Thoughts & Arts
Image

മുഹർറം പകരുന്ന മൂന്നു സന്ദേശങ്ങൾ

12-08-2021

Web Design

15 Comments





ഒരു സമൂഹത്തിന്റെ അസ്തിത്വം രൂപപ്പെടുത്തിയെടുക്കാനും സംരക്ഷിക്കാനുമുള്ള വികാരമാണ് മുഹർറം പകരുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം. അതു മൂന്നു വഴികളിലൂടെ വന്നു ചേർന്നാണ് ഉരുവം പ്രാപിക്കുന്നത്. അവയിൽ ഒന്നാമത്തേത് നബി (സ) തിരുമേനി ഉണർത്തിച്ച മൂസാനബിയുടെയും ഇസ്റയേൽ സന്തതികളുടെയും വിമോചനവും സ്വാതന്ത്രവുമാണ്. പ്രവാചകനായ യൂസുഫ് നബിയിലൂടെയായിരുന്നു ഇസ്റയേൽ സന്തതികളുടെ താവഴി ചെങ്കടൽ കടന്നത്. കേവലം ഒരു അടിമയായി ഈജിപ്തിലെത്തിയ യൂസുഫ് നബി അവിടത്തെ ഭരണ ചക്രത്തോളം വളരുകയായിരുന്നു. അദ്ദേഹം ഈജിപ്തിന്റെ ഭരണാധികാരത്തിലെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ പിതാവ് ഇസ്രയേൽ എന്ന യഅ്കൂബ് നബിയും മക്കളും കുടുംബാംഗങ്ങളും ഈജിപ്തിന്റെ ഭാഗമായി മാറിയിരുന്നു. പിന്നെ അവരുടെ കാലമായിരുന്നു. അവരെ ഒരാൾക്കു ശേഷം ഒരാൾ എന്ന നിലക്ക് ഈജിപ്ത് സിംഹാസനത്തിലിരുത്തി. അങ്ങനെ വളർന്ന അവർ കാലക്രമത്തിൽ അഹങ്കാരികളും അക്രമികളുമായി മാറി. അതോടെ തദ്ദേശീയർക്ക് തിരിച്ചറിവുണ്ടായി. അവർ വൈദേശിക ഭരണകൂടത്തെ മറിച്ചിട്ടു. അധികാരം അങ്ങനെ തദ്ദേശീയരായ കോപ്പിക്കുകളുടെ കയ്യിലെത്തി. പിന്നെ ഒരു പ്രതികാരമായിരുന്നു. കോപ്റ്റിക്കുകളുടെ ഭരണാധികളായിരുന്ന ഫറോവമാർ ബനൂ ഇസ്റായേല്യരെ അടിമകളാക്കി. ഭീമാകാരങ്ങളായ കല്ലുകൾ അടുക്കി വെച്ച് അവരുണ്ടാക്കിയ പിരമിഡുകളൊക്കെ ഈ പാവം ജനതയെ കൊണ്ട് കൂലിയും അന്നവും അംഗീകാരവും കൊടുക്കാതെ അവരുണ്ടാക്കിയതാണ് എന്നാണ് ചരിത്രാനുമാനം.



നൂറ്റാണ്ടുകൾ ഇങ്ങനെ അടിമത്വത്തിന്റെ നുകങ്ങൾ പേറേണ്ടി വന്ന ഇസ്റയേൽ സന്തതികളെ ഫറോവമാരിൽ നിന്നും മോചിപ്പിക്കുവാൻ അല്ലാഹുവാൽ നിയുക്തനായ വിമോചകനായിരുന്നു മൂസാനബി. സമർഥമായ നീക്കങ്ങളിലൂടെ ധീരമായി അവരുമായി ചെങ്കടൽ കടന്ന് കനാൻ ദേശത്തിലേക്ക് അദ്ദേഹം തിരിച്ചു കൊണ്ടുവന്ന ഐതിഹാസികതയാണ് മുഹർറമിനു പറയാനുള്ള സന്ദേശത്തിന്റെ ഒന്നാം ലക്ഷ്യം. ക്രൂരമായ ഏകാധിപത്യം നടത്തിയ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെട്ടു സ്വന്തം അസ്തിത്വത്തെ കാത്ത അനുഭവമാണ് അത് ഒറ്റ വാചകത്തിൽ. ഒരു സമൂഹമായി തങ്ങളുടെ അവകാശാധികാരങ്ങൾ സംരക്ഷിച്ചും പരിപാലിച്ചും ജീവിക്കുവാനുള്ള മൗലികമായ അർഹത പിടിച്ചു വാങ്ങിയതാണ് ഈ ചരിത്രം. ആധിപത്യങ്ങൾ സഹജീവികളെയും വിധേയരെയും ചങ്ങലപ്പൂട്ടുകളിട്ട് ഒതുക്കി നിറുത്തി പുതിയ അടിമത്വങ്ങൾ അടിച്ചേൽപ്പിക്കുന്ന പുതിയ കാലത്തിനും മുഹർറം ഒരു സന്ദേശമാവുക കൂടിയാണ് ഈ പശ്ചാതല പഠനത്തിൽ.



മുഹർറമിന്റെ രണ്ടാം അനുഭവവും ഇതേ സന്ദേശത്തെ തന്നെയാണ് അന്വർഥമാക്കുന്നത്. അത് നബി (സ) തിരുമേനിയുടെയും അനുയായികളുടെയും ഹിജ്റയാണ്. സമീപനത്തിലും രീതിയിലും വ്യത്യാസമുണ്ട് എങ്കിലും ഇസ്റയേൽ സന്തതികളുടേതിന് സമാനമായ ഒരു അവസ്ഥക്കു മുമ്പിലായിരുന്നു മക്കയിൽ നബിയും അനുയായികളും. പരസ്യമായി പ്രബോധനം ചെയ്യുവാനോ അനാശാസ്യതകളുടെ കയ്യിൽ കയറിപ്പിടിക്കുവാനോ ഒന്നും കഴിയാതെ അവർക്കും ആശയത്തിനും ഒളിച്ചിരിക്കേണ്ടിവന്നത് നീണ്ട13 വർഷമാണ്. ഒരു സമൂഹമായി നിലനിൽക്കുവാനുള്ള അവകാശങ്ങൾ അവർക്കു മുമ്പിൽ നിഷേധിക്കപ്പെട്ടു. പരസ്യമായി തങ്ങളുടെ വിശ്വാസമനുസരിച്ച് ആരാധിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. ജീവിതം തന്നെ വഴിമുട്ടിയതോടെ അവരിൽ പലർക്കും അവരുടേതിനേക്കാൾ അവികസിതമായിരുന്ന ആഫ്രിക്കയിലേക്ക് മാറേണ്ടി വരെ വന്നു. നബിയെയും കുടുംബത്തെയും നഗരത്തിൽ നിന്ന് പടിയടച്ച് പുറത്തേക്ക് ആട്ടിപ്പായിച്ചു. ത്വാഇഫ് വരെ പോയ നബിക്ക് തിരിച്ചു നാട്ടിൽ കയറുവാൻ ജാമ്യക്കാരൻ പോലും വേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു ഹിജ്റ പലായനം.



മൂസാനബിയുടെ ദൗത്യവുമായി സദൃശതകൾ ഇവിടെയും കാണാം. രണ്ട് സംഭവങ്ങളിലും ശരിയുടെ പക്ഷവും വേട്ടയുടെ ഇരകളും നിലനിൽപ്പ് തേടുകയാണ്. തങ്ങളുടെ കഴുത്തിലെ വടങ്ങൾ ആഴിച്ചെറിയുവാൻ ഉദ്യമിക്കുകയാണ്. ക്രൂരമായ ആധിപത്യങ്ങൾക്കെതിരെ വേറിട്ട ഒരു പോരാട്ടത്തിൽ ഏർപ്പെടുകയാണ്. അത് ഹൃദ്യവും മാന്യവും സമാധാന ഭദ്രവുമാണ്. കാരണം മുസാ നബി തന്റെ അനുയായികളെ ഈജിപ്തിൽ തന്നെ നിറുത്തി കലാപം പഠിപ്പിച്ച് പോരാട്ടത്തിനൊരുങ്ങുകയല്ല ചെയ്യുന്നത്. തന്റെ ജനതയെ തങ്ങളുടെ വഴിക്കു പോകാൻ അനുവദിക്കുവാൻ ആവശ്യപ്പെടുകയാണ്. മറിച്ചായിരുന്നുവെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്ത് ചോരയാൽ കുതിരുമായിരുന്നു. രണ്ടാം രംഗത്ത് നബി തിരുമേനിയും ചെയ്യുന്നത് അതു തന്നെയാണ്. മക്കയിൽ ഒരു തിരിച്ചടിയും നടത്തുന്നില്ല. മറിച്ച് തങ്ങളെ പറ്റില്ലെങ്കിൽ ഞങ്ങൾ മാറിത്തരാം എന്ന മനോഹരമായ നിലപാട് സ്വീകരിക്കുകയാണ്. പിന്നെ തനിക്കും അനുയായികൾക്കും അനുയോജ്യമായ ഒരിടത്ത് തമ്പടിച്ച് സമൂഹത്തിന് അസ്തിത്വം ഉണ്ടാക്കിയെടുക്കുകയാണ്. ഇതൊന്ന്. മറ്റൊന്ന് രണ്ടു പ്രവാചകൻമാരും ഭരണകൂട- സ്വേഛാധിപത്യങ്ങൾക്കെതിരെ പോരടിക്കുകയായിരുന്നു എന്നതാണ്. അതോടെ മുഹർറമിന്റെ സന്ദേശം വേറിട്ട ഒരു പോരാട്ടമായി മാറുന്നു. മാറിനിന്നും അസ്തിത്വം കാത്തും നടത്തുന്ന ഒരു പോരാട്ടം.



അതേ ആശയത്തിന്റെ അരികുപറ്റിയുള്ള ഒരു സന്ദേശമാണ് മൂന്നാമത്തേത്. അവിടെയും സ്വേഛാധിപത്യത്തിനും തന്നിഷ്ടത്തിനും എതിരെയുള്ള പോരാട്ടം തന്നെയാണ് കാണാൻ കഴിയുക. അത് ഹിജ്റ 61-ൽ നടന്ന കർബലാ യുദ്ധമാണ്. അബൂബക്‌റും ഉമറും ഉസ്മാനും അലിയും(റ) ഭരിച്ച ഇസ്‌ലാമിക രാഷ്ട്രം ഉമയ്യ കുടുംബവാഴ്ചയിലേക്ക് മുആവിയ്യത്തുബ്‌നു അബീ സുഫ്‌യാനിലൂടെ വ്യതിചലിക്കുകയും ഖിലാഫത്ത് രാജവാഴ്ചയിലേക്ക് തെന്നിമാറുകയും ചെയ്യുക വഴി സമുദായത്തിനകത്തുതന്നെ രൂപപ്പെട്ട ക്രമരാഹിത്യത്തിനെതിരെയുള്ള പോരാട്ടമായിരുന്നു അത്. അകത്തുള്ള പ്രശ്നമായതിനാൽ ഒന്നും രണ്ടും രംഗങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ ഇവിടെ പ്രകടമാണ്. തനിക്കു ശേഷം മകന്‍ യസീദിനെ ഭരണ ചുമതലകള്‍ ഏല്‍പിക്കാന്‍ മുആവിയ തീരുമാനിച്ചു. പ്രവാചക പൗത്രന്‍ ഹുസൈന്‍(റ) അതിനെതിരായ പോരാട്ടത്തിന് രംഗത്തുവന്നു. മുഹര്‍റമിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ചെറുത്തുനില്‍പ്പിന് കളമൊരുങ്ങുകയായിരുന്നു. ഇബ്‌നു സിയാദിന്റെ പട്ടാളം ഹസ്രത്ത് ഹുസൈനെയും നബി കുടുംബത്തില്‍പെട്ട അറുപതില്‍പരം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും യൂഫ്രട്ടീസിന്റെ തീരത്ത് ഉപരോധിച്ചു. യസീദിന്റെ വാള്‍ തലയേറ്റ് അവര്‍ ധീര രക്തസാക്ഷിത്വം വരിച്ചു. യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്ന് ചത്താല്‍ രക്ഷിതാവിന്റെ കോടതിയില്‍ ഞാന്‍ അതിന് മറുപടി പറയേണ്ടിവരുമെന്ന് ആശങ്കിച്ച ഉമർ (റ) വിന്റെ അധികാര സിംഹാസനത്തില്‍ കയറിയിരുന്ന യസീദ് നബികുടുംബത്തിലെ പിഞ്ചുകുഞ്ഞിന് വരെ സമൃദ്ധമായ യൂഫ്രട്ടീസ് നദിയില്‍നിന്ന് ദാഹജലം നിഷേധിച്ച് കൊലപ്പെടുത്തിയ ക്രൂരമായ തെമ്മാടിത്തം. ഐതിഹാസികമായ ഈ പോരാട്ടത്തിന്റെ അനുഭവം കൂടി ചേർത്തു വെക്കുമ്പോൾ മുഹർറം പകരുന്ന സന്ദേശം പൂർണ്ണമാകും. ബാഹ്യമായ വെല്ലുവിളികളുടെ മുമ്പിൽ നിന്നും സ്വന്തം അസ്തിത്വത്തിലേക്ക് മാറുകയും തുടർന്ന് ശക്തി സംഭരിക്കുകയും ചെയ്യുക വഴിയാണ് നിലനിൽപ്പ് ഉറപ്പിക്കുവാൻ കഴിയുക എന്ന സന്ദേശമാണത്.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso