വ്യവസ്ഥകളുടെ ഖുർആനിക ശക്തി
05-08-2024
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന അമാനുഷികതകളുടെ ഒരു വലിയ ഭാഗമാണ് ഖുർആൻ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ. സമൂഹത്തിൻ്റെ ശരിയായ നിലനിൽപ്പിനെ സ്വാധീനിക്കും വിധം വിശുദ്ധ ഖുർആൻ മനുഷ്യന് മുന്നിൽ വെച്ച നിയമങ്ങൾ, നയങ്ങൾ, വ്യവസ്ഥകൾ തുടങ്ങിയവയെല്ലാം ദൈവീകതയുടെ നിറവും ഭാവവും ഉള്ളടക്കവും ഉള്ളതാണ്. അത് തെളിയിക്കാൻ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ഉദാഹരണങ്ങൾ ഓരോന്നിലേക്ക് കടക്കുന്നതിനു മുമ്പായി ആദ്യം ഖുർആൻ നൽകുന്ന വ്യവസ്ഥതകളുടെ പ്രത്യേകത നമുക്ക് പഠിക്കാം. ഒരു സമൂഹം എന്നത് ഒരുപാട് വ്യക്തികളുടെ കൂട്ടമാണ്. ഓരോ വ്യക്തികളും വ്യത്യസ്തമായ അസ്ഥിത്വം ഉള്ളവരാണ്. ഈ അസ്ഥിത്വങ്ങളെല്ലാം ഒരർത്ഥത്തിൽ സ്വതന്ത്രവുമാണ്. സ്വതന്ത്രമായ അസ്ഥിത്വങ്ങൾ സ്വമേധയാ ചേർന്നുനിന്നു കൊള്ളണമെന്നില്ല. അവരെ ചേർത്തുനിറുത്തുവാൻ ശക്തമായ ഒരു നിയമമോ ശക്തി മുന്നിൽ വെച്ചുകൊണ്ടുള്ള ഫലപ്രയോഗമോ വേണ്ടിവരും. എന്നാൽ അതിനേക്കാൾ ഈ കാര്യത്തിൽ ഫലപ്പെടുക തികച്ചും യുക്തിഭദ്രവും ബുദ്ധിപരവുമായ ഒരു വ്യവസ്ഥ നിശ്ചയിക്കുക വഴിയാണ്. മേൽപ്പറഞ്ഞ വിധത്തിൽ യുക്തിഭദ്രവും ഉൾക്കൊള്ളാൻ കഴിയുന്നതുമായ നിയമം ഉണ്ടായാൽ അത് എല്ലാവരും ഇഷ്ടത്തോടെ പാലിക്കുകയും സാമൂഹിക സംവിധാനത്തോട് ചേർന്ന് നിൽക്കുകയും ചെയ്യും. അത്തരം ഒരു വ്യവസ്ഥയെ മനുഷ്യകുലം സ്വീകരിക്കുകയും പിൻപറ്റുകയും ചെയ്യും. വിശുദ്ധ ഖുർആൻ നടത്തുന്ന സമീപന രീതിയെ നമുക്ക് ഈ അർത്ഥത്തിൽ കാണാൻ കഴിയും. അതായത് മനുഷ്യർക്കിടയിൽ സാമൂഹികമായി നിവർത്തി ചെയ്തെടുക്കേണ്ട കാര്യങ്ങളെല്ലാം വളരെ ഭദ്രമായ യുക്തിയോടുകൂടെ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അത് നടത്തുവാൻ നടപ്പിൽ വരുത്തുവാൻ വളരെ എളുപ്പവുമാണ്. വിശുദ്ധ ഖുർആൻ അതിൻ്റെ വ്യവസ്ഥകൾ അതിവേഗം വിജയിച്ചതും വിജയിപ്പിച്ചതും ഈ ഒരു അർത്ഥത്തിലാണ്. വെറും 23 വർഷങ്ങൾ കൊണ്ടാണ് വിശുദ്ധ ഖുർആൻ ഏറ്റവും ചുരുങ്ങിയത് അറേബ്യൻ ഉപഭൂഖണ്ഡത്തെ എങ്കിലും കീഴ്‌പ്പെടുത്തിയത്. അറേബ്യയെ കീഴ്പ്പെടുത്തുമ്പോൾ ആ ആശയവും വ്യവസ്ഥകളും മുഴുവൻ മനുഷ്യരെയും കീഴ്പ്പെടുത്താൻ പോന്നതാണ് എന്നത് നിശ്ചയം സ്ഥാപിക്കുക കൂടി ചെയ്തിരുന്നു. മാത്രമല്ല ഇസ്ലാമിൻറെ വിരോധികൾ ശരിക്കും മുഖം കുത്തി വീണതും ഏറെ ഭയപ്പാടോടുകൂടി കണ്ടതും എല്ലാം ഖുർആനിനെ തന്നെയായിരുന്നു.
ഖുർആനിക വ്യവസ്ഥകളുടെ ഏറ്റവും വലിയ സവിശേഷത അത് വന്നതുതന്നെ വലിയൊരു വിപ്ലവമായി കൊണ്ടാണ് എന്നതാണ്. വിശുദ്ധ ഖുർആനിന്റെ ആദ്യ സംബോധിതരായിരുന്ന അറബ് ജനത സാംസ്കാരികമായും നാഗരികമായും ഒട്ടും വളർച്ചയില്ലാത്തവരായിരുന്നു. ഒരുതരത്തിലുള്ള നിയമങ്ങളും വ്യവസ്ഥകളും അവർക്ക് ഇടയിൽ ഉണ്ടായിരുന്നില്ല. അത്തരം ഒരു ശൂന്യതയിൽ ഒരു നിയമ സംഹിത കൊണ്ടുവരികയും അത് തീരെ അപരിചിതമായ ഒരു സമൂഹത്തിൽ നടപ്പിലാക്കി എടുക്കുകയും ചെയ്തു എന്നത് തന്നെ മതി ചിന്തിക്കുന്നവർക്ക് അതിൻ്റെ അമാനുഷിക ശക്തി മനസ്സിലാക്കുവാൻ. ഈ നിയമങ്ങളിലേക്ക് വിശുദ്ധ ഖുർആനും ഇസ്ലാമും വെച്ച ചുവടുകൾ ഈ പഠനത്തിൽ ഏറ്റവും പ്രത്യേകമാണ്. അതായത് ഒരു നിയമം എഴുതി ഉണ്ടാക്കി കൊണ്ടുവന്ന് അതു പാലിക്കാനുള്ള തിട്ടൂരം ഇറക്കി ആയിരുന്നില്ല സമൂഹത്തിന് ഖുർആൻ വ്യവസ്ഥകൾ നൽകിയത്. മറിച്ച് ആദ്യം വ്യക്തികളെ സംസ്കരിച്ചെടുത്ത് പിന്നെ ആ വ്യക്തികളെ സമഗ്രമായി സംഗമിപ്പിച്ചുകൊണ്ട് അവർക്കു മുമ്പിൽ വലിയ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും സമർപ്പിച്ചു കൊണ്ടാണ് ഈ ദൗത്യം ചെയ്തത്. വ്യക്തികളെ സമഗ്രമായി നന്നാക്കി എടുക്കുമ്പോൾ അതിലും അസാമാന്യവും അമാനുഷികവുമായ വഴികളാണ് ഖുർആൻ സ്വീകരിച്ചത്. കേവലം ഒരു ഉപദേശമോ ഉൽബോധനം മാത്രം ആശ്രയിച്ചു കൊണ്ടുള്ളതായിരുന്നില്ല അത്. മറിച്ച് മനുഷ്യൻ്റെ ജീവിതത്തിൻ്റെ അടിസ്ഥാന നിലനിൽപ്പുകളെയാണ് അത് ആഴത്തിൽ ആദ്യമായി സ്വാധീനിച്ചത്. ഇതിനെ സംസ്കരണത്തിന് വേണ്ടിയുള്ള മനുഷ്യൻ്റെ 5 അനിവാര്യ ഘടകങ്ങൾ എന്ന് പറയുന്നു. അവയിൽ ഒന്നാമത്തേത് അവന്റെ ശരീരമാണ്. രണ്ടാമത്തേത്, അവൻ്റെ ബുദ്ധിയാണ്. മൂന്നാമത്തേത്, അവനിൽ നിലനിൽക്കുന്ന അഭിമാന ബോധമാണ്. ഈ മൂന്നു കാര്യങ്ങൾ ഓരോ വ്യക്തികളുടെയും സ്വത്വത്തിന്റെ ഭാഗമാണ്. ഈ മൂന്നിനേയും സംസ്കരിക്കുമ്പോൾ അത് പൊതു സാമൂഹ്യ സംവിധാനത്തിൽ കൃത്യമായി ലയിച്ചുചേരാൻ വേണ്ടി തൊട്ടടുത്തായി ഉടമസ്ഥാവകാശത്തെ പരിഗണിക്കുന്നു. അതുകഴിഞ്ഞിട്ടാണ് നേരെ പൊതുവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നത്.
ഈ അഞ്ചു ഘടകങ്ങളും മനുഷ്യൻറെ ഉമ്മയിൽ ഒരു വ്യവസ്ഥ സംവിധാനിക്കുവാൻ വളരെ അനിവാര്യമാണ് എന്നു നമുക്ക് കാണാം. ഖുർആൻ ആദ്യമായി മനുഷ്യൻറെ ബാഹ്യമായ ശാരീരിക നിലനിൽപ്പിനെ ലക്ഷ്യം വെക്കുന്നു. ശരീരം എന്ന ചുമർ ഉണ്ടെങ്കിൽ മാത്രമേ അതിൽ ജീവിതം എന്ന ചിത്രം വരയ്ക്കാൻ ആകൂ. ശരീരത്തിന്റെ നിലനിൽപ്പ്, പരിരക്ഷ, പരിപാലനം തുടങ്ങിയതെല്ലാം മനുഷ്യൻ്റെ പ്രധാന ഉത്തരവാദിത്വങ്ങളായി ഖുർആൻ നിഷ്കർഷിക്കുന്നു. ഇതിനുവേണ്ടി ഖുർആൻ നടത്തുന്ന കരുതലും കാവലുമാണ് മനുഷ്യ വധത്തിനെതിരെയുള്ള നിലപാട്. മനുഷ്യ വധത്തെ കൊടുംപാദകമായി വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. അള്ളാഹു പറയുന്നു: 'സത്യവിശ്വാസികളേ, പരസ്പര സംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ, സ്വത്തുകള്‍ അന്യായമായി നിങ്ങള്‍ തിന്നരുത്. അന്യോന്യം കൊലനടത്താനും പാടില്ല' (നിസാഅ്: 29)
വധത്തിന് കഠിനമായ പ്രതിക്രിയ നിയമമാക്കിയത് ഇതിൻ്റെ ഭാഗമാണ്. ആ നിയമം ഒരിടത്ത് അള്ളാഹു ഇങ്ങനെ പറയുന്നു: 'സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവരുടെ കാര്യത്തില്‍ സ്വതന്ത്രനുപകരം സ്വതന്ത്രന്‍, അടിമക്കു അടിമ, വനിതക്കു വനിത എന്നിങ്ങനെ നിങ്ങള്‍ക്കു പ്രതിക്രിയ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇനി ഘാതകന്ന് തന്റെ സഹോദരന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിട്ടുവീഴ്ച ലഭിക്കുന്നുവെങ്കില്‍ മര്യാദപാലിക്കുകയും മാന്യമായി നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം. നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ഒരു ലഘൂകരണവും ദയാവായ്പുമാണിത്. തദനന്തരവും ഒരാള്‍ അതിക്രമം കാട്ടിയാല്‍ വേദനയുറ്റ ശിക്ഷ അവന്നുണ്ടാകും. ഈ പ്രതിക്രിയാനടപടിയിലാണ്, ബുദ്ധിമാന്മാരേ, നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. ഈ നിയമം നിങ്ങള്‍ സൂക്ഷ്മാലുക്കളാകാന്‍ വേണ്ടിയത്രേ' (അൽ ബഖറ: 178, 179). ആ നിയമം വിശുദ്ധ ഖുർആനിൽ മറ്റൊരു ഇടത്ത് ഇങ്ങനെ സവിസ്തരം അവതരിപ്പിച്ചിരിക്കുന്നു: 'ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ വധിക്കുക എന്നത് സംഭവിക്കാന്‍ പാടില്ല; അബദ്ധവശാല്‍ വന്നുപോകുന്നതൊഴികെ. എന്നാല്‍, അബദ്ധത്തില്‍ ഒരു സത്യവിശ്വാസിയെ വല്ലവനും വധിച്ചാല്‍, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും പരേതന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് പ്രായശ്ചിത്തം; അവകാശികള്‍ ഔദാര്യമായി വിട്ടുകൊടുത്താലൊഴികെ. ഇനി ഘാതേയന്‍ സത്യവിശ്വാസിയും നിങ്ങളുടെ ശത്രുവിഭാഗങ്ങളില്‍ പെട്ടവനുമാണെങ്കില്‍ സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക മാത്രമാണ് പ്രായശ്ചിത്തം. ഇനി, നിങ്ങളുമായി സന്ധീവ്യവസ്ഥകളുള്ള ഒരു ജനസമൂഹത്തില്‍ പെട്ടവനാണ് ഘാതേയനെങ്കില്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം; അടിമയെ കിട്ടിയില്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കണം. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപമാര്‍ഗമെന്ന നിലക്കാണിതു ചെയ്യേണ്ടത്. സര്‍വജ്ഞാനിയും യുക്തിമാനുമാണ് അല്ലാഹു' (നിസാഅ്: 92,93). അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകം അന്യ ജനവിഭാഗങ്ങളിൽ നടത്തുന്ന കൊലപാതകം തുടങ്ങി ഈ വിഷയത്തിന്റെ എല്ലാ സാധ്യതകളിലേക്കും വിശുദ്ധ ഖുർആൻ ഇങ്ങനെ ഇറങ്ങി വരുന്നുണ്ട്. മനുഷ്യൻ എന്ന തൻ്റെ പ്രതിനിധിയോടുള്ള ആദരവാണ് ഇതുവഴി അല്ലാഹു സൃഷ്ടിക്കുന്നത്. ഇത് അല്ലാഹു പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: 'നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയുംകാള്‍ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു' (ഇസ്റാഅ്: 70) കൊലപാതകത്തോടുള്ള നിലപാട് വിശുദ്ധ ഖുർആൻ സ്വീകരിച്ച ജനതയ്ക്ക് മാത്രമായുള്ളതല്ല. മുൻ ജനതകളുടെ കാര്യത്തിലും ഇതേ ജാഗ്രത ഖുർആൻ പുലർത്തിയിട്ടുണ്ട്. അവരും മനുഷ്യർ തന്നെയാണല്ലോ. അല്ലാഹു പറയുന്നു: 'ജൂതന്മാര്‍ക്ക് നാം തൗറാത്തില്‍ ഇപ്രകാരം നിയമം നിശ്ചയിച്ചിരുന്നു: ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മറ്റുമുറിവുകള്‍ക്കു തത്തുല്യ പ്രതിക്രിയ. എന്നാല്‍ ഒരാള്‍ മാപ്പാക്കുന്നുവെങ്കില്‍ അതവന്ന് പ്രായശ്ചിത്തമാകുന്നു അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര് വിധി കല്‍പിക്കുന്നില്ലയോ അവര്‍ തന്നെയാണ് അതിക്രമകാരികള്‍.(മാഇദ: 45)
അതുകഴിഞ്ഞാൽ പിന്നെ ഈ ശരീരവുമായി അവനു ജീവിക്കാനുള്ള ജീവിതത്തിൻ്റെ നിയന്ത്രണവും കടിഞ്ഞാണുമായ ബുദ്ധിയിലേക്ക് കടക്കുകയാണ് ഖുർആൻ. ബുദ്ധിയുടെ കാര്യത്തിൽ ഖുർആൻ ഏറെ ശ്രദ്ധിക്കുന്നതും ശ്രമിക്കുന്നതും അതിനെ പ്രവർത്തിപ്പിച്ചു പ്രവർത്തിപ്പിച്ചു സജീവമാക്കി നിർത്തുവാൻ ആണ്. നിരന്തരമായി ഖുർആൻ മനുഷ്യനോട് ചിന്തിക്കാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ബുദ്ധി അത് പ്രവർത്തിപ്പിക്കുമ്പോൾ മാത്രമാണ് വലുതാവുക എന്ന് ആരോഗ്യശാസ്ത്രവും പറയുന്നുണ്ട്. അതോടൊപ്പം തന്നെ ബുദ്ധിയെയോ അതിൻ്റെ പ്രഭാവത്തെയോ ഭാഗികമായോ സമ്പൂർണ്ണമായോ മറച്ചുപിടിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ഖുർആൻ ശക്തമായി ആവശ്യപ്പെടുന്നു. അതിനെ ഭാഗികമായി ഇല്ലാതെയാക്കുന്ന കാര്യമാണ് ഇച്ഛകൾ മനുഷ്യൻ ഇച്ഛകൾ എന്ന ശഹുവത്തിന് അടിമപ്പെടുന്നു അവനെ ബുദ്ധിപരമായ തെളിച്ചം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും. ഉച്ചകളെ പിൻപറ്റിയാൽ ക്രമേണ മത നിർദ്ദേശങ്ങളിൽ നിന്നും മറ്റും പിന്നോട്ട് പോയി പിന്നോട്ട് പോയി നരകത്തിൽ എത്തിച്ചേരുമെന്ന് വിശുദ്ധ ഖുർആൻ താക്കീത് ചെയ്യുന്നുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: 'എന്നിട്ട് അവര്‍ക്കൊരു പിന്‍തലമുറയുണ്ടായി. നമസ്‌കാരം പാഴാക്കുകയും ദേഹേച്ഛകള്‍ പിന്തുടരുകയുമാണവര്‍ ചെയ്തത്. തന്നിമിത്തം ആ ദുര്‍മാര്‍ഗഫലം അവര്‍ കണ്ടെത്തും. (മർയം: 59). ബുദ്ധിയെ പരിപൂർണ്ണമായും മറച്ചു കളയുന്ന ഒന്നാണ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം അത് വിശുദ്ധ ഖുർആൻ ശക്തമായി നിരോധിക്കുന്നു. പ്രപഞ്ചത്തിലെ ഉന്നത സൃഷ്ടിയായ മനുഷ്യന്‍ ഇച്ഛാശക്തിയും സ്വതന്ത്രമായ അസ്തിത്വവുമുള്ളവനാണ്. അതിനാല്‍ തന്നെ അതിനാവശ്യമായ നിയന്ത്രണരേഖകള്‍ അവനെ ആവരണം ചെയ്യുന്നു. അത് ലംഘിച്ചുകൂടാ. വിശേഷബുദ്ധി അതില്‍ പ്രധാനമാണ്. ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നതും വ്യക്തിത്വത്തിന്റെ അടിസ്ഥാനവുമതാണ്. മനുഷ്യന്റെ പ്രകൃത്യായുള്ള ആഗ്രഹാഭിലാഷങ്ങളെയും വിചാരങ്ങളെയും സംസ്കരിക്കാനും ആവശ്യമായത് നേടിയെടുക്കാനും അപായകരമായതിന് തടയിടാനും പ്രാഥമികമായി മനുഷ്യനെ പ്രാപ്തനാക്കുന്നത് ബുദ്ധിയും വിചാരവുമാണ്.
മദ്യം ആദ്യം പിടികൂടുന്നത് ബുദ്ധിയെയാണ്. അതിനെ കടന്നാക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്ന മദ്യത്തെ നബി(സ) തിന്മകളുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബുദ്ധിക്കേല്‍പ്പിക്കുന്ന പോറല്‍പോലും വലിയ ദുരന്തമുണ്ടാക്കും. മദ്യവും മറ്റു ലഹരികളും പ്രഥമമായിത്തന്നെ ബുദ്ധിയെ ബാധിക്കുന്നു. പുറമെ മതത്തിനും ബുദ്ധിക്കും കുടുംബത്തിനും സമ്പത്തിനും ശരീരത്തിനും അപായകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള തടസ്സം നീക്കുകയാണ് മദ്യവും ലഹരികളും ചെയ്യുന്നത്. അതിനാല്‍ പ്രത്യക്ഷ നാശത്തിനും അതിലുപരി ആത്മീയ നാശത്തിനും മദ്യം കാരണമാണ്. മനുഷ്യന് തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ഏത് അനര്‍ത്ഥങ്ങള്‍ക്കും അതു കാരണമാവും. വിശുദ്ധ ഖുർആൻ വെറുപ്പോടെയാണ് മദ്യം എന്ന ആശയം തന്നെ കൈകാര്യം ചെയ്യുന്നത്.
വിശുദ്ധ ഖുര്‍ആന്‍ മദ്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ: 'പൈശാചിക വൃത്തികളില്‍ പെട്ട മാലിന്യമാണ്' (മാഇദ: 90). രിജ്സ് എന്ന അറബി പദം സൂചിപ്പിക്കുന്ന അര്‍ത്ഥങ്ങളൊന്നും മനുഷ്യനിണങ്ങുന്നതല്ല. തിന്മ, നിഷിദ്ധം, മ്ലേഛം, ദുര്‍വൃത്തി, മാലിന്യം, നിന്ദ്യം, വെറുപ്പുളവാക്കുന്നത് തുടങ്ങിയ അര്‍ത്ഥങ്ങളാണിതിനുള്ളത്. എന്നാല്‍ പിശാചിനെ അപേക്ഷിച്ച് ഇത് പ്രിയങ്കരമാണ്. അതിനാല്‍ തന്നെ ഈ അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന തിരസ്കാര പ്രചോദനം മദ്യം ഇല്ലാതാക്കുന്നു. പിശാച് അതിനെ മനോഹരമാക്കുന്നതില്‍ വിജയിക്കുകയും മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. മദ്യനിരോധനത്തിനു വേണ്ടി ഖുർആൻ സ്വീകരിച്ച സമീപന രീതി ഇതേ ശീർഷകത്തിൽ നമുക്ക് പിന്നീട് ചർച്ച ചെയ്യാനുള്ള വിഷയമാണ്.
അതുകഴിഞ്ഞാൽ പിന്നെ ഓരോ മനുഷ്യനെയും നന്മ ചെയ്യുവാനും തിന്മ ചെയ്യാതിരിക്കുവാനും പ്രേരിപ്പിക്കേണ്ട ഉൾശക്തിയായ അഭിമാന ബോധത്തെയാണ് ഖുർആൻ അഭിസംബോധന ചെയ്യുന്നത്. ഓരോ വ്യക്തിക്കും അവന്റേതായ ഒരു അഭിമാന ബോധമുണ്ട്. ആ ബോധം സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യണമെന്ന് ഖുർആൻ പല രൂപങ്ങളിലായി ആവശ്യപ്പെടുന്നു. അതിന്റെ ഭാഗമായി മനുഷ്യജീവിതത്തിന്റെ വിവിധ താളപ്പിഴകളെ വിശുദ്ധ ഖുർആൻ ഗുരുതരമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദാഹരണമായി, വ്യഭിചാരം ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായി ഖുർആൻ എണ്ണിയിരിക്കുന്നു. അല്ലാഹു പറയുന്നു: 'വ്യഭിചാരിയെയും വ്യഭിചാരിണിയെയും-അവരില്‍ ഓരോരുത്തരെയും-നിങ്ങള്‍ നൂറുവീതം അടിക്കുക. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്റെ മതശാസനാനിര്‍വഹണത്തില്‍ അവരോടുള്ള ഒരുവിധ ദയാവായ്പും നിങ്ങളെ ബാധിക്കരുത്. അവരുടെ ശിക്ഷ നടപ്പാക്കുന്നിടത്ത് ഒരു സംഘം സത്യവിശ്വാസികള്‍ സന്നിഹിതരാവുകയും വേണം' (നൂർ: 2) അവരിൽ തന്നെ വിവാഹിതരായതിനുശേഷമാണ് വ്യഭിചരിക്കുന്നത് എങ്കിൽ അത് ഏറെ ഗുരുതരമാണ്. അവരെ മരിക്കുംവരെ എറിഞ്ഞു കൊല്ലണമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. (മുസ്ലിം). മറ്റൊന്നാണ് അനാവശ്യമായ അപവാദങ്ങൾ. അപവാദം ഒരു മനുഷ്യൻ്റെ അഭിമാനത്തെ തകർക്കുന്നു. അതിനെ വിശുദ്ധ ഖുർആൻ ശക്തമായി നേരിടുന്നുണ്ട്. അല്ലാഹു പറയുന്നു: 'നാലു സാക്ഷികളെ ഹാജറാക്കാതെ, പതിവ്രതകളെ വ്യഭിചാരാരോപണം നടത്തുന്നവരെ നിങ്ങള്‍ എണ്‍പത് പ്രാവശ്യം പ്രഹരിക്കുക; അവരുടെ സാക്ഷ്യം ഒരിക്കലും സ്വീകരിക്കയുമരുത്. അധര്‍മകാരികള്‍ തന്നെയാണവര്‍-വഴിയെ, പശ്ചാത്തപിക്കുകയും ഉത്തമന്മാരായിത്തീരുകയും ചെയ്തവരൊഴികെ. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ' (നൂർ 4, 5). മനുഷ്യർക്കിടയിൽ അനിവാര്യമായ ഒരു വൈജാത്യമാണ് ലിംഗപരമായ വ്യത്യാസം. അത് പരമ പവിത്രതയോടെ കൂടെ സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണ്. ആയതിനാൽ ആണും പെണ്ണും ചില സാമൂഹ്യ അച്ചടക്കങ്ങൾ പാലിക്കേണ്ടതുണ്ട്. അത് ഖുർആൻ വളരെ വിശദമായി പറയുന്നുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'ഓ നബീ, തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവര്‍ക്കേറ്റം പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസികളോടും തങ്ങളുടെ നയനങ്ങള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കള്‍ കല്‍പിക്കുക; തങ്ങളുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്കു മീതെ അവര്‍ താഴിത്തിയിടുകയും വേണം. തങ്ങളുടെ ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, മുസ്‌ലിം സ്ത്രീകള്‍, സ്വന്തം അടിമകള്‍, വികാരമില്ലാത്ത പുരുഷഭൃത്യര്‍, പെണ്ണുങ്ങളുടെ ലൈംഗിക രഹസ്യങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്ത കുട്ടികള്‍ എന്നിവരല്ലാത്ത വേറൊരാള്‍ക്കും തങ്ങളുടെ അലങ്കാരം അവര്‍ വെളിവാക്കരുത്; ഗുപ്തസൗന്ദര്യം അറിയപ്പെടാനായി കാലിട്ടടിക്കയുമരുത്. സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വരും വിജയപ്രാപ്തരാകാനായി അല്ലാഹുവിങ്കലേക്കു ഖേദിച്ചുമടങ്ങുക' (നൂർ 30,31 )
പിന്നീട് ഉടമാവകാശമാണ്. ഉടമാവകാശത്തെ ഫലപ്രദമായി ഉൾക്കൊള്ളുവാനും വിനിയോഗിക്കുവാനും വിവിധങ്ങളായ സാമ്പത്തിക അച്ചടക്കങ്ങൾ വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നുണ്ട്. അത് പാലിക്കുന്ന പക്ഷം സമ്പത്ത് മനുഷ്യനെ വെല്ലുവിളിക്കുന്ന ഒരു സാഹചര്യവും ഉണ്ടാവുകയില്ല. അവയിൽ ഒന്നാണ് മോഷണം. ഒരുത്തൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിനെ മറ്റൊരുത്തൻ യാതൊരു കഷ്ടപ്പാടും ഇല്ലാതെ കട്ടെടുക്കുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നത് സാമ്പത്തിക രംഗത്ത് വലിയ അരാജകത്വം ഉണ്ടാക്കും എന്ന് ഖുർആൻ കാണുന്നു. ആയതിനാൽ മോഷണത്തിന് ശക്തമായ ശിക്ഷ തന്നെ ഖുർആൻ നിഷ്കർഷിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'മോഷണം നടത്തിയ പുരുഷന്റെയും സ്ത്രീയുടെയും കൈകള്‍ അവരനുവര്‍ത്തിച്ച ദുഷ്‌ചെയ്തിക്ക് പ്രതിഫലമായി നിങ്ങള്‍ വിച്ഛേദിച്ചുകളയുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണിത്. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു. എന്നാല്‍, തന്റെ അതിക്രമ പ്രവൃത്തിക്കുശേഷം ഒരാള്‍ പശ്ചാത്തപിക്കുകയും ഉത്തമ ജീവിതം നയിക്കുകയും ചെയ്താല്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും ആകുന്നു' (മാഇദ: 38) മോഷണം പലതരത്തിലും ഉണ്ടാവാം. അതിൽ പാവങ്ങൾ തങ്ങളുടെ മോഹങ്ങൾക്ക് വേണ്ടി നടത്തുന്ന മോഷണങ്ങളെ ആയിരിക്കും പലപ്പോഴും ശിക്ഷിക്കാൻ കയ്യിൽ കിട്ടുക. എന്നാൽ ഇവർ മാത്രം ചെയ്യുന്നതിനെ അല്ല ഇസ്ലാം മോഷണം ആയി കാണുന്നത്. മറിച്ച് പ്രധാനികൾ ചെയ്യുന്ന മാന്യമായ മോഷണങ്ങളുടെ പട്ടിക നീണ്ടതാണ്. അതിനെയും ഇസ്ലാം ശക്തമായി ഇടപെടുന്നുണ്ട്. ബബനു മഹ്‌സും കുടുംബക്കാരിയായ ഒരു സ്ത്രീ മോഷ്ടിച്ചപ്പോൾ നബി പറഞ്ഞ സംഭവം സുവിതമാണ് (ബുഖാരി). അത് കഴിഞ്ഞാൽ പിന്നെ പൊതു സാമൂഹ്യ അച്ചടക്കത്തിന്റെ നിദാനമായ പൊതു നിയമങ്ങളാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. പൊതു നിയമങ്ങൾ സമാധാനഭദ്രതയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊതുസമാധാനം തന്നെയാണ്. ഭൂമിയിൽ സമാധാനം നിലനിൽക്കുന്നതിന് വിഘാതമായ നയങ്ങളും നിലപാടുകളും നീക്കങ്ങളും നടത്തുന്നതിനെ വിശുദ്ധ ഖുർആൻ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്: ഉദാഹരണമായി അൽ മാഇദ സൂറത്തിലെ 33-ാം സൂക്തത്തിൽ അല്ലാഹു പറയുന്നു: 'അല്ലാഹുവിനോടും റസൂലിനോടും പോരാടുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധമോ ക്രൂശീകരണമോ കൈകാലുകള്‍ ഭിന്നവശങ്ങളില്‍ നിന്നു വിച്ഛേദിക്കലോ നാടുകടത്തലോ ആകുന്നു. അവര്‍ക്ക് ഐഹിക ലോകത്തുള്ള അപമാന മാണിത്; പാരത്രികലോകത്താകട്ടെ കഠിനശിക്ഷയുമുണ്ടായിരിക്കും' വഴി കവർച്ചക്കാരെ അമർച്ച ചെയ്യുവാൻ വേണ്ടി ഇറങ്ങിയതാണ് ഈ ആയത്ത് എന്നാണ് മുഫസ്സിറുകൾ പറയുന്നത്.
ഇങ്ങനെ ഈ അഞ്ചു അടിസ്ഥാന ഘടകങ്ങളെ ആദ്യം വ്യവസ്ഥപ്പെടുത്തുന്നതോടുകൂടെ ഒരു നല്ല വ്യക്തി ഉണ്ടായിത്തീരുന്നു. അത്തരം ഒരു നല്ല വ്യക്തി ഉണ്ടാകുമ്പോൾ അതുവഴി ഒരു നല്ല സമൂഹം ഉണ്ടായി തീരും. ഇങ്ങനെ വളരെ ശാസ്ത്രീയമായിട്ടാണ് ഖുർആൻ അതിൻ്റെ വ്യവസ്ഥകളെ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഖുർആനിക വ്യവസ്ഥിതിയുടെ ഏറ്റവും ഒന്നാമത്തെ സവിശേഷത അതിൻ്റെ സമഗ്രത തന്നെയാണ്. അതും കൃത്യമായ ക്രമത്തിൽ വളർന്നുവരുന്ന സമഗ്രത.
- അവലംബങ്ങൾ
(അൽ മുഅ്ജിസത്തു വൽ ഇഅ്ജാസു ഫിൽ ഖുർആൻ: ഡോ. സഅ്ദുദ്ദീൻ സ്വാലിഹ്)
(അള്ളാഹിറത്തുൽ ഖുർആനിയ്യ: മാലിക് ബിൻ നബി)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso