Thoughts & Arts
Image

കുടുംബത്തിന്റെ സ്നേഹ സുൽത്വാൻ

27-08-2021

Web Design

15 Comments






മനോഹരവും മനോജ്ഞവുമായിരുന്നു പ്രവാചക സുൽത്വാന്റെ കുടുംബജീവിതം. സംതൃപ്തവും സന്തുഷ്ടവുമായ ആ കുടുംബ ജീവിത വഴിയിലൂടെ മഹോന്നതനായ മണവാളനോടൊപ്പം കണ്ടും കേട്ടും നടക്കുമ്പോൾ സ്നേഹം, സന്തോഷം, കാരുണ്യം, സ്വാന്തനം, അംഗീകാരം, പരിഗണന, ചിലപ്പോൾ ഗൗരവവും എല്ലാം കാണാം, കേൾക്കാം.



ആദ്യ രംഗം കാണാൻ നമുക്ക് ഹിജ്റ രണ്ടിൽ ബദർ യുദ്ധത്തിൽ പിടികൂടപ്പെട്ട തടവുകാരിൽ നിന്ന് മോചനദ്രവ്യം വാങ്ങിക്കൊണ്ടിരിക്കുന്ന നബി(സ) യുടെ മുമ്പിലേക്ക് പോകാം. അവിടേക്ക് ഇപ്പോൾ കടന്ന് വരുന്നത് മക്കയിലെ പ്രധാനി അബുൽ ആസ്വ് ബിൻ റബീഇന്റെ സഹോദരനാണ്. നബിക്ക് അബുൽ ആസ്വ് മരുമകൻ കൂടിയാണ്. തന്റെ മൂത്തമകൾ സൈനബിന്റെ ഭർത്താവ്. മാത്രമല്ല തന്റെ പ്രഥമ പ്രിയതമ ഖദീജാ ബീവിയുടെ സഹോദരി ഹാലയുടെ മകനും. പക്ഷെ, കക്ഷി ബദറിൽ ശത്രുപക്ഷത്തായിരുന്നു. അതിനാൽ മോചനദ്രവ്യം നൽകിയേ തീരൂ. അതുകേട്ട് മോചനദ്രവ്യവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ. സഹോദരൻ വിലപിടിപ്പുള്ള ഒരു മാല നീട്ടി. അതു കണ്ടതും നബി(സ) അതിലേക്ക് നോക്കി നിന്നു പോയി. അതു തന്റെ എല്ലാമെല്ലാമായിരുന്ന ഖദീജയുടെ മാലയായിരുന്നു. കല്യാണ സമയത്ത് ഉമ്മ മകൾക്ക് സമ്മാനിച്ച സ്വന്തം മാല. ആ മാല ധരിച്ചു നിൽക്കുന്ന മക്കത്തെ രാജ്യത്തിയായിരുന്ന തന്റെ പ്രിയതമ ഒരു നിമിഷം മനസ്സിൽ തെളിഞ്ഞപ്പോൾ നബി(സ) ഗദ്ഗദകണ്ഠനായി. കണ്ടു നിന്നവർക്കെല്ലാം ആ സ്നേഹവികാരം വായിച്ചെടുക്കാനായി. തന്റെ പ്രിയതമയോടുള്ള സ്നേഹത്താൽ വിതുമ്പുന്ന നബി(സ)ക്ക് പിന്നെ അവരെല്ലാം സമ്മതം കൊടുത്തു മോചനദ്രവ്യം വാങ്ങാതെ തന്നെ അബുൽ ആസ്വിനെ തുറന്നുവിടാൻ. മരിച്ചു പിരിഞ്ഞിട്ടും മുറിഞ്ഞിട്ടില്ലാത്ത ആ സ്നേഹച്ചൂട് നബി മനസ്സിനേ കാണൂ.



ഇനി സന്തോഷത്തിന്റെ ഒരു വേറിട്ട രംഗം. അതു കാണാൻ നബി(സ്വ)യുടെ വാതിലിൽ മുട്ടുന്ന അബൂബക്കർ(റ)വിന്റെ ഒപ്പം കൂടാം. അദ്ദേഹം മകളെ കാണാൻ വന്നതാണ്. പക്ഷെ, ഇക്കുറി വന്നപ്പോൾ വാതിലിൽ മുട്ടുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് അകത്തു നിന്ന് ചില ആസ്വാരസ്യങ്ങൾ അനുഭവപ്പെട്ടു. അകത്ത് രണ്ട് പേരും ശണ്ഠയിലാണ്. ശ്രദ്ധിച്ചപ്പോൾ മകളുടെ ശബ്ദം തെല്ലുയർന്നു കേൾക്കുന്നുണ്ട്. അതോടെ അദ്ദേഹത്തിന് പിന്നെ പിടിച്ചു നിൽക്കാനാവുന്നില്ല. തന്റെ നബിയുടെ മുമ്പിൽ ആരും ശബ്ദമുയർത്തുന്നത് അദ്ദേഹത്തിന് ക്ഷമിക്കാനും സഹിക്കാനുമാകില്ല. അതുകൊണ്ടാണ് ഇങ്ങനെ തെല്ലുച്ചത്തിൽ മുട്ടുന്നത്. വാതിൽ അതാ തുറക്കപ്പെട്ടു. ദേഷ്യത്തോടെ അദ്ദേഹം മകൾക്കു നേരെ കയ്യോങ്ങി അടുത്തു. എന്റെ ഹബീബിന്റെ മുമ്പിൽ നീ ശബ്ദമുയർത്തുകയോ എന്ന ഭാവത്തിൽ. പക്ഷെ ഞൊടിയിടൽ മരുമകൻ ഇടയിൽ കയറിനിന്നു. അവളെ തല്ലരുത് എന്നായിരുന്നു മരുമകൻ നബിയുടെ ശരീരഭാഷ. നബി(സ്വ) തടഞ്ഞാൽ പിന്നെ കലിയടങ്ങാതെ വയ്യ. തലയും താഴ്ത്തി അദ്ദേഹം പുറത്തേക്ക്. പോകും വഴി അദ്ദേഹത്തിന് ഒരു സന്ദേഹം, രണ്ടാളും പിന്നെയും തുടങ്ങിയിട്ടുണ്ടാകുമോ ശണ്ഠ ?. തിരിച്ചു വീണ്ടും വാതിൽക്കലെത്തി. ശ്രദ്ധിച്ചപ്പോൾ അകത്ത് ചിരിയും തമാശയും !. വീണ്ടും വാതിൽ മുട്ടി. കടക്കുമ്പോൾ തന്നെ പറയുകയാണ്, നേരത്തെ നിങ്ങളുടെ പിണക്കത്തിൽ കൂട്ടിയതുപോലെ എന്നെ ഇണക്കത്തിലും കൂട്ടുക. ഇപ്പോൾ കേൾക്കുന്നത് മൂന്നു ചിരികളാണ്.



എന്നെ അങ്ങയുടെ ഭാര്യ ഹഫ്സ്വ ജൂതപ്പെണ്ണ് എന്ന് അധിക്ഷേപിച്ചു വിളിച്ചു; മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയോട് കാര്യം തിരക്കിയപ്പോൾ അവർ നബിയോട് അഥവാ മാരനോട് പറഞ്ഞു. പറയാൻ കാരണമുണ്ട്. ഖൈബറിലെ ജൂതരുടെ നേതാവായ ഹുയയ്യിന്റെ മകളാണ് അവർ. ഹിജ്റ ഏഴിൽ ഖൈബർ യുദ്ധാനന്തരമായിരുന്നു നബി(സ)യുടെ ജീവിതത്തിലേക്ക് അവർ കടന്നുവന്നത്. നബിക്ക് അവരോട് വലിയ സ്നേഹമായിരുന്നു. രണ്ടു പേരും എന്തെങ്കിലും പോര് പറയുന്നതിനിടയിൽ ഹഫ്സ്വ ബീവി അങ്ങനെ വിളിച്ചതായിരിക്കാം. എന്തായാലും അത്തരമൊരു അധിക്ഷേപം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതാണ് ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്. നബി(സ) നിർമ്മലമായി ചിരിച്ചടുത്തുചെന്നു. എന്നിട്ട് പറഞ്ഞു: നീ അതിൽ വിഷമിക്കേണ്ട, നീ ഒരു പ്രവാചകന്റെ (ഹാറൂൻ നബിയുടെ) മകളാണ്. നിന്റെ പിതൃവ്യൻ (മൂസാ നബി) ഒരു പ്രവാചകനാണ്. നീ ഒരു പ്രവാചകന്റെ(എന്റെ) പത്നിയുമാണ്. ഏതധിക്ഷേപത്തെയും നേരിടാൻ കഴിവുള്ള ഒരു മറുപടി ന്യായം കിട്ടിയപ്പോൾ സ്വഫിയ്യാ ബീവി(റ)യുടെ മുഖത്ത് ചിരി വിരിഞ്ഞു. ഇത് ആ മണവാളന്റെ സാന്ത്വന മസൃണമനസ്സ്.



സൗദാ ബീവി കുറച്ചുനാളായി അസ്വസ്ഥയാണ്. നബി(സ) തന്നെ ഒഴിവാക്കിയേക്കുമെന്നുളള ഒരു കിംവദന്തി കേട്ടതാണ് കാരണം. അങ്ങനെ ഒഴിവാക്കുകയാണെങ്കിൽ അതിൽ അൽഭുതപ്പെടാനൊന്നുമില്ല. അറബികളുടെ സംസ്കാരത്തിൽ അതു പതിവാണ്. പിന്നെ തനിക്കാണെങ്കിൽ അറുപതു കഴിഞ്ഞു. ലൈംഗിക തൃഷ്ണയൊന്നും ഒട്ടുമില്ല. പക്ഷെ, നബിയുടെ ഭാര്യയായി വിശ്വാസികളുടെ മാതാവായി മരിക്കണം എന്ന മോഹം കലശലാണ്. അതാണ് അസ്വസ്ഥതയുടെ കാരണം. ഇതിൽ നിന്നും പുറത്തുകടക്കാൻ അവർ നബിയുടെ മുമ്പിലെത്തി മനസ്സു തുറന്നു. നബിയേ, അങ്ങയുടെ പത്നിയായി മരിക്കണമെന്നേ എനിക്കുള്ളൂ. അതിനാൽ എന്റെ രാവ് ഞാൻ ആയിഷാക്ക് ദാനം ചെയ്യുകയാണ്. സൗദാ ബീവിയോടുള്ള അനുതാപം, ആയിഷാ ബീവിയോടുള്ള അഭിനിവേശം രണ്ടും ഒത്തുചേർന്നപ്പോൾ നബി(സ)യിലെ സഹൃദയൻ തീരുമാനം മാറ്റി. ആ ഹദ്‌യ സ്വീകരിക്കാൻ അല്ലാഹു ആകാശമേലാപ്പിൽ നിന്നും ഉത്തരവുമിറക്കിയല്ലോ (അന്നിസാഅ്: 128). ഇതു അവരുടെ കാരുണ്യം.



വാതിൽ ആരോ മുട്ടി. തുറന്നു നോക്കുമ്പോൾ ഉമ്മുസലമ(റ)യുടെ ഭൃത്യയാണ്. കയ്യിൽ ഒരു പാത്രം. അലീസയാണ്. നബിക്ക് ഉമ്മു സലമ (റ) കൊടുത്തയച്ചിരിക്കുകയാണ്. അതു കണ്ടതും ആയിഷാ ബീവിക്ക് ചൂടു കയറി. അവർ എഴുനേറ്റതും പാത്രത്തിനൊരു തട്ടു വെച്ചു കൊടുത്തതും ഒന്നിച്ചായിരുന്നു. പാത്രം വീണു പൊട്ടിച്ചിതറി. ഭക്ഷണം മുറിയിലാകെ പരന്നു. നബി(സ) തികച്ചും പ്രകോപനപരമായ ആ രംഗത്തിന് സാക്ഷിയാണ് അവിടെയുണ്ട്. പക്ഷെ നോക്കൂ അവർ പൊട്ടിത്തെറിക്കുന്നില്ല. തീയിൽ എണ്ണ പാരുന്നില്ല. മെല്ലെ എഴുനേറ്റ് വന്ന് ഭക്ഷണ- പാത്ര ശകലങ്ങൾ പെറുക്കിക്കൂട്ടുമ്പോൾ ഭൃത്യയോടെന്നോണം പറയുകയാണ്: നിങ്ങളുടെ ഉമ്മ കോപിച്ചിരിക്കുന്നു... അതോടെ ആ തീ അവിടെ അമർന്നു. ഇത് ഭാര്യക്ക് ഭർത്താവ് കൽപ്പിക്കുന്ന അംഗീകാരം.



സ്വഫിയ്യാ ബീവിയുമായി എന്തോ സംസാരത്തിലാണ് നബി(സ). സംസാരം നീണ്ടു. നേരം ഇരുട്ടിത്തുടങ്ങി. വൈകിയപ്പോൾ അവരെ വീട്ടിലെത്തിച്ചു കൊടുക്കാം എന്നു കരുതി അങ്ങനെ രണ്ടു പേരും നടക്കുകയാണ്. പെട്ടന്ന് രണ്ടാളുകൾ അവരെ കടന്നുപോയി. അവർ ഒന്നു തിരിഞ്ഞു നോക്കി. നബിയാണ് എന്നു മനസ്സിലായതും അവർ അവരുടെ വഴി തുടർന്നു. നബിയോടൊപ്പമുളള സ്ത്രീ ആരായാലും അവർക്ക് ഒന്നുമില്ല. ആരും ഒന്നും സംശയിക്കില്ല. അവർക്ക് നബി അത്ര വിശ്വസ്തനാണ്. പക്ഷെ, നബി ഓർത്തു. അവർക്ക് ഇപ്പോൾ സംശയം ഒന്നുമുണ്ടാവില്ല. പക്ഷെ, പിന്നീട് എന്തെങ്കിലും സംസാരങ്ങൾ ഉണ്ടായാൽ അവർ ഇതു തെറ്റായി കൂട്ടിവായിച്ചേക്കാം. ഉടനെ അവരെ രണ്ടു പേരെയും വിളിച്ച് നബി(സ്വ) പറഞ്ഞു: എന്റെ ഒപ്പമുളളത് എന്റെ ഭാര്യ സ്വഫിയ്യയാണ് .. ഇത് കുടുംബനാഥന്റെ കരുതൽ.



സന്ധി ഒപ്പിട്ടു. ഇനി മുടി കളഞ്ഞ് ഫിദ് യ അറുത്ത് മടക്കം. അടുത്ത വർഷം ഇതേ കാലം വരാം. ഉംറ ചെയ്യാം. പക്ഷെ, സഹാബിമാർക്കെല്ലാം ഉള്ള് നിറയെ പ്രതിഷേധമുണ്ട്. ഈ സന്ധി ഏകപക്ഷീയവും അനീതിപരവുമാണ് എന്നവർ കരുതുന്നു. സ്വഹാബിമാർ പ്രതിഷേധക്കൊടി ഉയർത്തിയതൊന്നുമില്ല. പക്ഷെ, അവരോട് മുടി കളയാൻ പറഞ്ഞതോടെ അവരാരും മുടി കളയാതെ പ്രതിഷേധം കാട്ടി. ഇത് നബിക്കും വിഷമമായി. ആ വിഷമം നബി(സ) ഒപ്പമുളള പത്നി ഉമ്മു സലമ(റ) യോട പങ്കുവെച്ചു. അവർ ഒരു പരിഹാരം പറഞ്ഞുകൊടുത്തു. നബിപത്നിമാരിലെ ഏറ്റവും വലിയ ബുദ്ധിമതി അവരായിരുന്നുവല്ലോ. അവർ പറഞ്ഞു: അങ്ങ് ടെന്റിൽ നിന്നും പുറത്തിറങ്ങി പരസ്യമായി മുടി മുണ്ഡനം ചെയ്യുക, അപ്പോൾ അവർക്കങ്ങനെ ചെയ്യാതിരിക്കുവാൻ കഴിയില്ല, അതു ചെയ്തു. അതോടെ അങ്ങനെ എല്ലാവരും ചെയ്യുകയും ചെയ്തു. അതും പ്രിയതമക്കുളള അംഗീകാരം.



ആ കുടുംബ ജീവിതത്തിൽ അങ്ങനെയെത്ര രംഗങ്ങളും മുഹൂർത്തങ്ങളും. ഈ കടുംബനാഥനെ കുടുംബ ജീവിതത്തിന്റെയും സുൽത്വാനാക്കി മാറ്റുകയായിരുന്നു.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso