Thoughts & Arts
Image

ഖുർആനിനു വേണ്ടിയായിരിക്കട്ടെ ഈ റമളാൻ

06-04-2022

Web Design

15 Comments






ഖുർആൻ നൽകപ്പെട്ട മാസം എന്നാണ് പരിശുദ്ധ റമളാനിനെ അല്ലാഹു പരിചയപ്പെടുത്തുന്നതു തന്നെ (2:185). ഇരുപത്തിമൂന്ന് വർഷങ്ങൾ നീണ്ട ആ അവതരണത്തിന്റെ തുടക്കം റമളാനിലായിരുന്നു. അൽ നൂർ പർവ്വതത്തിന്റെ ഉച്ചിയിലുളള ഹിറാ ഗുഹ അതിനു വേദിയായി. അൽ അലഖ് സൂറത്തിലെ ആദ്യ അഞ്ചു സൂക്തങ്ങളുമായായിരുന്നു ജിബ്രീൽ മാലാഖ വന്നിറങ്ങിയത്. ഖണ്ഡശ്ശയായി ആവശ്യാനുസരണം ഇറക്കിക്കൊടുക്കുവാൻ പാകത്തിലുളള ഒരു ആകാശവിതാനത്തിലേക്ക് അത് മൊത്തമായി അവതരിക്കപ്പെട്ടത് റമളാനിലാണ് എന്നും വ്യാഖ്യാനമുണ്ട്. ഏതായാലും റമളാൻ മനുഷ്യകുലത്തിന് കിട്ടിത്തുടങ്ങിയത് ഈ മാസത്തിലാണ്. അവതരണം തുടങ്ങുമ്പോൾ റമളാനിൽ നോമ്പോ മറ്റോ ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുർആൻ ആശയങ്ങൾ മണ്ണിലും മനസ്സിലും സ്ഥാപിക്കപ്പെട്ടതോടെ അത് ആദരിക്കപ്പെടാൻ മാത്രം വലുതാണ് എന്നും അംഗീകരിക്കപ്പെടാൻ മാത്രം ആധികാരികമാണ് എന്നും അല്ലാഹു സ്ഥാപിച്ചു. അതോടെ അത് അല്ലാഹുവിന്റെ ആയത്തും മനുഷ്യന്റെ ജീവിതാ ധാരവും പ്രവാചകന്റെ മുഅ്ജിസത്തുമാണ് എന്നത് ബോധ്യമായി. അപ്പോൾ അതിനോടുള്ള ബഹുമാനവും പരിഗണനയും ആദരവുമെല്ലാം സ്ഥാപിക്കാൻ കൂടി വേണ്ടി അതിറങ്ങിത്തുടങ്ങിയ മാസം വ്രതവും അനുബന്ധങ്ങളും അല്ലാഹു നിർബന്ധമാക്കി. അങ്ങനെ ആ രണ്ട് വിശുദ്ധികളും പരസ്പര പൂരകങ്ങളായി മാറി. റമളാൻ നോമ്പും പുണ്യങ്ങളും എല്ലാം വിശുദ്ധ ഖുർആനിനു വേണ്ടിയുള്ളതാണ് എന്നു വരെ ഈ ബന്ധം വ്യാഖ്യാനിക്കുന്ന പണ്ഡിതർ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. അതിനാൽ വിശ്വാസി തന്റെ റമളാൻ വിശുദ്ധ ഖുർആനിനു വേണ്ടി സമർപ്പിക്കേണ്ടതുണ്ട്. മഹാൻമാരുടെ ജീവിതത്തിൽ അതു കാണാം. ഇമാം മാലിക്(റ) റമളാനിൽ കിത്താബുകൾ പൂട്ടിവെക്കുന്നതും ഖുർആനിൽ മുഴുകുന്നതും കാണുന്നത് ഒരു ഉദാഹരണം.



ഖുര്‍ആനിനെ അത്ഭുതങ്ങളുടെ അത്ഭുതം എന്നു വിശേഷിപ്പിച്ചത് സാമൂഹ്യ ശാസ്ത്രജ്ഞൻ റോയ്സ്റന്‍പൈക് (1896-1980). വിഖ്യാത അറബി സാഹിത്യകാരൻ ത്വാഹാ ഹുസൈനും (1889 - 1973) അതുതന്നെയാണ് പറഞ്ഞത്- ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം എന്ന്. ഈ അൽഭുതത്തിന്റെ മാസ്മരികതയിൽ വലീദ് ബിൻ ഉത്ബയും അംറ് ബിൻ ഹിശാമും കഅ്ബ് ബിൻ സുഹൈറും ഇബ്നു റവാഹയും ഖുർആൻ പെയ്തിറങ്ങുന്ന കാലത്തു തന്നെ മിഴിച്ചു നിന്നിട്ടുണ്ട്. അതിന്റെ അൽഭുതത്തെ നിർവ്വീര്യമാക്കുവാൻ എല്ലാ അസൂയക്കാർക്കും വേണ്ടി ഒന്നാം നൂറ്റാണ്ടിൽ ഇബ്നുൽ മുഖ്ഫ്ഫഅ് ആറുമാസമാണ് അടച്ചിട്ട മുറിയിൽ തപസ്സിരുന്നത്. വിയർത്ത് തോറ്റ് തുന്നംപാടിയായിരുന്നു ടിയാന്റെ പുറത്തേക്കുള്ള വരവ്. ഇപ്പോഴും അവരുടെ പണിശാലകൾ സജീവമാണ്. ഇപ്പോഴും പലരും തലപുകക്കുന്നത് എങ്ങനെ ഈ അൽഭുതത്തെ പിടിച്ചു കെട്ടാം എന്നാണ്. 1999 ൽ യു എസ്സിൽ നിന്ന് ഒരു ഫുർഖാനുൽ ഹഖ് വന്നല്ലോ. ഖുർആനിന്റെ അതേ ഭാഷയും പദഘടനയുമൊക്കെ അതേ പോലെ ഉപയോഗിച്ച്. ആശയം വേറെ ചിലരുടേതും. ഇത്രയേറെ ഇസ്ലാം വിരുദ്ധരും വിരുദ്ധ തയുമുണ്ടായിട്ടും സംഗതി വിജയിച്ചില്ല. അതല്ല, ഇവിടെ വിഷയം. ഇന്നും ഖുർആനിന്റെ അഭൗമമായ ആശയ ഭംഗി ഇന്നും പലരേയും വേട്ടയാടുന്നു എന്നതാണ്. അതിന്റെ അൽഭുതം ബോധ്യപ്പെട്ടതു കൊണ്ടാണല്ലോ ഇങ്ങനെ ഓരോ ശ്രമങ്ങൾ നടത്തുന്നത്. അല്ലാതെ മുസ്ലിംകൾക്ക് ഒരു പുതിയ ഖുർആൻ ഉണ്ടാക്കിക്കൊടുക്കാനല്ലല്ലോ. കോറോണയെ വെച്ച് മുതലെടുക്കാനും ഖുർആൻ ശ്രമമുണ്ടായി. അതും പരിഹാസ്യമായി ഒടുങ്ങി. ഫുർഖാനുൽ ഹഖും ഇതുമെല്ലാം വെറുമൊരു പാരഡിയുടെ നിലവാരത്തിലേ എത്തിയുളളൂ. ഇതൊക്കെ വിശുദ്ധ ഖുർആന്റെ അൽഭുതത്തെ വീണ്ടും വീണ്ടും അടിവരയിടുന്നു.



വിശുദ്ധ ഖുർആൻ ഉയർത്തുന്ന അമാനുഷികമായ അൽഭുതങ്ങളുടെ ഒരു പ്രത്യേകത അത് വലിയ അക്കാദമിക്കുകളെ മാത്രമല്ല സാധാരണക്കാരനെ പോലും സ്വാധീനിക്കുന്നു എന്നതാണ്. അറബി ഭാഷയിലെ മീം എന്ന അക്ഷരത്തെ കുറിച്ചുള്ള ഭാഷാപരമായ സവിശേഷത ഒരു ഉദാഹരണം. അലങ്കാരാക്ഷരങ്ങളിൽ ഒന്നാണത്. മീമില്ലെങ്കിൽ ഗദ്യത്തിനും പദ്യത്തിനുമൊന്നും ഒരു ചൊറുക്കുണ്ടാവില്ല എന്നാണ് സങ്കൽപ്പം. പക്ഷെ, സൂറത്തുൽ കൗസറിനെ ശ്രദ്ധിച്ചു നോക്കൂ !, മീം എന്ന അക്ഷരമില്ലാതിരുന്നിട്ടും അതിന്റെ വശ്യതക്കൊരു കുറവുമില്ല !. മറ്റൊരു ഉദാഹരണമാണ് ജീവിത പങ്കാളികളെ കുറിച്ചുള്ള ഖുർആനിന്റെ പ്രയോഗം. ഭാര്യമാരെ സൂചിപ്പിക്കുവാൻ ഖുർആൻ പലയിടത്തും പല വാക്കാണ് ഉപയോഗിക്കുന്നത്. ആദം നബിയുടെയും മുഹമ്മദ് നബിയുടെയും ഒക്കെ ഭാര്യമാരെ സൗജ് എന്ന് ഇണ എന്ന് (അൽ ബഖറ 35, അഹ്സാബ്: 6)വിളിക്കുമ്പോൾ നൂഹ് നബി, ലൂത്വ് നബി തുടങ്ങിയവരുടെയും (തഹ് രീം: 10) ഫിർഔനിന്റെയും (തഹ് രീം: 11) ജീവിത പങ്കാളികളെ വെറും പെണ്ണ് എന്നാണ് വിളിക്കുന്നത്. ശരിക്കും പങ്കാളി ഇണ തന്നെയായിരിക്കണം എന്നതിനാൽ സൂറത്തു റൂമിലും ഫുർഖാനിലും സൗജ് എന്നു തന്നെ പ്രയോഗിച്ചിട്ടുമുണ്ട്. ഇതിനെ കുറിച്ച് പഠനം നടത്തിയ പണ്ഡിതർ കണ്ടെത്തിയത് മനപ്പൊരുത്തം, ആശയപ്പൊരുത്തം തുടങ്ങിയവയെല്ലാം കുടുംബ ജീവിതത്തിൽ പ്രധാനമാണ് എന്നും അത്തരം എല്ലാ പൊരുത്തവും ഉള്ള പങ്കാളികൾ മാത്രമാണ് സൗജ് എന്ന ഇണയാകുന്നത് എന്നും അല്ലെങ്കിൽ അവൾ വെറുമൊരു പെണ്ണ് മാത്രമാണ് എന്നുമാണ്. ഈ ആശയം ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സക്കരിയ്യാ നബിയുടെ അനുഭവം. അദ്ദേഹത്തിന് യഹ് യാ എന്ന മകൻ ജനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയെ വെറും പെണ്ണ് എന്നാണ് വിളിക്കുന്നത്. (മർയം 5, ആലു ഇംറാൻ 40). എന്നാൽ അദ്ദേഹത്തിന് ആ ഭാര്യയിൽ കുഞ്ഞുണ്ടായതോടെ അവരെ അല്ലാഹു ഇണ എന്നു തന്നെ വിളിക്കുന്നുണ്ട് (അമ്പിയാ: 90). ഇങ്ങനെ എത്രയെത്ര അൽഭുതങ്ങളാണ് ഈ ദിവ്യ വചനങ്ങളിൽ.



വെറും കണക്കുകൾ പറഞ്ഞാൽ ഏത് വിശാരദനെയും ഖുർആൻ അമ്പരപ്പിക്കും. ചരിത്രങ്ങൾ കൊണ്ട് മാത്രം ചരിത്രകാരൻമാരെ ഖുർആൻ അതിശയിപ്പിക്കും. ഖുർആൻ പറഞ്ഞ ശാസ്ത്ര സത്യങ്ങൾ മാത്രം മതി ഏതൊരു സത്യസന്ധനായ ശാസ്ത്രജ്ഞനെയും ചിന്തിപ്പിക്കുവാൻ. ഇതു തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ശക്തി. വെറും ഒരു അവകാശവാദമല്ല ഇത്. ഇതിന് പ്രത്യക്ഷത്തിൽ പറയുവാൻ നിരവധി തെളിവുകളുണ്ട്. അവയിലൊന്ന് ഖുർആൻ നടത്തുന്ന വെല്ലുവിളി. ഈ ഗ്രന്ഥത്തെ കുറിച്ച് നിങ്ങൾക്ക് വല്ല സന്ദേഹവുമുണ്ടെങ്കിൽ ആരെ കൂട്ടിയിട്ടാണെങ്കിലും ശരി നിങ്ങൾ ഇതിനു തുല്യമായ മറ്റൊന്ന് കൊണ്ടു വരൂ എന്ന് മക്കയിൽ വെച്ചും പിന്നെ മദീനയിൽ വെച്ചുമായി നാലിലധികം പ്രാവശ്യം ഖുർആൻ വെല്ലുവിളിക്കുന്നുണ്ട്. ഈ കിതാബിന്റെ അമാനുഷികതയിലുള്ള ഉറപ്പിൽ നിന്നല്ലാതെ മറ്റെങ്ങും നിന്നല്ല ഈ വെല്ലുവിളിയുടെ ധൈര്യം ഉണ്ടാകുന്നത്. മറ്റൊന്ന് ഖുർആൻ നടത്തുന്ന പ്രവചനങ്ങളാണ്. നല്ല ധൈര്യവും ഉറപ്പുമില്ലാതെ പ്രവചനം നടത്തുവാൻ സാധ്യമല്ല. ഖുർആൻ നടത്തിയ നിരവധി പ്രവചനങ്ങൾ കൃത്യമായി പുലർന്നിട്ടുണ്ട്. അതിന്റെ വശ്യമായ ശക്തിയാണ് മറ്റൊന്ന്. ഏതൊരാളെയും ആകർഷിക്കുവാൻ അതിനു കഴിയും. എങ്കിൽ ഖുർആനിന്റെ ശത്രുക്കൾ ഇന്നും സജീവമായിരിക്കുന്നത് എന്തു കൊണ്ട് എന്ന് ചോദിക്കേണ്ട. അവരൊന്നും സത്യത്തിൽ ഖുർആനിനെ സമീപിക്കുന്നില്ല. തുടക്കത്തിലേ തള്ളിക്കളഞ്ഞ് വെറും വിലയില്ലാത്ത പരിഹാസങ്ങളെ അവലംബിക്കുക മാത്രമാണ്. ഖുർആനിന്റെ മറ്റൊരു ശക്തി അത് പറയുന്ന ശാസ്ത്രീയ സത്യങ്ങളാണ്. ഖുർആൻ പറഞ്ഞ ശാസ്ത്രീയ സത്യങ്ങൾ പുലർന്നതിന്റെ നിരവധി തെളിവുകൾ നമ്മുടെ ലോകത്തിന്റെ കയ്യിലുണ്ട്. ഏതൊരു കണ്ടുപിടുത്തത്തിനും പിമ്പോ മുമ്പോ അത് ഖുർആനിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്ന സാഹചര്യമാണ്. ഇങ്ങനെ ഈ പട്ടിക നീണ്ടു പോകുന്നു.



മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ അല്ലാഹു അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസമ്പന്നതയിലും ഭാഷാസൗന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിജയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹിത്യവും ചിന്തയും ഭാവനയും എല്ലാം പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം. ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തിനും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം. സ്നേഹം കൊണ്ട് തുടിക്കുകയും കാരുണ്യം കൊണ്ട് പ്രകാശിക്കുകയും ചെയ്യുന്ന ദൈവ വചനങ്ങള്‍. ശാസനങ്ങളും ശുഭവാര്‍ത്തകളുമുണ്ടതില്‍. അതിൽ സാന്ത്വനങ്ങളും താക്കീതുകളുമുണ്ട്. കാര്‍ലൈല്‍ പറഞ്ഞതുപോലെ എല്ലാം ആത്മാര്‍ഥത മുറ്റിയത്. ചിലപ്പോള്‍ ശാന്തം. ചിലപ്പോള്‍ രൗദ്രം. എന്നാല്‍ എപ്പോഴും പ്രൌഢോജ്ജ്വലം. ഹൃദയത്തിന്റെ ആഴിയിലേക്ക് അത് അരിച്ചിറങ്ങുന്നു. തലച്ചോറിന്റെ കൊടുമുടിയിലേക്ക് അത് കുതിച്ചു കയറുന്നു. ഏതു മനസ്സിനെയും അത് സരളമായി കീഴടക്കുന്നു. ഇത്തമൊരു ഗ്രന്ഥം നമുക്ക് കിട്ടിയ ആഘോഷം കൂടിയാണ് നമുക്ക് റമളാൻ. അതിനാൽ നമ്മുടെ റമളാനിനെ ഖുർആനിനു സമർപിക്കാം.



രാവും പകലും ഖുർആൻ പാരായണത്തിൽ മുഴുക്കുക ഒരു വഴിയാണ്. ഖുർആനിലെ ഒരു അക്ഷരം പാരായണം ചെയ്യുന്നതു പോലും വലിയ പുണ്യമാണ് എന്ന് നബി തിരുമേനി പഠിപ്പിക്കുന്നു. റമളാനിലാവുമ്പോൾ എഴുപതിൽ തുടങ്ങി എഴുന്നൂറ് വരെ ആ പ്രതിഫലം ഇരട്ടിക്കും. ഒന്നുകൂടി മുന്നോട്ടു പോയാൽ ചെയ്യാനുള്ളത് ഖുർആൻ പഠിക്കുക എന്നതാണ്. ജ്ഞാന ലോകത്തിന്റെ കോൾമയിർ കൊള്ളിക്കുന്ന അനുഭവമാണ് ഖുർആൻ പഠനം. അതിൽ നിലവിലുള്ളതു തന്നെ അത്യൽഭുതകരങ്ങളായ അറിവുകളാണ്. അതോടൊപ്പം അതിന്റെ ആശയലോകം കാലത്തോടൊപ്പം നിരന്തരമായി വികസിക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്. ലോകാവസാനം വരേക്കും മാനുഷ്യകത്തെ നയിക്കാനുള്ളതാണല്ലോ ഖുർആൻ.
ഖുർആനിനെ ലോകത്തിനു മുമ്പിൽ തുറന്നു വെക്കുവാൻ നാം വിശ്വാസികൾക്ക് ബാധ്യതയുണ്ട്. അതിൽ നാം വിജയിച്ചാൽ നമ്മുടെ കാലത്തോട് നമുക്ക് നൽകാനുള്ള ഉള്ള സന്ദേശവും കാലം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരവുമെല്ലാമായി അതു തന്നെ മതിയാകും.



ഖുര്‍ആനിന്റെ ആശയപ്രപഞ്ചം



ഖുര്‍ആനിന്റെ ആശയപ്രപഞ്ചം മൂന്ന് തരത്തില്‍ വായനക്കാരനെ അത്ഭുതപ്പെടുത്തും. ഒന്ന്, അതിന്റെ ആഴമാണ്. മനസ്സിന്റെയും ചിന്തകളുടെയും അടിവേരില്‍ നിന്നാണ് അത് സംസാരിക്കുന്നത്. മനുഷ്യമനസ്സിന്റെ ഏറ്റവും അഗാധ വിതാനത്തില്‍ നിന്ന് ഖുര്‍ആനിന്റെ സ്വരം ഗ്രഹിക്കാനാകും. മനുഷ്യ മനസ്സിനെ സംസ്‌കരിക്കാന്‍ ഖുര്‍ആന്‍ തെരെഞ്ഞെടുക്കുന്ന രീതിയും അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടലാണ്. മനുഷ്യ ചിന്തകളുടെ സാകല്യം അതിനാല്‍ തന്നെ ഖുര്‍ആന് കൈകാര്യം ചെയ്യാനാകുന്നു. മനസ്സിന്റെ ഓരോ മിടിപ്പിനെ സംബന്ധിച്ചും ഖുര്‍ആനിന് ബോധ്യമുണ്ട്. രണ്ട്, അതിന്റെ പരപ്പാണ്. മനുഷ്യജീവിതത്തിലെ ഓരോ പശ്ചാത്തലവും രംഗങ്ങളും അതിന്റെ വിഷയാവതരണത്തിനായി ഖുര്‍ആന്‍ ഉപയോഗിക്കുന്നു. കുടുംബജീവിതം കൈകാര്യം ചെയ്യുന്ന ഖുര്‍ആന്‍ തന്നെ യുദ്ധമര്യാദകള്‍ പറയുന്നതും ആകാശത്തെ കുറിച്ച് വാചാലമാകുന്ന ഖുര്‍ആന്‍ തന്നെ മനസ്സിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നതും അതിനാലാണ്. വ്യക്തിജീവിതം മുതല്‍ അന്താരാഷ്ട്രീയ ബന്ധങ്ങള്‍ വരെ അതിന്റെ വിഷയമാകുന്നു. ഭൂമിയില്‍ ചരിക്കുന്ന ഉറുമ്പിനെയും ആകാശത്ത് ഒഴുകുന്ന ഖഗോളങ്ങളെയും അത് ചൂണ്ടിക്കാട്ടുന്നു.



മൂന്ന്, അതിന്റെ ഔന്നിത്യമാണ്. ആഴവും പരപ്പുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഉന്നതമായ വിതാനത്തിലാണ് അതിന്റെ സ്ഥാനം. കാരണം, അത് ആത്യന്തികമായി പഠിപ്പിക്കുന്നത് ഈ സങ്കീര്‍ണമായ സംവിധാനങ്ങളെയാകെ നെയ്‌തെടുത്ത ഏകനായ ദൈവിക ശക്തിയെ കുറിച്ചാണ്. അവന്റെ ഔന്നിത്യഭാവം അവന്റെ വാക്കുകളായ ഖുര്‍ആനിലും ദൃശ്യമാണ്. ദൈവത്തെ മനസ്സിലാക്കുകയും അവനെ സ്വീകരിക്കുകയും ചെയ്യുക എന്നത് മനുഷ്യ മനസ്സിലെ ചിന്തകളുടെ ബഹളത്തിനിടയില്‍ ഒരു വിപ്ലവം തന്നെയാണ്. മനസ്സിനെ സംശയങ്ങളില്‍ നിന്നും ആത്മാവിനെ പാപങ്ങളില്‍ നിന്നും സത്യത്തെ അസത്യത്തില്‍ നിന്നും മോചിപ്പിക്കുന്നതാണ് ദൈവികവിശ്വാസം. ഏത് കോണില്‍ നിന്നു നോക്കിയാലും ഖുര്‍ആനിന്റെ ആകെത്തുക ലളിതമാണ്. അത് ശരീരത്തെ അടിച്ചമര്‍ത്തുകയോ ആത്മാവിനെ കയറൂരി വിടുകയോ ചെയ്യുന്നില്ല. അത് ദൈവത്തെ മനുഷ്യനോ മനുഷ്യനെ ദൈവമോ ആക്കുന്നില്ല. എന്നാല്‍ എല്ലാത്തിനെയും അതിന്റേതായ സ്ഥാനങ്ങളില്‍ വളരെ കണിശവും കൃത്യവുമായി പുനസ്ഥാപിക്കുന്നു. കര്‍മങ്ങള്‍ക്കും കര്‍മഫലങ്ങള്‍ക്കുമിടയില്‍ ആനുപാതികമായ ബന്ധം അത് വരച്ചുച്ചേര്‍ക്കുന്നു. മാര്‍ഗങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമിടയില്‍ ഇഴപിരിയാത്ത പാശം അത് സ്ഥാപിക്കുന്നു. ഖുര്‍ആനിന്റെ സമീപനം ഉദാസീനമല്ല. അത് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കും അതിന്റെ ആവശ്യങ്ങളെ നിരസിക്കാനോ തളളാനോ ആവില്ല.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso