മുൻധാരണയും ഒരു യുദ്ധമാണ്
19-11-2023
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഈ വാരത്തിൽ ആ സത്യം ഒരിക്കൽ കൂടി വിളിച്ചു പറയുവാൻ നമുക്ക് അവസരം ലഭിച്ചു. അവസരങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് സത്യവിശ്വാസികളുടെ ലക്ഷണം തന്നെയാണ്. അതിനാൽ വിശുദ്ധ ഖുർആനിലെ ആ സൂക്തം ഒന്നുകൂടി പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, എന്തെങ്കിലും വൃത്താന്തവുമായി ഒരു അധര്‍മകാരി നിങ്ങളെ സമീപിച്ചാല്‍ സ്പഷ്ടമായി അതിനെ കുറിച്ച് അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് നിങ്ങള്‍ അപകടം വരുത്തുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണിത്. (അൽ ഹുജറാത്ത് - 6). ഏത് വാര്‍ത്ത കേള്‍ക്കുമ്പോഴും അതിന്റെ സത്യാവസ്ഥയും നിജസ്ഥിതിയും ഉറപ്പുവരുത്തണം; നിവേദകന്റെയും പ്രഭവ കേന്ദ്രത്തിന്റെയും പ്രാമാണികത ബോധ്യപ്പെടണം. പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ പഠിപ്പിച്ച ഈ വൃത്താന്ത സദാചാരം ലംഘിക്കപ്പെടുന്നതാണ്, ഇന്ന് ലോകത്തു നടക്കുന്ന മിക്ക അനിഷ്ട സംഭവങ്ങളുടെയും ദൂരവ്യാപക പ്രതിഫലനങ്ങളുണ്ടാക്കുന്ന സംഹരണങ്ങളുടെയും അടിസ്ഥാനകാരണമെന്നു കാണാം. കഴിഞ്ഞ ദിവസം കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. സംഭവം സംഭവിച്ചു നടുക്കം മാറുന്നതിനു മുമ്പ് വിശദാംശങ്ങൾ അറിയുവാൻ എല്ലാ മനസ്സുകളും കണ്ണുകളും ടിവി സ്ക്രീനുകളിലേക്ക് തിരിയുന്ന ഒരു സമയം. ആ സമയത്ത് കേരളത്തിലെ വലിയ ധാർമികതയും കാര്യക്ഷമമായ പത്രപ്രവർത്തനവും എല്ലാം അവകാശപ്പെടുന്ന പല മുൻനിര മാധ്യമങ്ങളും ആരോടും അന്വേഷിക്കാതെയും യാതൊരു സൂചനയുടെയും പിൻബലം ഇല്ലാതെയും ചത്തത് കീചകനെങ്കിൽ കൊന്നത് അവർ തന്നെയാണ് എന്ന് എന്ന സൂത്രവാക്യം വെച്ച് കാച്ചുകയായിരുന്നു. അന്തിച്ചർച്ചക്കാർ കൊക്കിയും കുരച്ചും തൊണ്ട നന്നാക്കി ഉഷാറായി ഇരിക്കുന്നതിനിടയിൽ ഒരു മാർട്ടിൻ ലൈവായി സംഗതി ഏറ്റെടുത്തതോടെ അണ്ണാൻമാരുടെ കൈയിൽ നിന്ന് വഴുതിപ്പോയി. തൊലിക്കട്ടി കുറഞ്ഞ ചിലരൊക്കെ പോസ്റ്ററുകളും പിൻവലിച്ച് എനിക്കിതൊന്നും കാണ്ടേണ്ട എന്ന മട്ടിൽ നിരാശരായി വലിഞ്ഞു. തൊലിക്കട്ടിക്കനുസരിച്ച് പലരും ഇപ്പോഴും മാന്തിനോക്കിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഭീമന്റെ തലയിൽ സംഗതി കെട്ടിവെക്കാൻ.
കളമശ്ശേരിയിൽ ബോംബ് പൊട്ടിയപ്പോഴേക്കും ചില മാധ്യമങ്ങൾ അച്ചു നിരത്തി. ബ്രേക്കിംഗ് ന്യൂസ് എന്ന് പറയുന്നത് പുതിയ ഒരു മാധ്യമ ട്രെൻഡ് ആണ്. അതിനെ ചാനലുകൾക്കിടയിലുള്ള ഒരു മത്സരമായി നമുക്ക് കാണാം. ഏറ്റവും ആദ്യമായി ആര് റിപ്പോർട്ട് ചെയ്തു എന്നതാണ് മത്സരം. അതിന് പലപ്പോഴും ബലിയാടാവുന്നതാണെങ്കിലോ സത്യങ്ങൾ ആയിരിക്കും. കളമശ്ശേരി സ്ഫോടനത്തിന്റെ കാര്യത്തിൽ ഈ കോള് അടിച്ചെടുക്കാൻ ഒരു പ്രധാന ചാനൽ ആണ് ആദ്യം ശ്രമിച്ചത്. ഒരു അസ്വസ്ഥകരമായ വാർത്ത വന്നാൽ എങ്ങനെയെങ്കിലും വളച്ചുതിരിച്ച് അത് മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കാൻ ദിവസ ങ്ങളോളം അന്തിചർച്ച ചെയ്ത് മാന്ത്രിക്കൊണ്ടിരിക്കാൻ മടിയില്ലാത്തവരാണ് പണ്ടേ ഈ ചാനൽ. മുസ്ലിംകളും ഇസ്ലാമും ഇവർക്കെതിരെ എന്തോ ചെയ്ത മട്ടാണ് കാട്ടിക്കൂട്ടലുകൾ. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കാൻ അവരുടെ ക്യാമറകൾ വിലങ്ങും ഫോക്കസ് ചെയ്തു നോക്കി. അവസാനം കണ്ണൂരിൽ നിന്നാണ് പറ്റിയ പോലെ ഒരു ചിത്രം തരപ്പെട്ടത്. ആളെ കണ്ടാൽ ചെറിയൊരു താടി ഉള്ളതുകൊണ്ടും തലയിൽ തൊപ്പി ഉള്ളതുകൊണ്ടും തല അല്പം താഴ്ത്തി പിടിച്ചിരിക്കുന്നത് കൊണ്ടും റൈൽവേ പ്ലാറ്റ്ഫോമിൽ വെച്ചാണെന്നതു കൊണ്ടും ഇയാളാണ് ബോംബിന് തീവെച്ചത് എന്ന് പറയാം എന്നവർ കരുതി. ചത്തത് കീചകനാണല്ലോ, അപ്പോൾ തീവെച്ചത് ഇയാൾ തന്നെ. അയാളെ കുറിച്ച് എന്തെങ്കിലും ഒരു വിവരം പോലീസിന് പോലും കിട്ടിയിട്ടില്ലാത്ത ഒരു സമയത്താണ് വാർത്ത വന്നത് കളമശേരി സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ എന്ന്. പിന്നെ ഏറ്റവും പ്രായം ചെന്ന മലയാളം ചാനൽ മുതൽ എപ്പോഴും മറുകണ്ടം ചാടുന്ന ചാനൽ വരെ നന്നായി ആഘോഷിച്ചു. ചിലർക്കൊക്കെ ഇത് കഴിഞ്ഞ ദിവസം നടന്ന മുസ്ലിംലീഗ് ഫലസ്തീൻ ഐക്യ ദാർഢ്യ റാലിയുമായി കൂട്ടിക്കെട്ടാനുള്ള തിടുക്കമുണ്ടായിരുന്നു. ബി ജെ പിയുടെ അന്തിച്ചർച്ചക്കാരും സംസ്ഥാന നേതാക്കൻമാരും ഉടനടി കിട്ടിയ സോഷ്യൽ പ്ലാറ്റ് ഫോമുകളിലെല്ലാം അങ്കം കുറിച്ചു. പക്ഷെ ആ മാർട്ടിൻ എല്ലാവരേയും വഷളാക്കി. പറയുമ്പോൾ എല്ലാം പറയണമല്ലോ കുറച്ചെങ്കിലും മാന്യത കാണിച്ചത് ബി ജെ പി നേതാക്കളാണ്. അവർ തങ്ങളുടെ പല പോസ്റ്റും നീക്കം ചെയ്തു. തൊപ്പിക്കാരനെ തരപ്പെടുത്തിയവരും ഇന്നാട്ടുകാരനല്ലാത്തവരും പഴക്കം കൊണ്ട് വഴക്കം നഷ്ടപ്പെട്ടവരുമൊന്നും ആ മാന്യത കാണിക്കില്ല. അതു പ്രതീക്ഷിക്കുന്നതിലും കാത്തു നിൽക്കുന്നതിലും ഒരർഥവുമില്ല. ചിലതൊക്കെ പരിഗണിക്കേണ്ടത് അവഗണയോടെയാണ്.
ഇസ്ലാമും ഖുർആനും ആഗ്രഹിക്കുന്നത് പരസ്പരം ബന്ധിതവും കെട്ടുറപ്പമുള്ള ഒരു സാമൂഹിക ക്രമത്തെയാണ്. അതിന് ഇസ്ലാം നടപ്പിലാക്കുന്ന മാർഗം മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ്. മനുഷ്യനിൽ കലർന്നുകിടക്കുന്ന വിവിധങ്ങളാകുന്ന ഗുണങ്ങളെ ബന്ധിപ്പിക്കുകയല്ല. മതം, വർഗ്ഗം, ഭാഷ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയെല്ലാം മനുഷ്യൻ എന്ന അസ്തിത്വത്തിൽ കലർന്നുകിടക്കുന്ന ഗുണ വിശേഷണങ്ങളായിട്ടാണ് ഇസ്ലാം കാണുന്നത്. ആയതിനാൽ അവയെയെല്ലാം വ്യതിരിക്തതക്കുവേണ്ടി മാത്രം ഉൾക്കൊള്ളുകയും ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണ് ഇസ്ലാമിന്റെ താല്പര്യം. അല്ലാഹു പറയുന്നു: ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്. (അൽ ഹുജറാത്ത്: 13) മനുഷ്യനെ വിവിധ അടിസ്ഥാന ങ്ങളുടെ പേരിൽ വർഗ്ഗീകരിച്ചിരിക്കുന്നത് അവർക്ക് ഒരു പ്രത്യേക അടയാളം എന്ന നിലക്കു മാത്രമാണ്. ഈ അർത്ഥത്തിൽ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുമ്പോൾ ഇവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. നിങ്ങൾക്ക് നിങ്ങളുടെ മതം, ഞങ്ങൾക്ക് ഞങ്ങളുടെ മതം എന്ന തത്വം നടപ്പിലായി കഴിഞ്ഞാൽ രണ്ട് ഗുണങ്ങൾ ഉണ്ടാകും. ഒന്ന്, മതങ്ങൾ തമ്മിലുള്ള വൈരങ്ങൾ ഇല്ലാതെയായി തീരും. രണ്ടാമത്തെത് ഓരോ മതക്കാരും തങ്ങൾ മറ്റൊരു മതത്തിനു മുമ്പിൽ മോശക്കാരാവാൻ പാടില്ല എന്ന ഒരു കണിശത പാലിക്കുകയും അതിനെ തുടർന്ന് കാര്യക്ഷമമായ അച്ചടക്കവും മറ്റും പാലിക്കുകയും ചെയ്യും. ഫലത്തിൽ മൊത്തത്തിൽ മനുഷ്യകുലത്തിന് സമാധാനവും ശാന്തിയും ഉണ്ടായിത്തീരും ഇതാണ് ഇസ്ലാം കണക്ക് കൂട്ടുന്നത്. ഇപ്പോൾ പക്ഷേ ഒരു മതക്കാർ തങ്ങളുടെ മതത്തെക്കുറിച്ച് അല്ല കാര്യമായും ചിന്തിക്കുന്നത് മറ്റുള്ളവരുടെ മതത്തെ കുറിച്ചാണ്. തീവ്രവാദം കൊണ്ടുണ്ടായ ഒരു മഹാവിപത്താണ് ഇത്. മതവാദിയുടെയും തീവ്രവാദിയുടെയും ഇടയിലുള്ള അന്തരം വളരെ മനോഹരമായി ഒരു പണ്ഡിതൻ അവതരിപ്പിച്ചത് ഇങ്ങനെയാണ്. മൂന്ന് അന്തരങ്ങളാണ് അദ്ദേഹം പറയുന്നത്. ഒന്നാമതായി, മതവാദി എപ്പോഴും തൻ്റെ വിശ്വാസത്തെ കുറിച്ചുള്ള ചിന്തകളിലായിരിക്കും. അതേസമയം തീവ്രവാദി മറ്റുള്ളവരുടെ വിശ്വാസത്തെ കുറിച്ചുള്ള (അസ്വസ്ഥ) ചിന്തകളിലായിരിക്കും. രണ്ടാമതായി, മതവാദി തന്നെയും തന്നെ പോലുള്ളവരെയും നിത്യമോക്ഷത്തിലും സ്വർഗ്ഗത്തിലും എത്തിക്കുവാൻ ആയിരിക്കും ശ്രമിച്ചുകൊണ്ടേയിരിക്കുക. അതേസമയം തീവ്രവാദിയാകട്ടെ ശ്രമിച്ചുകൊണ്ടിരിക്കുക മറ്റുള്ളവർ ആരും സ്വർഗ്ഗത്തിലോ നിത്യമോക്ഷത്തിലോ എത്തുകയില്ല എന്ന് സ്ഥാപിക്കാൻ ആയിരിക്കും. മൂന്നാമതായി മതവാദി മറ്റുള്ളവരിൽ നിന്നുള്ള പാപങ്ങളെയും പിഴവുകളെയും മറച്ചുപിടിക്കുവാനും പരിഹരിക്കുവാനും ശ്രമിച്ചുകൊണ്ടേയിരിക്കും. അതേസമയം തീവ്രവാദി ആകട്ടെ മറ്റുള്ളവരുടെ ന്യൂനതകളെ വൻ പരാജയവും വൻ പാപവും ആക്കി മാറ്റുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത്തരം തീവ്രവാദികൾ എല്ലാ മതങ്ങളിലും സജീവമായി ഉണ്ട്. അവരാണ് ഇത്തരം മുൻധാരണകൾ കൊണ്ട് യുദ്ധം ചെയ്യുന്നവരും ഫോബിയകൾ പ്രചരിപ്പിച്ച് ഒരു മതത്തെയും അതിന്റെ ആൾക്കാരെയും മാത്രം അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർ.
ഈ ഇസ്ലാം വിരുദ്ധതയെ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ട് കാണാൻ കഴിയും. കാരണം ഇത് കളമശ്ശേരിയിൽ ബോംബ് പൊട്ടിയ സമയം മുതൽ ഉണ്ടായതല്ല. ഏറെ നാളായി ഇത് അനുഭവപ്പെട്ട് തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാൽ കുരിശുയുദ്ധങ്ങളുടെ കാലം മുതല്‍ക്കേ മുസ്ലിംവിരുദ്ധത ആഗോള രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ലോക രാഷ്ട്രീയത്തിന്റെ സർവ്വസവും ആണ് എന്ന് അവകാശപ്പെട്ടിരുന്ന ക്രൈസ്തവ മേൽക്കോയ്മയെ പലസ്തീനിലും അറേബ്യൻ മണ്ണിലും മാനം കെടുത്തി പരാജയപ്പെടുത്തിയ പല മുന്നേറ്റങ്ങളും മുസ്ലിംകൾ നടത്തുകയുണ്ടായി. അതെല്ലാം അക്കാലത്തെ ഞെട്ടിപ്പിച്ച സംഭവങ്ങൾ ആയിരുന്നു. രണ്ടാം ഖലീഫ ഉമർ(റ) മുതൽ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയും സൈഫുദ്ദീൻ ഖുത് സും വരെയുള്ള നായകന്മാരുടെ തീപാറുന്ന പോരാട്ടങ്ങൾ കണ്ടുനിന്ന അന്നത്തെ മേധാവികൾ ഇസ്ലാമിന്റെ മൂക്കുകയറിൽ പിടിക്കുവാൻ വേണ്ടി ഇസ്ലാം ഭീതി പറഞ്ഞു പരത്തുകയായിരുന്നു. പിന്നീട് കോളനിവത്കരണ കാലത്ത് അതേ മുസ്ലിം വിദ്വേഷം കൂടുതല്‍ പ്രകടമായ തലത്തിലേക്കെത്തി. ബ്രിട്ടനും പോര്‍ച്ചുഗലും ഇറ്റലിയുമൊക്കെ കോളനിയാക്കി വെച്ച, മുസ്ലിംകള്‍ ധാരാളമായുള്ള നാടുകളില്‍ കടുത്ത മുസ്ലിം പേടിയും വിദ്വേഷവും അവര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. അവരുടെ ആ നാടുകളിലുള്ള അധികാരവും ആധിപത്യവും നില നിർത്തുവാൻ അവർക്ക് തടയിടേണ്ടിയിരുന്നത് ഇസ്ലാമിനെ മാത്രമായിരുന്നു. ആയതിനാൽ ഇസ്‌ലാമെങ്ങാനും നിങ്ങളുടെ നാട്ടിൽ ഭരണത്തിൽ വന്നാൽ നിങ്ങളുടെ സമാധാനം അവസാനിക്കും എന്ന് അവർ പറഞ്ഞു പരത്തി. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയുള്ള ഒരു പ്രചാരവേലയായിരുന്നു അത്. പിന്നീട് ഈ കോളനികളിലെല്ലാം സ്വാഭാവികമായ സ്വാതന്ത്ര്യ വാജ്ഞ പൊട്ടിപിളർന്നു പുറത്തുചാടി. അതിനെ തുടർന്ന് ഇന്ത്യയിൽ അടക്കം ഉണ്ടായ സ്വാതന്ത്ര്യ സമരങ്ങളിൽ ആവട്ടെ പിറന്ന നാടിനെ കോളനിവത്കരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മുസ്ലിംകള്‍ എല്ലായിടത്തും സജീവമായിരുന്നു. മുസ്ലീങ്ങളുടെ ഇടപെടൽ ദൂരവ്യാപകമായ ഫലം ഉണ്ടാക്കുകയും അവരുടെ ചെറുത്തുനിൽപ്പുകൾക്ക് മുമ്പിൽ പലപ്പോഴും കോളനി താൽപര്യങ്ങൾ തകർന്നു വീഴുകയും ചെയ്തു. അതോടെ അവരുടെ മുസ്ലിം വിരുദ്ധത വീണ്ടും ശതഗുണീഭവിച്ചു. അതുകൊണ്ടുതന്നെ മുസ്ലിംവിരുദ്ധത സൃഷ്ടിച്ചും ഇസ്ലാംപേടി പ്രചരിപ്പിച്ചും കോളനികളിലെ സ്വാതന്ത്ര്യ സമരങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഇത് വിജയകരമായി സാധിച്ചെടുത്തു. ഇവിടെനിന്നുള്ള പിൻവാതിൽ സഹായങ്ങൾ നിർലോഭം കിട്ടിയതു കൊണ്ടായിരുന്നു അവർക്ക് അതിന് കഴിഞ്ഞത്. അതിനു വേണ്ടി രാജ്യത്തെ അവർ മുറിക്കുക പോലും ചെയ്തു. അത് വേറെ ഒരു കാര്യം. ഇസ്ലാമോഫോബിയ എങ്ങനെയാണ് വളർന്നു വളർന്ന് വർത്തമാനകാലത്ത് എത്തിയത് എന്ന് പറയുകയായിരുന്നു.
2001 സെപ്തംബര്‍ 11ലെ ട്വിന്‍ ടവര്‍ ധ്വംസനത്തോടെയാണ് പുതിയ കാലത്ത് ഇസ്ലാം ഭീതി ലോകത്തുടനീളം പ്രചാരം നേടുന്നത്. ഇസ്ലാമിനെ മൂല്യരഹിതവും അക്രമാസക്തവുമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി ലോകത്തിന്റെ നേരെ എതിര്‍വശത്ത് പിടിക്കാനും അപരവല്‍ക്കരിക്കാനുമുള്ള പടിഞ്ഞാറന്‍ ഗൂഡാലോചനകള്‍ക്ക് എല്ലാ പിന്തുണയും കൊടുത്ത് ഒപ്പം നിന്നത് കളമശേരി മോഡൽ മാധ്യമങ്ങളായിരുന്നു. മാധ്യമങ്ങൾക്കേ ലോകത്തെല്ലായിടത്തേക്കും തീ പടർത്താൻ കഴിയൂ. ആഗോളവല്‍ക്കരണാനന്തരം സാങ്കേതികമായി പുരോഗതി പ്രാപിച്ച നവ മാധ്യമസംസ്കാരത്തിന് പ്രത്യേകിച്ചും പടിഞ്ഞാറിനോട് കടപ്പാടും ഉണ്ടായിരുന്നു. ഉപകാരസ്മരണ കാണിക്കുവാൻ അവർ വേണ്ടതെല്ലാം ചെയ്തു. അതിന് ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്. അതേ സംഭവം തന്നെയെടുക്കാം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഫലസ്തീനികള്‍ പ്രകടനം നടത്തുന്ന ഒരു ചിത്രം സി എന്‍ എന്‍ നെറ്റ്വര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. വാസ്തവത്തില്‍ അത് തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധ കാലത്ത് സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീന്‍ യുവാക്കള്‍ നടത്തിയ പ്രകടനത്തിന്റെ ദൃശ്യമായിരുന്നു. അങ്ങനെ ഭീകരതക്കെതിരെ യുദ്ധമെന്ന പേരും പറഞ്ഞ് എല്ലായിടത്തും തോണ്ടിയും ചൊറിഞ്ഞും നടക്കുന്ന ഇവർക്കു വേണ്ടിയാണ് പ്രബുദ്ധ മലയാള നാട്ടിലെ ഇത്തിരിപ്പോന്ന മാധ്യമങ്ങൾ ദാസപ്പണി ചെയ്യുന്നത് എന്നതാലോചിക്കുമ്പോൾ ആർക്കും മനംപിരട്ടും.
പക്ഷെ, കേരള മുസ്ലിംകളെ ആ കള്ളിയിലേക്ക് പിടിച്ചു കയറ്റാൻ ആരു വലിച്ചിട്ടും കാര്യമില്ല. അതിന് പലതുണ്ട് കാരണങ്ങൾ. ഒന്നാമത്തെ കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കേരള മുസ്ലിംകൾ വിദ്യകൊണ്ട് പ്രബുദ്ധത നേടിയവരാണ്. കാലത്തിന്റെ വളർച്ചക്കും വികാസങ്ങൾക്കും ഒപ്പം വിദ്യാഭ്യാസപരമായി ഭൗതിക രംഗത്തും മതരംഗത്തും ഒപ്പത്തിനൊപ്പം ചുവടുവെക്കുവാൻ കേരളത്തിലെ മുസ്ലിങ്ങൾക്ക് കഴിയുന്നുണ്ട്. വൈജ്ഞാനിക ഭൗതികത മനുഷ്യൻെറ ഏറ്റവും വലിയ കരുത്തും കവചവുമാണ്. ഇന്ത്യാ മഹാരാജ്യത്തിൽ ഒരുപാട് സ്ഥലങ്ങളിൽ ഈ പ്രബുദ്ധത ഇല്ല. അത് കാരണത്താൽ അവിടെ വ്യത്യസ്തമായ അനുഭവങ്ങൾ പ്രകടവുമാണ്. മറ്റൊന്ന് പ്രബുദ്ധരായ ഈ ജനതയെ രാഷ്ട്രീയപരമായും മതപരമായും നയിക്കുവാൻ പക്വതയുള്ള നേതൃത്വങ്ങൾ ഉണ്ട്. അതിനാൽ കാലത്തിന്റെയും ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും സോദ്ദേശപരമായ താൽപര്യങ്ങൾക്ക് കേരളത്തിലെ ഒരു മുസ്ലിം എതിരെ നിൽക്കുമെന്ന് ആരെങ്കിലും കാത്ത് നിൽക്കുന്നുണ്ടെങ്കിൽ വെറുതെ സമയം കളയേണ്ട എന്നേ പറയാനുള്ളൂ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso