ഖുർആൻ പഠനം / സൂറത്തുൽ ജുമുഅ 8- 11
02-10-2024
Web Design
15 Comments
ടി എച്ച് ദാരിമി
ആരാധനാത്മകമാണ് ജുമുഅയും ഖുതുബയും
8. നബിയേ, പ്രഖ്യാപിക്കുക. ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ, അത് നിങ്ങളെ കണ്ടുമുട്ടുക തന്നെ ചെയ്യും; ശേഷം രഹസ്യ-പരസ്യങ്ങള്‍ അറിയുന്നവനിലേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ സ്വന്തം ചെയ്തികളെപ്പറ്റി നിങ്ങള്‍ക്കവന്‍ വിവരം നല്‍കുന്നതാകുന്നു.
മരണം എന്നത് മനുഷ്യ ജീവിതത്തിലെ പരമമായ ഒരു സത്യമാണ്. ജനനമാണ് മരണത്തിന്റെ കാരണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ജനനം മരണത്തെ നിര്‍ബന്ധമാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എല്ലാ ആത്മാക്കളും മരണം രുചിക്കുക തന്നെ ചെയ്യും.’ (3:185)
നബി(സ) പറഞ്ഞു: ‘ചെരുപ്പിന്റെ വാറ് കാലിനോടടുത്ത് കിടക്കുന്ന പോലെ മരണം നമ്മോടടുത്ത് കിടക്കുന്നു.’ മരണത്തെ മറികടക്കാന്‍ ജനിച്ചവര്‍ക്കാവില്ല. ജനനം ജീവിതത്തിലേക്കും ജീവിതം മരണത്തിലേക്കും നിര്‍ബന്ധിക്കുന്നു. അത് കുട്ടികളെയും വൃദ്ധരേയും സമീപിക്കും. പണ്ഡിതനേയും പാമരനെയും പിടികൂടും. കൊട്ടാരത്തിലും കുടിലിലും കടന്നുചെല്ലും. ഡോക്ടറെയും രോഗിയെയും പിടികൂടും. ഈ സത്യത്തെ അവനു തന്നെയുള്ള ഉൽബോധനമായി അല്ലാഹു എപ്പോഴും ഉപയോഗിക്കാറുണ്ട്. മരണത്തെ ഓർമ്മപ്പെടുത്തുന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് മരണത്തെ മുമ്പില്‍ കണ്ടുകൊണ്ടെന്നോണം ജീവിക്കുവാനാണ്. കാരണം, മരണസ്മരണ ജീവിതത്തിനൊരു കടിഞ്ഞാണാണ്. കടിഞ്ഞാണില്ലാത്ത ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയാണ് എന്നാണല്ലോ. ഇച്ഛകളെ നിയന്ത്രിക്കുക എന്നതാണ് കടിഞ്ഞാൺ. സന്മാർഗത്തിൽ എത്തിച്ചേരുവാനും അതിൽ തന്നെ തുടരുവാനും ഇഛാനിയന്ത്രണം അനിവാര്യമാണ്. ഇച്ഛകളെ കൈവിടാതെ സന്മാർഗത്തിൽ എത്തിച്ചേരുക അസാധ്യവുമാണ്. കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ മനുഷ്യന്‍ അവന്റെ ദേഹേഛകളെ അഴിച്ചുവിടുമ്പോഴാണ് മനുഷ്യന്‍ ‘താന്തോന്നി’യാകുന്നത്. അതുകൊണ്ടാണ് നബി(സ) ഇങ്ങനെ ഓര്‍മപ്പെടുത്തിയത്:
‘സുഖങ്ങളുടെ അന്തകനെ നിങ്ങള്‍ ഏറെ ഏറെ സ്മരിക്കുവിന്‍.’(തുര്‍മുദി). മരണമാണ് ഈ അന്തകൻ. മരണത്തെക്കുറിച്ചുള്ള ചിന്ത വരുമ്പോള്‍ സ്വാഭാവികമായും ജീവിതത്തിന്റെ നശ്വരത ബോധ്യപ്പെടും. അനിശ്ചിതത്വം നിറഞ്ഞ ഈ ജന്മം അഹങ്കരിക്കാനോ ആഹ്ളാദത്തിലും വിനോദത്തിലും മാത്രം ഒതുക്കി നിര്‍ത്താനോ കഴിയാതെ വരും. മനുഷ്യനിലെ മൃഗീയ ഭാവങ്ങളെ മരണചിന്ത നിരുത്സാഹപ്പെടുത്തും. അടുത്ത ഏതു നിമിഷവും ചലനമറ്റുപോകാനും മണിക്കൂറുകള്‍ക്കകം മണ്ണറയിലേക്കു യാത്രയാകാനും ഇടയുണ്ടെന്ന വിചാരം എല്ലാ അഹങ്കാരങ്ങളെയും അക്രമവാസനകളെയും നശിപ്പിക്കും.
അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു: “ഞാന്‍ നബി(സ്വ)യുടെ സദസ്സിലേക്കു ഒരിക്കൽ കടന്നുചെന്നു. അപ്പോൾ പത്തോളം പേര്‍ സദസ്സിലുണ്ട്. അതിലൊരു അന്‍സ്വാരി നബി(സ്വ)യോടു ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ജനങ്ങളില്‍ ഏറ്റവും മാന്യനും ബുദ്ധിമാനും ആരാണ്? തിരുമേനി(സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും മരണസ്മരണയും മരണത്തിനു തയ്യാറെടുപ്പും ഉള്ളവന്‍. അത്തരക്കാര്‍ ഇഹലോകത്തു ബഹുമതിയും പരലോകത്തു ശ്രേഷ്ഠതയും കരസ്ഥമാക്കിയവരാണ്” (ഇബ്നുമാജ). മരണസ്മരണ മുകല്ലഫായ എല്ലാവരും അധികരിപ്പിക്കണമെന്നും അതു അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിനു പ്രേരകമാകുമെന്നും തുഹ്ഫ 3/90 ല്‍ കാണാം. മരണ ചിന്ത വർദ്ധിപ്പിക്കുന്നതും പതിവാക്കുന്നതും മാനസികമായി വലിയ ഫലം ചെയ്യും എന്നുകൂടി നാം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. മരണത്തെ എപ്പോഴും ഓർത്തുകൊണ്ടിരിക്കുമ്പോൾ ഒരു വ്യക്തിയുടെ മനസ്സ് ഏറെ ഭീതിതമായ ആ അനുഭവത്തോട് ഒരല്പം തദാത്മ്യപ്പെടും എന്നു പറയാതിരിക്കാൻ വയ്യ. ഇത് സാക്ഷാൽ മരണത്തിന്റെ വേദനയും വെപ്രാളവും ലഘൂകരിച്ചുകിട്ടുവാൻ ഒരു കാരണമായി തീരും. ഇതാണ് മരണ സ്മരണയുടെ മനശാസ്ത്രം. ഈ ആയത്തിൽ വ്യക്തമായി പറഞ്ഞത് മരണത്തെക്കുറിച്ചാണെങ്കിലും ഇഛകളെ നിയന്ത്രിച്ച് സന്മാർഗ പ്രാപ്തി കൈവരിക്കുവാനുള്ള ഒരു ഉൽബോധനം അതിൽ ഉള്ളടങ്ങിയിട്ടുണ്ട്. ശേഷം വരുന്ന ആയത്തുകളുടെ ആശയം അതിനു മതിയായ സൂചനയാണ്.
9 സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന്ന് ബാങ്കൊലി മുഴങ്ങിയാല്‍ ദൈവസ്മരണയിലേക്ക് ധൃതിപ്പെട്ടു പോവുകയും കച്ചവടാദികളൊഴിവാക്കുകയും ചെയ്യുക. വിവരമുള്ളവരാണെങ്കില്‍, അതാണ് നിങ്ങള്‍ക്കുത്തമം.
ജുമുആ ദിവസത്തിൻ്റെ സവിശേഷതകളിലേക്കാണ് ഈ ആയത്ത് കടക്കുന്നത്. അല്ലാഹു മുഹമ്മദ് നബി (സ)യുടെ ഉമ്മത്തിന് നൽകിയ സവിശേഷമായ ദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസത്തിൽ എല്ലാ വിശ്വാസികളും ഒരുമിച്ച് ചേർന്ന് ഒന്നിച്ച് പ്രാർത്ഥനകളിൽ പങ്കാളികളാവണം എന്നും ആ പ്രാർത്ഥനയെ അന്വർത്ഥമാക്കുന്ന വിധത്തിൽ ആ ദിനം മുഴുവനും അച്ചടക്കം പുലർത്തണമെന്നുമാണ് അല്ലാഹുവിൻ്റെ താൽപര്യം. ദിവസങ്ങളിൽ ഏറ്റവും പണ്യമായ ദിവസമാണ് വെള്ളിയാഴ്ച. ആദം നബി(അ)യെ സൃഷ്ടിച്ചതും സ്വർഗത്തിൽ പ്രവേശിപ്പിച്ചതും വെള്ളിയാഴ്ച ദിവസത്തിലാണ്. മനുഷ്യ പിതാവ് പിന്നീട് ഭൂമിയിൽ താമസമാക്കിയതും ഈ ദിനത്തിൽ തന്നെ. അല്ലാഹു ആദം നബി(അ)യെ അനുഗ്രഹിച്ചതും ആദം നബി (അ) വഫാത്തായതും ഈ ദിവസത്തിലാണ്. അന്ത്യനാൾ സംഭവിക്കുക വെള്ളിയാഴ്ച ദിവസത്തിലാണ്. സ്വർഗവാസികൾക്ക് അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യം ലഭിക്കുന്നതും വെള്ളിയാഴ്ചയാണ്. മലക്കുകൾ അനുഗ്രഹങ്ങൾ വർധിക്കുന്ന ദിവസമായിട്ടാണ് ഈ ദിവസത്തെ കാണുന്നത്. ഇത്രയും സവിശേഷമായ ഈ ദിവസത്തെ മുഴുവനും ആരാധനാത്മകമായി സമീപിക്കണം എന്നതാണ് ഇസ്ലാമിൻ്റെ താല്പര്യം. അതിൻ്റെ ഭാഗമായി കൊണ്ടാണ് അന്നേ ദിവസം കുളിക്കുന്നതിനും നഖം തുടങ്ങിയവ മുറിച്ചുമാറ്റുന്നതിനും നല്ല വസ്ത്രങ്ങൾ ധരിക്കുന്നതിനും നേരത്തെ പള്ളിയിൽ പോകുന്നതിനും വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യുന്നതിനും നബി(സ)യുടെ മേൽ ധാരാളമായി സലാത്ത് ചെല്ലുന്നതിനുമെല്ലാം വലിയ പ്രചോദനങ്ങൾ പ്രമാണങ്ങൾ നൽകുന്നത്. വെള്ളിയാഴ്ച ദിവസത്തെ കുറിച്ച് നബി(സ) പറഞ്ഞതായി അബൂ ഹുറൈറ(റ) പറയുന്നു: “ആ ദിവസം ഒരു സമയമുണ്ട്, ആര് അല്ലാഹുവിനോട് ആ സമയം ദുആ ചെയ്യുകയാണെങ്കിലും അവൻ ഉത്തരം നൽകുന്നതാണ്”.
(ബുഖാരി, മുസ്ലിം). വെള്ളിയാഴ്ചയ്ക്ക് കൽപ്പിക്കേണ്ട ജാഗ്രതയാണ് ഈ ആയത്തിൽ പറയുന്നത് വെള്ളിയാഴ്ചയിലെ ജുമുഅക്ക് വാങ്ക് വിളിച്ചാൽ എല്ലാ ഭൗതിക കാര്യങ്ങളെയും ഇടപാടുകളെയും നിർത്തിവെച്ച് ജുമുഅയിലേക്ക് വേഗത്തിൽ പോകണം. വിൽപ്പന ഉപേക്ഷിക്കുക എന്നാൽ കച്ചവടം നിർത്തിവെക്കുക എന്നതാണ്.
അല്ലാഹു ജീവിതായോധനം തേടാന്‍ വേണ്ടി നിര്‍ദേശിച്ച കച്ചവടം ഈയൊരു സന്ദര്‍ഭത്തില്‍ മറ്റുള്ളവയെപോലെതന്നെ മാറ്റിവെക്കപ്പെടേണ്ടതാണ്. ആ സമയത്ത് നടക്കുന്ന ഏതൊരു ഇടപാടും ബാത്വിലാണെന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയിരിക്കുന്നു. മുസ്‌ലിമിന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിൽ ഒന്നാണിത്. മറ്റൊരു ഇടപാടും സൂചിപ്പിക്കാതെ കച്ചവടം മാത്രം എടുത്ത് പറഞ്ഞത് മനുഷ്യന്‍ ഭൗതിക ലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന ഏര്‍പാട് ആയത് കൊണ്ടാണ്.
10 അങ്ങനെ, നമസ്‌കാരം അവസാനിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ ഔദാര്യമന്വേഷിക്കുകയും വിജയപ്രാപ്തിക്കായി അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുക.
ഇസ്ലാം സന്തുലിതത്വത്തിന്റെ മതമാണ്. മനുഷ്യൻ്റെ ജീവിതത്തിൻ്റെ എല്ലാ ഭാഗങ്ങളെയും ഒരേസമയം ഇസ്ലാം നോക്കി കാണുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ജുമുഅയുടെ സമയമായി കഴിഞ്ഞാൽ പിന്നെ കച്ചവടമേ പാടില്ല എന്ന് പറയുന്ന അള്ളാഹു ‘നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്യുക എന്ന് ഒപ്പം തന്നെ പറഞ്ഞു വെക്കുന്നത്. അതിനിടയിൽ കച്ചവടം വഴി അല്ലാഹുവിൻ്റെ അനുഗ്രഹം തേടുകയും ചെയ്യുക എന്നു പറയുന്നത്, മേൽപ്പറഞ്ഞ സൂക്തത്തിന്റെ ആശയം കച്ചവടത്തോടുള്ള എതിർപ്പല്ല മറിച്ച് ജുമുഅയോടുണ്ടാകേണ്ട പരിഗണനയാണ് കുറിക്കുന്നത്. ജുമുഅ കഴിഞ്ഞാൽ നിങ്ങൾക്ക് കച്ചവടം ചെയ്യാം എന്നും അതുവഴി നിങ്ങൾ നേടുന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ് എന്നും മേൽപ്പറഞ്ഞ സന്തുലിതത്വത്തിന് വേണ്ടി പറയുന്നു.
11 ഏതെങ്കിലും കച്ചവടമോ വിനോദമോ ദൃഷ്ടിയില്‍ പെട്ടാല്‍ അങ്ങോട്ടവര്‍ പാഞ്ഞടുക്കുകയും അങ്ങയെ നില്‍ക്കുന്നപാടെ വിട്ടേച്ചു പോവുകയും ചെയ്കയാണ്! താങ്കള്‍ പ്രഖ്യാപിക്കുക: കച്ചവടത്തേക്കാളും വിനോദത്തേക്കാളും ശ്രേഷ്ഠം അല്ലാഹുവിങ്കലുള്ളതാകുന്നു. ഉപജീവനം നല്‍കുന്നവരില്‍ ഏറെ ഉദാത്തനത്രേ അവന്‍!
ഈ സൂക്തം അന്ന് അവിടെ ഉണ്ടായ സംഭവത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.
മദീനയില്‍ ഒരിക്കൽ രൂക്ഷമായ ഭക്ഷ്യക്ഷാമവും വിലക്കയറ്റവുമുണ്ടായി. അപ്പോഴാണ് സിറിയയില്‍ നിന്നുള്ള ഒരു കച്ചവട സംഘം മദീനയിലെത്തിച്ചേർന്നത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. എല്ലാവരും ഭക്തിയോടെ മസ്ജിദുന്നബവിയിൽ ഒരുമിച്ചുകൂടി പ്രാർത്ഥനയിൽ ലയിച്ചുചേരാനിരിക്കുന്ന സമയമായിരുന്നു. കച്ചവട സംഘങ്ങൾ അവരുടെ സഞ്ചാരത്തിലും എത്തിച്ചേരലിലും എല്ലാം ചില പ്രത്യേക താളങ്ങൾ ഉപയോഗിക്കുമായിരുന്നു. കച്ചവടത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് അതിൻ്റെ പിന്നിലുള്ള താൽപര്യം. വളരെ അച്ചടക്കത്തോടെ പള്ളിയിൽ പ്രാർത്ഥന നിരതരായി ഇരിക്കുമ്പോഴാണ് സ്വഹാബിമാർ ഈ കച്ചവട സംഘത്തിൻ്റെ മുട്ടും വിളിയും കേട്ടത്. അത്തരം ഒന്ന് അവർ കാത്തിരിക്കുന്ന സമയമായിരുന്നു. തങ്ങൾക്കു വേണ്ട വിഭവങ്ങൾ അവരുടെ കൈവശം ഉണ്ടായിരുന്നു. പക്ഷേ അവരുടെ അകത്തളങ്ങളിൽ ഒരു ആശങ്ക നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു. തങ്ങൾ പ്രാർത്ഥനയെല്ലാം അവസാനിപ്പിച്ചു ചെല്ലുമ്പോഴേക്കും കച്ചവട സംഘത്തിൻ്റെ കൈവശമുള്ള ചരക്കുകൾ തീർന്നു പോയേക്കുമോ എന്ന ആശങ്കയായിരുന്നു അത്. അത്രയും വലിയ ക്ഷാമത്തിലൂടെയാണ് മദീന അപ്പോൾ കടന്നുപോയിരുന്നത്. കയ്യിൽ വല്ലതുമുള്ളവരെല്ലാം കിട്ടാവുന്ന അത്ര വാങ്ങി കൂട്ടിയേക്കാവുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. അപ്പോഴേക്കും നബി(സ) ഖുതുബ ആരംഭിച്ചിരുന്നു. സമുദായത്തിന്റെ സജീവമായ ശ്രദ്ധയിൽ നടക്കേണ്ട ഒരു ആരാധനയാണ് വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ. അതിനെ ഒരു സാധാരണ പ്രസംഗമായി കാണാനോ പൊതുവത്കരിക്കാനോ പാടില്ലാത്തതാണ്. കാരണം അത് ഒരു ആരാധനയെ പോലെ പ്രത്യേക ഉപാധികൾ പാലിച്ചു മാത്രം ചെയ്യേണ്ട കാര്യമാണ്. ഖുതുബ സാധുവാകുന്നതിന് അനിവാര്യ ഘടകങ്ങള്‍ കൊണ്ടുവരുന്നതോടൊപ്പം ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ജുമുഅ നിസ്‌കാരത്തിന് മുമ്പാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. പ്രദേശവാസികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ വെച്ചായിരിക്കണം ജുമുഅ നിസ്‌കാരം പോലെ ഖുതുബയും നിര്‍വഹിക്കുന്നത്. പുരുഷന്മാരാണ് ഖുതുബ നിര്‍വഹിക്കേണ്ടത്. സ്ത്രീകള്‍, ഭിന്നലിംഗത്തില്‍ പെട്ടവര്‍ എന്നിവരുടെ ഖുതുബ സാധുവല്ല. ളുഹർ നിസ്‌കാരത്തിന്റെ സമയത്ത് തന്നെ നിര്‍വഹിക്കുക, അശുദ്ധിയില്‍ നിന്നും നജസില്‍ നിന്നും ശുദ്ധി വരുത്തിയ ശേഷമായിരിക്കുക, നഗ്നത(ഔറത്) മറക്കുക, നില്‍ക്കാന്‍ സാധിക്കുന്നവര്‍ നിന്ന് കൊണ്ട് തന്നെ ഖുതുബ നിര്‍വഹിക്കുക, അറബി ഭാഷയിലായിരിക്കുക, ജുമുഅക്ക് അര്‍ഹതപ്പെട്ട നാല്‍പതാളുകളെ കേള്‍പ്പിക്കുകയും അവര്‍ ഖുതുബ കേള്‍ക്കുകയും ചെയ്യുക, രണ്ട് ഖുതുബകള്‍ക്കിടയില്‍ നിശ്ചലമായി ഇരിക്കുക തുടങ്ങിയ ഉപാധികൾ വഴി അതിനെ ഒരു ആരാധനാത്മകതയാണ് അല്ലാഹു കൽപിച്ചിട്ടുള്ളത്. അതിനാൽ തന്നെ അതിൻ്റെ പ്രാധാന്യം കൽപ്പിച്ചു കൊണ്ടുള്ള സമീപനം അതിനോട് പുലർത്തേണ്ടത് നിർബന്ധമാണ്.
പക്ഷേ ഈ രംഗത്ത് സഹാബിമാരിൽ പലരും ആ ഗൗരവം പുലർത്തിയില്ല കച്ചവട സംഘത്തിൻറെ മുട്ടും വിളിയും കേട്ടതും അവർ ഓരോരുത്തരായി പള്ളിയിൽനിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. ഏതാണ്ട് പത്തോ പന്ത്രണ്ടോ മാത്രം പേർ ആയിരുന്നു ആകെ നബി(സ)യുടെ മുമ്പിൽ അവശേഷിച്ചത്. ഈ രംഗം ഗുരുതരമായ ഒരു അച്ചടക്ക രാഹിത്യമായി അള്ളാഹു കണ്ടു. അതിനാൽ അക്കാര്യത്തിൽ ശക്തമായി താക്കീത് ചെയ്തു കൊണ്ടാണ് ഈ ആയത്ത് അവതരിച്ചത്.
നബി(സ) തിരുമേനി വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തില്‍ ഈ സൂറത്തും അടുത്ത സൂറത്ത് മുനാഫിഖൂനും ഓതാറുണ്ടായിരുന്നുവെന്നു ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്. അതിനു പിന്നിൽ ചില ആത്മീയ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഉണ്ട്. അവയിൽ ഒന്ന് ഈ സൂറത്തില്‍ ജുമുഅയെ പറ്റി പ്രസ്താവി ച്ചിരിക്കുന്നു എന്നതാണ്. മാത്രമല്ല, ഇസ്‌ലാമിന്‍റെ മുഖ്യശത്രുക്കളായ യാഹൂദികളെ കുറിച്ച് ഈ സൂറത്തിൻ്റെ ആദ്യ ഭാഗത്ത് പരാമർശിക്കുന്നുണ്ട്. അൽ മുനാഫിഖൂൻ സൂറത്തിലാവട്ടെ മറ്റൊരു ശത്രുവിഭാഗമായ മുനാഫിഖുകളെക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഈ രണ്ടു സൂറത്തും ജനമദ്ധ്യെ ഓതികേള്‍പ്പിക്കുക വഴി മുസ്‌ലിംകള്‍ക്ക് അവരുടെ പ്രധാനപ്പെട്ട രണ്ട് ശത്രുക്കളെക്കുറിച്ച് സജീവമായ ജാഗ്രതയും അവബോധവും ഉണ്ടായിരിക്കുവാൻ ഈ ആവർത്തിച്ചുള്ള പാരായണം ഫലപ്പെട്ടേക്കാം എന്നതാണ് അതിൻ്റെ പിന്നിലുള്ള ഒരു യുക്തി. അതോടൊപ്പം ഈ സൂറത്ത് ജുമുഅ അതിൻ്റെ ഖുതുബ എന്നീ രണ്ടു പ്രധാന ഇസ്ലാമിക സാമൂഹിക ആരാധനകളെക്കുറിച്ച് ഗൗരവതരമായി ഉണർത്തുകയും ചെയ്യുന്നു. അതിനാൽ ഈ നിസ്കാരങ്ങളിൽ ഈ സൂറത്തുകൾ പാരായണം ചെയ്യുന്നത് സുന്നത്തുമാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso