

വ്രതകാലം അതുല്യമായ നാളുകളിലേക്ക്
2025-03-21
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ആരാധനകൾക്കെല്ലാം പൊതുവേ ഒരു ആരോഹണ സ്വഭാവമാണ് ഉണ്ടായിരിക്കുക. ആരംഭിച്ച് മുന്നോട്ട് പോകും തോറും അത് കൂടുതൽ ആത്മീയമായ ഉത്തേജനം നേടും. നിസ്കാരത്തെ അതിന് ഉദാഹരണമായി എടുക്കാം. അഥവാ അതിലെ ഒരു റക്അത്തിനെ. ഒരു റക്അത്താണല്ലോ നിസ്കാരത്തിൻറെ ഒരു യൂണിറ്റ്. ഖിയാമും ഫാത്തിഹയും കൊണ്ട് ശാന്തമായി അത് തുടങ്ങുന്നു. റുകൂഇലെത്തുമ്പോൾ അതിലെ സമർപ്പണം ഉയരുന്നു. തുടർന്ന് സജൂദിലെത്തുമ്പോൾ ആ സമർപ്പണം അതിൻ്റെ പാരമ്യത്തിൽ എത്തുന്നു. ഒരു മനുഷ്യൻ തൻ്റെ റബ്ബുമായി ഏറ്റവും വലിയ സാമീപ്യം നേടുന്നത് സുജൂദിലാണ് എന്ന് നബി(സ്വ) പറയുന്നുണ്ട്. ഹജ്ജിനെയും ഉദാഹരണമായി എടുക്കാം. ഇഹ്റാമും ആഗമനത്തിന്റെ ത്വവാഫും സഅ് യും തർവിയയും ഓരോന്നും പിന്നിടുമ്പോൾ ആത്മീയമായി ഹാജി കയറിക്കയറി പോവുകയാണ്. അറഫയിൽ എത്തിച്ചേരുമ്പോൾ അയാൾ ഹജ്ജിന്റെ പാരമ്യത്തിൽ എത്തിച്ചേരുന്നു. ഹജ്ജ് എന്നാൽ അറഫയാണ് എന്ന് നബി(സ്വ) പറയുന്നുണ്ട്. നോമ്പും ഇങ്ങനെ തന്നെയാണ് ഓരോ പത്തുകൾ പിന്നിടുമ്പോഴും അത് ആത്മീയമായ ഉന്നതി പ്രാപിക്കുന്നു. വിശ്വാസിയുടെ ഉള്ളിൽ അതുണ്ടാക്കുന്ന ആത്മീയത ഓരോ ദിവസവും വളർന്നുവളർന്നു വലുതായി തീരുന്നു. അവസാനം അവസാനത്തെ പത്തിലേക്ക് എത്തുമ്പോൾ അത് ആത്മീയതയുടെ പാരമ്യത്തിലേക്ക് കടക്കുന്നു. ശരിയായ ആത്മീയതയിൽ ഊന്നിയ നോമ്പാണ് എങ്കിൽ അങ്ങനെ പാരമ്യത്തിലേക്ക് കടക്കേണ്ടതാണ്. മറിച്ച്, അവസാനമാകുമ്പോഴേക്കും ഒരാളുടെ ആത്മീയ ഭാവങ്ങൾ ക്ഷയിക്കുകയും ക്ഷീണിക്കുകയും ചെയ്യുകയാണ് എങ്കിൽ അവൻ വെറുതെ അഭിനയിക്കുകയാണ് എന്നാണ് അതിനർത്ഥം. നബി തിരുമേനി(സ്വ) തന്നെയാണ് ഈ ആശയത്തിൽ നമ്മുടെ മാതൃക. റമസാനിന്റെ അവസാനത്തെ പത്തിലേക്ക് കടക്കുന്നതോടെ നബി തിരുമേനിയിൽ ആത്മീയമായ വൻ മാറ്റങ്ങൾ ഉടലെടുക്കുമായിരുന്നു. അവസാന പത്തിലേക്ക് കടന്നാൽ നബി തിരുമേനി(സ്വ) അരയുടുപ്പ് മുറുക്കി ഉടുക്കുകയും കുടുംബത്തെ ആരാധനകൾക്കായി വിളിച്ചുണർത്തുകയും രാത്രി മുഴുവനും നിദ്രാവിഹീനങ്ങളാക്കി മാറ്റുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്ലിം)
അതിനു മൂന്നു ന്യായങ്ങൾ ഉണ്ട്. ഒന്നാമത്തേത്, ഇത് അവസാനത്തെ പത്താണ് എന്നത് തന്നെയാണ്. കർമ്മങ്ങൾ അതിൻ്റെ അവസാന ഗതിവിഗതികൾ വെച്ചാണ് വിലയിരുത്തപ്പെടുക എന്ന് സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു. അന്തിമമായി ചെയ്യുന്ന കർമ്മങ്ങളാണ് സ്വീകാരത്തിന്റെ മാനദണ്ഡം എന്നാണ് ഈ പറഞ്ഞതിന്റെ ആശയം. ഓരോ ആരാധനയുടെയും തുടക്കം പ്രധാനമായും ആരാധനയുടെ സമർപ്പണം സമ്പൂർണ്ണമായിരിക്കുവാൻ വേണ്ട പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. ആരാധന തുടങ്ങുമ്പോൾ തന്നെ അതിലെ സമർപ്പണത്തിലുള്ള ശ്രദ്ധ സമ്പൂർണ്ണമായി രിക്കണമെന്നില്ല. അത്തരം മാനസിക വികാരങ്ങൾ മെല്ലെ മെല്ലെ വളർന്നു വരികയാണ് ചെയ്യുക. രണ്ടാമത്തെ കാര്യം ഇതിൻറെ മറ്റൊരു ഭാഗം തന്നെയാണ് അഥവാ നീണ്ട 20 ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഒരു വിശ്വാസിയിൽ നോമ്പ് ഒരു പക്വതയും പാകതയും ഉണ്ടാക്കി തീർത്തിട്ടുണ്ടാകും. ആരാധനകളോടുള്ള ഒരു അഭിനിവേശം അവന്റെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകും. തിന്മകളും തെറ്റായ വികാര വിചാരങ്ങളും മറ്റും അവനിൽ നിന്ന് അല്പം എങ്കിലും അകന്നിട്ടുണ്ടാവും. നന്മയിലേക്ക് തിരിച്ചുവിടാൻ ആവശ്യമായ ചിന്തകൾ അവനിൽ മുളച്ചു തുടങ്ങിയിട്ടുണ്ടാകും. ഇവയെല്ലാം അവസാനത്തെ പത്തു നാളുകളിൽ സമർപ്പണത്തിന്റെ പാരമ്യത്തിലേക്ക് ഉയരുവാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
ലൈലത്തുൽ ഖദർ എന്ന അനുഗ്രഹീത രാത്രിയിലുള്ള പ്രതീക്ഷയും കാത്തിരിപ്പും ആണ് മൂന്നാമത്തെതും ഏറെ പ്രധാനപ്പെട്ടതുമായ കാര്യം. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണ് എന്ന് വിശുദ്ധ ഖുർആൻ നേരെ ചൊവ്വേ വ്യക്തമായി പറഞ്ഞിട്ടുള്ള ഈ അനുഗ്രഹീത രാത്രി റമസാനിൽ ആണെന്നും റമസാനിലെ അവസാനത്തെ പത്തു ദിനങ്ങളിൽ ആണെന്നും അവയിൽ തന്നെ ഒറ്റയിട്ട രാവുകളിലാണ് എന്നും നബി തിരുമേനി(സ്വ) വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രാവുകളിൽ ഏതെങ്കിലും ഒരു നിശ്ചിത രാവിനെ നിശ്ചയിച്ചുതരുവാൻ അല്ലാഹുവിന് കഴിയുമായിരുന്നു. അത് തന്റെ പ്രവാചകനിലൂടെ ലോകത്തെ അറിയിക്കാനും വഴിയുണ്ടായിരുന്നു. എന്നിട്ടും അത് അല്ലാഹു ചെയ്യാതിരുന്നതിലെ യുക്തിയും ന്യായവും ആരാധനാനിമഗ്നരായി ആ രാവിനെ വിശ്വാസികൾ കാത്തിരുന്നു കൊള്ളട്ടെ എന്ന് താൽപര്യമാണ്. ഈ മൂന്ന് ആശയങ്ങളും ഒന്നിച്ചു ചേർന്നത് കൊണ്ടാണ് മഹാനായ നബി ഒരു ചര്യ വിശ്വാസി സമൂഹത്തെ പഠിപ്പിച്ചത്, ഇഅ്തികാഫ് എന്ന ചര്യ. ഇഅ്ത്തികാഫ് എന്നാൽ ഒരു ആരാധനാലയത്തിൽ ഉപാസനാപൂർവ്വം ഏകാന്തമായും ഏകാഗ്രമായും കഴിഞ്ഞു കൂടുക എന്നാണ്. പള്ളിയിലായിരിക്കുക, ഏകാന്ത ഭാവത്തിൽ ആയിരിക്കുക, ആരാധനയ്ക്ക് ആവശ്യമായ ശുദ്ധിയും വിശുദ്ധിയും ഉണ്ടായിരിക്കുക തുടങ്ങിയവ മാത്രമേ ഈ ആരാധനയിൽ പരിഗണിക്കപ്പെടാൻ ഉള്ളൂ. അതിനാൽ തന്നെ അത് പുണ്യം പെയ്തിറങ്ങുന്നത് അനുഭവിക്കാനുള്ള ഒരു കാത്തിരിപ്പാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്നത് അനുഭവിക്കുവാൻ അതിനുവേണ്ടിയുള്ള അർച്ചനകളും പ്രാർത്ഥനകളുമായി വിശ്വാസി അവന്റെ ഭവനത്തിൽ കാത്തുനിൽക്കുകയാണ്. വിശുദ്ധ റമസാനിലെ ഏറ്റവും അവസാനത്തെ പത്തു ദിനങ്ങളാണ് നബി തിരുമേനി(സ്വ) ഇഅ്തികാഫിനായി നീക്കി വെക്കാറുണ്ടായിരുന്നത്. ഈ ദിവസങ്ങളിൽ നബി തങ്ങൾ പൊതുവേ ഭരണപരമായ കാര്യങ്ങളിൽ നിന്ന് പോലും ഒഴിഞ്ഞു നിൽക്കുകയായിരുന്നു ചെയ്യാറുണ്ടായിരുന്നത്. പള്ളിയിലെ തുറസ്സിലായിരുന്നില്ല നബി(സ്വ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നത്. മറിച്ച്, പള്ളിയിൽ ഒരു ചെറിയ കൂടാരം സ്ഥാപിച്ച് അതിനുള്ളിൽ ആയിരുന്നു. അതിലേക്ക് പൊതുവേ ആരെയെങ്കിലും പ്രവേശിപ്പിക്കുകയോ മറ്റോ ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെ സ്ഥാപിക്കപ്പെട്ടിരുന്ന കൂടാരത്തിന്റെ പ്രവേശന കവാടം ഒരു പായ കൊണ്ട് മറച്ചിരുന്നു എന്ന് ഫത്തുഹുൽ ബാരിയിൽ വിശദീകരിക്കുന്നുണ്ട്. വിസർജന ആവശ്യങ്ങൾക്ക് വേണ്ടി അല്ലാതെ ഇഅ്തികാഫിരിക്കുമ്പോൾ നബി തങ്ങൾ പുറത്ത് വരാറുണ്ടായിരുന്നില്ല എന്ന് ആയിഷ ബീവി(റ) പറയുന്നുണ്ട്. പൊതുവേ തലമുടി നീട്ടി വളർത്തുന്നതായിരുന്നു നബി(സ്വ)യുടെ പ്രകൃതം. അതിനാൽ തന്നെ അത് ഇടക്ക് കഴുകി വൃത്തിയാക്കുകയും ചീകി ഒതുക്കുകയും വേണ്ടിവരുമായിരുന്നു. അപ്പോൾ പള്ളിയുടെ വാതിലിൽ തന്നെ കിടന്നുകൊണ്ട് ആയിഷ ബീവി(റ)യുടെ മുറിയിലേക്ക് ശിരസ്സ് നീട്ടി കൊടുക്കുകയാണ് നബി തങ്ങൾ ചെയ്യുമാറുണ്ടായിരുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത്, കേവലം പള്ളിയിൽ കഴിഞ്ഞുകൂടുന്നതല്ല മറിച്ച് ആരാധനയിലും അനുബന്ധ ചിന്തയിലും ലയിച്ചലിഞ്ഞ് ചേരലാണ് യഥാർത്ഥ ഇഅ്തികാഫ് എന്നാണ്.
വിശുദ്ധ റമസാൻ വിശ്വാസികളെ ഊതിക്കാച്ചിയെടുക്കുന്നതായിരിക്കണം. അഥവാ അവരെ തിളക്കമുള്ള മുത്തഖീങ്ങളാക്കി എടുക്കുവാൻ പര്യാപ്തമായിരിക്കണം. അതാണ് അല്ലാഹുവിൻ്റെ താല്പര്യം. അതിനാവശ്യമായ സ്വീകാര്യതയും സാമീപ്യവും ഇരട്ടിയായ പ്രതിഫലങ്ങളും അവൻ വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്. അതോടൊപ്പം അവൻ സർവ്വാധിപതിയും സൃഷ്ടാവുമാണ്. അതിനാൽ അവൻ തരുന്നതെല്ലാം തരിക സൃഷ്ടി അതിൽ താല്പര്യം ആഗ്രഹവും പ്രകടിപ്പിക്കുമ്പോൾ മാത്രമാണ്. അല്ലാതെ അവൻ അവന്റെ അനുഗ്രഹങ്ങൾ ഒന്നും ഒരു വിലയും നിലയും ഇല്ലാതെ വാരിക്കോരി നൽകുകയില്ല. സൃഷ്ടിയുടെ താൽപര്യവും ആഗ്രഹവും അവൻ ചോദിച്ചറിയുകയല്ല ചെയ്യുന്നത്. മറിച്ച് അവൻ്റെ ചലനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും മനോനിലയിൽ നിന്നുമെല്ലാം അവൻ നേരിട്ട് അറിയുകയാണ് ചെയ്യുന്നത്. അവൻ ഒരു മറയുമില്ലാതെ അതെല്ലാം അറിയാൻ കഴിയുന്നവനാണ്. അവൻ നേരിട്ട് അറിയുന്നതിനാൽ അതിൽ അഭിനയം, ചതി തുടങ്ങിയതൊന്നും വിലപ്പോകില്ല. ശരിയായ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും അവൻ അല്ലാഹുവിന്റെ കടാക്ഷങ്ങളിൽ താല്പര്യവും ആഗ്രഹവും പ്രതീക്ഷയും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ മാത്രമേ അവൻ്റെ അനുഗ്രഹങ്ങൾ ലഭിക്കുകയുള്ളൂ. അതിനാൽ ഈ ദിവസങ്ങളിൽ എല്ലാ ചിന്തകളും എല്ലാ വ്യവഹാരങ്ങളും മാറ്റിവെച്ച് റബ്ബിലേക്ക് തിരിഞ്ഞിരിക്കുവാനും അവൻറെ അനുഗ്രഹങ്ങൾ നേടിയെടുക്കുവാനും ആയിരിക്കണം വിശ്വാസി ശ്രമിക്കേണ്ടത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso