Thoughts & Arts
Image

സൗഭാഗ്യത്തിന്റെ മൂന്നു ഘടകങ്ങൾ

06-01-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







മൂന്നു പേർക്കും കൂടി കാട്ടിൽ നിന്ന് ഒരു ചാക്ക് പൊന്നു കിട്ടി. സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോൾ അവരുടെ മുമ്പിൽ ഒരു പ്രശ്നം. ഇത് ഓഹരി വെച്ചോ അല്ലാതെയോ നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ല. പരസ്പര ചർച്ചയിൽ അവസാനം കൂട്ടത്തിൽ ഒരാൾ നാട്ടിൽ പോയി ഒരു കഴുതയെ കൊണ്ടുവരട്ടെ എന്ന് തീരുമാനമായി. നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കാനും കൊണ്ടുവരണമെന്ന് അവർ പോകാൻ തയ്യാറായവനോട് പറഞ്ഞു. കഴുതയുമായി തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ അയാൾക്കൊരു ആലോചന വന്നു. കാത്തുനിൽക്കുന്ന രണ്ടുപേരെയും കൊന്ന് പൊന്നു മുഴുവനും തനിക്ക് സ്വന്തമാക്കാം എന്ന്. അതിനൊരു എളുപ്പവഴിയും മുമ്പിൽ തെളിഞ്ഞു. അവർക്ക് വേണ്ട ഭക്ഷണം. അതിൽ അയാൾ മാരക വിഷം കലർത്തി. കഴുതയും ഭക്ഷണവും ആയി അയാൾ അവിടെയെത്തുമ്പോഴേക്കും അവിടെയുള്ള രണ്ടുപേരും കൂടി ഇവൻ വരുമ്പോൾ തന്നെ അവനെ തട്ടിക്കളയുവാനും അങ്ങനെ പൊന്ന് പപ്പാതിയാക്കുവാനും തീരുമാനിച്ചു നിൽക്കുകയായിരുന്നു. കഴുതയും ഭക്ഷണവുമായി അവൻ എത്തിയതും രണ്ടുപേരും ഒന്നിച്ച് ചാടി വീഴുകയും അവന്റെ കഥ കഴിക്കുകയും ചെയ്തു. ചാക്ക് കഴുതപ്പുറത്ത് കയറ്റി കാട് ഇറങ്ങാൻ തുടങ്ങിയവെ ചങ്ങാതി കൊണ്ടുവന്ന ഭക്ഷണം കഴിച്ച് ക്ഷീണം മാറ്റാമെന്ന് രണ്ടുപേരും കരുതി. അവർ അത് കഴിച്ചു. ഉടനെ തന്നെ മാരക വിഷമേറ്റ് അവർ രണ്ടുപേരും മരിച്ചു. അന്നം തേടി അതുവഴി കടന്നുപോയ വിറകു വെട്ടുകാരനാണ് ആദ്യം കാഴ്ച കണ്ടത്, മരിച്ചു കിടക്കുന്ന മൂന്നുപേരും സമീപത്തായി ഒരു ചാക്ക് പൊന്നും ഒരു കഴുതയും. അധികസമയം വേണ്ടിവന്നില്ല അയാൾക്ക് കഥ മനസ്സിലാക്കിയെടുക്കുവാൻ. ആ പൊന്ന് പിന്നെ ഉപകാരപ്പെട്ടത് അയാൾക്കായിരുന്നു. സംഗതി കുട്ടിക്കഥ തന്നെയാണ്. സമാനമായ ആയിരക്കണക്കിന് കഥകളിൽ ഒന്ന്. പക്ഷേ മനുഷ്യന്റെ ആർത്തി അവനെ എവിടെയാണ് കൊണ്ടെത്തിക്കുക എന്നത് പറയുവാൻ ഒരു നല്ല കുറുക്കുവഴിയാണ് ഇതും ഇതുപോലുള്ളവയും. തിരക്കുപിടിച്ച പുതിയ ലോകത്തിൽ വിശ്രമമില്ലാതെ തലങ്ങും വിലങ്ങും ആർത്തിപിടിച്ച് ഓടുന്ന പുതിയ മനുഷ്യനെ ആർത്തിയുടെ അനന്തര ഫലം ബോധിപ്പിക്കാൻ ഇങ്ങനെ ചില വിദ്യകളൊക്കെ വേണ്ടിവരുന്ന ഒരു കാലമാണല്ലോ.



ജീവിതത്തിൽ സൗഭാഗ്യങ്ങൾ കാംക്ഷിക്കാത്തവരായി ആരും ഉണ്ടാവില്ല. എല്ലാവരുടെയും എല്ലാ ചലനങ്ങളും ആ ലക്ഷ്യത്തിലേക്കുള്ളതാണ്. പക്ഷേ കരുതുന്നതെല്ലാം കരുതുന്നവർക്കെല്ലാം കിട്ടുന്നില്ല എന്നത് ഒരു സത്യമായ അനുഭവമാണ്. ഇവിടെ രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഒന്നാമത്തേത്, എന്നിട്ടും എന്തുകൊണ്ടാണ് മനുഷ്യരിൽ ചിലർ ഇങ്ങനെ ആർത്തിപിടിച്ച് ഓടുന്നത് എന്നതാണ്. ചിലർക്കെല്ലാം ചിലതെല്ലാം കിട്ടുന്നുണ്ട്, അതു കണ്ടാണ് അവർ പായുന്നത് എന്നതാണ് അതിൻെറ ഉത്തരം. രണ്ടാമത്തെ ചോദ്യം, എന്നാൽ ചിലർക്ക് എന്താണ് കരുതുന്നത് കിട്ടാത്തത് എന്നാണ്. അതിന്റെ ഉത്തരം, കിട്ടുന്നവർക്ക് കിട്ടുന്നതും കിട്ടാത്തവർക്ക് കിട്ടാത്തതും കിട്ടിയവരുടെയോ കിട്ടാത്തവരുടേതോ പരിധിയിൽ വരുന്ന കാര്യമല്ല, അത് എല്ലാ കാര്യങ്ങളുടെയും വിധാതാവിന്റെ നിശ്ചയവും നിയന്ത്രണവുമാണ്. ഇനി ഈ ചിന്തയുമായി ഇവിടെ നിന്ന് മുന്നോട്ടുപോകുവാൻ ഇത്തരം ഒരു വിധാതാവിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ കഴിയൂ. അങ്ങനെയുള്ളവർ ഇനി ചിന്തിക്കേണ്ടത്, എങ്കിൽ ആ വിധാതാവ് ജീവിത സംതൃപ്തിയും സൗഭാഗ്യങ്ങളും സ്വായത്തമാക്കുവാൻ എന്തു വഴിയാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നതാണ്. ആ വഴിക്ക് പോയാൽ സൗഭാഗ്യങ്ങളിൽ എത്തിച്ചേരാം എന്നത് ഉറപ്പാണല്ലോ. ചിന്ത ഇവിടെ എത്തിച്ചേർന്നാൽ പിന്നെ നമുക്ക് ഏറ്റവും സരളമായ ഉത്തരം ലഭിക്കുവാൻ ആശ്രയിക്കാവുന്ന ഒരു തിരുവചനമുണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ആ തിരു വചനത്തിൽ നബി(സ) തിരുമേനി പറയുന്നു: 'നിങ്ങളിൽ ഒരാൾ തന്നിൽ സുരക്ഷിതനും ശരീരത്തിൽ ആരോഗ്യവാനും അന്നാന്നത്തെ അന്നം കയ്യിലുള്ളവനുമാണെങ്കിൽ അവന് ഇഹത്തിലുള്ള എല്ലാം കിട്ടിയതുപോലെയാണ്'.



മൂന്നു കാര്യങ്ങളാണ് ഈ പ്രപഞ്ചത്തെ മുഴുവനും കയ്യിലെത്തിക്കുവാൻ നബി തിരുമേനി പറഞ്ഞു തരുന്നത്. അവയിൽ ഒന്നാമത്തേത്, ഒരാൾ തന്നിൽ സുരക്ഷിതനായിരിക്കുക എന്നതാണ്. ഈ ആശയം പറയുവാൻ ഉപയോഗിച്ചിരിക്കുന്ന സർബ് എന്ന അറബീ വാക്ക് വിവിധ അർത്ഥതലങ്ങൾ ഉള്ളതാണ് എന്ന് വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. സ്വന്തം ശരീരം, സ്വന്തം കുടുംബം, സ്വന്തം വീട് എന്നിങ്ങനെ മൂന്നു അർത്ഥങ്ങൾക്കാണ് അവയിൽ കൂടുതൽ പിൻബലം ഉള്ളത്. ഈ മൂന്ന് അർത്ഥങ്ങളെയും ഒരേപോലെ ഉൾക്കൊണ്ട് നമുക്ക് നമ്മുടെ ചിന്തയിലും ഭാഷയിലും ഒരാൾ തൻ്റെ ചുറ്റുവട്ടങ്ങളിൽ സുരക്ഷിതനായിരിക്കുക എന്ന് പറയാവുന്നതാണ്. ചുറ്റുവട്ടങ്ങൾ എന്ന് പറയുമ്പോൾ അതിൽ നമ്മുടെ ശരീരം, ശരീരത്തോട് ഒട്ടി നിൽക്കുന്ന കുടുംബം, അവയെ എല്ലാം വലയം ചെയ്തു നിൽക്കുന്ന ഭവനം എന്നിവ മൂന്നും അതിൽ ഉള്ളടങ്ങുന്നു. ഇവിടങ്ങളിലെ സുരക്ഷിതത്വം എന്നാൽ യാതൊരു ഭയവും ആശങ്കയും ഇല്ലാതെ സന്തോഷത്തോടെ ജീവിച്ചുപോകുവാൻ വേണ്ട സാഹചര്യങ്ങൾ അവന് ഉണ്ടാവുകയോ അല്ലെങ്കിൽ അവൻ ഉണ്ടാക്കിയെടുക്കുകയോ ചെയ്തു എന്നതാണ്. എല്ലാവരുടെയും ബഹുമാനങ്ങൾക്കും സ്നേഹങ്ങൾക്കും പാത്രിഭവിക്കുന്ന സമീപനം ഉള്ള ഒരാൾ ഇത്തരം സുരക്ഷിതത്വം അനുഭവിക്കുന്ന ആളാണ്. വീടിനുള്ളിൽ കഴിയുന്ന ഭാര്യ, മക്കൾ മറ്റു അംഗങ്ങൾ എന്നിവരോട് എല്ലാം തികച്ചും സൗഹൃദപരവും മാന്യവുമായ ബന്ധം പുലർത്തുന്ന ആളും ഈ ഗണത്തിൽ സുരക്ഷിതത്വം അനുഭവിക്കുന്ന ആളാണ്. തൻ്റെ വീടിനോട് വലയം ചെയ്തു നിൽക്കുന്ന അയൽവാസികൾ തുടങ്ങിയവരുമായി നല്ല ഇഴയടുപ്പമുള്ള ബന്ധങ്ങൾ സൂക്ഷിക്കുന്ന ആളും ഇതേ സുരക്ഷിതത്വം അനുഭവിക്കുന്ന ആളാണ്. ഇത്തരം ഒരാളെ സംബന്ധിച്ചിടത്തോളം അയാൾ സൗഭാഗ്യവാനായിത്തീരുന്നത് അയാൾക്ക് തൻ്റെ ജീവിതത്തിൻെറ പരമമായ ലക്ഷ്യത്തിൽ ശ്രദ്ധിക്കുവാനും അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളിൽ കൂടുതൽ മുഴുകുവാനും കഴിയുന്ന മാനസിക സാഹചര്യം കൈവരുന്നു എന്നതുകൊണ്ടാണ്. അത്തരം ആൾ സസുഖം ജീവിക്കുന്നു.



രണ്ടാമത്തേത് ആരോഗ്യമാണ്. കാരുണ്യവാനായ അല്ലാഹു അവന്റെ അടിമകളായ മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ശാരീരികാരോഗ്യം എന്നത്. പലപ്പോഴും 'കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ' എന്ന് പറയുന്നത് പോലെ ആരോഗ്യമുള്ളപ്പോള്‍ നമ്മുടെ ആരോഗ്യത്തിന്റെ പ്രാധാന്യവും മഹത്ത്വവും നാം മറന്നുപോവുകയാണ് എന്നതാണ് വസ്തുത. ആരോഗ്യത്തിന്റെ മഹത്വമറിയാന്‍ നമുക്ക് ചുറ്റുമുള്ള രോഗികളിലേക്ക് ഒന്ന് നോക്കിയാല്‍ മതിയാകും. മാരകമായ ക്യാന്‍സര്‍ ബാധിച്ച് വേദന കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ അതിലധികമോ തവണ ഡയാലിസിസിന് വിധേയമാവുന്ന കിഡ്‌നി രോഗികള്‍, ശരീരം പൂര്‍ണമായി തളര്‍ന്ന് ഒന്ന് അനങ്ങാന്‍ പറ്റാതെ ദിവസങ്ങള്‍ എണ്ണിനീക്കുന്നവര്‍, ബന്ധുക്കള്‍ക്ക് കാണാനോ പരിചരിക്കാനോ കഴിയാതെ വെന്റിലേറ്ററില്‍ കഴിയുന്നവര്‍, മൂക്കിലൂടെയും കഴുത്തിലൂടെയുമൊക്കെ പൈപ്പിട്ട് ഭക്ഷണം കൊടുക്കേണ്ടി വരുന്നവര്‍, ശരീരം മുഴുവന്‍ ചൊറി ബാധിച്ച് ഒരേ സമയം ശാരീരികമായും മാനസികമായും തളര്‍ന്നവര്‍... ഇതിനിടയില്‍ നാം ആരോഗ്യവാന്മാരായി ജീവിക്കുന്നു എങ്കിൽ തന്നെ അത് ജീവിതത്തിന്റെ വലിയ സൗഭാഗ്യമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഈ സൗഭാഗ്യം ഉണ്ടാകുവാനും നാം ജാഗ്രവത്തായ ചില കണിശതകൾ പാലിക്കേണ്ടതുണ്ട്. കൂട്ടത്തിൽ ഇക്കാലത്ത് പറയേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അമിതഭോജനവും വ്യായാമക്കുറവുമാണ്. ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ഇവ രണ്ടുമാണ് എന്ന് പഠനങ്ങള്‍ അറിയിക്കുന്നു. ആവശ്യത്തിനും അത്യാവശ്യത്തിനും ഭക്ഷണം കഴിക്കുന്നതിന് പകരം കിട്ടുന്നതെന്തും ഏത് സമയത്തും വാരിവലിച്ച് കഴിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. ഇന്നത്തെ ഫാസ്റ്റ് ഫുഡ് സമ്പ്രദായം പലവിധ രോഗങ്ങള്‍ക്ക് കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് നാം കാണാതെ പോകരുത്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല' (7:31). നല്ലത് മാത്രമെ ഭക്ഷിക്കാവൂ എന്നതും അല്ലാഹുവിന്റെ നിർദ്ദേശം തന്നെയാണ് (2:168). വ്യായാമങ്ങൾ ശീലിക്കുന്നത് മുതൽ ആരോഗ്യത്തെ നിലനിർത്തിക്കിട്ടുവാൻ എപ്പോഴും ദുആ ചെയ്യുന്നത് വരെ (മുസ്‌ലിം: 2739) ഈ ശ്രേണിയിൽ ഉണ്ട്.



മൂന്നാമത്തേത് അന്നന്നത്തേതിനപ്പുറമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്കയും ആവലാതിയും ഒഴിവാക്കി അല്ലാഹുവിൽ വിശ്വാസമർപ്പിച്ചും ഭരമർപ്പിച്ചും സന്തോഷത്തോടെ ജീവിക്കുകയാണ്. അത് നേരെ ചൊവ്വേ പറഞ്ഞാൽ വിശ്വാസത്തിന്റെ ആരോഗ്യമാണ്. തനിക്കുള്ള അന്നം നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് എന്നും അത് ഒരു കാരണവശാലും തന്നിൽ നിന്ന് ദിശ മാറി പോവുകയില്ല എന്നും ഉറപ്പിച്ച് വിശ്വസിക്കുവാൻ കഴിയുന്ന വ്യക്തിക്ക് നാളത്തെ അന്നത്തെക്കുറിച്ച് ആവലാതി ഉണ്ടാവില്ല. അതിനാൽ തന്നെ ഈ മൂന്നാമത്തെ ഘടകത്തെ നമുക്ക് സൃഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസം എന്ന് വിവരിക്കാം.അല്ലാഹു നൽകിയതില്‍ സംതൃപ്തിയടയാന്‍ കഴിയുന്നവനാണ് യഥാർഥ വിശ്വാസി. നബി(സ) പറഞ്ഞു: “മുസ്‌ലിമായവന്‍ വിജയിച്ചു. ഉപജീവനത്തിന് മാത്രമുള്ളത് അവന് നല്‍കപ്പെട്ടിരിക്കുന്നു. അവന് ലഭിച്ചതു കൊണ്ട് അല്ലാഹു അവനെ സംതൃപ്തനാക്കുകയും ചെയ്തിരിക്കുന്നു’ (മുസ്‌ലിം). മോഹങ്ങളുടെ മായാലോകത്തിലൂടെ സഞ്ചരിക്കുന്ന ആധുനിക മനുഷ്യൻ ഇന്ന് അസ്വസ്ഥനാണ്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. സമ്പത്ത്, സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സൗഭാഗ്യങ്ങളുടെ മാനദണ്ഡങ്ങളായിട്ടാണ് അവൻ കണക്കാക്കുന്നത്. അതു മാറ്റി ഹദീസിൽ പറഞ്ഞ ഈ ഘടകങ്ങളിലേക്കു വരാതെ അവന് ശാന്തി എന്ന സൗഭാഗ്യമുണ്ടാവില്ല.
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso