Thoughts & Arts
Image

മാന്യത കൈവിടരുത്, എവിടെയും..

16-11-2024

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി







ദീൻ എന്നു പറഞ്ഞാൽ സ്വഭാവങ്ങളാണ് എന്നു പറയും മഹാന്മാർ. സൽസ്വഭാവങ്ങളെയെല്ലാം പരിപൂർണ്ണമായി അവതരിപ്പിക്കുവാനാണ് എൻ്റെ നിയോഗം എന്ന് നബി തിരുമേനി(സ) തന്നെ പറഞ്ഞിട്ടുണ്ടല്ലോ. മറ്റുള്ളവരുടെ മുമ്പിൽ തൻ്റെ നല്ല സ്വഭാവവും സമീപനവും പ്രകടിപ്പിക്കുകയും പുലർത്തുകയും ചെയ്യുന്നതിനെയാണ് മാന്യത എന്ന് പറയുന്നത്. ഒരു സമൂഹമായി ജീവിക്കുന്നത് കൊണ്ടും അങ്ങനെയല്ലാതെ ഒരാൾക്കും ജീവിക്കാൻ കഴിയാത്തത് കൊണ്ടും മാന്യത എല്ലാവരും പുലർത്തുകയും നേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിൽ പരാജയപ്പെട്ടാൽ ഒരു സമുദായം, സമൂഹം എന്നീ അർത്ഥങ്ങളിൽ നാം പരാജയപ്പെടുകയും കേവലം മനുഷ്യേതര ജീവികളെ പോലെ ആയി തീരുകയും ചെയ്യും. ഇക്കാരണത്താലാണ് ഇസ്ലാം അതിൻ്റെ അനുശാസനകളിൽ മഹാഭൂരിപക്ഷവും മനുഷ്യൻ്റെ സ്വഭാവം, സംസ്കാരം തുടങ്ങിയവയെ സ്ഫുടം ചെയ്തെടുക്കുവാൻ തിരിച്ചുവിട്ടിരിക്കുന്നത്. അതിനുവേണ്ടി ഇസ്ലാം നടത്തുന്ന ഉദ്ബോധനങ്ങൾ നീണ്ട ഒരു പട്ടികയാണ്. അതിൽ പ്രധാനപ്പെട്ടവയെയാണ് നാം ഇപ്പോൾ ചിന്തക്കെടുക്കുന്നത്. അതിൽ ഒന്നാമത്തേത് സംസാരം തന്നെയാണ്. ഒരു മനുഷ്യനിൽ നിന്ന് നിർഗളിക്കുകയും മറ്റൊരു മനുഷ്യനിലേക്ക് ഏറ്റവും ആദ്യമായി കടന്നെത്തുകയും ചെയ്യുന്ന മാനുഷിക വ്യവഹാരമാണ് സംസാരം. മറ്റൊരു മനുഷ്യനെ സരളമായി ആക്രമിക്കുവാനും മാന്യമായി ശ്ലാഖിക്കുവാനും ഉപയോഗപ്പെടുത്താവുന്ന ഒരു ആയുധം കൂടിയാണ് സംസാരം. അതിനാൽ അതു മാന്യവും സൂക്ഷ്മതയോടെ മാത്രം ഉപയോഗിക്കുന്നതും ആയിരിക്കണം എന്ന് ഇസ്ലാം ശഠിക്കുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ നല്ലതു മാത്രം പറഞ്ഞുകൊള്ളട്ടെ എന്നും അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്നുമാണ് നബി തിരുമേനി(സ) പറഞ്ഞത്. ഈ ഭൂമി മുഴുവനും ഒരു കലാപക്കളമാക്കി മാറ്റുവാനും ഭദ്രതയുള്ള ഏതു സാമൂഹ്യ-സാമുദായിക അണക്കെട്ടിനെയും തകർത്തു തരിപ്പണമാക്കുവാനും നാവിൻ്റെ ഒരൽപ്പം വിസർജ്യം മാത്രം മതി.



ശാപവാക്കുകള്‍, കുത്തുവാക്ക്, അശ്ലീലം, ദ്വയാർഥ പ്രയോഗം, പരിഹാസം തുടങ്ങിയവയൊന്നും വിശ്വാസിക്ക് ഭൂഷണമല്ല എന്നാണ് പ്രവാചകന്‍(സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആൻ ഈ കാര്യങ്ങളെക്കുറിച്ചല്ലാം ദീർഘമായി സംസാരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.' (ഹുജുറാത്ത്:11) പരിഹാസമടക്കം മേൽപ്പറത്ത സംസാര വൈകൃതങ്ങൾ എല്ലാം ഒരു തരത്തില്‍ അഹങ്കാരത്തിന്‍റെ ഉല്‍പ്പന്നമാണ്. ആദം നബി(അ)യെ നോക്കി 'നിസ്സാരമായ മണ്ണില്‍ നിന്ന് ജന്മം കൊണ്ടവന്‍' എന്ന് പിശാച് പരിഹസിച്ചതും 'ഇതാ ഒരു പരിശുദ്ധന്‍ വന്നിരിക്കുന്നു' എന്ന് സദൂം ഗോത്രക്കാര്‍ ലൂത്വ് നബി(അ)യെ പരിഹസിച്ചതും 'ഇവന്‍ വെറുമൊരു ഹീനന്‍' എന്ന് ഫിര്‍ഔന്‍ മൂസാ നബി(അ)യെ പരിഹസിച്ചതും 'ഹോ, നീ മാത്രമൊരു വിവേവികയും വിവരക്കാരനും' എന്ന് മദ് യന്‍കാര്‍ ശുഐബ് നബി(അ)യെ പരിഹസിച്ചതും, ഭ്രാന്തനും ആഭിചാരക്കാരനുമൊക്കെയായി ഖുറൈശികള്‍ പ്രവാചക തിരുമേനി(സ്വ)യെ പരിഹസിച്ചതും എല്ലാം അഹന്തയുള്ള അഹങ്കാരം കൊണ്ടായിരുന്നു. ദീനിന്‍റെ ശിരസ്സ് ഇസ്ലാമിക നിഷ്ഠയും അതിന്‍റെ തൂണ്‍ നിസ്കാരവും അതിന്‍റെ ഔന്നത്യം ജിഹാദുമാണ് എന്നു പറഞ്ഞ നബി(സ്വ) ഇവ മുഴുവനും ജീവിതത്തില്‍ അധീനമാക്കാനുള്ള ശേഷിയെന്താണെന്ന് മുആദ് ബിൻ ജബൽ(റ)നോട് നാവില്‍ തൊട്ടുകൊണ്ടു പറഞ്ഞു കൊടുത്തത് 'ഇതാ, ഇതിനെ നീ നിയന്ത്രിച്ചു നിര്‍ത്തുക' എന്നായിരുന്നു. നാവിൻ്റെ കാര്യത്തിൽ ഉദാസീനത പുലർത്തുന്നവരെപ്പററി, നാവുകൾ കൊയ്തെടുത്ത ഫലങ്ങളല്ലാതെ മറ്റൊന്നുമല്ല ജനങ്ങളെ നരകത്തിലേക്ക് തലകുത്തി വലിച്ചെറിയുക എന്നുകൂടി പറഞ്ഞു നബി തങ്ങൾ(സ്വ). (തിര്‍മിദി)



മറ്റൊന്ന്, സമീപനത്തിലെ മാന്യതയാണ്. സംസാരം നേരെ ചൊവ്വേ പൊട്ടിത്തെറിക്കുമ്പോൾ സമീപനം ശാന്തമായി അപരനെ വേട്ടയാടുന്നു. മറ്റുള്ളവരോടുള്ള സമീപനം അവർ ശത്രുക്കളോ തന്നെക്കാൾ താഴ്ന്നവരോ ആണെങ്കിൽ പോലും വളരെ മാന്യമായിരിക്കണം എന്നാണ് ഇസ്ലാമിൻ്റെ താല്പര്യം. നബി(സ്വ) അങ്ങനെയാണ് കാണിച്ചു പഠിപ്പിച്ചു തന്നത്. നബിയുടെ പള്ളിയിൽ മൂത്രമൊഴിച്ച ഒരു അനാഗരികന്റെ കഥ സുവിതമാണല്ലോ. ജനങ്ങളെല്ലാം വൈകാരികമായി പ്രതികരിച്ചപ്പോൾ നബി(സ്വ)തങ്ങൾ ശാന്തനായി അയാളെ മൂത്രമൊഴിക്കുന്നത് പൂർത്തിയാക്കുവാൻ അനുവദിക്കുകയായിരുന്നു. പിന്നീട് ആ സ്ഥലം വൃത്തിയാക്കാൻ അനുയായികളോട് കല്‍പ്പിച്ച് നബി തങ്ങൾ അയാളെ വിളിച്ച് പറഞ്ഞു: ‘മാലിന്യവും വൃത്തികേടുകളും പള്ളികള്‍ക്ക് ചേര്‍ന്നതല്ല. നമസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് അവ.’ മാന്യമായ സമീപനത്തിന്റെ മഹത്വം അനുഭവിക്കുകയായിരുന്നു അവിടെ ആ അഅ്റാബി. മുആവിയ ബിന്‍ ഹകം(റ) അദ്ദേഹത്തിന്റെ തന്നെ ഒരു അനുഭവം വിവരിക്കുന്നുണ്ട്. നമസ്‌കാരത്തില്‍ ഒരാള്‍ തുമ്മിയപ്പോള്‍ അദ്ദേഹം ‘അല്‍ഹംദു ലില്ലാഹ്’ എന്നു പറഞ്ഞു. അതിന്റെ പേരില്‍ ആളുകള്‍ ആക്ഷേപാര്‍ത്ഥത്തില്‍ നോക്കുകയും തുടയില്‍ അടിച്ചു അയാളെ നിശബ്ദനാക്കുകയും ചെയ്തു. ആകെ കലപില ഉയർന്നതോടെ മുആവിയ തളർന്നു. നമസ്‌കാര ശേഷം നബി തങ്ങൾ തന്നെ ശകാരിച്ചേക്കും എന്നു കരുതി പേടിച്ചു നിൽക്കവെ നബി(സ്വ) അടുത്തു ചെന്ന് മുആവിയയോട് മാത്രമായി പറഞ്ഞു: ‘നമസ്‌കാരത്തില്‍ സംസാരിക്കാന്‍ പാടില്ല. അത് തസ്ബിഹും തക്ബീറും ഖുര്‍ആന്‍ പാരായണവുമാണ്.’ ശ്വാസം നേരെ വീണ അദ്ദേഹം പറഞ്ഞു: 'നബി(സ)യേക്കാള്‍ നല്ല ഒരു അധ്യാപകനെ മുമ്പോ ശേഷമോ കണ്ടിട്ടില്ല. അദ്ദേഹം എന്നെ വെറുക്കുകയോ അടിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല' (മുസ്ലിം)



ഒരു സാഹചര്യത്തിലും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക എന്നതാണ് മറ്റൊന്ന്. ശത്രുത മനോഭാവത്തോടു കൂടെയുള്ള കടന്നുകയറ്റങ്ങളെ മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരാധനയുടെ കാര്യത്തിൽ പോലും മറ്റുള്ളവരുടെ വൈകാരികതകളെ മാനിക്കുവാനാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. മുആദ്(റ) ഒരിക്കല്‍ ഇശാഅ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സൂറത്തുല്‍ ബഖറ പാരായണം ചെയ്തു തുടങ്ങിയ ആ നിസ്‌കാരം വളരെ ദീര്‍ഘിച്ചു. പിന്തുടര്‍ന്നിരുന്നവരില്‍ ഒരാള്‍ ഇടക്ക് മാറി ഒറ്റക്ക് നിസ്‌കരിച്ചു. അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തോട് ‘താങ്കള്‍ മുനാഫിഖായോ?’ എന്നു ചോദിച്ചു. അദ്ദേഹം നബി(സ)യുടെ അടുക്കല്‍ ചെന്നു മുആദ്(റ)നെ കുറിച്ച് പരാതി പറഞ്ഞു. അപ്പോള്‍ നബി(സ) മുആദിനെ വിളിച്ചു വരുത്തിപറഞ്ഞു: ‘മുആദ്, താങ്കള്‍ പ്രശ്‌നക്കാരനാവുകയാണോ?’ രോഗികളും ദുര്‍ബലരായവരും നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലുണ്ടാകും. അവരെ പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്നാണ് നബി(സ്വ) കല്‍പ്പിച്ചത്. അപ്രകാരം തന്നെ ഈ ആശയത്തിന്റെ ഗൗരവം കാണിക്കുന്ന മറ്റൊരു സംഭവമുണ്ട്. അത് ഇത്തരം ഒരു പരിഗണനയിൽ നിന്ന് ഒരല്പം പിടിവിട്ടപ്പോൾ നബി തിരുമേനി(സ്വ)യെ അല്ലാഹു ശക്തമായി താക്കീത് ചെയ്തു എന്നതാണ്. സൂറത്തു അബസ അവതരിക്കാൻ ഉണ്ടായ സാഹചര്യം തന്നെ അതായിരുന്നു. ഒരിക്കൽ പ്രമുഖ സഹാബി അന്ധനായ അബ്ദുല്ലാഹി ബിൻ ഉമ്മു മക്തൂം(റ) നബിയുടെ സമീപത്തേക്ക് വന്നതായിരുന്നു. നബിയിൽ നിന്ന് ജീവിതമോക്ഷ പാഠങ്ങൾ കേൾക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗമന ഉദ്ദേശം. അപ്പോൾ അവിടെ മുശ്രിക്കുകളിൽ നിന്നുള്ള ചില പ്രധാനികൾ ഉണ്ടായിരുന്നു അവരുമായി ചർച്ചയിലായിരുന്നു നബി(സ്വ). അവരിൽ ചിലർ ഇസ്ലാമിലേക്ക് വരണം, വരും എന്നൊക്കെയുള്ള വലിയ പ്രതീക്ഷ നബി തങ്ങൾ പുലർത്തുന്നുണ്ടായിരുന്നു. ഇത്തരമൊരു സന്ദർഭത്തിൽ അന്ധനായ ഇദ്ദേഹം കടന്നുവന്നത് നബിക്ക് വല്ലാതെ ഇഷ്ടപ്പെട്ടില്ല. അതിലുള്ള നീരസം നബിയുടെ ശരീര ഭാഷയിൽ പ്രതിഫലിക്കുകയും ചെയ്തു. ആ അവഗണനയെ ചൊല്ലിയാണ് നബി(സ്വ) തങ്ങളെ അള്ളാഹു ഈ സൂറത്തിന്റെ ആമുഖ സൂക്തങ്ങളിലൂടെ ആക്ഷേപിച്ചത് (തിർമിദി).



ഈ വിഷയത്തിലുള്ള ഇസ്ലാമിന്റെ താൽപര്യങ്ങളും അനുഭവ പാഠങ്ങളും പരിശോധിക്കുമ്പോൾ, മനുഷ്യകുലത്തിന്റെ പരസ്പരബന്ധങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു തരത്തിലുള്ള നീക്കങ്ങളും ഒരാളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുവാൻ പാടില്ല എന്നാണ് ഇസ്ലാമിൻ്റെ നിലപാട് എന്നു വ്യക്തമാകും. കുലത്തിന് സമാധാനപൂർവ്വം ജീവിത വ്യവഹാരങ്ങളുമായി ജീവിതങ്ങൾ ജീവിച്ചു തീർക്കുവാൻ അവസരമുണ്ടാവുക എന്നത് പരമപ്രധാനമാണല്ലോ.



0




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso