മത മൈത്രിയുടെ കേരളീയ പാഠങ്ങൾ
29-11-2021
Web Design
15 Comments
1
ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കേരളം. ഭക്ഷണം, ഭാഷ, വേഷം, സംസ്കാരം തുടങ്ങിയവയില്ലെല്ലാം ഈ മാറ്റം കാണാം. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ നാടിൻ്റെ ബഹുസ്വരതയാണ്. വിവിധ ജാതി-മത വിഭാഗങ്ങൾ ഒന്നിച്ചു കഴിയുന്നു എന്നത് മാത്രമല്ല, അവർ പരസ്പര സൗഹാർദ്ദത്തിലും സഹവർത്തിത്വത്തിലും കഴിയുക കൂടി ചെയ്യുന്നു എന്നതാണ് കേരളത്തിൻ്റെ സവിശേഷത.
ബി.സി 722ൽ അസ്സീറിയക്കാർ ജറൂസലേം കീഴടക്കിയപ്പോൾ പലായനം ചെയ്ത യഹൂദരിൽ ഒരുവിഭാഗവും ബി.സി 70 ൽ ശത്രുക്കൾ രണ്ടാമത്തെ യഹൂദ ദേവാലയം തകർത്തപ്പോൾ ഓടിപ്പോന്നവരും അഭയം തേടിയ നാടാണ് കേരളം. (1) കൊച്ചിയിലെ ജൂതത്തെരുവും മട്ടാഞ്ചേരി സിനഗോഗും ഏറെ പ്രസിദ്ധമാണ്. യേശുവിൻ്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരുവനായിരുന്ന തോമാശ്ലീഹ എ.ഡി 52-ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി ഇവിടെ ക്രൈസ്തവ മതപ്രബോധനത്തിനു തുടക്കമിട്ടു. (2) എ.ഡി 632 ൽ പ്രവാചകൻ മുഹമ്മദ്(സ) പരലോകം പ്രാപിക്കുന്ന കാലത്ത് തന്നെ ഇസ്‌ലാം ഈ മണ്ണിലെത്തി ഒരു സമൂഹത്തെ രൂപപ്പെടുത്തി കൊടുങ്ങല്ലൂരിൽ പള്ളി പണിതു. (3) അതിനിടയിൽ ഈ മണ്ണിൻ്റെ തന്നെ മണമുള്ള അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം, ചാർവാകം. അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ അനേകായിരം ദേവീ ദേവതാ സങ്കൽപ്പങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ.... ഇതാണ് കേരളം.
നാനാജാതി മത വിഭാഗങ്ങൾ സ്വന്തം മതവിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്നതോടൊപ്പം പരസ്പര സ്നേഹത്തോടെയും ഒരുമയോടെയും കഴിയുന്നു എന്നത് ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്ന് കേരളത്തെ വേറിട്ടു നിർത്തുന്നു. ഒരേ പറമ്പിൽ തന്നെ മുസ്‌ലിം പള്ളിയും ഹൈന്ദവ ക്ഷേത്രങ്ങളും നിലകൊള്ളുന്ന നൂറുകണക്കിന് കാഴ്ചകൾ കേരളത്തിലുടനീളം കാണാം. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ പാലത്തിനടത്തുള്ള ചേമഞ്ചേരി കാട്ടിലെ പീടിക ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രവും കൈപ്പാട് അകലത്തിൽ ബദർ ജുമാ മസ്ജിദും. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തളിക്ഷേത്രവും അതിനോടു തൊട്ടൊരുമ്മി നിൽക്കുന്ന ജുമാ മസ്ജിദും, താനൂർ ഓലപ്പീടികയിലെ ബദ്ർ ജുമാ മസ്ജിദും അതേ പറമ്പിൽ മതിലപ്പുറം സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രവും, തിരൂർ-മംഗലത്തെ കാരറ്റുകടവിൽ ഒരു മറ പോലും ഇല്ലാതെ ഒരേ ഭൂമികയിൽ സ്ഥിതി ചെയ്യുന്ന പള്ളിയും അമ്പലവും..... ഇങ്ങനെ നൂറുകണക്കിന് ഒരുമയുടെ ഉദാഹരങ്ങൾ ഈ നാടിന് നിരത്താനാകും. ക്രിസ്ത്യൻ ചർച്ചും അമ്പലവും പാളയം പള്ളിയും തോളോടു തോൾ ചേർന്ന് നിൽക്കുന്ന, തലസ്ഥാന നഗരമായ തിരുവനന്തപുരം മുതൽ ചന്ദ്രഗിരിപ്പുഴയുടെ കുഞ്ഞോളങ്ങളേറ്റു കിടക്കുന്ന കാസർഗോഡ് വരെ ഇത്തരം മതസൗഹാർദ്ദ കാഴ്ചകൾ കാണാം.
മുസ്ലിം പള്ളികൾ നിർമിച്ചു നൽകിയിരുന്നത് ഹൈന്ദവരായ ആശാരിമാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഹൈന്ദവ ക്ഷേത്രവും മുസ്ലിം പള്ളിയും പരസ്പരം തിരിച്ചറിയാൻ സാധിക്കാത്ത വിധം രൂപത്തിലും നിർമാണ ഘടനയിലും ഒരേ ഭാവമായിരുന്നു. മക്കയിലെ കഅബാലയത്തിന് നേരെ ഖിബ് ലയുടെ ദിശ നിർണയിക്കുക എന്നതിനപ്പുറം കാര്യമായ മാറ്റങ്ങൾ മുസ്‌ലിം പള്ളികളിൽ ഉണ്ടായിരുന്നില്ല. 1970 ന് മുമ്പ് കേരളത്തിലുടനീളം ഈ കാഴ്ച കാണാമായിരുന്നു. പള്ളികൾക്ക് വല്ല കേടുപാടുകളും സംഭവിച്ചാൽ അത് റിപ്പയർ ചെയ്ത് നന്നാക്കാനുള്ള അധികാരവും ഹൈന്ദവ ആശാരി കുടുംബങ്ങൾക്കായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങൾ(1752-1845) തിരൂരങ്ങാടി കൊടിഞ്ഞിയിൽ പള്ളി നിർമിച്ചപ്പോൾ, അതിനു ചുക്കാൻ പിടിച്ചത് അവിടത്തെ ആശാരി കുടുംബമായിരുന്നു. പിന്നീട് മമ്പുറം തങ്ങൾ തന്നെ ആ ആശാരി കുടുംബത്തിന് അത് റിപ്പയർ ചെയ്യാനുള്ള അധികാരവും നൽകി. കൊടിഞ്ഞിയിലെ ഹൈന്ദവരില്‍ നല്ലൊരുഭാഗവും അവര്‍ണ ഹിന്ദുക്കളാണ്. ആശാരി, കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍ വിഭാഗത്തില്‍ പെട്ടവര്‍. കൊടിഞ്ഞിപള്ളിയുടെ നിര്‍മാണത്തിനായി മമ്പുറം തങ്ങള്‍ കൊണ്ടുവന്നതാണവരെ. കൊടിഞ്ഞിയില്‍ തന്നെ സ്ഥലം നല്‍കി തങ്ങള്‍ ഇവരെ അവിടെത്തന്നെ കുടിയിരുത്തി. ഇവര്‍ പില്‍ക്കാലത്ത് കൊടിഞ്ഞിയുടെ ഭാഗമായി മാറി. കൊടിഞ്ഞിപ്പള്ളിയിലെ ചില ചടങ്ങുകളില്‍ ഇവര്‍ക്ക് പ്രത്യേക അവകാശങ്ങളും നല്‍കി. റമസാന്‍ഇരുപത്തേഴാംരാവില്‍ പള്ളിയിലെത്തിക്കുന്ന പലഹാരത്തിന്റെ മൂന്നിലൊരു ഭാഗം ഹൈന്ദവ വിശ്വാസികള്‍ക്കുള്ളതാണ്. ഈ പലഹാരത്തിന്റെ പുണ്യം കൈപറ്റാന്‍ ഇവര്‍ എല്ലാ വര്‍ഷവും മുറതെറ്റാതെ കൊടിഞ്ഞി പള്ളിയിക്ക് മുന്നില്‍ എത്താറുണ്ട്. പള്ളിയില്‍ പ്രതിവര്‍ഷം നടക്കുന്ന സ്ഥാപക നേര്‍ച്ചയില്‍ അറുക്കുന്ന മാടുകളുടെ തുകലിന്റെ അവകാശം നല്‍കിയത് കൊല്ലന്മാര്‍ക്കാണ്.
കൊടിഞ്ഞി പള്ളിയുടെ സ്ഥാന നിർണയവുമായി ബന്ധപ്പെട്ടൊരു സംഭവവുമുണ്ടായതായി പറയപ്പെടാറുണ്ട്. സ്ഥാന നിർണയത്തിന് മമ്പുറം തങ്ങൾ വിളംബരം ചെയ്തപ്പോൾ ഒട്ടേറെ പേർ എത്തി. അവർ പലയിടത്തായി കുറ്റിയടിച്ചു. തങ്ങൾ ഇതെല്ലാം നോക്കി ഒരു സ്ഥലത്ത്, നിലത്ത് വിരിപ്പ് വിരിച്ച് ഇരിക്കുകയായിരുന്നു. പലരും പള്ളിക്ക് കുറ്റിയടിക്കാന്‍ സ്ഥലം കണ്ടു . എന്നാല്‍ മമ്പുറം തങ്ങള്‍ക്ക് ആസ്ഥലമൊന്നും തൃപ്തിയായില്ല. അവസാനം തൃക്കുളം കൈപ്പുള്ളിൽ ഉണ്ണി ആശാരി വന്നു അയാള്‍ പറഞ്ഞു തങ്ങള്‍ ഉപ്പാപ്പ ഒന്ന് എഴുന്നേല്‍ക്കുകയാണെങ്കില്‍ അവിടെ എനിക്ക് കുറ്റിയടിക്കാമായിരുന്നു തങ്ങള്‍ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു നീയാണ് യഥാര്‍ഥ സ്ഥാനം നോക്കുന്നവന്‍ അങ്ങനെ അവിടെ പള്ളിക്ക് കുറ്റിയടിച്ചു.അവിടെയാണ് കൊടിഞ്ഞി പള്ളി നിര്‍മിക്കപ്പെട്ടത്. ഈ ആശാരിയുടെ പരമ്പര പിന്നീട് നാട്ടിലെ അറിയപ്പെട്ട സ്ഥാനം നോട്ടക്കാരായി മാറി എന്നു ചരിത്രം. കൊടിഞ്ഞിയിലെ പഴമക്കാരിൽ നിന്ന് ഇപ്പോഴും ഈ കഥകൾ കേൾക്കാനാകും.(4)
കേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറായിരുന്ന ടി.പി കുട്ടിയമ്മു(1911-1987) സാഹിബ് മിനാരമുള്ള കോൺഗ്രീറ്റ് പള്ളികളുടെ മോഡലുകളുമായി 1960 നു ശേഷം രംഗപ്രവേശം ചെയ്യുന്നതു വരെ കേരളത്തിൻ്റെ നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും അമ്പലവും പള്ളിയുമെല്ലാം മിക്കവാറും ഇങ്ങനെ ഒരേ രൂപഭാവത്തിൽ തന്നെയായിരുന്നു. ആധുനികവത്കരണത്തിൻ്റെ ബുൾഡോസറുകൾ കയറി നിരങ്ങാത്ത അപൂർവം ചില നാടുകളിൽ ഇപ്പോഴും അതിൻ്റെ ശേഷിപ്പുകൾ കാണാം.
പരസ്പരാശ്രിത സമൂഹികത.
കൊള്ളക്കൊടുക്കലുകളുടെയും ആദാനപ്രദാനങ്ങളുടെയും കെട്ടുറപ്പിൽ പടുത്തുയർത്തിയ പരസ്പരാശ്രിത സമൂഹികതയാണ് കേരളത്തെ മുന്നോട്ടു നയിച്ചത്. ഓരോ ജനവിഭാഗവും തങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഇതര വിഭാഗങ്ങളെ ആശ്രയിക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുകയാണിത്. ഇവിടെ മിക്കവാറും കച്ചവടങ്ങൾ കൈകാര്യം ചെയ്തിരുന്നത് മുസ്‌ലിംകൾ ആയിരുന്നു. അതിനായി ചരക്കുകൾ കൊണ്ടുവരാനും കൊണ്ടുപോകാനും കപ്പലുകൾ ആവശ്യമായിരുന്നു. അവ നിർമിച്ചു നൽകിയിരുന്ന ഹൈന്ദവരായ ആശാരിമാരായിരുന്നു. ഒരു വിഭാഗത്തിൻ്റെ മുന്നേറ്റം മറുവിഭാഗത്തിനും ഗുണം ചെയ്യുകയും ഒരു വിഭാഗത്തിൻ്റെ നഷ്ടം മറുവിഭാഗത്തെ കഷ്ടപ്പാടിലാക്കുന്നതുമായിരുന്നു ഇവിടത്തെ സാമൂഹിക ഘടനയെന്നു സാരം.
മലബാറിൻ്റെ ഭരണാധികാരികളായി സാമൂതിരിമാർ വാണിരുന്ന കാലത്ത് ഇവിടത്തെ ഹിന്ദുക്കളും മുസ്ലിംകളും മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്ത വിധം ഒരുമയിലും സൗഹാർദ്ദത്തിലുമായിരുന്നു എന്നതിന് ഇന്നലെയുള്ള അനുഭവങ്ങൾ സാക്ഷി. സോവിയറ്റ് റഷ്യയിലെ ഖീവാ സ്വദേശിയായ അഹ്മദ് അൽ ബിറൂനി പറയുന്നതിങ്ങനെ: ഹിന്ദുക്കളും മുസ്‌ലിംകളും തികഞ്ഞ സൗഹാർദ്ദത്തോടെയാണ് മലബാറിൽ കഴിയുന്നത്. ഇവിടത്തെ ഹിന്ദു രാജാവ് മുസ് ലിം പ്രജകളുടെ വ്യാപരത്തിനു വേണ്ട സഹായം ചെയ്തു കൊടുക്കുന്നു. ആഫ്രിക്കൻ മുസ്‌ലിം സഞ്ചാരിയായ ഇബ്നു ബത്തൂത്ത പറയുന്നതു കൂടി കേൾക്കുക. മലബാറിൽ മുസ്‌ലിം ജനതക്ക് നല്ല പ്രതാപമുണ്ട്. ഇവിടത്തെ ഹിന്ദു രാജാവ് ഇക്കൂട്ടരുമായി നല്ല സൗഹൃദത്തിലാണ്. മുസ് ലിം സഞ്ചാരികൾക്ക് വിശ്രമിക്കാൻ എല്ലായിടത്തും സ്ഥലമൊരുക്കിയിട്ടുണ്ട്. രാജാവിൻ്റെ ഉയർന്ന ഉദ്യോഗസ്ഥരിൽ മുസ്ലിമുമുണ്ട്. രാജാവിന് മാന്യമായ പെരുമാറ്റമാണുള്ളത് . ആദ്യത്തെ ചരിത്രമെന്നു വിശേഷിപ്പിക്കാവുന്ന തുഹ്ഫത്തുൽ മുജാഹിദീൻ്റെ കർത്താവായ ശൈഖ് സൈനുദ്ദീൻ്റെ വാക്കുകൾ കൂടി കേൾക്കുക. മുസ് ലിംകളുടെ അഭ്യന്തരമായ തർക്കങ്ങളും ആവശ്യങ്ങളും ഹിന്ദു രാജാവിൻ്റെ മുന്നിൽ സമർപ്പിക്കുകയും അദ്ദേഹമത് പരിഹരിക്കുകയും ചെയ്യുന്നു. ഇവിടത്തെ രാജാവും നാടുവാഴികളും സൈന്യങ്ങളും ഹിന്ദുക്കളാണ്. അവർ തങ്ങളുടെ പൂർവിക ആചാരങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നു. എങ്കിലും മുസ് ലിം ജനതയെ ഒരുതരത്തിലും ഉപദ്രവിക്കാറില്ല. കച്ചവടം തടസ്സപ്പെടുത്തുന്നില്ല. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. വളരെ മൈത്രിയോടു കൂടിയാണ് തമ്മിൽ തമ്മിൽ ഇക്കൂട്ടർ കഴിഞ്ഞുവരുന്നത്. ജനസംഖ്യയിൽ പത്തു ശതമാനം മാത്രമേ മുസ്ലിം വിശ്വാസികളുള്ളൂ. മുസ്‌ലിം കേന്ദ്രങ്ങളിൽ രാജാവ് തന്നെ പള്ളി പണിയാൻ അനുവാദം കൊടുക്കുന്നു. ഖാസിമാരെ നിയമിക്കുന്നത് അദ്ദേഹം തന്നെ. തൂക്കിലേറ്റപ്പെടുന്നവൻ മുസ്ലിം ആണെങ്കിൽ മുസ്‌ലിം നേതാക്കന്മാരുടെ സമ്മതത്തോടെയാണ് തൂക്കിലേറ്റുക. ജഡം അന്ത്യകർമങ്ങൾക്കായി വീട്ടുകാർക്ക് വിട്ടുകൊടുക്കുന്നു. എന്നാൽ ഹിന്ദു കുറ്റവാളികളുടെ ജഡം അവിടെതന്നെ കിടക്കുകയേയുള്ളൂ.(5)
മധ്യകാലഘട്ടത്തിലെ വ്യാപാര വ്യവസായങ്ങളെ നിയന്ത്രിച്ചിരുന്ന രണ്ടു പ്രധാന വഴികളാണ് സിൽക്ക് പാതയും കുരുമുളക് പാതയും. ഹിമാലയത്തിൻ്റെ വടക്കുഭാഗത്തുകൂടി പോയി തക്ഷശില കടന്ന് ഡമാസ്കസും കോൺസ്റ്റാൻ്റിനോപ്പിളും വഴി യൂറോപ്പിലെത്തുന്ന കര വഴിയുള്ള പാതയാണ് സിൽക്ക് പാത. മരുഭൂമിയിലെ കപ്പൽ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളാണ് ഇതിലൂടെ ചരക്കുകളുടെ സഞ്ചാരം സാധ്യമാക്കിയത്. മറ്റൊന്ന്, ചൈനയിൽ നിന്ന് കടൽ വഴി ഇന്തോനേഷ്യ, ദക്ഷിണേന്ത്യ. ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ തൊട്ടു അറബ് രാജ്യങ്ങളിലെത്തിയ കുരുമുളക് പാത. ഈ കുരുമുളക് പാതയിലെ പ്രധാന കേന്ദ്രമായിരുന്നു കോഴിക്കോട്. (6)തുറമുഖ നഗരമായ കോഴിക്കോടിന് നാവിക സേന അനിവാര്യമായിരുന്നു. ഹിന്ദുക്കൾക്ക് കടലു കടക്കാൻ മതപരമായ വിലക്ക് ഉണ്ടായിരുന്നതുകൊണ്ടു തന്നെ സാമൂതിരി രാജാക്കന്മാർക്ക് മുസ്‌ലിംകളുടെ സഹായം ആവശ്യമായിരുന്നു. കച്ചവടക്കാരായ മുസ് ലിംകൾക്ക് സമൂതിരിയുടെ പിന്തുണയും ആവശ്യമായിരുന്നു. ആ പരസ്പരാശ്രയത്വത്തിലൂടെയാണ് സാമൂതിരിയുടെ നാവിക സേന മുസ്‌ലിംകളുടേതായി മാറുന്നത്. നാവിക സേനയിൽ അംഗങ്ങളുടെ കുറവുണ്ടാകാതിരിക്കാൻ, ഹിന്ദുക്കൾ മതംമാറി ഇസ്ലാം സ്വീകരിച്ചു സേനയിൽ ചേരണമെന്ന് സാമൂതിരി ഉത്തരവിറക്കി. തുറമുഖത്ത് അധികാര ശക്തിയുണ്ടായിരുന്ന മുസ്ലിം പ്രമാണിമാരായിരുന്നു ഷാ ബന്തർ കോയ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. മാമാങ്കം പോലുള്ള അതിപ്രധാനമായ ആഘോഷ വേളകളിലെല്ലാം സാമൂതിരിയുടെ ഇടതു വശത്ത് ഇരിക്കാനുള്ള അവകാശവും വെടിക്കെട്ടിൻ്റെ ചുമതലയുമെല്ലാം ഈ ഷാ ബന്തർ കോയക്കായിരുന്നു.(7)
സാമൂതിരിയുടെയും കോഴിക്കോടിൻ്റെ പ്രതാപം ഏറ്റവും ഉയർന്നു നിന്നത് കുഞ്ഞാലി മരക്കാർമാർ നാവിക പടയുടെ തലപ്പത്ത് ഉണ്ടായിരുന്ന ഘട്ടത്തിലാണ്. പോർച്ചുഗീസ് അധിനിവേശത്തെ തടുക്കാൻ അവർ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പറങ്കിപ്പട, കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക അകലെയുള്ള ചാലിയത്ത് 1531ൽ കോട്ട പണിതിരുന്നു. അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് അവർചാലിയം കോട്ട പണിതത്. പറങ്കിച്ചതിയിൽ പലവട്ടം പെട്ടിട്ടും, പ്രായാധിക്യവും മദ്യസേവയിലൂടെ ക്രമം തെറ്റിയ അവസ്ഥയും കാരണം സാമൂതിരിക്ക് ഇക്കാര്യം തിരിച്ചറിയാനായില്ല. അങ്ങനെയാണ് ചാലിയത്ത് കോട്ട കെട്ടാൻ പോർച്ചുഗീസുകാർക്ക് അദ്ദേഹം അനുമതി നൽകിയത്. (8) സാമൂതിരിയുടെ മുഴുവൻ വാണിജ്യത്തേയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നതായിരുന്നു അത്. അദ്ദേഹത്തിൻ്റെ മരണശേഷം അടുത്ത സാമൂതിരിയായി വന്ന അദ്ദേഹത്തിന്റെ അനന്തരവൻ നമ്പ്യാതിരിക്ക് ഇക്കാര്യം ശരിക്കും ബോധ്യമായി. എതിരാളിയായ
കൊച്ചിയുമായി സാമൂതിരി യുദ്ധത്തിനൊരുങ്ങുകയാണങ്കിൽ അതിനാവശ്യമായ വാർത്താവിനിമയത്തിന് അത് ഭീഷണിയാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സാമൂതിരിയുടെ രാജ്യത്തേക്ക് യുദ്ധം നയിക്കാനുള്ള ഒരു അടിത്തറയാണ് ഇതിലൂടെ പോർച്ചുഗീസുകാർക്ക് ലഭിച്ചത്.
സാമൂതിരിക്കെതിരെയുള്ള പോരാട്ട കേന്ദ്രമായി ചാലിയം കോട്ട മാറിയപ്പോൾ കരസേനയിൽപ്പെട്ട നായർപട കര വഴിയും നാവിക സേനയിൽപ്പെട്ട മുസ്ലിം പട കടൽ വഴിയും കോട്ട ആക്രമിച്ചു. ശക്തമായ സൈനിക നീക്കം നടത്തിയിട്ടും കോട്ട പിടിക്കാനാകാതെ വന്നപ്പോൾ പറങ്കികളെ തുരത്താതെ ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരി തീരുമാനിച്ചു.(9) സാമൂതിരിയെ ഭക്ഷണം കഴിപ്പിക്കുവാൻ വേണ്ടി മുസ്ലിങ്ങൾ രക്തസാക്ഷിത്വം വഹിക്കണമെന്ന് ഖാളി മുഹമ്മദ് ഖുതുബ നടത്തി. ഖാളി മുഹമ്മദിൻ്റെ വിഖ്യാതമായ ഖുതുബത്തുൽ ജിഹാദിയ്യയുടെ പശ്ചാത്തലമിതാണ്.
സാമൂതിരിയുടെ അവസ്ഥയിൽ വ്യാകുലപ്പെട്ട അമ്മ മഹാറാണി അന്നത്തെ അറിയപ്പെട്ട ഖാദിരീ സൂഫീ യായിരുന്ന, കോഴിക്കോട് ഇടിയങ്ങരയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മാമുക്കോയ എന്ന അബുൽ വഫാ ഷംസുദ്ദീൻ മുഹമ്മദ് എന്നവരുടെ അടുക്കൽ സങ്കടം പറഞ്ഞയച്ചു. (10) വിശുദ്ധനായ മാമുക്കോയ ശൈഖിനോട് പ്രാർത്ഥനയ്ക്കായി അമ്മ തമ്പുരാട്ടി ആവിശ്യപ്പട്ടതും നേർച്ചയാക്കിയതുമായ ഇത്തരം നിരവധി സന്ദർഭങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.(11)
നാടിൻ്റെ സങ്കടക്കഥ മനസ്സിലാക്കിയ ശൈഖ് അബുൽ വഫ, പട്ടു മരക്കാർ എന്ന കുഞ്ഞാലി മൂന്നാമനെയും കുട്ടി മൂസയെയും വിളിച്ചു വരുത്തി പോരാട്ടത്തിനിറങ്ങാൻ കൽപ്പിച്ചു.
ആ സൂഫിവര്യൻ ധ്യാനമിരിക്കുന്ന കുറ്റിച്ചിറ പള്ളിയിൽ വെച്ച് അതു സംബന്ധമായി കൂടിയാലോചന യോഗം ചേർന്നു. രാജ്യാധിപൻ സാമൂതിരിയുടെ അധ്യക്ഷതയിൽ കാലാൾപ്പട സേനാധിപൻ നായർ, നാവിക സേനാധിപതി കുഞ്ഞാലി മൂന്നാമൻ , ബ്രാഹ്മണ മന്ത്രിമാർ , മുസ്ലിം പണ്ഡിതരായ ഖാസി അബ്ദുൽ അസീസ് , അബ്ദുൽ അസീസ് അൽ മഖ്ദൂം, മുഹമ്മദ് ബിൻ അസീസ് , തുറമുഖ അധിപൻ ഷാബന്തർ ഉമർ അന്താബി, വ്യാപാര പ്രമുഖരായ സീതി അഹമ്മദ് അൽ ഖുമാമി എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.(12)
കുഞ്ഞാലി മരക്കാന്മാർ കേവല പോരാളികളോ പടയാളികളോ ആയിരുന്നില്ല. മതചിട്ടയിൽ ജീവിതം വാർത്തെടുത്തവരായിരുന്നു. അക്കാലത്തെ ആദ്ധ്യാത്മിക നേതൃത്വത്തെ അവർ അംഗീകരിച്ചിരുന്നു. കുഞ്ഞാലി രണ്ടാമൻ കുഞ്ഞാലി മൂന്നാമൻ എന്നിവർ മാമുക്കോയ ശൈഖിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ച മുരീദന്മാർ (ആത്മീയ ശിഷ്യന്മാർ) ആയിരുന്നു.(13) ചാലിയം യുദ്ധത്തിൽ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള നാവിക പടയുടെയും കരവഴിയുള്ള നായർ പടയുടെയും ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ പറങ്കിപ്പട തോറ്റോടി. 1571 ൽ മുസ്‌ലിം- നായർ പടയാളികൾ കോട്ടപിടിച്ചെടുത്തു. ഒരു ജനതയുടെ ഒത്തൊരുമയും ഐക്യവും കൊണ്ട് ഏതൊരു ശത്രുവിനെയും തകർക്കാൻ സാധിക്കുമെന്ന മൈത്രിയുടെ സന്ദേശമാണ് ചാലിയം യുദ്ധം നൽകുന്നത്. നായർ പടയും മാപ്പിള സൈന്യവും ഒന്നിച്ചപ്പോൾ പറങ്കിപ്പിശാചുകൾക്ക് പിടിച്ചു നിൽക്കാനായില്ല. അതു കൊണ്ടു തന്നെ മാപ്പിളമാരെയും നായർ സൈന്യത്തെയും പരസ്പരം ഭിന്നിപ്പിക്കാനും അങ്ങനെ ഈ നാട് പിടിച്ചടക്കാനുമാണ് പോർച്ചുഗീസുകാർ പിന്നീട് ശ്രമിച്ചത്. അതിനായി ഫാദർ അന്തോണിയെ പോലുള്ള ചില ക്രൈസ്തവ പാതിരിമാർ തരം താണ കളി കളിച്ചു.(14)
ചാലിയം കോട്ട വിജയത്തിനു ശേഷം കുഞ്ഞാലിക്ക് നായർ മാടമ്പിക്ക് സമാനമായ അധികാര സ്ഥാനങ്ങൾ സാമൂതിരി നൽകിയിരുന്നു. ഇതിൽ അസംതൃപ്തരായ ആര്യൻ പ്രഭാകർത്തയെ പോലുള്ള നായർ മാടമ്പികളും പോർച്ചുഗീസ് ഗൂഡാലോചനകളിൽ പങ്കാളികളായി.(15)
സാമൂതിരിയുടെ അവഗണയും മറ്റും മരക്കാർ മൂന്നാമൻ്റെ അവസാന കാലത്ത് തുടങ്ങിയിരുന്നു. പിന്നീട് കുഞ്ഞാലി നാലാമൻ സ്ഥാനമേറ്റപ്പോൾ ആ അവഗണന വർദ്ധിച്ചു. അത് അദ്ദേഹത്തെ കൂടുതൽ പ്രകോപിതനാക്കി. സ്വതന്ത്ര നാവിക സേനയെ പോലെ മരക്കാർ പടയും പെരുമാറാൻ തുടങ്ങി. ഈ അകൽച്ച മുതലെടുത്തു കുടില തന്ത്രജ്ഞനായ പോർച്ചുഗീസ് നയതന്ത്ര പ്രതിനിധി ആൽവരോഡ അബ്രാച്ചേ സാമൂതിരിയെ സന്ദർശിച്ചു കുഞ്ഞാലിക്കെതിരെ സാമൂതിരി- പോർച്ചുഗീസ് സഖ്യകരാർ തയ്യാറാക്കി പോരാടാൻ തീരുമാനിച്ചു.(15)
അങ്ങനെ കുഞ്ഞാലിക്കെതിരെ തുടർച്ചയായ സാമൂതിരി- പോർച്ചുഗീസ് യുദ്ധമുണ്ടായി. അവസാനം കുഞ്ഞാലി പറങ്കികൾക്കു പകരം തൻ്റെ രാജാവായ സാമൂതിരിക്കു മുന്നിൽ ഉടവാൾ വെച്ചു കീഴടങ്ങാൻ തയാറാണെന്നു അറിയിച്ചു. (16). കീഴടങ്ങിയാൽ അഭയം നൽകാമെന്ന് സാമൂതിരിയും വാക്കു കൊടുത്തു. പക്ഷേ, കീഴടങ്ങിയ കുഞ്ഞാലിയെ സാമൂതിരി ചതിക്കുകയാണുണ്ടായത്. പോർച്ചുഗീസുകാർക്ക് ആ ധീര പോരാളിയെ അയാൾ കൈമാറി. അവർ ഗോവയിൽ കൊണ്ടുപോയി കുഞ്ഞാലി നാലാമനെ കൊന്നുകളഞ്ഞു. അതിൻ്റെ മുറിവേറ്റത് കേവലമൊരു കുഞ്ഞാലിയുടെ കഴുത്തിലായിരുന്നില്ല. ഈ നാടിൻ്റെ ഹൃദയത്തിനു തന്നെയായിരുന്നു. മുഹമ്മദലി എന്ന കുഞ്ഞാലി മരക്കാർ നാലാമൻ്റെ സാമൂതിരിയും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം വശളായി. അതോടെ ഇരുവിഭാഗത്തിൻ്റെയും പ്രതാപം അസ്തമിച്ചു. മുസ്ലിംകളെ പറങ്കികൾ കൂടുതൽ വേട്ടയാടി. പിന്നീട് പറങ്കികൾ മലബാറിനെ കടിച്ചു കീറുന്നത് കണ്ണീരോടെ സാമൂതിരിക്ക് നോക്കി നിൽക്കേണ്ടി വന്നു. പറങ്കിക്കള തുരത്താൻ ലന്തക്കാരുമായി തുടങ്ങിയ സൗഹൃദവും ക്ലച്ചുപിടിച്ചില്ല. അത് വഴക്കിലും ലഹളയിലും അവസാനിച്ചു. കൊച്ചി രാജ്യം പിടിച്ചെടുക്കാനുള്ള സാമൂതിരിയുടെ ശ്രമത്തെ കൊച്ചിക്കാർ തിരുവിതാംകൂർ
രാജാവിൻ്റെ സഹായത്തോടെ തടഞ്ഞു. പാലക്കാട് അക്രമിച്ചു കീഴടക്കാനുള്ള ശ്രമം, മൈസൂർ സൈന്യത്തിൻ്റെ തേരോട്ടത്തിനു വഴിവെക്കുകയും ചെറുത്തു നിൽക്കാനാകാതെ സാമൂതിരിക്ക് കീഴടങ്ങേണ്ടി വരികയും ചെയ്തു. അഥവാ പിന്നീട് ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ സാധിക്കാത്ത വിധം സാമൂതിരി രാജ്യം പതനത്തിലെത്താൻ കുഞ്ഞാലിയുമായുള്ള വഴക്ക് വഴിവച്ചു.
കുഞ്ഞാലി നാലാമൻറെ പതനം സാമൂതിരി രാജ്യത്തിൻറെ ഒടുക്കവും കൂടിയായിരുന്നു എന്ന് ചരിത്രകാരന്മാരെല്ലാം പറഞ്ഞു വെക്കുന്നത് സൗഹൃദത്തിൻ്റെയും ഐക്യത്തിൻ്റെയും വിലയും അത് നഷ്ടപ്പെടുമ്പോഴുള്ള പ്രത്യാഘാതവും മാലോകരെ ബോധ്യപ്പെടുത്തും വിധത്തിലാണ്. (17) ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണൻ്റെ വാക്കുകൾ: പതിനാറാം നൂറ്റാണ്ടിൽ അറബിക്കടലിൽ പറങ്കികളുടെ വെല്ലുവിളി ഉയർന്നപ്പോഴും സാമൂതിരിക്കു ഭാഗ്യവശാൽ കുഞ്ഞാലി മരക്കാന്മാരുടെ കൂട്ടുകെട്ട് തുണയായ് വന്നു. അവരുമായി പിണങ്ങി പറങ്കികളുടെ ആശ്രിതത്വം സ്വീകരിച്ച ശേഷം അങ്ങനെ തുടർച്ചയായ മുന്നേറ്റത്തിനു ഭംഗം സംഭവിച്ചു. പിന്നെ 1766 ൽ മൈസൂറിലെ ഹൈദറലിയുടെ ആക്രമണത്തോടെ കോഴിക്കോടിൻ്റെ അധപതനവും ആരംഭിച്ചു. പിന്നീടൊരിക്കലും ആ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.(18)
പതിനേഴ്- പതിനെട്ട് നൂറ്റാണ്ടുകളിലെ സാമൂതിരിമാർ തങ്ങളുടെ മുൻഗാമിയുടെ പോഴത്തരം മനസ്സിലാക്കി കുഞ്ഞാലിയുടെ പിൻതലമുറയ്ക്ക് അധികാരങ്ങൾ പുനസ്ഥാപിച്ചു നൽകിയെങ്കിലും അതൊന്നും പഴയ പ്രതാപത്തെ വീണ്ടെടുക്കാൻ സഹായകമായില്ല. (19)
അകൽച്ചകളും ഭിന്നതകളും ഒരിക്കൽ സംഭവിച്ചു കഴിഞ്ഞാൽ, പിന്നീടതിൻ്റെ മുറിവുണക്കാൻ വലിയ വില നൽകേണ്ടി വരുമെന്ന പാഠമാണ് ഈ ചരിത്ര യാഥാർത്ഥ്യം നവകേരളത്തെ ബോധ്യപ്പെടുത്തുന്നത്.
സൂഫികൾ പണിത പാത
ഇന്ത്യൻ സമൂഹങ്ങളിൽ ബഹുസ്വരതയും സാമുദായിക സാഹോദര്യവും വളർത്തിയെടുക്കുന്നതിൽ ഏറ്റവും നന്നായി ഇടപെട്ടവരാണ് സൂഫികൾ. ഇസ്ലാമിൻ്റെ ലാളിത്യവും സഹജീവി സ്നേഹവും ജീവിതം കൊണ്ട് അവർ ഇവിടെ പ്രകാശിപ്പിച്ചു. ബഹുസ്വര സമൂഹത്തിൽ ഒരു മുസ്ലിം എങ്ങനെ ജീവിക്കണമെന്നിൻ്റെ ഉത്തമോദാഹരണമാണ് ഇന്ത്യയിൽ കഴിഞ്ഞു പോയ സൂഫികൾ. മത-ജാതി ചിന്തകൾക്കതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കാൻ മറ്റാരെക്കാളും അവർ മുന്നിൽ നിന്നു. അവരുടെ സ്വാധീനം എല്ലാ മതവിഭാഗങ്ങളിലുമുണ്ടായി. സൂഫീ ഖാൻ ഖാഹുകളും ദർഗകളും മതങ്ങൾക്കതീതമായി എല്ലാ മതവിഭാഗങ്ങളുടെയും ആശാ കേന്ദ്രമായി മാറി. ആ പാരമ്പര്യത്തിൻ്റെ ശേഷവിശേഷമാണ് ഇന്ത്യയിലുടനീളമുള്ള സൂഫീ മസാറുകളിൽ, വർഗീയത ആളിക്കത്തുന്ന ഈ കെട്ട കാലത്തും ആശ്വാസം തേടി അനേകായിരം ഹൈന്ദവർ എത്തുന്നത്. അജ്മീർ ദർഗ മുതൽ മമ്പുറം മഖാം വരെയുള്ളവ അതിൻ്റെ ഉദാഹരങ്ങളാണ്.
ജാതീയ ഉഛ നീചത്വവും തൊട്ടുകൂടായ്മയും മുഖ്യധാരയിൽ നിന്ന് കീഴാള ജനവിഭാഗങ്ങളെ അകറ്റിയപ്പോൾ, സൂഫികൾ കീഴാള ജനവിഭാഗങ്ങളെ ചേർത്തു പിടിച്ചു. അവർക്ക് ആരധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടയിടത്ത് അത് വകവെച്ചു നൽകി. പൊതു ഇടങ്ങളിൽ മാറ്റി നിർത്തപ്പെട്ട ഈ വിഭാഗത്തോടൊപ്പം ഉണ്ണാനും ഉറങ്ങാനും തയാറായി. എന്നാൽ സവർണ വിഭാഗങ്ങളെ വെറുപ്പിക്കാതെ കൂടെ നിർത്തി. അങ്ങനെ സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഒരു നറുവസന്തം അവർ ഇന്ത്യയിൽ വിളയിച്ചെടുത്തു.
സൂഫികളുടെ സാമൂഹിക ഇടപെടലുകളും പരിഷ്കരണ പ്രവർത്തനങ്ങളും ഭാരതീയ സംസ്കാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പരസ്പര്യത്തിൻ്റെ വലിയ പാഠങ്ങൾ അവർ ജീവിതം കൊണ്ട് ഈ നാടിനെ പഠിപ്പിച്ചു. ആ സൂഫികളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഹൈന്ദവതയുടെ ജീർണതകളെ ഇല്ലാതാക്കാൻ ഭക്തി പ്രസ്ഥാനം പോലുള്ളവ ഉടലെടുത്തത്.(20) ഹൈന്ദവതയിലെ അരുതായ്മകൾക്കെതിരെ ഉയിരെടുത്ത സിക്ക് മതം പോലുള്ളവയുടെ പ്രചോദനമായി ഈ സൂഫികൾ നിലകൊണ്ടു. അജ്മീറിലെ ഖാജാ മുഈനദ്ദീൻ ചിശ്തി (1143- 1236)യുടെ ശിഷ്യനും നിസാമുദ്ദീൻ ഔലിയ(1238- 1325) യുടെ ഗുരുവുമായ ഖാജാ ഫരീദുദ്ദീൻ ഗഞ്ചേശക്കറി(1173-1266) നെ പോലുള്ള സൂഫീഗുരുക്കന്മാരെ ഹിന്ദുക്കളും സിക്കുകാരും മുസ്ലിംകളുമെല്ലാം ഒരു പോലെ ആത്മീയ നേതാവായി കണ്ടു. ഫരീദുദ്ദീൻ ശൈഖിൻ്റെ 134 മന്ത്രവചനങ്ങളും മൊഴിമുത്തുകളും സിക്ക് മതഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിൽ ഇടം പിടിച്ചതു കാണാം. സിക്ക് ഗുരുക്കളിൽ അഞ്ചാമനായ ഗുരു അർജുൻ ദേവ്ജി(1564–1606) ഗുരു ഗ്രന്ഥസാഹിബിൻ്റെ മൂല്യ കൃതിയായ ആദി ഗ്രന്ഥിൽ ഇത് ഉൾപ്പെടുത്തിയത്. (21)
സിക്ക് മത വിശ്വാസ പ്രകാരം, അവരുടെ മതത്തിൽ 10 ഗുരുക്കന്മാരും 15 ഭക്തന്മാരുമാണുള്ളത്. ആ പതിനഞ്ചിൽ ഒരാളാണ് ഫരീദുദീൻ ഗഞ്ചേശക്കർ.(22)
ചിശ്തി ത്വരീഖയുടെ അമരക്കാരൻ അജ്മീർ ഖാജയുടെ ഖലീഫയാണ് ഖുത്വുബുദ്ദീൻ ബഖ്തിയാരിൽ കാക്കി അഹ്ലവി (1173- 1235). അദ്ദേഹത്തിൻ്റെ ഖലീഫയും നിസാമുദ്ദീൻ ഔലിയയുടെ ആത്മീയഗുരുവാണ് ഫരീദുദ്ദീൻ എന്നോർക്കുക. ചിശ്തി ത്വരീഖയിലെ സ്വാബിരിയ്യ ശാഖയുടെ സ്ഥാപകൻ അലാഉദ്ദീൻ സ്വാബിർ കലിയാരി(1188–1280)യുടെ ആത്മീയഗുരുവും മാതൃസഹോദരനും കൂടിയാണ് ഫരീദുദ്ദീൻ. (23)
നോർത്തിന്ത്യയിൽ മാത്രമല്ല, സൂഫികൾ സഞ്ചരിച്ച പാതകളിലെല്ലാം ഈ ബഹുസ്വരതയുടെയും പാരസ്പര്യത്തിൻ്റെയും പനിനീർ പൂക്കൾ വാരി വിതറി. കേരളത്തിലും അവർ ആ പാരമ്പര്യം തന്നെയാണ് തുടർന്നത്. കോഴിക്കോട് ഇടിയങ്ങരയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മാമുക്കോയയുടെയും സാമൂതിരിയുടെ തൻ്റെ കോവിലകത്തിനു തൊട്ടടുത്തു മാളിക നൽകി ആദരിച്ച ശൈഖ് ജിഫ്രിയുടെയും അദ്ദേഹത്തിൻ്റെ ബന്ധുവായ മമ്പുറം തങ്ങളുടെയും ചരിത്രത്തിൽ ഈ പാരസ്പര്യത്തിൻ്റെ പട്ടുനൂൽ കണ്ണികൾ എമ്പാടും കാണാം.
മലബാറിൽ മമ്പുറം തങ്ങൾ സൃഷ്ടിച്ച സാമൂഹ്യ നവോത്ഥാനത്തിൻ്റെ ചാലക ശക്തി അദ്ദേഹം ചേർത്തുവച്ച പരസ്പര്യവും മതമൈത്രിയുമായിരുന്നു. സാമൂഹികമായി അവഗണിക്കപ്പെട്ട, ഹൈന്ദവരിലെ കീഴാള വിഭാഗങ്ങളെ തങ്ങൾ ചേർത്തു പിടിച്ചു. അവരുടെ എല്ലാ കാര്യങ്ങളിലും സ്വാന്തനവും സമാശ്വാസവുമായി നിലകൊണ്ടു. ആരാധന നടത്താൻ ഇടമില്ലാതെയായപ്പോൾ അവർക്ക് സ്ഥലം നിശ്ചയിച്ചുകൊടുത്തു. അവർക്ക് എല്ലാവിധ മനുഷിക പരിഗണയും നൽകി. അതേ സമയം സവർണ വിഭാഗങ്ങളെ വെറുപ്പിക്കാനും പ്രകോപിപ്പിക്കാനും നിന്നില്ല. കോന്തു നായർ എന്ന ഹൈന്ദവ പ്രമാണിയെ തൻ്റെ കാര്യസ്ഥനാക്കിയ തങ്ങൾ, വെന്നിയൂർ കപ്രാട്ട് കൃഷ്ണപ്പണിക്കർ എന്ന നാട്ടുപ്രമാണിയുമായി വലിയ സൗഹാർദ്ദത്തിലും സ്നേഹത്തിലും കഴിഞ്ഞു കൂടി. ജന്മിമാരുടെയും സവർണരുടെയും ചൂഷണങ്ങളിൽപ്പെട്ടു പൊറുതിമുട്ടിയ കീഴാളർ വിമോചനത്തിൻ്റെ വഴിതേടി ഇസ് ലാം സ്വീകരിക്കുന്നത് അക്കാലത്ത് വ്യാപകമായിരുന്നു. കപ്രാട്ട് പണിക്കരുടെ ചില കുടിയാന്മാരും അങ്ങനെ മതം മാറി.
ചക്കി, ചിരുത, മുണ്ടിച്ചി, കാളി,ചക്കിയും കോത, മാത, മാത്തൻ, ചാത്തൻ, കണ്ണപ്പൻ, കാരി.. തുടങ്ങിയ പേരുകളുള്ളവർ ആയിഷ , ഖദീജ, ഹലീമ, അഹ്മദ്, ഹുസ്സൈൻ, സാലിം എന്നീ പേരുകൾ സ്വീകരിച്ചു. ഇസ് ലാമിലൂടെ അധഃകൃതാവസ്ഥ മാറിയവർ തീണ്ടാപ്പാട് പാലിക്കാനോ മാറ് തുറന്നിടാനോ കൂട്ടാക്കിയില്ല. അത് കപ്രാട്ട് പണിക്കരെ കൂടുതൽ പ്രകോപിപ്പിച്ചു. അയാൾ അവരെ അക്രമിക്കുകയും അവഹേളിക്കുകയും ചെയ്തു. ഇതറിഞ്ഞ മമ്പുറം തങ്ങൾ ഏറെ വിഷമിച്ചു. പണിക്കർ അങ്ങനെ ചെയ്യില്ലെന്നായിരുന്നു മമ്പുറം തങ്ങളുടെ വിശ്വാസം. പക്ഷേ, അദ്ദേഹം അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. മതത്തിൻ്റെ പേരിൽ ഒരു വിഭാഗത്തെ അവഹേളിച്ചതിൽ പ്രകോപിതരായ മാപ്പിളമാരെ അടക്കി നിർത്താൻ മമ്പുറം തങ്ങൾ പരമാവധി ശ്രമിച്ചു. എന്നിട്ടും തൻ്റെ ചെയ്തിയെ ന്യായീകരിക്കാൻ പണിക്കർ മുന്നോട്ടു വന്നതോടെയാണ് പണിക്കർക്കെതിരെ ചില മാപ്പിളമാർ രംഗത്തിറങ്ങുന്നത്.(24) ആ സംഭവത്തിലോ അതിനെ തുടർന്നു 1843 ൽ നടന്നചേറൂർ പടയിലോ മമ്പുറം തങ്ങൾക്ക് ബന്ധമുണ്ടായതായി ഖണ്ഡിത രേഖകളില്ല.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso