലനില്‍പ്പിനാവശ്യമായ ഭൂമിയുടെ ഫലദായകത്വം സ്രഷ്ടാവ് ഉറപ്പുവരുത്തുന്നത് മഴയിലൂടെയാണ്. അല്ലാഹു പറയുന്നു: 'അവൻ (അല്ലാഹു) തന്നെയാണ് മനുഷ്യർ നിരാശപ്പെട്ടതിനു ശേഷം മഴ ഇറക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ. അവൻ തന്നെയാകുന്നു സ്തുത്യർഹനായ കൈകാര്യകർത്താവും.' (അശ്ശൂറാ: 28). മഴ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലൊന്നാണത്. ചെടിയും വൃക്ഷവും തളിർക്കുന്നപോലെ സാഹിത്യ സൃഷ്ടി സമ്പുഷ്ടമാകുന്നതിന് മഴ ഹേതുവാകാറുണ്ട്. മഴയിൽ കുതിർന്ന് നിൽക്കുന്ന ഒരുപാട് രചനകൾ മലയാളത്തിലും വിശ്വസാഹിത്യത്തിലും കാണാവുന്നതാണ്.
എങ്ങനെയാണ് ക്ലൗഡ് സീഡിങ്ങ് നടത്തുന്നതെന്ന് നോക്കാം. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടർന്ന് സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങളിൽ വിതറും. വിമാനങ്ങൾ ഉപയോഗിച്ചാണ് മേഘങ്ങളിൽ രാസവസ്തുക്കൾ വിതറുന്നത്. ഭൂമിയിൽ നിന്ന് ജനറേറ്ററുകൾ ഉപയോഗിച്ചും റോക്കറ്റുകൾ ഉപയോഗിച്ചും സീഡിങ്ങ് നടത്താറുണ്ട്. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ അവിടയെുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിങ്ങിന് കൂടുതൽ യോജ്യമായുളളത്. റഡാറുകൾ ഉപയോഗിച്ചാണ് യോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്. ക്ലൗഡ് സീഡിങ്ങിന് സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് എന്നിവയാണ്. എന്നാൽ ദ്രവീക്യത പ്രൊപേയ്ൻ ആണ് മേഘങ്ങളിൽ ഐസ് പാരലുകൾ സൃഷ്ടിക്കാൻ കൂടുതൽ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിങ് നടത്താറുണ്ട്. 2010-ൽ ജനീവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സൾഫർ ഡയോക്സൈഡും നൈട്രജൻ ഡയോക്സൈഡും ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയിരുന്നു.
ഇന്ത്യയിൽ ഇതിന് മുൻപും ക്ലൗഡ് സീഡിങ്ങ് പരീക്ഷിച്ചിട്ടുണ്ട്. 1983 മുതൽ 1987 വരെയും, 1993 മുതൽ 1994 വരെയും തമിഴ്നാട് സർക്കാർ ക്ലൗഡ് സീഡിങ്ങ് നടത്തിയിട്ടുണ്ട്. 2003-2004 ൽ കർണ്ണാടക സർക്കാരും ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വർഷത്തിൽ തന്നെ അമേരിക്ക ആസ്ഥാനമായുളള വെതർ മോഡിഫിക്കേഷൻ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിങ്ങ് നടത്തി. ആന്ധ്രപ്രദേശിലെ പന്ത്രണ്ട് ജില്ലകളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി കൊണ്ടുവന്നത് 2008-ൽ ആയിരുന്നു. 2005-ലെ വരൾച്ച സമയത്ത് പാലക്കാട് ജില്ലയിൽ കൃത്രിമ മഴ പെയ്യിക്കാൻ താൽപര്യം കാണിച്ചിരുന്നുവെങ്കിലും നടന്നില്ല. ക്ലൗഡ് സീഡിങ് പൂർണമായും വിജയകരമാണെന്ന് പറയാൻ കഴിയില്ല. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുളള മിക്കവാറും രാജ്യങ്ങളിലും ക്ലൗഡ് സീഡിങ്ങ് ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുകയോ, മൂടൽ മഞ്ഞ് നീക്കം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയ ക്ലൗഡ് സീഡിങ്ങിനോട് വിമുഖത കാണിക്കുകയാണ്. ക്ലൗഡ് സീഡിങ്ങ് നടത്തുക വഴി സ്വാഭാവികമായി ഉണ്ടാകുന്ന മഴയുടെ അളവിൽ പത്ത് ശതമാനത്തിലധികം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2010 ൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ അപ്രതീക്ഷിതമായ ആലിപ്പഴ വർഷത്തിനും ക്ലൗഡ് സീഡിങ്ങ് കാരണമാകാറുണ്ട്. 1978 ൽ 2740 ടൺ സിൽവർ അയഡൈഡ് ആണ് യു.എസ്. ഗവൺമെൻറ് കൃത്രിമ മഴചെയ്യിക്കാനായി മേഘങ്ങളിൽ വർഷിച്ചത്. മനുഷ്യർക്കും മറ്റ് സസ്തനികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും മണ്ണിൻറേയും സസ്യങ്ങളുടേയും സ്വാഭാവികത നഷ്ടപ്പെടുന്നതിനും ജലമലിനീകരണത്തിനും ഇത് കാരണമാകുമെന്ന് ചില പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ടെങ്കിലും അതിന് വലിയ ശാസ്ത്രീയ പിൻബലമൊന്നുമില്ല. കാലാവസ്ഥയെ നിയന്ത്രിക്കുന്ന തരത്തിലുളള മനുഷ്യന്റെ ഇടപെടലുകൾ ആഗോളതാപത്തിനും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്ന ആരോപണവും നിലവിലുണ്ട്. എങ്കിലും കടുത്തവരൾച്ചയെ പ്രതിരോധിക്കാൻ ഇന്ന് ലോക രാഷ്ട്രങ്ങൾ ആശ്രയിക്കുന്നത് ക്ലൗഡ് സീഡിങ്ങിലൂടെയുളള കൃത്രിമ മഴയെ തന്നെയാണ്. എന്നാൽ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായ ഉപയോഗം ആവശ്യമാണ്. കൂടാതെ അന്തരീക്ഷത്തിൽ കുമുലോനിംബസ് മേഘങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നല്ല പണച്ചെലവുളള പദ്ധതിയാണ് ക്ലൗഡ് സീഡിങ്ങ്.
മേൽപ്പറഞ്ഞ ആയത്തിന്റെ അവസാന ഭാഗത്ത് മറ്റൊരു ചിന്ത കൂടി ഖുർആൻ പങ്കുവെക്കുന്നുണ്ട് അത് 'അതു സൂക്ഷിച്ചുവെക്കുവാന്‍ നിങ്ങള്‍ക്കു കഴിയില്ല' (15:22) എന്ന അല്ലാഹുവിന്റെ പരാമർശമാണ്. ഈ ചിന്ത വളരെ സരളവും എന്നാൽ ഗംഭീരവുമാണ്. കാരണം ഒരു വർഷത്തിൽ പെയ്യുന്ന മഴയെല്ലാം വെള്ളമായി സംഭരിച്ചു വെക്കുവാൻ നിങ്ങൾക്ക് കഴിയുമോ എന്ന ചോദ്യമാണ് അത് മനുഷ്യന് മുമ്പിൽ വെക്കുന്നത്. ഓരോ വർഷവും പെയ്യുന്ന മഴ മനുഷ്യൻ ഭൂമിയിൽ സ്റ്റോക്ക് ചെയ്യുകയും അവന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു എങ്കിൽ തീർച്ചയായും ജലം കൊണ്ടുള്ള മറ്റു പ്രതിസന്ധികൾ മനുഷ്യന്റെ മുമ്പിൽ രൂപപ്പെടുകയായിരിക്കും ചെയ്യുക. ഒന്നുകിൽ ജലം തീർന്നു പോവുക അല്ലെങ്കിൽ കെട്ടിക്കിടന്ന് ജലം ഉപയോഗശൂന്യമായി തീരുക അല്ലെങ്കിൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ മഴയുടെ അളവ് കുറഞ്ഞതിന്റെ പേരിൽ അവിടെയുള്ള ജനങ്ങൾക്ക് സ്റ്റോക്ക് ഇല്ലാതെ വരികയും അവർ ജലദാരിദ്ര്യത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അങ്ങനെ ഉണ്ടാവാതിരിക്കുവാൻ മഴയെയും വെള്ളത്തെയും അല്ലാഹു ഒരു സംവിധാനം ആക്കി പരിവർത്തിപ്പിച്ചു വച്ചിരിക്കുകയാണ്. ആ സംവിധാനമാണ് ജലചക്രം. ഭൂമിയിലെ ജലം അതിന്റെ മൂന്നു പ്രധാന അവസ്ഥകളായ മഞ്ഞ്, ജലം, നീരാവി എന്നീ അവസ്ഥകളിലൂടെ തുടർച്ചയായി രൂപഭേദം ചെയ്തു കൊണ്ടിരിക്കുന്നതിനെയാണ് ജലചംക്രമണം (Water Cycle) അല്ലെങ്കിൽ ജല ചക്രം എന്നു പറയുന്നത്. നമ്മുടെ പ്രധാന ഊർജ്ജ സ്രോതസ്സായ സൂര്യനാണ് ചംക്രമണപ്രക്രിയയുടെ പ്രേരകശക്തി. സമുദ്രത്തിൽ നിന്നും, മഞ്ഞുപാളികളിൽ നിന്നും ചെടികളിൽ നിന്നും മറ്റു ജീവജാലങ്ങളിൽ നിന്നും സൂര്യതാപത്താൽ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിൽ എത്തുമ്പോൾ മേഘമായി മാറുന്നു., ഈ മേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുകയും അനുകൂല സാഹചര്യങ്ങളിൽ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയിൽ കിനിഞ്ഞിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരു ഭാഗം സസ്യജാലങ്ങൾ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളിൽ നിന്ന് ബാഷ്പീകരിക്കപ്പെട്ടു അന്തരീക്ഷത്തിൽ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരു ഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ, ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുന്നു. ഇതാണ് ജലചക്രം.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകമാണ് മഴയുടെ അനുപാതവും. ഭൂമിയിലെ ജനങ്ങൾക്കും പ്രകൃതിക്കും ആവശ്യമായ ഒരു അനുപാതം മഴ പാലിക്കുന്നുണ്ട്. എന്നിട്ടും വരൾച്ചയും ജല താപനവും ഉണ്ടാകുന്നത് മനുഷ്യൻ ഭൂമിയിൽ തെറ്റായി ഇടപെടുന്നതുകൊണ്ട് മാത്രമാണ്. മഴയുടെ അനുപാതം ഖുർആൻ
സൂറത്ത് അസ്-സുഖ്‌റുഫിലെ പതിനൊന്നാം വാക്യത്തിൽ ഇങ്ങനെ പറയുന്നു: 'ആകാശത്ത് നിന്ന് നിശ്ചിത അളവിൽ വെള്ളം ഇറക്കുകയും, നിർജീവമായ ഒരു ഭൂമിയെ അത് മുഖേന നാം ജീവിപ്പിക്കുകയും ചെയ്യുന്നവൻ. അങ്ങനെ തന്നെ നിങ്ങൾ (മരിച്ചവരിൽ നിന്ന്) ഉയിർപ്പിക്കപ്പെടും '. (43:11) ഈ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന ഈ അളവ് മഴയുടെ രണ്ട് സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നാമതായി, ഭൂമിയിൽ പെയ്യുന്ന മഴയുടെ അളവ് എല്ലായ്പ്പോഴും തുല്യമാണ്. ഒരു സെക്കന്റിൽ 16 ദശലക്ഷം ടൺ ജലം ഭൂമിയിൽ നിന്ന് ബാഷ്പീകരിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു സെക്കന്റിൽ ഭൂമിയിൽ പതിക്കുന്ന വെള്ളത്തിന്റെ അളവിന് തുല്യമാണ് ഈ സംഖ്യ. ഇതിനർത്ഥം ജലം ഒരു അളവ് അനുസരിച്ച് സന്തുലിത ചക്രത്തിൽ തുടർച്ചയായി പ്രചരിക്കുന്നു എന്നാണ്. മഴയുമായി ബന്ധപ്പെട്ട മറ്റൊരു അളവ് അതിന്റെ വീഴുന്ന വേഗതയെക്കുറിച്ചാണ്. മഴമേഘങ്ങളുടെ ഏറ്റവും കുറഞ്ഞ ഉയരം 1,200 മീറ്ററാണ്. ഈ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുമ്പോൾ, മഴത്തുള്ളിയുടെ അതേ ഭാരവും വലിപ്പവുമുള്ള ഒരു വസ്തു തുടർച്ചയായി ത്വരിത ഗതിയിലാവുകയും 558 കി.മീ/മണിക്കൂർ വേഗതയിൽ ഭൂമിയിൽ പതിക്കുകയും ചെയ്യും. തീർച്ചയായും, ആ വേഗതയിൽ ഭൂമിയിൽ പതിക്കുന്ന ഏതൊരു വസ്തുവും വലിയ നാശമുണ്ടാക്കും. ഇതേ രീതിയിൽ മഴ പെയ്താൽ, വിളവെടുത്ത നിലങ്ങളെല്ലാം തകരും, ജനവാസ കേന്ദ്രങ്ങൾ, വീടുകൾ, കാറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കും, ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ ആളുകൾക്ക് നടക്കാൻ കഴിയില്ല. എന്തിനധികം, ഈ കണക്കുകൂട്ടലുകൾ 1,200 മീറ്റർ ഉയരമുള്ള മേഘങ്ങൾക്ക് വേണ്ടിയുള്ളതാണ്, അതേസമയം 10,000 മീറ്റർ ഉയരത്തിൽ മഴമേഘങ്ങളുമുണ്ട്. ഇത്രയും ഉയരത്തിൽ നിന്ന് വീഴുന്ന ഒരു മഴത്തുള്ളി സാധാരണയായി വളരെ വിനാശകരമായ വേഗതയിൽ എത്തും. എന്നാൽ ഇത് പ്രവർത്തിക്കുന്നത് ഇങ്ങനെയല്ല; അവ എത്ര ഉയരത്തിൽ നിന്ന് വീണാലും, മഴത്തുള്ളികളുടെ ശരാശരി വേഗത മണിക്കൂറിൽ 8-10 കിലോമീറ്റർ മാത്രമാണ്. അവർ സ്വീകരിക്കുന്ന പ്രത്യേക രൂപമാണ് ഇതിന് കാരണം. ഈ പ്രത്യേക രൂപം അന്തരീക്ഷത്തിന്റെ ഘർഷണ പ്രഭാവം വർദ്ധിപ്പിക്കുകയും മഴത്തുള്ളികൾ ഒരു നിശ്ചിത വേഗത പരിധിയിൽ എത്തുമ്പോൾ ത്വരണം തടയുകയും ചെയ്യുന്നു.
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso