ആഘോഷവും നമുക്ക് ആരാധനയാണ്
27-04-2022
Web Design
15 Comments
ധീരമായ ഒരു വൈകാരിക വിപ്ലവമാണ് ഇസ്ലാം അതിന്റെ വിശ്വാസികളിൽ നടത്തിയെടുക്കുന്നത്. ജീവിത വികാരങ്ങളെ മുഴുവനും ആരാധനയാക്കി പരിവർത്തിപ്പിച്ച് അവനെ അവന്റെ റബ്ബിന് സമർപ്പിക്കുവാൻ പ്രാപ്തനാക്കുന്ന പ്രക്രിയ. പരമമായ സത്യത്തിന് വിധേയമാക്കുവാൻ സ്വന്തം അസ്തിത്വത്തെ കടഞ്ഞെടുക്കുവാൻ ഇസ്ലാം പ്രചോദിപ്പിക്കുന്നു. അതിൽ അനുരജ്ഞനമോ വിട്ടുവീഴ്ചയോ മറ്റോ ഇല്ല. അതിന്റെ മൂല ആശയമായ ദൈവസിദ്ധാന്തം തന്നെ അതിന് ഒന്നാം തരം ഉദാഹരണം. ഉദാഹരണം, സാമ്യത, ഉപമ, വിഗ്രഹം എന്നിവകൊണ്ടൊന്നും വരച്ചെടുക്കാൻ കഴിയാത്ത ഏക ദൈവത്വമാണത്. തത്വങ്ങളുടെയും സത്യങ്ങളുടെയും ന്യായങ്ങളുടെയും വെളിച്ചത്തിൽ വരച്ചെടുക്കുന്ന അലങ്കാരങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും ആണ് ആ ദൈവത്വം മനസ്സിലേക്ക് ആവാഹിക്കേണ്ടത്. ഒരു ചിത്രവും അടയാളവുമില്ലാതെ മുസ്വല്ലയിൽ നിന്നു കൊണ്ട് ആ സങ്കൽപ്പത്തെ ആരാധിക്കുവാൻ അവനെ പ്രാപ്തനാക്കുന്ന അതിസാഹസികമായ ഒരു വിപ്ലവ പ്രക്രിയ. ഇത്തരത്തിലുളള ഒരു വിപ്ലവകരമായ സമീപനമാന് ആഘോഷങ്ങളോട് ഇസ്ലാം വെച്ചുപുലർത്തുന്നത്. മനുഷ്യൻ തന്റെ വികാരങ്ങളെ തുറന്നുവിടുന്ന മുഹൂർത്തങ്ങളാണ് ആഘോഷങ്ങൾ. അവിടെ പൊതുവെ നിയന്ത്രണങ്ങൾ ഉണ്ടാവില്ല, ഉണ്ടായിക്കൂടാ. പക്ഷെ ഇസ്ലാം ഇവിടെയും വേറിട്ടുനിൽക്കുന്നു. ആഘോഷങ്ങളെ ആരാധനകളാക്കി മാറ്റിയാണ് അത്. ഇത്തരം ഒരു ആമുഖത്തിൽ നിന്നാണ് നമ്മുടെ പെരുന്നാൾ ചിന്തകൾ തുടങ്ങേണ്ടത്. വീണ്ടും ഒരു പെരുന്നാളിന്റെ പുളകത്തിലെത്തുകയാണല്ലോ നാം.
പെരുന്നാളാഘോഷം എന്ന പ്രയോഗത്തിലെ ആഘോഷം എന്ന പദം പലരും പലവിധത്തിലാണ് മനസ്സിലേറ്റിയിട്ടുള്ളത്. ആഘോഷത്തിമർപ്പിൽ അർമാദിക്കാനൊരു ദിവസമെന്ന നിലയിൽ പെരുന്നാളിനെ കണക്കാക്കിയവരുണ്ട്. കഠിനമായി ഒരു ആരാധന കഴിഞ്ഞു കിട്ടിയതിൽ അഹ്ലാദിക്കുന്നവരുണ്ട്. വികാരങ്ങളുടെ ഞരമ്പുകളെ ചൂടുപിടിപ്പിക്കുവാൻ അനുവദിക്കപ്പെട്ട ദിനമായി മറ്റു ചിലർ പെരുന്നാളിനെ കാണുന്നു. ഒരു പുതുവസ്ത്രം ധരിക്കുക, നേരത്തെ പോയി ആരാധനാ ചടങ്ങിൽ പങ്കെടുക്കുക, മുന്തിയ ഭക്ഷണങ്ങൾ കഴിക്കുക, അടുത്ത ബന്ധങ്ങളുമായി ബന്ധപ്പെടുക തുടങ്ങിയ രംഗങ്ങളുടെ ഒരു നിസ്സംഗമായ പരമ്പരാഗതയാണ് പൊതുവെ എല്ലാവരുടെയും പെരുന്നാൾ. പണ്ട് പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതും മുന്തിയ ഭക്ഷണങ്ങൾ കഴിക്കുന്നതും പെരുന്നാളിനെ അടയാളപ്പെടുത്തുമായിരുന്നു. അതൊക്കെ മാറി. ഇപ്പോൾ ഫാഷനും ബ്രാൻഡും നിശ്ചയിക്കുന്നത് ടെക്സ്റ്റൈൽസുകളാണ്. അവർ പലവിധം ഫാഷനുകളും വിവിധ ആഘോഷങ്ങളുടെ പേരിൽ രംഗത്തിറക്കി വിറ്റ് കാശുണ്ടാക്കുന്നു. ചുരുക്കത്തിൽ തുണിക്കച്ചവടക്കാരും അരിക്കച്ചവടക്കാരും കോഴിക്കച്ചവടക്കാരും പോത്ത് കച്ചവടക്കാരുമെല്ലാമാണ് നമ്മുടെ ആഘോഷങ്ങൾ നിയന്ത്രിക്കുന്നത് എന്ന സംഹചര്യമാണ് ഉള്ളത്.
ഇസ്ലാം പക്ഷെ ഇത്തരം പുറം പകിട്ടുകളെയൊന്നും അംഗീകരിക്കുന്നില്ല. കടുത്ത ഇടപെടൽ തന്നെ ഇസ്ലാം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. അത് ഒരു പദ്ധതി പോലെയാണ്. അതിന്റെ ആദ്യ ഘട്ടം ആഘോഷങ്ങളെ കണിശമായി പരിമിതപ്പെടുത്തുന്നതിൽ നിന്നാരംഭിക്കുന്നു. ഇസ്ലാമിൽ പൊതു ആഘോഷങ്ങൾ രണ്ടേയുള്ളൂ. മാതാവിന്റെയും കാമത്തിന്റെയും പ്രണയത്തിന്റെയും ഓരോ സങ്കൽപ്പ ദേവീ ദേവരുടെയും പുണ്യാളൻമാരുടെയുമൊക്കെ പേരിലുള്ള പൊതു ആഘോഷം ഇസ്ലാമിലില്ല. വൈയക്തികമായ ആഘോഷങ്ങളാവട്ടെ അവ സ്വകാര്യതകളാണുതാനും. റമളാൻ വ്രതത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് കടന്നു വരുന്ന ചെറിയ പെരുന്നാളും ഹജ്ജിന്റെ സമാപ്തി കുറിക്കുന്ന ബലി പെരുന്നാളും. ഈ രണ്ട് പെരുന്നാളുകളും ആഘോഷിക്കണമെന്ന് ഇസ്ലാം താൽപര്യപ്പെടുന്നു. പെരുന്നാളിന് നബിയുടെ മുമ്പിൽ കൊച്ചു പെൺകുട്ടികൾ ദഫ്ഫുകളിൽ പാട്ടുപാടി താളം പിടിക്കുന്നതും അബൂബക്കർ(റ) കടന്നു വന്ന് അത് തടയാൻ ശ്രമിക്കുന്നതും അത് പെരുന്നാൾ ദിനമായതിനാൽ തടയേണ്ട എന്ന് നബി(സ) പറയുന്നതും ഹദീസിൽ കാണാം. പെരുന്നാൾ ദിനത്തിൽ ആഫ്രിക്കൻ കുട്ടികൾ ഒരു തരം കോൽക്കളി കളിക്കുന്നത് നബിയും ആയിഷാ ബീവിയും നോക്കി നിൽക്കുന്നത് മറ്റൊരു രംഗത്തും കാണാം. മാത്രമല്ല, പെരുന്നാൾ ദിനങ്ങളിൽ നോമ്പനുഷ്ടിക്കുന്നത് ഇസ്ലാം ഹറാമാക്കിയതും ചെറിയ പെരുന്നാളിന് ഫിത്വർ സക്കാത്തും ബലി പെരുന്നാളിന് ഉളുഹിയ്യത്തും ഒരു ഭക്ഷ്യ സുരക്ഷയെന്നോളം ശറആക്കിയതുമെല്ലാം ആഘോഷിക്കണം എന്നതിലേക്കു തന്നെ വിരൽ ചൂണ്ടുന്നു.
അതോടൊപ്പം ആഘോഷം അനർഥമാകാതിരിക്കുവാൻ ഇസ്ലാം ചെയ്തിരിക്കുന്ന മറ്റൊരു പ്രധാന കാര്യം പെരുന്നാളിന്റെ സന്ദേശം അല്ലെങ്കിൽ പ്രമേയം ഏകീകരിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. രണ്ട് പെരുന്നാളും രണ്ട് കാലത്തും രണ്ട് ആരാധനയുമായി ബന്ധപ്പെട്ടും രണ്ട് ആശയ പശ്ചാതലത്തിലുമൊക്കെയാണ് വരുന്നത് എങ്കിലും രണ്ടിന്റെയും മുദ്രാവാക്യം അല്ലാഹു അക്ബർ എന്നതാണ്. ആഘോഷമേതായാലും അതിന്റെ സാരാംശം അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതായിരിക്കണം എന്ന് ചുരുക്കം. ഇത്തരമൊരു പരമമായ ആത്മീയ ബന്ധിയായ പ്രമേയം ഉൾക്കൊള്ളുമ്പോൾ ആഘോഷം അതിന്റെ അതിരിൽ നിൽക്കുക തന്നെ ചെയ്യും. താനല്ല, തന്റെ ലോകത്തുളള ഒന്നുമല്ല വലുത്, അല്ലാഹു മാത്രമാണ് വലുത് എന്ന് കാണിക്കാൻ കഴിയുന്ന അതിർ വരേ മാത്രമേ പെരുന്നാൾ എത്താവൂ എന്ന ആശയമാണിതിലൂടെ വരുന്നത്. താൻ ആഘോഷിക്കുന്ന ആഘോഷത്തിന്റെ ആനന്ദത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് ആഘോഷങ്ങൾ വേലി ചാടുന്നത്. അതിനേക്കാളെല്ലാം വലുത് ഇതടക്കം സന്തോഷങ്ങൾ തന്ന അല്ലാഹുവാണ് എന്ന് പറയുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ ആഘോഷം ആരാധനയായി പരിണമിക്കുന്നു.
ഇത് ശരിക്കും സ്വാംശീകരിക്കുവാൻ സഹായകമാകുന്ന പശ്ചാത്തലം രണ്ട് പെരുന്നാളുകൾക്കുമുണ്ട് താനും. കാരണം ചെറിയ പെരുന്നാൾ വരുന്നത് നോമ്പിന്റെ പരിസമാപ്തിയിലാണ്. ഒരു മാസം നീണ്ടു നിന്ന വ്രതം വിശ്വാസിക്ക് സമ്മാനിച്ചത് ചെറിയ നേട്ടമൊന്നുമല്ല. മനപ്പൂർവ്വം അവൻ ധിക്കാരപരമായി തന്നെ ചെയ്തു കൂട്ടിയ പാപങ്ങൾ അല്ലാഹുവിനാൽ മാപ്പാക്കപ്പെട്ടു. രണ്ടാമതായി ആയുസ് കുറവും പശ്ചാതല പ്രതികൂലതയും കാരണം സദ്കർമ്മങ്ങൾ വഴി നേടുന്ന പ്രതിഫലത്തെ എഴുപതും എഴുനൂറുമായി ഇരട്ടിപ്പിക്കാൻ കഴിഞ്ഞു. മൂന്നാമതായി ശരീരത്തിൽ കൂടു കൂട്ടിയ രോഗങ്ങളെ പിഴുതെടുത്ത് കളയാനും കൂടുതൽ ആരോഗ്യം സംഭരിക്കുവാനും കഴിഞ്ഞു. നാലാമതായി തന്റെ സ്വഭാവത്തെ ശരിയായ താളത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ കഴിഞ്ഞു. ഇത്രയും വലിയ സൗഭാഗ്യങ്ങൾ നേടിത്തന്ന ഈ മാസം അനുഭവിക്കുവാനായതിന്റെ സന്തോഷമാണ് ചെറിയ പെരുന്നാളിന്റെ ആശയ വികാരം. ഈ നേട്ടങ്ങൾക്കുവേണ്ടി വിശ്വാസി തന്റെ ഏറ്റവും വലിയ വികാരങ്ങളെ നിരന്തരമായ ഒരു മാസക്കാലം ത്യജിക്കുകയായിരുന്നു. അപ്പോൾ അവൻ എന്റെ ചോരയിലലിഞ്ഞ ഈ വികാരത്തേക്കാൾ അക്ബർ (വലിയവൻ) അല്ലാഹു ആണ് എന്നവൻ സ്വന്തം ജീവിതം കൊണ്ട് ഉദ്ഘോഷിക്കുകയായിരുന്നു. ആ വികാരം കൊണ്ട് തന്നെ അവൻ ഈദുൽ ഫിത്വർ ആഘോഷിക്കണമെന്നാണ് ഇസ്ലാമിന്റെ താൽപര്യം.
ബലി പെരുന്നാളിനും ഈ അർഥത്തിലുളള വ്യാഖ്യാനമാണുള്ളത്. ഹജ്ജിന്റെ കർമ്മങ്ങളും സംഗമവും വലിയ രണ്ട് ആത്മീയ പ്രതീകങ്ങളെ അനാവരണം ചെയ്യുന്നു. ഒന്ന് ലോകത്തെ ഏറ്റവും വലിയ ത്യാഗത്തിന്റെ പ്രതീകങ്ങളായ ഇബ്റാഹിം നബിയുടെയും ഇസ്മായീൽ നബിയുടെയും മഹാത്യാഗങ്ങൾ ഉദ്ഘോഷിക്കുന്ന ആശയം. എന്തിനുമുപരി അല്ലാഹുവിന്റെ പ്രീതിയാണ് എന്നാണ് അവർ തെളിയിച്ച ആശയം. രണ്ടാമത്തേത് അല്ലാഹുവിന്റെ ജനത എല്ലാം ത്യജിച്ച് ഒരേ ലക്ഷ്യവുമായി അവിടെ സംഗമിക്കുകയാണ്. അവരുടെ മനസ്സിന്റെ വികാരവും തങ്ങളെ തങ്ങളുടെ നാഥന് സമർപ്പിക്കുക എന്നതാണ്. അപ്പോൾ ഈ രണ്ട് ആശയങ്ങളും ഒരുക്കുന്ന ആശയം അല്ലാഹു അക്ബർ എന്നതു തന്നെയാണ്. ഇതിൽ നിന്നും നമുക്ക് തീർത്തു പറയുവാൻ കഴിയുന്ന കാര്യം ഒരാളുടെ പെരുന്നാൾ ആഘോഷം ഈ അല്ലാഹു അക്ബർ എന്ന ആശയത്തിനു പുറത്തേക്കു വളർന്നാൽ അത് ഇസ്ലാമികമല്ല എന്നതാണ്. പെരുന്നാൾ ദിനത്തിലെ ഏതു കാര്യവും അല്ലാഹുവിനെ മഹത്വപ്പെടുത്തുവാനും പ്രകീർത്തിക്കുവാനും ഉള്ളതായിരിക്കണം. ചുരുക്കത്തിൽ ഒരു വർഷത്തിലെ ദിവസങ്ങളിൽ നിന്ന് രണ്ടു പെരുന്നാളുകൾ വിശിഷ്ടമായി നിർണയിച്ച് നൽകപ്പെട്ടത് ഉണ്ണാനും ഉടുക്കാനും മാത്രമല്ല. ആഘോഷപൂർവം ആരാധന നടത്താനുള്ള അവസരങ്ങളായാണ്. അല്ലെങ്കിൽ ആരാധനാ പൂർവം ആഘോഷിക്കാനുള്ള അവസരമായാണ്. അന്നേ ദിവസങ്ങളിൽ അല്ലാഹുവിനേറ്റവും ഇഷ്ടമുള്ള നോമ്പനുഷ്ഠാനം നിഷിദ്ധമാണ്, ആഘോഷത്തിന്റെ ഭാഗമായി ഒരു നല്ല ഭോജനം കൂടി വേണമെന്നാണിതിനർത്ഥം. അഥവാ ആഘോഷിച്ചു കൊണ്ട് ആരാധിക്കുക. ആഘോഷവും സന്തോഷവും ഉണ്ടാകുന്ന കാര്യങ്ങൾ ആരാധനയായി മാറുക. അതിന്റെ പേരിൽ പുണ്യം ലഭിക്കുക. പെരുന്നാളുകളിൽ ഉണ്ടാകേണ്ടതും ഉണ്ടാകണമെന്ന് നിർദേശിക്കപ്പെട്ടതും ഇതാണ്.
ആഘോഷങ്ങൾക്കിടയിലും ആത്മീയതയെ സംരക്ഷിക്കൽ വിശ്വാസിയുടെ ബാധ്യതയാണ്. സത്യവിശ്വാസിക്കതിന് കഴിയണം. സ്വാതന്ത്ര്യത്തിലും നിയന്ത്രിതനാവാനുള്ള പരിശീലനമാണ് ഈ രൂപത്തിലുളള പെരുന്നാളനുഷ്ഠാനത്തിലൂടെ വിശ്വാസി ആർജിക്കുന്നത്. ഇത് ഒരു പൊതുവായ ഇസ്ലാമിക പാഠം കൂടിയാണ്. പൊതുവായി വരുന്നതു മാത്രമല്ല, വൈയക്തികമായി നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അവസരങ്ങളും സാഹചര്യങ്ങളും ഇപ്രകാരം തന്നെയാണ് ആഘോഷിക്കേണ്ടത്. അത്തരം ഘട്ടങ്ങളിൽ പലപ്പോഴും ആത്മീയത അവഗണിക്കപ്പെടുന്നത് പൊതുവെ കണ്ടുവരാറുണ്ട്. വിവാഹ സൽകാരങ്ങൾ, മറ്റു സൽകാരങ്ങൾ, വിരുന്നുകൾ, ആത്മീയചടങ്ങുകളോടനുബന്ധിച്ച് വരെ നിസ്‌കാരം സമയം തെറ്റിക്കുന്നവരെ കാണാറുണ്ട്. കല്യാണത്തിന്റെ തിരക്കിനിടയിൽ തീരെ നിസ്കരിക്കാതിരിക്കുന്നവരും എല്ലാം കഴിഞ്ഞിട്ട് ഒന്നിച്ച് കൂട്ടിയടിക്കുന്നവരെയൊക്കെ ഇപ്പോൾ വ്യാപകമായി കാണാം. അവരൊക്കെ സത്യത്തിൽ അവരുടെ ആ ആഘോഷത്തിന് ഒന്നാം സ്ഥാനവും അല്ലാഹുവിന് രണ്ടാം സ്ഥാനവും കൽപ്പിക്കുന്നവരാണ്. ആത്മീയത എന്ന് പറയുന്നത് ജീവിതത്തിന്റെ സന്തോഷത്തിലും സന്താപത്തിലും രഹസ്യത്തിലും പരസ്യത്തിലും ഒരുപോലെ സുരക്ഷിതമായിരിക്കണം.
റമളാൻ മാസം അവസാനിക്കുന്നത് ശവ്വാൽ മാസ പിറവിയോടു കൂടിയാണ. ശവ്വാൽ മാസ പിറവി വിശ്വാസികളെ ചെറിയ പെരുന്നാളിന്റെ പൂമുഖത്തേക്കാണ് നയിക്കുന്നത്. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനുടനെയെത്തുന്ന ഒരു ആഘോഷം. നിശ്ചിത സമയങ്ങളിൽ അന്നപാനാദികളും മറ്റും വർജിക്കണം എന്ന കടുത്ത നിയന്ത്രണത്തിന്റെ പരിധിയിൽ നിന്നും നോമ്പനുഷ്ഠാനം അനുവദനീയമല്ലാത്ത ഒരു ദിവസത്തിലെ സന്തോഷപ്പെരുന്നാളിലേക്കുള്ള പ്രവേശം. സൗകര്യം പോലെ താനിച്ഛിക്കുന്ന അനുവദനീയ ഭക്ഷണ പാനീയങ്ങൾ കഴിക്കാവുന്ന പകൽ. മുൻ ദിവസങ്ങളിലെ പകലുകളിൽ പറ്റാതിരുന്ന പലതും അനുവദനീയമായി. ഒരു ആരാധനയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് പരിസമാപ്തിയായി നിശ്ചയിക്കപ്പെട്ടത് കൂടിയാണ് ചെറിയ പെരുന്നാൾ. നോമ്പനുഷ്ഠാനം പാടില്ല എന്നവിഷയത്തിൽ ദുൽ ഹജ്ജ് 11, 12, 13 എന്നീ മൂന്ന് ദിവസങ്ങൾ കൂടി ബലി പെരുന്നാളിനൊപ്പമുണ്ട്. അതിനാൽ ഒരു ദിവസം മാത്രം നോമ്പനുഷ്ഠാനം പാടില്ലാത്ത പെരുന്നാൾ ചെറിയ പെരുന്നാളായി. നാലു ദിവസം നോമ്പു നോൽക്കാൻ പറ്റാത്ത പെരുന്നാൾ വലിയ പെരുന്നാളും. ഈദുൽ ഫിത്വർ എന്നാണ് അറബിയിൽ ചെറിയ പെരുന്നാളിന് പറയുക. അഥവാ നോമ്പവസാനിപ്പിക്കുന്ന പെരുന്നാൾ. ഓരോ നോമ്പ് ദിവസത്തിലും നോമ്പ് തുറക്കുന്ന സമയം ഒരു സന്തോഷാവസരമാണ്. ഒരു മാസത്തെ നോമ്പും നോമ്പ് കാലത്തെ പകൽ രീതിയും മാറുന്ന ഒരു സന്തോഷാവസരമാണ് ഫിത്വ്‌റ് പെരുന്നാൾ. ഓരോ നോമ്പ് ദിനത്തിലും നോമ്പ് തുറപ്പിക്കുക എന്ന പുണ്യത്തിനവസരമുണ്ട്. ഇത് സുന്നത്താണ്. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യ വിതരണവുമുണ്ട്, സകാത്തുൽ ഫിത്വർ. നോമ്പിന് ശേഷമുള്ള പെരുന്നാളിൽ നിർബന്ധമായ ദാനമാണിത്. നോമ്പനുഷ്ഠാനം നിർബന്ധം, നോമ്പ് തുറപ്പിക്കൽ സുന്നത്ത്. പെരുന്നാളാഘോഷം സുന്നത്ത്. നോമ്പൊഴിവാക്കലും ഫിത്വ്‌റ് സകാത്ത് കൊടുക്കലും നിർബന്ധം. നോമ്പും ഈദുൽ ഫിത്വ്‌റും തമ്മിൽ ഒരു അമ്പിളിക്കീർ പ്രത്യക്ഷപ്പെടുന്ന സമയത്തിന്റെ അകലമാണ്. പക്ഷേ, അതോടെ വലിയ മാറ്റത്തെയാണ് വിശ്വാസി സ്വീകരിക്കുന്നത്. അല്ലെങ്കിൽ വലിയ മാറ്റമാണ് ഇസ്‌ലാം വിശ്വാസിയിൽ നിന്നാവശ്യപ്പെടുന്നത്.
കഠിനമായ ആരാധനയാണ് നോമ്പ്. പ്രത്യേകിച്ചും ഇസ്ലാമിലെ നോമ്പ്. മറ്റു മതസമൂഹങ്ങൾക്കും നോമ്പുണ്ടെങ്കിലും അവരുടെ നോമ്പുകളിലൊന്നും ജലപാനവും ഭക്ഷണവും തീരെ പാടില്ലാത്ത രീതിയില്ല. ഈ തരത്തിലുളള നോമ്പ് കാലത്തിന് ശേഷം ഒരു പെരുന്നാൾ വരുമ്പോൾ അതിൽ നോമ്പിൽ നിന്ന് രക്ഷപ്പെട്ടതിലുളള ആശ്വാസമല്ല വിശ്വാസിക്കനുഭവപ്പെടുക. അങ്ങനെ പെരുന്നാളിനെ മനസ്സിലാക്കാനും പാടില്ല. മറിച്ച് നോമ്പ് കാലത്തെ പൂർണമായി പ്രാപിക്കാനായതിലുള്ള ആത്മ സംതൃപ്തിയും അതിന്റെ സ്വീകാര്യതക്ക് വേണ്ടിയുള്ള പ്രാർത്ഥനാമനസ്സുമാണ് പെരുന്നാൾ ഉൾക്കൊള്ളുന്ന ചൈതന്യം. നോമ്പും റമളാനും സ്വീകാര്യമായി എന്ന് മനസ്സിലാക്കുന്നതിന് കൂടി ഫിത്വർ സകാത്ത് ഉതകും. ഫിത്വർ സകാത്ത് നൽകുമ്പോഴാണ് നോമ്പ് സ്വീകാര്യമാവുക. പെരുന്നാളിന്റെയും നോമ്പിന്റെയും പരസ്പര ബന്ധത്തിൽ പ്രത്യക്ഷത്തിൽ വൈരുധ്യം കാണുമ്പോഴും പാരസ്പര്യത്തിന്റെ കരുത്ത് ഇവിടെ പ്രകടമാണ്. വിശ്വാസിയുടെ ജീവിതത്തിൽ പെരുന്നാളിന്റെ ആത്മീയപ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso