സ്നേഹ സാഗരങ്ങളുടെ അഴിമുഖം
14-09-2021
Web Design
15 Comments
വാതിലിനു പുറത്ത് ആരോ വരുന്നതിന്റെ ലക്ഷണങ്ങൾ. വരുന്ന ആൾ വാതിൽപ്പടിയുടെ മുമ്പിലെത്തിയതും അകത്തേക്ക് കടക്കുവാൻ സമ്മതം ചോദിച്ചു. അതവരുടെ സംസ്കാരമാണല്ലോ. ഇസ്ലാം പഠിപ്പിച്ച സംസ്കാരം, വീടകം വീട്ടുകാരുടെ സ്വകാര്യതയാണ്. അതിലേക്ക് ഭേതിച്ചുകടക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ്. ആഗതനെ നബി(സ) തിരിച്ചറിഞ്ഞു. മകളാണ്. തന്റെ കരളിന്റെ കഷ്ണം, ഫാത്വിമ. ഉടനെ നബി തിരുമേനി എഴുനേറ്റു. നേരെ വാതിലിനടുത്തേക്ക് നടന്നു. ഇരു കൈകളും ഉയർത്തിപ്പിടിച്ച് ഹൃദ്യവശ്യമായ സ്വാഗതം നേരുകയാണ്: എന്റെ മോൾക്കു സ്വാഗതം ... പിന്നെ നിറമനസ്സോടെ ആലിംഗനം ചെയ്ത് മോളെ കൈപിടിച്ച് തന്റെ സ്വന്തം മജ്ലിസിലേക്ക് ആനയിക്കുകയും അടുത്തിരുത്തുകയും ചെയ്യുന്നു. വാപ്പയും മകളും ഒപ്പം നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒരേ മട്ടാണ്, മാതിരിയാണ്. അത്ര സദൃശ്യത ആർക്കുമിടയിലുമില്ല. (ബുറൈദ, ആയിഷ(റ) എന്നിവരിൽ നിന്നും തിർമുദി) വിശ്വാസിനികളുടെ നായിക ഫാത്വിമത്തുസ്സഹ്‌റ(റ) എന്ന മകളിലേക്ക് അനിർഗ്ഗളം പ്രവഹിച്ച പ്രവാചക സുൽത്വാന്റെ സ്നേഹച്ചൂടും കുളിരുമാണ്.
നബി(സ)ക്ക് നാലു പെണ്‍ മക്കളും മൂന്ന് ആണ്‍ മക്കളുമാണുണ്ടായിരുന്നത്. ആണ്‍ കുട്ടികളെല്ലാവരും നബി(സ)യുടെ കാലത്തുതന്നെ മരണപ്പെട്ടു. ഓരോ മകനും കണ്ണടക്കമ്പോൾ നബി(സ)യുടെ കണ്ണും ഖൽബും ഈറനണിയുമായിരുന്നു എങ്കിലും അല്ലാഹുവിന്റെ കണിശമായ ഒരു തീരുമാനമായിരുന്നിരിക്കാം അത്. അൽ അഹ്സാബ് അധ്യായം നാൽപതാം ആയത്തിന്റെ ധ്വനിയിൽ ഈ സൂചനയുണ്ട്. അതുപോലെ ഏറ്റവും ചെറിയ മകൾ ഫാത്വിമാ ബീവി ഒഴികെയുള്ള എല്ലാ പെണ്‍ മക്കളും നബി(സ്വ)യുടെ കാലത്തു തന്നെ മരണപ്പെട്ടു. നബി(സ്വ) യുടെ ജീവിതാന്ത്യം വരേ ജീവിക്കാനും ആ വിയോഗത്തിനു ശേഷം ബനൂ ഹാശിമിൽ നിന്ന് ആദ്യം വിടപറയുന്ന ആത്മാവാകുവാനും കിട്ടിയ ഭാഗ്യം നബിയും മകളും തമ്മിലുള്ള ആത്മബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നബി(സ്വ)ക്ക് 36 വയസ്സുള്ളപ്പോഴാണ് ഫാത്വിമ (റ)യുടെ ജനനം എന്നാണ് പ്രബല ചരിത്ര പക്ഷം. 35ാം വയസ്സിൽ കഅബാലയത്തിന്റെ നിർമ്മാണത്തിനിടെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് മക്കാദേശം ചുവടു മാറുമ്പോൾ അതിൽ നിന്ന് നാടിനെ കാത്ത ഈ മാധ്യസ്ഥൻ എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഖദീജാ ബീവിയുടെ പേറ്റു മുറിയിൽ നിന്ന് ഫാത്വിമാ മോളുടെ സന്തോഷക്കരച്ചിലായിരുന്നു എന്നും ചരിത്രങ്ങളിൽ കാണാം. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പെ മൂത്ത സഹോദരി സൈനബിനെ അബുൽ ആസ്വ് ബിൻ റബീഉം അധികം കഴിയും മുമ്പ് റുഖിയ്യ, ഉമ്മു കുൽസും സഹോദരിമാരെ അബൂലഹബിന്റെ രണ്ട് ആൺമക്കളും വിവാഹം ചെയ്തതോടെ നബിയുടെ വീട് ഫാത്വിമയുടെ മാത്രം കാലൊച്ചകളിൽ മുഖരിതമായി. അതോടെ കൊച്ചുമോൾ എന്നതിനുമപ്പുറം ഒരു വികാരത്തിലേക്ക് ഫാത്വിമ വളർന്നു. ഫാത്വിമ നബിയുടെ മനസ്സിൽ കൂടുകൂട്ടി.
പിന്നെ അധികം കഴിയും മുമ്പ് ഉപ്പ അന്ത്യ പ്രവാചകനായി. ഫാത്വിമയടക്കം എല്ലാ കുടുംബാംഗങ്ങളും ഉപ്പയുടെ തണലിലായി. എന്നാൽ ഉപ്പയുടെ നിഴൽ ഫാത്വിമ ആയിരുന്നു. ഇസ്ലാം ഒരു വികാരമായി പടരുമ്പോൾ ഫാത്വിമ എന്ന കൊച്ചുമിടുക്കി ഉപ്പാക്കൊപ്പമുണ്ടായിരുന്നത് പല ചരിത്ര ചിത്രങ്ങളിലും കാണാം. ശത്രുക്കൾ നബി(സ) യുടെ കഴുത്തിൽ അളിഞ്ഞ ഒട്ടകക്കുടൽ വലിച്ചിടുമ്പോൾ അതെടുത്തു മാറ്റുന്നത് അവരാണല്ലോ. സ്വഫാ കുന്നിന്റെ ചരുവിൽ സ്വന്തം കുടുംബത്തെ വിളിച്ചു ചേർത്ത് താക്കീതു ചെയ്യുമ്പോൾ ഇടക്ക് ഫാത്വിമയെയും പേരെടുത്ത് നബി(സ്വ) അഭിസംഭോധന ചെയ്യുന്നുണ്ടല്ലോ. ശത്രുക്കളുടെ ശത്രുത, അതിനാൽ നിറയുന്ന ഉപ്പയുടെ കണ്ണുകൾ, ജീവിത പ്രതിസന്ധികൾ, വിശ്വാസികളുടെ ദുരിതം, ആഫ്രിക്കയിലേക്കുള്ള അവരുടെ പലായനം, കുറൈശികളുടെ ഉപരോധം.. അങ്ങനെ എല്ലാം ആ കണ്ണുകൾ കണ്ടു. അവക്കെല്ലാം ഒപ്പം ഫാത്വിമാ ബീവിയുടെ മനസ്സുമുണ്ടായിരുന്നു. പൊന്നുമ്മയുടെ മരണം കൂടിയായപ്പോൾ ആ മനസ്സ് ഉപ്പയോട് കൂടുതൽ ചേർന്നുനിന്നു. അതിനിടയിലെല്ലാം ഉപ്പ മകളെ വളർത്തിയെടുക്കുന്നുണ്ടായിരുന്നു. പരലോകത്ത് ലോകത്തെ വിശ്വാസിനികളുടെ സയ്യിദത്തായിത്തീരുവാൻ വേണ്ട തർബിയ്യത്ത്. ഇഹലോകത്ത് നബി കുടുംബത്തിന്റെ വിശുദ്ധ കണ്ണികൾ കൂട്ടിയിണക്കുന്നതിനും.
കഷ്ടപ്പാടുകളുടെ കനൽ പഥങ്ങൾ താണ്ടി ഉപ്പയുടെ മദീനയിൽ എത്തുമ്പോൾ അവർ കൗമാരത്തിന്റെ താരുണ്യത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഉപ്പയുടെ ജീവിതം പുതിയ ഭാവം പൂണ്ട കാലമായിരുന്നു അത്. വിശ്വാസികൾ വർദ്ധിച്ചു വരികയാണ്. അവർക്ക് ഇസ്ലാം പകർന്നു കൊടുക്കണം. സ്വന്തം കുടുംബം വലുതാവുകയായിരുന്നു. ഖദീജാ ബീവിക്കു ശേഷം സൗദ ബിൻതു സംഅ(റ) ജീവിതത്തിലേക്കു കടന്നുവന്നു. അധികം കഴിയാതെ ആയിഷ(റ) കടന്നുവന്നു. അങ്ങനെ കുടുംബം വലുതും വിപുലവുമാകുന്ന കാലമായിരുന്നു. അതിനേക്കാൾ മനസ്സുടക്കി വെക്കേണ്ട വിഷയങ്ങൾ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. അറബികൾ ഒറ്റ വില്ല് കയ്യിലെടുത്തു നിൽക്കുകയാണ്. മക്കക്കാരാണ് നേതൃത്വം നൽകുന്നത്. ഏതു നിമിഷവും ഒരു യുദ്ധമുണ്ടാവാം. സ്വഹാബിമാർ വാൾ ഉറയിലിട്ട സമയമില്ല. എപ്പോഴും എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. അപ്പോൾ ഉപ്പ മകളെ കുറിച്ചാലോചിച്ചു. അവളുടെ വിവാഹം ഉടനെ നടത്തണമെന്ന് നിശ്ചയിക്കുകയും ചെയ്തു. ചില കല്യാണ ആലോചനകൾ വന്നും പോയുമിരിക്കുന്നുമുണ്ടായിരുന്നു. അതിനിടെ ഒരാൾ നബി(സ്വ)യുടെ മുമ്പിലേക്ക് കടന്നുവന്നു. അലി ബിൻ അബീത്വാലിബ്(റ). താനേറെ ഇഷ്ടപ്പെട്ട , തന്നെ ഏറെ ഇഷ്ടപ്പെട്ട പിതൃവ്യൻ അബൂത്വാലിബിന്റെ മകൻ. ധാരാളം കുഞ്ഞുങ്ങളുണ്ടായിരുന്ന എളാപ്പയുടെ കഷ്ടപ്പാടുകൾ കണ്ട് കരളലിഞ്ഞ മറ്റൊരു പിതൃവ്യൻ അബ്ബാസ് ഒരിക്കൽ പറഞ്ഞതോർത്തു. മുഹമ്മദേ, നിന്റെ എളാപ്പ കുടുംബ ഭാരത്തിൽ വലിയ കഷ്ടപ്പാടിലാണ്. അദ്ദേഹത്തിന്റെ ഭാരം കുറക്കാൻ ഞാൻ ജഅ്ഫറിനെ കൊണ്ടുപോയി നോക്കാം. നീ അലിയേയും കൊണ്ടുപോയി നോക്ക് എന്ന്. അങ്ങനെ കുട്ടിയായിരിക്കെ തന്റെ നിഴലിൽ വന്നതാണ് അലി. ആ അലിയാണ് വന്നുനിൽക്കുന്നത്.
ചിന്തകളുടെ ഭാരവുമായി തലതാഴ്തി നടന്നു പോകുന്നതിനിടെയായിരുന്നു ഒരു അടിമ സ്ത്രീ വിളിച്ചത്. അലീ, നബി(സ) മകളെ കെട്ടിക്കാൻ പോകുകയാണ് എന്ന് കേട്ടില്ലേ, സത്യത്തിൽ നിങ്ങൾക്ക് ഫാത്വിമ നന്നായി ചേരും. നിങ്ങൾക്കെന്താ നബിയോട് ഫാത്വിമയെ നിങ്ങൾക്കു കെട്ടിച്ചു തരാൻ ആവശ്യപ്പെട്ടു കൂടെ?; അടിമസ്ത്രീ ചോദിച്ചു. ഒരു നിമിഷം മനസ്സിലൂടെ ആ ചിന്ത ചിറകടിച്ചു കടന്നുപോയി. നബിയുടെ എല്ലാ നിലക്കുമുള്ള പ്രതിരൂപമാണ് ഫാത്വിമ. നിറവും ഭംഗിയും സ്വഭാവവും ശീലവുമെല്ലാം. അതോടെ ആ മനസ്സുണർന്നു. പിന്നെ നബിയുടെ സനിധിയിലേക്ക് നടന്നു. അവിടെ എത്തിയിരിക്കുകയാണ്.
എന്താണ് അലീ?
ഒന്നുമില്ല,
ഒന്നു പരുങ്ങി. പറയാൻ ഒരു മടി. ഒരു പക്ഷെ ആവിവേഗമായേക്കുമോ എന്ന പേടി. പക്ഷെ, നബി(സ്വ) അലിയുടെ മനസ്സിന്റെ വിരികൾ വകഞ്ഞു മാറ്റി. അതിനകത്തെ ഇംഗിതം വായിച്ചു.
ഫാത്വിമയെ ചോദിക്കുവാൻ വന്നതാണല്ലേ ?
അതെ എന്നായിരുന്നു ആ മൗനത്തിന്റെ അർഥവും ആശയവും.
വിവാഹമൂല്യമായി അവൾക്കു നൽകാൻ എന്താണ് കയ്യിലുള്ളത് ?
ഒന്നുമില്ല
ഞാനന്ന് തന്ന ആ കുന്തമോ?
അതുണ്ട്, അതിനെന്തു ലഭിക്കാനാണ്, നാലു വെള്ളിക്കാശല്ലാതെ അതിനു വില കിട്ടില്ലല്ലോ
അതു മതി, അതു മഹറായി കൊടുത്ത് അവളെ സ്വീകരിക്കൂ..
അങ്ങനെ ആ മംഗല്യം നടന്നു. നബി(സ്വ) സ്വന്തം മടിയിൽ വെച്ചു വളർത്തിയ രണ്ടു പേർ അങ്ങനെ ഒന്നായി. ഹിജ്‌റ രണ്ടാം വര്‍ഷം റജബ് മാസത്തിലായിരുന്നു ഈ മംഗല്യം. അപ്പോൾ അലി(റ)വിന് 22ഉം ഫാത്വിമ (റ)ക്ക് 18ഉം വയസ്സായിരുന്നു ഏതാണ്ട് പ്രായം. വളരെ ലളിതമായാണ് വിവാഹം നടന്നത്. രണ്ട് ജോഡി വസ്‌ത്രങ്ങളും രണ്ട് വെള്ളി വളകളും വെള്ളം നിറക്കാന്‍ ഒരു കലം, വെള്ളം കുടിക്കാന്‍ രണ്ട് പാത്രങ്ങള്‍, ചകിരി നിറച്ച ഒരു തലയണയുമാണ് പുതിയ കുടുംബത്തിന് ആകെ സംഘടിപ്പിക്കപ്പെട്ടത്. അലി (റ)വിന് സാമ്പത്തികമായി വലിയ ശേഷിയൊന്നുമുണ്ടായിരുന്നില്ല.
ദാരിദ്രത്തിലും പക്ഷെ അലിയുടെയും ഫാത്വിമയുടെയും കുടുംബജീവിതം വളരെ സ്‌നേഹത്തിലും സമാധാനത്തിലുമായിരുന്നു. ഒരു ദിവസം അവര്‍ തമ്മില്‍ ചെറിയ ഒരു വഴക്കുണ്ടായി. പിണങ്ങിയ അലി (റ) പള്ളിയില്‍ പോയി നിലത്തുകിടന്നു. ശരീരത്തില്‍ നല്ലവണ്ണം മണ്ണ് പുരണ്ടു. സംഭവം അറിഞ്ഞ നബി(സ്വ) പള്ളിയില്‍ വന്ന് അലി (റ)യോട് പറഞ്ഞു: അബൂതുറാബ് വീട്ടില്‍ പോകൂ. ഇതോടെ ആ കലഹം അവസാനിച്ചു.
വീട്ടുജോലികള്‍ ഫാത്വിമ(റ) തന്നെയാണ് നിര്‍വ്വഹിച്ചിരുന്നത്. വീട്ടില്‍ ദാസിമാര്‍ ഉണ്ടായിരുന്നില്ല. വെള്ളം വളരെ അകലെനിന്നാണ് കൊണ്ടുവന്നിരുന്നത്. അതിനാല്‍ അവരുടെ ചുമലില്‍ പാട്‌വീണു. ഗോതമ്പ് പൊടിച്ച് കൈയ്യില്‍ തഴമ്പുണ്ടായി. ഒരു ദിവസം നബി(സ്വ)യുടെ അടുത്തേക്ക് ഫാത്വിമ വന്ന് പറഞ്ഞു:`പിതാവേ, നോക്കൂ എന്റെ കയ്യും ചുമലും. ഞാന്‍ വളരെ വിഷമിക്കുന്നു. അതുകൊണ്ട് എനിക്കൊരു ഭൃത്യനെ അനുവദിച്ചുതരണം.' എന്നാല്‍ നബി(സ്വ)ആ ആവശ്യം നിരസിക്കുകയാണ് ചെയ്‌തത്. ഭക്ഷണം കഴിക്കാനുള്ള വകയില്ലാതെ ജനങ്ങള്‍ വിഷമിക്കുമ്പോള്‍ ഭക്ഷണമൊരുക്കാന്‍ വേലക്കാരനെ അനുവദിക്കാന്‍ നിവൃത്തിയില്ലെന്നായിരുന്നു നബി(സ്വ)യുടെ നിലപാട്. എങ്കിലും എന്റെ ഓമന മകളെ വേദനിപ്പിക്കരുതെന്ന് നബി(സ്വ) കരുതി. രാത്രിയില്‍ അലി (റ)വും ഫാത്വിമ (റ)വും കിടക്കാന്‍ ഒരുങ്ങിയപ്പോള്‍ അവരുടെ അടുത്തേക്ക് ചെന്ന് നബി(സ്വ) പറഞ്ഞു: നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടതിനെക്കാളും ഉത്തമമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുബ്‌ഹാനല്ലാഹി എന്ന് 33 പ്രാവശ്യവും അല്‍ഹംദുലില്ലാഹി എന്ന് 33 പ്രാവശ്യവും അല്ലാഹു അക്‌ബര്‍ എന്ന് 34 പ്രാവശ്യവും പറയുക. ഐഹിക സുഖം കിട്ടാതെ പോയാലും പരലോക സുഖം നേടാനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നാണ് നബി(സ്വ) മകളെ ഉപദേശിച്ചതിന്റെ പൊരുള്‍. മക്കളെ പിന്നെയും തർബിയ്യത്ത് ചെയ്യുകയായിരുന്നു സ്നേഹ വൽസലനായ ആ പിതാവ്.
ഏറ്റവും നല്ല സ്വഭാവമായിരുന്നു ഫാത്വിമ (റ)യുടേത്. അവരുടെ നടത്തം നബി(സ്വ)യുടെ നടത്തംപോലെയാണെന്ന് ആഇശ (റ) പറയുകയുണ്ടായിട്ടുണ്ട്. ഫാത്വിമ (റ) ഒരു കവയത്രിയും കൂടിയായിരുന്നു. ഹസന്‍, ഹുസൈന്‍ എന്നീ രണ്ട് ആണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായി. ഇവരെ നബി(സ്വ) വളരെയേറെ സ്‌നേഹിച്ചിരുന്നു. അവരെ എടുത്തുകൊണ്ട് നമസ്‌ക്കരിച്ചിട്ടുണ്ട്. അവര്‍ക്ക് പൈശാചിക ബാധ ഏല്‍ക്കാതിരിക്കാന്‍ നബി(സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഉമ്മുകുല്‍സൂം, സൈനബ് എന്നീ രണ്ട് പെണ്‍കുട്ടികളും ഫാത്വിമ (റ)വിന് ഉണ്ടായിട്ടുണ്ട്. ഉമ്മുകുല്‍സൂമിനെ പിന്നീട് ഉമര്‍(റ)വും, സൈനബിനെ അബ്‌ദുല്ലാഹിബ്‌നു ജഅ്‌ഫറുമാണ് വിവാഹം ചെയ്‌തത്.
നബി(സ്വ)യുടെ വിയോഗാനന്തരം ആറ് മാസം കഴിഞ്ഞപ്പോള്‍ ഫാത്വിമ (റ)മരണമടഞ്ഞു. നബി(സ്വ) മരിക്കുന്നതിന്റെ തൊട്ട് മുമ്പ് ഫാത്വിമ അധികം താമസിയാതെ മരണപ്പെടുമെന്ന് അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. മരണപ്പെടുമ്പോള്‍ 27 വയസ്സായിരുന്നു അവരുടെ പ്രായം. മദീനയിലെ ബഖീഇലാണ് അവര്‍ മറമാടപ്പെട്ടത്.
നബി(സ്വ)യുടെ പിതൃവ്യപുത്രന്‍ അലി(റ) നുബുവ്വത്തിന്റെ ഏഴു വര്‍ഷം മുമ്പാണ് ജനിച്ചത്. ഫാത്വിമാബിന്‍തു അസദാണ് അദ്ദേഹത്തിന്റെ മാതാവ്. നബി(സ്വ)യുടെ വീട്ടിലാണ് അദ്ദേഹം വളര്‍ന്നത്. അതിനാല്‍ ചെറുപ്പം മുതല്‍ തന്നെ നബി(സ്വ)യുടെ നല്ല സ്വഭാവം അനുകരിച്ചു ജീവിച്ചു. നബി(സ്വ)യില്‍ വിശ്വസിച്ച ആദ്യത്തെ കുട്ടി എന്ന ബഹുമതി അദ്ദേഹത്തിനാണ്. നബി(സ്വ)ഹിജ്‌റ പോയ രാത്രിയില്‍ നബി(സ്വ)യുടെ കട്ടിലില്‍ കിടന്ന് അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. തബൂക്കിലൊഴികെ നബി(സ്വ)യോടൊപ്പം എല്ലായുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
മദീനയില്‍ നബി(സ്വ)യോട് ഉടമ്പടി ചെയ്‌തിരുന്ന ബനൂനളീര്‍ ഗോത്രത്തെ ഉടമ്പടി ലംഘനത്തിന് ഖൈബറിലേക്ക് നാടുകടത്തിയതോടെ ഉരുണ്ടു കൂടിയ സാഹചര്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന അനുഭവം . അവിടെ വെച്ചും അവര്‍ നബി(സ്വ)ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ നടത്തിയതോടെ അവരോട് യുദ്ധം ചെയ്യാന്‍ നബി(സ്വ) ഖൈബറിലേക്ക് സൈന്യസമേതം പുറപ്പെട്ടു. ഭദ്രമായി കോട്ടക്കുള്ളില്‍ ഒളിച്ചിരുന്ന അവരെ ദിവസങ്ങളോളം മുസ്‌ലിം സൈന്യം വളഞ്ഞു. ഇടക്കിടെ പോരാട്ടങ്ങള്‍ നടന്നു. അവസാനം അലി(റ)വിന്റെ കയ്യില്‍ പതാക കൊടുത്തു കൊണ്ട് നബി(സ്വ) പറഞ്ഞു: ഈ പതാക പിടിക്കൂ. അല്ലാഹു താങ്കള്‍ക്കു വിജയം തരുന്നതുവരെ യുദ്ധം ചെയ്യുക. ശത്രുക്കളുടെ കോട്ടകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട് അലി (റ) ഖൈബര്‍കോട്ട പിടിച്ചടക്കി. യുദ്ധവേളയില്‍ വെട്ടേറ്റ് കയ്യിലെ അദ്ദേഹത്തിന്റെ പരിച പോലും തെറിച്ചുപോകുകയുണ്ടായി. അപ്പോള്‍ കോട്ടയുടെ ഒരു വാതില്‍ എടുത്ത് അദ്ദേഹം ആക്രമണം തടുത്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മിന്നുന്ന പ്രകാനങ്ങളായിരുന്നു ഖൈബർ കണ്ടത്.
ഖന്തക് യുദ്ധവേളയില്‍ ശത്രുഭാഗത്തുനിന്ന് അംറുബ്‌നുവുദ്ദ് മുമ്പോട്ട് വന്ന് മുസ്‌ലിം സേനയെ വെല്ലു വിളിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ അംറുബ്‌നു വുദ്ദാണ്. ആര്‍ക്കെങ്കിലും തന്റെ ഉമ്മക്ക് മകനെ നഷ്‌ടപ്പെടുത്താനും, മക്കളെ അനാഥരാക്കാനും മോഹമുണ്ടെങ്കില്‍ എന്റെ മുമ്പില്‍ വരിക. ഈ വെല്ലുവിളികേട്ടപ്പോള്‍ മുസ്‌ലിം സേനക്കിടയില്‍ നിന്ന് തന്റെ കുതിരപ്പുറത്ത് പടക്കുപ്പായമണിഞ്ഞ് വാളൂരിപ്പിടിച്ച് അലി(റ) മുമ്പോട്ടു വന്നു. നിമിഷങ്ങള്‍ക്കകം അംറ് അലിയെ ആക്രമിച്ചു. അംറിന്റെ വാള്‍ അലി (റ)യുടെ പടക്കുപ്പായത്തില്‍ തറച്ചു. വാള് വലിച്ചെടുക്കാന്‍ അംറ് ശ്രമിക്കുന്നതിനിടയില്‍ അലി(റ) അംറിന്റെ കഴുത്തിന് ആഞ്ഞുവീശി. അംറിന്റെ തല തെറിച്ചു പോയി. ശത്രുപാളയം വിറക്കുമാറ് ഉച്ചത്തോടെ മുസ്‌ലിം സൈന്യം അല്ലാഹു അക്‌ബര്‍ എന്ന് വിളിച്ചു പറഞ്ഞു. രണാങ്കണത്തില്‍ ശൂരത പ്രകടമാക്കിയ അലി (റ) അസദുല്ലാ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
മൂന്നാം റാശിദീ ഖലീഫ ഉസ്‌മാന്‍(റ)വിന്റെ ദാരുണമായ വധം മുസ്‌ലിം സമുദായത്തില്‍ അനൈക്യത്തിന് കാരണമായി. അബൂബക്‌ര്‍ (റ) ഉമര്‍(റ)വിനെ ഖലീഫയായി നിശ്ചയിച്ചുകൊണ്ടും ഉമര്‍(റ) അടുത്തഖലീഫയെ നിശ്ചയിക്കാന്‍ ആറംഗ സമിതിക്ക് അധികാരം കൊടുത്തുകൊണ്ടുമാണല്ലോ മരണപ്പെട്ടുപോയത്. എന്നാല്‍ ഉസ്‌മാന്‍ (റ)വിന് ഇപ്രകാരമേതെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അവസരം ലഭിച്ചില്ല. അതിനാല്‍ മദീനയിലുണ്ടായിരുന്ന സ്വഹാബിമാരും മറ്റും ചേര്‍ന്ന് അലി (റ)വിനെ അടുത്ത ഖലീഫയായി തെരഞ്ഞെടുത്തു.
അലി (റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ മുസ്‌ലിംകളില്‍ രണ്ടു ചിന്താഗതിയുണ്ടായിരുന്നു. നിരപരാധിയായി വധിക്കപ്പെട്ട ഉസ്‌മാന്‍(റ)ന്റെ വധത്തിന് പ്രതികാരം ചെയ്യണം. എന്നിട്ടു മതി ഖലീഫയെ അംഗീകരിക്കല്‍ എന്നായിരുന്നു ഒരു ഗതി. ഈ ചിന്താഗതിക്ക് നേതൃത്വം കൊടുത്തത് സിറിയാ ഗവര്‍ണ്ണറായിരുന്ന മുആവിയയായിരുന്നു. അദ്ദേഹം ഉസ്‌മാന്‍ (റ)വിന്റെ അടുത്ത കുടുംബക്കാരനുമായിരുന്നു.
ഉസ്‌മാന്‍ (റ)വിന്റെ വധം നടന്നത് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പ്രമുഖ സ്വഹാബിമാരെല്ലാം മക്കയില്‍ പോയ അവസരത്തിലായിരുന്നതിനാല്‍ മദീനയില്‍ എന്തൊക്കെ നടന്നുവെന്നതിന്റെ യഥാര്‍ത്ഥ രൂപം അവര്‍ക്കറിഞ്ഞുകൂടായിരുന്നു. ഉസ്‌മാന്‍(റ) വധിക്കപ്പെട്ടുവെന്നേ അവര്‍ അറിഞ്ഞുള്ളൂ. അതിനാല്‍ ഘാതകരെ കൊല്ലണമെന്ന് അവരും ആവശ്യപ്പെട്ടു. സുബൈര്‍, ത്വല്‍ഹത്ത്, ആഇശ (റ) എന്നിവര്‍ ഈ അഭിപ്രായത്തോട് യോജിച്ചു.
ഒരു അംഗീകൃത ഖലീഫയുടെ കീഴിലേ പ്രതികാരമെടുക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് അലിയുടെ ഖിലാഫത്ത് ആദ്യം അംഗീകരിക്കണമെന്നായിരുന്നു രണ്ടാമത്തെ അഭിപ്രായഗതി. ഭൂരിപക്ഷം ജനങ്ങളും ഈ അഭിപ്രായക്കാരായിരുന്നു. ഹജ്ജ് കഴിഞ്ഞ് മദീനയിലേക്ക് മടങ്ങിവരാതെ സുബെര്‍, ത്വല്‍ഹത്ത്, ആഇശ (റ) എന്നിവര്‍ നേരെ ബസ്വറയിലേക്കാണ് പോയത്. പ്രതികാരനടപടിക്ക് ആളുകളെ സംഘടിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം.
ബൈഅത്ത് ചെയ്യപ്പെട്ട ഒരു ഖലീഫയുടെ ഭരണ പ്രദേശത്ത് ആഭ്യന്തരകുഴപ്പമുണ്ടാക്കുന്നത് അടിച്ചമര്‍ത്തേണ്ട ബാധ്യത ഖലീഫക്കുള്ളതിനാല്‍ അലി (റ) അങ്ങോട്ട് സൈന്യസമേതം പോയി. സന്ധി സംഭാഷണങ്ങളിലൂടെ മുസ്‌ലിംകള്‍ തമ്മില്‍ ഏറ്റുമുട്ടാതിരിക്കാന്‍ അലി(റ) വളരെയേറെ ശ്രമിച്ചു. കൂഫക്കാരും ബസ്വറക്കാരും യുദ്ധത്തില്‍ നിന്നൊഴിയാന്‍ സമ്മതിച്ചു. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാകണമെന്നാഗ്രഹിച്ച് മുസ്‌ലിം വേഷത്തില്‍ നടന്നിരുന്ന ജൂതന്മാര്‍ക്ക് സമാധാനമായില്ല. അവര്‍ പെട്ടെന്ന് യുദ്ധം തുടങ്ങി. ബസ്വറക്കു സമീപമുള്ള അല്‍ഖരീബയില്‍ വെച്ചാണ് യുദ്ധം നടന്നത്. മുസ്‌ലിംകള്‍ പരസ്‌പരം ഏറ്റുമുട്ടിയ ആദ്യ ആഭ്യന്തരയുദ്ധമാണിത്. നബി(സ്വ)യുടെ പത്‌നി ആഇശ(റ) ഒട്ടകപ്പുറത്തിരുന്ന് യുദ്ധത്തില്‍ പങ്കെടുത്തതിനാല്‍ ജമല്‍യുദ്ധം എന്ന പേരില്‍ ഇതറിയപ്പെടുന്നു. യുദ്ധക്കളത്തില്‍ നിന്ന് ആഇശ (റ)ക്ക് പരുക്കേല്‍ക്കാതെ അലി (റ)രക്ഷപ്പെടുത്തുകയും ആദരപൂര്‍വ്വം മദീനയിലേക്ക് മടക്കി അയക്കുകയും ചെയ്‌തു. യുദ്ധവിജയം അലി(റ)യുടെ പക്ഷത്തിനായിരുന്നു.
ശക്തമായ ഒരു ഭരണകര്‍ത്താവായിരുന്നു സിറിയാ ഗവര്‍ണര്‍ മുആവിയ. അദ്ദേഹം അലി (റ)വിന്റെ ഖിലാഫത്ത് അംഗീകരിച്ചില്ല. അലി (റ)വിന്റെ പട്ടാളത്തില്‍ ഉസ്‌മാന്‍ (റ)വിനെ വധിച്ച കലാപകാരികളുണ്ടെന്നും ഉസ്‌മാന്‍(റ)വിന്റെ രക്തത്തിന് പ്രതികാരം ചെയ്യണമെന്നും പറഞ്ഞ് സിറിയക്കാരുടെ ഒരു സൈന്യവുമായി അലി (റ)വിനോട് യുദ്ധത്തിനൊരുങ്ങി. ഈ വിവരം അറിഞ്ഞപ്പോള്‍ അലി(റ) സൈന്യവുമായി സിറിയയിലേക്ക് പോയി. യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള സ്വിഫ്‌ഫീനില്‍ രണ്ടു സൈന്യവും താവളമടിച്ചു. മുസ്‌ലിംകള്‍ തമ്മില്‍ ഇനിയും രക്തം ചിന്തരുതെന്ന് അലി(റ) തീരുമാനിച്ചു. മദ്ധ്യസ്ഥന്മാര്‍ മുഖേന സന്ധിസംഭാഷണങ്ങള്‍ നടന്നു. എഴുത്തുകള്‍ കൈമാറി. പക്ഷേ, അതൊന്നും ഫലിച്ചില്ല. ഹിജ്‌റ 37-ാം വര്‍ഷം സ്വഫര്‍ ഒന്നിന് യുദ്ധം തുടങ്ങി. രണ്ടു ദിവസം യുദ്ധം നടന്നു. ഇരുഭാഗത്തും മരിച്ചു വീഴുന്നത് മുസ്‌ലിംകളായിരുന്നു. ഇരു കക്ഷികള്‍ക്കും തൃപ്‌തിപ്പെട്ട മദ്ധ്യസ്ഥന്മാരെ നിയമിച്ച് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്ന് ഇരു ഭാഗവും സമ്മതിച്ച് യുദ്ധം നിര്‍ത്തി. അലി (റ)വിന്റെ ഭാഗത്ത് അബൂമൂസല്‍ അശ്‌അരിയും മുആവിയയുടെ ഭാഗത്തു നിന്ന് അംറുബ്‌നുല്‍ ആസ്വ് (റ) വുമായിരുന്നു മദ്ധ്യസ്ഥന്മാര്‍.
അലിയെയും മുആവിയയെയും അവരുടെ പദവികള്‍ വിട്ടൊഴിഞ്ഞ് സര്‍വ്വസമ്മതനായ ഒരാളെ ഖലീഫയായി തെരഞ്ഞെടുക്കണമെന്നായിരുന്നു മദ്ധ്യസ്ഥതീരുമാനം. ഈ തീരുമാനം നടപ്പിലായില്ല.
ഇപ്രകാരം മദ്ധ്യസ്ഥന്മാരെ നിശ്ചയിച്ചത് ചിലര്‍ക്ക് ഇഷ്‌ടമായില്ല. മതകാര്യത്തില്‍ വിധികല്‍പിക്കാന്‍ മദ്ധ്യസ്ഥന്മാര്‍ക്ക് അധികാരമില്ല. അല്ലാഹുവിനേ അധികാരമുള്ളൂ; എന്നായിരുന്നു അവരുടെ വാദഗതി. ഈ സംഘക്കാര്‍ അലി (റ) വിന്റെ പട്ടാളത്തിലുള്ളവരായിരുന്നു. ഈ വാദഗതിനിമിത്തം അവര്‍ അലിയുടെ ഭാഗത്തു നിന്ന് വിട്ടുപുറത്തുപോയി. ചരിത്രത്തില്‍ ഖവാരിജുകള്‍ എന്നാണവര്‍ അറിയപ്പെടുന്നത്.
ആദ്യത്തെ മൂന്ന് ഖലീഫമാരുടെ കാലത്ത് നാം കണ്ടതുപോലുള്ള വിജയങ്ങളൊന്നും അലി (റ)വിന്റെ കാലത്തുണ്ടായില്ല. ആഭ്യന്തര പ്രശ്‌നങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ വളരെ സമയം ചെലവഴിക്കേണ്ടിവന്നു എന്നതാണ് അതിനു കാരണം. അലി (റ) വിന്റെ ഭരണകാലത്ത് ഖിലാഫത്ത് ആസ്ഥാനം മദീനയില്‍ നിന്ന് കൂഫയിലേക്ക് മാറ്റി. ധൈര്യം, ശക്തി, ഭൗതിക വിരക്തി, മതനിയമങ്ങളിലുള്ള അഗാധജ്ഞാനം എന്നിവ അലി (റ) വിന്റെ സവിശേഷതകളാണ്. ഭൗതിക സുഖങ്ങളില്‍ അദ്ദേഹം തീരെ ആകൃഷ്‌ടനായിരുന്നില്ല. രാത്രിയില്‍ എല്ലാവരും ഉറങ്ങിയാല്‍ അദ്ദേഹം എഴുന്നേറ്റ് നമസ്‌ക്കരിക്കും. അല്ലാഹുവിനെ ഭയന്നും പാപങ്ങളെയോര്‍ത്തും കരഞ്ഞുകൊണ്ടിരിക്കും. ഒരു ദിവസം അദ്ദേഹത്തിന്റെ മുമ്പില്‍ വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം വിളമ്പി. അതിനെ പ്രശംസിച്ച ശേഷം അദ്ദേഹം പറഞ്ഞു: പതിവില്ലാത്ത ആഹാരം ഒരു ശീലമാക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല.
അങ്ങാടിയില്‍ നിന്ന് ഒരു ദിവസം വീട്ടാവശ്യത്തിന് കുറച്ച് ഈത്തപ്പഴം അദ്ദേഹം വാങ്ങി. ഖലീഫ തന്നെ എടുത്ത് കൊണ്ട് പോകുന്നത് ഇഷ്‌ടപ്പെടാത്ത ചിലര്‍ അതു വീട്ടിലെത്തിക്കാന്‍ ശ്രമിച്ചു. അവരെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: വീട്ടുടമസ്ഥനാണ് ഇതു ചുമക്കാനര്‍ഹന്‍.
അലി (റ) വിന്റെ ഭരണകാലം മുഴുവന്‍ ആഭ്യന്തര കലഹങ്ങളും മുസ്‌ലിംകള്‍ പരസ്‌പരമുള്ള ഏറ്റുമുട്ടലുകളുമായിരുന്നു. ഖവാരിജുകള്‍ അടിച്ചമര്‍ത്തപ്പെട്ടു. അവര്‍ക്ക് വമ്പിച്ച നാശനഷ്‌ടങ്ങളുണ്ടായി. മുസ്‌ലിം ലോകത്ത് സമാധാനമുണ്ടാകാന്‍ ഖലീഫ അലിയെയും, അമീര്‍ മുആവിയയെയും, അംറുബ്‌നുല്‍ ആസ്വിനെയും വധിക്കുകയാണ് പോംവഴിയെന്ന് ഖവാരിജുകള്‍ തീരുമാനിച്ചു. ഇവരെ മൂന്നുപേരെയും ഒരേ ദിവസം വധിക്കാന്‍ ആളുകളെയും നിശ്ചയിച്ചു. അലി (റ)യെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അബ്‌ദുല്‍റഹ്‌മാനുബ്‌നു മുല്‍ജിം നമസ്‌കാരത്തിനു പോകുന്ന ഖലീഫയെ മറവിലിരുന്നു കുത്തി. ശക്തമായ മുറിവേറ്റ ഖലീഫയെ താങ്ങിക്കിടത്തി. ഘാതകനെയും അതേപോലെ കൊല്ലാന്‍ ഉത്തരവിട്ടു. മക്കളെ അടുത്തേക്ക് വിളിച്ചു. നല്ലവരായി ജീവിച്ച് അല്ലാഹുവിന്റെ തൃപ്‌തിനേടണമെന്ന് വസ്വിയ്യത്ത് ചെയ്‌തു. മുറിവേറ്റ പിറ്റേ ദിവസം അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ 40 റമദാന്‍ 18നായിരുന്നു അത്. അദ്ദേഹത്തിന് 63 വയസ്സു പ്രായമുണ്ടായിരുന്നു. 4 വര്‍ഷവും 2 മാസവുമാണ് അദ്ദേഹം ഭരണം നടത്തിയത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso