Thoughts & Arts
Image

സർവ്വമതവും എങ്ങനെ ഒരേ സമയം സത്യമാകും?

2025-01-24

Web Design

15 Comments

മുഹമ്മദ് തയ്യിൽ

സർവ്വമതവും എങ്ങനെ ഒരേ സമയം സത്യമാകും?



'അകം പൊരുളി'ൻ്റെ പൊരുൾ



ഓരോ കാലത്തും ഓരോന്ന് അവതരിക്കും. ഇങ്ങനെ പുതിയ പരീക്ഷണങ്ങൾ നടത്തുന്നവർക്കെല്ലാം അതിനുള്ള പ്രചോദനം ഒന്നുകിൽ നിലവിലുള്ള വ്യവസ്ഥിതിയോടുള്ള കലിപ്പാണ്. അല്ലെങ്കിൽ നിലവിലുള്ള വ്യവസ്ഥിതിയിൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള പ്രയാസമാണ്. അപ്പോൾ പിന്നെ നേരെ വിപരീതം ചിന്തിക്കുക, അതിനെ മനുഷ്യക്കമ്പോളത്തിൽ വിൽക്കുവാൻ വേണ്ടി ചില പൊടിപ്പും പൊങ്കലും എല്ലാം പിടിപ്പിക്കുക എന്ന ശ്രമം തുടങ്ങുകയായി. അതോടെ പുതിയ വാദമായി. പുതിയ മതമായി. എന്നിട്ട് മനുഷ്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ മനുഷ്യനെ മുഴുവനും ഞൊടിയിടയിൽ മോചിപ്പിക്കുന്ന ഒരു ആദർശത്തിന്റെ ആളായി മാറുവാൻ ശ്രമിക്കുക. ഇതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലേ എന്ന് ചോദിച്ചാൽ അതേയതേ എന്നേ പറയാൻ കഴിയൂ. പക്ഷേ ഇത് ലോകം പലപ്പോഴും കണ്ടിട്ടുള്ളതും പരീക്ഷിച്ചിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ഒന്ന് മാത്രമാണ്. അങ്ങനെ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടേണ്ടിവന്നു എന്നതുതന്നെ അങ്ങനെ ഉണ്ടായ ഒന്നിനും നിലനിൽക്കാൻ കഴിഞ്ഞില്ല എന്നതിന്റെ തെളിവാണ്. അക്കൂട്ടത്തിൽ മലയാള നാട് കണ്ടുകൊണ്ടിരിക്കുന്ന ഒരു വാദമാണ് സർവ്വമത സത്യവാദം. എല്ലാ മതങ്ങളെയും തള്ളിക്കളയുന്ന ശ്രമം ലോകത്തിന് പരിചയമുള്ളതാണ്. പല കോണുകളിൽ നിന്നും അങ്ങനെ ഒരു ശ്രമം ഉണ്ടായിട്ടുണ്ട്. അത് പക്ഷേ വിജയം കണ്ടില്ല. കമ്മ്യൂണിസത്തിന്റെ ഉള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ചു വെച്ചു പോലും അത് സമൂഹത്തിന്റെ വയറ്റിൽ എത്തിക്കുവാൻ ശ്രമം നടന്നതാണ്. അതൊന്നും വിജയിച്ചില്ല. നിലവിലുള്ളതിൽ ഏതെങ്കിലും ഒരു മതത്തെ മാത്രം സ്വീകരിച്ചാൽ അതിൽ ആളായിത്തീരാനും ക്ലച്ച് പിടിക്കാനും ഒരുപാട് കാലം വേണ്ടിവരും. കാരണം മനുഷ്യൻ്റെ കുലം വളരെ വലുതായിരിക്കുന്നു. കട്ടിൽ ഒഴിയുന്നത് കാത്തിരിക്കുന്നതിൽ ഒരർത്ഥവുമില്ല എന്ന അവസ്ഥയാണ് എല്ലാ മേഖലകളിലും. ഇതോടെ എല്ലാ മതങ്ങളെയും തള്ളാതെ ഒരു മതത്തെ മാത്രം കൊള്ളാതെ എല്ലാ മതങ്ങളെയും ഒരേസമയം സ്വീകരിക്കുക എന്ന പുതിയ അടവിലേക്ക് ചുവടു മാറുന്നതാണ് നല്ലത് എന്ന് മൗലവി എന്ന് വിളിക്കപ്പെട്ടുപോയ ഒരാൾക്ക് തോന്നി. അതാണ് ഈ വാദത്തിന്റെ ജനനം.



നാസ്തികരെല്ലാം ഇയാളോടൊപ്പം കൂടും എന്ന് ഒരിക്കൽ മനപായസം ഉണ്ട താണ് ഇയാൾ. പക്ഷേ, അവിടെ പലയിടത്തു നിന്നും നേരെ ചൊവ്വേ തങ്ങളിലേക്ക് വരുന്നവർക്ക് തന്നെ ഇട്ടു കൊടുക്കുവാൻ പറ്റിയ ഒരു കസേര ഇല്ലാത്ത അവസ്ഥയാണ്. ചേകന്നൂരികൾക്ക് ഖുതുബ ഓതി കൊടുത്തിരുന്ന ടീച്ചറും ഹുദവിയുടെ നടുഛേദവും ഒക്കെ വന്നിടത്തു തന്നെ കിടക്കുകയാണ്. പൊട്ടിക്കാനുള്ള വെടിയൊക്കെ അവർ ആദ്യ റൗണ്ടിൽ തന്നെ പൊട്ടിച്ചു തീർത്തു. ഇനി പൊട്ടിക്കാൻ കയ്യിൽ ഒന്നുമില്ല. നാസ്തികർക്ക് ഇനി അവരെക്കൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ല. തങ്ങൾക്ക് തന്നെ ഇടമില്ലാത്തിടത്ത് മറ്റുള്ളവരെ പേറാൻ അവർക്ക് ഭ്രാന്തൊന്നുമില്ല. പഴയ താവളത്തിലേക്ക് തിരിച്ചു കയറാൻ അയാളുടെ അഹങ്കാരം അനുവദിക്കില്ല. ഹുകൂമത്തെ ഇലാഹി ആണെങ്കിലും അതൊക്കെ ആചാര അനുഷ്ഠാന നിബദ്ധമാണ്. ആചരിക്കാതെ അനുഷ്ഠിക്കാതെ സ്വർഗ്ഗത്തിൽ പോകാനുള്ള മോഹം കൊണ്ടാണല്ലോ ആ കൂടാരം വിട്ടത്. മറ്റേതെങ്കിലും ഒരു ആദർശക്കാരോടൊപ്പം ചേരുക എന്നാലും ഇതെല്ലാം വീണ്ടും പ്രശ്നങ്ങളായി തലപൊക്കും. കക്ഷിയുടെ മട്ടും ഭാവവും വർത്തമാനവും കേട്ടാൽ മറ്റൊരാളെയും അംഗീകരിക്കാത്ത ഒരു പ്രകൃതമാണെന്ന് തോന്നുന്നു. കൊണ്ട് സ്വയം ഉണ്ടാക്കി അതിൽ അഭിരമിക്കുകയല്ലാതെ മറ്റൊന്നിൽ കൂടാൻ അദ്ദേഹത്തിന് കഴിയില്ല എന്നാണ് തോന്നുന്നത്. അതെല്ലാം ആയിരിക്കാം ഈ പരീക്ഷണത്തിന്റെ പ്രചോദനം. കാര്യമായിട്ട് ആരെയും കിട്ടിയിട്ടില്ല. പക്ഷേ ഒന്നുണ്ട് കേരളത്തിൽ ബുദ്ധിജീവി ചമയുന്ന ചില പരിഷ്കരണ വാദികൾ ഉണ്ട്. ഇസ്ലാമിനോടുള്ള താല്പര്യം കൊണ്ടല്ല അവർ പരിഷ്കരണ ചിന്തക്ക് വിധേയമാകുന്നത്. മറിച്ച് തികച്ചും ദൈവീകമായ നിയന്ത്രണത്തിലുള്ള അതിൻറെ ആചാര അനുഷ്ഠാനങ്ങളെ സ്വതന്ത്ര വാദത്തിന്റെ വെളിച്ചത്തിൽ പുനപരിശോധനയ്ക്ക് വിധേയമാക്കാനുള്ള താല്പര്യമാണ്. അങ്ങനെ അങ്ങനെ പരിഷ്കർത്താവും നവോത്ഥാന നായകനും ഒക്കെ ആവാനുള്ള ഒരു മോഹം. പഴയകാല നിരാശരായ യുക്തിവാദികൾ, ഇടതുപക്ഷ രാഷ്ട്രീയം എന്നതിനപ്പുറത്തേക്ക് സോഷ്യലിസ്റ്റ് ആശയം എന്നത് തലയിൽ കയറ്റിയിട്ടുള്ള ആൾക്കാർ, ഒന്നിലും മനസ്സ് ഉറപ്പിക്കാൻ കഴിയാത്ത ആദർശ അഹങ്കാരികൾ തുടങ്ങി സഞ്ചിയും തോളിൽ ഇട്ട് നടക്കുന്ന ചിലർ ഇദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്. ഇസ്ലാമിനോടുള്ള വിരോധം കാണിക്കാനുള്ള ഒരു അവസരം എന്ന നിലക്ക് മാത്രം.



എന്താണ് സർവ്വമത സത്യവാദത്തിന്റെ കുഴപ്പം എന്ന് ചോദിച്ചാൽ അതിലെ കുഴപ്പങ്ങൾ ആ തലക്കെട്ട് മുതൽ തന്നെ തുടങ്ങുന്നു എന്നതാണ് ഉത്തരം. ഇതിന് മതം എന്ന മലയാള വാക്കിൻ്റെ അർത്ഥം മാത്രം പഠിച്ചാൽ മതിയാകും. മതം എന്നാൽ വേറിട്ട വിചാരം, ജീവിതശൈലി, ആദർശം എന്നിങ്ങനെയൊക്കെയാണ്. അപ്പോൾ ഒരു വിചാരം എങ്ങനെ മറ്റൊരു വിചാരത്തോട് ഒത്തുപോകും?. ഒരു ശൈലി എങ്ങനെ മറ്റൊരു ശൈലിയോട് രാജിയാകും?. അങ്ങനെ ഒത്തുപോവുകയും രാജി ആവുകയും ചെയ്യുകയാണ് എങ്കിൽ നേരത്തെ അവയെ ഒക്കെ മതങ്ങൾ എന്ന് വിളിച്ചത് വെറുതെയാകുന്നില്ലേ. ഓരോ മതങ്ങൾക്കും ഓരോ അടിസ്ഥാനം ഉണ്ടാകും. ആ അടിസ്ഥാനത്തിൻ മുകളിലാണ് അതിൻ്റെ എല്ലാ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പടുത്തുയർത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോ മതവും മറ്റൊരു മതത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ, ഒരു മതത്തിന് മറ്റൊരു മതത്തെ സ്വീകരിക്കാനും ഉൾക്കൊള്ളാനും കഴിയില്ല. ബുദ്ധിപരമായ ഇത്തരം വിഷയങ്ങൾ തൽക്കാലം മാറ്റിവെക്കാം. സർവ്വമത സത്യവാദം ഉന്നയിക്കുന്ന ആളുടെ അടിസ്ഥാന ആശയത്തിലേക്ക് തന്നെ വരാം. അതിൽ തന്നെ ഗുരുതരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഏകദൈവ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചു കൊണ്ട്, തനിക്ക് നല്ലതായി തോന്നുന്ന സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും, അവന്‍ ഏത് ജാതിയില്‍; ഏത് മതത്തില്‍ പെട്ടവനായാലും സ്വര്‍ഗ പ്രവേശനം സാധ്യമാകുമെന്നു തന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് എന്നാണ് സർവ്വ മത സത്യവാദത്തിന്റെ അടിസ്ഥാനം. ഇത് സ്ഥാപിക്കാൻ അവർ അദ്ദേഹം വിശുദ്ധ ഖുർആനിൽ നിന്നുള്ള ചില വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട്. എന്നിട്ട് ആ വചനങ്ങളെ തൻ്റെ ആശയത്തിലേക്ക് സാഹസപ്പെട്ട് വളച്ചു തിരിച്ചു കൊണ്ടുവന്നു ജനങ്ങളെ പച്ചയായി വഞ്ചിക്കാൻ ശ്രമിക്കുകയാണ്. അൽ ബഖറ അദ്ധ്യായത്തിലെ 62-ാം സൂക്തമാണ് ഇദ്ദേഹത്തിൻ്റെ തുരുപ്പ് ചീട്ട്. അതിൽ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്: 'മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ ജൂതരോ ക്രിസ്തീയരോ സ്വാബിഉകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റബ്ബിങ്കലുണ്ട്. അവര്‍ക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല'. ഇത് ഓതിയിട്ട് അദ്ദേഹം പറയുകയാണ്, കണ്ടില്ലേ, അള്ളാഹു പറയുന്നത്, മുസ്ലിംകൾ ആയാലും ജൂതരായാലും ക്രിസ്ത്യാനികളായാലും സാബിയൻ മതക്കാരായാലും സൽകർമ്മങ്ങൾ ചെയ്താൽ മാത്രം മതി, അവന് റബ്ബിന്റെ അടുക്കൽ പ്രതിഫലം ഉണ്ടായിരിക്കും എന്നല്ലേ!. അതിൻ്റെ ഒന്നാം അർത്ഥം ഒരു പ്രത്യേക മതം സ്വീകരിക്കണമെന്ന് അല്ലാഹു ശഠിക്കുന്നില്ല എന്നല്ലേ, രണ്ടാം അർത്ഥം എല്ലാ മതങ്ങളും ഒന്നുതന്നെയാണ് എന്നല്ലേ എന്നൊക്കെയാണ്.



ഈ സൂക്തം അദ്ദേഹം ഈ വിധത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, അദ്ദേഹത്തിന് ഇസ്ലാം എന്നത് എന്താണ് എന്ന് ഒട്ടും മനസ്സിലായിട്ടില്ല എന്ന്. ലോകത്തുള്ള വിവിധ മതങ്ങളിൽ ഒരു മതം, എല്ലാ മതങ്ങൾക്കും ഉള്ളതുപോലെ ഒരു മതത്തിൻ്റെ പേര് എന്നൊക്കെയുള്ള കേവല ധാരണയാണ് കക്ഷിക്ക് ഉള്ളത്. സത്യത്തിൽ ഇസ്ലാം എന്നത് ഒരു പേരല്ല, അത് ഒരു ആശയമാണ്. മഹാനായ അന്ത്യപ്രവാചകനിലൂടെ സമ്പൂർണ്ണമായി ഈ ലോകത്ത് അവതരിപ്പിക്കപ്പെട്ട ജീവിതശൈലിയുടെ സ്വഭാവവും കേന്ദ്ര ആശയവും എല്ലാ അർത്ഥത്തിലും അല്ലാഹുവിന് വിധേയരാവുക, എല്ലാം അല്ലാഹുവിന് സമർപ്പിക്കുക എന്നതെല്ലാം ആണ്. സമർപ്പണം എന്ന ഈ ആശയത്തിന് അറബി ഭാഷയിൽ ഉപയോഗിക്കുന്ന വാക്ക് മാത്രമാണ് ഇസ്ലാം. പരമമായി അല്ലാഹുവിന് വിധേയപ്പെടുകയും എല്ലാം അവനു സമർപ്പിക്കുകയും ചെയ്യുന്ന ആൾക്ക് എന്ത് പേരാണെങ്കിലും പ്രശ്നമില്ല, അയാൾ അല്ലാഹുവിൻ്റെ മഹത്തായ പ്രതിഫലങ്ങൾക്ക് അർഹനാകുന്നു എന്നാണ് ഈ സൂക്തം പറയുന്നത്. കാരണം അല്ലാഹു നോക്കുന്നത് പരമമായ ഈ വിധേയത്വം സമർപ്പണവും നടക്കുന്നുണ്ടോ എന്ന് മാത്രമാണ്. ഈ സൂക്തം അവതരിച്ച സാഹചര്യം പരിശോധിക്കാത്തത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളിൽ ഇവരൊക്കെ ചെന്നു ചാടുന്നത്. അത് ജൂതന്മാർ നടത്തിയിരുന്ന ഒരു അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിച്ചത്. ഞങ്ങൾ അല്ലാഹുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നാണ് അവർ ധരിച്ചിരുന്നത് പറഞ്ഞു നടന്നിരുന്നതും. അതായത് ജൂതൻ എന്ന മതത്തിൽ അംഗത്വം എടുക്കുക കൊണ്ട് മാത്രം അവൻ മോക്ഷം സിദ്ധിച്ചവരും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം അർഹിക്കുന്നവനും ആയിത്തീരും എന്നാണ് അവർ പറഞ്ഞിരുന്നത്. അതായത്, ജൂതൻ എന്ന പേര് വീണാൽ മാത്രം മതി ജീവിത മോക്ഷത്തിന് എന്ന്. ഇതു ശരിയല്ല എന്നും പേരിലല്ല ആശയത്തിലാണ് കാര്യം കിടക്കുന്നത് എന്നും പറയുകയാണ് അല്ലാഹു. ഞാൻ ഇന്ന് മതക്കാരനാണ് എന്ന അവകാശവാദം മാത്രം അല്ലാഹുവിൽ നിന്ന് പ്രതിഫലം നേടിത്തരില്ല എന്നാണ് പറഞ്ഞതിന്റെ അർത്ഥം.



ഈ വിധത്തിൽ അതിൻറെ ആശയം ഗ്രഹിക്കുവാൻ തീർച്ചയായും അവതരണ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. വിശുദ്ധ ഖുർആനിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് അവതരണ പശ്ചാത്തലങ്ങൾ. അത് 23 വർഷങ്ങൾ കൊണ്ട് മാത്രം അവതരിപ്പിക്കപ്പെട്ടത് ആ ഒരു ആശയത്തിൽ കൂടിയാണ്. സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റിയാൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കും. മാത്രമല്ല അതേസമയം സാഹചര്യത്തെ കൂടി പരിഗണിച്ചുകൊണ്ട് പഠിക്കുകയാണ് എങ്കിൽ വിഷയം ശരിയായ ആശയത്തിൽ തന്നെ ബോധ്യമാവുകയും ചെയ്യും. അങ്ങനെ ഉണ്ടാകും എന്ന് ഭയക്കുന്നത് കൊണ്ടായിരിക്കണം ഈ കക്ഷി ആദ്യമേ ഹദീസുകളുടെ പ്രാമാണികത നിരാകരിച്ചു കൊണ്ടാണ് തന്റെ വർത്തമാനം തുടങ്ങുന്നത്. ഹദീസുകൾ എന്നു പറഞ്ഞാൽ സാങ്കേതികമായി നബി തിരുമേനി(സ്വ)യുടെ വാക്കുകളും പ്രവർത്തനങ്ങളും സമ്മതങ്ങളും ആണ്. പക്ഷേ, അതെല്ലാം ഉപയോഗപ്പെടുത്തപ്പെട്ടത് വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനങ്ങളായി കൊണ്ടാണ്. നബി(സ്വ)യുടെ ദൗത്യവും അതായിരുന്നു. അല്ലാഹു പറയുന്നു: 'മാനുഷ്യകത്തിനായി അവതീര്‍ണമായത് അവര്‍ക്ക് പ്രതിപാദിച്ചുകൊടുക്കാനും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും താങ്കള്‍ക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു'. (അന്നഹൽ: 44). വിശുദ്ധ ഖുർആൻ സ്വന്തം ജീവിതം കൊണ്ട് പ്രതിപാദിച്ച് വ്യാഖ്യാനിച്ച് ജനങ്ങളെ കൊണ്ട് അതിൽ ചിന്തിപ്പിച്ച് സത്യവിശ്വാസത്തിലേക്ക് ജനങ്ങളെ കൊണ്ടുവരിക, അതിലെത്തിയവരെ അതിൽ നിലനിർത്തുക എന്നതൊക്കെയാണ് നബി(സ്വ)യുടെ ദൗത്യം. ഇതേ സൂക്തത്തിൽ തന്നെ 'അവർ ചിന്തിക്കാൻ വേണ്ടിയും' എന്നു പറഞ്ഞിരിക്കുന്നത് ഓരോ ആയത്തിന്റെയും പാശ്ചാത്തലവും ഒപ്പം നബി(സ്വ) നൽകിയിട്ടുള്ള വിശദീകരണവും എല്ലാം അനുപേക്ഷണീയമാണ് എന്ന അർത്ഥം കൂടി നൽകുന്നുണ്ട്. ഇതെല്ലാം നിരാകരിച്ച് വിശുദ്ധ ഖുർആനിലെ വചനങ്ങളെ വെറും ടെക്സ്റ്റുകളായി ഉപയോഗിച്ച് അതിന് സ്വന്തം വ്യാഖ്യാനം ചമയ്ക്കുക എന്നൊക്കെ പറയുന്നത് ഒരാളുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെങ്കിലും ലോകത്ത് 1400 വർഷമായി നിലനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മത വിഭാഗത്തിന്റെ ആദർശത്തോടും ആശയങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. ഭയപ്പെടുത്താൻ പോലും കഴിവുള്ള ആളായതിനാൽ ഭയപ്പെടേണ്ടതില്ല എങ്കിലും ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ചോർന്ന് എത്തിച്ചേരുമ്പോൾ ഏതെങ്കിലും ചിലരെയെങ്കിലും അത് ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം എന്നതിനാൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.



ഈ പ്രപഞ്ചത്തിന്റെയും അതിലെ സകല ചരാചരങ്ങളുടെയും സൃഷ്ടാവും നിയന്ത്രകനും അല്ലാഹുവാണ്. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചവും അതിൻ്റെ ഓരോ കണികയും അല്ലാഹുവിനെ കീഴ്പ്പെടേണ്ടതുണ്ട്. പ്രപഞ്ചവും മനുഷ്യനല്ലാത്ത സകല ചരാചരങ്ങളും അതു ചെയ്യുന്നുണ്ട്. അത് അല്ലാഹു ഖുർആനിൽ വിശദമായി പറയുന്നുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹുവിന്റെ മതമല്ലാത്ത മറ്റൊന്നാണോ അവരാഗ്രഹിക്കുന്നത്? ഭുവന-വാനങ്ങളിലുള്ളവരെല്ലാം സ്വമേധയായോ നിര്‍ബന്ധിതമായോ അവനു കീഴ്‌പെട്ടിരിക്കുന്നു'. (ആലു ഇംറാൻ: 83) മറ്റൊരു ആയത്തിൽ ഇതേ ആശയം അല്ലാഹു ആവർത്തിച്ചു പറയുന്നു: 'ഭുവന-വാനങ്ങളിലുള്ളവരത്രയും-സ്വേച്ഛാനുസൃതമോ നിര്‍ബന്ധിതമായോ- അല്ലാഹുവിന്നാണ് സാഷ്ടാംഗം ചെയ്യുന്നത്; പ്രഭാത-പ്രദോഷങ്ങളില്‍ അവരുടെ നിഴലുകളും പ്രണമിക്കുന്നു' (റഅദ്: 15). ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും രണ്ടാൽ ഒരു നിലക്ക് അല്ലാഹുവിനെ പരിപൂർണ്ണമായി വിധേയപ്പെടുന്നു എന്നാണ് ഈ രണ്ടു സൂക്തങ്ങളും പ്രസ്താവിക്കുന്നത്. രണ്ടാൽ ഒരു വിധം എന്നാൽ ഒന്ന്, സ്വേച്ഛാനുസൃതമായും രണ്ട്, നിർബന്ധിതമായും ഉള്ളത് എന്നർത്ഥം. ഈ ആശയം മനസ്സിലാക്കുവാൻ രണ്ടാമത്തെ വഴി വിഷയത്തെ സമീപിച്ചാൽ എളുപ്പത്തിൽ സാധിക്കും. ഈ ലോകത്തെ മനുഷ്യനല്ലാത്ത എല്ലാ ജീവജാലങ്ങളും മറ്റു വസ്തുക്കളും അല്ലാഹുവിന് വിധേയപ്പെട്ട് കൊണ്ട് ജീവിക്കുന്നത് നിർബന്ധിതമായ രീതിയിലാണ്. അതായത് അല്ലാഹു അവയിൽ എല്ലാം ഒരു പ്രത്യേക സ്വഭാവം ജനിതകമായി തന്നെ നിക്ഷേപിച്ചിരിക്കുന്നു. അതനുസരിച്ച് മാത്രമാണ് അവ പ്രവർത്തിക്കുന്നതും ജീവിക്കുന്നതും. പുതിയ ഭാഷയിൽ അതിനെ നമുക്ക് ജനിതക കോഡുകൾ എന്നു വിവരിക്കുന്നതിൽ തെറ്റില്ല. അവക്ക് അതനുസരിച്ച് അല്ലാതെ ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് അവയെല്ലാം അതേ താളത്തിൽ മാത്രം ജീവിച്ച് അവസാനിക്കുന്നു. മൃഗങ്ങളുടെ ജീവിതം അതിന് മതിയായ ഉദാഹരണമാണ്. സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലന-നിശ്ചലനങ്ങൾ അതിനുദാഹരണമാണ്. അതെല്ലാം അല്ലാഹു അവയിൽ നിക്ഷേപിച്ച നിയമത്തിന് വിധേയമായി അല്ലാഹുവിനെ പരിപൂർണ്ണമായി വിധേയപ്പെടുന്നു. ഇതാണ് നിർബന്ധിതമായും എന്നു പറഞ്ഞതിന്റെ വിശദീകരണം.



എന്നാൽ ശ്രേഷ്ഠപ്രകാരം, സ്വേഛാനുസൃതം എന്നൊക്കെ പറഞ്ഞാൽ അതിൻെറ അർത്ഥം അനുസരിക്കാനും അനുസരിക്കാതിരിക്കാനും താൽക്കാലികമായി സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട് എന്നിരിക്കെ അല്ലാഹുവിനെ തിരിച്ചറിഞ്ഞും അവനു വിധേയപ്പെട്ടും ജീവിക്കുവാൻ തീരുമാനമെടുക്കുന്ന ജീവികളാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് മനുഷ്യർ മാത്രമാണ്. മനുഷ്യർക്ക് മാത്രമാണ് ഇവിടെ അങ്ങനെ ഒരു അവസ്ഥ തന്നെ നൽകിയിരിക്കുന്നത്. എന്തുകൊണ്ട് അവനു മാത്രം അങ്ങനെ ഒരു വ്യവസ്ഥ വെച്ചു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, അവനെ മാത്രമാണല്ലോ അല്ലാഹു തൻ്റെ ഖലീഫ (പ്രതിനിധി) ആയി നിശ്ചയിച്ചിട്ടുള്ളത്. അവനെ മാത്രമാണല്ലോ തൻ്റെ അമാനത്തുകൾ ഏൽപ്പിച്ചു കൊടുത്തിട്ടുള്ളത്. അത് അവൻ സ്വമേധയാ, ശ്രേഷ്ഠപ്രകാരം നിർവഹിക്കണം എന്നാണ് സൃഷ്ടാവായ അല്ലാഹുവിൻ്റെ താൽപര്യം. അപ്പോൾ അത് അങ്ങനെ തന്നെ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാൻ ഒരു നിശ്ചിതമായ സമയത്തേക്ക് അതായത് ഐഹിക ജീവിത കാലത്തേക്ക് അവന് സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്. ആ സ്വാതന്ത്ര്യത്തിൽ നിന്നാണ് അവൻ്റെ ശരിയും തെറ്റും വേർതിരിഞ്ഞു രൂപപ്പെടുന്നത്. അതുകൊണ്ട് മനുഷ്യരിൽ ആ അർത്ഥത്തിൽ സൃഷ്ടാവിന് വിധേയപ്പെടുന്നവരും സമ്പൂർണ്ണമായി സ്വയം സമർപ്പിക്കുന്നവരും ഉണ്ടാകും. അല്ലാത്തവരും ഉണ്ടാകും. അതുകൊണ്ടാണ് അവൻ്റെ മുമ്പിൽ ഇങ്ങനെ ഒരു വ്യവസ്ഥ വെച്ചിരിക്കുന്നത്. അതനുസരിച്ച് നോട്ടം സമർപ്പണത്തിലേക്കാണ്, കേവലം വ്യക്തിയിലേക്കോ ആൾക്കൂട്ടത്തിലേക്കോ അല്ല എന്നു വ്യക്തമാക്കുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് എന്ന് മേൽപ്പറഞ്ഞ ആയത്തിൽ എടുത്തു പറയുന്നതും അതുകൊണ്ടാണ്.



ഈ വാദത്തിന്റെ ആകെത്തുക ഏകദൈവത്വം അംഗീകരിക്കുന്നുവെങ്കിൽ എല്ലാ മതവും ഒരേസമയം സത്യമാണ് എന്നതാണല്ലോ. അതുതന്നെ ഏറ്റവും വലിയ വിഡ്ഢിത്തവും അപ്രായോഗികവുമാണ്. കാരണം ഇസ്ലാം അല്ലാത്ത മറ്റു മതങ്ങൾക്കൊന്നും ഏകദൈവദർശനം ഇല്ല. ഉദാഹരണമായി ക്രിസ്ത്യാനിറ്റിയെ എടുക്കാം അവരുടെ അടിസ്ഥാന വിശ്വാസം ത്രിത്വമാണ്. അതായത് ദൈവത്തിൻ്റെ സത്ത പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവ മൂന്നും ചേർന്നതാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. അപ്പോൾ അവരെക്കുറിച്ച് ഏത് അർത്ഥത്തിലാണ് ഏകദൈവ വിശ്വാസികൾ എന്ന് പറയുക പറയുവാൻ കഴിയുക ഹൈന്ദവ ദർശനത്തിന്റെ അടിത്തറ ത്രി മൂര്‍ത്തി സിദ്ധാന്തമാണ്. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രി മൂർത്തികളെയും ദൈവമായി അവതരിച്ച മറ്റ് ഒരുപാട് സംഭവങ്ങളെയും ദൈവസങ്കൽപത്തിൽ ഉൾക്കൊള്ളുമ്പോഴാണ് ഒരാൾ ഹിന്ദുവായി മാറുന്നത്. അപ്പോൾ എങ്ങനെയാണ് ഒരു ഹിന്ദുവിനെ നമുക്ക് ഏകദൈവ വിശ്വാസി എന്ന് പറയാൻ കഴിയുക? മറ്റു മതങ്ങളിലേക്ക് വന്നാലും ഇതുതന്നെയാണ് അവസ്ഥ. ഭൗതിക ഇസങളുടെ കാര്യവും അങ്ങനെതന്നെ. ഉദാഹരണമായി മാർക്സി സം. മത-ദൈവ നിഷേധങ്ങളാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം തന്നെ. അതിനാൽ ഇസ്ലാമിന്റെ തനിമയെ തകർക്കുക എന്ന ഏകകൂട ലക്ഷ്യവുമായി വന്ന ഈ പുതിയ സർവ്വ മത സത്യ പുതിയ ഇസ്‌ലാം അക്ബറിന്റെ ദീനേഇലാഹി പോലെ, മിര്‍സ ഗുലാമിന്റെ അഹ്മദിയ്യത്ത് പോലെ ഒരാൾക്ക് ഒരു പുതിയ അവതാരമായി മാറാനുള്ള ഒരു ഹീനമായ വഷളൻ ശ്രമം മാത്രമാണ്. അതിൽ അവർ ഉദ്ധരിക്കുന്ന ആയത്തിന്റെ ആദ്യ ഭാഗത്ത് എണ്ണുന്ന മതങ്ങളുടെ പേരുകൾ കണ്ട് അവരൊക്കെ അല്ലാഹുവിൻ്റെ പ്രതിഫലത്തിന് അർഹരാണ് എന്ന് തട്ടി വിടുകയാണ്. പക്ഷേ, ഇസ്ലാമിനെ തകർക്കാനുള്ള ആ വൈകാരിക തള്ളിച്ചയിൽ 'അവരിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ' എന്ന ഭാഗം കാണാതെ പോയതാണ്. അതാണ് സംഭവം. അല്ലെങ്കിലും ഒരടിസ്ഥാനവും ഇല്ലാതെ കണ്ടതിലൊക്കെ വിശ്വസിക്കുകയും വല്ല പൊതു നന്മയും ചെയ്യുകയും ചെയ്തവർക്കൊക്കെ അല്ലാഹു പ്രതിഫലം നൽകാൻ ബാധ്യസ്ഥനാണ് എന്ന് വാദിക്കുന്നത് മഹാ വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല. അതേസമയം, ഏതു നന്മയ്ക്കും അതിന്റേതായ ഒരു പ്രതിഫലം ഉണ്ട് എന്നത് ഇസ്ലാമിക ആദർശത്തിലും ശരിയാണ്. ഉദാഹരണമായി, അവിശ്വാസിയായ ഒരാൾ മറ്റൊരാളെ സഹായിക്കുന്നു. ഈ സഹായം ആത്മാർത്ഥമായിട്ടാണ് എങ്കിൽ അതിന് അയാൾക്ക് ഒരു പ്രതിഫലം ലഭിക്കാം. അത് സഹായം കിട്ടിയ വ്യക്തി മുഖത്ത് നോക്കി പുഞ്ചിരിച്ചതോ നന്ദി രേഖപ്പെടുത്തിയതോ ഒക്കെ മാത്രമായിരിക്കും എന്ന് മാത്രം. പരമമായ പ്രതിഫലം അല്ലാഹുവിൽ വിശ്വസിക്കാത്തവർക്ക് ഒരിക്കലും ലഭിക്കുകയില്ല. ഈ വിഡ്ഢിത്തം തന്നെയാണ് അയാളുടെയും അയാളുടെ അകം പൊരുളിന്റെയും ഒക്കെ പൊരുൾ.
0









0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso