Thoughts & Arts
Image

നവോദ്ധാന ശ്രമങ്ങളിലെ മലബാർ സമരം

28-12-2021

Web Design

15 Comments





ശീർഷകത്തിലെ നവോത്ഥാനവും മലബാർ സമരവും എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് എന്ന് ഒരു സധാരണ വായനക്കാരൻ അൽഭുതത്തോടെ ചിന്തിച്ചു പോകുന്നത് സ്വാഭാവികമാണ്. പൊതു ലോകത്തിന് അത്ര തന്നെ അറിയാത്ത ഒരു കാര്യമായതു കൊണ്ടാണത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ശതകത്തിന്റെ അവസാനത്തിലും മൂന്നാം ശതകത്തിന്റെ തുടക്കത്തിലുമായി മലബാറിലെ ജനങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തോട് നടത്തിയ ചെറുത്തുനിൽപ്പാണ് പൊതുവെ മലബാർ സമരം. അതിലെ മഹാ ഭൂരിപക്ഷം മുസ്ലിംകളായിരുന്നു. നവോത്ഥാനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നതാവട്ടെ മുസ്ലിം മത വിശ്വാസികൾക്കിടയിൽ നടത്താൻ ശ്രമിച്ചതോ നടന്നതോ ആയ പരിഷ്കരണങ്ങളുമാണ്. പ്രത്യക്ഷത്തിൽ ഇവ രണ്ടും ഒരേ സമുദായം പശ്ചാതലമാകുന്നു എന്ന ബന്ധത്തിനപ്പുറത്തേക്ക് നീളുന്ന പാരസ്പര്യമൊന്നും കാണുന്നുമില്ല. എന്നാൽ ഇവ രണ്ടും തമ്മിൽ ചില ഗൗരവതരങ്ങളായ ബന്ധങ്ങളുണ്ട് എന്നതാണ് വസ്തുത. ഇത് പക്ഷെ ആഴങ്ങളിലേക്കിറങ്ങുന്നവർക്കേ മനസ്സിലാകൂ. ഇതിങ്ങനെ ഗോപ്യമായതാണ് കപട നവോത്ഥാനക്കാർക്ക് തെല്ലെങ്കിലും പിടിച്ചുനിൽക്കാനും പുറത്തേക്ക് തല നീട്ടാനും അവസരമൊരുക്കിയത് എന്നത് വേറെ കാര്യം. കാഴ്ചപ്പുറത്തിനപ്പുറത്താണല്ലോ പലപ്പോഴും കളകൾ വളരുകയും വിഷജന്തുക്കൾ പതിയിരിക്കുകയും ചെയ്യുക.



ഈ ചർച്ചയിൽ ആദ്യം നവോത്ഥാനത്തെ ചർച്ചക്കെടുക്കാം. ഉയിർത്തെഴുന്നേൽപ്പാണ് ഉത്ഥാനം. നവ എന്നാൽ പുതിയത് എന്നർഥം. അതോടെ നവോത്ഥാനം പുത്തൻ കുതിപ്പ് എന്നതായി മാറുന്നു. ഒരു ആശയസ്വത്വം ഏതെങ്കിലും കാരണങ്ങളാൽ പതനം കാണിക്കുമ്പോൾ ആശയത്തെ ആധാരമാക്കി അതിനെ പുനരുജ്ജീവിപ്പിച്ച് വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നതിനെ ഭാഷാപരമായി നമുക്ക് നവോത്ഥാനം എന്നു വിളിക്കാം. ഇവിടെ മതസ്വത്വത്തെയും സമുദായ സ്വത്വത്തെയും മതേതര ആധുനികതയുടെ യുക്തിക്കനുസരിച്ച് രൂപപ്പെടുത്താനുള്ള സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് നവോത്ഥാനം കൊണ്ടര്‍ഥമാക്കുന്നത്. സാമൂഹിക മാറ്റത്തിനും നാഗരിക വികാസത്തിനും ആന്തരികമായ കഴിവില്ലാതെ വരുമ്പോഴാണ് ഇത്തരം നവോത്ഥാന ശ്രമങ്ങൾക്ക് വേദിയൊരുങ്ങുന്നത്. 19, 20 നൂറ്റാണ്ടുകളിലാണ് നവോത്ഥാന ചിന്ത ഇന്നു കാണുന്ന വിധത്തിൽ സജീവമായത്. എല്ലാ മതങ്ങളിലും ഇതുണ്ടായിട്ടുണ്ട്. എന്നു മാത്രമല്ല, വ്യവസായം മുതൽ മാർക്കറ്റടക്കമുള്ള മേഖലകളിലൊക്കെയും അതനുഭവപ്പെട്ടിട്ടുണ്ട്. ചർച്ച വീണ്ടും ചുരുക്കി ഇന്ത്യൻ സാഹചര്യത്തിലേക്ക് വരുമ്പോൾ ഒരാമുഖം എന്ന നിലക്ക് ഹൈന്ദവ-ക്രൈസ്തവ തപോത്ഥാന ശ്രമങ്ങളിലൂടെ ഒന്നു കയറിയിറങ്ങേണ്ടതുണ്ട്. 18-ഉം19-ഉം നൂറ്റാണ്ടുകളിലെ കൊളോണിയല്‍ കടന്നുവരവ് വരെ വ്യത്യസ്ത ജാതികളായി ചിതറിക്കിടന്നിരുന്ന ഹൈന്ദവ വിഭാഗത്തിന് സാമുദായിക സ്വത്വം പോയിട്ട് മതപരമായ സ്വത്വം പോലുമുണ്ടായിരുന്നില്ല. വിരോധാഭാസമായി തോന്നാമെങ്കിലും, മതേതര ആധുനികതയാണ് അവര്‍ക്ക് ഒരു മതസ്വത്വം പോലും അവർക്ക് നല്‍കിയത് എന്നതാണ് വസ്തുത. ക്രിസ്തു മതത്തിലും കാര്യം വിഭിന്നമായിരുന്നില്ല. ഹൈന്ദവ മതത്തെ നവീകരിക്കാൻ ഇവിടെ നിന്നു തന്നെയുള്ള സാമൂഹിക സമുദ്ധാരകരാണ് വന്നതെങ്കിൽ ക്രിസ്തുമതത്തിൽ വിദേശ ഇടപെടലുകൾ കൂടി ഉണ്ടായി എന്നു മാത്രം. രണ്ടിലും ആധുനികതക്ക് ഒപ്പം ഉയരാനുള്ള ത്വര എന്ന ഉള്ളടക്കമാണ് ഉണ്ടായിരുന്നത്.



എന്നാല്‍ ഇസ്‌ലാമിക നവോത്ഥാനത്തെ ഇത്തരത്തില്‍ ആധുനികതയുമായി ബന്ധപ്പെടുത്തേണ്ട യാതൊരാവശ്യവുമില്ല. കാരണം, ഇസ്‌ലാമിക നവോത്ഥാനമെന്നത് ആധുനികതയുടെ ചുവട് പിടിച്ച് വളര്‍ന്ന് വികസിക്കുകയോ ചെയ്തതോ ഒരു പ്രത്യേക ചരിത്ര ഘട്ടത്തില്‍ നിലച്ചുപോവുന്നതോ അല്ല. കാരണം അത് സുവ്യക്തമായ അടിസ്ഥാനങ്ങളിൽ ദൈവത്താൽ സ്ഥാപിക്കപ്പെട്ടതാണ്. ഇസ്‌ലാമിനെ നെഞ്ചിലേറ്റുന്ന ഒരു ജനവിഭാഗം എവിടെയുണ്ടോ അവിടെയെല്ലാം നിലനില്‍ക്കുന്ന ഒന്നാണത്. ഈ അടിസ്ഥാനത്തിൽ കേരളീയ മുസ്ലിം നവോത്ഥാനത്തെ വിലയിരുത്തുമ്പോൾ അതാരംഭിക്കേണ്ടത് കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമനം ഇവിടത്തെ സാമൂഹ്യതക്ക് നൽകിയ ദാനങ്ങളിൽ നിന്നാണ്. ഇസ്ലാമിക സ്വാധീനം ഇന്ത്യൻ സാമൂഹ്യതയെ എവ്വിധം സ്വാധീനിച്ചു എന്നു കണ്ടെത്തുകയും അതിന്റെ തുടർ നീക്കങ്ങൾ എങ്ങനെ പുരോഗമിച്ചു എന്നു വിലയിരുത്തുകയും ചെയ്യുമ്പോഴാണ് ഒരു നവോത്ഥാന ശ്രമം തന്നെ വേണ്ടിയിരുന്നോ എന്നും തുടർന്ന് നവോത്ഥാനത്തിന്റെ പുതിയ അവകാശികളുടെ വാദങ്ങൾ എത്രത്തോളം ശരിയാണ് എന്നുമെല്ലാം കണ്ടെത്തുവാൻ കഴിയുക. അപ്പോൾ തന്നെയാണ് കേരള മുസ്ലിം നവോദ്ധാനം സമുദായത്തിനകത്തായിരുന്നുവോ അല്ല വിശാലമായ സമൂഹത്തിനകത്തായിരുന്നുവോ വേണ്ടിയിരുന്നത് എന്നും ഉണ്ടായത് എന്നുമൊക്കെ കണ്ടെത്താൻ കഴിയുക. കാരണം ഇങ്ങനെയൊക്കെ നാം ചർച്ച ചെയ്യുവാൻ നിർബന്ധിതരാകുന്നതു തന്നെ ചിലർ മതപരമായ പുതിയ വാദഗതികൾ സമുദായത്തിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചതും അതിനെ അവർ പിന്നീട് നവോത്ഥാന ശ്രമം എന്ന് വിളിച്ചതുമാണല്ലോ. അതിലെ കളളത്തരങ്ങൾ പൊളിച്ചടുക്കുവാൻ ചർച്ച ഇങ്ങനെ പുരോഗമിക്കേണ്ടതുണ്ട്. കേരള മുസ്‌ലിം നവോത്ഥാനത്തെ കുറിച്ച ഇത്തരമൊരു തിരിച്ചറിവിന്റെ അഭാവമാണ് കേരളീയ നവോത്ഥാനത്തിന്റെ പല ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ മുസ്‌ലിം സമുദായത്തിന് കേരളീയ നവോത്ഥാനത്തെ കുറിച്ച വിശകലനങ്ങളില്‍ യാതൊരിടവും കിട്ടാതെ പോയത്. അവരുടെ ശരിയായ നവോത്ഥാന ശ്രമങ്ങൾ ഇറക്കുമതി ചെയ്ത പുത്തനാശങ്ങളുടെ അടിച്ചേൽപ്പിക്കൽ മാത്രമായി ചുരുക്കിക്കെട്ടപ്പെട്ടു എന്നത് ഏറെ സങ്കടകരമാണ്.



ജാതീയമായ ഉച്ചനീചത്വങ്ങളും പ്രാകൃതമായ ജീവിതരീതികളും കാരണം മലീമസമായ കേരളീയ സാമൂഹിക ജീവിതത്തിലേക്ക് സമാധാനപരമായിരുന്നുവെങ്കിലും നിശ്ശബ്ദമായ ഒരു സാമൂഹികമാറ്റത്തിന്റെ മാറ്റൊലിയായിട്ടാണ് ഇസ്‌ലാം കടന്നുവരുന്നത്. കേരളീയ സാമൂഹിക ജീവിതത്തെ കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) തന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ കോറിയിട്ട ചിത്രം മാത്രം മതി ഇസ്‌ലാമിന്റെ ആഗമനകാലത്ത് കേരളീയ സാമൂഹിക ജീവിതം എത്രമാത്രം പ്രാകൃതമായിരുന്നുവെന്നറിയാന്‍. ശവം മറവ് ചെയ്യാന്‍ പോലുമറിയാതെ സമൂഹം തങ്ങളില്‍ നിന്ന് മരിച്ച് പോയവരെ കാക്കകള്‍ക്കും കുറുക്കന്മാര്‍ക്കും എറിഞ്ഞ് കൊടുക്കുകയായിരുന്നുവെന്നാണ് ശൈഖ് സൈനുദ്ദീന്‍ എഴുതിയിരിക്കുന്നത്. പി.കെ ബാലകൃഷ്ണന്റെ ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന കൃതിയിലും കേരളീയ ജീവിതത്തിന്റെ പ്രാകൃതമായ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇത്തരമൊരു സമൂഹത്തിലേക്ക് കച്ചവടക്കാരായി കടന്നുവന്ന ആദ്യകാല മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതത്തിലൂടെയും ഇടപെടലുകളിലൂടെയും ഇസ്‌ലാമിന്റെ സമഭാവനയും മാനവികതയും ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കേരളീയ സമൂഹത്തില്‍നിന്ന് വിശേഷിച്ചും കീഴാള വിഭാഗത്തിന് അത് വിമോചനത്തിന്റെ വഴി കാണിച്ചു. ഒരു ഭാഗത്ത് ഇസ്‌ലാമിലേക്ക് വ്യാപകമായ തോതില്‍ ഒഴുക്കുണ്ടായി എന്നുമാത്രമല്ല, മറുഭാഗത്ത് ഹൈന്ദവ സമൂഹത്തിനകത്ത് ജാതിക്കെതിരായ ചില നീക്കങ്ങള്‍ക്ക് അത് തിരികൊളുത്തുകയും ചെയ്തു. രണ്ടാമതു പറഞ്ഞത്, ഹൈന്ദവ നവോത്ഥാനം എന്ന ഒരു ചിന്ത അല്ലെങ്കിലും ഇവിടെ മെല്ലെ ഉണർന്നു വരുന്നുണ്ടായിരുന്നു. എഴുത്തഛന്റെ നേതൃത്വത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഭക്തി പ്രസ്ഥാനം ജാതിക്കെതിരായ കലാപം കൂടിയായിരുന്നുവല്ലോ. മാത്രമല്ല, വിവിധ മതങ്ങളിലേക്കുളള പരിവര്‍ത്തന പ്രവണത ഭക്തി പ്രസ്ഥാനത്തിന് പ്രേരണയും പ്രചോദനവുമായിട്ടുണ്ടെന്ന് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഈ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന്റെ ആദ്യ അനുരണനങ്ങള്‍ സൃഷ്ടിച്ചത് കേരള മുസ്‌ലിംകളുടെ ഇടപെടലുകളാണെന്ന് അംഗീകരിക്കേണ്ടിവരും. ഇതു പക്ഷെ പൊതു ചർച്ചാവേദികൾ മുഖവിലക്കെടുക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല എന്നത് വേറെ കാര്യം. തുടർന്ന് പിന്നെ ഇരുപതാം നൂറ്റാണിന്റെ മദ്ധ്യം വരെ സാമൂഹിക ചെറുത്തു നിൽപ്പുകളുടെ കാലമായിരുന്നു. അതും നവോത്ഥാന ശ്രമത്തിന്റെ ഭാഗം തന്നെയാണ്. അതു പക്ഷെ മതപരം എന്ന് വ്യവഹരിക്കപ്പെടേണ്ടതില്ല എന്നു മാത്രം.



15-ഉം 16-ഉം നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ കേരളത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകള്‍ മുതലാണ് ഇത് ചരിത്ര ശ്രദ്ധയിൽ വരുന്നത്. ഈ ചെറുത്തുനില്‍പ്പിന്റെ ആശയ മണ്ഡലം രൂപപെടുത്തിയതും പ്രായോഗികമായി നേതൃത്വം നല്‍കിയതും പ്രധാനമായും മുസ്‌ലിംകളാണ് എന്നത് ഒരു വസ്തുതയാണ്. പോര്‍ച്ചുഗീസ് വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തില്‍ മഖ്ദൂം പണ്ഡിതന്മാരുടെയും മരയ്ക്കാര്‍മാരുടെയും പങ്ക് അനിഷേധ്യമാണ്. പോര്‍ച്ചുഗീസുകാരുടെ വരവിനെ കേവലം കച്ചവടമായി മാത്രം കണ്ട് അവരുമായി സന്ധി ചെയ്യാന്‍ ഒരുങ്ങിയ കേരളത്തിലെ ഭരണാധികാരികളെ പോര്‍ച്ചുഗീസ് വരവിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യാഘാതം ബോധ്യപ്പെടുത്തി അവരെ ചെറുത്തുനില്‍പ്പിന് സജ്ജമാക്കിയത് കുഞ്ഞാലി മരയ്ക്കാര്‍മാരെയും മഖ്ദൂമിനെയും പോലുള്ള മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരുമായിരുന്നു. അതിനാല്‍ കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ നിസ്സംശയം അടയാളപെടുത്തേണ്ട ഒന്നാണ് ഈ ചെറുത്തുനില്‍പ് സമരം. അതേ സമയം ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ-സാമൂഹ്യ ഇടപെടൽ എങ്ങനെയായിരിക്കണമെന്ന പാഠം കൂടി ഈ ചെറുത്തു നിൽപ്പ് പകര്‍ന്നുനല്‍കുന്നുണ്ട്.



ഇസ്ലാമിക നവോത്ഥാന ചരിത്രത്തിന്റെ കേരളീയ ഉദാഹരണത്തിന്റെ ഒരു പ്രത്യേകത അത് ഏകമുഖ മായിരുന്നില്ല എന്നതാണ്. അഥവാ വൈദേശിക ആധിപത്യത്തിനെതിരെ ചെറുത്തു നിൽക്കുവാൻ മരക്കാർമാരും മഖ്ദൂമുമാരും സമുദായത്തെ സജ്ജമാക്കുമ്പോൾ തന്നെ ഒപ്പം അവരെ മറ്റു നിലകളിലുള്ള ശാക്തീകരണത്തിനും അവർ വിധേയരാക്കുന്നുണ്ടായിരുന്നു. അതിനുദാഹരണമാണ് മഖ്ദൂമുമാരുടെ നേതൃത്വത്തിൽ അക്കാലത്തു തന്നെ തുടക്കം കുറിച്ച വൈജ്ഞാനിക ശാക്തീകരണ പ്രവർത്തനങ്ങൾ. പള്ളി ദര്‍സ് സമ്പ്രദായത്തിലൂടെ താല്‍പര്യമുള്ള ആര്‍ക്കും വിജ്ഞാനം നേടാന്‍ കഴിയുംവിധം അറിവിനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് മഖ്ദൂമുകള്‍ ചെയ്തത്. അറിവധികാരം ബ്രാഹ്മണ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും പുറത്തേക്കൊഴുകാന്‍ അനുവദിക്കാതെ തളച്ചിടപ്പെട്ടിരുന്ന കേരളത്തിലെ അന്നത്തെ സാമൂഹികാവസ്ഥയില്‍ അറിവിന്റെ കവാടം എല്ലാവര്‍ക്കുമായി തുറന്നിട്ട മഖ്ദൂമുകളുടെ ഈ നടപടി സ്വസമുദായത്തിനകത്ത് മാത്രമല്ല പുറത്തും മാറ്റൊലി സൃഷ്ടിക്കുകയുണ്ടായി. മറുഭാഗത്ത് രാഷ്ട്രീയ മേഖലയിലും നവോത്ഥാന ശ്രമങ്ങൾ ഉണ്ടായി. അതിനൊരു ഉദാഹരണമാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ഭൂപരിഷ്‌ക്കരണ നടപടികളും മേല്‍ജാതിക്കാരായ പുരുഷന്മാരുടെ നയന സുഖത്തിന് വേണ്ടി കീഴാള സ്ത്രീകള്‍ നിര്‍ബന്ധിതമായി മാറ് തുറന്നിട്ട് നടക്കുന്നതിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവും പലരെയും ഉറക്കം കെടുത്തിയിരുന്നുവെങ്കിലും കേരളീയ നവോത്ഥാനത്തെ ത്വരിതപെടുത്തിയ ചില അടിത്തറകളായിരുന്നു.



ഇവയെല്ലാം തുടങ്ങിവെച്ച വികാരങ്ങൾ വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പായിട്ടാണെങ്കിലും വികസിക്കുന്നതിന് 19-ാം നൂറ്റാണ്ടുടനീളം കേരളം, വിശിഷ്യാ മലബാര്‍ സാക്ഷ്യം വഹിച്ചു. അത് വികസിച്ചത് മമ്പുറം തങ്ങന്മാരുടെയും വെളിയങ്കോട് ഉമര്‍ ഖാദിയെ പോലുള്ള പണ്ഡിതന്മാരുടെയും ആയിരുന്നു എന്നത് ആർക്കം ഖണ്ഡിക്കാനാവാത്ത സത്യമാണ്. ഇസ്ലാമികാദർശത്തിന്റെ പിന്‍ബലത്തില്‍ രൂപപെട്ട ഈ ചെറുത്ത് നില്‍പുകളിലെല്ലാം സാമൂഹിക നവോത്ഥാനത്തിന്റെ ചേരുവകള്‍ ഉള്ളടങ്ങിയിരുന്നു.



ഇതുവരെ കണ്ട കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ചിത്രങ്ങളിലെല്ലാം ഒരേ ശ്രേണിയിൽ പെട്ടവരായിരുന്നു ഉണ്ടായിരുന്നത് എന്നത് തൽക്കാലം കുറിച്ചു വെക്കുക. മരക്കാർമാർ, മഖ്ദൂമുമാർ, ടിപ്പു സുൽത്വാൻ, മമ്പുറം തങ്ങൻമാർ, വെളിയങ്കോട് ഉമർ ഖാദിയാർ, മൗലാനാ ചാലിലകത്ത് തുടങ്ങിയവരിലൂടെ പുരോഗമിക്കുന്നതാണ് ആ ശ്രേണി. ആ ശ്രേണി പിന്നോട്ട് നീട്ടിയാൽ അത് മാലിക് ബിൻ ഹബീബടക്കം കേരളത്തിലേക്ക് ഇസ്ലാം വഹിച്ചവരിലൂടെ യമൻ വഴി മദീനായിലെത്തുന്നതു കാണാം. ഇതും മനസ്സിൽ സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. കാരണം നവോത്ഥാനത്തിന്റെ അവകാശത്തർക്കങ്ങളിൽ മേനി നടിക്കുന്നവരുടെ വാദങ്ങൾ അവരിൽ നിന്ന് മാത്രം തുടങ്ങുന്നതാണ് എന്നും ഇസ്ലാം അതിന്റെ പൈതൃകവുമായി അത് സന്ധിക്കുന്നില്ല എന്നും മനസ്സിലാക്കാൻ ഇതെല്ലാം അനിവാര്യമാണ്. ഇനിയാണ് നമുക്ക് മലബാർ സമരത്തെ കുറിച്ചും അതിന്റെ പശ്ചാതലത്തിൽ ഉണ്ടായി എന്നു പറയപ്പെടുന്ന നവോത്ഥാനത്തെ കുറിച്ചും സംസാരിക്കാനുള്ളത്.



പോർച്ചുഗീസുകാർക്കെതിരെയുണ്ടായ ചെറുത്തുനിൽപ്പിൽ നിന്ന് തെല്ലു വ്യത്യസമുണ്ടായിരുന്നു 1921 ലെ മലബാർ സമരത്തിന്റേതിന്. അതിൽ നേതൃസ്ഥാനങ്ങളിൽ ചിലരൊക്കെ ഉണ്ടായിരു ന്നുവെങ്കിലും പൊതുവെ രംഗം അടക്കിവാണിരുന്നത് പരമ്പരാഗത മുസ്ലിംകൾ ആയിരുന്നു. മുൻ തലമുറയിൽ നിന്നും ശരിയായ സരണിയിലൂടെ പകർന്നു കിട്ടിയ വിശ്വാസങ്ങളും ആചാര അനുഷ്ടാനങ്ങളും മുറുകെ പിടിക്കുന്ന ഒരു ജനത. ബദർ മൗലിദും മാലയും നേർച്ചയും ഉറൂസും എല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയവർ. ദുആയും തവസ്സുലും ചെയ്തുമാത്രമായിരുന്നു ഓരോ നീക്കങ്ങളും അവർ നടത്തിയിരുന്നത്. മലബാർ സമരത്തിന്റെ മുന്നണിയിൽ നിന്ന ഓരോ നേതാക്കളും ഈ ശൈലി സ്വീകരിക്കുന്നവരായിരുന്നു. റഷീദ് രിളയുടെയും അഫ്ഗാനിയുടെയും ഇബ്നു തൈമിയ്യയുടെയും അബ്ദുൽ വഹാബിന്റെയും ആശയ ചിന്തകൾ തലയിൽ കത്തുന്നവർ അക്കൂട്ടത്തിൽ പൊതുവെ ഉണ്ടായിരുന്നില്ല. ആദ്യം ഉണ്ടായിരുന്നവർ തന്നെ തുടർന്ന് ഉണ്ടായില്ല. പല കാരണങ്ങളാലും അവർ മാറിനിൽക്കുകയായിരുന്നു. ഈ മാറി നിന്നവരാണ് പുതിയ സംവാദത്തിൽ മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന നായകരായി പിൽക്കാലത്ത് രംഗത്തുവന്നതും ആഘോഷിക്കപ്പെട്ടതും എന്നത് അതിശയകരമാണ്. അതിനാൽ തന്നെയാണ് അവരുടെ നവോത്ഥാനത്തെ തങ്ങളുടെ പുത്തൻ വാദങ്ങൾ സുന്നീ മുസ്ലിംകളുടെ മേൽ അടിച്ചേൽപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ എന്നു മാത്രമായി യഥാർഥ ചരിത്രം ചുരുക്കിക്കെട്ടുന്നതും. മാലയും മൗലിദും മന്ത്രവും ഉറുക്കും തളളിക്കളയുക എന്ന അത്ര ചെറുതായിരുന്നു അവർക്ക് നവോത്ഥാനം.



അവരുടെ വാദത്തിൽ കേരളമുസ്‌ലിംകൾ യാഥാസ്ഥിതികരാണ് എന്ന തിരിച്ചറിവിൽ നിന്നാണ് അവരുടെ നവോത്ഥാനം തുടങ്ങുന്നതു തന്നെ. ഈ യാഥാസ്ഥിതിക ഉള്ളടക്കത്തെ തിരിച്ചറിഞ്ഞ് അതിനെതിരെ രംഗത്തു വന്ന ആ നീക്കം മക്തി തങ്ങളില്‍ രൂപം കൊണ്ട് ഹമദാനി തങ്ങളിലൂടെയും വക്കം മൗലവിയിലൂടെയും വികസിച്ച് കെ.എം മൗലവിയില്‍ എത്തി നിൽക്കുന്നു. അവരാണ് ആധുനിക മുസ്ലിം കേരളത്തിന്റെ നവോത്ഥാന നായകൻമാർ എന്നാണ് വാദം. ഇവരിൽ മക്തി തങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ജീവിതത്തിന്റെ ഭാഗങ്ങൾ രണ്ടായിരുന്നു. ഒന്നാമത്തേതും പ്രധാനപ്പെട്ടതും ക്രിസ്ത്യൻ മിഷണറിക്കെതിരെയുളള പോരാട്ടങ്ങൾ ആയിരുന്നു. മറ്റൊന്ന് സമുദായത്തിലെ അദ്ദേഹം യാഥാസ്ഥിതികമെന്ന് വിളിക്കുന്ന പരമ്പരാഗത വിശ്വാസാചരങ്ങൾക്കെതിരെയുള്ള പോരാട്ടവും. ഇവയിൽ തന്നെ ഏറ്റവും വലിയ വികാരം മിഷണറിക്കെതിരെയുള്ളതായിരുന്നു. തങ്ങളുടെ ഇക്കാര്യത്തിലുള്ള വികാര തീവ്രത അദ്ദേഹത്തിന്റെ തന്നെ ഈ പരസ്യത്തിൽ നിന്ന് ഗ്രഹിക്കും. അദ്ദേഹം വിളംമ്പരം ചെയ്തു: ഇസ്ലാം മത പ്രസംഗി സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ അറിയിക്കുന്നത്: ക്രിസ്ത്യന്‍ സഹോദരന്മാര്‍ വിശുദ്ധ വേദങ്ങളായി കരുതി വിശ്വസിച്ചുറപ്പിച്ചു വരുന്നതും കൈവശം വെച്ചു വരുന്നതുമായ പഴയതും പുതിയതുമായ നിയമങ്ങളില്‍ ഒരു പ്രവാചകന്റെ ആവിര്‍ഭാവത്തെ സൂര്യവെളിച്ചം പോലെ വ്യക്തമാകുന്ന പല വാചകങ്ങളും കാണാം. ക്രിസ്ത്യന്മാര്‍ പല കാലഘട്ടങ്ങളിലും മാറ്റി മറിച്ചതും തിരുത്തി എഴുതിയതും കൂട്ടിച്ചേര്‍ത്തതും വെട്ടിച്ചുരുക്കിയതുമായ ബൈബിള്‍ വാക്യങ്ങള്‍ മുഖേന യഥാര്‍ഥ തേട്ടാവകാശിയും പതിനായിരത്തില്‍ പരിശുദ്ധനും മോശയോട് തുല്യത ഉള്ളവനും പാറാനിലെ പരിശുദ്ധ പ്രവാചക നാണയമാണെന്ന് ഞാന്‍ എന്റെ ക്രിസ്തീയ അജ്ഞാനവിജയം പാര്‍ക്കലീത്ത പോര്‍ക്കളത്തില്‍ ഇതാ സാക്ഷീകരിച്ചിരിക്കുന്നു. ഇതിനെ ക്രിസ്ത്യന്‍ വേദപ്രമാണങ്ങളുടെ അകമ്പടിയോടെ ഖണ്ഡിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഈ സാധു ഇരുന്നൂറ് രൂപ ഇനാം കൊടുക്കുന്നതാണെന്ന് ദൈവനാമത്തില്‍ ഉറപ്പ് നല്‍കുന്നു. (മക്തി തങ്ങളുടെ ജീവചരിത്രം, കെ കെ മുഹമ്മദ് അബ്ദുല്‍കരീം, യുവത പേജ് 12) അക്കാലത്ത് ഇത്രയും വലിയ ഒരു തുക ഇനാമായി നൽകാൻ മാത്രം വലുതായിരുന്നു അദ്ദേഹത്തിന് ഈ വിഷയം.



അതോടൊപ്പം മക്തി തങ്ങളും വക്കം മൗലവിയും കെ എം മൗലവിയുമെല്ലാം പല സേവനങ്ങളും വികാരങ്ങളും പ്രോത്സാഹനങ്ങളും കേരളീയ സമുദായത്തിന് നൽകിയിട്ടുണ്ട് എന്നത് സമ്മതിക്കുന്നത് തന്നെ. പക്ഷെ, അതിനെ നവോദ്ധാനം എന്നു വിളിക്കുന്നതാണ് അംഗീകരിക്കാൻ കഴിയാത്തത്. അവർ പലതും ചെയ്തിട്ടുണ്ടെങ്കിലും സത്യത്തിൽ അവരുടെ മാനസിക ഇംഗിതം ഈജിപ്തിൽ നിന്നും മറ്റും കൈക്കൊണ്ട പുത്തൻ ആശയങ്ങൾ അടിച്ചേൽപ്പിക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് ഈ ശ്രേണിയിൽ പറയുന്നവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം അവരുടെ വാദപ്രകാരം യാഥാസ്ഥിതി കതക്കെതിരെയുള്ള വികാരമായത്. അതുവഴി നിലവിലുള്ള സാമുദായികതയെ അവർ പതനമായി കാണുന്നവരായിരുന്നു എന്നു വരും. കാരണം ഉത്ഥാനത്തിന്റെ സാംഗത്യം നിശ്ചയിക്കുന്നത് പതനമാണല്ലോ. മാത്രമല്ല, അങ്ങനെയാണെങ്കിൽ തന്നെ ഇസ്‌ലാഹി ആശയങ്ങളും സാമൂഹിക ഇടപെടലുകളും രൂപപ്പെടുത്തിയ ആ മുസ്‌ലിം നവോത്ഥാനത്തിനും പല പരിമിതികളുണ്ടായിരുന്നു. കേരളത്തില്‍ നൂറ്റാണ്ടുകളായി നടന്ന നവോത്ഥാന പാരമ്പര്യവുമായി അവരുടെ ശ്രമങ്ങളെ ബന്ധിപ്പിക്കാൻ കഴിയാത്തത് അവയിലെ 1 ന്നാണ്. കേരളത്തിൽ ഇസ്ലാം എത്തിയ അന്നു മുതൽ തുടങ്ങിയതും നാളിതു വരെ ഒരു നിരൂപണത്തിനും വിധേയമായിട്ടില്ലാത്തതുമായ മേൽപ്പറഞ്ഞ മൗലാനാ ചാലിലകത്ത് വരെയുള്ളവർ ചെയ്ത മഹാ സേവനങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയാതെ വരുന്നു എങ്കിൽ ഈ പക്ഷ പ്രചരണത്തെ എങ്ങനെയാണ് നവോത്ഥാനം എന്ന് വിളിക്കാൻ കഴിയുക.



പതിറ്റാണ്ടുകളായി പറഞ്ഞുവരുന്ന ഈ വാദം ഇവരുടെ സഹയാത്രികരിൽ ചിലരെങ്കിലും ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയടുത്ത് വന്ന ഇത്തരമൊരു സമ്മതം ശ്രദ്ധിക്കാം. നവോത്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെ അത്ര സുഖകരമായ ഒരേര്‍പ്പാടല്ല. നവോത്ഥാന ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട മുസ്‌ലിം ഭൂരിപക്ഷ വിഭാഗത്തിന് അക്കാര്യത്തില്‍ വിലപ്പെട്ട പങ്കാളിത്തമുണ്ടെന്ന് ഇതിനകം സമ്മതിക്കപ്പെട്ടിട്ടുണ്ട്. അതിലപ്പുറം നവോത്ഥാന ചരിത്രത്തിന്റെ അഗ്രിമ സ്ഥാനത്തുനിന്ന് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പകരം പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ നടത്തിയ ത്യാഗപരിശ്രമങ്ങള്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്തുകഴിഞ്ഞിരിക്കുകയാണ്.
നവോത്ഥാന ചരിത്രത്തില്‍ വന്ന ഈ അലകും പിടിയും മാറ്റങ്ങള്‍ ആരുടെയും വിജയപരാജയങ്ങളായി എഴുതപ്പെടേണ്ടതല്ല എന്നാണെന്റെ പക്ഷം. കാലം നമുക്ക് നല്‍കിയ സൗകര്യങ്ങളും സ്വാതന്ത്ര്യബോധവും വെച്ചുകൊണ്ട് ചരിത്രത്തില്‍ നടത്തിയ സത്യസന്ധമായ ഒരന്വേഷണത്തിലൂടെയാണ് നവോത്ഥാന ചരിത്രം തിരുത്തപ്പെട്ടത്. (ടി കെ അശ്റഫലി, പ്രബോധനം 1921 ഡിസംബർ 24 ) ഈ സമ്മതത്തിൽ നമ്മുടെ ഈ ചർച്ചയുടെ എല്ലാ ധ്വനിയും അടങ്ങുന്നുണ്ട്. ഇറക്കുമതി ചെയ്യപ്പെട്ട അറേബ്യൻ സലഫിസത്തിലായിരുന്നു, അല്ലാതെ കേരളീയ മുസ്ലിം ഉമ്മത്തിന്റെ ഉത്ഥാനത്തിലല്ല അവരുടെ മനസ്സ്. മുസ്‌ലിം നവോത്ഥാനമെന്നാല്‍ മുസ്‌ലിംകളുടെ വിശ്വാസ, ആചാര രംഗങ്ങളിലെ ഭാഗികമായ ചില പരിഷ്‌കരണങ്ങള്‍ മാത്രമാണെന്ന സങ്കുചിതമായ ധാരണയിലേക്കാണ് ഈ വിധേയത്വം ഇസ്‌ലാഹി പ്രസ്ഥാനങ്ങളെ നയിച്ചത്. അവിടവും ഇവിടവും നേരിടുന്ന പ്രശ്നങ്ങൾ രണ്ടാണെന്നും അതിനാൽ ആവശ്യവും രണ്ടായിരിക്കും എന്നും അവർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. അതോടുകൂടി മുസ്‌ലിം നവോത്ഥാനം പൊതു സമൂഹത്തില്‍ യാതൊരുവിധ അനുരണനമോ സ്വാധീനമോ താല്‍പര്യമോ സൃഷ്ടിക്കാത്ത, മുസ്‌ലിം സമുദായത്തിനകത്തെ ഒരു വാദ പ്രതിവാദ വിഷയം മാത്രമായി ചുരുങ്ങി.



എന്നാൽ സത്യത്തിൽ അവർ ഏറെ ആഘോഷിക്കുന്ന മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവരുടെയൊക്കെ സേവനങ്ങൾക്കും സാമൂഹിക ഇടപെടലുകള്‍ക്കും ഇത്തരമൊരു പരിമിതിയുണ്ടായിരുന്നില്ല. അവരുടെ സാമൂഹിക ഇടപെടലുകള്‍ ഒരേസമയം മുസ്‌ലിം സമുദായത്തിനകത്തും പൊതുസമൂഹത്തിലും സ്വാധീനം ചെലുത്തുകയും പുരോഗമനാത്മകമായ ഒരു കേരളം രൂപപ്പെടുന്നതിലേക്ക് നയിച്ച സാമൂഹിക മാറ്റങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്തു. ഇസ്‌ലാഹി നവോത്ഥാനം ചരിത്രത്തില്‍ വേരുകളില്ലാത്ത ഒന്നായും ആധുനികതയുടെ സൃഷ്ടിയായും വിമര്‍ശിക്കപ്പെടാനും ഈ നിലപാട് കാരണമായി. ഒരു ബഹുമത സാഹചര്യത്തിൽ പരിഷ്കരണ പ്രവർത്തനങ്ങൾ എന്തിനെയെല്ലാം അഭിസംബോധനം ചെയ്യണം എന്നാലോചിക്കാനും അങ്ങനെ അജണ്ടകളെ ക്രമീകരിക്കുവാനും അവരുടെ അന്ധമായ വിരോധങ്ങൾ അനുവദിച്ചില്ല. ആധുനികത ഉയർത്തുന്ന വെല്ലുവിളികളേക്കാൾ അവർ ശ്രദ്ധിച്ചതും പരിഗണിച്ചതും ദുആയെയും മന്ത്രത്തെയുമൊക്കെയായിരുന്നു. അതിനാൽ ഇസ്വ്‌ലാഹീ നവോത്ഥാനവും അതിന്റെ മറവിൽ ഒപ്പം നിന്ന ജമാഅത്ത് നവോത്ഥാനവുമെല്ലാം വെറും വാചകക്കസർത്തുകളായി മാറി. അതേ സമയം മഖ്ദൂമുമാരുടെയും മമ്പുറം തങ്ങന്മാരുടെയൊക്കെ പാരമ്പര്യം അവകാശപ്പെടുന്ന വിഭാഗം പണ്ഡിതന്മാരും സാദാത്തുക്കളും പൊതു സമൂഹത്തെ എപ്പോഴും കണക്കിലെടുത്തുപോന്നു. അതിന്റെ ഫലമാണ് ഇന്നും ആ പരമ്പര അനുഭവിക്കുന്ന അടിത്തറയുടെ കരുത്ത്. അങ്ങനെയാണ് മലബാർ സമരത്തിന്റെ മറവിൽ ഐക്യസംഘമടക്കമുള്ള കുൽസിത ശ്രമങ്ങൾ പാളിപ്പോയത്.







നവോത്ഥാനം വന്ന വഴി



കേരളത്തിലെ ഇസ്ലാമിക നവോത്ഥാന ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് ഒരു മഹാ പതനത്തിൽ നിന്നുളള ഉയിർത്തെഴുനേൽപ്പ് എന്നല്ല, പതനങ്ങൾ ഉണ്ടാവാതിരിക്കുവാനുള്ള ജാഗ്രമായ മുൻകരുതൽ എന്നാണ് വ്യവഹരിക്കപ്പെടേണ്ടതുതന്നെ. കാരണം ഇസ്ലാമുമായി എത്തിയ ആദ്യ തലമറു അതിനു വേണ്ട മുൻകരുതലുളാണ് സ്വീകരിച്ചത്. അവരുടെ ചരിത്രത്തിലെല്ലാം അവർ വന്ന് പള്ളികൾ സ്ഥാപിച്ചു എന്നാണ് പറയുന്നത്. പളളികൾ സ്ഥാപിക്കപ്പെടുന്നതോടെ വേഗം ആരാധനാ ചിന്തയിൽ ഒരു സമൂഹം ചുറ്റും ഉരിത്തിരിയും. അവർ വിശ്വാസത്തിന്റെ ബലമുള്ളവരായിരിക്കും. കാരണം അവരെ ഒരുമിച്ചു കൂട്ടുന്ന ഘടകം പള്ളി എന്ന വികാരമാണ്. നബി(സ) മദീനയിൽ ഒരു സമുദായത്തെ തെളിയിച്ചെടുത്തത് അവ്വിധമായിരുന്നു. യതിരിയിലും മദീനയിലും ആദ്യം പള്ളി നിർമ്മിക്കുകയായിരുന്നു നബി. കേരളത്തിൽ ഏറ്റവും ആദ്യത്തെ തലമുറ തന്നെ എത്തിയതു കൊണ്ട് യാതൊരു കലർപ്പുമില്ലാത്ത മതമാണ് നമുക്ക് ലഭിച്ചത്.
മുജാഹിദുകൾ തന്നെ എഴുതുന്നതു കാണുക: പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക്ബ്‌നു ദീനാർ ഹബീബ് ബ്‌നു മാലിക് തുടങ്ങിയ ആദ്യകാല മിഷനറിമാരുടെ വിശുദ്ധ പാദമുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതുകൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്‌ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു (അന്നദ്‌വ: പേജ് 103. എടവണ്ണ ജാമിഅ പ്രസിദ്ധീകരണം)



കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ പ്രവേശനത്തോടെ പൊതുവായ കേരള നവോത്ഥാനത്തിനു നാന്ദികുറിച്ചു. അറബ് ലോകവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടു. കടൽമാർഗമുള്ള വാണിജ്യ കപ്പലുകൾ കേരളതീരങ്ങളിൽ നിറസാന്നിധ്യമായി. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഇതെല്ലാം കാരണമായി. വിവിധ ജാതികൾക്കിടയിലുണ്ടായിരുന്ന അയിത്താചാരങ്ങളും തൊട്ടുകൂടായ്മയും സമത്വത്തിന്റെ സന്ദേശവുമായി വന്ന ഇസ്‌ലാമിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. പിന്നീട് കേരള തീരത്തെ വാണിജ്യ സാമ്രാജ്യം പിടിച്ചടക്കാൻ വൈദേശിക ആക്രമണങ്ങൾ ആരംഭിച്ചപ്പോൾ അതിനെ ചെറുക്കാനും മുസ്‌ലിംകൾ രംഗത്തിറങ്ങി. ഇതോടെ കേരളത്തിലെ ഭരണാധികാരികളുടെ നാവിക സേനയുടെ നിയന്ത്രണം വരെ മുസ്‌ലിംകളുടെ കൈകളിലായി. ഇതെല്ലാം കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയപരവുമായ നവോത്ഥാന ശ്രമങ്ങളായിരുന്നു. അധികം വൈകാതെ മുസ്ലിം ഭരണകുടുംബം വരെ ഇവിടെ ഉണ്ടായി. (കെ.കെ.എൻ കുറുപ്പിന്റെ അറക്കൽ രാജവംശം കാണുക).



ഇതിനിടയിലെല്ലാം സമുദായം വളർച്ചയുടെ പാതയിൽ തന്നെയായിരുന്നു. ശിഥില ചിന്തകളോ മറ്റോ ആരും കുത്തിവെച്ചില്ല. പക്ഷെ, അങ്ങനെ ഒരു പാട് കാലത്തെ കുറിച്ചുളള വിവരങ്ങൾ നമുക്ക് ലഭ്യമാവാതെ പോയി. മലയാളത്തിന് ലിപി ഇല്ലാത്തതാണ് അതിനു പ്രധാന കാരണം. എഴുതപ്പെട്ടില്ല എന്നതു മാത്രം സമുദായം ക്ഷയിച്ചു എന്നതിനു തെളിവല്ല. എന്നാൽ ഇസ്‌ലാമിക സമൂഹത്തിൽ സമുദായത്തിന് തളർച്ചയോ മന്ദീഭാവമോ ഉണ്ടായപ്പോഴെല്ലാം പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തിൽ നവോത്ഥാന സംരംഭങ്ങൾ ഇടതടവില്ലാതെ നടന്നിട്ടുണ്ട്. പാരമ്പര്യമായി കേരളത്തിൽ സമുദായത്തിനു നേതൃത്വം കൊടുത്തുപോന്ന ഖാളിമാരും പിന്നീട് ബുഖാറയിൽ നിന്നും യമനിൽ നിന്നും വന്ന സയ്യിദുമാരും മഅ്ബറിൽ നിന്നു വന്ന മഖ്ദൂമുമാരുമുൾപ്പെടെ ഈ നവോത്ഥാന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. ആ മഹാൻമാർ നടത്തിയ കോരിത്തരിപ്പിക്കുന്ന നവോത്ഥാന പ്രവർത്തനങ്ങൾ ചരിത്രത്തിൽ അനവധിയുണ്ട്. ഇതിനെയെല്ലാം തമസ്‌കരിച്ചും കണ്ണടച്ച് ഇരുട്ടാക്കിയും നവോത്ഥാന നാട്യക്കാരായ കെ.എൻ.എം എഴുതുന്നത് കാണുക: കേരള മുസ്‌ലിം നവോത്ഥാന സംരംഭം ആദ്യമായി ആരംഭിക്കുന്നത് എ.ഡി 1922-ാം വർഷത്തിലാണ്. ആ വർഷമാണ് കേരള മുസ്‌ലിംകൾക്കായി ആദ്യമായി ഒരു സംഘടന രൂപംകൊള്ളുന്നത് (ഇസ്‌ലാഹി പ്രസ്ഥാനം: പേജ് 8).



ഇങ്ങനെ മലബാർ സമരം നടക്കുന്ന 1922 കാലത്തെ പൊക്കിപ്പിടിക്കുന്നതിൽ നിന്നാണ് മലബാർ സമരത്തിന്റെ നാളുകളിൽ സൂത്രത്തിൽ അവർ തങ്ങളുടെ ആശയങ്ങൾ കുത്തിവെക്കുവാൻ ശ്രമിക്കുകയായിരുന്നു എന്ന് തിരിച്ചറിയുന്നത്. ജനങ്ങളുടെ ശ്രദ്ധ മറ്റൊരിടത്തേക്കു തിരിയുന്ന സന്ദർഭത്തിൽ ഇത്തരമൊരു സൂത്രപ്പണിക്ക് അവർ മുതിർന്നതും അവരുടെ ഗൂഢോദ്ദേശങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേ സമയം നവോത്ഥാനത്തിന്റെ പ്രധാന പുറങ്ങളായ ഭാഷ, സംസ്കാരം, സമഭാവന, ബന്ധങ്ങൾ തുടങ്ങിയവയിലെല്ലാം വലിയ ദാനങ്ങൾ ഇക്കാലത്ത് യാഥാസ്ഥികർ എന്ന് പറഞ്ഞ ഇവർ തള്ളിക്കളയുന്ന സമൂഹം ചെയ്യുന്നുണ്ടായിരുന്നു. അറബി മലയാളം അതിനൊരു ഉദാഹരണമാണ്. തമിഴും സംസ്‌കൃതവും കലർന്ന മലയാളമായിരുന്നു കേരളത്തിന്റെ സംസാരഭാഷ. പക്ഷേ ഇതിന് ഏകീകൃത ലിപിയുണ്ടായിരുന്നില്ല. ഈ അവസ്ഥ കേരളത്തിന്റെ വൈജ്ഞാനിക കുതിപ്പിനെ സാരമായി ബാധിച്ചു. ഇതു പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയാണ് മുസ്‌ലിം നവോത്ഥാന നായകർ ആദ്യം ചെയ്തത്. മുസ്‌ലിംകൾക്ക് മലയാളം സംസാരിക്കാനറിയാം, പക്ഷേ അതെഴുതാനുള്ള ലിപിയുണ്ടായിരുന്നില്ല. എന്നാൽ അറബി എഴുതാനും വായിക്കാനുമാകുമായിരുന്നു. എന്നാൽ ആ ഭാഷയിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ സംസാരിക്കാൻ കഴിയുന്ന ഭാഷക്ക്, എഴുതാനും വായിക്കാനും മാത്രം സാധിച്ചിരുന്ന അറബി ലിപി ഉപയോഗിച്ച് അറബി-മലയാളം എന്ന ഭാഷതന്നെ നിർമിച്ചു. ഇതൊരു വിപ്ലവമായിരുന്നു. അങ്ങനെ കേരളീയ മുസ്‌ലിംകൾ പൂർണമായും സാക്ഷരത നേടി. അവർക്ക് അറിവ് പകർന്ന് നൽകാൻ ഈ ഭാഷയിൽ പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ വിരചിതമായി. സാധാരണക്കാർക്ക് ഹൃദ്യമായ മാലപ്പാട്ടുകൾ, ചരിത്രാഖ്യാനം, കഥാസമാഹാരം, നോവൽ… തുടങ്ങി എല്ലാ ശൈലിയിലും ഗ്രന്ഥങ്ങൾ ഇറങ്ങി. മുസ്‌ലിം കേരളത്തിൽ വായനാവിപ്ലവം തന്നെ നടന്നു.



ആദ്യകാലത്ത് കേരളത്തിൽ അപൂർവം ചിലർ മാത്രം കൈകാര്യം ചെയ്തിരുന്ന വട്ടെഴുത്തും കോലെഴുത്തും വരെ പണ്ഡിതൻമാർ സമുദായത്തെ അഭ്യസിപ്പിച്ചു. ചരിത്രകാരൻ കെ.കെ മുഹമ്മദ് അബ്ദുൽ കരീം കുറിക്കുന്നത് കാണുക: ആ ലിപികൾ(വട്ടെഴുത്തും കോലെഴുത്തും) മുസ്‌ലിംകളെ പഠിപ്പിക്കാൻ വേണ്ടി ഇവിടുത്തെ പണ്ഡിതൻമാർ അറബി മലയാളത്തിൽ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഗവേഷണമധ്യേ അതു ഞങ്ങൾക്ക് കണ്ടുകിട്ടി (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 42) അദ്ദേഹം തുടരുന്നു: ഇതുമാത്രമോ, അല്ല. അബ്രാനി(ഹിബ്രു), സുരിയാനി(സിറിയക്) എന്നീ ഭാഷകൾ കേരള മുസ്‌ലിംകളെ പഠിപ്പിക്കാൻ തിരുവല്ലയിലെ ഒരു സൈനുദ്ദീൻ മഖ്ദൂം രണ്ടു പുസ്തകങ്ങൾ അറബി മലയാളത്തിൽ എഴുതി പ്രചരിപ്പിച്ചതിന്റെ കോപ്പികൾ കണ്ടെത്തിയിട്ടുണ്ട് (പേ 42,43). ഈ പാരമ്പര്യമുള്ളവരെ തള്ളി 1922-നു ശേഷമാണ് നവോത്ഥാനം തുടങ്ങിയതെന്ന് എന്ന് പറയുന്നത് എത്ര വലിയ അസംബന്ധമാണ്.



പിന്നീട് മലയാള ലിപി രൂപം കൊണ്ടപ്പോൾ അതിനെയും പിന്തുണച്ചത് ഇവരായിരുന്നില്ല. മറിച്ച്, മലയാള ലിപിയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം രചിച്ചത് സുന്നി പണ്ഡിതരായിരുന്നു. അതുതന്നെ സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട അപൂർവ കൃതി. സി.എൻ അഹ്മദ് മൗലവിയെ പറയുന്നു: കേരള വനങ്ങളിലെ മുഴുവൻ വൃക്ഷലതാദികളെയും അറബി, മലയാളം, ലത്തീൻ മുതലായ ഭാഷകളിൽ പരിചയപ്പെടുത്തുന്ന ഒരു മഹത്തായ ഗ്രന്ഥം, 500 വീതം പേജുകളുള്ള 12 വാള്യങ്ങളിലായി തികച്ചും മുന്നൂറ് കൊല്ലം മുമ്പ് കേരളത്തിൽ വെച്ച് ദീർഘകാലത്തെ കഠിനാധ്വാനത്തിലൂടെ തയ്യാറാക്കിയത് കേരളത്തിലെ മുസ്‌ലിം മഹാപണ്ഡിതൻമാരാണ്. വൃക്ഷലതാദികളുടെ വിവരങ്ങൾ മാത്രമല്ല ഓരോന്നിന്റെയും ശരിയായ ചിത്രങ്ങൾ തന്നെ അതിൽ വലുതാക്കി കൊടുത്തിട്ടുണ്ട്. മലയാള ലിപിയിൽ ഒന്നാമതായി അച്ചടിച്ച ഗ്രന്ഥവും ഇതുതന്നെയാണ് (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 41).



ഭാഷാ ശേഷിയെ ഗ്രന്ഥങ്ങളായി മാറ്റി തലമുറകൾക്കുവേണ്ടി സമർപ്പിക്കുക എന്നത് നവോത്ഥാനത്തിന്റെ മറ്റൊരു രീതിയാണ്.
ഒന്നാം മഖ്ദൂമിന്റെ 12 ഗ്രന്ഥങ്ങൾ, മഖ്‌ദൂം സ്വഗീറിന്റെ 9 കിതാബുകൾ, ഖാളിമുഹമ്മദിന്റെ 9 ഗ്രന്ഥങ്ങൾ, വെളിയങ്കോട് ഉമർഖാസിയുടെ 25 കിതാബുകൾ, കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരുടെ 10 കിതാബുകൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 11 ഗ്രന്ഥങ്ങൾ, അഹ്മദ് കോയ ശാലിയാത്തിയുടെ 36 ഗ്രന്ഥങ്ങൾ, പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ 12 കിതാബുകൾ തുടങ്ങി അതു നീണ്ടു കിടക്കുന്നു. സി.എൻ അഹ്മദ് മൗലവിതന്നെ അതിനെ ശ്ലാഖിക്കുന്നത് ഇങ്ങനെയാണ്: സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി മത-സാമൂഹിക രംഗങ്ങളിൽ മാപ്പിള സമുദായം നിർവഹിച്ച പങ്ക് അദ്വിതീയമത്രെ. പുതുമുസ്‌ലിംകളെ ശുശ്രൂഷിക്കുവാൻ വേണ്ടി മാപ്പിള സമുദായം സംഘടിപ്പിച്ചിരുന്ന ഫണ്ടിനെക്കുറിച്ച് 16-ാം നൂറ്റാണ്ടിൽ ജീവിച്ച സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫതുൽ മുജാഹിദീനിൽ എഴുതിയത് കണ്ടപ്പോൾ ഞാൻ അൽഭുതപ്പെട്ടുപോയി. ആ ഫണ്ടിന്റെ വികസിതവും വ്യവസ്ഥാപിതവുമായ രൂപമാണ് 1900-ത്തിൽ സ്ഥാപിതമായ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 29). സത്യത്തിൽ ചരിത്രകാരൻമാരെ ഞെട്ടിച്ച ദാനങ്ങളായിരുന്നു ഇവ. സി എന്നും കെ.കെ മുഹമ്മദ് അബ്ദുൽ കരീമും പറയുന്നു: മുൻഗാമികൾ കൊള്ളരുതാത്തവരും അപരിഷ്‌കൃതരുമായിരുന്നു, നാമാണ് എല്ലാ തരം കഴിവുകളും നേടിയെടുത്തവരും പരിഷ്‌കാരികളുമെന്ന് ആധുനിക തലമുറക്കൊരു നാട്യമുണ്ട്. അതുമുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈവന്നിട്ടുണ്ട്. അതനുസരിച്ച് നാം കുറേയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേപ്രകാരം നമ്മുടെ മുൻഗാമികൾക്ക് കൈവന്ന അവസരങ്ങളൊന്നും തങ്ങളുടെ വളർച്ചക്ക് അവർ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ലെന്ന് നാം ഓർക്കണം. (പേ 56).



ചുരുക്കത്തിൽ, മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം പരതുമ്പോൾ അത് അനുസ്യൂതം, അനവരതം തുടർന്നുവന്ന ഒരു പ്രക്രിയയാണെന്നു മനസ്സിലാക്കാം. അതിനെ 1922-ലേക്ക് ചുരുട്ടിക്കെട്ടുന്നത് പതിമൂന്നു നൂറ്റാണ്ടുകാലത്തെ മുസ്‌ലിം തലമുറകളെ അവഹേളിക്കലാണ്. മുറിവേറ്റു കിടക്കുന്ന മുസ്ലിം മലബാറിനെ അവഹേളിക്കുവാനും അവഗണിക്കുവാനും നജ്ദിയൻ ആശയങ്ങളെ ശാന്തമായ കേരളീയ മുസ്ലിം സമുദായത്തിലേക്ക് കുത്തിക്കേറ്റുവാനും നടത്തിയ കുൽസിത ശ്രമങ്ങളെ നവോത്ഥാനം എന്നവർ വിളിക്കുകയാണെങ്കിൽ അത് അവരുടെ തൊലിക്കട്ടിയുള്ള സ്വാതന്ത്ര്യം കൊണ്ടായിരിക്കാം.







0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso