Thoughts & Arts
Image

അകത്തളം കഴുകിയെടുക്കാം

06-04-2022

Web Design

15 Comments






പുണ്യങ്ങളുടെ പൂക്കാലമായ റമളാനിനെ വരവേൽക്കുവാൻ വേണ്ട അവസാന ഒരുക്കങ്ങളിൽ പ്രധാനമാണ് തൗബ എന്ന പശ്ചാതാപം. മനസ്സിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ എടുത്തൊഴിവാക്കുകയും ആത്മാവിനെ കഴുകിയെടുക്കുകയും ചെയ്യുകയാണ് തൗബ. ഓരോ പാപങ്ങളും ഓരോ കറുത്ത പുള്ളിയായി മനോ പ്രതലത്തിൽ അടയാളപ്പെടുത്തുമെന്ന് നബി(സ) വിവരിച്ചിട്ടുണ്ട്. ഈ പുളളികൾ തൗബയിലൂടെ മായുന്നു. ഇനിയും സന്നിവേശിപ്പിക്കാനിരിക്കുന്ന നൻമകളെ സ്വീകരിക്കാനും സംരക്ഷിച്ചു നിറുത്തുവാനും ഇത് അനിവാര്യമാണ്. തൗബയെന്ന ശബ്ദത്തിന് മടക്കം എന്നാണർത്ഥം. ഉടമയായ അല്ലാഹുവിലേക്ക് അടിമയുടെ ഹൃദയം ഖേദത്തോടെ മടങ്ങുന്ന ആത്മീയമായ അവസ്ഥയാണത്. പാപങ്ങൾ ഓരോന്ന് ചെയ്യുമ്പോഴും ഹൃദയം കൊണ്ട് അവനിൽ നിന്ന് അകന്ന് പോവുകയാണല്ലോ. ആ അകലങ്ങളിൽ നിന്നുള്ള മടക്കമാണ് തൗബ. വിജയത്തിലേക്കുള്ള ആദ്യപടിയും ആത്മീയതയുടെ ഘട്ടങ്ങളിൽ പ്രഥമവുമാണ് തൗബ. തൗബ ചെയ്ത് ശുദ്ധരായവരെ അല്ലാഹുവിന് പെരുത്തിഷ്ടമാണെന്ന് ഖുർആൻ ഉണർത്തുന്നുണ്ട്.
തൗബ വിനയത്തിന്റെ അടയാളമാണ്. പശ്ചാത്തപിക്കാത്തവന്റെ ഉള്ളിൽ അഹങ്കാരത്തിന്റെ അംശമുണ്ടെന്നുറപ്പാണ്. അണുത്തൂക്കം ഖിബ്‌റുള്ളിലുള്ളവന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കില്ല. അല്ലാഹു സംപ്രീതനാവാത്ത ഒരാൾക്കും അവന്റെ പരമമായ ഔദാര്യങ്ങളൊന്നും ലഭിക്കില്ല. സ്വർഗ്ഗമടക്കം ഒന്നും.



അടിമ ചോദിച്ചാൽ ഒരു അളവുമില്ലാതെ പൊറുത്തുതരുവാൻ അല്ലാഹു തയ്യാറാണ്. അവൻ പറയുന്നു: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും. (42 : 5) പക്ഷെ, അടിമ അത് ചോദിക്കണമെന്നു മാത്രം. അഥവാ ചോദിക്കാൻ മാത്രം അവൻ വിനയാന്വിതനായിരിക്കണം. ചോദിക്കാൻ തയ്യാറായാൽ തന്നെ അതൊരു വിധേയത്വമാണ്. കാരണം പൊറുക്കലിനെ ചോദിക്കുന്നു എന്നു പറയുമ്പോൾ അടിമ തന്റെ ഉടമയോട് കുറ്റസമ്മതം നടത്തുന്നു എന്ന അർഥം അതിലടങ്ങിയിട്ടുണ്ടല്ലോ. ഈ വിനയവും വിധേയത്തവും അവന് അത്ര ഇഷ്ടമായതിനാൽ അവനതിന് ഏറെ പ്രതിഫലവും നൽകുന്നു. അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച. (66:8).



തൗബ സ്വീകരിക്കുക എന്നത് അല്ലാഹുവിന്റെ മഹാ കാര്യണ്യവും ഔദാര്യവുമാണ്. കാരണം അല്ലാഹു പൊറുക്കുന്നത് പാപങ്ങളെയാണ്. പാപങ്ങൾ എന്നത് ഒരാൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ അല്ല. തെറ്റാണ് എന്നും ഇത് ചെയ്യുന്നത് അല്ലാഹുവിന് സമ്മതമില്ലാത്ത കാര്യമാണ് എന്നുമെല്ലാമുള്ള വ്യക്തമായ അറിവും ബോധ്യവും ഉണ്ടായിട്ടും അതിനെ ഒന്നും പരിഗണിക്കാതെ ചെയ്യുന്നവയാണ് പാപങ്ങൾ. അപ്പോൾ ഓരോ പാപങ്ങൾ ചെയ്യുമ്പോഴും സത്യത്തിൽ അടിമ ഉടമയായ അല്ലാഹുവിനെ ധിക്കരിക്കുകയും അവഗണിക്കുകയുമാണ്. ഇങ്ങനെ ധിക്കാരപരമായി ചെയ്തിട്ടും അല്ലാഹു അത് മറക്കാനും പൊറുക്കാനും തയ്യാറാകുമ്പോൾ അത് എത്ര വലിയ ഔദാര്യമാണ്!. അപ്രകാരം തന്നെ തൗബ ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്. അതുകൊണ്ടു തന്ന ഒരു തിന്മ ചെയ്തു എന്നു കരുതി ഒരാളെ പാടെ ഉപേക്ഷിക്കുകയും നരകാവകാശിയായി മുദ്രകുത്തുകയും ചെയ്യുന്ന രീതി ഇസ്ലാമിലില്ല. ഏറ്റവും വലിയ കാരുണ്യവാനും സൃഷ്ടികളോട് അങ്ങേയറ്റം കൃപയുള്ളവനുമായ അല്ലാഹു എല്ലാ തെറ്റുകളും പൊറുത്തു തരുമെന്ന് നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിഷ്കളങ്കമായ പ്രായശ്ചിത്വത്തിനു മുന്നില്‍ ഏതു തെറ്റും പൊറുപ്പിക്കാവുന്നതാണ്. ദോഷങ്ങളില്‍ നിന്ന് തൗബ ചെയ്ത് മടങ്ങിയവന്‍ തീരെ തെറ്റുചെയ്യാത്തവനെ പോലെയാണെന്ന് തിരുനബിയുടെ അധ്യാപനമുണ്ട്. തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ച് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (2: 222)
ഒരു ഖുദ്സിയായ ഹദീസിൽ നമുക്ക് ഇങ്ങിനെ കാണാം, എന്റെ ദാസന്മാര്‍ രാത്രിയിലും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാനെല്ലാ തെറ്റുകളും പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (മുസ്‌ലിം) ഇവിടെയെല്ലാം ആ കാരുണ്യത്തിന്റെ വിശാലത നാം അനുഭവിക്കുന്നു.



ഒരു ദിവസം ഇശാ നമസ്‌കാരാനന്തരം പള്ളിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ ഒരു സ്ത്രീ അബൂ ഹുറൈറ(റ)യുടെ വീട്ടുവാതില്‍ക്കല്‍ നില്‍ക്കുന്നു. സലാം നേർന്ന് നേരെ അദ്ദേഹം മുറിയില്‍ കടന്നു വാതിലടച്ചു സുന്നത്തു നമസ്‌കരിക്കാന്‍ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ വാതിലില്‍ മുട്ടി. അദ്ദേഹം വാതില്‍ തുറന്നു എന്തുവേണമെന്നന്വേഷിച്ചു. അവര്‍ പറഞ്ഞു: ഞാന്‍ താങ്കളോട് ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ്. ഞാന്‍ അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്തിരുന്നു. പ്രസവിച്ചപ്പോള്‍ ശിശുവിനെ കൊന്നുകളഞ്ഞു. എന്റെ ഈ മഹാപാപങ്ങള്‍ പൊറുക്കപ്പെടാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നാണ് ഇപ്പോഴെനിക്കറിയേണ്ടത്. അദ്ദേഹം പറഞ്ഞു: ഒരിക്കലുമില്ല. അതും കേട്ട് വലിയ വ്യസനത്തോടെ നെടുവീര്‍പ്പിട്ട് ആ സ്ത്രീ തിരിച്ചുനടന്നു. അവര്‍ തന്റെ ദുർഗ്ഗതിയിൽ വിലപിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് സ്വുബ്ഹ് നമസ്‌കാരത്തില്‍നിന്നു വിരമിച്ചപ്പോള്‍ അദ്ദേഹം രാത്രിയിൽ ഉണ്ടായ സംഭവം നബി(സ) യോട് പറഞ്ഞു. അവിടുന്നു പറഞ്ഞു: ഓ അബൂഹുറയ്‌റ, താങ്കള്‍ വളരെ അബദ്ധമായ മറുപടിയാണല്ലോ കൊടുത്തത്. ഖുര്‍ആനിലെ ഈ സൂക്തം താങ്കള്‍ വായിച്ചിട്ടില്ലേ ? അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും. പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (25 : 68 - 70). എന്ന പ്രവാചകന്റെ ഈ മറുപടി കേട്ട അബൂ ഹുറൈറ ആ സ്ത്രീയെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങി. ഇശാ നേരത്താണ് അവരെ കണ്ടെത്താന്‍ കഴിഞ്ഞത്. അവരുടെ ചോദ്യത്തിന് ദൈവിക ദൗത്യത്തിന്റെ ആസ്ഥാനത്തുനിന്നു ലഭിച്ച ശുഭകരമായ മറുപടി അദ്ദേഹം അറിയിച്ചു. അതുകേട്ടപാടെ അവര്‍ സുജൂദില്‍ വീണുകൊണ്ടു പറഞ്ഞുതുടങ്ങി: എനിക്ക് പാപമോചനത്തിന്റെ കവാടം തുറന്നുതന്ന പരിശുദ്ധനായ അല്ലാഹുവിന് ശുക്ര്‍. പിന്നീടവര്‍ കുറ്റങ്ങളില്‍നിന്നു പശ്ചാത്തപിച്ചു. തന്റെ ഒരു ദാസിയെ അവളുടെ കുട്ടിയോടൊപ്പം മോചിപ്പിക്കുകയും ചെയ്തു. (ഇബ്നു ഖുദാമയുടെ അത്തവ്വാബീനിൽ നിന്ന്)



അല്ലാഹുവിന്റെ ഒരു ദാസന്‍ തെറ്റുകളില്‍ നിന്നെല്ലാം പശ്ചാത്തപിച്ച് ഇസ്തിഗ്ഫാർ ചെയ്യുമ്പോൾ അല്ലാഹു സന്തോഷിക്കുന്നതാണെന്ന് നബി(സ) അറിയിച്ച് തന്നിട്ടുണ്ട്. നബി(സ) പറഞ്ഞു: യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നിങ്ങളിലൊരാള്‍ക്ക് നഷ്ടപ്പെട്ടു. അതിനെ തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം) നബി(സ) പറഞ്ഞു: ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും. (ഇബ്നു മാജ).



ഇങ്ങനെയൊക്കെ പ്രോത്സാഹനങ്ങൾ പ്രമാണങ്ങൾ നൽകുന്നുണ്ട് എങ്കിലും തൗബയെ ഒരു ബാദ്ധ്യതയായി എടുക്കുന്നതിൽ നവസമുദായത്തിന് ചില ആലസ്യങ്ങൾ ഉണ്ട്. ചിലർക്ക് താൻ തെറ്റു ചെയ്തതായി തോന്നുകയാ അതിൽ വേദനിക്കുകയോ ചെയ്യുന്നില്ല എന്നതാണ് അവയിലൊന്ന്. അല്ലാഹുവിന്റെ നയനിയമങ്ങൾ ലംഘിക്കുന്നതാണല്ലോ പാപങ്ങൾ. അവ ലംഘിച്ചാൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ കുറിച്ച് വേണ്ടവിധത്തിലുള്ള വിശ്വാസമില്ലാത്തതും സ്വന്തം തെറ്റുകൾ സമ്മതിച്ചു കൊടുക്കാൻ മാത്രമുളള വിനയ നിഷ്കളങ്കത ഇല്ലാത്തതുമെല്ലാമാണ് ഇതിനു കാരണം. അതുകൊണ്ടാണ് ഇങ്ങനെ കരുതുന്നവരെ അഹങ്കാരികൾ എന്ന് വിളിക്കുന്നത്. മറ്റു ചിലർ തൗബയെ ഒരു ചെറിയ വാചകത്തിൽ ഒതുക്കുന്നു. പാപം പോലെ തൗബയും അത്ര ലാഘവമാണവർക്ക്. യഥാർത്ഥത്തിൽ തൗബയെന്നത് ഹൃദയത്തിന്റെ പ്രവർത്തനമാണ്. യജമാനനായ അല്ലാഹുവിനെ മനസ്സിലാക്കുമ്പോൾ മാത്രം അടിമയുടെ ഖൽബിൽ വിരിയുന്ന സങ്കടം നിറഞ്ഞ ജാള്യതയാണത്. കാരുണ്യക്കടലായ നാഥന്റെ വിധിവിലക്കുകളെ പരിഗണിക്കാതെ, തന്റെ ദേഹമോഹങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിലെ വേദന നിറഞ്ഞ പശ്ചാത്താപം. തൗബയെന്നാൽ ഖേദമാണെന്ന് തിരുനബി(സ) പറഞ്ഞത് അതുകൊണ്ടാണ്.
തൗബ സ്വീകരിക്കപ്പെടണമെങ്കിൽ നാല് നിബന്ധനകളുണ്ട്. ഒന്ന്, ആഴത്തിലുള്ള സങ്കടം. രണ്ട്, ഇനിയൊരിക്കൽപോലും പാപം ചെയ്യില്ലെന്ന പ്രതിജ്ഞ. മൂന്ന്, ശിഷ്ടകാലം തെറ്റില്ലാതെ ജീവിക്കൽ. നാല്, ബാധ്യതകളെല്ലാം പൂർത്തിയായി നിർവഹിക്കൽ. സൃഷ്ടികളുമായി സാമ്പത്തികമോ ശാരീരികമോ മാനസികമോ ആയ ബാധ്യതകളോ ഇടപാടുകളോ ഉണ്ടെങ്കിൽ അവരുടെ തൃപ്തിയില്ലാതെ പരലോകം രക്ഷപ്പെടില്ലെന്ന് ചുരുക്കം.
ഇവയിലേക്ക് വരുന്നതിനുമുന്നെ മൂന്ന് കാര്യങ്ങൾ അതിന്റെ ആമുഖങ്ങളായിരിക്കണമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നുണ്ട്. തെറ്റുകളുടെ ഗൗരവം ഓർക്കുക, ശിക്ഷയുടെ കാഠിന്യം ആലോചിക്കുക, നമ്മുടെ ബലഹീനതയെ കുറിച്ച് ബോധവാനാവുക എന്നിവയാണവ. ഇങ്ങനെ ഒരു പ്രത്യേക ഒരുക്കത്തോടും മനശ്രദ്ധയോടും തന്നെ ചെയ്യേണ്ട ഒരു ഗൗരവമായ കാര്യമാണ് തൗബ.



മറ്റൊരു ആലസ്യം ചിലർക്ക് തൗബ ചെയ്യുന്നതൊക്കെ കുറച്ചു കൂടി പ്രായമായതിനു ശേഷം മാത്രം വേണ്ട കാര്യമാണ് എന്ന ചിന്തയിൽ നിന്നുണ്ടാവുന്നതാണ്. വീണ്ടും പാപങ്ങളിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന കാരണത്താൽ തൗബ ചെയ്യാൻ മടിക്കുന്ന ആളുകളോടായി ഇമാം ഗസ്സാലി(റ) പറയുന്നു: അത് പിശാചിന്റെ കുതന്ത്രമാണ്. ഭാവിയിൽ തെറ്റുചെയ്യുമെന്ന ഉറപ്പ് ആരാണ് നൽകിയത്? ഏത് നിമിഷവും മരണപ്പെടാനുള്ള സാധ്യതയില്ലേ. അന്ത്യനിമിഷങ്ങളിൽ തൗബയോടെ മരണപ്പെടാനും സാധ്യതയില്ലേ. അതിനാൽ ദുശ്ചിന്തകൾ കാരണം തൗബ മാറ്റിവെക്കരുത്, അല്ലാഹു കാരുണ്യവാനാണ്, കൃപാലുവാണ്, തൗബ ചെയ്യുന്നവരെ പെരുത്തിഷ്ടമുള്ളവനാണ്.



ഇപ്പോൾ നാം പുണ്യങ്ങൾ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളിലേക്കിറങ്ങുകയാണ്. ഈ പൂക്കാലം അനുഭവിക്കുവാനും ആസ്വദിക്കുവാനും മനസ്സിനും ശരീരത്തിനും അത് ഊർജ്ജമായി മാറുവാനും പരിപൂർണ്ണമായ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്. അപ്പോൾ ഈ വരുന്ന റമളാൻ ഒരു വേറിട്ട അനുഭവമായി മാറും.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso