മാസവിശേഷം / ശവ്വാൽ
27-04-2022
Web Design
15 Comments
അറബി മാസങ്ങളിൽ പത്താമത്തെ മാസമാണ് ശവ്വാൽ. ഇതടക്കം അറബീ മാസങ്ങൾക്ക് അതാത് പേരുകൾ വന്നതിനു പിന്നിലെ കാര്യകാരണങ്ങൾ അത്ര പ്രസക്തമല്ല എന്നതാണ് വാസ്തവം. നാഗരിക വളർച്ച പ്രാപിച്ചുവരിക മാത്രം ചെയ്യുകയായിരുന്ന അറബ് ജനതയിൽ ഈ പേരുകൾ രൂപപ്പെട്ടത് അവരുടെ നാടോടി - ഇടയ ജീവിതങ്ങളിൽ നിന്നു മാത്രമാണ്. അതിനുമപ്പുറത്തേക്ക് അവയൊന്നും കാര്യമായി കടക്കുന്നില്ല. ശവ്വാൽ എന്ന വാക്കിന് അർഥം കൽപ്പിക്കപ്പെടുന്നത് കുതിരകൾ വാലുയർത്തുന്ന മാസം എന്ന നിലക്കാണ്. മതിപ്പാട് കാരണമാണത്രെ അവ വാലുയർത്തുമായിരുന്നത്. ഒരു പക്ഷെ ഇവകൾക്ക് പൊതുവെ മതിപ്പാടുണ്ടാകാറുള്ളത് ഈ മാസത്തിലായതിനാലായിരിക്കും ഈ മാസത്തിന് ഈ പേര് വന്നത് എന്ന് അനുമാനിക്കാം. മറ്റൊരു വായനയിൽ ഈ മാസം ഒട്ടകങ്ങൾക്ക് പാലു കുറയുന്ന മാസമാണ് എന്നും കാണാം. കഠിനമായ ചൂട് കാരണം ഒട്ടകങ്ങൾ ഇണകളിൽ നിന്ന് ഓടിയകലുന്ന മാസമെന്നതും ഇത്തരം അനുമാനങ്ങളിലുണ്ട്. ഇസ്ലാം വന്നതോടെ പക്ഷെ, ശവ്വാൽ അർഥവും ആശയവുമുള്ള ഒരു പ്രാധാന മാസമായി മാറി.
ഇസ്ലാം ഈ മാസത്തെ അടയാളപ്പെടുത്തുന്ന പ്രധാന സംഗതി വിശ്വാസി ലോകം റമളാൻ വ്രതമെന്ന ഇസ്ലാം കാര്യത്തിൽ നിന്നും അഞ്ചാമത്തെ സ്തംഭമായ ഹജ്ജ് എന്നതിലേക്ക് കടക്കുന്നു എന്നതാണ്. ശവ്വാലിൽ തുടങ്ങി ദുൽ ഖഅദയും കടന്ന് ദുൽ ഹിജ്ജ 10 വരെയാണ് ഹജ്ജിന്റെ സമയം. ശവ്വാലിന്റെ മറ്റൊരു മതപരമായ പ്രത്യേകത ആറു നോമ്പ് എന്ന സുന്നത്ത് നോമ്പാണ്. ഏറെ പുണ്യമുളളതാണ് ഈ നോമ്പ്. റമളാൻ മാസം പ്രതമനുഷ്ഠിക്കുകയും പിന്നെ ആറ് നോമ്പുകൾ തുടരെയായി അനുഷ്ഠിക്കുകയും ചെയ്താൽ അത് ഒരു കൊല്ലം മുഴുവൻ നോമ്പനുഷ്ഠിച്ചതിനു സമാനമാകും എന്ന് ഹദീസിൽ വന്നിട്ടുണ്ട്(മുസ്ലിം). റമളാനിലെ ഓരോ നോമ്പിനും പത്തുവീതം പ്രതിഫലം ലഭിക്കുമ്പോൾ അത് പത്ത് മാസത്തിനും ഒപ്പം ഈ ആറു നോമ്പുകൾക്ക് അതേ കണക്കിൽ പ്രതിഫലം ലഭിക്കുമ്പോൾ അത് 2 മാസത്തിനും തുല്യമാകുന്നു എന്നും അതാണ് ഈ ഹദീസിൽ പറയുന്ന ഒരു വർഷത്തിന്റെ വിവരണമെന്നും ഇമാം നവവി(റ) പറയുന്നുണ്ട്. ഈ മാസത്തിലെ നോമ്പുകൾ നബി(സ്വ) കണിശതയോടെ അനുഷ്ഠിക്കുമായിരുന്നു എന്ന് ശമാഇലിൽ വന്നിട്ടുണ്ട്. ഈ മാസത്തിലെ ഏതെങ്കിലും ആറു ദിവസം നോറ്റാൽ മതിയാകും എങ്കിലും തുടർച്ചയായിട്ടാകുന്നതും അത് മാസത്തിന്റെ ആദ്യം തന്നെയാകുനതും ഏറ്റവും നല്ലതാണ് എന്നാണ് ഫിഖ്ഹ്.
ശവ്വാലിന്റെ ചരിത്ര സ്മരണകളിൽ നബി യുഗത്തിൽ എടുത്തു പറയേണ്ട ഒന്ന് ആയിശ(റ)യെ നബി(സ) വിവാഹം ചെയ്തതാണ്. ഈ വിവാഹം ഇസ്ലാമിക ചരിത്രത്തിൽ വിവിധ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം അവർ രണ്ടു പേരും തമ്മിലുള്ള പ്രായത്തിന്റെ അന്തരമാണ്. ഈ വിഷയം ഈ അടുത്ത കാലത്ത് മാത്രം ഉയർന്നുവന്നതാണ് എന്നത് ശ്രദ്ധേയമാണ്. ആ വിവാഹം നടക്കുന്ന കാലത്ത് അത്തരമൊരു വിഷയം ആരോപണമായി ഉയർന്നിട്ടില്ല. അതിനു കാരണം അന്നത്തെ സാഹചര്യത്തിൽ അതൊരു സാധാരണ സംഭവമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ പെൺകുട്ടികൾ വിവാഹം ചെയ്യപ്പെടുന്നത് അക്കാലത്ത് ഒരു തരത്തിലും വിചിത്രമായിരുന്നില്ല. അലി (റ) തന്റെ മകൾ ഉമ്മു കുൽസൂമിനെ ഉമർ(റ)വിന് വിവാഹം ചെയ്തു കൊടുത്തത് അവൾക്ക് പ്രായപൂർത്തി പോലും ആകുന്നതിനു മുമ്പായിരുന്നു. സുബൈർ(റ) തന്റെ മകളെ ഇതുപോലെ വിവാഹം ചെയ്തു കൊടുത്ത ചരിത്രവുമുണ്ട്. ഈ വിവാഹ തീരുമാനം അല്ലാഹുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംഭവിച്ചതായിരുന്നു എന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. വിവാഹ തീരുമാനം എടുക്കുമ്പോൾ അവർക്ക് വെറും ആറു വയസ്സായിരുന്നു. ആ പ്രായത്തിലെ നിശ്ചയങ്ങൾ പെൺകുട്ടികളുടെ അറിവോ സമ്മതമോ ലഭിച്ചല്ല, അവരുടെ രക്ഷാകർത്താക്കളുടെ സമ്മതപ്രകാരമാണ് നടക്കാറുള്ളത്. ഈ വിവാഹവും അങ്ങനെയാണ് നിശ്ചയിക്കപ്പെട്ടത്.
എന്നാൽ വിവാഹം നടക്കുമ്പോൾ ആയിശാ ബീവിക്ക് ഒമ്പതു വയസ്സായിരുന്നു പ്രായം. ഈ പ്രായം ഖുറൈശി പെൺകുട്ടികൾ വയസ്സറിയിക്കുന്ന പ്രായമായിരുന്നു എന്ന് ഇമാം ശാഫി(റ) പറയുന്നുണ്ട്. ഒമ്പതു വയസ്സാവുമ്പോഴേക്കും ശാരീരികവും മാനസികവുമായ വളർച്ച പ്രാപിക്കുമായിരുന്നു അക്കാലത്തെ പെൺകുട്ടികൾ. പിന്നെ ആക്ഷേപത്തിന്റെ യാധാർഥ ഉറവിടം കാലത്തിന്റെ മാറ്റമാണ്. ഇന്ത്യയിൽ പെൺകുട്ടികൾ വിവാഹിതരാവേണ്ട പ്രായം 18 വയസ്സാണല്ലോ. 17 വയസ്സിൽ ഒരു പെൺകുട്ടി ഇപ്പോൾ ഇവിടെ വിവാഹിതയായാൽ അതിനെ ബാല വിവാഹം എന്നാണ് വ്യവഹരിക്കപ്പെടുക. അതിനു കാരണം പുതിയ സങ്കൽപ്പങ്ങളും പുതിയ സ്ത്രീപക്ഷ നിരീക്ഷണങ്ങളുമാണ്. അതിനാൽ അന്നത്തെ ഒരു കാര്യത്തെ അന്നത്തെ സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത് ഇന്നത്തെ അളവുകോലുകൾ വെച്ച് അളക്കുക എന്നത് ദുരുദ്ദേശപരമല്ലാതെ മറ്റൊന്നുമല്ല. നിരവധി ശത്രുക്കളും ഇതര ഭാര്യമാരുമൊക്കെയുണ്ടായിരുന്നിട്ടും അവരാരും ഇത് ഒരു വിഷയമായി എടുത്തില്ല എന്നതു തന്നെയാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ തെളിവ്.
ഹിജ്റ 2 ൽ ശവ്വാലിലായിരുന്നു ആ വിവാഹം. ഈ വിവാഹം നമ്മുടെ ചർച്ചയിൽ ഈ വിവാഹം ശ്രദ്ധ നേടുന്നത് അക്കാലത്തെ ഒരു തെറ്റായ വിശ്വാസത്തെ പൊളിച്ചെഴുതിയ വിവാഹമായിരുന്നു അത് എന്നതിനാലാണ്. ജാഹിലിയ്യാ കാലം മുതൽ അറബികൾ വിശ്വസിച്ചിരുന്നത് ശവ്വാലിലെ വിവാഹം ദുശ്ശകുനമാണ് എന്നായിരുന്നു. ശവ്വാലിന്റെ പേര് നിഷ്പതിച്ചു എന്നു കരുതപ്പെട്ടിരുന്ന ഒരു അർഥത്തിൽ നിന്നായിരിക്കണം ഈ ശകുന ചിന്ത വളർന്നത് എന്ന് കരുതപ്പെടുന്നുണ്ട്. അഥവാ ശവ്വാലിൽ ഒട്ടകങ്ങൾ ഇണകളിൽ നിന്നും അകന്നുനിൽക്കുമായിരുന്നത്രെ. ഇത് വെച്ച് ശവ്വാലിൽ വിവാഹിതരായാൽ ആ ബന്ധം ശക്തിപ്പെടില്ല, അല്ലെങ്കിൽ നിലനിൽക്കില്ല എന്ന ഒരു തോന്നൽ പരന്നതായിരിക്കണം ഈ ശകുന വിശ്വാസമായി വളർന്നത്. കാര്യമായ വിജ്ഞാനമോ നാഗരിക വളർച്ചയോ ഇല്ലാത്ത ആ കാലത്തിന്റെ സാഹചര്യം അത്തരമൊരു വിശ്വാസത്തിന് വളരുവാനും പ്രചരിക്കുവാനുമുള്ള വേദിയും ഒരുക്കിയിരിക്കണം. ഏതായാലും അത്തരം അന്ധവിശ്വാസങ്ങൾ നബി(സ) സ്വന്തം ജീവിതം കൊണ്ട് തിരുത്തുകയായിരുന്നു ശവ്വാലിലെ വിവാഹം വഴി. ആയിശ(റ) അത് അഭിമാന പൂ ർവ്വം എടുത്തു പറയുന്നുണ്ട്. അവർ പറയുന്നു: എന്നെ നബി(സ) ശവ്വാലിലാണ് വിവാഹം ചെയ്തത്. (എന്നിട്ടും) എന്നോളം ഭാഗ്യവതികൾ ആരാണുളളത് ? (ഇബ്നു മാജ).
ശവ്വാലിൽ ഇതാദ്യമായിട്ടല്ലായിരുന്നു നബി തങ്ങൾ വിവാഹം കഴിക്കുന്നത്. ഖദീജാ ബീവിയുടെ മരണാനന്തം ആദ്യമായ നബി(സ) ചെയ്ത വിവാഹവും ശവ്വാലിലായിരുന്നു. ഇമാം ഇബ്നു കതീർ(റ) അടക്കമുള്ള ചരിത്രകാരൻമാർ ഈ പക്ഷക്കാരാണ്. റമളാനിലായിരുന്നു ഇത് എന്നും പക്ഷമുണ്ട്. പ്രവാചകത്വത്തിന്റെ പത്താം വർഷം റമളാനിലായിരുന്നു ഖദീജാ ബീവിയുടെ വിയോഗം. തൊട്ടടുത്ത ശവ്വാലിൽ നബി തങ്ങൾ സൗദ ബിൻതു സംഅ (റ) യെ വിവാഹം ചെയ്തു. മക്കയിലെ ഖുറൈശികളിലെ ബനൂ ആമിറിലെ സംഅ ബിൻ തു ഖൈസിന്റെ മകളായിരുന്നു അവർ. അവരെ വിവാഹം ചെയ്തിരുന്നത് അവരുടെ ഒരു പിതൃവ്യപുത്രനായിരുന്ന സക്റാൻ ബിൻ അംറായിരുന്നു. ആദ്യമേ ഇസ്ലാമിൽ എത്തിയവരായിരുന്നു രണ്ടു പേരും. അബ്സീനിയാ പലായനത്തിന്റെ രണ്ടാം ഘട്ടത്തിൽ അവരും ഉണ്ടായിരുന്നു. അവർക്ക് അബ്ദുല്ല എന്ന ഒരു മകൻ ജനിക്കുകയും ചെയ്തു. സക്റാൻ അബ്സീനിയയിൽ വെച്ച് മരണപ്പെട്ടു എന്നും മക്കയിൽ തിരിച്ചെത്തിയ ഉടനെ മരണപ്പെട്ടു എന്നും രണ്ട് വർത്തമാനങ്ങൾ ഉണ്ട്. ഖദീജ ബീവിയുടെ മരണത്തിനു ശേഷം ഖവ്‌ല അസ്സുലമിയ്യയോ ഉസ്മാൻ ബിൻ മദ്ഗൂൻ(റ) വിന്റെ ഭാര്യ ഉമ്മു ഹകീമോ നിർദേശിച്ചതനുസരിച്ച് നബി (സ) അവരെ വിവാഹം ചെയ്തു. നബി(സ)യുടെ രണ്ടാം വിവാഹമായിരുന്നു അത്. അവർ മരണപ്പെട്ടതും ശവ്വാലിൽ തന്നെയായിരുന്നു. ഹിജ്റ 54 ൽ മുആവിയയുടെ ഭരണ കാലത്ത്.
നബി യുഗത്തിൽ വലിയ പല സൈനിക നീക്കങ്ങളും നടന്നത് ഈ മാസത്തിലായിരുന്നു. ഉഹദ് യുദ്ധം അവയിലൊന്നാണ്. ഹിജ്റ മൂന്നിലെ ശവ്വാലിലായിരുന്നു ഈ യുദ്ധം. ഹിജ്റ 2 ൽ നടന്ന ബദർ യുദ്ധത്തിന്റെ പ്രതികാരവുമായി വന്ന മക്കാ മുശ്രിക്കുകളുമായി നടന്ന യുദ്ധമാണിത്. നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഭവം കൂടിയാണിത്. പ്രതീക്ഷിച്ചതു പോലെ യുദ്ധം അതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വിജയിച്ചു. തൊട്ടടുത്ത ഒരു കുന്നിൽ നബി നിറുത്തിയ അമ്പെയ്ത്തുകാരുടെ സാമർഥ്യം അതിന്റെ ഒരു പ്രധാന ഘടകമായിരുന്നു. അവരോട് തന്റെ നിർദ്ദേശം വരും മുമ്പ് കുന്നിറങ്ങരുത് എന്ന് നബി(സ) പറഞ്ഞിരുന്നു എങ്കിലും യുദ്ധം കഴിഞ്ഞുവല്ലോ എന്നു കരുതി അവർ അധികവും നബിയുടെ നിർദ്ദേശം കാത്തുനിൽക്കാതെ കുന്നിറങ്ങിയത് യുദ്ധഗതിയെ തിരിച്ചുവിട്ടു. സമർഥനായ അവരുടെ നായകൻ ഖാലിദ് ബിൻ വലീദ് കുന്ന് പിടിച്ചടക്കി യുദ്ധത്തിൽ മേൽ കൈ നേടുകയായിരുന്നു. നബി(സ)ക്കു വരെ പരിക്കു പറ്റിയ ആ യുദ്ധത്തിൽ 70 സ്വഹാബിമാർ ശഹീദായി. ഹംസ (റ), മിസ്അബ് (റ), ഇബ്നു ജഹ്ശ്(റ) , ഹൻദല ബിൻ റബീഅ് (റ) തുടങ്ങി പല പ്രധാന സ്വഹാബിമാരും അതിൽ ഉൾപ്പെടുന്നു. മറ്റൊരു സംഭവം അഹ്സാബ് എന്ന ഖന്തക്ക് യുദ്ധമാണ്. ബദറിലും ഉഹ്ദിലും ഏറ്റ കനത്ത പരാജയത്തിന്റെ പ്രതികാരവുമായി അറേബ്യയിൽ നിന്ന് കിട്ടാവുന്ന അത്ര പേരെ സംഘടിപ്പിച്ച് മദീനക്കു നേരെ നടത്തിയ സൈനിക നീക്കമായിരുന്നു അത്. മദീനയുടെ മൊത്തം ജനസംഖ്യയേക്കാൾ വലിയ ഈ സേനയുടെ ഇരച്ചുകയററത്തെ തടയുവാൻ നബി ഒരു വലിയ കിടങ്ങ് ക കുഴിച്ച് ആയിരുന്നു പ്രതിരോധിച്ചത്. മുസ്ലിംകളുടെ അപരിചിതമായ ഈ യുദ്ധമുറക്ക് മുമ്പിൽ ശത്രു സേന പതറിപ്പോയി. എങ്കിലും അവർ പഠിച്ച പണിയെല്ലാം നോക്കി ഏതാണ്ട് 14 ദിവസം കിടങ്ങിനപ്പുറത്ത് കാത്തു നിന്നു. അവസാനം അല്ലാഹു ഒരു കൊടുങ്കാറ്റിലൂടെ അല്ലാഹു അവരെ ശക്തമായി താക്കീതു ചെയ്തതോടെയായിരുന്നു അവർ പിൻമാറിയത്. ഉഹ്ദ് ഉണ്ടാക്കിയ ഉണങ്ങാത്ത മുറിവുകളുമായി സ്വഹാബീ സൈന്യം ഹംറാഉൽ അസദിലേക്ക് യുദ്ധത്തിന് പുറപ്പെട്ടതും ശവ്വാലിൽ തന്നെ.
ഹിജ്റ 8 ൽ ശവ്വാൽ മാസത്തിൽ ഉണ്ടായ മറ്റൊരു സംഭവമാണ് ഹുനൈൻ യുദ്ധം. മക്കാവിജയത്തോടെ അറേബ്യയിലെ ബഹുദൈവാരാധനയുടെ കോട്ടക്കൊത്തളങ്ങള്‍ തര്‍ന്നടിഞ്ഞു. ബഹുഭൂരിഭാഗം അറബ് ഗോത്രങ്ങളും വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം സ്വീകരിച്ചു. അപ്പോഴും ചില ഗോത്രങ്ങള്‍ ഇസ്‌ലാമിനോട് തങ്ങളുടെ ആദ്യകാല ശത്രുത വെച്ചുപുലര്‍ത്തുന്നുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു ഹവാസിന്‍, സഖീഫ് ഗോത്രങ്ങള്‍. മക്കാവിജയത്തോടെ ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ പ്രത്യക്ഷമായി രംഗത്തുവന്നു. മാലിക് ബിന്‍ ഔഫ് അന്നസ്‌രിയായിരുന്നു നേതാവ്. അതനുസരിച്ച് ഒരു വന്‍ സൈന്യത്തെ സമാഹരിക്കുകയും അവര്‍ പിന്തിരിഞ്ഞോടാതിരിക്കാന്‍ തങ്ങളുടെ കുടുംബത്തെയും സമ്പാദ്യങ്ങളെയും കൂടെയെടുത്ത് രണാങ്കണത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. മക്കാവിജയം കഴിഞ്ഞ് പ്രവാചകന്‍ അവിടെത്തന്നെ കഴിയുന്ന സമയത്തായിരുന്നു ഇത്. താമസിയാതെ, പ്രവാചകന്‍ പന്ത്രണ്ടായിരത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ സമാഹരിച്ചു. എണ്ണത്തിലും സജ്ജീകരണത്തിലും മുസ് ലിം സൈന്യം മികച്ചതായിരുന്നു. അവരെ നേരിടാന്‍ സാധ്യമാകാതെ ശത്രു യുദ്ധരംഗം വിട്ടുപിന്തിരിഞ്ഞോടുമെന്ന് മുസ് ലിം സൈന്യത്തെ കണ്ടാല്‍ പൂര്‍ണമായും ബോധ്യമാകുമായിരുന്നു. അതിനാല്‍, ചില മുസ് ലിംകളുടെ നാവില്‍ ഇന്ന് ഞങ്ങളെ ജയിക്കാന്‍ ആര്‍ക്ക് സാധിക്കും എന്ന വാക്കുകള്‍ പുറത്ത് വന്നു. ഇക്കാര്യം ഖുർആൻ ഇങ്ങനെ വിവരിക്കുന്നു: അല്ലാഹു നിങ്ങളെ നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്‍ക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്‍ക്കുതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു. പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം(അത്തൗബ 25-26).
ഹിജ്‌റ വര്‍ഷം എട്ട്; ശവ്വാല്‍ ആറിന് പ്രവാചകന്‍ സൈന്യ സമേതം ഹവാസിന്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. മക്കക്കും ഥാഇഫിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ് ഹുനൈന്‍. അത് ലക്ഷ്യമാക്കിയാണ് ഇരു സൈന്യങ്ങളും കടന്നുവന്നത്. ആത്മവിശ്വാസം പൂണ്ട വിശ്വാസികളെ ഒരു പരീക്ഷണത്തിനു വിധേയമാക്കാന്‍തന്നെ അല്ലാഹു തീരുമാനിച്ചു. മുസ്‌ലിംസൈന്യം ഹുനൈനിലെത്തി. നേരത്തെത്തന്നെ അവിടെയെത്തിയിരുന്ന ശത്രുക്കള്‍ മുസ്‌ലിംകളെ ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിക്കാന്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. മുസ്‌ലിംകള്‍ കടന്നുവരേണ്ടതാമസം ഇരുളിന്റെ മറവില്‍ അവര്‍ മുസ്‌ലിംകള്‍ക്കുനേരെ ചാടിവീണു. ഓര്‍ക്കാപ്പുറത്തു വന്ന ആക്രമണം മുസ്‌ലിംകള്‍ നിനച്ചിരുന്നില്ല. അവര്‍ ചിതറിയോടി. ശക്തമായ യുദ്ധം നടന്നു. സാരമായ പല നാശനഷ്ടങ്ങളും സംഭവിച്ചു. അംഗബലമല്ല; വിശ്വാസമാണ് പ്രധാനമെന്ന സത്യം മുസ്‌ലിംകള്‍ക്ക് ബോധ്യമായി. ഉഹ്ദില്‍ പ്രവാചകന്‍ വധിക്കപ്പെട്ടിരിക്കുന്നുവെന്ന കിംവദന്തി പ്രചരിച്ചപ്പോഴുണ്ടായ അവസ്ഥ ഹുനൈനിലും സംഭവിച്ചു. മുസ്‌ലിംകള്‍ പരാജയത്തിന്റെ വക്കോളമെത്തി.
വൈകിയെത്തിയ വിജയം പ്രവാചകനും ചില സ്വഹാബികളും അപ്പോഴും യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ആഞ്ഞടുത്തുവന്ന ശത്രുസൈന്യത്തിനു നേരെ പ്രവാചകന്‍ ഒരു പിടി മണ്ണുവാരിയെറിഞ്ഞു. ഇതവരുടെ കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തി. ഈ തക്കംനോക്കി പ്രവാചകന്‍ അബ്ബാസ് (റ) വിളിച്ച് സ്വഹാബികളെയെല്ലാം വിളിച്ചുവരുത്താന്‍ ആജ്ഞാപിച്ചു. അബ്ബാസ് (റ) ശബ്ദത്തില്‍ വിളിച്ചു. സ്വഹാബികള്‍ പ്രവാചകരുടെ വിളിക്ക് ഉത്തരം നല്‍കി കൂട്ടത്തോടെ തിരിച്ചെത്തി. അനുഭവത്തില്‍നിന്നും പാഠം പഠിച്ച് അവര്‍ സംഘടിക്കുകയും പ്രവാചകരോടൊപ്പം നിന്ന് വീണ്ടും യുദ്ധമുഖത്തേക്ക് ശക്തമായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അതിനിടെ സഹായവുമായി മലക്കുകളുമെത്തി. ഈ മുന്നേറ്റം മുസ്‌ലിംകള്‍ക്ക് ഏറെ സഹായം ചെയ്തു. ശക്തമായ പടപ്പുറപ്പാട് കണ്ട് ശത്രുക്കള്‍ക്ക് ഭീതി കുടുങ്ങി. ഒരിക്കലും പിടിച്ചുനില്‍ക്കാനാകില്ലെന്നു കണ്ടപ്പോള്‍ അവര്‍ യുദ്ധമുഖത്തുനിന്നും പിന്‍മാറി. പരാജയം സമ്മതിച്ചു. പിന്തിരിഞ്ഞോടി.
ശവ്വാലിന്റെ ഓർമ്മകളിൽ പല പ്രധാന ജനനങ്ങളും മരണങ്ങളുമുണ്ട്. ജനനങ്ങളിൽ ഒന്ന് ശറഫുദീൻ മുഹമ്മദ് ബിൻ സഈദ് ബിൻ ഹമ്മാദ് എന്ന ഇമാം ബൂസ്വൂരീ യുടേതാണ്. ബുർദ്ദ, ഹംസിയ്യ തുടങ്ങിയ ലോകോത്തര പ്രവാചക പ്രകീർത്തന കാവ്യങ്ങളുടെ രചയിതാവായ ഇമാം ബൂസ്വൂരീ ജനിച്ചത് ഹിജ്റ 608 - ലെ ശവ്വാൽ ഒന്നിനാണ്. മരണങ്ങളിൽ എടുത്തു പറയാവുന്ന ഒന്ന് അബൂബക്കർ മുഹമ്മദ് ബിൻ സീരീൻ എന്നവരുടെ വിയോഗമാണ്. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിലെ അതികായനായിരുന്ന അദ്ദേഹം ഹിജ്റ 110 ശവ്വാൽ 9-നായിരുന്നു വഫാത്തായത്. ജനനവും മരണവും ശവ്വാലിൽ ഒന്നിക്കുന്ന ഒരു മഹാന്റെ ഓർമ്മയും ഈ മാസത്തിനുണ്ട്. അത് ഇമാം ബുഖാരിയുടേതാണ്. അബൂ അബ്ദില്ലാഹി മുഹമ്മദ് ബിൻ ഇസ്മാഈൽ അൽ ബുഖാരി എന്ന ഇമാം ബുഖാരി ഹിജ്റ 194 ശവ്വാൽ 13 ന് ജനിക്കുകയും 256 ശവ്വാൽ ഒന്നിന് വഫാത്താവുകയും ചെയ്തു. അഹ്ലുസ്സുന്നത്തി വൽ ജമാഅയുട്ടെ ഏറ്റവും ആധികാരിക മുഹദ്ദിസും വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വഹീഹായ ഗ്രന്ഥത്തിന്റെ സമാഹർത്താവുമാണ്. 16 വർഷം കൊണ്ടാണ് സ്വഹീഹുൽ ബുഖാരി സമാഹരിക്കപ്പെട്ടത്.
കേരള മുസ്ലിം സമാജത്തിന്റെ പ്രധാന നഷ്ടങ്ങൾ വലിയ്യുല്ലാഹി സി എം മടവൂർ, ശൈഖുനാ ഇ കെ ഹസൻ മുസ്ലിയാർ എന്നിവരുടെ വിയോഗങ്ങളാണ്. ഹിജ്‌റ1349 ൽ മടവൂരില്‍ കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാരുടെ മകനായി ജനിച്ച സി എം അബൂബക്കർ മുസ്ലിയാരുടെ പ്രധാന ഉസ്താദുമാര്‍ മലയമ്മ അബൂബക്കര്‍മുസ്‌ലിയാര്‍ (നാരകശ്ശേരി), ഇമ്പിച്ചാലി മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍,ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ (പൊടിയാട്ട്) എന്നിവരായിരുന്നു. 1960-ല്‍ ബാഖവി ബിരുദം നേടി.ആത്മീയജീവിത ശൈലിയുടെ തുടക്കം ദര്‍സില്‍ പടിക്കുന്നകാലത്ത് തന്നെ തുടങ്ങിയതാണ്. മഹാൻമാരായുള്ള ബന്ധവും ആത്മീയ ചന്തയും മറുകിയതോടെ ദര്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി ദര്‍സ് ജോലി ഉപേക്ഷിച്ചു. കഠിനമായ ആത്മീയ രിയാളകൾ വീട്ടി അവസാനം കോഴിക്കോട് താമസമാക്കി. 1411 ശവ്വാല്‍(1991) ൽ മഹാനവർകൾ വഫാത്തായി. മടവൂര്‍ മഖാമില്‍ അന്ത്യവിശ്രമം കൊളളുന്നു.
പറമ്പില്‍ കടവ് പണ്ഡിതകുടുംബമായ എഴുത്തച്ച൯കണ്ടി കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി ഇ കെ ഹസ൯ മുസ്ലിയാ൪ ജനിച്ചു. പ്രാഥമിക പഠനം പിതാവില്‍ നിന്ന് നടത്തി പിന്നീട് ചെറുമുക്ക്, കോട്ടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ്, മങ്ങാട്ട് എന്നിവിടങ്ങളില്‍ ഓതിപ്പഠിച്ചു. ജേഷ്‌ഠസഹോദര൯ മ൪ഹൂം ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇടപ്പള്ളി അബൂബക്ക൪ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥന്മാർ. ഉപരിപഠനം വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന്.
കോഴിക്കോട് ജില്ലയിലെ ഇയ്യാട്, ഉരുളിക്കുന്ന്, മലപ്പുറം ജില്ലയിലെ പുത്തൂപാടം, തൃപ്പനച്ചി, ഇരുമ്പുചോല എന്നിവിടങ്ങളിലും പാലക്കാട് ജന്നത്തുല്‍ ഉലൂം, കാസ൪ക്കോട് മാലികുദ്ദീനാ൪ എന്നിവിടങ്ങളിലും സേവനം ചെയ്തു. വഹാബികളുടെ കണ്ണിലെ കരടായിരുന്ന പറവണ്ണമൊയ്തീ൯ കുട്ടി മുസ്ലിയാരുടെയും പതി അബ്ദുല്‍ ഖാദി൪ മുസ്ലിയാരുടെയും പി൯ഗാമിയായിട്ടാണ് ഹസ൯ മുസ്ലിയാ൪ സേവനരംഗത്തെത്തുന്നത്.
പ്രഗല്‍ഭനായ പണ്ഡിത൯, നിസ്വാ൪ഥനായ പ്രവ൪ത്തക൯,നിലവാരമുള്ള പ്രസംഗക൯, ഫലം ചെയ്യുന്ന ഉപദേശക൯, മാതൃകാപുരുഷ൯, വാത്സല്യനിധിയായ ഉസ്താദ്, കഴമ്പുറ്റ എഴുത്തുകാര൯ എല്ലാമായിരുന്നു ഹസ൯ മുസ്ലിയാ൪. കൊടിയത്തൂരും വാഴക്കാട്ടും ചെറുവാടി മണല്പുതറത്തും ചേകന്നൂ൪ മൗലവിയുമായി സംവാദത്തില്‍ എ൪പ്പെട്ടു. പഴയകാല സുന്നീ പ്രസിദ്ധീകരണമായിരുന്ന സുബുലുസ്സലാം, അൽ ജലാല്‍, സുന്നി ടൈംസ്, സുന്നി വോയ്സ് എന്നിവയിലൂടെ പഠനാ൪ഹമായ ലേഖനങ്ങളെഴുതി. ഖുതുബ പരിഭാഷ ഹറാമാണെന്ന് സമ൪ഥിക്കുന്ന പഞ്ച ലകഷ്യങ്ങള്‍ തുടങ്ങി അരഡസ൯ പ്രസിദ്ദീകരണങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. 1982 ഓഗസ്റ്റ് 14 ( ശവ്വാൽ 25) ന് മഹാനവർകൾ വിടവാങ്ങി. പറമ്പിൽ കടവ് പള്ളിയിലാണ് ഖബർ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso