Thoughts & Arts
Image

സൂറതുത്തത്തഗാബുൻ (1 - 4)

2025-01-24

Web Design

15 Comments


ഖുർആൻ പഠനം
ടി എച്ച് ദാരിമി



സൂറതുത്തത്തഗാബുൻ (1 - 4)



നീ തന്നെയാണ് നിൻ്റെ റബ്ബിൻ്റെ തെളിവ്



വിശുദ്ധ ഖുർആനിലെ അറുപത്തി നാലാമത്തെ അദ്ധ്യായമാണ് സൂറതുത്തഗാബുൻ. പതിനെട്ട് സൂക്തങ്ങളുള്ള ഈ അധ്യായം മഹാഭൂരിപക്ഷം വ്യാഖ്യാതക്കളുടെയും അഭിപ്രായപ്രകാരം ഹിജ്റക്കു ശേഷം അവതരിച്ച മദനിയ്യ വിഭാഗത്തിൽ പെട്ട സൂറത്തുകളിൽ പെട്ടതാണ്. മക്കിയ്യ, മദനിയ്യ എന്നിങ്ങനെയുള്ള വിഭജനത്തെ കുറിച്ച് സൂക്ഷമമായി നിരീക്ഷിച്ചിട്ടുള്ള വ്യാഖ്യാതാക്കൾ ഉന്നയിച്ചിട്ടുളള അഭിപ്രായം മക്കിയ ഇനത്തിൽ പെട്ട സൂറത്തുകൾ പൊതുവെ വിശ്വാസത്തെയും അതിനാധാരമായ ആശയങ്ങളെയും വലം വെക്കുമ്പോൾ മദനിയ്യ ഇനത്തിൽ പെട്ട സൂറത്തുകൾ സമൂഹൃവും വ്യക്തികതയുമായി നിയമ സംഹിതകളെയും ആണ് പലംവെക്കാറുള്ളത് എന്നാണ്. ഈ സൂറത്തിൻ്റെ പൊതുഘടന ശ്രദ്ധിച്ചാൽ ഈ സൂറത്ത് മക്കിയ്യാണോ എന്നു തോന്നിപ്പോകാൻ സാധ്യത കാണാം. അതുകൊണ്ടായിരിക്കാം ചിലർ ഇതു മക്കിയ്യാണ് എന്നു പറഞ്ഞത്. അതൊക്കെ ഉണ്ടെങ്കിലും ഈ സൂറത്ത് മദനിയ്യ് തന്നെയാണ് ഭൂരിപക്ഷാഭിപ്രായം. തഗാബുൻ എന്ന ഈ സൂറത്തിൻ്റെ പേര് ഇതിലെ ഒമ്പതാം ആയത്തിൽ ഈ വാക്ക് വന്നിരിക്കുന്നു എന്ന കാരണത്താൽ വന്നതാണ് എന്നാണ് മുഫസ്സിറുകൾ പറയുന്നത്. വിശുദ്ധ ഖുർആനിൽ ഈ ഒരിടത്ത് മാത്രമാണ് ഈ വാക്ക് വന്നിരിക്കുന്നത് എന്ന കൗതുകം കൂടിയുണ്ട്. യൗമുത്തഗാബുൻ എന്നാൽ നഷ്ടം വെളിപ്പെടുന്ന ദിനം എന്നാണ്. പൈശാചികവും ഈഛാപരവുമായ ചതിക്കുഴികളിൽ വീണ് ജീവിതം നയിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ നഷ്ടം വെളിപ്പെടുന്ന ദിവസം എന്ന ഉദ്ദേശത്തിൽ അന്ത്യനാളിനെ കുറിച്ചാണ് ഈ പ്രയോഗം നടത്തിയിരിക്കുന്നത്. ഈ സൂറത്തിൻ്റെ മറ്റൊരു സവിശേഷത ഇത് 'മുസ്വബ്ബിഹാത്തുകൾ' എന്ന ഇനത്തിൽ പെടുന്ന സൂറത്തുകളിൽ പെടുന്നു എന്നതാണ്. സുബ്ഹാന, സബ്ബഹ, യുസബ്ബിഹു എന്നിങ്ങനെ അല്ലാഹുവിനെ പ്രകീർത്തിക്കുന്ന പദങ്ങള് കൊണ്ടാരംഭിക്കുന്ന ഇസ്റാഅ്, ഹദീദ്, ഹശ്ര്, സ്വഫ്ഫ്, ജുമുഅ, തഗാബുന്, അഅ്ലാ എന്നീ അധ്യായങ്ങളാണ് മുസബ്ബിഹാത്തുകള്. അല്ലാഹുവിനെ പ്രകീർപ്പിച്ചുകൊണ്ട് തുടങ്ങുന്നവയായതിനാൽ ഈ സൂറത്തുകൾ സവിശേഷമായ പ്രതിഫലം ഉണ്ട്. ഇര്ബാള് ബിന് സാരിയ(റ) റിപ്പോര്ട്ട് ചെയ്യുന്നു: നബി(സ) മുസബ്ബിഹാത്തുകള് പാരായണം ചെയ്യാതെ ഉറങ്ങാറുണ്ടായിരുന്നില്ല; അവയില് ആയിരം സൂക്തങ്ങളേക്കാൾ മഹത്വമുള്ള ഒരു സൂക്തമുണ്ട്. (തിര്മിദി)



1 ഭുവന-വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റെ മഹത്ത്വപ്രകീര്ത്തനം നിര്വഹിക്കുന്നു. രാജാധിപത്യവും സര്വസ്തോത്രങ്ങളും അവന്നാണ്; സര്വകാര്യങ്ങള്ക്കും കഴിവുറ്റവനാണവന്.



പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സൃഷ്ടാവായ അല്ലാഹുവിനെ പ്രകീർത്തിച്ചുകൊണ്ട് വാഴ്ത്തുന്നു എന്നും അതിനുള്ള കാരണം എന്താണ് എന്നും ഈ സൂക്തം ഒന്നിച്ച് വെളിപ്പെടുത്തുകയാണ്. അധികാരവും കഴിവും എന്നീ രണ്ടു ന്യായങ്ങളാണ് ഈ പ്രകീർത്തനത്തിന്റെ പിന്നിലുള്ള കാരണം. ഒന്നാമത് പറയുന്ന അധികാരം സ്തോത്രത്തോട് ചേർത്താണ് പറഞ്ഞിരിക്കുന്നത് എന്നത് മറ്റൊരു അർത്ഥത്തിലേക്ക് നമ്മെ നയിക്കുന്നു. അഥവാ അല്ലാഹു തൻ്റെ അധികാര വിനിയോഗം നടത്തുന്നത് സ്തുത്യർഹമായ രീതിയിൽ മാത്രമാണ് എന്ന ആശയത്തിലേക്ക്. ഈ സവിശേഷത തന്നെയാണ് അവന് റഹ്മാൻ എന്ന ഗുണവും നേടിക്കൊടുക്കുന്നത്. എല്ലാ ന്യൂനതയിൽ നിന്നും കുറവുകളിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന പ്രഖ്യാപനമാണ് പരിശുദ്ധിയെ വാഴ്ത്തുക എന്നതിന്റെ സാരം. ചില നന്ദികെട്ട മനുഷ്യരും അതേ സ്വഭാവത്തിലുള്ള ജിന്നുകളുമൊഴികെ ആകാശഭൂമികളിലെ ജീവനുള്ളതും ഇല്ലാത്തതുമായ മുഴുവൻ ചരാചാരങ്ങളും അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നുണ്ട്. അവക്ക് സ്വയം നിർണ്ണയിക്കുവാനോ ചിന്തിച്ച് വേറെ വഴി കണ്ടെത്തുവാനോ ഉള്ള കഴിവില്ല. അത്തരം ശേഷി അവക്കൊന്നും അല്ലാഹു ആ സവിശേഷത നൽകിയില്ല. അതിനാൽ അവ നിഷ്കളങ്കമായി അല്ലാഹുവിൻ്റെ മഹത്വം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. അതിനാൽ അവ അല്ലാഹുവിനെ പ്രകീർത്തിച്ചു കൊണ്ടേയിരിക്കും. ഇക്കാര്യം വിശുദ്ധ ഖുർആൻ പലയിടത്തുമായി പ്രസ്താവിക്കുന്നുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് (അവൻ്റെ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല...' (17:44). മറ്റൊരു ആയത്തിൽ അവൻ പറയുന്നു: 'രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു' (62:1).



ഉപരിസൂചിത സൂക്തങ്ങൾ പ്രപഞ്ചത്തിലെ മൊത്തത്തിലുള്ള വസ്തുക്കളെ കുറിച്ചാണ്. അത് ഉറപ്പിക്കാൻ എന്ന നിലയിൽ കൂടി ചില സൃഷ്ടികളെ എടുത്തുപറയുക കൂടി ചെയ്യുന്നുണ്ട് വിശുദ്ധ ഖുർആൻ. ഉദാഹരണമായി പർവ്വതങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു: 'സന്ധ്യാസമയത്തും സൂര്യോദയ സമയത്തും സ്തോത്രകീർത്തനം നടത്തുന്ന നിലയിൽ നാം പർവ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു' (38:18). ദാവൂദ്(അ) അല്ലാഹുവിനെ പ്രകീര്ത്തിക്കുമ്പോള് കൂടെ പക്ഷികളും പര്വതങ്ങളും ഉണ്ടായിരുന്നു എന്ന് അല്ലാഹു മറ്റൊരിടത്തും പറഞ്ഞിട്ടുണ്ട്: 'ദാവൂദിനോടൊപ്പം കീര്ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില് പര്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തിക്കൊടുത്തു'(21:79). മറ്റൊരു സൂക്തത്തിൽ അല്ലാഹു പക്ഷികളുടെ കാര്യം ഇങ്ങനെ പറയുന്നു: 'ആകാശങ്ങളിലും ഭൂമിയിലുള്ളവരും ചിറക് നിവർത്തിപ്പിടിച്ചുകൊണ്ട് പക്ഷികളും അല്ലാഹുവിൻ്റെ മഹത്വവും പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് താങ്കൾ കണ്ടില്ലേ?...' (24:41). ഈ സൂക്തങ്ങൾ കേൾക്കുമ്പോൾ ചിലർക്കെങ്കിലും സന്ദേഹം ഉണ്ടായിരിക്കും, എങ്ങനെയാണ് പക്ഷികളുടെയും മലകളുടെയും പ്രകീര്ത്തനം എന്ന്. അത് എങ്ങനെയെന്ന് എന്ന് നമുക്കറിയില്ല. അതറിയാനുള്ള ഗ്രഹണശേഷി നമുക്ക് സൃഷ്ടാവ് നൽകിയിട്ടില്ല. ഒരു കാര്യത്തിന്റെ നിജസ്ഥിതി നമുക്ക് അറിയില്ല എന്നതിനാല് അങ്ങനെയൊരു കാര്യമില്ല എന്നു പറയുന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. അല്ലാഹു പറഞ്ഞ കാര്യം എന്താണെങ്കിലും അത് അപ്രകാരം അംഗീകരിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്. നമുക്ക് ചില കാര്യങ്ങൾ മനസ്സിലാകാത്തത് അത് മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് ഇല്ലാത്തതുകൊണ്ടാണ്. ഇല്ലാത്തത് ആണെങ്കിലും അള്ളാഹു തരാത്തത് കൊണ്ടും ആണ്. അല്ലാഹു അവന്റെ സൃഷ്ടികളില് അവന്റെ ഉദ്ദേശ്യം ഏതും നടപ്പിലാക്കാന് എല്ലാ അർഥത്തിലും കഴിവുള്ളവനാണ്. വിചാരണ നാളിൽ അല്ലാഹു നമ്മുടെ അവയവങ്ങളോടും ശരീരത്തോടും നേരിട്ട് ചോദിച്ചറിഞ്ഞാണ് വിചാരണ ചെയ്യുന്നത് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'തങ്ങളുടെ തൊലികളോട് അവര് പറയും: നിങ്ങളെന്തിനാണ് ഞങ്ങള്ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള് മടക്കപ്പെടുകയും ചെയ്യുന്നു' (41:21).



ഇപ്രകാരം തന്നെ ഇടിനാദം അല്ലാഹുവിനെ പ്രകീർത്തിക്കുന്നു എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞു. 'ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീർത്തിക്കുന്നു...'' (13:13). മലക്കുകളിൽ ഒരു വിഭാഗം സദാ അല്ലാഹുവിനെ പ്രകീർപ്പിച്ചു കൊണ്ടേ നടക്കുകയാണ്. ആ രംഗം അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: 'മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന് ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം..' (39:75) അല്ലാഹു നമ്മോടും അവൻ്റെ മഹത്വം പ്രകീർത്തിക്കുവാൻ ഇങ്ങനെ കൽപ്പിക്കുന്നു: 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുക'' (33:41,42).



2 അവനാണ് നിങ്ങളുടെ സ്രഷ്ടാവ്. എന്നിട്ട്, നിങ്ങളില് നിഷേധിയും വിശ്വാസിയുമുണ്ട്. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് കണ്ടറിയുന്നവനാണവന്. ആകാശ ഭൂമികൾ സത്യനിഷ്ഠമായാണവന് സൃഷ്ടിച്ചത്.



അല്ലഹുവിന്റെ മഹത്ത്വവും കഴിവുകളും ശക്തിവിശേഷങ്ങളും അവയുടെ ലക്ഷണങ്ങളുമെല്ലാം എത്ര വിസ്തരിച്ചു പറഞ്ഞാലും ആവര്ത്തിച്ചാലും അധികമാവില്ല; വിശിഷ്യ നിഷേധികള് ഭൂരിപക്ഷമുണ്ടാകുമ്പോള്. ഈ ആയത്തും അതിനുള്ള പ്രചോദനമാണ് പകരുന്നത്. മനുഷ്യനല്ലാത്ത ജീവജാലങ്ങളും സൃഷ്ടികളും അല്ലാഹുവിൻ്റെ മഹത്വം നിഷ്കളങ്കമായി ഉൾക്കൊള്ളുകയും അല്ലാഹുവിനെ പ്രകീർത്തിക്കുകയും ചെയ്യുമ്പോൾ മനുഷ്യനെ ഇതിന് സജ്ജമാക്കുന്നത് ചിന്തയിലൂടെയാണ്. അവനെ അവന്റെ സ്വന്തം ശരീരത്തെ കുറിച്ചും സ്വന്തം ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന മഹാസൃഷ്ടികളെക്കുറിച്ചും അവനെ കൊണ്ട് ചിന്തിപ്പിക്കുന്നു. അതുവഴി ദൈവീക മഹത്വങ്ങൾ ബോധ്യപ്പെടാനുള്ള
വികാരങ്ങളിലേക്ക് അവൻ വളരുന്നു. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് എപ്പോഴും ഇത്തരം വിഷയങ്ങൾ വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവ യെക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിക്കുകയും ഇതിനെല്ലാം ഒരു സർവ്വശക്തനായ സൃഷ്ടാവ് വേണ്ടതുണ്ട് എന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുകയും തുടർന്ന് അവന് വിധേയനായി ജീവിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ജീവിതം മോക്ഷം നേടുന്നത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഈ ആയത്തിലും അല്ലാഹു സൃഷ്ടാവാണ് എന്ന പ്രസ്താവം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. സൃഷ്ടികർമ്മം എന്നു പറയുന്നത് വലിയ ചിന്തകൾ ഉൾക്കൊള്ളുന്നതാണ്. മുൻമാതൃക ഒന്നും മുമ്പിൽ വെക്കാതെയാണ് അള്ളാഹു സൃഷ്ടി നടത്തുന്നത്. ഏതെങ്കിലും ഒരു മാതൃക മുന്നിൽ വെച്ച് അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊന്ന് കണ്ടെത്തുന്ന ഒരു രീതിയല്ല അത്. ഓരോ കാലത്തിനും ഓരോ പ്രദേശത്തിനും ഓരോ ദൗത്യത്തിനും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തന്നെയാണ് സൃഷ്ടി നടത്തുന്നത്. അവൻ നടത്തുന്ന സൃഷ്ടിയിലോ ഏർപ്പെടുത്തുന്ന സംവിധാനത്തിലോ ഒരു ന്യൂനതയും ആർക്കും കാണാൻ കഴിയുകയുമില്ല. മനുഷ്യന്മാരിൽ അധികപേരും ഈ അത്ഭുതങ്ങളുടെ ഇടയിലൂടെ വെറുതെ ജീവിച്ചു കടന്നു പോവുക മാത്രമാണ് എന്നതാണ് സങ്കടം. ഏതെങ്കിലും ഒരു വിഷയത്തിൽ അവൻ്റെ നോട്ടവും ചിന്തയും ഉടക്കി നിൽക്കുന്നില്ല. ഉടക്കിനിൽക്കുന്നുണ്ട് എങ്കിൽ ആ ഒരൊറ്റ ചിന്ത തന്നെ മാത്രം മതിയാകും അവനെ സന്മാർഗിയായ ഒരു ദൈവദാസനാക്കി മാറ്റുവാൻ.



3 നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് കണ്ടറിയുന്നവനാണവന്. ആകാശ- ഭൂമികൾ സത്യനിഷ്ഠമായാണവന് സൃഷ്ടിച്ചത്. നിങ്ങള്ക്കവന് രൂപം നല്കുകയും അത് മെച്ചപ്പെടുത്തുകയും ചെയ്തു. മടക്കം അവങ്കലേക്കു തന്നെയാണ്.



ഈ ആയത്തിന്റെയും കേന്ദ്ര വിഷയം സൃഷ്ടി തന്നെയാണ് പ്രധാനമായും ഒന്നിപ്പറയുന്നത് സൃഷ്ടാവിന്റെ നിരീക്ഷണത്തെക്കുറിച്ച് ആണ്. അവൻ വെറുതെ സൃഷ്ടിച്ചിടുക മാത്രമല്ല സൃഷ്ടിച്ചത് എല്ലാം കൃത്യമായും കണിശമായും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഈ ആയത്തിൽ മറ്റൊരു കാര്യം എടുത്തുപറയുന്നുണ്ട്. മനുഷ്യന് അല്ലാഹു മികച്ച രൂപം നൽകുകയും അതിനെ കൂടുതൽ ഉപയോഗപ്രദമാക്കി മാറ്റുകയും ചെയ്തു എന്നതാണത്. അല്ലാഹു മഹത്വം നല്കി ആദരിച്ച ഉല്കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്. മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യനെയോ, അല്ലാഹുവിന് ആരാധനകള് നിര്വഹിക്കാന് വേണ്ടിയുമാണ്. ആ സൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നു: 'ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്' (95/4). സവിശേഷമായ ആകാരവും സൃഷ്ടിപ്പും മാത്രമല്ല അതിലേറെ പ്രധാനപ്പെട്ട മറ്റുചിലതു കൂടി ഔദാര്യവാനായ അല്ലാഹു മനുഷ്യന് നല്കി അനുഗ്രഹിച്ചിരിക്കുന്നു. “തീര്ച്ചയായും നാം മനുഷ്യനെ ആദരിച്ചിരിക്കുന്നു’ ഇത് ഖുര്ആനിന്റെ പ്രഖ്യാപനമാണ്. കാര്യങ്ങള് തരംതിരിച്ച് മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള വിശേഷ ബുദ്ധി വലിയ അനുഗ്രഹം തന്നെയാണ്. മനുഷ്യനെ ഇതര ജീവികളില് നിന്ന് ശ്രേഷ്ഠനാക്കി നിര്ത്തുന്ന ഘടകവും ഈ ശക്തി തന്നെ. മറ്റുജീവികളില് നിന്നെല്ലാം വേറിട്ടു നില്ക്കുന്നതും ആകര്ഷണീയവുമായ ആകാരമാണ് മനുഷ്യന്റേത്. അവന്റെ അവയവ ഘടനയും അവയുടെ സ്ഥാനവും നിരീക്ഷിച്ചാല് ഇത് ബോധ്യപ്പെടും. ഉരഗവര്ഗങ്ങളെപ്പോലെ ശരീരം പൂര്ണമായി മണ്ണിലൂടെ വലിച്ചു നടക്കുന്ന പ്രകൃതിയല്ല അവനുള്ളത്. ഭൂമിയില് തൊട്ടു നില്ക്കുന്നത് രണ്ട് കാലുകൾ മാത്രം. ശരീരത്തിലെ ഓരോ അവയവത്തെയും അതിന്റേതായ സ്ഥാനവും മാനവും പരിഗണിച്ചു തന്നെ ക്രമീകരിച്ചിരിക്കുന്നു. ശരീരത്തിലെ ഏറ്റവും ശ്രേഷ്ഠമായ അവയവമായി ഗണിക്കപ്പെടുന്ന മുഖമുള്പ്പെടുന്ന തല ഏറ്റവും മുകളിലായിട്ട് തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റു ജീവികളെപ്പോലെ ഭക്ഷണം നേരെ വായക്കൊണ്ട് കടിച്ചും കൊത്തിയും തിന്നുന്നതിനു പകരം, കയ്യിലെടുത്ത് വായിലെത്തിക്കാവുന്നത് മനുഷ്യന്റെ മാത്രം ഗുണമാണ്. കുരങ്ങുകളെപ്പോലെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ചില ജീവികളുണ്ടെങ്കിലും അവയെല്ലാം, അതേ കൈ നിലത്തു കുത്തി നടക്കുന്നവരാണ്. അല്ലാഹു അഭിമാനത്തോടെ പറയുന്നു: 'നിന്നെ സൃഷ്ടിക്കുകയും നല്ലരൂപത്തില് സംവിധാനിക്കുകയും ചെയ്തവനാണവന്’ (82/7).



ശരീരം മുഴുവന് രോമാവൃതമായ ചിമ്പാൻസിയെ പോലുള്ള ജീവികൾ ഒരർത്ഥത്തിൽ പറഞ്ഞാൽ ചില അസ്വസ്ഥതകളും അരോചകത്വവും അനുഭവിക്കുന്നുണ്ട്. ശരീരത്തിൻ്റെ ചൂട്, തണുപ്പ്, വൃത്തി, സ്പർശന സുഖം എന്നിവയെല്ലാം ഒരല്പം പ്രയാസത്തോടെ കൂടിയാണ് അവ നേരിടുന്നത് എന്നാണ് നമുക്ക് തോന്നുക. അതേ സമയം അത് അതിൻ്റെ പേരിൽ അസ്വസ്ഥത കാണിക്കുന്നില്ല എന്നത് നേരാണ്. അത് സുഖങ്ങളെ വേറിട്ട് സങ്കൽപ്പിക്കാനോ മറ്റോ ഉള്ള ശക്തി ഇല്ലാത്തതുകൊണ്ടാണ്. പന്നിയെ പോലുള്ള ജീവികളാവട്ടെ ശരീരത്തിൽ രോമങ്ങൾ ഇല്ലാത്തതിന്റെ പേരിലാണ് പ്രയാസം അനുഭവിക്കുന്നത്. അവ അതിനാൽ വിയർക്കുക പോലും ചെയ്യുന്നില്ല. വിയർപ്പിലൂടെ പുറത്തു പോകേണ്ടുന്ന മാലിന്യങ്ങൾ ശരീരത്തിൽ തന്നെ കെട്ടിനിന്ന് അവയുടെ ശരീര മാംസത്തിന്റെ പോഷകത്വവും ഗുണനിലവാരവും കുറയുന്നത് അതുകൊണ്ടാണ്. ഇസ്ലാം പന്നിമാംസം ഹറാമാക്കിയതിനു പിന്നിലെ ശാസ്ത്രീയ യുക്തിയും ഉത്തരം കാര്യങ്ങളാണ്. എന്നാൽ മനുഷ്യ സൃഷ്ടിപ്പിൽ അല്ലാഹു സ്വീകരിച്ചിരിക്കുന്നത് ഒരു മധ്യ നിലപാടാണ്. രോമമുണ്ട് എന്നാൽ രോമമില്ല ഒട്ടും അരോചകമായി അനുഭവപ്പെടാത്ത വിധത്തില് മനുഷ്യ ശരീരം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. മറ്റുള്ളവരെ ആകർഷിക്കുവാനും ആകർഷിപ്പിക്കുവാനും സ്വയം സന്തോഷിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനും എല്ലാം ശരീരത്തിന് കഴിയുന്നു എന്ന് പറയുന്നതും അതിൻറെ സവിശേഷത തന്നെയാണ്. എന്തിനധികം മനോഹരമായി പുഞ്ചിരിക്കുവാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ള സിദ്ധിയാണ്. ശരീരത്തിന്റെ ബാഹ്യമായ ഈ സവിശേഷതകളിൽ നിന്ന് അകത്തേക്ക് കടന്നാൽ വലിയ ഒരു ചിന്താ ലോകത്താണ് നാം എത്തിച്ചേരുക.



മനുഷ്യന്റെ ബാഹ്യാകാരം അതി മനോഹരമാണെങ്കിൽ ആന്തരിക ഘടന അതി സങ്കീര്ണമാണ്. ഏകദേശം അറുനൂറ് കോടി സെല്ലുകളുള്ള ജീവിയാണ് മനുഷ്യന്. ശരീരത്തിന്റെ 60% വും വെറും വെള്ളമാണ്. തലച്ചോറിന്റെ 85%വും രക്തത്തിന്റെ 80%വും ജലം തന്നെ. കൂടാതെ ഓക്സിജന്, കാര്ബണ്ഡൈഓക്സൈഡ്, ഹൈഡ്രജന്, നൈഡ്രജന്, ഫോസ്ഫറസ് തുടങ്ങി ഇരുപതോളം മൂലകങ്ങള് മനുഷ്യ ശരീരത്തില് കലർന്നുകിടക്കുന്നു. എല്ലില് പോലും കാല് ഭാഗവും ജലമാണത്രേ. 650 കോടിയോളം ജനങ്ങള് ഇന്ന് ലോകത്ത് ജീവിക്കുന്നു. ഇവരോരുത്തരുടെയും മുഖഛായ, വിരലടയാളം, കണ്ണിന്റെ ഉള്വശം തുടങ്ങിയവ മറ്റുള്ളവരില് നിന്ന് വിത്യസ്തമാണ്. മനുഷ്യന്റെ ശബ്ദവും ഗന്ധവും പോലും മറ്റുള്ളവരില് നിന്ന് വ്യത്യസ്തമാണ്. പരിശീലനം സിദ്ധിച്ച പോലീസ് നായകള് ഗന്ധം വഴി പ്രതികളെ തിരിച്ചറിയുന്നത് ഓര്ക്കുക. സൃഷ്ടിപ്പിന്റെ കൃത്യതയും സൂക്ഷ്മതയുമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഈ വൈവിധ്യത്തിലേക്ക് വിരല് ചൂണ്ടുന്ന ഖുര്ആന് പരാമര്ശം ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: 'മനുഷ്യന്റെ വിരല് കൊടികളെപ്പോലും കൃത്യമായി നിര്മിക്കാന് കഴിവുള്ളവനാണ് നാം’ (അല് ഖിയാമഃ 4). മനുഷ്യ ശരീരത്തിനകത്ത് നടക്കുന്ന അത്ഭുതകരമായ പ്രവര്ത്തനങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടായാല് സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവം മനസ്സിലാക്കാന് അതുതന്നെ മതി. പിഎന് ദാസ് പറയുന്നു: 'മനുഷ്യ ശരീരത്തിനു സമാന്തരമായ ഒരു ഫാക്ടറി ഉണ്ടാക്കുകയാണെങ്കില് അതിന് നാലു സ്ക്വയര് മൈല് ഭൂമിവേണം. 100 സ്ക്വയര് മൈല് വരെ അതിന്റെ ശബ്ദ ശല്യമുണ്ടാകും’ (വ്യാതിയും സമാധിയും). അതുകൊണ്ടുതന്നെയാണ് മനുഷ്യനെ അല്ലാഹു പലപ്പോഴും സ്വന്തം ശരീരത്തെ ഓർമിപ്പിക്കുന്നത്. അതിൽനിന്ന് അല്ലാഹുവിലേക്കുള്ള അകലം വളരെ കുറവാണ്. (അധിക വായന: മനുഷ്യ ശരീരം മഹാത്ഭുതം ഡോ. സി. എന് പരമേശ്വരന്)



4 ഭുവന-വാനങ്ങളിലുള്ളതും നിങ്ങള് രഹസ്യ-പരസ്യമാക്കുന്നതും അവനറിയും. മനസ്സുകളിലുള്ളതു സംബന്ധിച്ച് സൂക്ഷ്മജ്ഞാനിയാണവന്.



അവൻ്റെ കാഴ്ചയുടെയും അറിവിന്റെയും കേൾവിയുടെയും മുൻപിൽ ഒരുതരം മറകളും ഒട്ടുമില്ല. മനുഷ്യൻ മനസ്സുകളുടെ ആഴങ്ങളിൽ ഒളിപ്പിച്ചുവെച്ചതെല്ലാം വരെ അവനറിയുന്നു. എന്തുകൊണ്ട്, എങ്ങനെ തുടങ്ങിയ ഈ പ്രസ്താവനയോടുള്ള ചോദ്യങ്ങളുടെ എല്ലാം മറുപടി, അവൻ സൃഷ്ടാവാണ് എന്നത് തന്നെയാണ്.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso