Thoughts & Arts
Image

മലകൾ വെറും മണ്ണല്ല

03-03-2024

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി







കാഴ്ചയിൽ പർവ്വതങ്ങൾ മണ്ണും കല്ലും പാറക്കെട്ടുകളും കൂടിക്കിടക്കുന്നതാണ് എന്ന് തോന്നിപ്പോകും. ഭീമാകാരങ്ങളായ പർവ്വതങ്ങളുടെ അടിയിൽ അമർന്ന് കിടക്കുന്ന അത്ഭുതങ്ങൾ അങ്ങനെ ആരും ചികഞ്ഞു നോക്കാറുമില്ല. പക്ഷേ ആധുനിക സാങ്കേതിക വളർച്ചയിൽ മനുഷ്യൻ അവൻ്റെ കൈയും കണ്ണും എത്തുന്ന ഓരോ ബിന്ദുവിലും നിരീക്ഷണത്തിന്റെ ആണി ഇറക്കി വരികയാണ്. അങ്ങനെ അവൻ തല ഉയർത്തി നിൽക്കുന്ന മാമലകളെക്കുറിച്ചും പഠിച്ചു. പഠിച്ചപ്പോൾ അവന് ഒരുപാട് അറിവുകൾ ലഭിച്ചു. ആ അറിവുകൾ ഓരോന്നും അവൻ്റെ നിലവിലുള്ള ധാരണകളെ തിരുത്താൻ മാത്രം വലുതായിരുന്നു. അതുകൊണ്ടുതന്നെ അവൻ വീണ്ടും വീണ്ടും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി അത് ഒരു ശാസ്ത്ര ശാഖ തന്നെ ആക്കി മാറ്റുകയുണ്ടായി. ജിയോളജി എന്ന ശാസ്ത്രത്തിൻ്റെ വലിയ ഒരു അധ്യായമാണ് ഇന്ന് പർവ്വതങ്ങളെ കുറിച്ചുള്ള പഠനങ്ങൾ. ഭൂമിശാസ്ത്രത്തിൽ പർവ്വതങ്ങളെ കുറിച്ച് മാത്രം പഠിക്കുന്ന ശാഖ ഓറോഗ്രാഫി എന്ന പേരിലാണ് അറിയപ്പെടുന്നത്. പർവ്വതം എന്ന അർത്ഥമുള്ള ഒരു ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ വാചകം രൂപപ്പെട്ടത് എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ഈ ശാഖ വികസിച്ചതോടെ ഒരുപാട് വസ്തുതകൾ പുറത്തുവന്നു. പുറത്തുകാണുന്ന പർവ്വതവും അതിൻ്റെ വേരുകളും ആണ് ആ കണ്ടെത്തിയതിൽ സവിശേഷമായ ശ്രദ്ധ അർഹിക്കുന്നത്. വേരുകൾ കണ്ടെത്തപ്പെട്ടതോടുകൂടെ നമ്മുടെ ഉരുണ്ട ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഈ പർവ്വതങ്ങൾ വലിയ സഹായകമാണ് എന്നുകൂടി വ്യക്തമായി. ഒറ്റ വാചകത്തിൽ പറഞ്ഞാൽ പർവ്വതങ്ങൾ എന്നത് വെറുതെ കല്ലും മണ്ണും കൂടി കിടക്കുന്നതല്ല അവ പ്രകൃതിയുടെ സന്തുലനത്തിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട് എന്നതാണ് ആ കണ്ടെത്തലുകളുടെ അകത്തുക.



നമ്മുടെ ശ്രദ്ധ ഈ ശാസ്ത്ര സത്യങ്ങളിലേക്ക് പ്രധാനമായും തിരിയുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് വിശുദ്ധ ഖുർആനിൽ സൃഷ്ടാവായ അല്ലാഹു പർവ്വതങ്ങളെ കുറിച്ച് നടത്തിയിട്ടുള്ള പരാമർശങ്ങളാണ്. ആ പരാമർശങ്ങളിൽ പർവ്വതങ്ങൾ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെ സഹായിക്കുന്ന മുഖ്യഘടകം ആണ് എന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ആ ചിന്തകളിലേക്ക് പ്രവേശിക്കുവാൻ ആദ്യം നാം പർവ്വതങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്ന ചില ആയത്തുകൾ പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: 'നാം പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) [78:7]. 'ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും ( അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. ) [16:15]. 'പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെയാണ് നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്' (88:19). 'പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്‌. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (27:88). 'പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും'. (78:20) 'പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്‌. എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല. (25: 105-107). മുകളിൽ പറഞ്ഞ ആയത്തുകളിൽ ഓരോന്നിന്റെയും പ്രത്യേകത അവ ഓരോന്നും പർവ്വതങ്ങളെ കുറിച്ചുള്ള മനുഷ്യ സങ്കല്പത്തെ അമ്പരപ്പിക്കുന്ന ചില പ്രയോഗങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ്. ഒന്നാമത്തെ ആയത്തിൽ പർവ്വതങ്ങൾ ആണികളാണ് എന്ന് പറയുന്നു. ആണി എന്നത് എന്താണ് എന്ന് അറിയുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം തൻ്റെ കൺമുമ്പിൽ ഉയർന്നുനിൽക്കുന്ന ഭീമാകാരങ്ങളായ കല്ലും മണ്ണും പാറക്കെട്ടുകളും കൊണ്ടുള്ള പർവ്വതങ്ങളെ ആണികൾ എന്ന് വിളിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അത്ഭുതം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രത്യേകിച്ചും ജിയോളജിക്കൽ പഠനങ്ങൾ ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത ഖുർആൻ ഇറങ്ങുന്ന കാലഘട്ടത്തിൽ.



രണ്ടാമത്തെ ആയത്തിൽ പർവ്വതങ്ങൾ നിങ്ങളുടെ ഭൂമി ഇളകാതിരിക്കാൻ വേണ്ടിയുള്ളതാണ് എന്ന് പറയുമ്പോൾ നേരത്തെ പറഞ്ഞ ആണി എന്ന പ്രയോഗത്തെയും ഒപ്പം ഭൂമിയുടെ ഗോളാകൃതിയെയും എല്ലാം ഊന്നി പറയുകയാണ്. ഇത്തരം ഭാഗങ്ങളും അന്ന് അറിയപ്പെടുന്ന ശാസ്ത്രങ്ങൾ അല്ലായിരുന്നു. മൂന്നാമത്തെ ആയത്തിൽ മേൽപ്പറഞ്ഞ ആയത്തുകളിൽ നിന്ന് വ്യത്യസ്തമായ മറ്റൊന്നാണ് പറയുന്നത്. അതായത് ഒന്നാമത്തെ ആയത്തിലും രണ്ടാമത്തെ ആയത്തിലും മലകൾ ഭൂമിയിളകാതിരിക്കാൻ ഉള്ളതാണ് എന്ന് പറയുമ്പോൾ ഈ ആയത്ത് ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു കൗതുകമാണ്. അത് കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അന്തരീക്ഷത്തിലെ ഊഷ്മാവ് ഘനീഭവിക്കുന്നതിലും അതിനെ ഘനീഭവിപ്പിക്കുന്നതിലും തല ഉയർത്തി നിൽക്കുന്ന ഈ മലകൾക്ക് എന്തോ സ്വാധീനം ഉണ്ട് എന്നതിൽ നിന്ന് മനസ്സിലാക്കാം. നാലും അഞ്ചും ആയത്തുകളിൽ ഒക്കെ തന്നെയും വീണ്ടും അത്ഭുതങ്ങൾ ആണ് പറയുന്നത്. ഈ ഭീമാകാരങ്ങളായ പർവ്വതങ്ങൾ ചലിക്കും എന്നതുമുതൽ അന്ത്യനാളോടുകൂടെ ഇവയെല്ലാം പൊടി ധൂളികളായി മാറും എന്നതു വരെ ഈ ആയത്തിൽ പറയുന്നു. ഇങ്ങനെ ഈ വിഷയമായി ബന്ധപ്പെട്ട ആയത്തുകളിൽ എല്ലാം ഒരുപാട് അത്ഭുതങ്ങൾ സൂചിപ്പിക്കപ്പെട്ട നിലക്ക് മുസ്ലിംകളെയും മുസ്ലിം ശാസ്ത്രജ്ഞന്മാരെയും ഏറെ ഹഠാദാകർഷിച്ച ഒരു വിഷയമാണ് പ്രപഞ്ചത്തിലെ പർവ്വതങ്ങൾ. ഓറോഗ്രാഫി വിവിധ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുകയും അതിലെ ശാസ്ത്രീയ സത്യങ്ങൾ പുറത്തുവിടുകയും ചെയ്തതോടെ കൂടെ ഖുർആനിന്റെ അഹ്‌ലുകാർക്ക് അത് വല്ലാത്ത ഒരു ആത്മീയ പുളകമായി മാറി. കാരണം അവർ കണ്ടെത്തിയതെല്ലാം വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ള യാഥാർത്ഥ്യങ്ങൾ ആയിരുന്നു.



അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പർവ്വതങ്ങൾ ആണികളാണ് എന്നത്. ഇത് ഇന്ന് ശാസ്ത്രം അംഗീകരിച്ച ഒരു വസ്തുതയാണ്. ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിലെ അടിസ്ഥാന റഫറൻസ് പാഠപുസ്തകമാണ് Earth എന്ന ശീര്‍ഷകത്തിലുളള ഗ്രന്ഥം. അതിന്‍റെ രണ്ട് രചയിതാക്കളിൽ ഒരാളാണ് പ്രൊഫസർ എമിരിറ്റസ് ഫ്രാങ്ക്പ്രസ്. മുൻ യു എസ് പ്രസിഡന്‍റ് ജിമ്മി കാർട്ടറുടെ ശാസ്ത്ര ഉപദേഷ്ടാവും, 12 വർഷം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്‍റെ പ്രസിഡന്‍റുമായിരുന്നു അദ്ദേഹം. പർവതങ്ങൾക്ക് അടിയിൽ ആഴത്തിലുളള വേരുകളുണ്ടെന്ന് അദ്ദേഹത്തിന്‍റെ പുസ്തകം പറയുന്നു. ഈ വേരുകൾ ഭൂമിയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു, അതിനാൽ, പർവതങ്ങൾക്ക് ഒരു കുറ്റി പോലെയുള്ള ആകൃതിയുണ്ട്.

മാത്രമല്ല, ഈ വേരുകൾ ഭൂമിയുടെ ഉപരിതലത്തിന് മുകളിൽ കാണപ്പെടുന്നതിന്റെ പല മടങ്ങ് താഴേക്ക് ആണ്ടുകിടക്കുന്നു. അതിനാൽ പർവതങ്ങളെ വിവരിക്കാൻ ഏറ്റവും അനുയോജ്യമായ പദം ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 'കുറ്റി അഥവാ ആണി' എന്ന വാക്കാണ്, കാരണം ശരിയായി സജ്ജീകരിച്ച ഒരു കുറ്റിയിൽ ഭൂരിഭാഗവും ഉപരിതലത്തിൽ നിന്ന് മറഞ്ഞിരിക്കുന്നതായിരിക്കും. അതിനാൽ പർവ്വതങ്ങൾക്ക് വേരുകൾ ഉണ്ട് എന്ന ശാസ്ത്രീയ സത്യം പോലെ തന്നെ മറ്റൊരു സത്യമാണ് അതു പറയുവാൻ വിശുദ്ധ ഖുർആൻ ഉപയോഗിച്ച വാക്കും ഓറോഗ്രാഫി വിവരിക്കുന്ന അർത്ഥവും ഒന്നാണ് എന്നത്. പർവതങ്ങൾക്ക് ആഴത്തിൽ വേരുകളുണ്ടെന്ന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത് പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയിൽ മാത്രമാണെന്ന് ശാസ്ത്രവിജ്ഞാനം നമ്മോട് പറയുന്നത്.



പർവ്വതങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്കുള്ള അതിൻറെ ഉയരത്തിന്റെ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലുള്ള ഭാഗത്തെ Mountain roots എന്നാണ് അറിയപ്പെടുന്നത്. പർവ്വതങ്ങളെ നമുക്ക് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞു മലയോട് ഉപമിക്കാവുന്നത് ആണ്. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിന് താഴെയും 10% ഉപരിതലത്തിനു മുകളിലും ആയിരിക്കും. അഥവാ അഥവാ ഉപരിതലത്തിൽ നാം കാണുന്നതിനേക്കാൾ പത്തിരട്ടിയാണ് യഥാർത്ഥത്തിൽ മഞ്ഞുമലയുടെ വലിപ്പം. ഇതുപോലെ ഭൗമോപരിതലത്തിൽ ഉള്ള പർവ്വതങ്ങളുടെ 85% ശതമാനവും ഉപരിതലത്തിന് താഴെയാണ് ഉള്ളത്. അക്ഷരാർത്ഥത്തിൽ asthenosphere ലെ മാഗ്മക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആണ് പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത്. നാം കാണുന്ന പർവ്വതം



ഇതിൻറെ ഫിസിക്സും കണക്കും ലളിതമായി ഗ്രഹിക്കാൻ സ്കൂളിൽ പഠിച്ച പാസ്കൽസ് ലോ യും ആർക്കിമെഡീസ് പ്രിൻസിപ്പിളും വിവരിക്കുന്ന Depth of a floating solid body below the surface = density of the solid × height above the surface / density of fluid - density of solid - എന്ന സൂത്രവാക്യം മാത്രം മതി. ഈ ഫോർമുല ഉപയോഗിച്ചുകൊണ്ട് നമുക്ക് ഏത് പർവ്വതങ്ങളുടെയും ഭൂമിക്കടിയിലേക്ക് ഉള്ള അതിൻ്റെ ആഴം എത്രയാണെന്ന് എന്ന് മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി എവറസ്റ്റ് പർവ്വതത്തിന് 8848 മീറ്റർ ഉയരം ഉണ്ട് . അതിനാൽ മേൽപ്പറഞ്ഞ സൂത്രവാക്യം അനുസരിച്ച് ഭൗമോപരിതലത്തിൽ നിന്നും താഴോട്ടുള്ള എവറസ്റ്റിൻ്റെ ആഴം = 8848×2.8/(3.3-2.8) = 49548 metre ആണ്. അഥവാ മൗണ്ട് എവറസ്റ്റിൻ്റെ വേരിന് 50 കിലോമീറ്ററോളം ആഴമുണ്ട്. അഥവാ എവറസ്റ്റ് പർവ്വതത്തിന്റെ യഥാർത്ഥ വലുപ്പത്തിന്റെ 18 ശതമാനത്തിൽ താഴെ മാത്രമേ നമ്മൾ കാണുന്നുള്ളൂ എന്നർത്ഥം. 82 ശതമാനവും ഭൂമിക്കടിയിൽ ആണ്. അമേരിക്കയിലെ University of Wisconsin–Madison നടത്തുന്ന ജിയോളജി പഠന ലക്ചറിൽ ഇത് ശാസ്ത്രീയമായി സ്ഥാപിക്കുന്നുണ്ട്. (ലിങ്ക്: http://www.geoscience.wisc.edu)



ഭൂമിയുടെ ഉപരിതലത്തിലെ സന്തുലിതാവസ്ഥ സ്ഥിരപ്പെടുത്തുന്നതിലും പർവതങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പർവ്വതങ്ങളാണ് ഭൂമിയുടെ ഇളക്കത്തെ തടഞ്ഞു നിര്‍ത്തുന്നത്. ഈ വസ്തുത അല്ലാഹു ഇങ്ങനെ പറയുന്നു: “ഭൂമി നിങ്ങളേയുംകൊണ്ടു ചരിഞ്ഞു പോകുമെന്നതിനാല്‍, അതില്‍ അവന്‍ ഉറച്ചുനില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു...” (16:15) ഈ നിരീക്ഷണത്തിന് സഹായകമായ ഒരു ശാസ്ത്രീയ തത്വമാണ് പ്ലേറ്റ് ടെക്റ്റോണിക്സിന്‍റെ ആധുനിക സിദ്ധാന്തം. ഭൂമിയുടെ പുറംതോട് ആവരണത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന നിരവധി പ്ലേറ്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന സിദ്ധാന്തമാണ് പ്ലേറ്റ് ടെക്റ്റോണിക്സ്. ഭൂമിയുടെ ആവരണവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലേറ്റുകൾ കഠിനവും കർക്കശവുമായ ഷെൽ പോലെയാണ് പ്രവർത്തിക്കുന്നത്. ഈ ശക്തമായ പുറം പാളിയെ ലിത്തോസ്ഫിയർ എന്ന് വിളിക്കുന്നു. കോണ്ടിനെന്റൽ ഡ്രിഫ്റ്റിന്റെ ആധുനിക പതിപ്പാണ് പ്ലേറ്റ് ടെക്റ്റോണിക്സ്. ഓഷ്യാനിക് ക്രസ്റ്റ്, കോണ്ടിനെന്റൽ ക്രസ്റ്റ് എന്നീ രണ്ട് പ്രധാന തരം മെറ്റീരിയലുകളാണ് പ്ലേറ്റുകളിൽ അടങ്ങിയിരിക്കുന്നത്. ഭൂമിക്ക് 15 പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിൽ ഏഴ് പ്രാഥമിക പ്ലേറ്റുകളും ബാക്കിയുള്ളവ ദ്വിതീയ പ്ലേറ്റുകളുമാണ്. ആഫ്രിക്കൻ പ്ലേറ്റ്, അന്റാർട്ടിക്ക് പ്ലേറ്റ്, യുറേഷ്യൻ പ്ലേറ്റ്, ഇൻഡോ-ഓസ്ട്രേലിയൻ പ്ലേറ്റ്, നോർത്ത് അമേരിക്കൻ പ്ലേറ്റ്, പസഫിക് പ്ലേറ്റ്, തെക്കേ അമേരിക്കൻ പ്ലേറ്റ് എന്നിവയാണ് പ്രാഥമിക ഫലകങ്ങൾ. അറേബ്യൻ പ്ലേറ്റ്, കരീബിയൻ പ്ലേറ്റ്, കൊക്കോസ് പ്ലേറ്റ്, ജുവാൻ ഡി ഫുക്ക പ്ലേറ്റ്, ഇന്ത്യൻ പ്ലേറ്റ്, നാസ്ക പ്ലേറ്റ്, ഫിലിപ്പൈൻ സീ പ്ലേറ്റ്, സ്കോട്ടിയ പ്ലേറ്റ് എന്നിവയാണ് ദ്വിതീയ പ്ലേറ്റുകൾ. അഥവാ ഭൂമി ഒരുപാട് അടുക്കുകൾ ക്രമമായോ അല്ലാതെയോ അടുക്കി വെച്ചിരിക്കുന്നതാണ്. ആ അടുക്കുകൾക്കിടയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് ഭൂകമ്പങ്ങളായി മാറുന്നത്.



ഭൂമിയുടെ ലിത്തോസ്ഫിയറിന് അണ്ടർ അസ്തെനോസ്ഫിയറിനേക്കാൾ വലിയ മെക്കാനിക്കൽ ശക്തി ഉള്ളതിനാൽ ടെക്റ്റോണിക് പ്ലേറ്റുകൾക്ക് ചലിക്കാൻ കഴിയും. പ്ലേറ്റ് രണ്ട് ശക്തികളാൽ ചലിപ്പിക്കപ്പെടുന്നു: ചൂട് എഞ്ചിൻ, ഗുരുത്വാകർഷണ ബലം. ഗ്രഹത്തിന്റെ അന്തർഭാഗത്തുള്ള വികിരണ പ്രക്രിയകൾ മൂലമുണ്ടാകുന്ന താപം മൂലമാണ് ഹീറ്റ് എഞ്ചിൻ പ്ലേറ്റിന്റെ ചലനം സംഭവിക്കുന്നത്. ഗുരുത്വാകർഷണബലം ടെക്റ്റോണിക് പ്ലേറ്റുകൾ പരസ്പരം അങ്ങോട്ടോ അകലാനോ കാരണമാകുന്നു. ടെക്റ്റോണിക് പ്ലേറ്റുകൾ നിരന്തരം നീങ്ങുന്നു, ഈ ചലനം പർവതങ്ങളുടെ രൂപീകരണത്തിനും ജലത്തിന്റെ സ്ഥാനചലനത്തിനും കടൽത്തീരത്തിന്റെ വ്യാപനത്തിനും കാരണമാകുന്നു. ഇത് ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വതങ്ങൾക്കും കാരണമാകുന്നു. പ്ലേറ്റ് ടെക്റ്റോണിക്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിലൂടെ, ഭൂമിയുടെ പുറം ഷെല്ലിന്റെ ചലനാത്മകത നമുക്ക് നന്നായി മനസ്സിലാക്കാൻ കഴിയും - ലിത്തോസ്ഫിയർ. ഭൂഭൗതിക വിദഗ്ധർ ടെക്റ്റോണിക് പ്ലേറ്റുകളെ കുറിച്ച് അതിശയകരമായ ചിലത് കണ്ടെത്തി: അവ കടുത്ത സമ്മർദ്ദത്തിലായിരിക്കുമ്പോൾ, അവ വാതകവുമായി കൂട്ടിയിടിക്കുകയും എല്ലാ വർഷവും രണ്ട് ഇഞ്ച് വേഗതയിൽ വേഗത കൈവരിക്കുകയും ചെയ്യും. ഒത്തുചേരുന്ന അതിരുകൾ. ഭൂമിയെ സേവിക്കുന്ന ഫലകങ്ങൾ കൂട്ടിയിടിക്കുമ്പോൾ, പുറംതോട് തകരുകയും ഭൂകമ്പത്തിന് കാരണമാവുകയും ചെയ്യും. ഈ പ്ലേറ്റ് ടെക്റ്റോണിക്സിന്‍റെ സിദ്ധാന്തം പഠിപ്പിക്കുന്നത് പർവതങ്ങൾ ഭൂമിയുടെ സ്റ്റബിലൈസറായി പ്രവർത്തിക്കുന്നു എന്നാണ്. മാത്രമല്ല നേരത്തെ ഖുർആൻ പറഞ്ഞ പർവ്വതങ്ങളുടെ ചലനവും ഇതിലൂടെ വ്യക്തമാകുന്നുണ്ട്. ഭൂമിയുടെ സ്റ്റബിലൈസറുകൾ എന്ന നിലയിൽ പർവതങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ഈ പഠനം 1960-കളുടെ അവസാനം പ്ലേറ്റ് ടെക്റ്റോണിക്സിന്‍റെ അറിവ് ലഭിച്ചുമുതല്‍ മാത്രം തുടങ്ങിയതാണ് എന്നതു കൂടെ ചേർത്തു വായിക്കുമ്പോൾ നമ്മുടെ അൽഭുതം പൂർണ്ണമാകുന്നു.













0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso