Thoughts & Arts
Image

ഖുർആനിലൂടെ നിത്യ മോക്ഷത്തിലേക്ക്

06-04-2022

Web Design

15 Comments





മാനവരുടെ മാതാപിതാക്കളായ ആദം, ഹവ്വാ ദമ്പതികൾ സ്വര്‍ഗത്തോപ്പില്‍ നിന്ന് പടിയിറങ്ങവെ സ്രഷ്ടാവായ അല്ലാഹു അവര്‍ക്ക് നൽകിയ യാത്രാമംഗളം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: എന്റെയടുക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം അനുധാവനം ചെയ്യുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല, അവര്‍ക്ക് ദുഖിക്കേണ്ടി വരികയുമില്ല. (2:38) മനുഷ്യൻ തന്റെ ജീവിതവുമായി കടന്നുപോകുമ്പോൾ അവനു വേണ്ട വഴി സൃഷ്ടാവായ അല്ലാഹു വിവരിച്ചു തരും എന്നു ച്ചരുക്കം. മറ്റൊരിടത്ത് ഖുര്‍ആന്‍ ആദം സന്തതികളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ച് തന്നുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൗത്യവാഹകര്‍ നിങ്ങളുടെയടുത്ത് വരുന്ന പക്ഷം. സൂക്ഷ്മത പുലര്‍ത്തുകയും നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. (7:35)
മേല്‍ ഉദ്ധരിച്ച വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ മാര്‍ഗദര്‍ശനവുമായി അല്ലാഹുവിൽ നിയുക്തരായ മാര്‍ഗദര്‍ശകര്‍ വരും എന്നു മനസ്സിലാക്കാം. ആ മാര്‍ഗദര്‍ശനങ്ങളുടെ ഉപസംഹാരമാണ് അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെയും അന്തിമ വേദമായ ഖുര്‍ആനിലൂടെയും അല്ലാഹു നിര്‍വഹിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ ഒമ്പത് ആയത്തുകളിൽ നബി(സ)യുടെയും നാല് ആയത്തുകളിൽ ഖുര്‍ആനിന്റെയും സാര്‍വ ലൗകികത വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആനും മുഹമ്മദ് നബിയും ലോകരുടേതാണ്, മാനവര്‍ക്കുള്ളതാണ് എന്ന് ഇത് വ്യക്തമാക്കുന്നു. അതിനാൽ മനുഷ്യകുലത്തിന് മോചനം സാധ്യമാകണമെങ്കിൽ മുഹമ്മദ് നബി(സ) യെയും അവർ കൊണ്ടുവന്നു തന്ന വിശുദ്ധ ഖുർആനിനെയും സ്വീകരിക്കണം, പിന്തുടരണം.



വിശുദ്ധ ഖുർആൻ അവതരിക്കുവാൻ തുടങ്ങിയത് ഇരുട്ടിലായിരുന്നു. മക്കയിൽ നിന്നും ആറ് മൈൽ അകലെ അൽ നൂർ പർവ്വതത്തിന്റെ ഉച്ചിയിലുള്ള ഹിറാ ഗുഹയിൽ കഴിയുന്ന രാത്രിയിൽ. ഇരുട്ട് അജ്ഞതയുടെയും വഴിയറിയായ്മയുടെയും പ്രതീകം കൂടിയാണ്. ഏതൊരു വെളിച്ചവും അതിന്റെ മുഴുവൻ പ്രകാശവും സമർപ്പിക്കുന്നത് ഇത്തരം ഇരുട്ടിലായിരിക്കും. അതോടെ അജ്ഞതയും തിൻമയും ഇരുൾ വിതക്കുന്ന ഒരു ലോകത്തിന് ഈ ഖുർആൻ വഴി കാണിക്കും എന്നു മാത്രമല്ല, അതത്രയും സ്പഷ്ടവും കൃത്യവുമായിരിക്കും എന്നെല്ലാം ഇതോടെ അർഥം കൈവരുന്നു. മാനവര്‍ക്ക് സന്മാര്‍ഗമായി ഇറങ്ങിയ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ പാതയിലേക്കും (17:9) നേരായ മാര്‍ഗത്തിലേക്കും (46:30) പൂര്‍ണ സത്യത്തിലേക്കും (46:30) വഴിനടത്തുന്നു എന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രസ്താവിക്കുന്നതിന്റെ അർഥവും ആശയവുമെല്ലാം ഇതാണ്. ഇത് ഈ പ്രപഞ്ചം തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്.



സൂറതുല്‍ ജിന്നിന്റെ ഒന്നാം വാക്യത്തില്‍ ഖുര്‍ആനെ കുറിച്ച് ജിന്നുകളുടെ സാക്ഷ്യപത്രം കാണാം: നിശ്ചയം, അത്ഭുതകരമായ ഖുര്‍ആനിനെ നാം കേട്ടിരിക്കുന്നു. (72:1). മാത്രമല്ല, ഖുർആനിന്റെ അമാനുഷികതയും ശക്തിയും ലോകത്തിന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. മനുഷ്യനെ ശരിയിലേക്കും നൻമയിലേക്കും നയിക്കുവാനുള ഖുര്‍ആനിന്റെ അത്ഭുതകരമായ ശക്തി എന്താണ് എന്ന് സൂറത്തുല്‍ ജിന്നിന്റെ രണ്ടാം വചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അത് തിരിച്ചറിവിലേക്ക് വഴിനടത്തുന്നു എന്നതാണത്. ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം അറിവ് നല്‍കല്‍ മാത്രമല്ല. തിരിച്ചറിവ് (റുശ്ദ്, ദിക്ര്‍) നല്‍കല്‍ കൂടിയാണ് എന്ന് വ്യക്തം. ഇനി തിരിച്ചറിവ് എന്താണെന്ന് അറിയണമെങ്കില്‍ സൂറത്തുല്‍ ഖമര്‍ പഠിച്ചാല്‍ മതിയാകും. നൂഹ് നബിയെ തള്ളിക്കളഞ്ഞ നൂഹ് ജനത, ഹൂദ് നബിയെ നിഷേധിച്ച ആദ് സമൂഹം, സ്വാലിഹ് നബിയെ ധിക്കരിച്ച ഥമൂദ് കുലം, ലൂത്വ് നബിയെ വ്യാജമാക്കിയ ലൂത്വ് ജനത എന്നീ ചരിത്രസത്യങ്ങള്‍ വിവരിച്ച സൂറത്തുല്‍ ഖമറില്‍ നാലിടത്ത് ആവര്‍ത്തിച്ച് വരുന്ന ഒരു വചനമുണ്ട്. അത് ഇങ്ങനെയുണ്ട്. ഖുര്‍ആനിനെ തിരിച്ചറിവ് നേടാനായി നാം സൗകര്യപ്രദമാക്കിയിരിക്കുന്നു. തിരിച്ചറിവ് നേടുന്നവരായി ആരെങ്കിലുമുണ്ടോ? (54:17,22,32,40)



ഇത്രയും പറഞ്ഞതിൽ നിന്ന് ഖുര്‍ആന്‍ എന്ന അമാനുഷിക ഗ്രന്ഥത്തെ തന്നിരിക്കുന്നത് പഠിക്കാനാണെന്നല്ല, തിരിച്ചറിവ് നേടാനാണെന്നാണ് അല്ലാഹു പറയുന്നത്. തിരിച്ചറിവ് എന്ന് പരിഭാഷ നല്‍കിയത് ദിക്ര്‍ എന്ന പദത്തിനാണ്. ഏതു കാര്യത്തെ കുറിച്ചും എന്തുകൊണ്ടിത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ അറിവിനെ തിരിച്ചറിവാക്കാം. അറിവും തിരച്ചറിവും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒന്നാണെന്ന് തോന്നും. അത് എന്നാൽ അങ്ങനെയല്ല. തിരിച്ചറിവില്‍ ഓര്‍മയും വകതിരിവും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഗ്രഹിക്കുന്ന കാര്യം യഥാസമയം ഓർമ്മയിൽ വരികയും അതാണ് വേണ്ടത് എന്ന് കൃത്യമായ തിരിച്ചറിവിലേക്ക് അത് തിരിച്ചു വിടുകയും ചെയ്യുന്നതോടെയാണ് വിശുദ്ധ ഖുർആൻ തന്നിരിക്കുന്നതിന്റെ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരുക എന്ന് ചുരുക്കം. ഇത്തരത്തിലുള്ള തിരിച്ചറിവില്‍ നിന്നാണ് പരിവര്‍ത്തനമുണ്ടാവുന്നത്. അഥവാ പരിവർത്തനമുണ്ടാക്കുവാൻ മാത്രം പോന്ന അറിവാണെങ്കിൽ മാത്രമേ അതു തിരിച്ചറിവാ കൂ.



ഖുര്‍ആന്‍ വെറുമൊരു പഠന വേദഗ്രന്ഥമല്ല. പകര്‍ത്താനും പരിവര്‍ത്തിക്കാനുമുള്ള ഗ്രന്ഥമാണത്. ചരിത്രങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഉമര്‍(റ) സൂറത്തുല്‍ ബഖറ പഠിക്കാന്‍ 12 വര്‍ഷമെടുത്തു എന്ന് ചരിത്രത്തിൽ കാണാം. 286 വാക്യങ്ങളുള്ള ബഖറ അധ്യായം പഠിക്കാന്‍ 4260 ദിനങ്ങളെടുത്തുവെങ്കില്‍ ഒരായത്തിനുവേണ്ടി രണ്ടാഴ്ച ചിലവഴിച്ചുവെന്നര്‍ഥം. ഇത്രയും സമയം എടുത്തത് പഠിക്കാൻ മാത്രമല്ല, അതിന്റെ ആശയങ്ങൾ പകര്‍ത്താനും മനസ്സിൽ അവ എപ്പോൾ വേണമെങ്കിലും ഓർമ്മിക്കാവുന്ന വിധം സ്ഥാപിക്കാനും പരിവര്‍ത്തനമുണ്ടാക്കുവാൻ കഴിയും വിധം സ്വാധീനിക്കാനുമാണെന്ന് മനസ്സിലാക്കാം. നിങ്ങള്‍ നാലു പേരില്‍ നിന്ന് ഖുര്‍ആന്‍ സ്വീകരിക്കുക (മുസ്‌ലിം 6334) എന്ന് നബി(സ) പറഞ്ഞതില്‍ ഒന്നാമനായി പറഞ്ഞവരിൽ എണ്ണപ്പെടുന്ന സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). ഖുർആനിന്റെ ആശയ രൂപമായി ജീവിച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹം പറയുന്നു: ഞങ്ങളിലൊരാള്‍ പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കി അത് ജീവിതത്തില്‍ പകര്‍ത്താതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇങ്ങനെ മാത്രം മഹാൻമാർ ഖുർആനിനെ സമീപിച്ചതിൽ നിന്നെല്ലാം മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം വിശുദ്ധ ഖുർആൻ ജീവിതത്തിൽ പകർത്തുവാൻ ഉളളതാണ് എന്നാണ്. ഖുര്‍ആനിലെ ആയത്തുകള്‍ ഓരോന്നും സത്യത്തിൽ ഓരോ ചര്‍ച്ചാ വിഷയങ്ങളാണ്. നന്നായി ആലോചിക്കുകയും അതിന്റെ ശരിയും വസ്തുതയും ബോധ്യപ്പെടുകയും ചെയ്യുക എന്നതാണ് ഒരു ചർച്ചാ വിഷയത്തോടുളള ബാദ്ധ്യത. ഇങ്ങനെ മനോവ്യാപാരത്തിന് വിഷയമാകേണ്ടതും ആക്കേണ്ടതുമുള്ളതു കൊണ്ടാണ് ഈ മഹദ് ഗ്രന്ഥത്തിന്റെ അവതരണം തുടങ്ങിയത് തന്നെ വിശുദ്ധ റമളാനിലായത്. പരിശുദ്ധ ഖുർആനിന്റെ അവതരണ ആരംഭം പരിശുദ്ധ റമളാനിലായിരുന്നു എന്ന് കുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട് (2:185).



ഇതും സൂചിപ്പിക്കുന്നത് ഖുർആൻ ഒരു ചിന്താ വിഷയമായിരിക്കണം എന്ന അല്ലാഹുവിന്റെ താൽപര്യത്തെയാണ്. കാരണം റമളാനിൽ വിശ്വാസി തന്റെ പ്രാഥമികമായ വികാരങ്ങളെ പോലും അല്ലാഹുവിനു വേണ്ടി വേണ്ടെന്ന് വെക്കുകയാണ്. മനുഷ്യന്റെ ബോധ മനസ്സിന് മുകളിലാണ് ഇഛകളുടെയും വികാരങ്ങളുടെയും ഇരിപ്പിടം. ഇഛകളിൽ മനുഷ്യൻ അഭിരമിക്കുമ്പോൾ അതിനടിയിലെ ബോധത്തിനും ചിന്തക്കുമൊന്നും പുറത്തു ചാടാനും ഇടപെടാനും കഴിയില്ല. മദ്യപിക്കുന്ന ഒരാളെ ഉദാഹരണമായി കാണാം. മദ്യം തന്റെ ഉൺമയെ നശിപ്പിക്കുന്നു എന്നത് അയാളുടെ ബോധ മനസ്സിന്റെ തിരിച്ചറിവാണ്. പക്ഷെ, ആർത്തിയോടെ അയാൾ മദ്യ ചഷകം കയ്യിലെടുക്കുമ്പോൾ അത് വിഷമാണ് എന്ന ബോധ്യത്തിന് പുറത്തുവരാനും അവന്റെ കൈക്കു കടന്നു പിടിക്കാനും കഴിയില്ല. ഇത് എല്ലാ തിൻമകളുടെയും പൊതുവായ സ്വഭാവമാണ്. റമളാനിൽ പക്ഷെ, ഈ വികാരങ്ങളെയും ഇഛകളെയും ചങ്ങലക്കിടുന്നതോടെ സഹജാവബോധം, മനസ്സിന്റെ ബോധ്യങ്ങൾ തുടങ്ങിയവയെല്ലാം ആദ്യം തന്നെ പുറത്തു വരും. അത് ഇടപെടുകയും ചെയ്യും. അതിനാൽ ശരിയായ ഒരു നോമ്പുകാരന് നല്ല ഇഛാശക്തിയും ബോധവുമെല്ലാം ഉണ്ടായിരിക്കും. അത്തരം ഒരു സാഹചര്യം മേൽ പറഞ്ഞതു പോലെ ഖുർആനിലെ ബോധങ്ങളെ നന്നായി പുറത്തെടുക്കാൻ ഏറെ സഹായകമായിരിക്കും. ഇത് ഒരു മാസക്കാലം തുടർച്ചയായി പാലിക്കുമ്പോഴാവട്ടെ അത് സ്വഭാവമായി മാറുകയും ജീവിത താളം തന്നെയായി മാറുകയും ചെയ്യും. ഇത്തരം ഒരു സമീപനത്തിലേക്ക് മാറുവാനും അതിൽ നിലനിൽക്കുവാനും ഏറെ സഹായകമാകുവാൻ കൂടി ആയിരിക്കാം റമളാനിൽ തന്നെ ഈ ഗ്രന്ഥം തന്നതും. അങ്ങനെയാണ് ആത്മശിക്ഷണത്തിന്റെ വിദ്യാലയവും മാറ്റങ്ങളുടെ പാഠശാലയും ഉന്നതാശയങ്ങളുടെ പ്രായോഗിക പരിശീലന കേന്ദ്രവുമായി റമദാന്‍ മാറുന്നതും.



ഖുർആൻ പാരായണത്തിന് റമളാൻ സവിശേഷമാകുന്നതിന്റെ ന്യായമാണ് നാം പറഞ്ഞത്. അവയിൽ ഏറ്റവും പ്രധാപ്പെട്ടതാണ് ആലോചനയും ചിന്തയോടും കൂടി അതു പാരായണം ചെയ്യുക വഴി ഉണ്ടാകുന്ന നേട്ടം. അതോടൊപ്പം വെറുതെ ചിന്തയില്ലാതെ പാരായണം ചെയ്താലും അതിന് പ്രതിഫലമുണ്ടാകും. കാരണം ഖുർആൻ പാരായണം ഒരേ സമയം ഒരു ആരാധന കൂടിയാണ്. ആരാധനക്കു വേണ്ട വ്യവസ്ഥകൾ പാലിച്ചു പാരായണം ചെയ്യുന്നുവെങ്കിൽ അതിലെ ഓരോ അക്ഷരത്തിനും പ്രതിഫലം ഉണ്ടാകും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതേസമയം അത് നമ്മുടെ ജീവിതത്തിൽ ഇടപെടണമെങ്കിൽ ചിന്ത കൊണ്ട് തന്നെ ഖുർആൻ പാരായണം ചെയ്യേണ്ടതുണ്ട്. അങ്ങനെ ഖുർആൻ നടത്തുന്ന സ്വാധീനം നിരവധി ഘട്ടങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിയെ പരിവർത്തിപ്പിക്കുവാൻ കഴിയുന്നതാകണം സാഹിത്യമെന്ന വീക്ഷണത്തിന്റെ അളവുകോൽ ഉപയോഗിച്ച് പരിശോധിച്ചാൽ ഖുർആൻ ഒരു കുറ്റമറ്റ സാഹിത്യകൃതിയാണെന്ന് പറയാൻ കഴിയും. ശ്രോതാവിന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിനു സമാധാനവും നൽകുന്നതോടൊപ്പം അവന്റെ ഹൃദയത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുർആൻ സൂക്തങ്ങൾ. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയിൽ പരിവർത്തനത്തിന്റെ ആന്ദോളനങ്ങൾ സൃഷ്ടിക്കുവാനുള്ള ഖുർആനിന്റെ കഴിവ് അതിനെ അതുല്യമാകുന്ന ചില സവിശേഷതകളിലൊന്നാണ്.



മുഹമ്മദ് നബി(സ) ഒരിക്കൽ കഅ്ബയുടെ സമീപം വെച്ച് ഖുർആൻ പാരായണം ചെയ്യുകയാണ്. ശ്രോതാക്കളിൽ മുസ്ലീങ്ങളും അമുസ്ലീങ്ങളുമെല്ലാം ഉണ്ട്. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം ഓതിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്പനപ്രകാരം നബി(സ) സാഷ്ടാംഗം ചെയ്തു. അവിടെ കൂടിയിരുന്ന മുഴുവൻ ആളുകളും, മുസ്‌ലിം- അമുസ്‌ലിം വ്യത്യാസമില്ലാതെ നബിയോടൊപ്പം സാഷ്ടാംഗം ചെയ്തുപോയി. ഖുർആനിന്റെ സ്വാധീനശക്തിയാണ് അവിടെ നാം കാണുന്നത്. ലബീദു ബ്നു റബീഅ നബി(സ)യുടെ കാലത്തെ അറേബ്യയിലെ അതിപ്രഗൽഭനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ അതിസുന്ദരമായ ഒരു കവിത കഅബയുടെ വാതിലിന്മേൽ പറ്റിച്ചുവെച്ചിരുന്നു. അങ്ങനെ വെക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രസ്തുത കവിതയെ വെല്ലുവാൻ ആർക്കെങ്കിലും കഴിയുമോ എന്നാണ് അത് ഉയർത്തുന്ന വെല്ലുവിളി. അവിടെയുണ്ടായിരുന്ന ഒരു കവിക്കും അതിനടുത്ത് മറ്റൊരു കവിതയൊട്ടിച്ച് വെക്കാനുള്ള ധൈര്യം വന്നില്ല. അത്രക്ക് മനോഹരമായിരുന്നു ആ കവിത. എന്നാൽ അതിനടുത്തു തന്നെ ഏതാനും ഖുർആൻ സൂക്തങ്ങൾ എഴുതിത്തൂക്കുവാൻ പ്രവാചകാനുചരൻമാർ തയ്യാറായി. തന്റെ വെല്ലുവിളിക്ക് ഉത്തരം നൽകിയവനെ പരിഹസിക്കുവാനുള്ള വെമ്പലോടെ ലബീദ് ഖുർആൻ വചനങ്ങൾ വായിച്ചു. ഏതാനും വചനങ്ങൾ വായിച്ചതേയുള്ളൂ; അദ്ദേഹം ഖുർആനിന്റെ വശ്യതയിൽ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ചു. പുച്ഛത്തോടെ നോക്കുന്നവന്റെ മനസ്സിൽ പോലും മാറ്റം സൃഷ്ടിക്കുവാനുള്ള ഖുർആനിന്റെ കഴിവാണ് ഇവിടെ പ്രകടമായത്. ഉമറുബ്നുൽ ഖത്താബിന്റെ (റ) ഇസ്‌ലാം ആശ്ലേഷ ചരിത്രം പ്രസിദ്ധമാണ്. നബി(സ)യുടെ തലയെടുക്കുവാനായി ഊരിയ വാളും കൊണ്ട് പുറപ്പെട്ട ഉമറി(റ)ന്റെ മനസ്സു മാറ്റിയത് സഹോദരിയിൽ നിന്നും ലഭിച്ച ഫലകത്തിലെ ഖുർആൻ വചനങ്ങളുടെ വശ്യതയും ആശയ ഗാംഭീര്യവുമായിരുന്നു. ജുബൈറുബ്നു മക്തൂം എന്ന ബഹുദൈവവിശ്വാസി ഒരിക്കൽ വഴിയിലൂടെ നടന്നു പോവുകയാണ്. നബി(സ) മഗ്‌രിബ് നമസ്കാരത്തിൽ സൂറത്തുത്വൂർ ഓതിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കേട്ടു. അതിലെ ഓരോ പദവും അദ്ദേഹത്തിന്റെ ഹൃദയത്തിൽ പതിഞ്ഞു . അതിന്റെ മനോഹാരിത അദ്ദേഹത്തെ ആകർഷിച്ചു. അതിന്റെ സ്വാധീനത്തിൽ അദ്ദേഹം അതിശയിച്ചു. അവിടെ വെച്ചുതന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ! എല്ലാം സൂചിപ്പിക്കുന്നത് വിശുദ്ധ ഖുർആനിനെ ബുദ്ധി കൊണ്ടു സമീപിച്ചാൽ ഉണ്ടാകുന്ന അൽഭുത സ്വാധീനങ്ങളാണ്.



ഖുർആനിന്റെ മനോഹരവും വശ്യവുമായ ശൈലിയെപ്പറ്റി മക്കാ മുശ്രിക്കുകൾ ബോധവാന്മാരായിരുന്നു. പ്രസ്തുത മനോഹാരിതയാണ് പാരമ്പര്യമതത്തിൽനിന്ന് ജനങ്ങൾ കൊഴിഞ്ഞു പോകാൻ ഇടയാക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. നാടുവിടാനൊരുങ്ങിയ അബൂബക്കറി(റ)നെ തിരിച്ചുകൊണ്ടുവന്ന ഇബ്നുദുഗ്നയോട് മക്കാ നിവാസികൾ പറഞ്ഞത് ഇപ്രകാരമായിരുന്നു: അബൂബക്കർ ഖുർആൻ ഉറക്കെ പാരായണം ചെയ്യുകയും ഞങ്ങളുടെ സ്ത്രീകളും കുട്ടികളും അത് കേൾക്കുവാൻ ഇടവരികയും ചെയ്യരുത്. എങ്കിൽ മാത്രമേ ഇവിടെ താമസിക്കുവാൻ അബൂബക്കറിനെ ഞങ്ങൾ അനുവദിക്കുകയുള്ളൂ. ഖുർആനിന്റെ ഈ സ്വാധീനശക്തിയാണല്ലോ ജനങ്ങളെ ഇസ്ലാമിലേക്ക് ആകർഷിച്ചത്. കേവലം ഇരുപത്തിമൂന്ന് വർഷക്കാലം കൊണ്ട് അന്ധകാരത്തിന്റെ അഗാധഗർത്തങ്ങളിൽ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിനു മുഴുവൻ മാതൃകായോഗ്യരായ സമുദായമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ഖുർആനിന്റെ ഈ അമാനുഷികതയായിരുന്നുവെന്നതാണ് സത്യം. ആർ.വി.സി ബോഡ്ലി എഴുതിയത് അതാണല്ലോ.
(അറേബ്യയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞു നടക്കുന്ന വരുമായിരുന്ന സാധാരണക്കാരെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമാക്കിത്തീർത്തത് ഈ ഗ്രന്ഥമാണ്).
ഖുർആനിന്റെ സ്വാധീനശക്തിയെക്കുറിച്ച് മോർഗൻ എഴുതി:

(ശ്രോതാവിന്റെ മനസ്സിനെ സ്വാധീനിക്കുന്നതിനുള്ള ഖുർആനിന്റെ അത്യപാരമായ ശേഷിയാൽ അത് മാരണമാണെന്നും ആഭിചാരമാണെന്നുമാണ് അതിന്റെ എതിരാളികൾ കരുതിയത്)



ചിന്താപരമായ ഒരു സമീപനം സ്വീകരിച്ച് വിശുദ്ധ ഖുർആനിനെ മനസ്സിൽ റമളാനിന്റെ ആത്മീയ സ്വാധീനം ഉപയോഗപ്പെടുത്തി കുടിയിരുത്തുവാൻ ഒരു വിശ്വാസിക്ക് കഴിഞ്ഞാൽ പിന്നെ ഈ ഖുർആൻ ഋജുവായ വഴിയിലേക്കും സമാധാനപരമായ ഗമനത്തിലേക്കും നയിക്കുക തന്നെ ചെയ്യും. അതോടെ നൻമകൾ പുനർജനിക്കുകയും നിലനിൽക്കുകയും ചെയ്യും.



റമദാന്‍ പരിശീലന ശാലയാണ്. പ്രായോഗിക പരിശീലനം നടക്കുന്ന ഈ ശീലശാല എല്ലാ വര്‍ഷവും റമദാന്‍ ഒന്നിന് തുറക്കുകയും ശവ്വാല്‍ ഒന്നിന് അടക്കുകയും ചെയ്യുന്നു. റമദാന്‍ നോമ്പ് പരിശീലനത്തിനുള്ളതാണ്. ശീല രൂപീകരണത്തിനുതകുന്ന സഹനത്തിനുള്ളതാണ്. ഇസ്ലാമിലെ എല്ലാ ആരാധനകളുടെയും മൗലികമായ ലക്ഷ്യങ്ങളില്‍ ഒന്ന് മന:സംസ്‌കരണവും ജീവിത സൂക്ഷ്മതയുമാണ്. നമസ്‌കാരം (24:49), സകാത്ത് (9:103), ഹജ്ജ് (2:197) എന്നീ ആരാധനാ കര്‍മ്മങ്ങളെ പോലെ റമദാന്‍ നോമ്പിന്റെ മുഖ്യലക്ഷ്യവും സൂക്ഷ്മതയും സംസ്‌കരണവുമാണ്. (2:183)
അനുഭവ ജ്ഞാനത്തിലൂടെയും തിരിച്ചറിവിലൂടെയുമാണ് മനുഷ്യരില്‍ പരിവര്‍ത്തനമുളവാക്കാനാവുകയുള്ളൂ എന്ന സന്ദേശം ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. സൂറത്തുല്‍ കഹ്ഫ് 60 മുതല്‍ 82 വരെയുള്ള വാക്യങ്ങളില്‍ ഈ കാര്യം നമുക്ക് കാണാവുന്നതാണ്.
അല്ലാഹുവിന്റെ ദാസരില്‍ ഒരു ദാസനെ മൂസാ നബി(അ) രണ്ട് കടലുകള്‍ കൂടിച്ചേരുന്ന സ്ഥലത്തിനുശേഷം കണ്ട് മുട്ടി. താങ്കള്‍ക്ക് പരിശീലനം നല്‍കപ്പെട്ട തിരിച്ചറിവിനെ (റുശ്ദ്) എനിക്ക് പരിശീലിപ്പിച്ച് തരാനായി താങ്കളോടൊപ്പം ഞാന്‍ അനുഗമിക്കട്ടെയോ (18:66) എന്ന് മൂസാ(അ) ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ആ ദൈവദാസന്‍ പറയുന്നതിങ്ങനെയാണ്: എന്റെ കൂടെ സഹനത്തോടെ കഴിയാന്‍ താങ്കള്‍ക്ക് കഴിയില്ല. അനുഭവ ജ്ഞാനം ഇല്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാവും? (18:67,68)



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso