Thoughts & Arts
Image

കണ്ണും കാതും എന്നല്ല, കാതും കണ്ണും എന്നാണ്

12-12-2023

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







ദീർഘമുള്ള ഒരു നാമവും ദീർഘം ഇല്ലാത്ത ഒരു നാമവും അടുപ്പിച്ച് അടുപ്പിച്ച് വന്നാൽ ആദ്യം ഇല്ലാത്തതും പിന്നെ ഉള്ളതും പറയുക എന്നത് നമ്മുടെ സാധാരണ മലയാളത്തിന്റെ ഒരു പതിവ് ഒഴുക്കാണ്. പക്ഷേ, ഇത്തരം
നാട്ടു വർത്തമാനങ്ങളിൽ മാത്രമല്ല, സാഹിത്യങ്ങളിലടക്കം ഒട്ടുമിക്ക ഭാഷകളിലും പൊതുവായി നിലനില്‍ക്കുന്ന ഭാഷാപ്രയോഗ ക്രമം ‘കണ്ണും കാതും’ എന്നു തന്നെയാണ്. ജാഹിലിയ്യ അറബികളുടെ സാഹിത്യങ്ങളിലും ഇതേ ശൈലിയാണ് കാണുന്നത്. പക്ഷെ, സാഹിത്യങ്ങളുടെ സാഹിത്യമായി വിശുദ്ധ ഖുർആൻ പെയ്തിറങ്ങാൻ തുടങ്ങിയപ്പോൾ ഭാഷാ ലോകം അത്ഭുതപ്പെട്ടുപോയി. എന്തെന്നാൽ ഖുർആനിൽ സംഗതി നേരെ തിരിച്ചാണ്. ഉദാഹരണത്തിന് ചില ആയത്തുകൾ പരിശോധിക്കാം. അല്ലാഹു പറയുന്നു: 'അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.' (23:78), 'അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു. നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍. അവന്‍ നിങ്ങള്‍ക്ക് കര്‍ണങ്ങള്‍ തന്നു. കണ്ണുകള്‍ തന്നു. (ചിന്താശക്തിയുള്ള) മനസ്സുകളും തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകേണ്ടതിന്.' (വി.ഖു 16:78). കേള്‍വിയെന്ന പ്രതിഭാസത്തെ ഖുര്‍ആന്‍ 185 തവണ സൂചിപ്പിക്കുന്നുണ്ട്. അതില്‍ 38 തവണ കാതും കണ്ണും (അസ്സംഅ് വല്‍ ബസ്വര്‍) എന്നിവ ഒരുമിച്ച് ഉപയോഗിച്ച വചനങ്ങളാണ്. അവിടെയൊക്കെ പ്രയോഗം ഇങ്ങനെയാണ്.



ഖുര്‍ആനിന്റെ ‘കാതും കണ്ണു’മെന്ന ക്രമത്തിലുള്ള പ്രയോഗം രണ്ട് ശാസ്ത്രീയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഈ ക്രമണികയുടെ കാരണങ്ങളെന്ന് നാം ഇപ്പോൾ അനുമാനിക്കുന്ന ഇവ രണ്ടും പിൽക്കാലത്ത് ശാസ്ത്രത്തിന്റെ വളർച്ചയോടെ മാത്രം കണ്ടെത്തപ്പെട്ട രണ്ട് ശാസ്ത്രീയ കണ്ടെത്തലുകളെ ശരിവെക്കുകയാണ്. ഇത് ഖുർആനിന്റെ അമാനുഷികതയുടെ മറ്റൊരു തെളിവ്. അവയിൽ ഒന്നാമത്തേത് മനുഷ്യശരീരശാസ്ത്രം പ്രകാരമുള്ള അവയവങ്ങളുടെ, രൂപീകരണ സമയക്രമവും പ്രവര്‍ത്തനക്ഷമതയുടെ മുന്‍ഗണനയും പ്രഖ്യാപിക്കുന്നു. ഏകദേശം ഇരുപത്തി രണ്ട് ദിവസമാകുമ്പോഴാണ് ചെവിയുടെ വളര്‍ച്ച ലക്ഷണങ്ങളുടെ ആദ്യഘട്ടങ്ങള്‍ തുടങ്ങുന്നത്. എട്ടാമത്തെ ആഴ്ചയോടെ ഏതാണ്ട് പൂര്‍ണാവസ്ഥയില്‍ എത്തുന്നു. നാലാം മാസത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ശ്രവണം പ്രവര്‍ത്തന ക്ഷമമാവുന്നുണ്ട് എന്ന് ചുരുക്കം. ജനനത്തോടെ വരുന്ന മറ്റേത് അവസ്ഥകള്‍ക്കും മുന്‍പേ കേള്‍വിയുമായി മനുഷ്യ ശിശു ഗര്‍ഭാശയത്തില്‍ തന്നെ താദാത്മ്യപ്പെടുന്നുണ്ടെന്നര്‍ഥം. (മനുഷ്യസൃഷ്ടി, ഖുര്‍ആനിലും വൈദ്യശാസ്ത്രത്തിലും- മലയാള പരിഭാഷ, ഡോ. മുഹമ്മദലി അല്‍ബാര്‍, പേജ് 130-131). രണ്ടാമത്തേത് തലച്ചോറിലുള്ള കേൾക്കുന്ന കാര്യങ്ങളെ സ്വീകരിച്ച് അറയിലെ സന്ദേശങ്ങളെ വേർതിരിക്കുന്ന തലച്ചോറിലെ ഫോര്‍ണിക്‌സ് എന്ന ഭാഗം തലച്ചോറിന്റെ ഏറ്റവും മുന്‍ഭാഗത്താണ് ക്രമീകരിച്ചിട്ടുള്ളത് എന്നതാണ്. സെറിബ്രമാണ്‌ ഏറ്റവും വലിയ മസ്തിഷ്ക്കഭാഗം. സുബോധം ഉളവാക്കുന്ന മസ്തിഷ്ക ഭാഗമാണിത്. സെറിബ്രത്തിന്റെ മുൻഭാഗം(frontal lobe) ആണ്‌ സംസാരം, വിചാരം, വികാരം, വൈദഗ്ദ്ധ്യമാർന്ന ചലനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം. (ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) അതിന്റെയെല്ലാം ഭാഗമായ ശബ്ദത്തെ തലച്ചോർ വ്യാഖ്യാനിക്കുന്നത് ഇവിടെ വെച്ചാണ് എന്നു പറയുന്നതും കാതിനെ ആദ്യം പറഞ്ഞതും തമ്മിൽ ഉള്ള ആശയ അന്തർധാര സജീവമാണ്. മറ്റെല്ലാ ഇന്ദ്രിയ സംവേദനങ്ങള്‍ക്കും മുന്‍പേ കേള്‍വി പ്രവര്‍ത്തന ക്ഷമമാണെന്ന ശാസ്ത്രീയപാഠം ഖുര്‍ആന്‍ 10:31, 17:36, 23:78, 32:9, 67:23 എന്നീ സൂക്തങ്ങളുടെ ഘടനകളിലും ഉള്ളടങ്ങിയിരിക്കുന്നു.



ഇനിയുമുണ്ട് ഇതിനു സമാനമായ ചില ഖുർആനിക പ്രയോഗ കൗതുകങ്ങൾ. അത് മനസ്സിലാക്കാൻ നമുക്ക് കേൾവിയെ കുറിച്ച പരാമർശം ഉള്ള ഒരു സൂക്തം ഒരിക്കൽ കൂടി പരിശോധിക്കാം. അല്ലാഹു പറയുന്നു: 'അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.' (23:78). ഇവിടെ കേൾവി ഏകവചനവും കാഴ്ചയും ഹൃദയവും എല്ലാം ബഹുവചനവും ആണ്. കാത്, കാഴ്ച എന്നിവ ഏകവചനവും കാഴ്ച, കണ്ണ് എന്ന പ്രയോഗം ബഹുവചനത്തിലുമാണ് ഖുർആൻ പൊതുവെ ഉപയോഗിക്കാറുള്ളത്. അതേ സമയം കണ്ണ് , കാഴ്ച തുടങ്ങിയ വ ഏകവചനത്തിലും ബഹുവചനത്തിലും കാണാവുന്നതാണ് (ഉദാഹരണം: 17:36). എന്നാല്‍ കേള്‍വി എന്ന ആശയത്തെ കേന്ദ്രമായി പ്രസ്താവന നടത്തുന്ന വചനങ്ങളില്‍ എവിടെയും ബഹുവചന രൂപങ്ങള്‍ പ്രയോഗിച്ചിട്ടില്ല. അതേ സമയം ചെവിയെന്ന അവയവത്തെക്കുറിച്ച് മാത്രമായി ശരീര ഘടന എന്ന അർഥത്തിൽ പറയുമ്പോള്‍ ‘ചെവികള്‍’ എന്ന് ബഹുവചനത്തിൽ കാണാമെന്ന് മാത്രം. ഉദാഹരണമായി അല്ലാഹു പറയുന്നു: ജിന്നിലും മനുഷ്യരിലും ധാരാളം പേരെ നരകത്തിലേക്കായി നാം സൃഷ്ടിച്ചിരിക്കുന്നു- അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ടവര്‍ സത്യം ഗ്രഹിക്കില്ല; കണ്ണുകളുണ്ട്, അവകൊണ്ടവര്‍ സത്യം കണ്ടെത്തില്ല; കാതുകളുണ്ട്, അവകൊണ്ടവര്‍ സത്യം ശ്രവിക്കില്ല. കാലികളെപ്പോലെയാണവര്‍; അല്ല, അവയെക്കാള്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ബോധശൂന്യന്മാര്‍! (7:179). ചെവികൾ രണ്ടുണ്ടായിട്ടും കേൾവി എപ്പോഴും ഏകവചനമായിരിക്കുക എന്നതും ഖുര്‍ആനിന്റെ ചിന്തോദ്ദീപകമായ ഒരു ഭാഷാ വിസ്മയമാണ്.



ഈ കൗതുകത്തിലെ ന്യായം ഗ്രഹിക്കുവാൻ നാം നമ്മുടെ സ്വന്തം അനുഭവങ്ങളിലേക്ക് പോയാൽ മതിയാകും. മനുഷ്യന് ഒരേ സമയത്ത് ഒന്നിലധികം കാഴ്ചകള്‍ കാണാനും ഒരുവേള വേര്‍തിരിച്ച് മനസ്സിലാക്കാനും സാധിച്ചേക്കും. ഞാൻ അതിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് അവൻ അതുവഴി കടന്നു പോകുന്നത് കണ്ടു എന്ന് ഒരാൾ പറയുന്ന ഒരു സാഹചര്യത്തെ സങ്കൽപ്പിച്ചു നോക്കിയാൽ മാത്രം അത് മനസ്സിലാകും. കാര്യമായി ചിന്തിക്കുകയും ഒന്നും വേണ്ടാത്ത കാര്യങ്ങളാണ് കണ്ടവയിൽ ഒന്നിലധികം എങ്കിൽ ഓരോന്നിനെയും മനസ്സിലാക്കി എടുക്കാൻ പോലും പ്രയാസമില്ല. എന്നാല്‍ ഒന്നിലധികം ശബ്ദങ്ങള്‍ മനുഷ്യന് ഒരേ സമയം കേള്‍ക്കാനാവുമെങ്കിലും അവ ഓരോന്നിനെയും വേര്‍തിരിച്ചെടുക്കാനോ കൃത്യമായി വ്യവച്ഛേദിക്കാനോ സാധ്യമല്ല. ചെവിയുടെ ധര്‍മം ശരിയായ കേള്‍വിയാണെങ്കില്‍ ഒന്നിലധികം ശബ്ദം ഒരേ സമയം കേള്‍ക്കുക വഴി ദൗത്യം തീരെ നടക്കാത്ത സാഹചര്യമാണ് ഉണ്ടാകുക. മാത്രമല്ല പ്രധാനപ്പെട്ട ഒന്ന് കേട്ടുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊന്ന് കേൾക്കാൻ ഇട വന്നാൽ പ്രധാനപ്പെട്ടത് തന്നെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ആയി പോവുകയും ചെയ്യും. കേവലം കേട്ടുകൊടുക്കാനുള്ള ഒരവയവം എന്ന നിലയിലല്ല, ചെവിയുടെ ക്രമീകരണം. സംവേദന ക്ഷമത നിര്‍ബന്ധമാണ്. സംവേദന ക്ഷമത എന്നാൽ കേൾക്കുന്ന ശബ്ദങ്ങളെ വ്യവച്ഛേദിച്ച് ഗ്രഹിക്കാനുള്ള കഴിവാണ്. അത് ഇല്ലാത്ത കേൾവി സത്യത്തിൽ പാഴാണ്.



നേരത്തെ നാം പറഞ്ഞതിന്റെ ഉള്ളിൽ നിന്ന് ഗ്രഹിക്കാവുന്ന മറ്റൊരു ഭാഷാപരമായ കൗതുകം കൂടി കേൾവി അടക്കം ഉൾക്കൊള്ളുന്ന മനുഷ്യൻറെ സംവേദന ഇന്ദ്രിയങ്ങൾക്ക് ഉണ്ട് അത് തലച്ചോറില്‍ ഇവയുടെ നിയന്ത്രണം നടക്കുന്ന ന്യൂറോണുകളുടെ വിന്യാസത്തെ ആധാരമാക്കിയുള്ളതാണ്. മുമ്പ് നാം സൂചിപ്പിച്ചതുപോലെ സെറിബ്രമാണ്‌ ഏറ്റവും വലിയ നമ്മുടെ മസ്തിഷ്ക്കഭാഗം. സെറിബ്രത്തെ അതിന്റെ ഘടന അനുസരിച്ച് മൂന്ന് ഭാഗമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. സെറിബ്രത്തിന്റെ മുൻഭാഗം ആണ്‌ ശബ്ദം, സംസാരം, വിചാരം, വികാരം, ചലനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക്കഭാഗം. സ്പർശം, ചൂട്, വേദന, സുഖാനുഭവം തുടങ്ങിയവ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്നത് സെറിബ്രത്തിന്റെ മുൻ ഭാഗത്തിനു തൊട്ടു മുൻപിലുള്ള ഭാഗം ആയ parietal lobe ആണ്. സെറിബ്രത്തിന്റെ പിൻ ഭാഗത്തെ മധ്യമേഖലയിലാണ് ദൃശ്യബിംബങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്. ഈ ഈ ഘടനയ്ക്ക് വിധേയമായ വിശദീകരണത്തിൽ തലച്ചോറിന്റെ മുന്‍ഭാഗത്ത് കേള്‍വിയും മധ്യഭാഗത്ത് സംസാര ശേഷിയെ നിയന്ത്രിക്കുന്നതും പിന്‍ഭാഗത്ത് കാഴ്ചയുമാണ് എന്ന് മനസ്സിലാക്കാം. ഇനി വിശുദ്ധ ഖുർആൻ പറയുന്നതു നോക്കാം. അല്ലാഹു പറയുന്നു: അവര്‍ ബധിരരും മൂകരും അന്ധരുമാണ്, ഇനിയവര്‍ മടങ്ങുകയില്ല. (2:18) ഈ സൂക്തത്തിൽ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ക്രമം സുമ്മ് (ബധിരത), ബുക്മ് (ഊമ), ഉംയുന്‍ (അന്ധത) എന്നാണല്ലോ. ഖുർആനിന്റെ പദപ്രയോഗങ്ങളില്‍ തന്നെ ശരിയായ ശാരീരിക അവയവ വിന്യാസക്രമം പാലിക്കുന്നുണ്ട് എന്നർഥം.



അതിനർത്ഥം എല്ലായിടത്തും കാതും കേൾവിയും മാത്രമാണ് മുൻപിൽ എന്നല്ല. അതുകൊണ്ടാണ് കേൾവി എന്ന ആശയത്തിൽ ഖുർആൻ പറയുമ്പോൾ എന്ന് നാം ഇടയ്ക്കിടെ പറയുന്നത്. എന്നാൽ ബാഹ്യമായ മനുഷ്യ രൂപം അല്ലെങ്കിൽ ശാരീരിക പ്രകൃതം എന്ന അർത്ഥത്തിൽ ചെവിയെയും മറ്റും പറയുമ്പോൾ ഈ അർത്ഥത്തിലുള്ള ആശയത്തിനനുസരിച്ച ക്രമണികയല്ല വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നത്. മറിച്ച് കാഴ്ചയിലെ കാഴ്ചയുടെ ക്രമത്തെയാണ്. മനുഷ്യ ശരീരത്തിലേക്ക് ഒരാള്‍ നോക്കുമ്പോള്‍ ആദ്യം കാണുന്നത് ആ ക്രമത്തിലാണ്. കണ്ണ്, മൂക്ക്, വായ, ചെവി എന്ന രൂപത്തിലാണ് കാഴ്ചയിലെ ക്രമം. അതുകൊണ്ട് തന്നെ ശരീര അവയവങ്ങളുടെ കാഴ്ച ക്രമം പറയുമ്പോള്‍ ഈ രീതിയാണ് ഖുർആൻ പിന്തുടരുന്നത്. അല്ലാഹു പറയുന്നു: ”ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തതുല്യമായ പ്രതിക്രിയ എന്നിങ്ങനെയാണ്.” (5:45). ഈ വചനത്തിന്റെ ആശയ പരിസരം അവയവങ്ങളുടെ സംവേദന ക്ഷമതയോ ദൗത്യനിര്‍വഹണങ്ങളോ അല്ല, മറിച്ച് കേവലം ഒരവയവമെന്ന അർഥത്തിലുള്ള പരാമര്‍ശം മാത്രമാണുള്ളത്. അതിനാല്‍ കാഴ്ചപ്രദാനമായ അവയവ വിന്യാസമാണ് പ്രതിപാദനാശയമായി കാണുന്നത്. മറ്റൊരു ഉദാഹരണമായി നമുക്ക്, ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മസ്സിലാക്കുകയില്ല.” (7:179) എന്ന ആയത്തിനെ എടുക്കാം. ഈ ആയത്തിൽ പരലോക വിചാരണയാണ് പരാമര്‍ശിക്കുന്നത് എന്നതിനാൽ മനുഷ്യന്റെ ധര്‍മാധര്‍മ ബോധനം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഹൃദയബോധ്യത്തിനാണ് മുന്‍ഗണന നല്‍കിയത്. സംവേദന ഇന്ദ്രിയങ്ങളെ ശേഷം മാത്രം പരാമര്‍ശിക്കുകയും ചെയ്യുന്നു.



ഇതെല്ലാം പരിശുദ്ധ ഖുർആനിലെ അമാനുഷികതയുടെ ഭാഷാ കൗതുക സൂചനകൾ. അതേസമയം കേൾവി, കാത് എന്നിവയെല്ലാം നേരെ ചൊവ്വേ മനുഷ്യന്റെ ബുദ്ധിയിലേക്ക് പടർത്തുന്ന മഹത്തായ അത്ഭുത ചിന്തകൾ എണ്ണമറ്റതാണ്. അവയൊക്കെയും അല്ലാഹുവിലേക്ക് മനുഷ്യനെ കൈപിടിച്ച് ആനയിക്കുന്നവയാണ്. കേൾവിയുടെ കാര്യം എടുത്താൽ ശബ്ദം, ശബ്ദം സഞ്ചരിക്കാൻ വേണ്ട ഒരു മാധ്യമം, ശബ്ദം കേൾക്കാനുള്ള അവയവം അഥവാ ചെവി, കേൾക്കുന്ന ശബ്ദത്തെ വ്യാഖ്യാനിക്കാൻ മസ്തിഷ്കം എന്നിവയെല്ലാം വേണം. ഈ നാല് കാര്യങ്ങളും കൂട്ടിയിണക്കി കേൾവി എന്ന അനുഭവവും അൽഭുതവും വെറുതെ ആലോചിച്ചിരുന്നാൽ പോലും മനസ്സ് ഒരു സർവ്വശക്തനിലേക്ക് സഞ്ചരിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ഉദാഹരണമായി ഉള്ളിലേക്കു കടന്നാൽ ചെവിക്കുള്ളിൽ പ്രവേശിക്കുന്ന ശബ്ദതരംഗത്തെ മദ്ധ്യ കർണ്ണത്തിലെ ലിവർ പോലുള്ള എല്ലുകൊണ്ടുള്ള ഉയർന്നു നിൽക്കുന്ന ഒരു ഉപകരണം ഏതാണ്ട് 90 ഇരട്ടിയായി വർദ്ധിപ്പിക്കുന്നത് കൊണ്ടാണ് നമുക്ക് ശബ്ദം കേൾക്കാൻ കഴിയുന്നത്. അതേസമയം, വളരെ നേർത്ത ശബ്ദത്തെ ഈ ഉപകരണം ശക്തി കൂട്ടുന്നില്ല. അല്ലായിരുന്നു എങ്കിൽ കയ്യിളകുന്ന ശബ്ദവും എല്ലുകൾ ഇളകുന്ന ശബ്ദവും മുതൽ എല്ലാ കുഞ്ഞുകുഞ്ഞു ശബ്ദങ്ങളും ചെവിക്കുള്ളിലലച്ച് നമുക്കസ്വാസ്ഥ്യമുണ്ടാക്കുമായിരുന്നു. വലിയ ശബ്ദമുണ്ടാകുമ്പോഴാവട്ടെ ലിവർ പോലുള്ള ആ ഉപകരണത്തിന്റെ അറ്റത്തുള്ള സ്റ്റിറപ്പ് എന്ന ഭാഗം യാന്ത്രികമായി വഴുതി വേർപ്പെടുന്നു. ഇങ്ങനെ ഒരേർപ്പാടില്ലെങ്കിൽ മദ്ധ്യ കർണ്ണവും പുറം ചെവിയുമായി വേർതിരിക്കുന്ന ചർമ്മം പലപ്പോഴും പൊട്ടിപ്പോയേനെ. ഇങ്ങനെ ആ അൽഭുതങ്ങൾ നീണ്ടുകിടക്കുന്നു. (വിശദ വിവരങ്ങൾക്ക്: മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍, വി കെ മാത്യു, ഡി സി ബുക്‌സ്).


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso