Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുൽ ജുമുഅ - ഒന്ന് / ആയത്തുകൾ 1 - 4

24-07-2024

Web Design

15 Comments

ടി എച്ച് ദാരിമി







അന്ത്യദൂതൻ്റെ നിയോഗം മഹാദാനം



പരിശുദ്ധ ഖുർആനിലെ 62-ാമത്തെ അധ്യായമാണ് സൂറത്തുൽ ജുമുഅ. ഈ സൂറത്തിലെ ഒമ്പതാമത്തെ ആയത്തിൽ വരുന്ന ജുമുഅ എന്ന വാക്കാണ് പേരും സൂറത്തുമായി പ്രകടമായി കാണുന്ന ബന്ധം. ഇത് പരിപൂർണ്ണമായും ഹിജ്റയുടെ ശേഷം അവതരിക്കപ്പെട്ട സൂറത്തുകളിൽ പെട്ട ഒന്നാണ്. അഥവാ മദനിയ്യാണ്. ആകെ 11 ആയത്തുകൾ ആണ് ഈ സൂറത്തിൽ ഉള്ളത്. അല്ലാഹുവിനുള്ള പ്രകീർത്തനമായി തസ്ബീഹ് കൊണ്ട് ആരംഭിക്കുന്ന ഖുർആനിലെ നാലാമത്തെ സൂറത്താണ് ഇത്. നബി തിരുമേനി(സ) ഈ സൂറത്തുമായി പ്രത്യേകമായ ഒരു ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതിൻ്റെ തെളിവാണ് വെള്ളിയാഴ്ച ജുമാ നിസ്ക്കാരത്തിലും വെള്ളിയാഴ്ചയുടെ രാത്രി നിസ്കാരങ്ങളിലും ഈ സൂറത്തും തൊട്ടടുത്തുള്ള അൽമുനാഫിഖൂന സൂറത്തും പതിവായി നബി(സ) പാരായണം ചെയ്യാമാറുണ്ടായിരുന്നു എന്നത്. ജൂതന്മാരുടെ വിശ്വാസങ്ങളെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നതോടൊപ്പം വെള്ളിയാഴ്ച ജുമുഅ ദിനത്തിൽ വിശ്വാസികൾ പുലർത്തേണ്ട മര്യാദകളും കീഴ്വഴക്കങ്ങളും ഈ സൂറത്തിന്റെ ഉള്ളടക്കത്തിൽ വരുന്നു. അല്ലാഹുവിനെ എല്ലാ ചരാചരങ്ങളും പ്രകീർത്തിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ട് തുടങ്ങുന്ന സൂറത്ത് ആദ്യമായി പറയുന്നത് നിരക്ഷരനായിരുന്ന നബി തിരുമേനി(സ)യെ നിരക്ഷരരായ ഒരു ജനതയിലേക്ക് അവരെ വെളിച്ചത്തിലേക്ക് നയിക്കുവാൻ വേണ്ടി അയച്ചു എന്നതാണ്. പിന്നെ ജൂതന്മാരിലേക്ക് ഒന്നു തിരിയുന്ന ഈ സൂറത്ത്, അവർ, ഉള്ളടക്കം എന്താണ് എന്ന് അറിയാതെ വെറുതെ ഏടുകൾ ചുമക്കുന്ന കഴുതകളെ പോലെയാണ് എന്ന് നിരൂപിക്കുന്നു. പിന്നെ ജുമുഅയുടെ അച്ചടക്കവും മര്യാദയും ഉണർത്തിക്കൊണ്ട് സൂറത്ത് അവസാനിക്കുകയും ചെയ്യുന്നു.



1- രാജാധിരാജനും മഹാപരിശുദ്ധനും അജയ്യനും യുക്തിമാനുമായ അല്ലാഹുവിനെ ഭൂമിയിലും ആകാശങ്ങളിലും ഉള്ളവയൊക്കെയും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.



ഭൂമിയിലും ആകാശത്തിലും ഉള്ള സർവ്വ സൃഷ്ടികളും അല്ലാഹുവിൻ്റെ മഹത്വത്തെ പ്രകീർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതിൻ്റെ ഏതാനും കാരണങ്ങൾ ആയത്തിന്റെ വരികൾക്കിടയിൽ തന്നെ കാണാം. ഒന്നാമതായി അവൻ രാജാധിരാജനാണ്. രണ്ടാമതായി അവൻ മഹാ പരിശുദ്ധനാണ്. മൂന്നാമതും നാലാമതുമായി അവൻ അജയനും യുക്തിമാനുമാണ്. ഒന്നാമത്തേത് അവൻ്റെ അധികാര സീമയെ കുറിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളുടെയും തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും അവനാണ്. രണ്ടാമത്തേത്, അവൻ്റെ വിശുദ്ധിയാണ്. ഒരു സങ്കൽപ്പത്തിൻ്റെ മഹത്വത്തിന് വിഘാതമാകുന്ന ഒരു ന്യൂനതയും അവനില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പിതാവായിരിക്കുക, പുത്രനായിരിക്കുക, അല്ലെങ്കിൽ മൂന്നുപേരിൽ ഒരാളായിരിക്കുക തുടങ്ങിയ സിദ്ധാന്തങ്ങൾ എല്ലാം സത്യത്തിൽ അവന് ന്യൂനത വരുത്തിവെക്കുന്ന വിശേഷണങ്ങളാണ്. അത്തരം കുറവുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അല്ലാഹു തികച്ചും പരിശുദ്ധനാണ്. മൂന്നാമത്തേത്, അവൻ്റെ അജയ്യതയും യുക്തിഭദ്രതയും ആണ് കുറിക്കുന്നത്. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും പിന്നിലും വലിയ യുക്തിയുണ്ട്. അവ ഭദ്രമായി നടപ്പിലാക്കുവാൻ ആവശ്യമായ ശക്തിയും ഉണ്ട്. ഇതാണ് അജയ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്രയും വിശേഷണങ്ങൾ ഒരു സന്ദേഹവും ഇല്ലാത്ത വിധം പകൽ വെളിച്ചം പോലെ കാണുകയും അനുഭവിക്കുകയും ചെയ്യുകയാണ് ഈ പ്രപഞ്ചത്തിലെ ചില മനുഷ്യരല്ലാത്ത എല്ലാ ജീവജാലങ്ങളും അജീവീയ വസ്തുക്കളും. അതിനാൽ അവക്കെല്ലാം പ്രഥമ ദൃഷ്ട്യാ തന്നെ ആ ഇലാഹിന്റെ മഹത്വം ബോധ്യമാകും. ആ ബോധ്യത്തിൻ്റെ ബഹിർസ്ഫുരണമാണ് ഈ ആയത്തിൽ പറയുന്ന അവയുടെ തസ്ബീഹ്.



2 നിരക്ഷര സമൂഹത്തിനിടയില്‍ തന്റെ സൂക്തങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കരിക്കുകയും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവന്‍; നേരത്തെ സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍.



നബി തിരുമേനി(സ)യെ നിയോഗിച്ച ജനത നിരക്ഷരരായിരുന്നു എന്നത് വിശുദ്ധ ഖുർആനും ലോകചരിത്രവും സ്ഥാപിക്കുന്നുണ്ട്. നിരക്ഷരരായിരുന്നു എന്നതിൻ്റെ ഉദ്ദേശം അക്ഷര ജ്ഞാനം നേടുവാനോ വിതരണം ചെയ്യുവാനോ ഉള്ള സംവിധാനങ്ങളോ ത്വരയോ പ്രചോദനമോ ഒന്നും ഇല്ലാത്ത ഒരു ജനതയായിരുന്നു അത് എന്നാണ്. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അങ്ങനെ ഒരു ജീവിതമേഖല അവരുടെ ചിന്തയിൽ വന്നില്ല എന്നല്ലാതെ മറ്റൊന്നും പറയാനില്ല. എന്നാൽ വിദേശ യാത്രകളിലൂടെയും വിദേശികളുമായുള്ള സമ്പർക്കങ്ങളിലൂടെയും എഴുത്തിന്റെയും വായനയുടെയും ലോകത്ത് പ്രാഥമിക ഘട്ടത്തിൽ ആണെങ്കിലും എത്തിച്ചേർന്നവർ അവിടെ ഉണ്ടായിരുന്നു. അവർ വളരെ അപൂർവ്വം ജനങ്ങളായിരുന്നു. ഉമർ(റ) അങ്ങനെ ഒരാളായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ചരിത്രങ്ങളിൽ കാണാം. ഈ ആയത്തിൽ നിരക്ഷരരായ ജനതയിലേക്ക് അവരിൽ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ അയച്ചു എന്നത് അല്ലാഹു അഭിമാനത്തോടുകൂടി ഉണർത്തിക്കുകയാണ്. അതിനാൽ അവരിൽ നിന്ന് തന്നെയുള്ള എന്ന പ്രയോഗത്തിന്റെ ആശയം നിരക്ഷരനായ പ്രവാചകൻ എന്നാണ്. മുഹമ്മദ് നബി(സ)യെ പലയിടത്തും വിശുദ്ധ ഖുര്‍ആന്‍ നിരക്ഷരനായ പ്രവാചകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഉദാഹരണമായി അല്ലാഹു ഒരിടത്ത് പറയുന്നു: 'തങ്ങള്‍ വശമുള്ള തൗറാത്തിലും ഇന്‍ജീലിലും ഉല്ലേഖിതനായി അവര്‍ക്കു കാണാന്‍ കഴിയുന്ന, അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ മുഹമ്മദ് നബിയെ അനുധാവനം ചെയ്യുന്നവരാണവര്‍. (അഅ്റാഫ് : 157). പൊതുവെ മനസ്സിലാക്കപ്പെടുന്നതും നബി തങ്ങൾക്ക് എഴുത്തും വായനയും അറിയില്ലായിരുന്നുവെന്ന് തന്നെയാണ്‌. എന്നാൽ ഇതു സമ്മതിച്ചുതരുവാൻ വി സമ്മതിക്കുന്ന പലരും നമുക്കിടയിൽ തന്നെയുണ്ട്. അവരുടെ ഉള്ളിലെ ഒരു ഭയമാണ് അതിൻ്റെ പ്രധാന കാരണം. നിരക്ഷരനായ നബി എന്ന് പറയുമ്പോൾ അത് നബിയെ ഇകഴ്ത്തൽ ആവുകയില്ലേ എന്ന് അവർ ഭയപ്പെടുന്നു. സത്യത്തിൽ നിരക്ഷരനായതിനാൽ കൊള്ളാത്തവൻ ആയിപ്പോയ പ്രവാചകൻ എന്ന അർത്ഥത്തിലോ ധ്വനിയിലോ അല്ല അങ്ങനെ പറയുന്നത്. മറിച്ച് അക്ഷരാഭ്യാസം നേടാനുള്ള സൗകര്യങ്ങൾ ഇല്ലാത്ത ഒരു പ്രദേശത്ത് അതിന് ഒരു പ്രചോദനവും ലഭിക്കാത്ത ഒരുകാലത്ത് സ്വാഭാവികമായും ഉണ്ടാകുന്നത് പോലെ നിരക്ഷരനായി ജനിച്ചിട്ട് പോലും എല്ലാ സാഹിത്യകാരന്മാരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സാഹിത്യ വൈഭവത്തിന്റെ ഉടമയായിരുന്നു മഹാനായ നബി(സ) എന്നതാണ് ആശയം. അപ്പോൾ നിരക്ഷരത ഇവിടെ ഇകഴ്ത്തുകയല്ല, പുകഴ്ത്തുകയാണ് ചെയ്യുന്നത്.



ഇത്തരം വിശദീകരണങ്ങളിൽ സംതൃപ്തി വരാത്ത പലരും എന്നിട്ടും വ്യാഖ്യാനിക്കാനും ന്യായീകരിക്കാനും ശ്രമിക്കാറുണ്ട്. നബിതങ്ങൾ സിറിയയിലും മറ്റും കച്ചവടത്തിന് പോയി എന്നത് ചരിത്ര വസ്തുതയായതിനാൽ നബി നിരക്ഷരനായിരുന്നു എന്നത് അവിശ്വസനീയമാണ് എന്ന് അവരിൽ ചിലർ പറയുന്നു. വായിക്കാനുള്ള പ്രചോദനവുമായി വിശുദ്ധ ഖുർആൻ വന്നതിനുശേഷമെങ്കിലും നബി(സ) എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ടാവില്ലേ എന്നാണ് മറ്റു ചിലരുടെ സന്ദേഹം. ഇതൊക്കെ ചിലപ്പോൾ ചിന്തകളിൽ കടന്നുവരുന്ന ചില ന്യായങ്ങൾ ആയേക്കാം. പക്ഷേ, നബി(സ) സാക്ഷരനായിരുന്നു എന്ന് തെളിയിക്കാൻ നമുക്ക് ഏറ്റവും അധികം ആശ്രയിക്കാവുന്ന പല മുഹൂർത്തങ്ങളും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവിടെയൊന്നും ആ സാക്ഷരത പ്രകടിപ്പിക്കുന്നതായി നാം കാണുന്നില്ല. ഉദാഹരണമായി നബി(സ)ക്ക് ലഭിച്ചിരുന്ന വഹിയുകൾ തന്നെ എടുക്കാം. അവ അല്ലാഹുവിൻ്റെ കലാമാണ്. അത് നബി (സ)യുടെ മനസ്സിൽ മാത്രം പതിയുകയാണ്. സമീപത്ത് ഉള്ളവരോ മറ്റോ പോലും അത് കേൾക്കുന്നില്ല. ആയതിനാൽ മനസ്സിലെത്തിയ സന്ദേശം ശരിക്കും അറിയുക നബിക്ക് തന്നെയാണ്. എന്നിട്ടും നബി(സ) എപ്പോഴെങ്കിലും ദിവ്യവെളിപാട് സന്ദേശങ്ങൾ എഴുതിയിരുന്നതായി സ്വീകാര്യയോഗ്യമായ ഹദീസുകളിൽ ഒന്നും കാണുന്നില്ല. നബിയുടെ അനുചരന്‍മാരില്‍ ചിലരായിരുന്നു. അബൂബകര്‍ അസ്സിദ്ദീഖ്, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍, അലി ബിന്‍ അബീ ത്വാലിബ്, അസ്സുബൈര്‍ ബിന്‍ അല്‍ അവ്വാം, ഉബയ്യ് ബിന്‍ കഅ്‌ബ്, സൈദ് ബിന്‍ സാബിത്, മുആവിയ ബിന്‍ അബീ സുഫ്‌യാന്‍, മുഹമ്മദ് ബിന്‍ മസ്‌ലമ, അല്‍ അര്‍ഖം ബിന്‍ അബില്‍ അര്‍ഖം, അബാന്‍ ബിന്‍ സഅ്‌ദ്, ഖാലിദ് ബിന്‍ സഅ്‌ദ്, സാബിത് ബിന്‍ ഖൈസ്, ഹന്‍ളല ബിന്‍ അര്‍റബീഅഃ, ഖലിദ് ബിന്‍ അല്‍ വലീദ്, അബ്ദുല്ലാ ബിന്‍ അല്‍ അര്‍ഖം, അല്‍ അലാഅ്‌ ബിന്‍ ഉത്ബഃ, അല്‍ മുഗീറഃ ബിന്‍ ശുഅ്‌ബഃ, ശുറഹ്‌ബീല്‍ ബിന്‍ ഹസനഃ എന്നീ പേരുകളാണ് വഹിയ് എഴുതിയിരുന്നവർ. മറ്റൊരു രംഗം കാണാം. നബി(സ) ഹുദൈബിയയില്‍ വച്ച്, മക്കയിലെ ജനങ്ങളുമായി ഒരു സന്ധി ഉണ്ടാക്കുകയായിരുന്നു. നബി തങ്ങൾ പറഞ്ഞു കൊടുത്തതനുസരിച്ച് അലി ബിന്‍ അബീ ത്വാലിബ്(റ) കരാര്‍ പത്രത്തില്‍ ഇങ്ങനെ എഴുതി: 'പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍... ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ഉണ്ടാക്കുന്ന കരാറാകുന്നു.'
പക്ഷെ മക്കാക്കാര്‍ ഇത് സമ്മതിച്ചു കൊടുത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ്‌ എന്നത് ഞങ്ങളറിഞ്ഞിരുന്നുവെങ്കില്‍ താങ്കളെ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു. അത്കൊണ്ട് ഞങ്ങളുമായുണ്ടാക്കുന്ന കരാറില്‍ ഇങ്ങനെ എഴുതാന്‍ പറ്റുകയില്ല. 'അബ്‌ദുല്ലായുടെ മകന്‍ മുഹമ്മദ്' എന്ന് തിരുത്തി എഴുതുക.
അവര്‍ക്ക് എതിര്‍പ്പുള്ള ഭാഗം മായ്ച്ചു കളയാന്‍ പ്രവാചകന്‍ അലിയോട് പറഞ്ഞു. എന്നാല്‍ അലി അത് ചെയ്യാന്‍ വിസമ്മതിച്ചു. അപ്പോല്‍ നബി പറഞ്ഞു: അതിന്റെ സ്ഥാനം എനിക്ക് കാണിച്ചു തരുക. അലി കാണിച്ചു കൊടുത്തു. നബി അത് മായ്ച്ചു. എന്നിട്ട് അവിടെ 'അബ്ദുല്ലായുടെ മകന്‍' എന്ന് അലി എഴുതിചേര്‍ത്തു. (റാഗിബ് സർജാനി: സീറത്തുന്നബവിയ്യ)



അപ്രകാരം തന്നെ ബദ്‌റിലെ പരാജയത്തിന്ന് പ്രതികാരം ചെയ്യാന്‍ മക്കയിലെ അവിശ്വാസികൾ ഉഹദ് യുദ്ധത്തിന്ന് ഒരുങ്ങുന്ന സന്ദര്‍ഭം. ഈ വിവരം പ്രവാചകനെ അറിയിക്കാന്‍ വേണ്ടി, അന്ന് മക്കയില്‍ താമസക്കാരനായിരുന്ന, പിതൃവ്യൻ അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബ് നബി തങ്ങൾക്ക് ഒരു കത്തെഴുതി. ഗിഫ്ഫാര്‍ ഗോത്രക്കാരനായ ഒരാള്‍ വശം അത് മദീനയിലേക്ക് കൊടുത്തയച്ചു. കത്ത് കിട്ടിയ ഉടനെ നബി അത് തുറന്ന് വായിച്ചില്ല; പ്രത്യുത ഉബയ്യ് ബിന്‍ കഅ്‌ബിനെ വിളിച്ചു വരുത്തി. അദ്ദേഹത്തോട് അത് വായിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയാണ്‌ ചെയ്തത്. വായിച്ചു കേട്ട ശേഷം ഈ വിവരം രഹസ്യമായി സൂക്ഷിക്കാണമെന്ന് നബി(സ) തങ്ങൾ ഉബയ്യിനോട് ആവശ്യപ്പെടുകയും ചെയ്തു. (അൽ ബിദായ വന്നിഹായ) ഇത്തരം പല മുഹൂർത്തങ്ങളും ചരിത്രത്തിൽ നാം കാണുന്നുണ്ട്. അവിടെയൊന്നും നബി തിരുമേനി(സ) അല്ല എഴുതുന്നതും വായിക്കുന്നതും. പക്ഷേ അങ്ങനെയൊക്കെയാണെങ്കിലും ഏതൊരു സാക്ഷരനെയും കവച്ചുവെക്കാവുന്ന വാക്കും പ്രയോഗവും ലഭിച്ചിരുമേനിയുടെ നാവിലൂടെ നിർഗളിക്കുമായിരുന്നു. അപ്പോൾ തന്നെയാണല്ലോ അത് സവിശേഷമായിത്തീരുന്നത്. അത് തികച്ചും ദൈവീകമാണ്. കാരണം നബിയുടെ സംസാരം നബിയിൽ നിന്നുണ്ടാകുന്ന സ്വേഷ്ഠപ്രകാരമുള്ള സംസാരമല്ല. അത് വഹിയിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണ്. അതായത് ഓരോ സമയത്തും അല്ലാഹു അവരുടെ മനസ്സിലും നാവിലും അതിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. ഈസാ നബിയുടെ കാലം കഴിഞ്ഞ് ആറ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടാണ് അല്ലാഹു ഈ പ്രവാചകന് പ്രവാചകത്വം നൽകുന്നത്. ഈ ആറ് നൂറ്റാണ്ടുകൾക്കിടയിൽ അവരുടെ എല്ലാ ധാർമ്മികതയും ചോർന്നു പോവുകയും എല്ലാതരം വൈകാരികതകളും വളർന്നു വളർന്ന് അവരുടെ ജീവിത ഒഴുക്കായി മാറുകയും ചെയ്തിരുന്നു. ഇത്തരം ഒരു സമയത്ത് ഇതിൽ നിന്നെല്ലാം ഉള്ള ഒരു മടക്കം ജനങ്ങൾക്ക് സ്വയം കഴിയുന്നതല്ല. അവരുടെ മുമ്പിൽ ഉള്ള ഒഴുക്കിൽ ചേരുകയല്ലാതെ മറ്റൊന്നും അവർക്ക് കഴിയുന്നതല്ല. അത്തരം ഒരു സാഹചര്യത്തിൽ എല്ലാംകൊണ്ടും തികഞ്ഞ, എല്ലാവർക്കും പിന്തുടരാവുന്ന വിധത്തിൽ തെളിഞ്ഞ ജീവിതവുമായി അല്ലാഹു ഈ പ്രവാചകനെ നിയോഗിച്ചത് വലിയ അനുഗ്രഹം തന്നെയാണ്. അത് ഓർമ്മപ്പെടുത്തുകയാണ് ഈ ആയത്തിൽ.



3 ഇവരില്‍ പെട്ടതും ഇതുവരെയും വന്നുചേര്‍ന്നിട്ടില്ലാത്തതുമായ മറ്റു ചിലരിലേക്കും (ആണ് ഈ ദൂതനിയോഗം) അവന്‍ അജയ്യനും യുക്തിമാനുമാകുന്നു.



ഈ പ്രവാചകൻ അറബികൾക്ക് മാത്രമുള്ള പ്രവാചകനല്ല, ലോകത്തിനു മുഴുവനും ആയി വന്ന പ്രവാചകനാണ് എന്ന ആശയത്തെ സൂചിപ്പിക്കുന്ന ആയത്ത് ആണിത്. ഇതുവരെ വന്നുചേർന്നിട്ടില്ലാത്തവരുമായ എന്ന് പറഞ്ഞാൽ നബി തിരുമേനി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ലാത്ത, പിന്നീട് ഉണ്ടായ മുഴുവൻ മനുഷ്യർക്കും എന്നാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു സ്ഥലത്ത് അല്ലാഹു ഇത് ഇങ്ങനെ പറയുന്നുണ്ട്: ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ തങ്കളെ നാം അയച്ചിട്ടില്ല" (21:107). ഇവിടെ 'ആലമീന്‍' എന്നതിനാണ് 'ലോകര്‍' എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ഇതില്‍ അല്ലാഹുവിന്‍റെ എല്ലാ സൃഷ്ടികളും ഉള്‍പ്പെടുന്നതാണ്. നബി തിരുമേനിയുടെ പ്രബോധനം തുടങ്ങിയത് സ്വന്തം നാടായ മക്കയിൽ തന്നെയായിരുന്നു. പിന്നീട് അതുമായി മക്കയുടെ പുറത്ത് കടന്ന നബി തൻ്റെ ജീവിതത്തിൻ്റെ കാലഘട്ടം കഴിയുന്നതിൻ്റെ മുമ്പായി തന്നെ അറേബ്യൻ ഉപദ്വീപ് മുഴുവനും ആശയം കൊണ്ട് കീഴ്പ്പെടുത്തുകയും തുടർന്ന് അറേബ്യയുടെ അതിരുകളിൽ ഇതു നിന്നുപോകരുത് എന്നതിന് വേണ്ട വ്യക്തമായ സൂചനകൾ നൽകുകയുമുണ്ടായി. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രവാചകനെ കാണാൻ വന്ന വിവിധ നിവേദക സംഘങ്ങൾ. അറേബ്യൻ ഗ്രാമപ്രദേശങ്ങളിൽ നിന്ന് വളരെ അകലെ ജീവിക്കുന്നവരും വ്യത്യസ്തമായ സാംസ്കാരിക അസ്തിത്വങ്ങൾ പുലർത്തുന്നവരും ആയിരുന്ന ഗോത്രങ്ങൾ ആയിരുന്നു ഇങ്ങനെ വന്നവർ അധികവും. മറ്റൊന്നാണ് ആ കാലഘട്ടത്തിലെ വിവിധ സമൂഹങ്ങളുടെ ഭരണാധികാരികളെ സ്വന്തം ദൂതന്മാരിലൂടെ നബി തിരുമേനി(സ) ഇസ്ലാമിലേക്ക് ക്ഷണിച്ചത്. ഇസ്ലാമിലേക്ക് വരികയും ഈ ആശയം സ്വീകരിക്കുകയും ചെയ്യുന്നില്ല എങ്കിൽ താങ്കളുടെ ജനതയുടെ ഉത്തരവാദിത്വം പോലും താങ്കൾക്കുണ്ടായിരിക്കും എന്ന് ഈ പല കത്തുകളിലും നബി(സ) സൂചിപ്പിച്ചിരുന്നു. മാത്രമല്ല അവസാന കാലത്ത് ആശയത്തിന്റെയും അറേബ്യയുടെയും അപ്പുറത്തുള്ള കാര്യങ്ങളിൽ വ്യക്തമായ രാഷ്ട്രീയ ഇടപെടൽ തന്നെ നബി(സ) നടത്തിയിരുന്നു. തബൂക്ക് യുദ്ധം തന്നെ അവയിൽ ഒന്നായി കരുതാം. ഉസാമ ബിൻ സൈദിന്റെ നേതൃത്വത്തിൽ റോമിലേക്ക് നിയോഗിച്ച സൈനിക നിക്കം അവയിൽ മറ്റൊന്നാണ്. ലോകത്തെ മുഴുവനും ഉൾക്കൊള്ളുവാൻ കഴിയുന്ന ഒരു സന്ദേശവുമായി ഇത്തരം ഒരു പ്രവാചകനെ അയച്ചു എന്നത് അല്ലാഹുവിൻ്റെ മഹാ ദാനമായി ഓർമ്മപ്പെടുത്തുകയാണ് ഈ ആയത്തിലൂടെ. അടുത്ത ആയത്തിൽ അത് ഒന്നുകൂടി ഊന്നിപ്പറയുന്നു.



4 അല്ലാഹുവിന്റെ ഔദാര്യമാണത്; താനുദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. മഹത്തായ ഔദാര്യനാണ് അവന്‍.



പ്രവാചക നിയോഗത്തിന്റെ മഹാ ദാനങ്ങൾ ഓർമ്മപ്പെടുത്തി വിശ്വാസികളെ അല്ലാഹുവിൻ്റെ ഔദാര്യത്തെക്കുറിച്ച് ഉത്ബോധിപ്പിക്കുകയാണ് ഈ സൂക്തം.
o





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso